var addthis_config = { data_track_addressbar: true, data_track_addressbar_paths: [ "/blog/posts/*", "/faq/*" ] }

Monday, November 23, 2009

മകന്‍ പിടിയിലായെങ്കില്‍ സന്തോഷം; അവന്റെ പിറകിലുള്ളവരെയും കണ്ടെത്തണം-നസീറിന്റെ പിതാവ്

Tuesday, November 24, 2009
കണ്ണൂര്‍: കോളിളക്കമുണ്ടാക്കിയ കശ്മീര്‍ തീവ്രവാദ കേസിലെ മുഖ്യപ്രതി തടിയന്റവിട നസീര്‍ ബംഗ്ലാദേശില്‍ പിടിയിലായെന്ന വാര്‍ത്ത കേട്ട് കണ്ണൂര്‍ സിറ്റി തയ്യിലില്‍ താമസിക്കുന്ന പിതാവ് അബ്ദുല്‍ മജീദ് നെടുവീര്‍പ്പിടുന്നു.
'അവന്‍ പിടിയിലായത് സന്തോഷം തന്നെ. ഇനിയെങ്കിലും എനിക്കും കുടുംബത്തിനും സമാധാനം കിട്ടുമോ? എന്റെ മോന്‍ ഇത്രവലിയ ഭീകരവാദിയായത് ശരിയെങ്കില്‍ അവന് മാപ്പില്ല. ഏതൊരാള്‍ക്കും നീതി ലഭ്യമാവുന്ന നിയമവ്യവസ്ഥയുള്ള ഒരു നാടാണിതെന്ന അഭിമാനത്തോടെയാണ് ഞാനിത് പറയുന്നത്. കുറ്റക്കാരനല്ലെങ്കില്‍ അത് തെളിയിക്കാന്‍ അവസരമുണ്ടാവുമല്ലൊ. അതല്ല, രാജ്യദ്രോഹിയാണെന്ന് തെളിയുകയാണെങ്കില്‍ മാതൃകാപരമായി ശിക്ഷിക്കപ്പെടട്ടെ. എന്റെ മോനല്ല, ഉപ്പയായാല്‍ പോലും രാജ്യദ്രോഹിയായാല്‍ മാപ്പ് നല്‍കാനാവില്ല. രാജ്യസ്നേഹിയായി ജീവിക്കേണ്ട ഒരു മുസ്ലിമും ഇങ്ങനെയല്ലാതെ പറയുകയില്ല'^പത്ത് വര്‍ഷത്തോളമായി മകന്റെ പേരില്‍ വിവാദങ്ങള്‍ക്കും ഭീതിക്കുമിടയില്‍ കഴിയുന്ന അബ്ദുല്‍മജീദ് പറയുന്നു.

'ഒരിക്കലും അവനെപ്പോലൊരാള്‍ ഒറ്റക്ക് ഇത്തരമൊരു സാഹചര്യത്തില്‍ പെടുകയില്ല. പിറകില്‍ ആരോ ഉണ്ട്. അത് ആരാണെന്ന് കൂടി പുറത്തുകൊണ്ടുവരണം.'^മജീദ് ആവശ്യപ്പെടുന്നു.
ബഹ്റൈനില്‍ വ്യാപാരിയായ അബ്ദുല്‍ മജീദിന്റെ ആറ് മക്കളില്‍ മൂത്തവനാണ് നസീര്‍. രാജ്യത്തെ എല്ലാ അന്വേഷണ ഏജന്‍സികളും അന്വേഷിക്കുന്ന തീവ്രവാദിയായി അവന്‍ എങ്ങനെ മാറിയെന്നറിയാതെ ഈ പിതാവ് അന്ധാളിക്കുകയാണ്.ഒരു ഭാഗത്ത് അന്വേഷണ ഏജന്‍സികളുടെ നിരന്തരമായ ഗൃഹനിരീക്ഷണം. പെണ്‍മക്കളുടെ ഭര്‍ത്താക്കന്‍മാര്‍ പോലും പിണങ്ങിപ്പോകുമെന്ന നിലയില്‍ തീവ്രാവാദിയുടെ കുടുംബമായി മാറിയതിന്റെ ഉള്ളുരുകുന്ന വേദന മജീദിന്റെ സ്വരത്തിലുണ്ട്. ഏത് ശബ്ദം കേള്‍ക്കുമ്പോഴും 'പൊലീസ്' എന്ന് നിലവിളിച്ച് ഭയന്നോടി വാതിലടക്കുന്ന പിഞ്ചുമക്കളുടെ വെപ്രാളം. രാവും പകലും പെറ്റ മകന്റെ ദുര്യോഗമോര്‍ത്ത് ഉരുകിത്തീരുന്ന മാതാവ് ഖദീജയുടെ സങ്കടങ്ങള്‍. എല്ലാം കടുത്ത പരീക്ഷണമായി കടിച്ചമര്‍ത്തുകയാണ് മജീദ്.

മകനെക്കുറിച്ച് മജീദിന്റെ ഓര്‍മകള്‍ ഇങ്ങനെയാണ്: '30 വര്‍ഷം മുമ്പു തന്നെ ഗള്‍ഫില്‍ ഉപജീവന മാര്‍ഗം കണ്ടെത്തിയ ആളാണ് ഞാന്‍. ചെറുപ്പത്തിലേ എല്ലാവരെയും അനുസരിക്കുന്നവനായിരുന്നു നസീര്‍. ഒരു തല്ലിനു പോലും മുതിരാന്‍ ധൈര്യമില്ലാത്ത ഇളം മനസ്സുള്ളവന്‍. ചൊവ്വയിലെ ഇംഗ്ലീഷ് മീഡിയം സ്കൂളിലെ പഠനം കഴിഞ്ഞ് സിറ്റി ഹൈസ്കൂളില്‍ ചേര്‍ന്നു. അവിടെ എത്തിയപ്പോള്‍ എസ്.എഫ്.ഐ പ്രവര്‍ത്തകനായി. അതിന്റെ പേരില്‍ തല്ല് വാങ്ങി. എസ്.എസ്.എല്‍.സി കഴിഞ്ഞ ശേഷം അവനെ ഗള്‍ഫിലേക്ക് കൊണ്ടുപോകാനുള്ള ശ്രമം നടക്കുന്നതിനിടയിലാണ് ആസാദ് വധക്കേസില്‍ പ്രതിയായത്. അന്ന് നസീറിന് വയസ്സ് പതിനെട്ട്. ഞങ്ങളെല്ലാവരും അദ്ഭുതപ്പെട്ടുപോയി. ആസാദ് വധക്കേസില്‍ കോടതി വെറുതെവിട്ടു. അപ്പോഴേക്കും നായനാര്‍ വധശ്രമക്കേസില്‍ പിടിക്കപ്പെട്ടിരുന്നു. മനുഷ്യാവകാശ കമീഷന് പരാതി നല്‍കി നീതിക്കുവേണ്ടി പൊരുതി. അഞ്ച് വര്‍ഷം ഇടതുമുന്നണി ഭരിച്ചിട്ടും നായനാര്‍ വധശ്രമകേസന്വേഷണത്തിന് തുമ്പുണ്ടായില്ല. പിന്നീട് വന്ന ഉമ്മന്‍ചാണ്ടി സര്‍ക്കാറിനും ഈ കേസ് തെളിയിക്കാനായില്ല. ഒടുവില്‍ ക്രൈംബ്രാഞ്ച് കുറ്റപത്രം നല്‍കിയപ്പോള്‍ നസീര്‍ പ്രതിചേര്‍ക്കപ്പെട്ടു.
അഞ്ച് വര്‍ഷം മുമ്പ് സൌദിയിലേക്ക് പോകുന്നതുവരെ അവന്‍ വീട്ടില്‍ വരാറുണ്ടായിരുന്നു. പിന്നീടാണ് എന്‍.ഡി.എഫ് പ്രവര്‍ത്തകനായിരുന്ന ജലീലിന്റെ പെങ്ങളുടെ മകളെ നിക്കാഹ് കഴിച്ചത്. സ്വന്തം ഉമ്മയോട് പോലും ഈ വിവാഹം നസീര്‍ പറഞ്ഞില്ല. ഒരിക്കലും യോജിക്കാത്ത ഒരു ദാമ്പത്യമാണതെന്ന് അവനെ ഉപദേശിച്ചു. അനുസരിച്ചില്ല. ഇതോടെ ഇനി വീട്ടിലേക്ക് വരരുതെന്ന് പറഞ്ഞു. അവന്‍ അന്ന് ഇറങ്ങിപ്പോയതാണ്. അവനോ ഭാര്യയോ മക്കളോ ഒരിക്കലും വീട്ടില്‍ വന്നിട്ടില്ല^മജീദ് പറഞ്ഞു.

മാധ്യമം

ലിബര്‍ഹാന്‍ ചോര്‍ച്ച: സഭകള്‍ പ്രക്ഷുബ്ധമായി

Tuesday, November 24, 2009
ന്യൂദല്‍ഹി: ബാബരി മസ്ജിദ് തകര്‍ച്ചയുമായി ബന്ധപ്പെട്ട ലിബര്‍ഹാന്‍ കമീഷന്‍ റിപ്പോര്‍ട്ട് ഉടന്‍ മേശപ്പുറത്തു വെക്കണമെന്ന പ്രതിപക്ഷത്തിന്റെ ആവശ്യം സര്‍ക്കാര്‍ നിരസിച്ചതിനെ തുടര്‍ന്ന് പാര്‍ലമെന്റിന്റെ ഇരുസഭകളും സ്തംഭിച്ചു. മാസങ്ങള്‍ക്കു മുമ്പ് കൈമാറിയ റിപ്പോര്‍ട്ട് സഭയുടെ മേശപ്പുറത്ത് വെക്കും പത്രത്തിന് ചോര്‍ത്തി കൊടുക്കുകയായിരുന്നുവെന്ന് പ്രതിപക്ഷം കുറ്റപ്പെടുത്തി. എന്നാല്‍ റിപ്പോര്‍ട്ട് ചോര്‍ന്നത് ആഭ്യന്തര മന്ത്രാലയത്തില്‍ നിന്നല്ലെന്നും നടപ്പു സമ്മേളനത്തില്‍ തന്നെ നടപടിസഹിതം ഇതവതരിപ്പിക്കുമെന്നും മന്ത്രി ചിദംബരം ഉറപ്പു നല്‍കി.
ചോദ്യോത്തര വേള പോലും തടസ്സപ്പെടുത്തിയാണ് ലിബര്‍ഹാന്‍ കമീഷര്‍ റിപ്പോര്‍ട്ട് ഇരുസഭകളിലും പ്രക്ഷുബ്ധ രംഗങ്ങള്‍ക്ക് വഴിയൊരുക്കിയത്. പ്രതിപക്ഷ നേതാവ് എല്‍.കെ അദ്വാനിയാണ് പ്രശ്നം ലോക്സഭയില്‍ ഉന്നയിച്ചത്. ജൂണ്‍ മുപ്പതിന് സര്‍ക്കാറിന് കൈമാറിയ റിപ്പോര്‍ട്ട് സഭയില്‍ വെക്കും മുമ്പെ പത്രത്തില്‍ അച്ചടിച്ചു വന്നത് ഞെട്ടിക്കുന്നതാണെന്ന് അദ്വാനി പറഞ്ഞു. സഭാ അലക്ഷ്യമാണ് ഇതിലൂടെ നടന്നത്. സര്‍ക്കാര്‍ അംഗീകരിച്ച റിപ്പോര്‍ട്ടിന്റെ ഭാഗങ്ങള്‍ തന്നെയാണ് അച്ചടിച്ചതെന്ന് 'ഇന്ത്യന്‍ എക്സ്പ്രസ്' പത്രാധിപര്‍ സ്ഥിരീകരിക്കുകയും റിപ്പോര്‍ട്ടിന്റെ തുടര്‍ ഭാഗങ്ങള്‍ വരും ദിവസം പ്രസിദ്ധീകരിക്കുമെന്ന് അറിയിച്ചതായും അദ്ദേഹം സൂചിപ്പിച്ചു.
അയോധ്യയിലെ കെട്ടിടം തകരണമെന്ന് ഞാന്‍ ഉദ്ദേശിച്ചിട്ടേയില്ല. അതു സംഭവിച്ച ഡിസംബര്‍ ആറ് ജീവിതത്തിലെ ഏറ്റവും ദു:ഖകരമായ ദിവസമായിരുന്നു. ഇക്കാര്യം പരസ്യമായി ഞാന്‍ പറഞ്ഞിട്ടുണ്ട്. ലിബര്‍ഹാന്‍ കമീഷനു മുമ്പാകെയും ഇതു പറഞ്ഞതാണ്. അതേ സമയം വ്യക്തിപരമായി അയോധ്യ പ്രസ്ഥാനത്തില്‍ ഭാഗഭാക്കാകാന്‍ കഴിഞ്ഞതില്‍ എന്നും അഭിമാനിക്കുന്ന ആളാണ് ഞാന്‍. എന്നാല്‍ വാജ്പേയിയെ പോലെ ഒരു സമുന്നത നേതാവിനെ കമീഷന്‍ റിപ്പോര്‍ട്ടില്‍ കുറ്റപ്പെടുത്തിയത് അപലപനീയമാണ്. എന്തായാലും റിപ്പോര്‍ട്ടിന്റെ പൂര്‍ണ വിവരങ്ങള്‍ അറിയാന്‍ സഭയിലെ അംഗങ്ങള്‍ക്ക് അവകാശമുണ്ട്. അവകാശലംഘന പ്രമേയമൊന്നും ഞാന്‍ അവതരിപ്പിക്കുന്നില്ല. എത്രയും പെട്ടെന്ന് ലിബര്‍ഹാന്‍ കമീഷന്‍ റിപ്പോര്‍ട്ട് സഭയുടെ മേശപ്പുറത്ത് വെക്കാന്‍ സര്‍ക്കാര്‍ തയാറാകണം^അദ്വാനി പറഞ്ഞു.
കമീഷന്‍ റിപ്പോര്‍ട്ട് ചോര്‍ന്നത് വലിയ പ്രശ്നമാണെന്നും ഉടന്‍ റിപ്പോര്‍ട്ട് സഭയുടെ മേശപ്പുറത്തു വെക്കാന്‍ സര്‍ക്കാര്‍ തയാറാകണമെന്നും സമാജ്വാദി പാര്‍ട്ടിയിലെ മുലായം സിങ് യാദവ് ആവശ്യപ്പെട്ടു. 1992 ഡിസംബര്‍ ആറിന് സംഭവിച്ച ദുരന്തത്തിന് ആരാണ് ഉത്തരവാദികളെന്ന് ജനങ്ങള്‍ക്ക് അറിയണം. അവര്‍ക്കെതിരെ എന്തു നടപടി സ്വീകരിച്ചു എന്നും വ്യക്തമാക്കണം^ മുലായം പറഞ്ഞു.
കമീഷന്‍ റിപ്പോര്‍ട്ട് കൈയില്‍ കിട്ടിയിട്ടും സഭയില്‍ വെക്കാതിരിക്കുന്നത് ശരിയായില്ലെന്ന് വാസുദേവാചാര്യ(സി.പി.എം) കുറ്റപ്പെടുത്തി. സര്‍ക്കാര്‍ തന്നെയാണോ റിപ്പോര്‍ട്ട് ചോര്‍ത്തിയതെന്നും വ്യക്തമാകണം. ഉടന്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന ആവശ്യത്തെ അദ്ദേഹവും ശരിവെച്ചു.ധാരാസിങ് ചൌഹാനും ഇതേ ആവശ്യം ഉന്നയിച്ച് രംഗത്തു വന്നു.തുടര്‍ന്നാണ സഭയിലുണ്ടായിരുന്ന ആഭ്യന്തര മന്ത്രി പി. ചിദംബരത്തെ വിശദീകരണം നല്‍കാന്‍ സ്പീക്കര്‍ മീരാകുമാര്‍ ക്ഷണിച്ചത്.
ജൂണ്‍ മുപ്പതിനാണ് കമീഷന്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചതെന്ന് ആഭ്യന്തര മന്ത്രി പി. ചിദംബരം പറഞ്ഞു. റിപ്പോര്‍ട്ട് സഭയില്‍ വെക്കാന്‍ സാധാരണഗതിയില്‍ ആറു മാസത്തെ കാലയളവുണ്ട്. നടപ്പു സമ്മേളനത്തില്‍ തന്നെ റിപ്പോര്‍ട്ടും നടപടിയും സഭക്കു മുമ്പാകെ വെക്കുമെന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയതുമാണ്.
നിശ്ചിത സമയത്തിനുള്ളില്‍ റിപ്പോര്‍ട്ട് സഭയില്‍ സമര്‍പ്പിക്കാനിരിക്കെ, അതിന്റെ ഉള്ളടക്കം ചോര്‍ന്നത് നിര്‍ഭാഗ്യകരമാണ്. എന്നാല്‍ വാര്‍ത്തയെ കുറിച്ചോ അത് കൊടുത്ത രീതിയെ കുറിച്ചോ താന്‍ ഒന്നും പറയുന്നില്ലെന്ന് ചിദംബരം പറഞ്ഞു. റിപ്പോര്‍ട്ടിഴന്റ ഒറ്റ കോപ്പി മാത്രമാണ് ആഭ്യന്തര മന്ത്രാലയത്തിന് ലഭിച്ചത്. അതാകട്ടെ സുരക്ഷിതമായ കസ്റ്റഡിയിലുമാണ്^ ചിദംബരം വ്യക്തമാക്കി.
എന്നാല്‍, മന്ത്രിയുടെ വിശദീകരണത്തില്‍ തൃപ്തരാകാതെ ബി.ജെ.പി അംഗങ്ങള്‍ നടുത്തളത്തിലിറങ്ങി സഭാ നടപടികള്‍ തടസ്സപ്പെടുത്താന്‍ ശ്രമിച്ചു. റിപ്പോര്‍ട്ട് ഉടന്‍ വെക്കണമെന്ന മുദ്രാവാക്യം വിളികളും തുടര്‍ന്നു. അല്‍പനേരം മറ്റു നടപടികളിലേക്ക് കടന്നെങ്കിലും ഒച്ചപ്പാട് തുടര്‍ന്നതോടെ സഭ പന്ത്രണ്ട് മണി വരെ നിര്‍ത്തി വെച്ചു. വീണ്ടും സഭ സമ്മേളിച്ചപ്പോഴും പ്രതിഷേധം തുടര്‍ന്നു. പിന്നീട് രണ്ടുമണിക്ക് വീണ്ടും ചേര്‍ന്ന സഭ ബഹളം കാരണം പൂര്‍ണമായി പിരിയുകയായിരുന്നു. രാജ്യസഭയില്‍ പ്രതിപക്ഷ നേതാവ് അരുണ്‍ ജെയ്റ്റ്ലിയാണ് പ്രശ്നം ഉന്നയിച്ചത്. റിപ്പോര്‍ട്ട് ചോര്‍ന്നത് അവകാശലംഘനമാണെന്ന് അദ്ദേഹം പറഞ്ഞു. സീതാറാം യെച്ചൂരി ഉള്‍പ്പെടെ പ്രതിപക്ഷ നേതാക്കളും സര്‍ക്കാറിനെതിരെ രംഗത്തു വന്നു. ചിദംബരത്തിന്റെ പ്രസ്താവന പ്രതിപക്ഷത്തെ ശാന്തരാക്കിയില്ല. രണ്ടു മണിക്ക് ചേര്‍ന്ന സഭ നടപടികളൊന്നും കൈക്കൊള്ളാനാകാതെ പിരിഞ്ഞു.
മാധ്യമം

