var addthis_config = { data_track_addressbar: true, data_track_addressbar_paths: [ "/blog/posts/*", "/faq/*" ] }

Friday, July 23, 2010

വ്യാജ ഏറ്റുമുട്ടല്‍: ഗുജറാത്ത് മന്ത്രിക്ക് വീണ്ടും സി.ബി.ഐ നോട്ടീസ്

 
Friday, July 23, 2010
ഗാന്ധിനഗര്‍: സൊഹ്‌റാബുദ്ദീന്‍ ശൈഖിനെയും ഭാര്യ കൗസര്‍ബിയെയും തീവ്രവാദികളെന്ന് ആരോപിച്ച് വ്യാജ ഏറ്റുമുട്ടലില്‍ കൊലപ്പെടുത്തിയ കേസില്‍ ഗുജറാത്ത് ആഭ്യന്തര സഹമന്ത്രി അമിത്ഷാക്ക് സി.ബി.ഐ നോട്ടീസ്. വെള്ളിയാഴ്ച ഉച്ചക്ക് ഹാജരാകണമെന്ന് ആവശ്യപ്പെട്ടാണ്്  നോട്ടീസ് നല്‍കിയത്.

വ്യാഴാഴ്ച ഒരു മണിക്ക് ഹാജരാകണമെന്നാവശ്യപ്പെട്ട് സി.ബി.ഐ നോട്ടീസ് നല്‍കിയിട്ടും ഹാജരാകാത്തതിനെ തുടര്‍ന്നാണ് വെള്ളിയാഴ്ച ഹാജരാകണമെന്നാവശ്യപ്പെട്ട് സി.ബി.ഐ രണ്ടാമത്തെ നോട്ടീസ് നല്‍കിയത്. ഇതാദ്യമായാണ് ഈ കേസില്‍ ഗുജറാത്ത് മന്ത്രിയോട് സി.ബി.ഐ ഹാജരാകാനാവശ്യപ്പെട്ടത്. മൂന്നുതവണ നോട്ടീസ് നല്‍കിയശേഷം ഹാജരാകാതിരുന്നാല്‍ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിക്കുകയോ അറസ്റ്റ് വാറന്റ് പുറപ്പെടുവിക്കുകയോ ചെയ്യാം. അറസ്റ്റ് ഭയന്ന് അമിത്ഷാ മുന്‍കൂര്‍ ജാമ്യത്തിന് അപേക്ഷ നല്‍കിയെന്ന് സൂചനയുണ്ട്. അതേസമയം, അമിത് ഷാ വെള്ളിയാഴ്ച  സി.ബി.ഐ മുമ്പാകെ ഹാജരാകുമെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകന്‍ അറിയിച്ചു.

ഷാക്ക് സമന്‍സ് നല്‍കിയ കാര്യം മാധ്യമങ്ങളിലൂടെയാണ് അറിഞ്ഞതെന്നും നിയമ നടപടികളുമായി സഹകരിക്കുമെന്നും സംസ്ഥാന സര്‍ക്കാര്‍ വക്താവും ആരോഗ്യമന്ത്രിയുമായ ജയ്‌നാരായണ്‍ വ്യാസ് വ്യക്തമാക്കി. കേസില്‍ അറസ്റ്റ് ഭയന്ന് അമിത്ഷാ കഴിഞ്ഞ കുറെ കാലമായി പാര്‍ട്ടി പരിപാടികളിലും മന്ത്രിസഭാ യോഗങ്ങളിലുംനിന്ന് വിട്ടുനില്‍ക്കുകയാണ്. സൊഹ്‌റാബുദ്ദീന്‍ ശൈഖിനെ കൊലപ്പെടുത്തിയതിനെക്കുറിച്ച് സുപ്രീം കോടതി നിര്‍ദേശപ്രകാരം നടത്തിയ അന്വേഷണത്തില്‍ ഗുജറാത്ത് പൊലീസിനുള്ളില്‍ മുസ്‌ലിംകളെ കൊലപ്പെടുത്തുന്ന റാക്കറ്റ് പ്രവര്‍ത്തിച്ചുവെന്നും അതിന് അമിത് ഷാ നേതൃത്വം നല്‍കിയെന്നും വിവരം ലഭിച്ചിരുന്നു. സി.ബി.ഐ കേസ് ഏറ്റെടുത്തശേഷം പൊലീസിനുള്ളില്‍ റാക്കറ്റിനെ നയിച്ച ഗുജറാത്ത് ക്രൈംബ്രാഞ്ച് മേധാവി അഭയ് ചുദാസമയെ അറസ്റ്റ് ചെയ്തിരുന്നു.

