var addthis_config = { data_track_addressbar: true, data_track_addressbar_paths: [ "/blog/posts/*", "/faq/*" ] }

Monday, July 26, 2010

മോഡി മാന്‍


Sunday, July 25, 2010
ഊണിലും ഉറക്കിലും രാഷ്ട്രീയം എന്ന ചിന്തയേയുള്ളൂ. 24/7 രാഷ്ട്രീയക്കാരനാണ്. ദിവസം അമ്മയോട് സംസാരിക്കാന്‍ പത്തു മിനിറ്റ് ചെലവാക്കുമായിരുന്നു. ആ അമ്മ ഈയിടെ മരിച്ചതുകൊണ്ട് ഇനി അതിന്റെയും ആവശ്യമില്ല. മാരകമായ രാഷ്ട്രീയക്കളികളില്‍ ഏര്‍പ്പെടുന്നതിന്റെ ത്രില്ല് പറഞ്ഞറിയിക്കാന്‍ പറ്റില്ല. അത് അനുഭവിച്ചു തന്നെ അറിയണം. അറിയാവുന്ന പണി ശരിക്കും ഉപജാപമായിരുന്നു. അത് പ്രയോഗിക്കാന്‍ പറ്റിയ ഏക ഇടമായതുകൊണ്ടാണ് രാഷ്ട്രീയത്തില്‍ കയറിപ്പറ്റിയത്. ഇപ്പോള്‍ 46 വയസ്സുണ്ട്. ഇത്രയും നാളത്തെ വളര്‍ച്ച ആരെയും അസൂയപ്പെടുത്തുന്നതാണ്. നരേന്ദ്രമോഡിയുടെ വലംകൈ. ഗുജറാത്തിലെ ഗീബല്‍സ്.

ചരിത്രത്തിലെന്നും ഒരു ഹിറ്റ്‌ലര്‍ക്ക് ഒരു ഗീബല്‍സ് എന്ന കണക്കില്‍ ഒരാളുണ്ടായിരുന്നു. നാസി ജര്‍മനിയിലെ പ്രൊപഗാന്‍ഡമന്ത്രിയാണ് ജോസഫ് ഗീബല്‍സ് എങ്കില്‍ ഏതാണ്ട് അതേ പണി തന്നെയാണ് ഗുജറാത്തില്‍ അമിത്ഷാ ചെയ്തുപോന്നത്. മോഡിയുടെ പ്രതിച്ഛായ വളര്‍ത്തുന്നതിനുവേണ്ടി അഹോരാത്രം പ്രയത്‌നിച്ച ആള്‍. 2001ല്‍ മുഖ്യമന്ത്രിയായ കാലം മുതല്‍ നരമേധ നേതാവിന്റെ കൂടെ നിന്ന് വിദ്വേഷരാഷ്ട്രീയത്തിന് മണ്ണും വളവുമൊരുക്കി നാടിനെ വംശമഹിമയുടെ പരീക്ഷണശാലയാക്കിമാറ്റിയ ഉപജാപങ്ങളുടെ രാജാവ്. ഗുജറാത്ത് ആഭ്യന്തര സഹമന്ത്രി എന്നത് ഒരു അധികാരസ്ഥാനം മാത്രം. നാടിന്റെ പരിരക്ഷയല്ല മോഡിയുടെ പരിരക്ഷയായിരുന്നു അജണ്ടയില്‍ ആദ്യം.

ചരിത്രം എല്ലാ കുറ്റവാളികളെയും വെറുതെ വിടാറില്ല. എന്നെങ്കിലും അവര്‍ക്കു കിട്ടേണ്ടതു കിട്ടിയിരിക്കും. ആ ചരിത്രനീതിയെ അഭിമുഖീകരിക്കുകയാണിപ്പോള്‍ അമിത്ഷാ. മോഡിയുടെ, കൊലയാളിയായ കൂട്ടുകാരന്‍ ഇപ്പോള്‍ പിടികിട്ടാപ്പുള്ളിയാണ്. ലശ്കറെ ത്വയ്യിബ ഭീകരര്‍ എന്നാരോപിച്ച് സൊഹ്‌റാബുദ്ദീന്‍ ശൈഖിനെയും ഭാര്യ കൗസര്‍ബിയെയും വ്യാജ ഏറ്റുമുട്ടലില്‍ കൊലപ്പെടുത്താന്‍ നേതൃത്വം നല്‍കിയത് പതിവ് ഉപജാപങ്ങളുടെ ഭാഗമായിരുന്നു. അതുകൊണ്ട് ഒരു കാര്യമുണ്ടായി. ചരിത്രത്തില്‍ ഇടം പിടിക്കാന്‍ കഴിഞ്ഞു. പിടികിട്ടാപ്പുള്ളി എന്ന പദവി ലഭിക്കുന്ന രാജ്യത്തിന്റെ ചരിത്രത്തിലെ ആദ്യത്തെ സംസ്ഥാന മന്ത്രി. ആഭ്യന്തരം, പൊലീസ് വകുപ്പുകള്‍ ഭരിക്കുന്ന മന്ത്രി തന്‍േറതായ രീതിയില്‍ എങ്ങനെയാണ് ആ വകുപ്പുകള്‍ ഭരിക്കുക എന്നു കാണിച്ചുകൊടുക്കുകയായിരുന്നു. അതേ പൊലീസ് വന്നു പിടിക്കുമെന്ന് പേടിച്ച് ഇപ്പോള്‍ രണ്ടാഴ്ചയായി മുങ്ങിയിരിക്കുകയാണ്. ഒരു മന്ത്രിയുടെ വിധി. ഇനി ജീവിതകാലം മുഴുവന്‍ കോടതിയും കേസുമായി കഴിയാം.

