var addthis_config = { data_track_addressbar: true, data_track_addressbar_paths: [ "/blog/posts/*", "/faq/*" ] }

Saturday, July 3, 2010

ദലിത്-മുസ്‌ലിം ദുരവസ്ഥ ഒരു റിപ്പോര്‍ട്ട് കൂടി

Saturday, July 3, 2010
ഇന്ത്യയില്‍ ആദിവാസികളും ന്യൂനപക്ഷങ്ങളും നേരിടേണ്ടി വരുന്ന പീഡനങ്ങളെയും അവഗണനയെയും പറ്റി മൈനോറിറ്റി ഗ്രൂപ്‌സ് ഇന്റര്‍നാഷനലിന്റെ (എം.ആര്‍.ജി) ഏറ്റവും പുതിയ റിപ്പോര്‍ട്ട് നല്‍കുന്ന ചിത്രം ഒട്ടും അഭിമാനാര്‍ഹമല്ല. ലോകത്ത് മൊത്തത്തില്‍ കാണുന്ന ഈ അനീതി ഇന്ത്യയില്‍ ഗണ്യവും വ്യാപകവുമാണെന്ന് റിപ്പോര്‍ട്ടില്‍നിന്ന് മനസ്സിലാക്കാം. മതപരമായ അസഹിഷ്ണുതയും വിവിധ തരത്തിലുള്ള വിവേചനങ്ങളും  അനേകം സമൂഹങ്ങളുടെ അന്തസ്സാര്‍ന്ന നിലനില്‍പിന് ഭീഷണിയായിരിക്കുന്നു. ഈ ദുരവസ്ഥക്ക് മുഖ്യകാരണങ്ങളായി റിപ്പോര്‍ട്ട് എണ്ണിപ്പറയുന്ന മൂന്നും ഇന്ത്യയിലെ ആദിവാസികളുടെയും ന്യൂനപക്ഷങ്ങളുടെയും  കാര്യത്തില്‍  തികച്ചും പ്രസക്തമാണ്. മതാധിഷ്ഠിത ദേശീയതയുടെ ഉയര്‍ച്ച, മതന്യൂനപക്ഷങ്ങളുടെ സാമ്പത്തികമായ പാര്‍ശ്വവത്കരണം, ഭീകര വിരുദ്ധ നിയമങ്ങളുടെ ദുരുപയോഗം എന്നിവയാണ് ഈ മുഖ്യകാരണങ്ങള്‍. ന്യൂനപക്ഷ വിഭാഗങ്ങള്‍ ആക്രമണങ്ങള്‍ക്കും തടങ്കലിനും മര്‍ദനങ്ങള്‍ക്കും അടിസ്ഥാന സ്വാതന്ത്ര്യ ധ്വംസനത്തിനും ഇരയാകുന്നുണ്ട്. വിവേചന പൂര്‍ണമായ നീക്കങ്ങള്‍ ദേശീയ വാദികളുടെ ഭാഗത്തുനിന്നുണ്ടാകുമ്പോഴും സംരക്ഷണം നല്‍കേണ്ട ഭരണകൂടങ്ങള്‍ എല്ലാം കണ്ടില്ലെന്ന മട്ടിലിരിക്കുകയാണ് -റിപ്പോര്‍ട്ട് പറയുന്നു. കഴിഞ്ഞ വര്‍ഷം പാകിസ്താനിലെ താലിബാനെയും നേപ്പാളിലെ നാഷനല്‍ ഡിഫന്‍സ് ആര്‍മിയെയും പോലെ ഇന്ത്യയിലെ വിശ്വഹിന്ദു പരിഷത്തും മതന്യൂനപക്ഷങ്ങള്‍ക്കെതിരെ  തീവ്രവാദ ആക്രമണങ്ങള്‍ നടത്തുന്നുണ്ട്. ചില രാജ്യങ്ങളില്‍ ഇത്തരം തീവ്രവാദ ഗ്രൂപ്പുകളെ സര്‍ക്കാറുകള്‍ പിന്തുണക്കുമ്പോള്‍ മറ്റു ചില രാജ്യങ്ങളില്‍ അവര്‍ക്കുനേരെ കണ്ണടക്കുന്നു. കുറ്റവാളികള്‍ ശിക്ഷിക്കപ്പെടാതെ പോകുന്ന അവസ്ഥ ഈ പീഡനങ്ങള്‍ വര്‍ധിക്കാനിടയാക്കുന്നുമുണ്ട്.

