var addthis_config = { data_track_addressbar: true, data_track_addressbar_paths: [ "/blog/posts/*", "/faq/*" ] }

Saturday, July 24, 2010

വര്‍ഗീയതയെ വര്‍ഗീയതകൊണ്ട് നേരിടാന്‍ കഴിയില്ല -അര്‍ഷദ് മദനി


Friday, July 23, 2010
തിരുവനന്തപുരം: തീവ്രവാദവും വര്‍ഗീയതയും ചെറുക്കാന്‍ ജനങ്ങളില്‍ പരസ്‌പരസ്‌നേഹവും സാഹോദര്യവും ശക്തിപ്പെടുത്തണമെന്ന് ഇംഇയ്യത്തുല്‍ ഉലമായെ ഹിന്ദ് അഖിലേന്ത്യാ അധ്യക്ഷന്‍ മൗലാന അര്‍ഷദ് മദനി അഭിപ്രായപ്പെട്ടു.  തീകൊണ്ട് തീ അണയ്ക്കാനാവില്ല. വര്‍ഗീയതയെ വര്‍ഗീയത കൊണ്ട് അവസാനിപ്പിക്കാനാവില്ല-അദ്ദേഹം പറഞ്ഞു.

തലസ്ഥാനത്ത് വിവിധപരിപാടികളില്‍ പങ്കെടുക്കാനെത്തിയ അര്‍ഷദ് മദനി 'മാധ്യമ'ത്തോട് സംസാരിക്കുകയായിരുന്നു. തീവ്രവാദത്തെയും വര്‍ഗീയതയെയും നേരിടാന്‍ സ്‌നേഹവും സാഹോദര്യവും പ്രചരിപ്പിക്കുകയാണ് ജംഇയ്യത്തുല്‍ഉലമയുടെ നയം. ശത്രുത ഒന്നിനും പരിഹാരമല്ല. മുസ്‌ലിംകള്‍ തീവ്രവാദികളോ ഭീകരവാദികളോ അല്ല. ഒരിക്കലും അങ്ങനെ ആയിട്ടുമില്ല. നൂറ്റാണ്ടുകള്‍ മുസ്‌ലിംകള്‍ ഇന്ത്യ ഭരിച്ചിട്ടുണ്ട്. അമുസ്‌ലിംകള്‍ ഇവിടെ സുരക്ഷിതമായി നിലകൊണ്ടു. ഭരണകൂട പുതപ്പിനകത്ത് സ്ഥാനമാനങ്ങള്‍ നല്‍കി ഒളിപ്പിച്ച് വെച്ചവരാണ് തീവ്രവാദം നടത്തുന്നത്. കേണല്‍ പുരോഹിത് അടക്കമുള്ളവര്‍ ചെയ്തത് എല്ലാവര്‍ക്കുമറിയാം. മുസ്‌ലിംകളില്‍ തീവ്രവാദികളില്ലേ എന്ന ചോദ്യത്തിന് 60 വര്‍ഷത്തെ  വിവേചനത്തിന്റെ ഫലമായി ചെറുവിഭാഗത്തില്‍ പ്രതികരണമുണ്ടായിട്ടുണ്ടെന്നായിരുന്നു മറുപടി. ക്ഷമയും അവധാനതയും കാണിച്ച് സമുദായ നേതൃത്വവുമായി ആലോചിച്ച് മുന്നോട്ടുപോവുകയാണ് അവര്‍ ചെയ്യേണ്ടത്.

കേരളത്തില്‍ വിവാദചോദ്യകര്‍ത്താവായ അധ്യാപകന്റെ കൈവെട്ടിയത് മുസ്‌ലിംകളാണെങ്കില്‍ അത് തെറ്റ് തന്നെ. ഇസ്‌ലാമിന് അതുമായി ബന്ധമില്ല. എന്നാല്‍ സര്‍ക്കാര്‍ ഇക്കാര്യത്തില്‍ ഗുരുതരവീഴ്ച വരുത്തി. ക്രൂരനടപടി കൈക്കൊണ്ട അധ്യാപകനെ മാതൃകാപരമായി ശിക്ഷിക്കാതെ മോചിപ്പിച്ചത് പുറത്തുള്ള ചിലര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കിയിട്ടുണ്ടാകാം. അതേസമയം പല സംഭവങ്ങളും ആരെങ്കിലും ചെയ്തിട്ട് ചിലരുടെ മേല്‍ അടിച്ചേല്‍പിച്ച അനുഭവവും നമ്മുടെ നാട്ടിലുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

