var addthis_config = { data_track_addressbar: true, data_track_addressbar_paths: [ "/blog/posts/*", "/faq/*" ] }

Thursday, July 15, 2010

സൗഹാര്‍ദം നശിപ്പിക്കുന്ന പ്രവര്‍ത്തനം ഉണ്ടാകരുത് - മുസ്‌ലിം, ക്രൈസ്തവ നേതാക്കള്‍

Thursday, July 15, 2010
മൂവാറ്റുപുഴ: സമുദായ സൗഹാര്‍ദത്തിന് ഭംഗം വരുത്തുന്ന ഒരു പ്രവര്‍ത്തനവും മുസ്‌ലിം-ക്രൈസ്തവ വിഭാഗങ്ങളുടെ ആരാധനാലയങ്ങളിലും  വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ഉണ്ടാകാതിരിക്കാന്‍ ജാഗ്രത പാലിക്കണമെന്ന് മതനേതാക്കളുടെ യോഗം.
മതനിന്ദ കലര്‍ന്ന ചോദ്യപേപ്പര്‍ വിവാദത്തിലെ അധ്യാപകന് നേരെ നടന്ന ആക്രമണത്തിന്റെ പശ്ചാത്തലത്തിലാണ് മൂവാറ്റുപുഴയില്‍ മുസ്‌ലിം, ക്രൈസ്തവ മത നേതാക്കള്‍ യോഗം ചേര്‍ന്നത്. സ്ഥിരം സമാധാന സമിതിയുടെ  രൂപവത്കരണം ഉള്‍പ്പെടെ സുപ്രധാന തീരുമാനങ്ങള്‍ യോഗത്തിലെടുത്തു.
തൊടുപുഴ ന്യൂമാന്‍ കോളജിലെ ബികോം മലയാളം  ഇന്‍േറണല്‍ പരീക്ഷക്ക് അധ്യാപകന്‍ തയാറാക്കിയ ചോദ്യപേപ്പറില്‍ മതനിന്ദ കലര്‍ന്ന ഭാഗം ചേര്‍ത്തത് അക്ഷന്ത്യവ്യമായ അപരാധമാണ്. എന്നാല്‍, ബന്ധപ്പെട്ടവര്‍  മാപ്പുപറഞ്ഞ് അധ്യാപകനെതിരെ ശിക്ഷാ നടപടികള്‍ എടുത്തു. പൊലീസ് നിയമ നടപടിയും സ്വീകരിച്ചു.
ഈ സാഹചര്യത്തില്‍ നിയമം കൈയിലെടുത്ത് അധ്യാപകനെയും കുടുംബാംഗങ്ങളെയും മര്‍ദിച്ച സംഭവം നിന്ദ്യമാണെന്ന് യോഗം അപലപിച്ചു. ചോദ്യപേപ്പര്‍ തയാറാക്കിയതില്‍ മാനേജ്‌മെന്റിന് പങ്കുണ്ടെന്ന് പ്രചരിപ്പിക്കുന്നത് ശരിയല്ല. നിയമ വാഴ്ച തകര്‍ക്കുന്നവരെ എത്രയും വേഗം നിയമത്തിന് മുന്നില്‍ കൊണ്ടുവരണം. മതസൗഹാര്‍ദം തകര്‍ക്കുന്ന ശക്തികള്‍ക്കെതിരെ  മുഴുവന്‍ കേരളീയരും  രംഗത്തുവരണമെന്നും സൗഹാര്‍ദം എന്തു വിലകൊടുത്തും സംരക്ഷിക്കണമെന്നും യോഗം ആവശ്യപ്പെട്ടു.
പഞ്ചായത്ത്, മുനിസിപ്പല്‍, താലൂക്ക്, ജില്ല, സംസ്ഥാന തലങ്ങളില്‍ ഔദ്യോഗിക  മത സൗഹാര്‍ദ സമിതികള്‍ രൂപവത്കരിക്കണം. സംഭവത്തില്‍ നിഷ്പക്ഷ അന്വേഷണം നടത്തണം. എന്നാല്‍, ഇതിന്റെ പേരില്‍ നിരപരാധികളെ വേട്ടയാടി ഒരു സമുദായത്തെ ഒന്നടങ്കം ഭീകരവാദികളാക്കി ചിത്രീകരിക്കരുതെന്നും ആവശ്യപ്പെട്ടു. ഒറ്റപ്പെട്ട സംഭവങ്ങളുടെ പേരില്‍ സമുദായങ്ങള്‍ തമ്മില്‍ ഭിന്നതയുണ്ടെന്ന് വരുത്തി മുതലെടുപ്പ് നടത്തുന്ന ഛിദ്രശക്തികളുടെ നീക്കങ്ങള്‍ കരുതിയിരിക്കണമെന്ന്  യോഗം ആവശ്യപ്പെട്ടു.