ഇന്ന് അടിയന്തര മന്ത്രിസഭാ യോഗം; റിപ്പോര്‍ട്ട് ഉടന്‍ പാര്‍ലമെന്റില്‍

Tuesday, November 24, 2009
ന്യൂദല്‍ഹി: അടിയന്തര കേന്ദ്ര മന്ത്രിസഭാ യോഗം ഇന്ന്. പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിങ്ങിന്റെ അസാന്നിധ്യത്തില്‍ ധനമന്ത്രി പ്രണബ് കുമാര്‍ മുഖര്‍ജിയുടെ അധ്യക്ഷതയിലാകും രാവിലെ യോഗം ചേരുക. ലിബര്‍ഹാന്‍ കമീഷന്‍ റിപ്പോര്‍ട്ട് ചോര്‍ന്ന സാഹചര്യത്തില്‍ നടപടി റിപ്പോര്‍ട്ടിന് കൂടി അംഗീകാരം നല്‍കി രണ്ടും എത്രയും പെട്ടെന്ന് സഭക്കു മുമ്പാകെ കൊണ്ടുവരാനാണ് നീക്കം. രാവിലെ ഒമ്പതിന് ചേരുന്ന മന്ത്രിസഭാ യോഗം റിപ്പോര്‍ട്ട് സമര്‍പ്പണം സംബന്ധിച്ച് അന്തിമ തീരുമാനം കൈക്കൊള്ളും.

റിപ്പോര്‍ട്ട് നടപ്പു സമ്മേളനത്തില്‍ തന്നെ സഭയില്‍ സമര്‍പ്പിക്കുമെന്ന മന്ത്രി ചിദംബരത്തിന്റെ വിശദീകരണത്തില്‍ പ്രതിപക്ഷം ഇന്നലെ തൃപ്തരായിരുന്നില്ല. ഈ ആവശ്യം ഉന്നയിച്ച് സഭാ നടപടികള്‍ വീണ്ടും തടസപ്പെടുത്താനാണ് പ്രധാന പ്രതിപക്ഷ പാര്‍ട്ടികളുടെ തീരുമാനം. ഈ സാഹചര്യത്തില്‍ കഴിയുന്നത്ര വേഗം റിപ്പോര്‍ട്ട് സഭക്കു മുമ്പാകെ സമര്‍പ്പിക്കുകയാകും നല്ലതെന്ന വിലയിരുത്തലാണ് ഇന്നലെ രാത്രി സോണിയാ ഗാന്ധിയുടെ വസതിയില്‍ ചേര്‍ന്ന അടിയന്തര കോര്‍ കമ്മിറ്റി യോഗത്തില്‍ ഉരുത്തിരിഞ്ഞത്. കേന്ദ്ര മന്ത്രിമാരായ പ്രണബ് കുമാര്‍ മുഖര്‍ജി, പി. ചിദംബരം, ഏ.കെ ആന്റണി, വീരപ്പ മൊയ്ലി എന്നിവരാണ് യോഗത്തില്‍ പങ്കെടുത്തത്.
ആഭ്യന്തര മന്ത്രാലയത്തില്‍ നിന്നാണ് റിപ്പോര്‍ട്ട് ചോര്‍ന്നതെന്ന സംശയം ബലപ്പെട്ടിരിക്കെ,ഇക്കാര്യത്തില്‍ പ്രതിപക്ഷത്തിന്റെ ആവശ്യം നീട്ടിക്കൊണ്ടു പോകുന്നത് ദോഷം ചെയ്യുമെന്ന വിലയിരുത്തലാണ് പൊതുവെ ഉണ്ടായതെന്നറിയുന്നു.

കമീഷന്‍ റിപ്പോര്‍ട്ടിന്‍മേല്‍ കൈക്കൊണ്ട നടപടികള്‍ സംബന്ധിച്ച റിപ്പോര്‍ട്ടും സഭയില്‍ വെക്കണമെന്നതിനാലാണ് മന്ത്രിസഭാ യോഗം അനിവാര്യമായിത്തീര്‍ന്നത്. ഇതുവരെ കൈക്കൊണ്ട നടപടികള്‍ കൂടി ഉള്‍പ്പെടുത്തിയാകും കമീഷന്‍ റിപ്പോര്‍ട്ട് സഭയില്‍ വെക്കുക. മിക്കവാറും ഇന്നു തന്നെ റിപ്പോര്‍ട്ടും നടപടി റിപ്പോര്‍ട്ടും സഭയില്‍ വെച്ചേക്കുമെന്നും സൂചനയുണ്ട്.
മാധ്യമം

പ്രതിപക്ഷ ഐക്യം തകര്‍ക്കാന്‍ റിപ്പോര്‍ട്ട് കോണ്‍ഗ്രസ് ചോര്‍ത്തി നല്‍കി: ബി.ജെ.പി

Tuesday, November 24, 2009
ന്യൂദല്‍ഹി: കരിമ്പ് കര്‍ഷകരുടെ സമരത്തെ തുടര്‍ന്ന് പാര്‍ലമെന്റില്‍ രൂപപ്പെട്ട പ്രതിപക്ഷ ഐക്യം തകര്‍ക്കാന്‍ ലിബര്‍ഹാന്‍ കമീഷന്‍ റിപ്പോര്‍ട്ട് കോണ്‍ഗ്രസ് മനഃപൂര്‍വം ചോര്‍ത്തി നല്‍കിയതാണെന്ന് ബി.ജെ.പി. റിപ്പോര്‍ട്ട് ചോര്‍ത്തി നല്‍കാതെ സഭയില്‍വെച്ചിരുന്നുവെങ്കില്‍ അന്ന് കേന്ദ്രം ഭരിച്ചിരുന്ന കോണ്‍ഗ്രസിനുള്ള പങ്ക് കൂടി അറിയാമായിരുന്നുവെന്ന് ലോക്സഭയിലെ പ്രതിപക്ഷ ഉപ നേതാവ് സുഷമ സ്വരാജ് വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു.

ഇതുകൊണ്ടാണ് കഴിഞ്ഞ ജൂണ്‍ 30ന് ജസ്റ്റിസ് ലിബര്‍ഹാന്‍ കേന്ദ്ര സര്‍ക്കാറിന് നല്‍കിയ റിപ്പോര്‍ട്ട് സഭയില്‍ വെക്കാതെ ബി.ജെ.പിയുടെ മുതിര്‍ന്ന നേതാക്കള്‍ക്കെതിരെയുളള ഭാഗം മാത്രം ചോര്‍ത്തിക്കൊടുത്തത്. ആഭ്യന്തര മന്ത്രാലയം ചോര്‍ത്തിയ തരത്തിലാണ് പത്രവാര്‍ത്ത വന്നിട്ടുള്ളത്. പാര്‍ലമെന്റിനെ അപമാനിച്ച സംഭവത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ക്കെതിരെ നടപടി വേണം. റിപ്പോര്‍ട്ട് എത്രയും പെട്ടെന്ന് സഭയില്‍വെക്കണമെന്നും ബി.ജെ.പി ആവശ്യപ്പെട്ടു. റിപ്പോര്‍ട്ട് സഭയില്‍ വെക്കാതെ ബാബരി മസ്ജിദ് തകര്‍ത്ത സംഭവത്തില്‍ അഭിപ്രായ പ്രകടനം നടത്തില്ല. റിപ്പോര്‍ട്ട് സഭയില്‍ വെക്കുന്നതുവരെ സഭാ നടപടികള്‍ സ്തംഭിപ്പിക്കുന്നത് സംബന്ധിച്ച് ഇന്ന് രാവിലെ ഒമ്പത് മണിക്ക് നടക്കുന്ന ബി.ജെ.പി പാര്‍ലമെന്ററി പാര്‍ട്ടി യോഗം തീരുമാനമെടുക്കും. റിപ്പോര്‍ട്ട് ചോര്‍ത്തി നല്‍കിയതിലൂടെ വരും ദിവസങ്ങളില്‍ പാര്‍ലമെന്റിനെ പിടിച്ചുകുലുക്കുമായിരുന്ന വിവാദ വിഷയങ്ങളിലുള്ള ചര്‍ച്ച ഇല്ലാതാക്കാനും കോണ്‍ഗ്രസ് ലക്ഷ്യമിട്ടുവെന്ന് സുഷമ കുറ്റപ്പെടുത്തി.

കരിമ്പ് കര്‍ഷകരുടെ വിഷയത്തില്‍ പ്രതിപക്ഷത്തിന് മുമ്പില്‍ പരാജയപ്പെട്ട് വിവാദ ഓര്‍ഡിനന്‍സ് മറികടക്കാന്‍ ഇന്നലെ പാര്‍ലമെന്റില്‍ ബില്‍ കൊണ്ടുവരാമെന്ന് വാഗ്ദാനം ചെയ്തതായിരുന്നു. ലിബര്‍ഹാന്‍ വിവാദത്തിലൂടെ പ്രതിപക്ഷത്ത് ഭിന്നിപ്പുണ്ടാക്കി അത് അട്ടിമറിക്കാന്‍ കോണ്‍ഗ്രസിന് കഴിഞ്ഞു. വരും നാളുകളില്‍ സ്പെക്ട്രം, കോഡ വിവാദങ്ങള്‍ ചര്‍ച്ചചെയ്യുമ്പോള്‍ പ്രതിപക്ഷ ഐക്യം ദോഷം ചെയ്യുമെന്നും കോണ്‍ഗ്രസ് ഭയന്നു. ഝാര്‍ഖണ്ഡ് തെരഞ്ഞെടുപ്പിനുമുമ്പ് അജണ്ട മാറ്റണമെന്ന് കോണ്‍ഗ്രസ് ആഗ്രഹിച്ചതായും സുഷമ കുറ്റപ്പെടുത്തി.
മാധ്യമം

കുറ്റവാളികളെ ശിക്ഷിക്കൂ: മുസ്ലിം നേതാക്കള്‍

Tuesday, November 24, 2009
ന്യൂദല്‍ഹി: ബാബരി മസ്ജിദ് തകര്‍ച്ചക്കു പിന്നിലെ ദീര്‍ഘകാലമായി മൂടിവെക്കപ്പെട്ട സത്യങ്ങള്‍ പൊതുജനങ്ങള്‍ക്കു മുമ്പാകെ ഔദ്യോഗികമായി കൊണ്ടുവരണമെന്നും കുറ്റക്കാരെ ശിക്ഷിക്കണമെന്നും മുസ്ലിം സംഘടനാ നേതാക്കള്‍ ആവശ്യപ്പെട്ടു. മസ്ജിദ് തകര്‍ന്നിട്ട് 17 വര്‍ഷം കഴിഞ്ഞിട്ടും എന്തുകൊണ്ടാണ് സര്‍ക്കാര്‍ അന്വേഷണ റിപ്പോര്‍ട്ട് മേശപ്പുറത്തു വെക്കാത്തതെന്ന് ജംഇയ്യത്തുല്‍ ഉലമായെ ഹിന്ദ് നേതാവ് മൌലാനാ നിയാസ് അഹ്മദ് ഫാറൂഖി ചോദിച്ചു. 17 വര്‍ഷത്തെ കാത്തിരിപ്പിനിടയില്‍ കോടിക്കണക്കിന് രൂപ സര്‍ക്കാര്‍ ചെലവാക്കി. എന്നിട്ടും ഒരു ഫലവുമുണ്ടായില്ലെന്ന് ഫാറൂഖി കുറ്റപ്പെടുത്തി. സത്യം മറച്ചുപിടിക്കാന്‍ ശ്രമിക്കുന്നവരും റിപ്പോര്‍ട്ട് പാര്‍ലമെന്റില്‍ വെക്കാന്‍ മടികാണിക്കുന്നവരും നിര്‍ഭാഗ്യകരമായ സംഭവത്തില്‍ ഒരേപോലെ പങ്കാളികളാണെന്ന് അദ്ദേഹം ആരോപിച്ചു.
ലിബര്‍ഹാന്‍ കമീഷന്‍ റിപ്പോര്‍ട്ട് ചോര്‍ന്നത് റിപ്പോര്‍ട്ടിന്റെ പ്രതിഫലനം കുറക്കുമെന്ന് ഉര്‍ദു പത്രമായ നയീ ദുനിയ പത്രാധിപരും മുന്‍ എം.പിയുമായ ബി.എസ്.പി ദേശീയ സെക്രട്ടറി ശാഹിദ് സിദ്ദീഖി പറഞ്ഞു. ചോര്‍ച്ചയെ തുടര്‍ന്ന് തര്‍ക്കങ്ങളിലേക്ക് ശ്രദ്ധ മാറിയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. റിപ്പോര്‍ട്ടിന്മേല്‍ എന്തു നടപടി കൈക്കൊള്ളുമെന്നതിനെക്കുറിച്ച് നിലപാട് വ്യക്തമാക്കാന്‍ ബാബരി മസ്ജിദ് മൂവ്മെന്റ് കോഓര്‍ഡിനേഷന്‍ കമ്മിറ്റി കണ്‍വീനറും മുന്‍ എം.പിയുമായ സയ്യിദ് ഷഹാബുദ്ദീന്‍ സര്‍ക്കാറിനോട് ആവശ്യപ്പെട്ടു.