സാധാരണ ആഭ്യന്തരന്മാരെപ്പോലെയല്ല. കൊലപാതകം, തട്ടിക്കൊണ്ടുപോകല്‍, ഗൂഢാലോചന, തെളിവുനശിപ്പിക്കല്‍, അന്യായമായ തടവിലാക്കല്‍ തുടങ്ങിയ കൃത്യങ്ങളില്‍ പ്രാവീണ്യം സിദ്ധിച്ചിട്ടുണ്ട്. കൊന്നാല്‍ പോര, കത്തിച്ചുകളയണം എന്നാണ് പൊലീസിന് ഫോണില്‍ നിര്‍ദേശം കൊടുത്തത്. മോഡസ് ഓപ്പരാണ്ടി പോലും പറഞ്ഞുകൊടുത്തു മോഡിയുടെ വല്‍സലശിഷ്യന്‍. മോഡി ദേശീയ രാഷ്ട്രീയത്തിലേക്ക് പ്രധാനമന്ത്രിസ്ഥാനാര്‍ഥിയായി പോയാല്‍ അടുത്ത മുഖ്യമന്ത്രിയാവാന്‍ യോഗമുണ്ടായിരുന്നു. ഇനിയിതൊക്കെ പറഞ്ഞിട്ടെന്തു കാര്യം. കര്‍മഫലം അനുഭവിക്കുക തന്നെ.

മൃഗീയത എല്ലാ കാര്യത്തിലുമുണ്ടായിരുന്നു. തെരഞ്ഞെടുപ്പിലെ ഭൂരിപക്ഷം പോലും മൃഗീയമായിരുന്നു. ഒരേ മണ്ഡലത്തില്‍നിന്ന് നാലുവട്ടം ജയിച്ച് എം.എല്‍.എ ആയി. ഓരോ വിജയവും ആവര്‍ത്തിച്ചത് വന്‍മാര്‍ജിനില്‍. 2002ല്‍ 1.58 ലക്ഷത്തിന്റെ ഭൂരിപക്ഷം. മോഡിക്കുപോലും കിട്ടാത്ത വോട്ട്. 2007ല്‍ അമിതിന്റെ അമിതജനപ്രീതി പിന്നെയും കൂടി. 2.35 ലക്ഷം വോട്ടാണ് അന്നു കിട്ടിയത്. വംശഹത്യയിലൂടെ ഒരു ജനതയെ തകര്‍ത്തെറിഞ്ഞ ഗുജറാത്തിലെ ഏറ്റവും കൂടിയ ഭൂരിപക്ഷത്തില്‍ തെരഞ്ഞെടുപ്പു ജയിച്ച ആള്‍ ഇന്ന് ഒളിവിലാണെന്നത് ചരിത്രത്തിന്റെ കാവ്യനീതി. കാലത്തിന്റെ കണക്കുതീര്‍ക്കല്‍. സി.ബി.ഐയുടെ കുറ്റപത്രത്തിന്റെ പേരിലാണ് സംഭവത്തിന്റെ ക്ലൈമാക്‌സ് വന്നത്. പക്ഷേ ഷാക്കും മോഡിക്കും മുന്നില്‍ ഇപ്പോള്‍ തന്ത്രങ്ങളില്ല. ആവനാഴിയില്‍ അമ്പുമില്ല.സി.ബി.ഐ കേന്ദ്രസര്‍ക്കാറിന്റെ നിഴലിലാണെന്നത് ആര്‍ക്കുമറിയാവുന്ന സത്യം. പക്ഷേ വ്യാജ ഏറ്റുമുട്ടല്‍ കേസ് രാഷ്ട്രീയപ്രേരിതമെന്നു പറയാന്‍ ബി.ജെ.പിക്കു മുന്നില്‍ ജനങ്ങള്‍ക്കു ബോധ്യപ്പെടുന്ന കാരണങ്ങളില്ല.

