Thursday, July 1, 2010
കമ്മിറ്റി ഇക്കൊല്ലം മാര്‍ച്ചില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ 216.28 കോടി രൂപ നഷ്ട പരിഹാരമായി കൊക്കകോള കമ്പനിയില്‍ നിന്ന് ഈടാക്കാന്‍ ക്ലെയിം ട്രൈബ്യൂണല്‍ ഏര്‍പ്പെടുത്തണമെന്ന് ശിപാര്‍ശചെയ്തു. അതാണിപ്പോള്‍ സംസ്ഥാന മന്ത്രിസഭ അംഗീകരിച്ചതായി മുഖ്യമന്ത്രി അറിയിച്ചിരിക്കുന്നത്. ആരോഗ്യം, കൃഷി, പരിസ്ഥിതി, തൊഴില്‍ മേഖലകളില്‍ കൊക്കകോള കമ്പനി ഗുരുതരമായ നഷ്ടങ്ങള്‍ ഉണ്ടാക്കിയതായി വിദഗ്ധ സമിതി കണ്ടെത്തിയിട്ടുണ്ട്. ജനങ്ങള്‍ പലവിധ രോഗങ്ങള്‍ക്കിരയായെന്നും നവജാത ശിശുക്കള്‍ക്ക് ഭാരക്കുറവ് അനുഭവപ്പെടുന്നതായും മുഖ്യമന്ത്രി വെളിപ്പെടുത്തി. 4,36,000 തൊഴില്‍ ദിനങ്ങള്‍ നഷ്ടപ്പെട്ടു. കാര്‍ഷിക മേഖലയിലെ നഷ്ടത്തിന് 84.16 കോടിയും ജല മലിനീകരണത്തിന് 62.10 കോടിയും ആരോഗ്യ പ്രശ്‌നങ്ങള്‍ മൂലം വന്ന സാമ്പത്തിക നഷ്ടങ്ങള്‍ക്ക് 30 കോടിയും കമ്പനിയില്‍ നിന്ന് ഈടാക്കേണ്ടതാണെന്ന് അന്വേഷണ സമിതി ആവശ്യപ്പെട്ടിട്ടുണ്ട്.
ആരംഭശൂരത്വം കാണിച്ചു പിന്മാറാതെ, മതിയായ നഷ്ട പരിഹാരം ലഭ്യമാവുന്നതുവരെയുള്ള നടപടികളുമായി സര്‍ക്കാര്‍ മുന്നോട്ടു പോയെങ്കില്‍ മാത്രമേ ഫലമുള്ളൂ. കാരണം, പ്രശ്‌നങ്ങള്‍ക്ക് ഹേതു തങ്ങളല്ലെന്ന നിലപാടിലാണ് കൊക്കകോള കമ്പനി. ശാസ്ത്രീയ പരിശോധനയിലൂടെ അക്കാര്യം ബോധ്യപ്പെട്ടതാണെന്നും അവര്‍ അവകാശപ്പെട്ടിട്ടുണ്ട്. അതേസമയം 1986ലെ പരിസ്ഥിതി സംരക്ഷണ നിയമം, 1948ലെ ഫാക്ടറീസ് ആക്ട്, 1974 ലെ ജലനിയമം, 1989ലെ ഹസാര്‍ഡസ് വേസ്റ്റ് നിയമം തുടങ്ങി ഒമ്പത് നിയമങ്ങള്‍ കമ്പനി ലംഘിച്ചതായാണ് വിദഗ്ധ സമിതി ചൂണ്ടിക്കാട്ടിയിരിക്കുന്നത്. സര്‍ക്കാര്‍ ട്രൈബ്യൂണല്‍ രൂപവത്കരിച്ചു തുടര്‍ നടപടികളെടുക്കുന്നതോടെ കമ്പനി കോടതികളെ സമീപിക്കുമെന്നുറപ്പാണ്. അതോടെ അനന്തമായി നീളുന്ന നിയമ യുദ്ധത്തിന്റെ സാധ്യതകളാവും തെളിയുക. കാല്‍നൂറ്റാണ്ട് നീണ്ട ഭോപാല്‍ വാതക ദുരന്ത കേസിന്റെ ദുരനുഭവം നമ്മുടെ മുമ്പിലുണ്ട്. ഒടുവില്‍ വിധി വന്നപ്പോഴാകട്ടെ മല എലിയെ പ്രസവിച്ച പോലെയായി. മുഖ്യപ്രതി രക്ഷപ്പെട്ടു. അവശേഷിച്ച സ്വദേശി പ്രതികള്‍ക്ക് നാമമാത്രമായ ശിക്ഷയും. കൊക്കകോള അമേരിക്കന്‍ കമ്പനിയാണ്. എത്ര തുകയും ചെലവിട്ട് ആരെയും