മാധ്യമം

'കല്യാണ്‍സിങ്ങിന് എല്ലാം അറിയാമായിരുന്നു'

Tuesday, November 24, 2009
ന്യൂദല്‍ഹി: പള്ളി ശരിക്കും തകര്‍ത്തത് രണ്ടാം നിര നേതാക്കളെന്ന് ലിബര്‍ഹാന്‍ കമീഷന്‍. വിനയ് കത്യാര്‍, ഉമാ ഭാരതി, കല്യാണ്‍ സിംഗ് എന്നിവരെ പേരെടുത്ത് കമീഷന്‍ വിമര്‍ശിക്കുകയും ചെയ്തു. കല്യാണ്‍ സിങ്ങിന് നടക്കാന്‍ പോകുന്നതിനെ കുറിച്ച് കൃത്യമായ വിവരം ഉണ്ടായിരുന്നു. അദ്ദേഹത്തിന്റെ അന്നത്തെ പെരുമാറ്റം കഴിവുകേടിനു തെളിവായിരുന്നു. സൈനികരെ വിളിക്കാന്‍ മജിസ്ട്രേറ്റിന് കല്യാണ്‍സിങ് അനുമതി നല്‍കിയില്ല. സ്ഥിതിഗതികള്‍ നിയന്ത്രിക്കാന്‍ സൈന്യത്തെ വിളിക്കണമെന്നാവശ്യപ്പെട്ടുകൊണ്ടുള്ള ഉന്നത പോലിസ് ഉദ്യോഗസ്ഥരുടെ കോളുകള്‍ അദ്ദേഹം സ്വീകരിക്കുകപോലും ചെയ്തില്ല. കേന്ദ്ര സര്‍ക്കാറിന് നല്‍കിയ എല്ലാ വാഗ്ദാനങ്ങളും കള്ളമായിരുന്നു.
മാധ്യമം

അയോധ്യാ രാഷ്ട്രീയവും ലിബര്‍ഹാന്‍ കമീഷനും

Tuesday, November 24, 2009
എം.സി.എ നാസര്‍

1990 നവംബറില്‍ അയോധ്യയിലെത്തുമ്പോള്‍ ബാബരി മസ്ജിദ് അവിടെയുണ്ടായിരുന്നു.പുറത്ത് അര്‍ധ സൈനികര്‍ കാവല്‍നിന്നിരുന്നു. അകത്തുകയറാന്‍ പ്രയാസമുണ്ടായില്ല. 2.77 ഏക്കറില്‍ സ്ഥിതി ചെയ്യുന്ന പഴയ പള്ളി. ഉള്ളില്‍ അപ്പോഴും പൂജ നടക്കുകയായിരുന്നു. തിരിച്ചു പോരുമ്പോള്‍ അറിഞ്ഞില്ല, ബാബരി പള്ളിയുടെ അവസാന കാഴ്ചയായിരിക്കും അതെന്ന്. പിന്നെ ചെല്ലുമ്പോള്‍ കണ്ടത് പള്ളിയൊഴിഞ്ഞ തരിശുനിലമാണ്. അതിന്റെ മധ്യത്തില്‍ താല്‍ക്കാലികക്ഷേത്രം. പൂജ മുടങ്ങാതെ തുടര്‍ന്നുകൊണ്ടിരുന്നു. പുറത്ത് കുറേക്കൂടി ശക്തമായ സൈനിക കാവലും.

1992 ഡിസംബര്‍ ആറിന് അതു സംഭവിച്ചു. 1528ല്‍ ബാബര്‍ ചക്രവര്‍ത്തിയുടെ ഗവര്‍ണറായിരുന്ന മീര്‍ ബാഖി സ്ഥാപിച്ച നാലു നൂറ്റാണ്ടിലേറെ പഴക്കമുള്ള പള്ളി തകര്‍ന്നു. ചരിത്രത്തില്‍നിന്ന് തങ്ങള്‍ തകര്‍ത്തെറിഞ്ഞ ഒരു ആരാധനാലയത്തിന്റെ ശേഷിപ്പു ചീന്തുകളും കൊണ്ടായിരുന്നു കര്‍സേവക ലക്ഷങ്ങളുടെ മടക്കയാത്ര. അയോധ്യാനന്തരം ഇന്ത്യയൊട്ടുക്കും നടന്ന കലാപങ്ങളില്‍ നൂറുകണക്കിനാളുകള്‍ മരിച്ചുവീണു. മുംബൈ കലാപവും ഗുജറാത്ത് കലാപവും അതിന്റെ തുടര്‍ച്ചകളെന്നോണം നടന്നു. ഇന്ത്യന്‍ മതേതരത്വത്തിന്റെ ക്ഷതങ്ങള്‍ ഇപ്പോഴും തുടരുന്നു. ഇപ്പോഴിതാ പതിനേഴു വര്‍ഷങ്ങള്‍ പിന്നിടുമ്പോള്‍ ആസൂത്രിതമായിരുന്നു പള്ളി തകര്‍ച്ചയെന്ന് ലിബര്‍ഹാന്‍ കമീഷന്‍ തെളിവുകള്‍ നിരത്തി ആവര്‍ത്തിക്കുന്നു. റിപ്പോര്‍ട്ടിന്റെ പ്രസക്ത ഭാഗങ്ങള്‍ മാത്രമാണ് 'ഇന്ത്യന്‍ എക്സ്പ്രസ്' പത്രത്തിലൂടെ ഇന്നലെ പുറത്തുവന്നത്. ആഭ്യന്തര മന്ത്രി റിപ്പോര്‍ട്ട് നിഷേധിച്ചിട്ടില്ല. പൂര്‍ണ റിപ്പോര്‍ട്ട് സര്‍ക്കാറിന്റെ നടപടി സഹിതം സഭയില്‍ വെക്കുമെന്നാണ് ആഭ്യന്തര മന്ത്രി ചിദംബരം അറിയിച്ചത്.

കാവിസംഘവും മാധ്യമങ്ങളും ചേര്‍ന്ന് പൊലിപ്പിച്ചെടുത്ത വാജ്പേയി എന്ന നേതാവിന്റെ നേര്‍മുഖം തുറന്നുകാണിക്കപ്പെടുന്നു എന്നതാണ് ലിബര്‍ഹാന്‍ റിപ്പോര്‍ട്ടിന്റെ എടുത്തുപറയാവുന്ന നേട്ടം. ബി.ജെ.പി^സംഘ്പരിവാര്‍ നേതാക്കളില്‍ പള്ളിതകര്‍ച്ചയുടെ പാപഭാരമത്രയും ഇറക്കിവെക്കുന്ന ലിബര്‍ഹാന്‍, കോണ്‍ഗ്രസിനെയും കേന്ദ്രസര്‍ക്കാറിനെയും കുറ്റമുക്തമാക്കുന്നു എന്നതാണ് റിപ്പോര്‍ട്ടിന്റെ പ്രകട ദൌര്‍ബല്യം. ബാബരി സംഘടനകളെ തൊഴിച്ച് റിപ്പോര്‍ട്ടിന് സന്തുലിതത്വം നല്‍കാന്‍ ശ്രമിച്ചതിന്റെ ദുരൂഹത എളുപ്പം പിടികിട്ടുന്നതുമല്ല.

'മിതവാദി' പരിവേഷം വാജ്പേയിക്ക് ഒട്ടും ചേരുന്നതല്ലെന്ന് റിപ്പോര്‍ട്ടിലുണ്ട്. അദ്വാനിയും മുരളിമനോഹര്‍ ജോഷിയും കല്യാണ്‍സിങ്ങും സംഘ് നേതാക്കളും ചേര്‍ന്ന് നടത്തിയ ഗൂഢാലോചന വാജ്പേയി അറിഞ്ഞിരുന്നില്ലെന്ന് സ്ഥാപിക്കാന്‍ തുടക്കം മുതലേ ശ്രമം നടന്നിരുന്നു. മധ്യവര്‍ഗവും പ്രാദേശിക രാഷ്ട്രീയ പാര്‍ട്ടി നേതാക്കളും അങ്ങനെ ചിന്തിച്ചതു കാരണം സഖ്യകക്ഷികളെ ചേര്‍ത്ത് കേന്ദ്രാധികാരം പിടിക്കാന്‍ ബി.ജെ.പിക്കു സാധിച്ചു. 'ചീത്ത പാര്‍ട്ടിയിലെ നല്ല ആള്‍' പ്രതിച്ഛായ പൊലിപ്പിക്കാന്‍ വാജ്പേയിയും നിന്നുകൊടുത്തു. ആര്‍.എസ്.എസ് നേതാക്കള്‍ക്കൊപ്പം വാജ്പേയി, അദ്വാനി, മുരളി മനോഹര്‍ ജോഷി, കല്യാണ്‍സിങ് എന്നിവര്‍ ചേര്‍ന്ന് രാജ്യത്തെ സാമുദായിക വിഭജനത്തിന്റെ കരയിലേക്ക് തള്ളിവിട്ടുവെന്ന് റിപ്പോര്‍ട്ട് കൃത്യമായി പറയുന്നു. ആര്‍.എസ്.എസ്, വി.എച്ച്.പി, ബജ്റംഗ്ദള്‍, ശിവസേന എന്നിവയെല്ലാം ഉള്‍പ്പെട്ട അതേ ആവേശത്തില്‍ തന്നെയായിരുന്നു ബി.ജെ.പി നേതൃത്വവും പള്ളിതകര്‍ച്ചയില്‍ ഇടപെട്ടത്.

അയോധ്യയില്‍ രാമക്ഷേത്ര നിര്‍മാണമെന്നത് വര്‍ഷങ്ങളുടെ ആലോചനയിലൂടെ ആര്‍.എസ്.എസ് രൂപപ്പെടുത്തിയ അജണ്ടയായിരുന്നുവെന്ന് ബോധ്യപ്പെടാത്തവര്‍ ആരുമില്ല. ആസൂത്രണം വളരെ നേരത്തേ തുടങ്ങിയിരുന്നു. 1949 ഡിസംബറില്‍ ബാബരി മസ്ജിദില്‍ രാമവിഗ്രഹം ഒളിച്ചു കടത്തുന്നതോടെയായിരുന്നു തുടക്കം. അന്ന് ഫൈസാബാദ് ജില്ലാ മജിസ്ട്രേറ്റായിരുന്ന മലയാളി നായരും മറ്റുമാണ് ഇതിന് സൌകര്യം ചെയ്തു കൊടുത്തത്. പിന്നീട് നടന്ന ഓരോ നീക്കത്തിലും കാണാം കൃത്യമായ ആസൂത്രണത്തിന്റെ മികവ്. എന്നാല്‍, തൊണ്ണൂറുകളുടെ ചുറ്റുവട്ടത്തുനിന്നാണ് ലിബര്‍ഹാന്‍ കമീഷന്‍ ആസൂത്രണത്തിന്റെ വസ്തുതകള്‍ ചികയുന്നത്. അദ്ദേഹത്തെ ചുമതലപ്പെടുത്തിയതും അതു മാത്രമായിരുന്നു. പള്ളിപൊളിച്ച് പത്തുനാള്‍ പിന്നിടുമ്പോഴാണ് കേന്ദ്രം ലിബര്‍ഹാന്‍ കമീഷനെ നിയമിക്കുന്നത്. 1992 ഡിസംബര്‍ ആറിന് രാംജന്മഭൂമി^ബാബരി മസ്ജിദ് സമുച്ചയം തകരാനിടയായ സാഹചര്യത്തിലേക്കു നയിച്ച സംഭവങ്ങള്‍, അനുബന്ധ വസ്തുതകള്‍, സാഹചര്യം എന്നിവ പരിശോധിക്കാനായിരുന്നു നിര്‍ദേശം.

കമീഷനെ നിയമിച്ചത് അന്നത്തെ പ്രധാനമന്ത്രി നരസിംഹറാവു. രാജ്യത്തിന്റെ പല ഭാഗങ്ങളും കത്തിയെരിയുന്ന ഘട്ടത്തില്‍ എന്തെങ്കിലും ചെയ്തുവെന്ന് വരുത്തിത്തീര്‍ക്കുക മാത്രമായിരുന്നു ലക്ഷ്യം. കമീഷന് സമയപരിധി വെക്കണമെന്ന നിര്‍ദേശം ഉയര്‍ന്നെങ്കിലും സമ്മതിച്ചില്ല. നീണ്ട പതിനേഴ് വര്‍ഷങ്ങളാണ് ലിബര്‍ഹാന്‍ റിപ്പോര്‍ട്ട് തയാറാക്കാനെടുത്തത്. 48 തവണ കമീഷന് കാലാവധി നീട്ടിക്കൊടുത്തു. കഴിഞ്ഞ ജൂണ്‍ 30ന് പ്രധാനമന്ത്രിക്ക് റിപ്പോര്‍ട്ട് കൈമാറി. നാലുവാള്യങ്ങളും അനുബന്ധ കുറിപ്പുകളും ഉള്‍ക്കൊള്ളുന്ന റിപ്പോര്‍ട്ട് തയാറാക്കാന്‍ ചെലവിട്ടത് ഏഴു കോടി. നടപടിക്രമങ്ങള്‍ അനിശ്ചിതമായി നീളുകയായിരുന്നു. കമീഷനു വേണ്ടി നിയോഗിച്ച അഭിഭാഷകന്‍ അനുപം ഗുപ്തയും ലിബര്‍ഹാനും ഉരസല്‍ പതിവായിരുന്നു. അദ്വാനിയും ജോഷിയും കല്യാണ്‍സിങ്ങും ഉമാഭാരതിയും ആര്‍.എസ്.എസ് നേതൃത്വവും കമീഷനു മുമ്പാകെ മൊഴി നല്‍കിയിരുന്നു. പള്ളി തകര്‍ച്ച ആകസ്മികമായിരുന്നുവെന്നും പ്രതീകാത്മക കര്‍സേവ മാത്രമാണ് തങ്ങള്‍ ലക്ഷ്യമിട്ടതെന്നുമാണ് എല്ലാവരും സമര്‍പ്പിച്ച കള്ളമൊഴി. ഇനി ചടങ്ങുതീര്‍ക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ വക ചില്ലറ നടപടികളുണ്ടാകും. തുടര്‍ന്ന് പാര്‍ലമെന്റിന്റെ ഇരുസഭകളിലും വെക്കുന്നതോടെ ദൌത്യം തീര്‍ന്നു.
ഹൈന്ദവ സമൂഹത്തില്‍ തുടരുന്ന ജാതീയ ഭിന്നതകളെ അതിലംഘിക്കാനും എണ്‍പതുകളുടെ മധ്യത്തോടെ വളര്‍ന്ന ബി.എസ്.പി ഉള്‍പ്പെടെ സ്വത്വരാഷ്ട്രീയ പ്രസ്ഥാനങ്ങളെ തളര്‍ത്താനുമുള്ള ദീര്‍ഘലക്ഷ്യം കൂടി സംഘ്പരിവാര്‍ മുന്നില്‍ കണ്ടിരുന്നു. രാമനെ തങ്ങളുടെ വിഭാഗീയ രാഷ്ട്രീയത്തിന്റെ പ്രതീകമാക്കി മാറ്റുകയായിരുന്നു. തൊണ്ണൂറുകളില്‍ രാമായണം, മഹാഭാരതം സീരിയലുകള്‍ മധ്യവര്‍ത്തി സമൂഹത്തില്‍ ഇതിന് ആശയപരമായ അടിത്തറയൊരുക്കി. ശാബാനു കേസിലെ സര്‍ക്കാര്‍ ഇടപെടല്‍, ജമ്മു കശ്മീരിന് പ്രത്യേകാവകാശം നല്‍കുന്ന നിയമം എന്നിവയൊക്കെ വിഭാഗീയത വളര്‍ത്താനുള്ള വളമാക്കി. സ്പര്‍ധയുടെ സാമൂഹിക സാഹചര്യം രൂപപ്പെടുത്തല്‍ അയോധ്യാ മൂവ്മെന്റിന്റെ ഭാഗമായി ഒരുക്കിയതും ആസൂത്രിതം തന്നെ. പക്ഷേ, കമീഷന്‍ ഇക്കാര്യങ്ങളൊന്നും സ്പര്‍ശിക്കുന്നില്ലെന്നാണ് വിവരം.

