var addthis_config = { data_track_addressbar: true, data_track_addressbar_paths: [ "/blog/posts/*", "/faq/*" ] }

Saturday, July 24, 2010

വ്യാജ ഏറ്റുമുട്ടല്‍: ഗുജറാത്ത് ആഭ്യന്തര സഹമന്ത്രി അമിത്ഷാ രാജിവെച്ചു

Saturday, July 24, 2010
ഗാന്ധിനഗര്‍: സൊഹ്‌റാബുദ്ദീന്‍ വ്യാജ ഏറ്റുമുട്ടല്‍ കേസില്‍ പ്രതിയായ ഗുജറാത്ത് ആഭ്യന്തര സഹമന്ത്രി അമിത് ഷാ രാജിവെച്ചു. രാജിക്കത്ത് മുഖ്യമന്ത്രി നരേന്ദ്ര മോഡിക്ക് കൈമാറി. വ്യാജ ഏറ്റുമുട്ടല്‍ കേസില്‍ അമിത് ഷായെ പ്രതി ചേര്‍ത്ത് കൊണ്ട് സി.ബി.ഐ കഴിഞ്ഞ ദിവസം കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചിരുന്നു. കൊലപാതകം, തട്ടിക്കൊണ്ടുപോകല്‍, ഗൂഢാലോചന,തെളിവ് നശിപ്പിക്കല്‍ തുടങ്ങിയ കുറ്റങ്ങളാണ് അമിത് ഷാക്കെതിരെ സി.ബി.ഐ ചുമത്തിയിട്ടുള്ളത്.

സി.ബി.ഐക്ക് മുന്നില്‍ ഹാജരാവണമെന്ന് ആവശ്യപ്പെട്ട് രണ്ടു തവണ സമന്‍സ് അയച്ചിട്ടും ഹാജരാവത്ത അമിത് ഷായെ കോടതി പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചിരിക്കയാണ്. ഈ സാഹചര്യത്തിലാണ് രാജി. രാജി സ്വീകരിച്ചതായി മുഖ്യമന്ത്രി നരേന്ദ്ര മോഡി അറിയിച്ചു. നരേന്ദ്രമോഡിയുടെ വിശ്വസ്തനായ അമിത് ഷായെ പിടികൂടാന്‍ ഷായുടെ അഹ്മദാബാദിലെയും ഗാന്ധിനഗറിലേയും വീടുകളിലടക്കം സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ സി.ബി.ഐ ഉദ്യോഗസ്ഥര്‍  തിരച്ചില്‍ തുടരുകയാണ്.

രാജ്യത്തിന്റെ ചരിത്രത്തില്‍ ആദ്യമായാണ് ആഭ്യന്തരം, പൊലീസ് വകുപ്പുകള്‍ ഭരിക്കുന്ന സംസ്ഥാന മന്ത്രി പിടികിട്ടാപ്പുള്ളിയാകുന്നത്. അറസ്റ്റു ഭയന്ന് പൊതുചടങ്ങുകളില്‍ നിന്ന് രണ്ടാഴ്ചയായി വിട്ടുനിന്ന അമിത്ഷാ, വെള്ളിയാഴ്ച മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളപ്പെട്ടതോടെയാണ് പൂര്‍ണമായി അപ്രത്യക്ഷനായത്. നിശ്ചയിച്ചിരുന്ന സ്വകാര്യ കൂടിക്കാഴ്ചകള്‍പോലും റദ്ദാക്കി  ഷാ അജ്ഞാത കേന്ദ്രത്തിലേക്കു മുങ്ങുകയായിരുന്നു. എന്നാല്‍, മന്ത്രി ഉടന്‍ അറസ്റ്റിലാവുമെന്ന് സി.ബി.ഐ വൃത്തങ്ങള്‍ ഗാന്ധിനഗറില്‍ 'മാധ്യമ'ത്തോടു പറഞ്ഞു. ആഭ്യന്തരവകുപ്പിന്റെ പ്രധാനചുമതല ഗുജറാത്തില്‍ മുഖ്യമന്ത്രി മോഡി നേരിട്ടാണു വഹിക്കുന്നത് എന്നതിനാല്‍ സഹമന്ത്രിയുടെ മുങ്ങല്‍, വകുപ്പിന്റെ പ്രവര്‍ത്തനങ്ങളെ അധികം ബാധിച്ചിട്ടില്ല.

വെള്ളിയാഴ്ച സി.ബി.ഐ മുമ്പാകെ നേരിട്ടു ഹാജരാകുമെന്ന് അമിത്ഷായോട് അടുത്ത വൃത്തങ്ങള്‍  അറിയിച്ചിരുന്നു. എന്നാല്‍ ഷായുടെ അഭിഭാഷകന്‍ മിതേഷ് അമീന്‍ സി.ബി.ഐ ഓഫിസില്‍ എത്തി തന്റെ കക്ഷിക്ക് ഹാജരാകാന്‍ കൂടുതല്‍ സമയം ചോദിച്ചു. സമയം അനുവദിക്കാനാവില്ലെന്ന് സി.ബി.ഐ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. തുടര്‍ന്നാണ് അഭിഭാഷകന്‍ മുന്‍കൂര്‍ജാമ്യം തേടി കോടതിയില്‍ എത്തിയത്. മുന്‍കൂര്‍ ജാമ്യവും പ്രത്യേക ജഡ്ജി ജി.കെ ഉപാധ്യായ തള്ളുകയായിരുന്നു.

2005 നവംബര്‍ 24 നാണ് സൊഹ്‌റാബുദ്ദീന്‍ ശൈഖിനെയും ഭാര്യ കൗസര്‍ബിയെയും ഇവരുടെ കുടുംബ സുഹൃത്ത് പ്രജാപതി തുളസിയേയും ബസ് യാത്രക്കിടെ ഗുജറാത്ത് പൊലീസ് തട്ടിക്കൊണ്ടുപോയത്. രണ്ടു ദിവസത്തിനു ശേഷം സൊഹ്‌റാബുദ്ദീനെ വെടിവെച്ചുകൊന്ന പൊലീസ് അത് ഏറ്റുമുട്ടല്‍ കൊലപാതകമാക്കി. കൗസര്‍ബിയുടെ മൃതദേഹം പോലും ഇതുവരെ കണ്ടെത്താനായിട്ടില്ല. തുളസിയേയും പിന്നീട് വ്യാജ ഏറ്റുമുട്ടലില്‍ വധിച്ചു. അന്നത്തെ പൊലീസ് മന്ത്രി അമിത്ഷായുടെ കൃത്യമായ നിര്‍ദേശപ്രകാരമായിരുന്നു ഈ അരുംകൊലകള്‍ എന്നതിന്റെ വ്യക്തമായ തെളിവുകള്‍ സി.ബി.ഐക്കു ലഭിച്ചിട്ടുണ്ട്.
madhyamam

No comments:

Blog Archive