സ്വാധീനിക്കാന്‍ കെല്‍പുള്ള ബഹുരാഷ്ട്ര കുത്തക ഭീമന്‍. ഇപ്പോള്‍ തന്നെ 2011ലേക്ക് 1200 കോടിയുടെ മുതല്‍ മുടക്കാണ് കമ്പനി ഇന്ത്യയില്‍ ഉദ്ദേശിക്കുന്നതെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. ഈ മുതല്‍ മുടക്കിലും അതിന്റെ ഫലമായ തൊഴിലവസരങ്ങളുടെ കണക്കിലും ഇടതു പാര്‍ട്ടികളും അവരുടെ സര്‍ക്കാറുകളും - ആ സര്‍ക്കാറുകള്‍ ജനരോഷത്തെ അതിജീവിക്കുമെങ്കില്‍ മാത്രം - വീഴുമെന്ന് മുന്‍കാലാനുഭവങ്ങള്‍ സാക്ഷ്യപ്പെടുത്തുന്നു. വലതു പക്ഷത്തിന്റെ കഥ പറയാനുമില്ല. പാരിസ്ഥിതിക ദുരന്തം മൂലം അനിവാര്യമായി വരുന്ന നഷ്ട പരിഹാരത്തില്‍ നിന്ന് പോലും അമേരിക്കന്‍ കമ്പനികളെ പരമാവധി രക്ഷിക്കാനുള്ള നിയമ നിര്‍മാണത്തിനാണല്ലോ കേന്ദ്ര സര്‍ക്കാര്‍ പോലും ആവേശം കാണിക്കുന്നത്.
പ്ലാച്ചിമടയിലെ സര്‍വനാശകാരിയായ കോള ഫാക്ടറി പൂട്ടേണ്ടി വന്നത് ഖേദകരമായി എന്നുറക്കെ വിലപിച്ചയാളാണ് സംസ്ഥാന വ്യവസായ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി. സംസ്ഥാന മന്ത്രിസഭയില്‍ തന്നെ അദ്ദേഹത്തോടൊപ്പം നില്‍ക്കാന്‍ ആളുമുണ്ടായി. രാജ്യത്ത് 13 സംസ്ഥാനങ്ങളില്‍ 1.25 ലക്ഷം പേര്‍ക്ക് തൊഴില്‍ നല്‍കുന്ന കൊക്കകോളയെ പൂട്ടിച്ചത് നഷ്ടമായെന്നാണ് വകുപ്പ് സെക്രട്ടറി പറഞ്ഞത്. എന്നാല്‍ ഇടതുമുന്നണി സര്‍ക്കാര്‍ തന്നെ നിയോഗിച്ച വിദഗ്ധ സമിതിയുടെ റിപ്പോര്‍ട്ട് അനാവരണം ചെയ്ത വസ്തുതകള്‍ അദ്ദേഹം പാടെ അവഗണിച്ചു. ആദിവാസികള്‍ അനുഭവിക്കേണ്ടി വന്ന വന്‍ കഷ്ട നഷ്ടങ്ങളോ, വന്‍ തോതിലുള്ള വെള്ളമൂറ്റലോ, അനാരോഗ്യകരമായ പാരിസ്ഥിതിക ദൂഷണമോ ഒന്നും അദ്ദേഹത്തിന് പ്രശ്‌നമായില്ല. ഇത്തരം ഉദ്യോഗസ്ഥ പ്രഭുക്കളും അവരുടെ സംരക്ഷണം ഏറ്റെടുത്ത മന്ത്രിമാരും സര്‍ക്കാറില്‍ ഉള്ളേടത്തോളം കാലം മന്ത്രിസഭാ തീരുമാനങ്ങള്‍ എത്രത്തോളം നടപ്പാവുമെന്നത് പ്രധാനപ്പെട്ട ചോദ്യമാണ്. തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുള്ള പ്രഖ്യാപനങ്ങളല്ലാതെ അവ പ്രായോഗികമാക്കാനുള്ള നിശ്ചയദാര്‍ഢ്യമോ സദുദ്ദേശ്യമോ ഭരണകൂടത്തിനുണ്ടോ എന്ന് വരുംനാളുകളാണ് തെളിയിക്കേണ്ടത്. ജനകീയ ചെറുത്തു നില്‍പ് നിതാന്ത ജാഗ്രതയോടെ തുടരുക മാത്രമാണ് രക്ഷാമാര്‍ഗം.
madhyamam daily
No comments:
Post a Comment