തങ്ങളുടെ ഉത്തരവാദിത്തത്തില്‍ നിന്ന് ഒളിച്ചോടാന്‍ അദ്വാനിക്കും വാജ്പേയിക്കും കഴിയില്ലെന്ന് റിപ്പോര്‍ട്ട് സ്ഥാപിക്കുന്നു. എന്നിട്ടാണ് ഡിസംബര്‍ ആറിനെ 'തന്റെ ജീവിതത്തിലെ ഏറ്റവും ദുഃഖകരമായ ദിനം' എന്ന് ഇന്നലെയും നിര്‍ലജ്ജം അദ്വാനി സഭയില്‍ വിശേഷിപ്പിച്ചത്. അയോധ്യാ മൂവ്മെന്റിന്റെ പൊതു സ്വീകാര്യതയുള്ള വ്യക്തികളായി വാജ്പേയി, അദ്വാനി, ജോഷി എന്നിവരെ രംഗത്തിറക്കുകയായിരുന്നുവെന്നും റിപ്പോര്‍ട്ടിലുണ്ട്. ആര്‍.എസ്.എസിന്റെ ഉപകരണങ്ങളാവുകയായിരുന്നു ഇവരെന്നും തങ്ങളുടെ രാഷ്ട്രീയ നിലനില്‍പ്പിന് ഊനം തട്ടാതിരിക്കാന്‍ അവര്‍ ശ്രദ്ധിച്ചുവെന്നതുമായ നിരീക്ഷണം ശരിയാണ്. ഹൈന്ദവ പൊതുസമൂഹത്തിന്റെ വൈകാരികത ആളിക്കത്തിക്കാനും അയോധ്യാ മൂവ്മെന്റിന്റെ ഭാഗമാക്കി അവരെ മാറ്റാനുമായിരുന്നു അദ്വാനിയുടെ രഥയാത്രയിലൂടെ ലക്ഷ്യമിട്ടതെന്ന കണ്ടെത്തലും സംഗതമാണ്.

അയോധ്യാ പ്രസ്ഥാനത്തിന് എല്ലാ മാനദണ്ഡങ്ങളും മറന്ന് കോടിക്കണക്കിന് രൂപയുടെ ഫണ്ട് പിരിച്ചതിനെ കുറിച്ച ന്യായമായ സംശയങ്ങളും കമീഷന്‍ ഉന്നയിക്കുന്നു. അമേരിക്ക ഉള്‍പ്പെടെ പടിഞ്ഞാറന്‍ രാജ്യങ്ങളില്‍നിന്ന് സന്നദ്ധ സംഘടനകളുടെ പേരില്‍ ക്ഷേത്ര നിര്‍മാണത്തിനായി നൂറുകണക്കിന് കോടി രൂപയാണ് സംഭാവന ലഭിച്ചത്. ഇന്ത്യയിലെ വന്‍കിട വ്യവസായികളും വ്യക്തികളും നല്‍കിയ തുക വേറെയും. ഇതേക്കുറിച്ചൊന്നും അന്വേഷണമില്ല. ആശയപരമായ ജനപിന്തുണയേക്കാള്‍ സമ്പത്തും അധികാരവും ഉപയോഗിച്ചാണ് പള്ളി പൊളിച്ചതെന്ന കണ്ടെത്തലും ലിബര്‍ഹാന്‍ നടത്തുന്നു.
കോണ്‍ഗ്രസിനെയും നരസിംഹ റാവു മന്ത്രിസഭയെയും ലിബര്‍ഹാന്‍ വെറുതെ വിടുന്നു എന്നതാണ് കൌതുകകരം. എന്തുകൊണ്ട്? ബാബരി മസ്ജിദ് തകര്‍ച്ചയില്‍ കോണ്‍ഗ്രസ് പാര്‍ട്ടിക്കും അതിന്റെ നേതൃത്വത്തിനും പ്രത്യക്ഷമല്ലെങ്കില്‍ തന്നെയും നിഗൂഢമായ പങ്കാളിത്തം ഉണ്ടെന്ന സംശയം വ്യാപകമാണ്. കുറ്റകരമായ നിസ്സംഗത ഈ സംശയം ബലപ്പെടുത്തുകയും ചെയ്യുന്നു. കേന്ദ്രത്തില്‍ കോണ്‍ഗ്രസ് ഭരണത്തിലുള്ള നേരത്താണ് എല്ലാം സംഭവിക്കുന്നത് എന്നതും യാദൃച്ഛികമാകാന്‍ ഇടയില്ല. 1949ല്‍ പള്ളിയില്‍ വിഗ്രഹം ഒളിച്ചു പ്രതിഷ്ഠിച്ച കാലത്ത് നെഹ്റുവാണ് കേന്ദ്രത്തില്‍ പ്രധാനമന്ത്രി. 1986ല്‍ പള്ളി പൂജ നടത്താന്‍ തുറന്നുകൊടുത്തപ്പോള്‍ രാജീവ് ഗാന്ധിയാണ് പ്രധാനമന്ത്രി. ശിലാന്യാസം നടത്താന്‍ അനുമതി കൊടുത്തതും അദ്ദേഹം. 1992 ഡിസംബര്‍ ആറിന് പള്ളി തകര്‍ക്കുമ്പോള്‍ നരസിംഹ റാവുവിന്റെ കോണ്‍ഗ്രസ് മന്ത്രിസഭയാണ് കേന്ദ്രത്തില്‍. സംസ്ഥാന ഗവര്‍ണര്‍ നല്‍കുന്ന റിപ്പോര്‍ട്ട് പ്രകാരം പ്രവര്‍ത്തിക്കാന്‍ മാത്രമേ കേന്ദ്രസര്‍ക്കാറിന് അധികാരമുള്ളൂ എന്നു പറഞ്ഞ് കുറ്റമുക്തി നല്‍കാനാണ് ലിബര്‍ഹാന്‍ ശ്രമിക്കുന്നത്.അങ്ങനെയാണെങ്കില്‍ 'പള്ളി തകര്‍ച്ചയിലേക്ക് നയിച്ച സംഭവങ്ങളെ യഥാവിധി'നോക്കിക്കാണുന്നതില്‍ തികഞ്ഞ അലംഭാവം തന്നെയാണുണ്ടായത്. പള്ളി സംരക്ഷിക്കാന്‍ യുക്തമായ ഏതു നടപടിയും കൈക്കൊള്ളാന്‍ ദേശീയോദ്ഗ്രഥന കൌണ്‍സില്‍ യോഗം പ്രധാനമന്ത്രിയെ ചുമതലപ്പെടുത്തിയതാണ്. എണ്ണമറ്റ സംസ്ഥാനങ്ങളെ പിരിച്ചുവിട്ട കോണ്‍ഗ്രസിന് കല്യാണ്‍സിങ് മന്ത്രിസഭയെ പിരിച്ചുവിടാന്‍ സാങ്കേതികത തടസ്സമായെന്നോ?

പള്ളി തല്‍സ്ഥാനത്തു പുനര്‍നിര്‍മിക്കുമെന്ന് കോണ്‍ഗ്രസ് നേതൃത്വവും സര്‍ക്കാറും ഉറപ്പുനല്‍കിയിരുന്നു. പള്ളി തകര്‍ച്ച നടന്ന് ഒന്നര വ്യാഴവട്ടം പിന്നിടുമ്പോഴും എവിടെയും അനക്കമില്ല. തകര്‍ക്കപ്പെട്ടത് തര്‍ക്ക മന്ദിരമല്ലെന്നും മുസ്ലിംകള്‍ക്കവകാശപ്പെട്ട പള്ളി തന്നെയാണെന്നും ആര്‍ജവത്തോടെ പറഞ്ഞ മുഖ്യധാരാ രാഷ്ട്രീയ കക്ഷികളും മൌനത്തിലാണ്. നിയമകേന്ദ്രങ്ങളും പ്രകടിപ്പിക്കുന്നത് ഇതേ നിസ്സഹായത തന്നെ. അര നൂറ്റാണ്ടിലേറെയായി അയോധ്യാ കേസ് കോടതിയില്‍ തുടരുന്നു. കോടതിയലക്ഷ്യം നടന്നിട്ടും നടപടിയില്ല. കോടതിവിധി ലംഘിച്ച് മായാവതി പ്രതിമ നിര്‍മാണം തുടങ്ങിയതിലേയുള്ളൂ രോഷം. തൂക്കമൊപ്പിക്കാന്‍ ഇരകളുടെ പക്ഷത്തെയും കുറ്റപ്പെടുത്തുകയെന്ന മുന്‍വിധി കലര്‍ന്ന ഭരണകൂട നിലപാട് ലിബര്‍ഹാന്‍ കമീഷനും ആവര്‍ത്തിക്കുന്നു. ഓള്‍ ഇന്ത്യാ ബാബരി മസ്ജിദ് ആക്ഷന്‍ കമ്മിറ്റി (എ.ഐ.ബി.എം.എ.സി) ഓള്‍ ഇന്ത്യാ ബാബരി മസ്ജിദ് കോഓഡിനേഷന്‍ കമ്മിറ്റി (എ.ഐ. ബി.എം.സി.സി) എന്നിവയെ കമീഷന്‍ പഴിചാരുന്നു. ഇവരില്‍ അവസരം മുതലെടുത്ത് ആളാകാന്‍ ശ്രമിച്ച ചിലരുണ്ടാകും. സമ്മതിക്കുന്നു. തങ്ങള്‍ പ്രതിനിധാനം ചെയ്യുന്ന വിഭാഗത്തിന്റെ ക്ഷേമത്തില്‍ ഇവര്‍ക്കൊന്നും താല്‍പ്പര്യമില്ലെന്നും അയോധ്യാ തര്‍ക്കത്തെ കുറിച്ച് കോടതിയിലും പുറത്തും യുക്തിപരവും രമ്യവും സുസ്ഥിരവുമായ കാഴ്ചപ്പാട് രൂപപ്പെടുത്താന്‍ ഇവര്‍ക്കായില്ലെന്നുമാണ് കമീഷന്റെ പരാതി.സത്യം മറിച്ചാണ്. കോടതിവിധി എന്തു തന്നെയായാലും സ്വീകരിക്കാന്‍ തങ്ങള്‍ ഒരുക്കമാണെന്ന് ഇരു ബാബരി കമ്മിറ്റികളും ഇന്ത്യയിലെ മുസ്ലിം നേതൃത്വവും പലവുരു വ്യക്തമാക്കിയതാണ്. എന്നാല്‍, വിശ്വാസത്തിന്റെ പ്രശ്നം വരുമ്പോള്‍ അവിടെ നിയമം ബാധകമല്ലെന്നായിരുന്നു മറുപക്ഷം വാദിച്ചത്. ബാബരി മസ്ജിദ് ഉള്‍പ്പെടെ മൂവായിരം പള്ളികള്‍ വിട്ടുകൊടുക്കണമെന്നും അവര്‍ ആക്രോശിച്ചു.
ചുരുക്കത്തില്‍ ബാബരി മസ്ജിദ് പ്രശ്നത്തില്‍ നിയമകേന്ദ്രങ്ങളും ഭരണകൂടവും മാധ്യമങ്ങളും രാഷ്ട്രീയ കക്ഷികളും പൊതുസമൂഹവും പ്രതിക്കൂട്ടിലാണ്.

ലിബര്‍ഹാന്‍ കണ്ടെത്തിയത് പണ്ടേ അറിഞ്ഞ സത്യം

Tuesday, November 24, 2009
1992 ഡിസംബര്‍ ആറിന് ഉന്മൂലനം ചെയ്യപ്പെട്ട ചരിത്രദേവാലയമായ ബാബരി മസ്ജിദിന്റെ ധ്വംസന പശ്ചാത്തലത്തെയും അതിലേക്ക് നയിച്ച കാരണങ്ങളെയും പങ്കാളികളായവരെയും കുറിച്ച് അന്വേഷിക്കാന്‍ പി.വി. നരസിംഹറാവു സര്‍ക്കാര്‍ 17 വര്‍ഷം മുമ്പ് നിയോഗിച്ച ജസ്റ്റിസ് എം.എസ്. ലിബര്‍ഹാന്‍ കമീഷന്റെ 700 പേജും നാല് വാള്യങ്ങളുമുള്ള റിപ്പോര്‍ട്ട് പാര്‍ലമെന്റിന്റെ നടപ്പ് സമ്മേളനത്തില്‍ മേശപ്പുറത്തുവെക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍ അറിയിച്ചിരിക്കെ, ചില പ്രധാന പരാമര്‍ശങ്ങള്‍ ചോര്‍ന്ന് മാധ്യമങ്ങള്‍ക്ക് ലഭിച്ചത് ഒച്ചപ്പാടായിരിക്കുന്നു. ഉള്ളടക്കത്തേക്കാള്‍ ചര്‍ച്ചയായിരിക്കുന്നത് റിപ്പോര്‍ട്ടിന്റെ ചോര്‍ച്ചയാണെന്നത് യാദൃച്ഛികമല്ല. മുഖ്യ പ്രതിപക്ഷമായ ബി.ജെ.പിയെ സംബന്ധിച്ചിടത്തോളം ലജ്ജിച്ച് തലതാഴ്ത്താനേ റിപ്പോര്‍ട്ടില്‍ വകയുള്ളൂ. അതിനാല്‍, ഝാര്‍ഖണ്ഡ് നിയമസഭ തെരഞ്ഞെടുപ്പിനെ മുന്നില്‍കണ്ട് ഭരണപക്ഷം തന്നെ റിപ്പോര്‍ട്ട് ചോര്‍ത്തി മാധ്യമങ്ങള്‍ക്ക് നല്‍കുകയായിരുന്നു എന്നാരോപിച്ച് പാര്‍ലമെന്റ് സ്തംഭിപ്പിച്ചതിലൂടെ ജനശ്രദ്ധ യഥാര്‍ഥ വിഷയത്തില്‍നിന്ന് തിരിച്ചുവിടാനാവുമെന്ന് പാര്‍ട്ടി കണക്കുകൂട്ടുന്നു. സാങ്കേതികത്വം മാറ്റിനിര്‍ത്തിയാല്‍ പാര്‍ലമെന്റിന്റെ മുമ്പാകെ അനാവരണം ചെയ്യപ്പെടാനിരിക്കുന്ന അന്വേഷണ റിപ്പോര്‍ട്ടില്‍നിന്ന് ഏതാനും ഭാഗങ്ങള്‍ ചോര്‍ന്നുപോയത് ആനക്കാര്യമൊന്നുമല്ല.