ഇന്ത്യയില്‍, തീവ്രവാദ വിരുദ്ധ നടപടികളുടെ പേരില്‍ അനേകം മുസ്‌ലിംകളെ തോന്നിയ പോലെ അറസ്റ്റ്‌ചെയ്ത് തടവില്‍ പാര്‍പ്പിക്കുന്നതായി റിപ്പോര്‍ട്ട് എടുത്തുപറയുന്നു. കാര്യമായ തെളിവില്ലാതെ ഉത്തര്‍പ്രദേശില്‍ മുസ്‌ലിം ബാലന്മാരെ ഭീകര പ്രവര്‍ത്തനമാരോപിച്ച് കഴിഞ്ഞ വര്‍ഷം ജയിലിലിട്ടത് ഉദാഹരണം. ഒമ്പതര വര്‍ഷം വെറുതെ തടങ്കലില്‍ കഴിയേണ്ടി വന്ന അബ്ദുന്നാസിര്‍ മഅ്ദനിയെ ഒരു പ്രതിയുടെ മൊഴിയുണ്ടെന്ന് പറഞ്ഞ് വീണ്ടും വേട്ടയാടുന്നതും ഇതിനോട് ചേര്‍ത്തു വായിക്കാം. മാവോയിസ്റ്റുകള്‍ക്കെതിരെ ഇന്ന് നടക്കുന്ന നീക്കങ്ങളും ആദിവാസികളെ വേട്ടയാടുന്നതിലേക്കും അവരുടെ അവകാശങ്ങളും സ്വാതന്ത്ര്യങ്ങളും നിഷേധിക്കുന്നതിലേക്കും നയിക്കുന്നുണ്ട്. മതാധിഷ്ഠിത ദേശീയത എല്ലാ ഇതര സംസ്‌കാരങ്ങളെയും ലക്ഷ്യമിടുന്നു; സാമ്പത്തിക ചൂഷണ വ്യവസ്ഥിതി ആദിവാസികളടക്കമുള്ള പാവങ്ങളെ വഴിയാധാരമാക്കുന്നു; ഭീകര വിരുദ്ധ-തീവ്രവാദ വിരുദ്ധ പോര്‍വിളികള്‍ മുസ്‌ലിംകളെ പ്രത്യേകമായി ഉന്നം വെക്കുന്നു. മേല്‍ജാതിക്കാരും സമ്പന്നരും ഭരണകൂടവുമെല്ലാം ഒരേ ലക്ഷ്യത്തിനുവേണ്ടി അണി ചേര്‍ന്നിരിക്കുന്നു എന്നര്‍ഥം. വാസ്തവത്തില്‍ ഇന്ത്യയിലെ പട്ടികജാതി/വര്‍ഗക്കാരുടെയും ആദിവാസി ഗോത്ര സമൂഹങ്ങളുടെയും  മുസ്‌ലിംകളുടെയും ദയനീയാവസ്ഥ പുതിയ വാര്‍ത്തയൊന്നുമല്ല. ശ്രീകൃഷ്ണ കമീഷന്‍ റിപ്പോര്‍ട്ട് മുതല്‍ സച്ചാര്‍ കമീഷന്‍ റിപ്പോര്‍ട്ട് വരെ മുസ്‌ലിം അവസ്ഥയുടെ ചിത്രങ്ങള്‍ അനാവരണം ചെയ്ത സമീപകാല രേഖകളാണ്.