മതവും രാഷ്ട്രീയവും രണ്ടാണെന്ന അഭിപ്രായം തനിക്കില്ലെന്ന് ജംഇയ്യത്തുല്‍ ഉലമ അധ്യക്ഷന്‍ പറഞ്ഞു. ദൈവത്തെ സേവിക്കുന്നതാണ് മതം. ദൈവസൃഷ്ടികളെ സേവിക്കുന്നതാണ് രാഷ്ട്രീയം. അത് തമ്മില്‍ അകലേണ്ട കാര്യമില്ല. എന്നാല്‍ ആരെങ്കിലും മതത്തെ ഭൗതിക നേട്ടത്തിനുള്ള കോണിപ്പടിയാക്കി ഉപയോഗിക്കാന്‍ ശ്രമിച്ചാല്‍ തെറ്റാണ്. അതംഗീകരിക്കാനാവില്ല. സച്ചാര്‍കമീഷന്‍ കണ്ടെത്തിയ രാജ്യത്തെ മുസ്‌ലിംകളുടെ പിന്നാക്കാവസ്ഥക്ക് മാറിമാറി വന്ന എല്ലാ സര്‍ക്കാരുകള്‍ക്കും ഉത്തരവാദിത്തമുണ്ട്. ഓരോ സര്‍ക്കാറും ആസൂത്രിതമായി മുസ്‌ലിംകളെ പ്രാന്തവത്കരിച്ചു. സാമ്പത്തികമായി മുസ്‌ലിംകള്‍ പിന്നിലായി. സര്‍ക്കാര്‍ജോലികള്‍ ലഭ്യമായില്ല.

വിദ്യാഭ്യാസരംഗത്ത് പിന്നോട്ട് പോയി. മുസ്‌ലിംനേതാക്കള്‍ സ്ഥാപിച്ച അലീഗഢ് സര്‍വകലാശാലയിലും ജാമിഅ മില്ലിയ്യയിലും പോലും ന്യൂനപക്ഷപദവി നല്‍കി 50 ശതമാനം ക്വോട്ട നല്‍കിയില്ല. ഈ നിഷേധം പരിതാപകരമാണ്. സച്ചാര്‍ റിപ്പോര്‍ട്ട് വന്നിട്ടും സര്‍ക്കാര്‍ മൗനം പാലിക്കുകയാണ്. മുസ്‌ലിംകളുടെ സാമ്പത്തികവും വിദ്യാഭ്യാസപരവും രാഷ്ട്രീയവുമായ മുന്നേറ്റം ആവശ്യമാണ്. സംവരണം അതിന് ആക്കം വര്‍ധിപ്പിക്കും. സംവരണം തീര്‍ച്ചയായും പിന്നാക്കാവസ്ഥ പരിഹരിക്കാന്‍ മാര്‍ഗമാണ്. പിന്നാക്കവിഭാഗങ്ങള്‍ സംവരണം കൊണ്ട് നാട്ടില്‍ ഉയര്‍ന്നിട്ടുണ്ട്. ഉന്നത തസ്തികകള്‍ സര്‍ക്കാര്‍ തലത്തില്‍ അവര്‍ നേടിയിട്ടുണ്ട്. മായാവതി പ്രധാനമന്ത്രി സ്ഥാനം സ്വപ്‌നം കാണുന്നതും അതിലൂടെയാണെന്ന് അദ്ദേഹം പറഞ്ഞു. അബ്ദുന്നാസിര്‍ മഅ്ദനിയെ വീണ്ടും കേസില്‍ കുടുക്കാനുള്ള നീക്കത്തെ കുറിച്ച് ചോദിച്ചപ്പോള്‍ ഇരട്ടനീതി പാടില്ലെന്നായിരുന്നു പ്രതികരണം. 
madhyamam daily

No comments:

Blog Archive