പുറത്തുവന്ന വിവരങ്ങള്‍ ഒരര്‍ഥത്തിലും അമ്പരിപ്പിക്കുന്നതോ ഞെട്ടിക്കുന്നതോ അല്ലെന്നതാണ് ഏറ്റവും ശ്രദ്ധേയമായ കാര്യം. പ്രതീകാത്മകം മാത്രമായിരുന്നു കര്‍സേവയെന്നും മസ്ജിദ് ധ്വംസനം ആവേശഭരിതരായ കര്‍സേവകര്‍ പൊടുന്നനെ ചെയ്തുപോയ കൃത്യമായിരുന്നെന്നുമുള്ള ബി.ജെ.പിയുടെ അവകാശവാദത്തെയാണ് റിപ്പോര്‍ട്ട് ഏറ്റവും ശക്തമായി നിരാകരിക്കുന്നത്. അതീവശ്രദ്ധയോടെ ആസൂത്രണം ചെയ്യപ്പെട്ട പള്ളിപൊളിക്കല്‍ പദ്ധതി ആര്‍.എസ്.എസും വിശ്വഹിന്ദു പരിഷത്തും ശിവസേനയും പങ്കാളികളായി നടപ്പാക്കുകയായിരുന്നെന്നും അടല്‍ബിഹാരി വാജ്പേയി, എല്‍.കെ. അദ്വാനി, മുരളീമനോഹര്‍ ജോഷി മുതലായ മുതിര്‍ന്ന നേതാക്കള്‍ക്ക് അതേപ്പറ്റി അറിവില്ലായിരുന്നു എന്ന വാദം അസ്വീകാര്യമാണെന്നും ലിബര്‍ഹാന്‍ ചൂണ്ടിക്കാട്ടുന്നു. അന്നത്തെ യു.പി മുഖ്യമന്ത്രി കല്യാണ്‍ സിങ്ങാവട്ടെ സംഭവങ്ങളെക്കുറിച്ച് എല്ലാ വിവരങ്ങളും അറിഞ്ഞ് തന്റെ ഭരണയന്ത്രത്തെ നിഷ്ക്രിയമാക്കി നിര്‍ത്തുകയായിരുന്നു എന്നും റിപ്പോര്‍ട്ടിലുണ്ട്. പള്ളിപൊളി പൂര്‍ത്തിയാവുന്നതുവരെ അദ്ദേഹം അര്‍ധസൈനിക വിഭാഗത്തെ രംഗത്തിറക്കിയതേ ഇല്ല.

ഇക്കാര്യത്തില്‍ ഉദ്യോഗസ്ഥരുടെ അപേക്ഷയും അദ്ദേഹം ചെവിക്കൊണ്ടില്ല. കര്‍സേവകരെ സുസജ്ജരാക്കാന്‍ ബി.ജെ.പി^ശിവസേന സര്‍ക്കാറുകള്‍ ഔദ്യോഗിക സ്രോതസ്സുകള്‍ തന്നെ ഉപയോഗപ്പെടുത്തി. ഒരിക്കലും മസ്ജിദ് തകര്‍ക്കപ്പെടുകയില്ലെന്ന് ബി.ജെ.പി നല്‍കിയ ഉറപ്പുകളത്രയും തെറ്റും കേന്ദ്രസര്‍ക്കാറിനെ വഴിതെറ്റിക്കുന്നതുമായിരുന്നു. കല്യാണ്‍സിങ്, ഉമാഭാരതി, വിനയ് കത്യാര്‍ തുടങ്ങിയ രണ്ടാംനിര ബി.ജെ.പി നേതാക്കള്‍ സംഭവത്തില്‍ തീര്‍ത്തും പങ്കാളികളായി. രാമജന്മഭൂമി പ്രക്ഷോഭത്തിന്റെ മുന്‍നിരയില്‍ മുതിര്‍ന്ന നേതാക്കളെ സംഘ്പരിവാര്‍ നിര്‍ത്തിയിരിക്കെ വാജ്പോയി പ്രഭൃതികള്‍ക്ക് സംശയത്തിന്റെ ആനുകൂല്യത്തിനുപോലും അര്‍ഹതയില്ലെന്നാണ് കമീഷന്റെ വിലയിരുത്തല്‍. അതേസമയം, രാമക്ഷേത്രനിര്‍മാണത്തിനുവേണ്ടി അദ്വാനിയുടെ നേതൃത്വത്തില്‍ കാടിളക്കിയ പ്രചാരണം നടന്നിട്ടും അതൊരിക്കലും ഹിന്ദുക്കളുടെപോലും പിന്തുണ നേടുന്നതില്‍ വിജയിച്ചില്ലെന്നും പ്രക്ഷോഭം ജനകീയമായി മാറിയില്ലെന്നും ലിബര്‍ഹാന്‍ നിരീക്ഷിക്കുന്നു. ആദര്‍ശത്തേക്കാള്‍ അധികാരവും പണവുമാണ് ബി.ജെ.പി, ആര്‍.എസ്.എസ്, ബജ്റംഗ്ദള്‍ ഗ്രൂപ്പുകളില്‍നിന്ന് പ്രക്ഷോഭ നേതാക്കളെ നേടിക്കൊടുത്തതെന്നും റിപ്പോര്‍ട്ട് വെളിപ്പെടുത്തുന്നു. ജനങ്ങളില്‍നിന്ന് പിരിച്ചെടുത്ത അനേകം കോടികള്‍ ബാങ്കുകളില്‍ നിക്ഷേപിച്ച് ഈ നേതാക്കള്‍ യഥേഷ്ടം കൈകാര്യം ചെയ്യുകയായിരുന്നു എന്നും കമീഷന്‍ കണ്ടെത്തിയിട്ടുണ്ട്.

ചുരുക്കത്തില്‍ വോട്ടിനും പണത്തിനും അധികാരത്തിനും വേണ്ടി വര്‍ഗീയ ഫാഷിസ്റ്റുകള്‍ നടത്തിയ കുല്‍സിത ഓപറേഷന്‍ എന്നതില്‍കവിഞ്ഞ് ആത്മീയമോ ആധ്യാത്മികമോ ധാര്‍മികമോ ആയ ഒരു മാനവും രാമജന്മഭൂമി പ്രക്ഷോഭത്തിനുണ്ടായിരുന്നില്ലെന്ന നിഷ്പക്ഷ വിലയിരുത്തലിനെ സ്ഥിരീകരിക്കുന്നതും അടിവരയിടുന്നതുമാണ് ലിബര്‍ഹാന്‍ റിപ്പോര്‍ട്ട്. അയോധ്യയില്‍ രാമക്ഷേത്രം പണിയുന്നതിനെ ഈ രാജ്യത്ത് ഒരു കുട്ടിയും എതിര്‍ത്തില്ല. അതുപക്ഷേ, 1526ല്‍ ബാബര്‍ ചക്രവര്‍ത്തിയുടെ ഗവര്‍ണര്‍ മീര്‍ബാഖി ഫൈസാബാദില്‍ പണിത് 1949 ഡിസംബര്‍വരെ മുസ്ലിംകള്‍ ആരാധിച്ചുവന്ന മസ്ജിദ് നിലനിന്ന സ്ഥലത്തുതന്നെ വേണമെന്ന ദുശãാഠ്യം അടിസ്ഥാനരഹിതവും അന്യായവും മതേതരത്വ നിഷേധവുമാണെന്നാണ് ചൂണ്ടിക്കാണിക്കപ്പെട്ടത്. എങ്കില്‍പോലും മസ്ജിദ് നിലനിന്ന സ്ഥലത്തിന്റെ ഉടമാവകാശം കോടതിയില്‍ ചോദ്യം ചെയ്യപ്പെട്ടിരിക്കെ വിധി വരുന്നതുവരെ ക്ഷമിക്കാനും വിധി പ്രതികൂലമായാലും അത് മാനിക്കാനും മുസ്ലിം സംഘടനകള്‍ തയാറായിരുന്നു. ചര്‍ച്ചകളിലൂടെയുള്ള രമ്യമായ ഒത്തുതീര്‍പ്പിനും അവര്‍ വഴങ്ങി. പക്ഷേ, വിശ്വാസകാര്യങ്ങളിലെന്ത് കോടതി എന്ന് ചോദിച്ച ഹിന്ദുത്വശക്തികളുടെ ഉന്നം യഥാര്‍ഥത്തില്‍ എന്തായിരുന്നു എന്ന് വ്യക്തമാക്കുന്നതാണ് കമീഷന്‍ റിപ്പോര്‍ട്ടില്‍നിന്ന് പുറത്തുവന്ന ഭാഗങ്ങള്‍.

തങ്ങള്‍ പ്രതിനിധാനം ചെയ്യുന്നുവെന്നവകാശപ്പെടുന്ന വിഭാഗത്തോട് ഉത്തരവാദിത്തം കാട്ടിയില്ലെന്ന് ബാബരി മസ്ജിദ് പ്രശ്നത്തില്‍ ഇടപെട്ട മുസ്ലിം സംഘടനകളെയും കമീഷന്‍ കുറ്റപ്പെടുത്തിയിട്ടുണ്ടത്രെ. ഇതിനാധാരമായ തെളിവുകള്‍ കാണാതെ അഭിപ്രായപ്രകടനം സാധ്യമല്ല. എങ്കിലും ഒരിക്കലും സംഘ്പരിവാറിന്റെ ഭാഷയിലും ശൈലിയിലും പ്രതികരിക്കാതെ കോടതി വിധിക്കും നിയമവാഴ്ചക്കും വഴങ്ങുക എന്ന അഭികാമ്യമായ സമീപനമാണ് മുസ്ലിം സംഘടനകള്‍ സ്വീകരിച്ചിരുന്നതെന്ന് വ്യക്തമാണ്. അന്നത്തെ സംസ്ഥാന ഗവര്‍ണര്‍ സത്യനാരായണ റെഡ്ഢി ആവശ്യപ്പെടാതെ കേന്ദ്രസര്‍ക്കാറിന് ഇടപെടാന്‍ കഴിയുമായിരുന്നില്ലെന്ന് ചൂണ്ടിക്കാട്ടി നരസിംഹറാവു നയിച്ച കേന്ദ്രസര്‍ക്കാറിനെ വെള്ളപൂശാന്‍ കമീഷന്‍ ശ്രമിച്ചതായി ചോര്‍ന്ന വിവരങ്ങളിലുണ്ട്. അതേസമയം, മസ്ജിദ് ധ്വംസനത്തിന്റെ നാലുനാള്‍ മുമ്പുപോലും കല്യാണ്‍സിങ് സര്‍ക്കാറിനെ പിരിച്ചുവിടാന്‍ പ്രധാനമന്ത്രി റാവു സമ്മതിച്ചില്ലെന്ന് അന്നത്തെ ആഭ്യന്തരമന്ത്രിയായിരുന്ന എസ്.ബി. ചവാന്‍ പിന്നീട് ഖേദപൂര്‍വം അനുസ്മരിച്ചിട്ടുണ്ട്. എന്നിരിക്കെ, റിപ്പോര്‍ട്ടിന്റെ പൂര്‍ണരൂപം പുറത്തുവരാതെ റാവു സര്‍ക്കാറിന്റെ കുറ്റമുക്തിയെക്കുറിച്ച് വിധികല്‍പിക്കാനാവില്ല. എന്തായാലും ഏഴു കോടി രൂപ മുടക്കി 48 തവണ അവധി നീട്ടിവാങ്ങി ലിബര്‍ഹാന്‍ കമീഷന്‍ തയാറാക്കിയ റിപ്പോര്‍ട്ട് ഇനി നിമിഷം വൈകാതെ പാര്‍ലമെന്റിന്റെ മുമ്പാകെ വെച്ചേ തീരൂ. കോലാഹലങ്ങള്‍ പീന്നിടാവാം.

(മാധ്യമം മുഖ പ്രസംഗം)

ബാബരി തകര്‍ച്ച ആസൂത്രിതം വാജ്പേയി, അദ്വാനി, ജോഷി പ്രതിക്കൂട്ടില്‍

Tuesday, November 24, 2009
ന്യൂദല്‍ഹി: ആസൂത്രിതമായിരുന്നു ബാബരി മസ്ജിദ് തകര്‍ച്ചയെന്ന് കേന്ദ്ര സര്‍ക്കാര്‍ നിയോഗിച്ച ലിബര്‍ഹാന്‍ കമീഷന്‍ കണ്ടെത്തി. മുന്‍ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്പേയി, ബി.ജെ.പി നേതാക്കളായ എല്‍.കെ. അദ്വാനി, മുരളി മനോഹര്‍ ജോഷി എന്നിവരുടെ വ്യക്തമായ അറിവോടും പങ്കാളിത്തത്തോടും കൂടിയാണ് പള്ളി തകര്‍ച്ച സംഭവിച്ചതെന്നും റിപ്പോര്‍ട്ട് പറയുന്നു. ജൂണ്‍ മുപ്പതിന് പ്രധാനമന്ത്രിക്ക് സമര്‍പ്പിച്ച കമീഷന്‍ റിപ്പോര്‍ട്ടിന്‍മേല്‍ സര്‍ക്കാര്‍ നടപടികൂടി ചേര്‍ത്ത് നടപ്പുസമ്മേളനത്തില്‍ അവതരിപ്പിക്കാനിരിക്കെ, ഇന്ത്യന്‍ എക്സ്പ്രസ് പത്രമാണ് അതിന്റെ ഉള്ളടക്കം ഇന്നലെ പുറത്തുവിട്ടത്. ആധികാരിക റിപ്പോര്‍ട്ട് തന്നെയാണ് തങ്ങള്‍ക്ക് ലഭിച്ചതെന്ന പത്രത്തിന്റെ വെളിപ്പെടുത്തല്‍ ആഭ്യന്തര മന്ത്രി പി. ചിദംബരം നിഷേധിച്ചിട്ടില്ല. എന്നാല്‍, സര്‍ക്കാറിന്റെ ഭാഗത്തുനിന്നല്ല റിപ്പോര്‍ട്ട് ചോര്‍ന്നതെന്ന് ആഭ്യന്തര മന്ത്രി ലോക്സഭയില്‍ വെളിപ്പെടുത്തി.

ഇന്ത്യയുടെ മതേതര അടിത്തറ തകര്‍ക്കുമാറ് 1992 ഡിസംബര്‍ ആറിനാണ് ഹിന്ദു വര്‍ഗീയവാദികള്‍ ബാബരി പള്ളി തകര്‍ത്തത്. ഇതേതുടര്‍ന്ന് രാജ്യത്തുടനീളം കലാപങ്ങളും പൊട്ടിപ്പുറപ്പെട്ടു. ഡിസംബര്‍ 16നാണ് ലിബര്‍ഹാന്‍ കമീഷന്‍ പ്രഖ്യാപിച്ചത്. ബാബരി മസ്ജിദ് തകര്‍ച്ചയിലേക്കു നയിച്ച സംഭവങ്ങളും സാഹചര്യങ്ങളും അപഗ്രഥിച്ച് റിപ്പോര്‍ട്ട് നല്‍കാനായിരുന്നു ഏകാംഗ കമീഷനുള്ള സര്‍ക്കാര്‍ നിര്‍ദേശം.
പല ഘട്ടങ്ങളിലായി 48 തവണയാണ് കമീഷന് കാലാവധി നീട്ടിക്കൊടുത്തത്. സ്വാതന്ത്യ്രാനന്തര ഇന്ത്യയില്‍ ഏറ്റവും ദീര്‍ഘിച്ച സമയമെടുത്ത് തയാറാക്കിയ റിപ്പോര്‍ട്ടെന്ന പ്രത്യേകതയും ഇതിനുണ്ട്.
ഒട്ടേറെ ഔദ്യോഗിക രേഖകളും സാക്ഷി മൊഴികളും മുന്‍നിര്‍ത്തിയാണ് വാജ്പേയി ഉള്‍പ്പെടെ പ്രധാന ബി.ജെ.പി നേതാക്കള്‍ക്ക് മുഴുവന്‍ ബാബരി മസ്ജിദ് തകര്‍ക്കുന്ന ആസൂത്രണത്തില്‍ ഭാഗഭാക്കായിരുന്നുവെന്ന് കമീഷന്‍ കണ്ടെത്തിയത്. ബാബരി മസ്ജിദ് പൂര്‍ണമായും തകര്‍ക്കല്‍ കാലേക്കൂട്ടി ആസൂത്രണം ചെയ്തതാണ്. കര്‍സേവകര്‍ പള്ളി പൊളിക്കുമെന്ന് സ്വപ്നത്തില്‍പോലും തങ്ങള്‍ കരുതിയിരുന്നില്ലെന്ന അദ്വാനി ഉള്‍പ്പെടെയുള്ള നേതാക്കളുടെ വാദം പച്ചക്കള്ളമാണെന്നും കമീഷന്‍ ചൂണ്ടിക്കാട്ടി.