അറിവോ, തെളിവോ, രേഖകളോ ഇല്ലാത്തതല്ല പ്രശ്‌നമെന്ന് ചുരുക്കം. മൈനോറിറ്റി റൈറ്റ്‌സ് ഗ്രൂപ് ഇന്റര്‍നാഷനല്‍ ആഗോള തലത്തില്‍ ഇത്തരം പഠനം നടത്തുന്ന സ്വതന്ത്ര സംഘടനയാണ്. ഇന്ത്യയില്‍ അസംഖ്യം സ്വതന്ത്ര അന്വേഷണ കമീഷനുകളും സംഘങ്ങളും ദലിത-മുസ്‌ലിം പ്രാന്തവത്കരണത്തെപ്പറ്റി നൂറുകണക്കിന് റിപ്പോര്‍ട്ടുകള്‍ സമര്‍പ്പിച്ചിട്ടുണ്ട്. മുസ്‌ലിം അവസ്ഥയെപ്പറ്റി സര്‍ക്കാര്‍ നിയോഗിച്ച കമീഷനുകളുടെ പഠനഫലങ്ങള്‍ തന്നെ അതിഭീമമായ  അളവിലുണ്ട്. പക്ഷേ, ഫലവത്തായ പരിഹാര നടപടികള്‍ ഉണ്ടാകുന്നില്ലെന്നതാണ് പ്രശ്‌നം. ശ്രീകൃഷ്ണ കമീഷന്‍ റിപ്പോര്‍ട്ടില്‍ മതിയായ നടപടിയുണ്ടായില്ല. സച്ചാര്‍ കമീഷന്‍ റിപ്പോര്‍ട്ടും കാഴ്ചപ്പണ്ടമായിട്ടോ തെരഞ്ഞെടുപ്പ് പ്രചാരണത്തിനോ ഒക്കെ പ്രയോജനപ്പെടുന്നു എന്നേയുള്ളൂ. കുറേ സംസ്ഥാനങ്ങളില്‍ പ്രാബല്യത്തിലുള്ള സായുധസേനാ പ്രത്യേകാധികാര നിയമം എത്ര കിരാതമാണെന്ന് വെളിപ്പെട്ടതോടെ അത് പിന്‍വലിക്കുമെന്ന് പ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയും പ്രഖ്യാപിക്കുക വരെ ചെയ്തു. അതും നടപ്പായിട്ടില്ല. സല്‍വാജുദൂം ഓപറേഷന്‍ ഗ്രീന്‍ഹണ്ട് തുടങ്ങിയ മര്‍ദന സംവിധാനങ്ങള്‍ക്ക് ഇരയായത് കൂടുതലും സാധാരണക്കാരാണ്. മാവോയിസ്റ്റുകളെയും മുസ്‌ലിംകളെയും വേട്ടയാടാന്‍ തീവ്രവാദി മുദ്ര പ്രയോഗിക്കുന്നത് വര്‍ഗീയവാദികളും ചില മാധ്യമങ്ങളും മാത്രമല്ല, ഭരണകൂടങ്ങളുമാണ്. ഭരണത്തിലും ബ്യൂറോക്രസിയിലും ജുഡീഷ്യറിയിലും സുരക്ഷാ സേനകളിലും പൊലീസിലും പട്ടാളത്തിലും പൊതുമേഖലയിലുമെല്ലാം ദലിത്-മുസ്‌ലിം പ്രാതിനിധ്യം വര്‍ധിപ്പിക്കാന്‍ ബോധപൂര്‍വമായ നീക്കമില്ലെങ്കില്‍ ഇത് കൂടുതല്‍ വഷളാവുകയേ ഉള്ളൂ. രാഷ്ട്രീയ പാര്‍ട്ടികളും ഇവരുടെ പ്രാതിനിധ്യം കൂട്ടാന്‍ തയാറാകണം. ഏറ്റുമുട്ടല്‍ കൊലകള്‍, തീവ്രവാദ കേസുകള്‍ എന്നിവയെപ്പറ്റി സമഗ്രവും സ്വതന്ത്രവുമായ അന്വേഷണം നടത്തണം. പുതിയ സെന്‍സസില്‍ ജാതിയും സമുദായവും അടിസ്ഥാനമാക്കിയുള്ള കണക്കെടുപ്പ് വേണം.

നീതിപൂര്‍വമായ സാമൂഹിക ക്രമത്തിനുവേണ്ടിയുള്ള ആഹ്വാനമായി എം.ആര്‍.ജിയുടെ റിപ്പോര്‍ട്ട്  കണക്കിലെടുക്കാന്‍ സര്‍ക്കാറുകള്‍ക്ക് കഴിയണം. ആദിവാസി-ന്യൂനപക്ഷ ദുരവസ്ഥയുടെ മൂലകാരണങ്ങള്‍ (സങ്കുചിത ദേശീയത, സാമ്പത്തിക ചൂഷണം, ഭീകരവിരുദ്ധതയുടെ പേരിലുള്ള വേട്ട) പരിഹരിക്കാന്‍ അടിയന്തര നടപടികള്‍ സ്വീകരിക്കണം. മറിച്ച്, ഇതുപോലുള്ള റിപ്പോര്‍ട്ടുകളെ വെറും കടലാസായി കണക്കാക്കി അനങ്ങാതിരിക്കുകയുമാവാം. പക്ഷേ, അപ്പോള്‍ തളരുന്നത് നമ്മുടെ നാടുതന്നെയായിരിക്കുമെന്ന് മാത്രം.
madhyamam daily

No comments:

Blog Archive