ഗുജറാത്തിലെ ഗീബല്‍സ് എന്നത് അമിത്ഷാക്കു ചേര്‍ന്ന വെറുമൊരു വിശേഷണപദമല്ല. അത് ഒരു രാഷ്ട്രീയ യാഥാര്‍ഥ്യം തന്നെയാണ്. വാസ്തവങ്ങളെ വളച്ചൊടിച്ച പ്രചാരണയുദ്ധങ്ങളിലൂടെയാണ് വിദ്വേഷരാഷ്ട്രീയത്തിന് വളക്കൂറുള്ള മണെ്ണാരുക്കിയത്. മോഡിയുടെ ദര്‍ബാറിലെ മറ്റാരേക്കാളും നന്നായി വോട്ടര്‍മാരുടെ മനസ്സറിഞ്ഞ് അതിനനുസരിച്ച് കണക്കൂകൂട്ടി. രാഷ്ട്രീയ എതിരാളികളെ നേരിടാന്‍ വേണ്ട കുതന്ത്രങ്ങള്‍ ആസൂത്രണം ചെയ്ത് നടപ്പാക്കി. ആരുമറിയാത്ത അട്ടിമറികള്‍ നടത്തി. ഗീബല്‍സിനെപ്പോലെ വിവരങ്ങളെ ആയുധമാക്കി. ശത്രുക്കളുടെ നീക്കങ്ങളെയും രാഷ്ട്രീയ പ്രവണതകളെയും സംബന്ധിച്ച വിവരങ്ങള്‍ ശേഖരിക്കാന്‍ വേണ്ടി മാത്രം എപ്പോഴും ഒരു നാഴിക അധികം നടന്നു. നിയമസഭയിലേക്കോ ലോക്‌സഭയിലേക്കോ തെരഞ്ഞെടുപ്പു നടക്കുമ്പോള്‍ സ്വന്തം സംഘത്തെ സ്ഥിതിഗതികള്‍ വിലയിരുത്താന്‍ നാടു മുഴുവന്‍ പറഞ്ഞയക്കും. എന്നിട്ട് തന്‍േറതായ നിഗമനത്തിലെത്തും. കണക്കുകൂട്ടലുകള്‍ അപൂര്‍വമായേ പിഴച്ചിട്ടുള്ളൂ. ഭരിക്കുന്ന വകുപ്പില്‍ ജോര്‍ജ് ബുഷിന്റെ പ്രാദേശിക പതിപ്പായിരുന്നു. ഭീകരതയുടെ പേരു പറഞ്ഞ് മുസ്‌ലിംകളെ അടിച്ചമര്‍ത്തേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് എന്നും അനുയായികളെ ഉദ്‌ബോധിപ്പിച്ചു.

വായില്‍ വെള്ളിക്കരണ്ടിയുമായാണ് പിറന്നത്. പിതാവ് അനില്‍ ചന്ദ്ര കോടികളുടെ മൂല്യമുള്ള ചിപ്പ് കമ്പനികളുടെ ഷെയര്‍ സര്‍ട്ടിഫിക്കറ്റുകള്‍ ബാക്കിവെച്ചിട്ടാണ് പോയത്. മുഴവന്‍സമയ രാഷ്ട്രീയ പ്രവര്‍ത്തകന്‍ ആവുന്നതിനു മുമ്പ് അഹ്മദാബാദിലെ ഓഹരിദല്ലാള്‍ ആയിരുന്നു. സഹകരണബാങ്കിങ് മേഖലയിലും പ്രവര്‍ത്തിച്ചു. വാസ്തുശില്‍പകലയുടെ മനോഹാരിതയുള്ള വീടാണ് ജന്മനാട്ടിലേത്. വോട്ടര്‍മാരുമായുള്ള ബന്ധം കൂട്ടുന്നതിനുവേണ്ടി അഹ്മദാബാദിലെ നരന്‍പുരയില്‍ സാധാരണ മധ്യവര്‍ഗ ഹൗസിങ് കോളനിയിലാണ് വര്‍ഷങ്ങളോളം താമസിച്ചിരുന്നത്.