സാമുദായിക വിഭജനത്തിന്റെ കരയിലേക്ക് ഇന്ത്യയെ കൊണ്ടുതള്ളിയ പള്ളി തകര്‍ച്ചയെ കുറിച്ച് ബി.ജെ.പി നേതാക്കള്‍ ഉള്‍പ്പെടെ സംഘ്പരിവാറിന്റെ ഉയര്‍ന്ന നേതാക്കള്‍ക്കെല്ലാം അറിവുണ്ടായിരുന്നു. ആര്‍.എസ്.എസ്, വി.എച്ച്.പി, ബജ്റംഗ്ദള്‍, ശിവസേന എന്നീ കക്ഷികളുടെ പങ്കിനെ കുറിച്ച് റിപ്പോര്‍ട്ടില്‍ സവിസ്തരം പ്രതിപാദിക്കുന്നുണ്ട്.
അതേസമയം ഹിന്ദു പൊതുസമൂഹത്തിന്റെ സ്വമേധയാ ഉള്ള താല്‍പര്യവും പങ്കാളിത്തവും അയോധ്യാ പ്രസ്ഥാനത്തിന് ലഭിച്ചിരുന്നില്ലെന്ന് കമീഷന്‍ വിലയിരുത്തി. ക്ഷേത്രനിര്‍മാണം എന്നത് ജനകീയ പ്രസ്ഥാനത്തിന് വഴിയൊരുക്കുന്ന ഒന്നല്ലെന്നും കമീഷന്‍ ചൂണ്ടിക്കാട്ടി. അയോധ്യാ പ്രസ്ഥാനത്തില്‍ ചേരുന്നതുതന്നെ നാണക്കേടാണെന്ന തോന്നല്‍ ബാക്കിവെച്ചു കൊണ്ടാണ് അയോധ്യാ പ്രചാരണം അവസാനിച്ചതും.

തങ്ങള്‍ നിരപരാധികളാണെന്നു പറയുന്നുണ്ടെങ്കിലും ഉത്തരവാദിത്തത്തില്‍ നിന്ന് വാജ്പേയിയെയും അദ്വാനിയെയും മാറ്റി നിര്‍ത്താന്‍ കഴിയില്ല. കമീഷനു മുമ്പാകെ തെളിവ് നല്‍കാന്‍ ഹാജരായ ഘട്ടത്തില്‍ പള്ളി തകര്‍ച്ചയില്‍ തനിക്ക് അതിയായ ദുഃഖമുണ്ടെന്നാണ് അദ്വാനി അറിയിച്ചത്. അയോധ്യാ പ്രക്ഷോഭത്തിന് ജനപിന്തുണ ലഭിക്കാനുള്ള പ്രതീകങ്ങളായി ഈ നേതാക്കളെ സംഘ് പരിവാര്‍ ഉപയോഗപ്പെടുത്തുകയായിരുന്നു. തങ്ങളുടെ രാഷ്ട്രീയ ഭാവി തകര്‍ക്കുമാറ് ആര്‍.എസ്.എസ് നിര്‍ദേശങ്ങള്‍ അവഗണിക്കാന്‍ ഇന്നും ഈ നേതാക്കള്‍ക്ക് കഴിയില്ല. മേലുദ്യോഗസ്ഥരുടെ ആജ്ഞ ശിരസാവഹിക്കുകയായിരുന്നുവെന്ന വിചാരണാ വേളയില്‍ നാസി സൈനികര്‍ പറഞ്ഞ ന്യായം സ്വീകരിക്കപ്പെടുകയുണ്ടായില്ല.
ഈ നേതാക്കള്‍ക്ക് സംശയത്തിന്റെ ആനുകൂല്യം നല്‍കുകയോ കുറ്റമുക്തരാക്കുകയോ പാടില്ലെന്നും കമീഷന്‍ പറയുന്നു. വാജ്പേയി, അദ്വാനി, ജോഷി എന്നിവര്‍ വോട്ടര്‍മാര്‍ തങ്ങളില്‍ അര്‍പ്പിച്ച വിശ്വാസത്തെ കൂടിയാണ് വഞ്ചിച്ചത്. വൈകാരിക വിക്ഷോഭത്തനടിപ്പെട്ട സാധാരണക്കാരെ കൂടി പ്രസ്ഥാനത്തിലേക്ക് കൊണ്ടുവരികയായിരുന്നു അദ്വാനിയുടെ രഥയാത്ര ലക്ഷ്യമിട്ടത്. പൊടുന്നനെ സംഭവിച്ച ഒന്നായിരുന്നു ബാബരി തകര്‍ച്ചയെന്ന സംഘ്വാദത്തെ കമീഷന്‍ പൂര്‍ണമായും നിരാകരിക്കുന്നു. കൃത്യമായ ആസൂത്രണം എല്ലാ ഘട്ടത്തിലും കാണാം.

പ്രതീകാത്മക കര്‍സേവ മാത്രമാകും അയോധ്യയില്‍ നടക്കുകയെന്ന നേതാക്കളുടെ വാദം കള്ളമാണെന്ന് തെളിയിക്കും വിധമുള്ള വിപുലീകൃതമായ മുന്നൊരുക്കങ്ങളാണ് അയോധ്യയിലും ഫൈസാബാദിലും നടന്നത്. ഫണ്ട് കൈമാറ്റം, കര്‍സേവകര്‍ക്കു വേണ്ടിയുള്ള ഒരുക്കങ്ങള്‍, ഉപകരണങ്ങള്‍ ലഭ്യമാക്കിയത്^എല്ലാം ആസൂത്രണത്തിന്റെ ഉദാഹരണങ്ങളാണ്. മുന്‍കൂട്ടി ശേഖരിച്ച ആയുധങ്ങളും ഉപകരണങ്ങളും പള്ളി പൊളിക്കല്‍ എളുപ്പമാക്കി. പരിശീലനം സിദ്ധിച്ചവരെന്നു തോന്നിക്കുമാറുള്ള ഒരു സംഘമാണ് യഥാര്‍ഥത്തില്‍ പള്ളി പൊളിച്ചത്. അവരില്‍ പലരും മുഖം മറച്ചിരുന്നു. പള്ളിയില്‍നിന്ന് വിഗ്രഹവും കാണിക്ക പാത്രവും നീക്കം ചെയ്തതും പള്ളി പൊളിച്ച ഉടന്‍ താല്‍ക്കാലിക ക്ഷേത്രം നിര്‍മിച്ചതുമൊക്കെ കുറ്റമറ്റ മുന്നൊരുക്കങ്ങളും കൃത്യമായ ആസൂത്രണവും സംശയരഹിതമായി തെളിയിക്കുന്നു.
ആശയത്തേക്കാള്‍ വര്‍ധിച്ച തോതിലുള്ള സമ്പത്തും അധികാര താല്‍പര്യങ്ങളും മുന്നില്‍ കണ്ടാണ് സംഘ് ശക്തികള്‍ അയോധ്യാ പ്രസ്ഥാനവുമായി രംഗത്തു വന്നതെന്നും കമീഷന്‍ വിലയിരുത്തി. അയോധ്യാ പ്രസ്ഥാനം തങ്ങളുടെ വിജയത്തിലേക്ക് വഴി തുറക്കുമെന്ന് നേതാക്കള്‍ ചിന്തിച്ചു. തലപ്പത്തുള്ളവര്‍ നല്‍കിയ വാളുപയോഗിച്ച് തലകൊയ്യുന്നവരെ പോലെ പെരുമാറുകയായിരുന്നു ഈ നേതാക്കള്‍.
അയോധ്യാ പ്രസ്ഥാനത്തിന്റെ പേരില്‍ സമാഹരിച്ച വന്‍തുകയത്രയും തങ്ങളുടെ സ്വന്തം പേരിലുള്ള ബാങ്ക് അക്കൌണ്ടുകളില്‍ നിക്ഷേപിക്കുകയായിരുന്നു ഇവര്‍. പള്ളി പൊളിക്കുന്ന ദിവസം ഈ പണം കൊണ്ടാണ് കര്‍സേവകര്‍ക്ക് അയോധ്യയില്‍ ഇവര്‍ അടിസ്ഥാന സൌകര്യങ്ങള്‍ ഒരുക്കിയത്.
ബാബരി മസ്ജിദ് സംഘടനകളെയും ലിബര്‍ഹാന്‍ കമീഷന്‍ റിപ്പോര്‍ട്ട് നിശിതമായി വിമര്‍ശിക്കുന്നുണ്ട്. സ്വന്തം നിലക്കുള്ള ഒരു വിഭാഗമായി മാറുകയായിരുന്നു ഈ മുസ്ലിം നേതാക്കളില്‍ ഭൂരിഭാഗവും. അവര്‍ ഉത്തരവാദിത്തമില്ലാത്തവരും തങ്ങള്‍ പ്രതിനിധാനം ചെയ്യുന്ന സമൂഹത്തിന്റെ ക്ഷേമത്തില്‍ താല്‍പര്യം കാണിക്കാത്താവരുമാണ്. അയോധ്യാ തര്‍ക്കത്തില്‍ കോടതിയിലും പുറത്തും യുക്തിപൂര്‍ണവും രമ്യവും സുസ്ഥിരവുമായ കാഴ്ചപ്പാട് രൂപപ്പെടുത്തുന്നതില്‍ ഇവര്‍ പരാജയപ്പെട്ടുവെന്നും കമീഷന്‍ കൂട്ടിച്ചേര്‍ത്തു.
ഭരണഘടനാ പ്രകാരം ഗവര്‍ണറുടെ ശിപാര്‍ശ ഉണ്ടെങ്കിലേ കേന്ദ്രത്തിന് നടപടി എടുക്കാന്‍ കഴിയൂ എന്നതിനാലാണ് അന്ന് പ്രധാനമന്ത്രിയായിരുന്ന നരസിംഹറാവുവിന് ഒന്നും ചെയ്യാന്‍ കഴിയാതിരുന്നതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

എം.സി.എ നാസര്‍

മാധ്യമം

ഭഗല്‍പൂര്‍ കലാപബാധിതര്‍ക്ക് 30 കോടിയുടെ നഷ്ടപരിഹാരം

Monday, November 23, 2009
ന്യൂദല്‍ഹി: ഭഗല്‍പൂര്‍ കലാപബാധിതര്‍ക്ക് കേന്ദ്രം മുപ്പത് കോടിയുടെ നഷ്ടപരിഹാരം അനുവദിച്ചു. 844 കുടുംബങ്ങള്‍ക്ക് മൂന്നര ലക്ഷം വീതമായിരിക്കും നഷ്ടപരിഹാരം വിതരണം ചെയ്യുക.ന്യൂനപക്ഷ പിന്തുണ ഉറപ്പാക്കാനുള്ള നീക്കത്തിന്റെ ഭാഗമായി ബാബ്രി മസ്ജിദ് തകര്‍ച്ച സംബന്ധിച്ച ലിബര്‍ഹാന്‍ കമീഷന്‍ റിപ്പോര്‍ട്ട് നടപ്പു സമ്മേളനത്തില്‍ മേശപ്പുറത്തു വെക്കാനും യു.പി.എ സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്.

കലാപം നടന്ന് രണ്ട് പതിറ്റാണ്ടിനുശേഷമാണ് ഇരകള്‍ക്ക് നഷ്ടപരിഹാരം അനുവദിക്കുന്നതെന്നത് ശ്രദ്ധേയമാണ്.
സ്വാതന്ത്യ്രാനന്തര ഇന്ത്യ കണ്ട ഏറ്റവും വലിയ വര്‍ഗീയ കലാപങ്ങളിലൊന്നായിരുന്നു 1989 ഒക്ടോബറില്‍ ബീഹാറിലെ ഭഗല്‍പൂരില്‍ നടന്നത്. ഒരു മാസം നീണ്ട കലാപത്തില്‍ 1070 പേര്‍ കൊല്ലപ്പെട്ടു.600 ഓളം പേര്‍ക്ക് പരിക്കേറ്റു. അയോധ്യയില്‍ ബാബ്രി മസ്ജിദ് തകര്‍ത്ത് രാമക്ഷേത്രം നിര്‍മിക്കുന്നതിനു വേണ്ടി നടന്ന ശിലാപൂജ ഘോഷയാത്രക്കു നേരെ അക്രമം നടന്നുവെന്നു പറഞ്ഞായിരുന്നു കലാപം പൊട്ടിപ്പുറപ്പെട്ടത്. ഒരു മാസം നീണ്ട കലാപം നിയന്ത്രിക്കാന്‍ സംസ്ഥാനം ഭരിച്ച കോണ്‍ഗ്രസിനായില്ല. 11,500 വീടുകള്‍ പൂര്‍ണമായും തകര്‍ന്നതോടെ അര ലക്ഷത്തോളം പേരാണ് ഭവനരഹിതരായത്. പാവപ്പെട്ട നെയ്ത്തു തൊഴിലാളികളാണ് ഇരകളില്‍ ഭൂരിഭാഗവും. 14 ഉയര്‍ന്ന പൊലീസ് ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെ നിരവധി പേര്‍ കലാപത്തില്‍ കുറ്റക്കാരാണെന്ന് സര്‍ക്കാര്‍ നിയോഗിച്ച അന്വേഷണ കമീഷന്‍ വിധിച്ചെങ്കിലും ഇതുവരെ നടപടിയൊന്നും ഉണ്ടായില്ല.

ഭഗല്‍പൂര്‍ കലാപത്തെ തുടര്‍ന്ന് 1989ലെ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ബീഹാറില്‍ ദയനീയമായി തോറ്റു. ന്യൂനപക്ഷം കോണ്‍ഗ്രസില്‍നിന്ന് പൂര്‍ണമായി അകലാനും കലാപം വഴിയൊരുക്കി.
വൈകിയാണെങ്കിലും നഷ്ടപരിഹാരം അനുവദിച്ചതിന്റെ ഗുണഫലം ഉറപ്പാക്കാന്‍ കോണ്‍ഗ്രസും ബീഹാര്‍ മുഖ്യമന്ത്രി നിധീഷ് കുമാറും തന്ത്രങ്ങള്‍ ആവിഷ്കരിക്കും.
ബാബരി മസ്ജിദ് തകര്‍ച്ചയുടെ പതിനെട്ടാം വാര്‍ഷികം അടുത്തമാസം നടക്കാനിരിക്കെ, അതുമായി ബന്ധപ്പെട്ട ലിബര്‍ഹാന്‍ അന്വേഷണ കമീഷന്‍ റിപ്പോര്‍ട്ട് ലോക്സഭയില്‍ വെക്കുന്നതും രാഷ്ട്രീയ ലക്ഷ്യത്തോടെയാണ്. ആഭ്യന്തര മന്ത്രാലയം ചെയ്ത നടപടികള്‍ സഹിതമാകും ലിബര്‍ഹാന്‍ കമീഷന്‍ റിപ്പോര്‍ട്ട് സഭയില്‍ വെക്കുകയെന്ന് കോണ്‍ഗ്രസ് നേതൃത്വം അറിയിച്ചു. ബാബരി മസ്ജിദ് തകര്‍ച്ചയില്‍ ബി.ജെ.പി നേതൃത്വത്തിന്റെ പങ്ക് കൂടുതല്‍ പുറത്തുകൊണ്ടു വരാന്‍ റിപ്പോര്‍ട്ട് വഴിയൊരുക്കുമെന്നാണ് സൂചന. കലാപങ്ങള്‍ തടയലും ഇരകളുടെ പുനരധിവാസവും വ്യവസ്ഥ ചെയ്യുന്ന മറ്റൊരു ബില്ലും നടപ്പുസമ്മേളനത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. കലാപങ്ങളില്‍ പങ്കുവഹിക്കുന്നവര്‍ക്ക് കര്‍ശനശിക്ഷ ഉറപ്പാക്കുന്നതോടൊപ്പം ഇരകള്‍ക്ക് സമയബന്ധിതമായി നീതി ലഭ്യമാക്കാനും ബില്ലില്‍ വ്യവസ്ഥയുണ്ടെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു.