സി.ബി.ഐ കേസ് ഏറ്റെടുക്കുന്നതിനു മുമ്പ് സൊഹ്‌റാബുദ്ദീന്‍ വധം അന്വേഷിച്ച ഗുജറാത്ത് സി.ഐ.ഡി സൊഹ്‌റാബുദ്ദീനെയും ഭാര്യ കൗസര്‍ബിയെയും ഗുജറാത്ത് പൊലീസ് കൊലപ്പെടുത്തുകയായിരുന്നുവെന്നും പിന്നീട് ഏറ്റുമുട്ടലാണെന്ന് വരുത്തിത്തീര്‍ക്കുകയുമായിരുന്നുവെന്നും കണ്ടെത്തിയിരുന്നു. ഗുജറാത്ത് കേഡറിലെ ഉന്നത പൊലീസ് ഓഫിസര്‍മാരായ ഡി.ജി. വന്‍സാരയെയും രാജ്കുമാര്‍ പാണ്ഡ്യനെയും രാജസ്ഥാന്‍ കേഡറിലെ എം.എന്‍. ദിനേശിനെയും സി.ഐ.ഡി അറസ്റ്റ് ചെയ്തുവെങ്കിലും ഗുജറാത്ത് ആഭ്യന്തരമന്ത്രിയും ക്രൈംബ്രാഞ്ച് മേധാവിയും ഉള്‍പ്പെടുന്ന ഇത്തരമൊരു റാക്കറ്റിനെക്കുറിച്ച് സൂചന ലഭിച്ചിരുന്നില്ല.

എന്നാല്‍, അന്വേഷണം ഏറ്റെടുത്ത സി.ബി.ഐക്ക് വന്‍സാരയും പാണ്ഡ്യനും ആഭ്യന്തരമന്ത്രിയുമായി നടത്തിയ ഫോണ്‍സംഭാഷണങ്ങളില്‍നിന്ന് ആഭ്യന്തരമന്ത്രിക്ക് റാക്കറ്റിലുള്ള പങ്കിനെക്കുറിച്ച് വിവരം ലഭിച്ചു. 2006 ഡിസംബര്‍ 28ന് കൊല നടത്തുന്ന സമയത്തും അമിത് ഷായുടെ ഫോണ്‍കോളുകള്‍ ഇവര്‍ക്കുണ്ടായിരുന്നുവെന്നും 164ാം വകുപ്പുപ്രകാരം എടുത്ത നിരവധി സാക്ഷിമൊഴികളും ആഭ്യന്തരമന്ത്രിക്കെതിരായ തെളിവാണെന്നും സി.ബി.ഐ വൃത്തങ്ങള്‍ പറഞ്ഞു. ജൂലൈ 31നകം അന്വേഷണ വിവരം ധരിപ്പിക്കണമെന്നാണ് സുപ്രീംകോടതി നിര്‍ദേശം. അന്വേഷണ പുരോഗതി സംബന്ധിച്ച ഈ റിപ്പോര്‍ട്ടില്‍ റാക്കറ്റിനെക്കുറിച്ച വിശദാംശങ്ങളുണ്ടാകുമെന്ന് സി.ബി.ഐ വൃത്തങ്ങള്‍ പറഞ്ഞു.

ഫാത്തിമ തന്‍വീര്‍
മാധ്യമം

No comments:

Blog Archive