എ.ആര്‍
Thursday, July 22, 2010
തീവ്രവാദം ഇല്ലാതാക്കണമെന്ന ആത്മാര്‍ഥമായ ആഗ്രഹത്തേക്കാളുപരി, മുസ്‌ലിം തീവ്രവാദത്തോടുള്ള യുദ്ധപ്രഖ്യാപനം മാറിയ പരിതഃസ്ഥിതിയില്‍ രാഷ്ട്രീയമായി സി.പി.എമ്മിന് ഗുണം ചെയ്യും എന്ന കണ്ടെത്തലാണ് പാര്‍ട്ടിയുടെയും സര്‍ക്കാറിന്റെയും ഇപ്പോഴത്തെ കാടിളക്കലിന്റെ പിന്നില്‍. അബ്ദുന്നാസിര്‍ മഅ്ദനിയും ഇബ്രാഹീം സുലൈമാന്‍സേട്ടും ഗാന്ധിജിക്ക് തുല്യരായ മതമൗലികവാദികളാണെന്ന ഇ.എം.എസിന്റെ വിവാദവിധേയമായ പരാമര്‍ശം വിരുദ്ധദിശയിലുള്ള രാഷ്ട്രീയ മുതലെടുപ്പായിരുന്നപോലെ. മാറാട് കലാപത്തെക്കുറിച്ച സി.ബി.ഐ അന്വേഷണത്തിന് യു.ഡി.എഫ് സര്‍ക്കാര്‍ തയാറാവാതിരുന്ന കാര്യം ആഭ്യന്തരമന്ത്രി പരാമര്‍ശിക്കുന്നുണ്ട്. കൂടുതല്‍ ജീവഹാനിയുണ്ടായ രണ്ടാം കലാപത്തില്‍ സി.ബി.ഐ അന്വേഷണമായിരുന്നു സംഘ്പരിവാറിന്റെ മുഖ്യാവശ്യം. കോഴിക്കോട് ഗസ്റ്റ് ഹൗസില്‍ ഗാന്ധിയന്‍സംഘടനകളുടെ ആഭിമുഖ്യത്തില്‍ വിളിച്ചുചേര്‍ത്ത ഹിന്ദു-മുസ്‌ലിം സംഘടനാനേതാക്കളുടെ ചര്‍ച്ച വഴിമുട്ടിയതും ആ ആവശ്യത്തിന്മേല്‍ തട്ടിയായിരുന്നു. പൊതുവെ, മുസ്‌ലിം മതസംഘടനകള്‍ അതിനോട് വിയോജിച്ചില്ലെങ്കിലും മുസ്‌ലിംലീഗ് സി.ബി.ഐ അന്വേഷണം സാധ്യമല്ലെന്ന നിലപാടില്‍ ഉറച്ചുനിന്നു. അതേതുടര്‍ന്നാണ് പിറ്റേദിവസം മുഖ്യമന്ത്രി എ.കെ. ആന്റണിയുടെ സാന്നിധ്യത്തില്‍ നടന്ന ചര്‍ച്ചകളില്‍ ചരിത്രത്തിലൊരിക്കലും നല്‍കിയിട്ടില്ലാത്ത വന്‍തുക നഷ്ടപരിഹാരം ഓഫര്‍ ചെയ്ത് സംഘ്പരിവാറിനെ വിലക്കെടുത്തതും സി.ബി.ഐ അന്വേഷണത്തില്‍നിന്ന് അവര്‍ പിന്മാറിയതും. ജസ്റ്റിസ് ജോസഫ് തോമസ് കമീഷന്റെ മാറാട് അന്വേഷണറിപ്പോര്‍ട്ടില്‍ വീണ്ടും സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ടുവെങ്കിലും അത് സംഭവത്തിന്റെ പിന്നിലെ ഗൂഢാലോചനയെക്കുറിച്ച് മാത്രമായിരുന്നു. നിയമോപദേശം തേടിയ സര്‍ക്കാര്‍ അത് മാത്രമായി അന്വേഷണവിഷയമാക്കുക പ്രായോഗികമല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ആവശ്യം നിരാകരിച്ചത്. ജോസഫ് തോമസ് കമീഷന്റെ റിപ്പോര്‍ട്ടില്‍ സി.പി.എം, മുസ്‌ലിംലീഗ് പാര്‍ട്ടികളെ ഉള്‍പ്പെടെ പ്രതിക്കൂട്ടില്‍ കയറ്റിയത് കോടിയേരി സൗകര്യപൂര്‍വം മറന്നു. അതേയവസരത്തില്‍, സി.പി.എമ്മിന്റെ രോഷത്തിനിരയായ ജമാഅത്തെ ഇസ്‌ലാമിയെക്കുറിച്ച ഒരു പരാമര്‍ശംപോലും റിപ്പോര്‍ട്ടിലില്ലതാനും. മാറാട് കലാപ റിപ്പോര്‍ട്ടിലെന്നല്ല രാജ്യത്ത് ഇന്നേവരെ നടന്ന പതിനായിരക്കണക്കിന് വര്‍ഗീയകലാപങ്ങളിലൊന്നിലും ജമാഅത്ത് പങ്കുവഹിച്ചതായി ഒരന്വേഷണ കമീഷനും ചൂണ്ടിക്കാട്ടിയിട്ടില്ല. എന്നാലും ആ സംഘടന വര്‍ഗീയവും തീവ്രവാദപരവുമാണ് സി.പി.എമ്മിന്റെയും മുസ്‌ലിംലീഗിന്റെയും കണ്ണില്‍.
