var addthis_config = { data_track_addressbar: true, data_track_addressbar_paths: [ "/blog/posts/*", "/faq/*" ] }

Thursday, July 15, 2010

ഗുജറാത്ത് മന്ത്രി അറസ്റ്റിന്റെ വക്കില്‍

Thursday, July 15, 2010
ന്യൂദല്‍ഹി: തീവ്രവാദം ആരോപിച്ച് നിരപരാധികളായ മുസ്‌ലിംകളെ കൊലപ്പെടുത്തുന്നതിന് പൊലീസിനുള്ളില്‍ ഉണ്ടാക്കിയ റാക്കറ്റിന് ഭരണപരമായ നേതൃത്വം നല്‍കിയ ഗുജറാത്ത് ആഭ്യന്തര മന്ത്രി അറസ്റ്റിന്റെ വക്കില്‍. ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോഡിയുടെ ഏറ്റവും അടുത്ത സഹായിയും ആഭ്യന്തര മന്ത്രിയുമായ അമിത് ഷായെ അറസ്റ്റ് ചെയ്യാനാണ് സി.ബി.ഐ കുരുക്കുകള്‍ മുറുക്കിയത്.
സൊഹ്‌റാബുദ്ദീന്‍ ശൈഖിനെ തീവ്രവാദിയെന്ന് ആരോപിച്ച് വ്യാജ ഏറ്റുമുട്ടലില്‍ കൊലപ്പെടുത്തിയ കേസില്‍ സുപ്രീം കോടതി നിര്‍ദേശ പ്രകാരം നടത്തിയ അന്വേഷണത്തിലാണ് പൊലീസിനുള്ളില്‍ മുസ്‌ലിംകളെ കൊലപ്പെടുത്തുന്ന റാക്കറ്റ് പ്രവര്‍ത്തിക്കുന്ന വിവരം ലഭിച്ചതെന്ന് സി.ബി.ഐ വൃത്തങ്ങള്‍ വെളിപ്പെടുത്തി. തീവ്രവാദം ആരോപിച്ച് നിരപരാധികളായ മുസ്‌ലിംകളെ കസ്റ്റഡിയിലെടുത്ത് കൊലപ്പെടുത്തി ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടുവെന്ന് വരുത്തിത്തീര്‍ക്കുകയായിരുന്നു ഇവരെന്ന് അവര്‍ പറഞ്ഞു.
ഗുജറാത്ത് ക്രൈം ബ്രാഞ്ച് മേധാവി അഭയ് ചുദാസമ നേതൃത്വം നല്‍കിയ റാക്കറ്റില്‍ ആഭ്യന്തര മന്ത്രി അമിത് ഷായുടെ പങ്ക് വെളിപ്പെടുത്തുന്ന നിരവധി തെളിവുകള്‍ സി.ബി.ഐക്ക് ഇതിനകം ലഭിച്ചു കഴിഞ്ഞു. എന്നാല്‍ പരാതിക്കും ആക്ഷേപങ്ങള്‍ക്കും പഴുതില്ലാത്ത വിധം പരമാവധി തെളിവുകള്‍ സമാഹരിച്ച് അറസ്റ്റ് ചെയ്യാനാണ് സി.ബി.ഐ നീക്കം. പുരി രഥയാത്ര കഴിഞ്ഞ ഉടന്‍ ഗുജറാത്ത് ആഭ്യന്തര മന്ത്രിയെ റാക്കറ്റിലെ കണ്ണികളായ ഏതാനും മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥരോടൊപ്പം അറസ്റ്റ് ചെയ്യുമെന്നാണ് സി.ബി.ഐ വൃത്തങ്ങള്‍ നല്‍കുന്ന സൂചന. ഗുജറാത്തിലെയും രാജസ്ഥാനിലെയും 14 പൊലീസുകാര്‍ ഈ കേസില്‍ അറസ്റ്റിലായി ഇപ്പോള്‍ ജയിലിലാണ്.
സുപ്രീം കോടതി ഉത്തരവിനെ തുടര്‍ന്ന് സി.ബി.ഐ കേസ് ഏറ്റെടുത്ത ശേഷമാണ് ഗുജറാത്ത് ക്രൈം ബ്രാഞ്ച് മേധാവിയെ അറസ്റ്റ് ചെയ്തത്. ഈ മാസം 26ന് അദ്ദേഹത്തിനെതിരെ സി.ബി.ഐ സമര്‍പ്പിക്കുന്ന കുറ്റപത്രത്തില്‍ ഈ റാക്കറ്റ് സംബന്ധിച്ച വിശദാംശങ്ങളുണ്ടാകുമെന്ന് സി.ബി.ഐ വൃത്തങ്ങള്‍ പറഞ്ഞു. സി.ബി.ഐ കേസ് ഏറ്റെടുക്കുന്നതിന് മുമ്പ് സൊഹ്‌റാബുദ്ദീന്‍ വധം അന്വേഷിച്ച ഗുജറാത്ത് സി.ഐ.ഡി ഗുജറാത്ത് കേഡറിലെ ഉന്നത പൊലീസ് ഓഫിസര്‍മാരായ ഡി.ജി വന്‍സാരയെയും രാജ്കുമാര്‍ പാണ്ഡ്യനെയും രാജസ്ഥാന്‍ കേഡറിലെ എം.എന്‍ ദിനേശിനെയും അറസ്റ്റ് ചെയ്തിരുന്നുവെങ്കിലും ആഭ്യന്തര മന്ത്രിയും ക്രൈം ബ്രാഞ്ച് മേധാവിയും ഉള്‍പ്പെടുന്ന  റാക്കറ്റിനെക്കുറിച്ച് ഒരു സൂചനയും നല്‍കിയിരുന്നില്ല. സൊഹ്‌റാബുദ്ദീനെയും ഭാര്യ കൗസര്‍ ബീയെയും ഗുജറാത്ത് പൊലീസ് കൊലപ്പെടുത്തുകയായിരുന്നുവെന്നും പിന്നീട് ഏറ്റുമുട്ടലാണെന്ന് കള്ളം പറയുകയായിരുന്നുവെന്നും സി.ഐ.ഡി വ്യക്തമാക്കിയിരുന്നു. എന്നാല്‍ വന്‍സാരയും പാണ്ഡ്യനും ആഭ്യന്തര മന്ത്രിയുമായി നടത്തിയ ഫോണ്‍ സംഭാഷണത്തില്‍ നിന്നാണ് അന്വേഷണം ആഭ്യന്തര മന്ത്രിയിലേക്കും നീണ്ടത്. 2006 ഡിസമ്പര്‍ 28ന് കൊല നടത്തുന്ന സമയത്തും അമിത് ഷായുടെ ഫോണ്‍ കോളുകള്‍ ഇവര്‍ക്കുണ്ടായിരുന്നുവെന്നും നിരവധി സാക്ഷിമൊഴികളും മന്ത്രിക്കെതിരായ തെളിവാണെന്നും സി.ബി.ഐ വൃത്തങ്ങള്‍ പറഞ്ഞു.

ഹസനുല്‍ ബന്ന
madhyamam Daily

No comments:

Blog Archive