ഈ മാസം നടന്ന ഉത്തര്‍പ്രദേശിലെ ഫിറോസാബാദ് ഉപതെരഞ്ഞെടുപ്പോടെ മുസ്ലിം ന്യൂനപക്ഷം കോണ്‍ഗ്രസിലേക്ക് മടങ്ങി വരുന്നതിന്റെ സൂചന പ്രകടമാണ്. മുസ്ലിം ഭൂരിപക്ഷമുള്ള ലഖ്നോ വെസ്റ്റ് നിയമസഭാ ഉപതെരഞ്ഞെടുപ്പിലും കോണ്‍ഗ്രസിനായിരുന്നു ജയം. എതിര്‍പ്പിനെ തുടര്‍ന്ന് മദ്റസ ബോര്‍ഡ് നവീകരണ നടപടികള്‍ തല്‍ക്കാലം മാറ്റിവെച്ച് ന്യൂനപക്ഷ ക്ഷേമ പദ്ധതികള്‍ക്ക് ആക്കം കൂട്ടാനാണ് കോണ്‍ഗ്രസ് തീരുമാനം. ബീഹാറില്‍ കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ ലാലുവിന്റെ ആര്‍.ജെ.ഡിയെ മറികടന്ന് ശ്രദ്ധേയ വിജയം നേടാന്‍ കഴിഞ്ഞതും കോണ്‍ഗ്രസിന് പ്രതീക്ഷയേകുന്നു.
എം.സി.എ നാസര്‍
മാധ്യമം

ഇറങ്ങിപ്പോയത് ഇസ്ലാമിനും സൌദിക്കുമെതിരായ ദുരാരോപണം സഹിക്കാനാവാത്തതിനാല്‍ -ഫൈസല്‍ തറാദ്

Monday, November 23, 2009
ന്യൂദല്‍ഹി: ഇന്ത്യയുടെ രാഷ്ട്രപതിയെ പോലൊരു വിശിഷ്ടാതിഥിയെ വേദിയിലിരുത്തി ഇസ്ലാമിനും സൌദി അറേബ്യക്കുമെതിരെ ദുരാരോപണങ്ങള്‍ ഉന്നയിച്ചത് സഹിക്കാനാവാതെയാണ് വിജ്ഞാന്‍ ഭവനില്‍ സംഘടിപ്പിച്ച അന്താരാഷ്ട്ര ജൂറി സമ്മേളനത്തില്‍നിന്ന് ഇറങ്ങിപ്പോയതെന്ന് സൌദി അംബാസഡര്‍ ഫൈസല്‍ ഹസന്‍ തറാദ്.

സൌദി അംബാസഡറെന്ന നിലയില്‍ നയതന്ത്ര ബന്ധം കാത്തുസൂക്ഷിക്കുന്നതിനാണ് പല പരിപാടികള്‍ക്കും ക്ഷണിക്കാറുള്ളത്. ശനിയാഴ്ചത്തെ പരിപാടി സര്‍ക്കാറിന്റെ ഔദ്യോഗിക പരിപാടിയായിരുന്നില്ലെങ്കിലും നയതന്ത്ര പ്രതിനിധിയെന്ന നിലയിലായിരുന്നു ക്ഷണം. രാഷ്ട്രപതി പങ്കെടുക്കുന്ന അന്താരാഷ്ട്ര ജഡ്ജിമാരുടെ സമ്മേളനമെന്ന നിലയില്‍ ഗൌരവമായ സദസ്സിലാണ് രാംജത്മലാനി സൌദിയെയും ഇസ്ലാമിനെയും കുറിച്ച് വസ്തുതാവിരുദ്ധവും ഗുരുതരവുമായ ആരോപണം ഉന്നയിച്ചത്. ഇതേതുടര്‍ന്ന് സദസ്സില്‍നിന്ന് എഴുന്നേറ്റ് രാഷ്ട്രപതിയെ പ്രതിഷേധമറിയിച്ചാണ് ഇറങ്ങിപ്പോയത്. ആരോപണം ഉന്നയിച്ച വ്യക്തി ഔദ്യോഗിക സ്ഥാനമുള്ളയാള്‍ ആണോ എന്നതല്ല, ആരുടെ മുന്നിലാണിത് പറഞ്ഞത് എന്നതാണ് പ്രശ്നം^ സൌദി അംബാസഡര്‍ പറഞ്ഞു. ഹാളില്‍നിന്നിറങ്ങിയപ്പോള്‍ പിന്തിരിപ്പിക്കാന്‍ പിന്നാലെ വന്ന സംഘാടകര്‍ക്ക് മുമ്പാകെ രണ്ട് വ്യവസ്ഥകളാണ് വെച്ചത്. ഒന്നുകില്‍ പ്രസംഗത്തിന്റെ ഉത്തരവാദിത്തമേറ്റെടുത്ത് ഔദ്യോഗികമായി ആരെങ്കിലും ക്ഷമാപണം നടത്തുക. അല്ലെങ്കില്‍ ഇന്ത്യാ ഗവണ്‍മെന്റുമായി ബന്ധപ്പെട്ടവര്‍ ഈ ആരോപണത്തെ തള്ളിപ്പറയുക. അതുവരെ ഹാളിലേക്ക് കടക്കുകയില്ലെന്ന് അവരോട് വ്യക്തമാക്കി.

തുടര്‍ന്ന് രാഷ്ട്രപതി ഭവനിലെ ഉന്നത ഉദ്യോഗസ്ഥനെത്തി സംഭവത്തില്‍ ഖേദം പ്രകടിപ്പിച്ചു. കേന്ദ്ര മന്ത്രി വീരപ്പമൊയ്ലി അതേ വേദിയില്‍ രാംജത്മലാനിയെ തള്ളിപ്പറഞ്ഞ് ഇന്ത്യാ ഗവണ്‍മെന്റിന്റെ നിലപാട് വ്യക്തമാക്കുകയും ചെയ്തു. ഇത് രണ്ടും ചെയ്തതിനാലാണ് സമ്മേളനത്തില്‍ തിരിച്ച് കയറിയതെന്ന് ഫൈസല്‍ തറാദ് വ്യക്തമാക്കി.
മാധ്യമം

റിപ്പോര്‍ട്ട് ചോര്‍ന്നതില്‍ ക്ഷുഭിതനായി ജസ്റ്റിസ് ലിബര്‍ഹാന്‍

Monday, November 23, 2009
ന്യൂദല്‍ഹി : ലിബര്‍ഹാന്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് ചോര്‍ന്നതിന് ഉത്തരവാദി താനല്ലെന്ന് ജസ്റ്റിസ് ലിബര്‍ഹാന്‍. ആരാണ് റിപ്പോര്‍ട്ട് ചോര്‍ത്തിയതെന്ന ചോദ്യത്തിന് ക്ഷുഭിതനായാണ് അദ്ദേഹം പ്രതികരിച്ചത്. മാധ്യമങ്ങളോട് ചോദിക്കൂ, അവര്‍ക്കെവിടെ നിന്നാണ് റിപ്പോര്‍ട്ട് കിട്ടിയതെന്ന്. പോവൂ, അവരോട് ചോദിക്കൂ. ഇതുകൊണ്ട് നിങ്ങളെന്താണ് ഉദ്ദേശിക്കുന്നത്. നിങ്ങളെന്റെ വ്യക്തിത്വത്തെ വെല്ലുവിളിക്കുകയാണോ. പാര്‍ലമെന്റിന്റെ മേശപ്പുറത്ത് വെക്കുന്നതിന് മുമ്പ് റിപ്പോര്‍ട്ട് ചോര്‍ത്തിക്കൊടുക്കാന്‍ മാത്രം സ്വഭാവസ്ഥിരതയില്ലാത്തവനാണോ ഞാന്‍. പ്രതിപക്ഷ പാര്‍ട്ടികളോട് പോയി ചോദിക്കൂ, അവരെന്താണ് പറയുന്നതെന്ന്. നിങ്ങള്‍ക്കിഷ്ടമുള്ളത് ചെയ്യാം'. ലിബര്‍ഹാന്റെ പ്രതികരണം ഇതായിരുന്നു.
1992 ആഗസ്റ്റ് ആറിന് നടന്ന ബാബരി മസ്ജിദ് തകര്‍ച്ചയെക്കുറിച്ച ലിബര്‍ഹാന്‍ കമ്മീഷന്‍ റിപ്പോര്‍ട്ടിലെ ചില ഭാഗങ്ങള്‍ ഇന്ന് ഒരു ദേശീയ പത്രത്തില്‍ വാര്‍ത്തയായി വന്നിരുന്നു. സഭയുടെ മേശപ്പുറത്ത് വെക്കുന്നതിന് മുമ്പ് വിവരങ്ങള്‍ പുറത്ത് വന്നത് സഭയിലും പുറത്തും വന്‍ ഒച്ചപ്പാടിന് ഇടയാക്കിയിരിക്കുകയാണ്.
മാധ്യമം

ബാബരി മസ്ജിദ് തകര്‍ച്ചയില്‍ ബി.ജെ.പി നേതാക്കള്‍ക്ക് പങ്ക് : കമീഷന്‍

Monday, November 23, 2009
ബാബരി മസ്ജിദ് തകര്‍ച്ചയില്‍ ബി.ജെ.പി നേതാക്കള്‍ക്ക് പങ്ക് : കമീഷന്‍
ന്യൂദല്‍ഹി : ബാബരി മസ്ജിദ് തകര്‍ക്കപ്പെട്ട സംഭവത്തില്‍ ബി.ജെ.പി. നേതാക്കളായ മുന്‍പ്രധാനമന്ത്രി വാജ്പേയി, പ്രതിപക്ഷ നേതാവ് എല്‍.കെ അദ്വാനി, മുരളി മനോഹര്‍ ജോഷി എന്നിവര്‍ക്ക് വ്യക്തമായ പങ്കുണ്ടെന്ന് ജസ്റ്റിസ് മന്‍മോഹന്‍ ലിബര്‍ഹാന്‍ കമീഷന്‍ റിപ്പോര്‍ട്ട്. ബാബരി മസ്ജിദ് തകര്‍ച്ച കൃത്യമായി ആസൂത്രണം ചെയ്തതാണെന്നും റിപോര്‍ട്ടില്‍ പറയുന്നതായി കമീഷന്‍ വിവരങ്ങള്‍ പുറത്തുവിട്ട ഇന്ത്യന്‍ എക്സ്പ്രസ് പത്രം ചൂണ്ടിക്കാട്ടുന്നു. ബാബരി തകര്‍ച്ചയില്‍ ചില മുസ്ലിം സംഘടനകളുടെ പങ്കിനേയും കമീഷന്‍ കടുത്ത ഭാഷയില്‍ വിമര്‍ശിക്കുന്നുണ്ട്.
ഇവര്‍ 'കപട മിതവാദിക'ളാണ്. ബാബരി മസ്ജിദ് തകര്‍ച്ചയെ കുറിച്ച് പറയപ്പെട്ട നേതാക്കള്‍ക്ക് അറിയില്ലെന്ന് കരുതാന്‍ യാതൊരു ന്യായവുമില്ല. അവര്‍ ഈ വിഷയത്തില്‍ നിരപരാധികളല്ലെന്നും റിപ്പോര്‍ട്ട് കുറ്റപ്പെടുത്തുന്നു.
റിപ്പോര്‍ട്ടിലെ വിവരങ്ങള്‍ ചോര്‍ന്നതില്‍ പ്രതിഷേധിച്ച്് ബി.ജെ.പി അംഗങ്ങള്‍ പാര്‍ലമെന്റിന്റെ ഇരുസഭകളിലും ബഹളം വെച്ചതിനെ തുടര്‍ന്ന് സഭ രണ്ട് മണി വരെ നിര്‍ത്തിവെച്ചിരുന്നു. എന്നാല്‍ ഉച്ചക്ക് സമ്മേളിച്ചപ്പോഴും ബി.ജെ.പി. അംഗങ്ങള്‍ ബഹളം തുടര്‍ന്നതിനാല്‍ സഭ ഇന്നത്തേക്ക് പിരിഞ്ഞു. കമ്മീഷന്‍ റിപ്പോര്‍ട്ടും അതിന്‍മേലുള്ള നടപടി റിപ്പോര്‍ട്ടും ഉടന്‍ തന്നെ സഭയുടെ മേശപ്പുറത്ത് വെക്കണമെന്ന് ആവശ്യപ്പെട്ട് ബി.ജെ.പി.അംഗങ്ങള്‍ ബഹളം വെക്കുകയായിരുന്നു. റിപ്പോര്‍ട്ട് ഈ സമ്മേളനത്തില്‍ തന്നെ സഭയുടെ മേശപ്പുറത്ത് വെക്കുമെന്ന് ആഭ്യന്തര മന്ത്രി പി. ചിദംബരം സഭയെ അറിയിച്ചു.
1992 ഡിസംബര്‍ ആറിനാണ് ബാബരി മസ്ജിദ് തകര്‍ക്കപ്പെട്ടത്. 17 വര്‍ഷത്തെ തെളിവെടുപ്പിന് ശേഷം ഇക്കഴിഞ്ഞ ജൂണ്‍ 30 നാണ് ലിബര്‍ഹാന്‍ കമ്മീഷണ്‍ റിപ്പോര്‍ട്ട് പ്രധാനമന്ത്രിക്ക് സമര്‍പ്പിച്ചത്. തുടര്‍ന്ന് റിപ്പോര്‍ട്ട് സഭയുടെ മേശപ്പുറത്ത് വെച്ചെങ്കിലും ചര്‍ച്ച ചെയ്യുകയോ വിശദാംശങ്ങള്‍ വെളിപ്പെടുത്തുകയോ ചെയ്തിരുന്നില്ല.
മാധ്യമം