കോടിയേരി ബാലകൃഷ്ണന്റെ ലേഖനത്തില്‍ ഏറെ തെറ്റിദ്ധരിപ്പിക്കുന്നതാണ് ഇസ്‌ലാമികഭരണത്തെക്കുറിച്ച പരാമര്‍ശം. 'താലിബാന്‍മോഡല്‍ ഭരണം സ്ഥാപിക്കാനുള്ള മുസ്‌ലിം തീവ്രവാദികളുടെ ബോധപൂര്‍വമായ പ്രവര്‍ത്തനത്തിന്റെ ഭാഗമാണ് അധ്യാപകന്റെ കൈപ്പത്തി വെട്ടിയ സംഭവം. ഇത് ഇസ്‌ലാമികഭരണം സ്ഥാപിക്കാന്‍ വെമ്പല്‍കൊള്ളുന്നവരുടെ ഒരു പ്രത്യേക പ്രവര്‍ത്തനശൈലിയാണ്. സ്വയം കോടതിയും പൊലീസും ചമയുന്ന ഇത്തരം രീതി ജനാധിപത്യ സമൂഹത്തില്‍ ഒരിക്കലും അനുവദിക്കാന്‍ സാധിക്കുകയില്ല' -ഈ വാചകങ്ങളില്‍ അനേകം പക്ഷികളെയാണ് ഒറ്റവെടിക്ക് കോടിയേരി വീഴ്ത്തിയതെന്ന് പറഞ്ഞേ തീരൂ.
ഒന്ന്, തൊടുപുഴ ന്യൂമാന്‍ കോളജ് അധ്യാപകന്‍ ജോസഫിന്റെ കൈവെട്ട് താലിബാന്‍മോഡലാണ്.
രണ്ട്, താലിബാന്‍മോഡല്‍ ഭരണമാണ് മുസ്‌ലിംതീവ്രവാദികള്‍ കേരളത്തില്‍ നടപ്പാക്കാന്‍ ശ്രമിക്കുന്നത്.
മൂന്ന്, കേരളത്തില്‍ ഇസ്‌ലാമികഭരണം നടപ്പാക്കാന്‍ വെമ്പല്‍ക്കൊള്ളുന്നവരുടെ പ്രത്യേകശൈലിയാണിത്.
നാല്, ഇസ്‌ലാമിക ഭരണം എന്നാല്‍, അമുസ്‌ലിംകളുടെ കൈവെട്ടലും അതുപോലുള്ള കൃത്യങ്ങളുമാണ്.
ഒന്നാമതായി മറുപടി കാണേണ്ട ചോദ്യം കേരളത്തില്‍ മുസ്‌ലിം തീവ്രവാദികളെന്ന ഒരുവിഭാഗമുണ്ടെങ്കില്‍ അവര്‍ ഇസ്‌ലാമിക ഭരണം നടപ്പാക്കാന്‍ വെമ്പല്‍ ക്കൊള്ളുന്നവരാണോ എന്നതാണ്. കേരളത്തില്‍ മുസ്‌ലിം തീവ്രവാദം ഉണ്ടാവുന്നതും വളരുന്നതും കോടിയേരി തന്നെ ലേഖനത്തില്‍ വ്യക്തമാക്കിയതുപോലെ ആര്‍.എസ്.എസിനെ തുല്യനാണയത്തില്‍ പ്രതിരോധിക്കാനാണ്. പ്രതിരോധം എന്ന ആശയത്തെ സകല മുസ്‌ലിംസംഘടനകളും അസന്ദിഗ്ധമായി എതിര്‍ത്തിട്ടുണ്ട് എന്ന സത്യമിരിക്കട്ടെ, പ്രതിരോധം എങ്ങനെ ഇസ്‌ലാമികഭരണമാവും? ഒരു രാഷ്ട്രത്തിലെ ജനങ്ങളില്‍ ഭൂരിപക്ഷവും മുസ്‌ലിംകളാവുകയും അവര്‍ ഇസ്‌ലാമികഭരണം നടപ്പാക്കണമെന്ന് ജനാധിപത്യാടിസ്ഥാനത്തില്‍ തീരുമാനിക്കുകയും ചെയ്താല്‍ മാത്രം നടപ്പാവുന്നതാണ് ഇസ്‌ലാമിക ഭരണം അഥവാ ദൈവരാജ്യം. അതാവട്ടെ, കൈവെട്ടും തലവെട്ടും അല്ല, മാനവികതയും സാമൂഹിക നീതിയും നടപ്പാക്കലും മനുഷ്യാവകാശസംരക്ഷണവുമാണ്. ലോകത്തിലെ അമ്പത്തെട്ടോളം മുസ്‌ലിം രാജ്യങ്ങളില്‍ സൗദി അറേബ്യയിലും ഇറാനിലുമൊഴിച്ചെവിടെയും ഭരണകൂടങ്ങള്‍ ഇസ്‌ലാമികമാണെന്ന് അവകാശപ്പെടുന്നുപോലും ഇല്ല. അവരുടെ അവകാശവാദത്തെയാകട്ടെ, മറ്റുള്ളവര്‍ പൂര്‍ണാര്‍ഥത്തില്‍ അംഗീകരിക്കുന്നുമില്ല. എന്നിട്ടാണോ മുസ്‌ലിംകള്‍ വെറും 12 ശതമാനം മാത്രം വരുന്ന ഇന്ത്യയില്‍ ഇസ്‌ലാമികഭരണം നടപ്പാക്കാന്‍ ആരെങ്കിലും വെമ്പല്‍ക്കൊള്ളുക? അങ്ങനെ വല്ലവരുമുണ്ടെങ്കില്‍ അത് ക്രമസമാധാന പ്രശ്‌നമായിട്ടല്ല ചികില്‍സിച്ചുമാറ്റേണ്ട മനോരോഗമായിട്ടാണ് കാണേണ്ടത്. മൊത്തം ഇന്ത്യയിലെ മൂന്നുകോടി താമസിക്കുന്ന ഒരു സംസ്ഥാനം മാത്രമാണ് കേരളം. ഈ കേരളത്തില്‍ ഒരു ഇസ്‌ലാമിക ഭരണം സ്ഥാപിക്കാമെന്ന മോഹം വല്ലവര്‍ക്കുമുണ്ടെങ്കില്‍ അത് കൂടുതല്‍ വലിയ മണ്ടത്തരമാണ്. കോടിയേരിയും സമാന മനസ്‌കരും മുസ്‌ലിം'തീവ്രവാദത്തെ'യും 'ഭീകരത'യെയും എങ്ങനെ വേണമെങ്കിലും കുറ്റപ്പെടുത്തിക്കൊള്ളട്ടെ. പക്ഷേ, ഇത്ര വലിയ ബുദ്ധിശൂന്യത തീവ്രവാദികളുടെ പേരില്‍പോലും അടിച്ചേല്‍പിക്കരുതെന്ന് വിനീതമായ അപേക്ഷയുണ്ട്. ഭൂരിപക്ഷഫാഷിസത്തിന്റെ പ്രതികരണമാണ് ന്യൂനപക്ഷ മിലിറ്റന്‍സി. അത് ഇസ്‌ലാമികരാഷ്ട്ര സ്ഥാപനമല്ല.
രണ്ടാമതായി, കൈവെട്ട് സംഭവം അങ്ങേയറ്റം യുക്തിരഹിതവും വിവേകശൂന്യവും ക്രൂരവും വിനാശകരവുമായ നടപടിയായിപ്പോയി എന്ന് അംഗീകരിക്കുന്നതോടൊപ്പംതന്നെ, അത് താലിബാന്റെ മാതൃകയല്ല. അഫ്ഗാനിസ്താനില്‍ താലിബാന്‍ അവരുടെ ഭാവനയിലുള്ള ഇസ്‌ലാമികശരീഅത്ത് നടപ്പാക്കാന്‍ ആഗ്രഹിക്കുന്നു, ഒത്തുവന്നപ്പോള്‍ അഫ്ഗാനില്‍ അവരത് നടപ്പാക്കാന്‍ തുടങ്ങുകയും ചെയ്തു. അത് പക്ഷേ, മോഷ്ടാവിന്റെ കൈവെട്ടുക എന്ന ശിക്ഷാ വിധിയാണ്; അമുസ്‌ലിംകളുടെ കൈവെട്ടുന്ന ഭീകരകൃത്യമല്ല. അമേരിക്കന്‍ സാമ്രാജ്യത്വവാദികളുടെ നേതൃത്വത്തില്‍ ആഗോളവ്യാപകമായി നടത്തുന്ന താലിബാന്‍വിരുദ്ധ പ്രചാരണങ്ങളില്‍ കമ്യൂണിസ്റ്റുകാര്‍പോലും വീഴുന്ന വൈരുധ്യമാണ് കോടിയേരിയുടെ ലേഖനത്തില്‍ കാണാനാവുക. കൈവെട്ട് യഥാര്‍ഥത്തില്‍ താലിബാന്‍മോഡലല്ല, കണ്ണൂരിലെ മാര്‍ക്‌സിസ്റ്റ്‌മോഡലാണ്. പ്രതിയോഗികളുടെ കൈയും കാലും കണ്ണും മൂക്കും ഛേദിക്കുന്ന രീതി മാര്‍ക്‌സിസ്റ്റുകളും ആര്‍.