പി.ടി. തോമസ് എം.പി അധ്യക്ഷത വഹിച്ചു. കോതമംഗലം രൂപതാ  അധ്യക്ഷന്‍ മാര്‍ ജോര്‍ജ് പുന്നക്കോട്ടില്‍, ടി.എ. അഹമ്മദ് കബീര്‍ (എറണാകുളം ജില്ലാ ജമാഅത്ത് കൗണ്‍സില്‍), ടി.എം. സലിം, കെ.എം.എ. ഷുക്കൂര്‍, പി.കെ. സുലൈമാന്‍ മൗലവി  (സെന്‍ട്രല്‍ ജുമാമസ്ജിദ്, മൂവാറ്റുപുഴ), കെ.എഫ്. അബ്ദുസ്സലാം മൗലവി (ദക്ഷിണകേരള  ജംഇയ്യത്തുല്‍ ഉലമ), കെ.കെ. ഇബ്രാഹിം (സമസ്തകേരള  ജംഇയ്യത്തുല്‍ ഉലമ), പി.കെ. അബ്ദുല്‍ കരീം സഖാഫി (എസ്.വൈ.എസ്), സലാഹുദ്ദീന്‍ മദനി (നദുവത്തുല്‍ മുജാഹിദീന്‍), അബ്ദുല്‍  നാസര്‍ അന്‍വരി (കേരള നദുവത്തുല്‍ മുജാഹിദീന്‍), കെ.എ. യൂസുഫ് ഉമരി, വി.എ. ഇബ്രാഹിം കുട്ടി  (ജമാഅത്തെ ഇസ്‌ലാമി), മൂസാ നെജ്മി മൗലവി (ഇമാം കൗണ്‍സില്‍), അബ്ദുല്‍ ഗഫൂര്‍ മൗലവി (സെന്‍ട്രല്‍ മസ്ജിദ്, തൊടുപുഴ), മാവുടി മുഹമ്മദ് ഹാജി (കേരള ജമാഅത്ത് കൗണ്‍സില്‍),  എം.എം. മക്കാര്‍ ഹാജി ( മെക്ക), എം.ബി.കെ. മൈതീന്‍ (ഫ്രൈഡേ ക്ലബ്), കമറുദ്ദീന്‍  സഖാഫി (എസ്.വൈ.എസ്), എ. മുഹമ്മദ് ബഷീര്‍,  പി.എസ്.എ. ലത്തീഫ്, കെ.എം. അബ്ദുല്‍ മജീദ്, കെ.എം. കമാലുദ്ദീന്‍ (എം.ഇ.എസ്),  പി.പി. അസീസ് ഹാജി,  മോണ്‍. ഫ്രാന്‍സിസ് ആലപ്പാട്ട്, മോണ്‍. തോമസ്  മലേക്കുടി (വികാരി ജനറാള്‍, കോതമംഗലം രൂപത), ഫാ. ജോസഫ് മക്കോളില്‍ (മൂവാറ്റുപുഴ ഫൊറോനാ  പള്ളി), ഫാ. പോള്‍ നെടുമ്പുറത്ത് (വാഴക്കുളം ഫൊറോനാ പള്ളി), ഫാ. ജോര്‍ജ് പൊട്ടക്കല്‍ (നിര്‍മല മാതാ പള്ളി), ഫാ. മാത്യു കൊച്ചുപുരക്കല്‍ (ചാന്‍സലര്‍, കോതമംഗലം രൂപത), ഫാ. പയസ് മലേക്കണ്ടത്തില്‍ (ജവഹര്‍ലാല്‍  നെഹ്‌റു യൂനിവേഴ്‌സിറ്റി ദല്‍ഹി), മുന്‍ എം.പി ഫ്രാന്‍സിസ് ജോര്‍ജ്, മുന്‍ എം.എല്‍.എ ജോണി നെല്ലൂര്‍, പ്രഫ. എന്‍. ജോയി (പ്രിന്‍സിപ്പല്‍, നിര്‍മല കോളജ്, മൂവാറ്റുപുഴ), പ്രഫ. ഡോ.ടി.എം. ജോസഫ് (പ്രിന്‍സിപ്പല്‍, ന്യൂമാന്‍ കോളജ് , തൊടുപുഴ) തുടങ്ങിയവര്‍ സംസാരിച്ചു.
madhyamam Daily

No comments:

Blog Archive