അഹങ്കാരത്തിന് കൈയും കാലും വെച്ച രൂപമാണ്. മാധ്യമപ്രവര്‍ത്തകരെ അടുപ്പിച്ചിരുന്നില്ല. ജനാധിപത്യത്തിലെ മാധ്യമധര്‍മങ്ങള്‍ ഫാഷിസത്തിന്റെ ഉപാസകന് ചതുര്‍ഥിയായിരുന്നു. പതിവ് വാര്‍ത്താ ബ്രീഫിങ്  നല്‍കാന്‍ വിസമ്മതിച്ചു. മോഡിയുടെ ഇടപെടലില്ലാതെ ആഭ്യന്തരവകുപ്പ് ഭരിച്ചിട്ടുണ്ടെന്ന് പലപ്പോഴും വാചകമടിച്ചു. സ്വന്തം മന്ത്രാലയത്തിന്റെ പ്രവര്‍ത്തനങ്ങളില്‍നിന്ന് റിപ്പോര്‍ട്ടര്‍മാരെ അകറ്റിനിര്‍ത്തി. മോഡിക്കും തങ്ങളുടെ സര്‍ക്കാറിനും സമഗ്രമായ അധികാരമുണ്ടെന്ന് വിശ്വസിച്ചു. പ്രബലമായ പ്രതിപക്ഷത്തിന്റെ അഭാവത്തില്‍ രാഷ്ട്രീയ വിജയം എളുപ്പമായപ്പോള്‍ അധികാരത്തിന്റെ മറയില്ലാത്ത ദുര്‍വിനിയോഗത്തിന് തുടക്കമായി.

അനുയായികള്‍ വിളിക്കുന്ന പേര് അമിത് ഭായ്. മോഡിയുടെ വിശ്വസ്തനും മന്ത്രിയുമായ ആനന്ദിബെന്‍ പട്ടേലിന് അമിത്ഷായോട് അസൂയയായിരുന്നു. പാര്‍ട്ടി മാനേജ്‌മെന്റും തന്ത്രങ്ങളും നിശ്ചയിക്കാന്‍ മോഡി എന്നും ചെവികൊടുക്കുന്നത് അമിത് ഷാക്ക് ആയിരുന്നു. വിശ്വഹിന്ദു പരിഷത്തിന്റെ ഭാരവാഹിയായിരുന്നിട്ടുണ്ട്. അന്നും ഇന്നും തീവ്രദേശീയതയാണ് രാഷ്ട്രീയം. അതു നടപ്പാക്കാന്‍ ആരെയും കൊല്ലും. ഹിന്ദുത്വത്തിന്റെ കാര്യത്തില്‍ ഒത്തുതീര്‍പ്പുകളില്ല. പൊലീസ് സ്‌റ്റേഷനുകളും പഞ്ചായത്ത് കെട്ടിടങ്ങളും സ്‌പോണ്‍സര്‍ ചെയ്തിരിക്കുന്നത് സ്വകാര്യകമ്പനികളാണ്. മാര്‍ബിള്‍ പതിച്ച അവയുടെ ചുവരില്‍ ഹിന്ദു ദേവന്മാരുടെയും ദേവതമാരുടെയും ചിത്രങ്ങള്‍ പതിച്ചിരിക്കുന്നു.
ഒരു പൊലീസുകാരിയെ ഒതുക്കാന്‍ നോക്കിയിട്ടുണ്ട്. ഗുജറാത്ത് കേഡര്‍ പൊലീസ് ഓഫിസര്‍ ഗീത ജോഹരിയെ. വ്യാജ ഏറ്റുമുട്ടല്‍ കൊലക്കേസിന്റെ അന്വേഷണത്തെ സ്വാധീനിക്കാന്‍ കഴിയുന്നതിനു മുമ്പുതന്നെ ഗീത അത് സുപ്രീംകോടതിയിലേക്ക് അയച്ചു. അതുവരെ അന്വേഷണത്തിന്റെ പരിധിയില്‍ ഷാ ഇല്ലായിരുന്നു. കാക്കിയണിഞ്ഞവരുടെ അധികാരത്തെ കുറച്ചുകണ്ടത് പതനത്തിന് ഇടയാക്കി. അതിരുകളില്ലാത്ത അധികാരം ഉണ്ടെന്ന ധാരണയുടെ പുറത്ത് ചെയ്തുകൂട്ടിയതിനെല്ലാം ജനാധിപത്യം നിയമവാഴ്ച കൊണ്ട് പകരം ചോദിക്കുമെന്ന് പേടിച്ച് ഒളിവില്‍ കഴിയുകയാണിപ്പോള്‍.
madhyamam daily

No comments:

Blog Archive