എസ്.എസുമാണ് കേരളത്തിന് കാട്ടിക്കൊടുത്തത്. പട്ടാപ്പകല്‍ ക്ലാസ്മുറിയില്‍ പിഞ്ചുകുട്ടികളുടെ മുന്നില്‍വെച്ച് അധ്യാപകന്റെ ശിരച്‌ഛേദം ചെയ്ത കാടത്തത്തിന്റെ വകഭേദമാണ് ന്യൂമാന്‍ കോളജ് അധ്യാപകന്റെ നേരെ തീവ്രവാദികള്‍ പ്രയോഗിച്ചത്. താലിബാന്‍ പ്രതിമ തകര്‍ത്തിട്ടുണ്ട്, ക്ലാസ് മുറിയില്‍ അധ്യാപകന്റെ തലവെട്ടിയത് കേട്ടിട്ടില്ല. 'സ്വയംകോടതിയും പൊലീസും ചമയുന്ന ഇത്തരം രീതി ജനാധിപത്യ സമൂഹത്തില്‍ ഒരിക്കലും അനുവദിക്കാന്‍ സാധിക്കുകയില്ല' എന്ന ആഭ്യന്തരമന്ത്രിയുടെ ഉറച്ച നിലപാടിനോട് നൂറു ശതമാനവും യോജിക്കുന്നു. പക്ഷേ, തീര്‍ത്തും ജനാധിപത്യവിരുദ്ധമായ ആ രീതി ആരാണ് കാണിച്ചുകൊടുത്തതെന്നു കൂടി മന്ത്രി വ്യക്തമാക്കേണ്ടിയിരുന്നു. സി.പി.എം ഭരണത്തിലിരിക്കുകയും ആഭ്യന്തരവകുപ്പ് കൈയാളുകയും ചെയ്യുമ്പോള്‍ ആര്‍.എസ്.എസ് ആക്രമണങ്ങളെ പൊലീസിനെ ഉപയോഗിച്ചല്ലേ നേരിടേണ്ടതെന്ന ചോദ്യത്തിന്, അതുമാത്രം പോരാ, പാര്‍ട്ടിതലത്തിലും സായുധപ്രതിരോധം വേണമെന്ന് ശഠിച്ച പാര്‍ട്ടിയാണ് സി.പി.എം. നിയമം കൈയിലെടുക്കുന്ന ഈ ശൈലിയാണ് ഹിന്ദു-മുസ്‌ലിം തീവ്രവാദികള്‍ക്ക് ആയുധവും മാതൃകയുമായതെന്ന് നിഷേധിച്ചിട്ട് കാര്യമില്ല.
കേരളത്തിന്റെ മഹത്തായ പാരമ്പര്യം കാത്തുസൂക്ഷിക്കാന്‍ സങ്കുചിത രാഷ്ട്രീയനിലപാടുകള്‍ മാറ്റിവെച്ച് ഒന്നിച്ചു നില്‍ക്കണമെന്ന ആഹ്വാനത്തോടെയാണ് ആഭ്യന്തരമന്ത്രി കോടിയേരി ബാലകൃഷ്ണന്റെ ലേഖനം ഉപസംഹരിക്കുന്നത്. പൂര്‍ണ മനസ്സോടെ സര്‍വരും സ്വാഗതം ചെയ്യേണ്ട ആഹ്വാനമാണിത്. തീവ്രവാദ പ്രവര്‍ത്തനങ്ങളും തീവ്രവാദാരോപണങ്ങളും പ്രത്യാരോപണങ്ങളുംകൊണ്ട് കേരളത്തിന്റെ അന്തരീക്ഷം കലുഷമാക്കിക്കൂടാ. എന്നാല്‍ ആടിനെ പട്ടിയും പേപ്പട്ടിയുമാക്കി തല്ലിക്കൊല്ലുന്ന ഏര്‍പ്പാട് രാഷ്ട്രീയ നേതാക്കളും ഭരണാധികാരികളും മാധ്യമങ്ങളും അവസാനിപ്പിച്ചാലേ സംസ്ഥാനത്ത് സമാധാനം പുലരൂ.
മാധ്യമം
No comments:
Post a Comment