Sunday, November 22, 2009

ഭീകരാക്രമണ വാര്‍ത്ത: മാധ്യമങ്ങള്‍ക്ക് നിയന്ത്രണം വേണം: ചീഫ് ജസ്റ്റിസ്

Sunday, November 22, 2009
ന്യൂദല്‍ഹി: ഭീകരാക്രമണവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുമ്പോള്‍ മാധ്യമങ്ങള്‍ക്ക് നിയന്ത്രണം ആവശ്യമാണെന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് കെ.ജി. ബാലകൃഷ്ണന്‍. ഇപ്പോഴത്തെ റിപ്പോര്‍ട്ടിങ് രീതി പ്രതികാരം ചെയ്യാനുള്ള ത്വര ചില സമൂഹങ്ങളില്‍ സൃഷ്ടിക്കുന്നതാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ഭീകരതയെ കുറിച്ച നിയമജ്ഞരുടെ അന്താരാഷ്ട്ര സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു ബാലകൃഷ്ണന്‍.
ഭീകരാക്രമണത്തിന്റെ അനിയന്ത്രിത കവറേജ് മൂലം സാധാരണ മനുഷ്യരിലുണ്ടാകുന്ന പ്രതീകാത്മക പ്രത്യാഘാതങ്ങള്‍ നാം കണക്കിലെടുക്കണം. മുഴുസമയ വാര്‍ത്താ ചാനലുകളും ഡിജിറ്റല്‍ മാധ്യമങ്ങളും കുറഞ്ഞ സമയത്തിനുള്ളില്‍ കൂടുതല്‍ നടുക്കമുളവാക്കുന്ന ഇമേജുകളും പ്രസ്താവനകളും കാഴ്ചക്കാരില്‍ എത്തിക്കാനാകും ശ്രമിക്കുക. തീവ്രവാദികള്‍ പ്രത്യേക സമുദായത്തിനു നേരെയാണ് ആക്രമണം നടത്തിയതെങ്കില്‍ ആ വിഭാഗത്തില്‍ ഉയരുന്ന രോഷം അന്യസമൂഹത്തിലെ സാധാരണക്കാര്‍ക്കെതിരെ വിവേചനരഹിതമായ പ്രതികാര നടപടികളിലേക്ക് നയിക്കുകയും ചെയ്യും.
പ്രതിലോമ പെരുമാറ്റത്തിന് വഴിയൊരുക്കിയ ഘടകങ്ങളെ കുറിച്ച ശരിയായ ധാരണ രൂപപ്പെടുത്തി വേണം തീവ്രവാദവുമായി ബന്ധപ്പെട്ട നിയമ പ്രതികരണം നടത്താന്‍. പൌരാവകാശങ്ങള്‍ തടഞ്ഞും ഏകപക്ഷീയ അറസ്റ്റുകള്‍ നടത്തിയും പൌരന്‍മാര്‍ക്കു മേല്‍ നിരീക്ഷണം ശക്തമാക്കിയുമുള്ള ഉപരിപ്ലവ നടപടികള്‍ നിഷേധ ഫലമേ സൃഷ്ടിക്കൂ. ഇത്തരമൊരു സാഹചര്യത്തില്‍ ശ്രദ്ധാപൂര്‍വമായ വിശകലനത്തോടും പരസ്പര സഹിഷ്ണുതയോടും വിവിധ രാജ്യങ്ങളുടെ നീതിന്യായ വ്യവസ്ഥകള്‍ ഏകോപിച്ചു പ്രവര്‍ത്തിക്കുകയാണ് കരണീയമെന്നും അദ്ദേഹം നിയമജ്ഞരെ ഓര്‍മിപ്പിച്ചു. ഭീകരാക്രമണ കേസുകളില്‍ സംയുക്ത രാജ്യാന്തര അന്വേഷണവും ഭീകരരുടെ വിചാരണക്ക് രാജ്യാന്തര ട്രൈബ്യൂണല്‍ പോലുള്ള സംവിധാനവും വേണമെന്ന് അദ്ദേഹം നിര്‍ദേശിച്ചു.
പൊതുവിപത്ത് എന്ന നിലക്ക് തീവ്രവാദത്തെ നേരിടാന്‍ ആഗോള സമീപനം തന്നെ സ്വീകരിക്കണമെന്ന് സമ്മേളനം ഉദ്ഘാടനം ചെയ്ത രാഷ്ട്രപതി പ്രതിഭാ പാട്ടീല്‍ പറഞ്ഞു. ഇന്ത്യ ഭീകരതയുടെ ഏറ്റവും വലിയ ഇരയാണെന്നിരിക്കെ, അത് തടയാന്‍ രാജ്യം പ്രതിജ്ഞാബദ്ധമാണ്. മനുഷ്യാവകാശ മേഖലയില്‍ അന്താരാഷ്ട്ര ചട്ടങ്ങള്‍ പാലിക്കപ്പെടുന്നു എന്ന കാര്യം ഉറപ്പു വരുത്തണമെന്ന് രാഷ്ട്രപതി നിര്‍ദേശിച്ചു
madhyamam

രാഷ്ട്രപതിയുടെ ചടങ്ങില്‍നിന്ന് സൌദി അംബാസഡര്‍ ഇറങ്ങിപ്പോയി

രാംജത്മലാനിയുടെ പ്രകോപന പ്രസംഗം
Sunday, November 22, 2009
ന്യൂദല്‍ഹി: രാഷ്ട്രപതിയെ വേദിയിലിരുത്തി വഹാബി പ്രസ്ഥാനത്തിനും സൌദി അറേബ്യക്കുമെതിരെ പ്രഗല്‍ഭ നിയമജ്ഞനും മുന്‍ കേന്ദ്രമന്ത്രിയുമായ രാംജത്മലാനി നടത്തിയ പ്രകോപനപരമായ പ്രസംഗത്തില്‍ പ്രതിഷേധിച്ച് സൌദി അംബാസഡര്‍ അന്താരാഷ്ട്ര സമ്മേളനത്തില്‍ നിന്ന് ഇറങ്ങിപ്പോയി. അനുനയിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും വഴങ്ങാതിരുന്ന അംബാസഡര്‍ ഫൈസല്‍ ഹസന്‍ തറാദ് രാഷ്ട്രപതിയുടെ പ്രതിനിധിയും കേന്ദ്രമന്ത്രിയും പ്രസംഗത്തില്‍ ഖേദം പ്രകടിപ്പിച്ചതിനെ തുടര്‍ന്നാണ് തിരിച്ചുവന്നത്.
ഭീകരതക്കെതിരായ അന്താരാഷ്ട്ര ജൂറിമാരുടെ സമ്മേളനത്തിലാണ് സൌദി^ഇന്ത്യ ഉഭയകക്ഷി ബന്ധത്തിന് ഹാനികരമാകുന്ന തരത്തില്‍ ജത്മലാനി പ്രസംഗിച്ചത്. രാഷ്ട്രപതി പങ്കെടുക്കുന്ന ചടങ്ങായതിനാല്‍ നയതന്ത്ര പ്രതിനിധി എന്ന നിലയിലാണ് സൌദി അംബാസഡറെ ക്ഷണിച്ചത്.
ലോകമെങ്ങുമുള്ള ഭീകരതക്ക് പിന്നില്‍ വഹാബിസമാണെന്നും യുവാക്കളുടെ മനസ്സില്‍ വഹാബി ഭീകരത അസംബന്ധം കുത്തിവെക്കുകയാണെന്നും ജത്മലാനി പ്രസംഗിച്ചതാണ് പ്രകോപന കാരണമായത്. തന്റെ പ്രസംഗത്തില്‍ 'വഹാബിസ'ത്തിനും മുഹമ്മദ് അബ്ദുല്‍ വഹാബിനും സൌദി സര്‍ക്കാറിനുമെതിരെ രാംജത്മലാനി അത്യന്തം പ്രകോപനപരമായ വിമര്‍ശമാണ് നടത്തിയത്.
ലോകം ഇപ്പോള്‍ അഭിമുഖീകരിക്കുന്നത് ഇസ്ലാമിക ഭീകരവാദമാണെന്നും ഇതിന് പിന്നില്‍ മുഹമ്മദ് ബ്നു അബ്ദുല്‍ വഹാബിന്റെ നേതൃത്വത്തില്‍ തുടങ്ങിയ വഹാബി പ്രസ്ഥാനമാണെന്നും ജത്മലാനി ആരോപിച്ചു. ഇന്ത്യയുമായി അടുത്ത സൌഹൃദമുള്ള ഒരു രാജ്യമാണ് വഹാബി ഭീകരതയെ പ്രോത്സാഹിപ്പിക്കുന്നതെന്ന് കൂടി പറഞ്ഞതോടെ രാഷ്ട്രപതി പ്രതിഭാ പാട്ടീലിന് അടുത്ത് ചെന്ന് സൌദി അംബാസഡര്‍ ഫൈസല്‍ ഹസന്‍ തറാദ് ഈ പ്രസംഗം അങ്ങേയറ്റം നിരുത്തരവാദപരമാണെന്നും തന്റെ രാജ്യത്തിന് ഇക്കാര്യത്തിലുള്ള പ്രതിഷേധം അറിയിക്കാന്‍ താന്‍ ഇറങ്ങിപ്പോകുകയാണെന്നും പറഞ്ഞ് ഹാള്‍ വിട്ടു. അമ്പരന്ന സംഘാടകര്‍ അംബാസഡറെ പിന്തുടര്‍ന്ന് ഔദ്യോഗിക സ്ഥാനങ്ങളില്ലാത്ത ജത്മലാനി പ്രകടിപ്പിച്ചത് സര്‍ക്കാറിന്റെ അഭിപ്രായമല്ലെന്ന് പറഞ്ഞ് ക്ഷമാപണം അറിയിച്ച് തിരിച്ചുകൊണ്ടുവരാന്‍ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. സര്‍ക്കാറുമായി ബന്ധപ്പെട്ട ആരെങ്കിലും ഇതിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് നിലപാട് വ്യക്തമാക്കാതെ തിരിച്ചുവരാനാവില്ലെന്ന് ഫൈസല്‍ തീര്‍ത്തു പറഞ്ഞു.
ജത്മലാനിയുടെ അഭിപ്രായം രാജ്യത്തിന്റേതല്ലെന്നും അത്തരം പരാമര്‍ശം നിര്‍ഭാഗ്യകരമാണെന്നും കേന്ദ്ര നിയമ മന്ത്രി വീരപ്പമൊയ്ലി പ്രസംഗിക്കുകയും സംഭവത്തില്‍ ക്ഷമാപണം നടത്തി രാഷ്ട്രപതിയുടെ പ്രതിനിധി നേരിട്ട് സംസാരിക്കുകയും ചെയ്ത ശേഷമാണ് അംബാസഡര്‍ തിരിച്ചെത്തിയത്. ഇസ്ലാം ശക്തമായി ഭീകരതയെ എതിര്‍ക്കുന്നുവെന്നറിഞ്ഞിട്ടും ജത്മലാനി ഇത്തരം പരാമര്‍ശം നടത്തിയത് നിര്‍ഭാഗ്യകരമാണെന്ന് മൊയ്ലി പറഞ്ഞു.
ഭീകരവാദത്തെ ഏതെങ്കിലും മതവിഭാഗവുമായി ബന്ധപ്പെടുത്തിപ്പറയുന്നത് ശരിയല്ലെന്നും അങ്ങനെയെങ്കില്‍ ഹിന്ദു ഭീകരവാദികളും ബുദ്ധ തീവ്രവാദികളുമുണ്ടെന്ന് ഓര്‍ക്കണമെന്നും മൊയ്ലി അഭിപ്രായപ്പെട്ടു. അന്താരാഷ്ട്ര നീതിന്യായ കോടതിയിലെ ജോര്‍ദാനില്‍ നിന്നുള്ള ജഡ്ജി ഔന്‍ എസ് അല്‍കസാന ഇത്തരം പ്രസ്താവനകള്‍ നടത്തരുതെന്ന് ജത്മലാനിയോട് ആവശ്യപ്പെട്ടു.
മാധ്യമം

Monday, November 16, 2009

ബൂലോഗ കാരുണ്യം: കാരുണ്യമനസ്സുകളുടെ കനിവിനായ്

ബൂലോഗ കാരുണ്യം: കാരുണ്യമനസ്സുകളുടെ കനിവിനായ്

ഗര്‍ഭ നിരോധ ഗുളികകള്‍

ഡോ. നിജി ജസ്റ്റിന്‍
(ഗൈനക്കോളജിസ്റ്റ്, തൃശൂര്‍ ജില്ലാ സഹകരണ ആശുപത്രി)
ഗൈനക്കോളജിസ്റ്റിന്റെ ഉപദേശം കൂടാതെ മരുന്നു ഷോപ്പുകളില്‍ പോയി തന്നിഷ്ടംപോലെ
ഗുളിക വാങ്ങിക്കഴിച്ച് അതിനു ശേഷം രക്തസ്രാവവുമായി അനുദിനം വരുന്ന സ്ത്രീകളുടെ എണ്ണത്തിലുള്ള
ഗണ്യമായ വര്‍ധനയുടെ ഗൌരവം മനസ്സിലാക്കിക്കൊണ്ടാണ് ഗൈനക്കോളജിസ്റ്റ്
എന്നനിലയില്‍ ഞാന്‍ പ്രതികരിക്കുന്നത്
പരസ്യങ്ങള്‍ അത്യാവശ്യമാണെങ്കിലും ചില പരസ്യങ്ങള്‍ നമ്മില്‍ ഉണ്ടാക്കുന്ന തെറ്റിദ്ധാരണക്ക് നല്ലൊരുദാഹരണമാണ് അടിയന്തര ഗര്‍ഭ നിരോധ ഗുളിക സംബന്ധിച്ചുള്ള ടി.വി പരസ്യങ്ങള്‍.
സോപ്പും ഡിയോഡറന്റ് ഉല്‍പന്നങ്ങളും നമുക്ക് വാങ്ങാം. എന്നാല്‍, അതേ താല്‍പര്യത്തോടെ വാങ്ങാവുന്നതാണോ ഗര്‍ഭ നിരോധത്തിന്റെ പേരിലുള്ള ഗുളികകള്‍?
എമര്‍ജന്‍സി കോണ്‍ട്രസെപ്റ്റീവ് പില്‍ സംബന്ധിച്ചു വരുന്ന പരസ്യം ആ ഗുളികയുടെ ഉദ്ദേശ്യശുദ്ധി തന്നെ ഇല്ലാതാക്കിയിരിക്കുന്നു. ഏതു വിധേനയും ഉല്‍പന്നങ്ങളുടെ വിറ്റുവരവ് മാത്രം ഉദ്ദേശിക്കുന്നവര്‍ക്ക് അവരുടെ ലക്ഷ്യം അനായാസേന നേടാന്‍ സാധിക്കുന്നു.
ഇത്തരത്തിലുള്ള അടിയന്തര ഗര്‍ഭ നിരോധ മരുന്നുകളുടെ പരസ്യം ചാനലുകളില്‍ വേണോ? അതുമൂലമുണ്ടാകുന്ന പാര്‍ശ്വഫലങ്ങള്‍ ആരെങ്കിലും ചിന്തിച്ചിട്ടുണ്ടോ?
ഗൈനക്കോളജിസ്റ്റിന്റെ കുറിപ്പില്ലാതെ ഇത്തരം മരുന്നുകള്‍ മെഡിക്കല്‍ ഷോപ്പില്‍ നിന്ന് ഒരു കാരണവശാലും കൊടുക്കരുത്. കാരണം, ഇത്തരം മരുന്നുകള്‍ ഗുരുതരമായ പാര്‍ശ്വഫലങ്ങള്‍ ഉണ്ടാക്കാം.
16 വയസ്സിന് താഴെയുള്ള കുട്ടികള്‍ ഇത് കഴിക്കാന്‍ പാടില്ല. രക്തസമ്മര്‍ദം, ഹൃദയസംബന്ധമായ രോഗങ്ങള്‍ ഉള്ളവരില്‍ ഈ മരുന്ന് ഗുരുതരമായ പ്രശ്നങ്ങള്‍ ഉണ്ടാക്കാം. പ്രമേഹം, കരള്‍ സംബന്ധമായ രോഗങ്ങള്‍, ചെന്നിക്കുത്ത്, ആസ്ത്മ എന്നീ രോഗങ്ങള്‍ ഉള്ളവര്‍ ഈ മരുന്ന് ഉപയോഗിക്കുന്നത് അപകടകരമാണ്. ഈ കാര്യങ്ങള്‍ ഒന്നും സൂചിപ്പിക്കാതെയാണ് ഇത്തരത്തിലുള്ള മരുന്നുകളുടെ പരസ്യങ്ങള്‍ കാണിക്കുന്നത്.
മാത്രമല്ല, ഓക്കാനം, ഛര്‍ദി, ക്ഷീണം, തലവേദന, തലകറക്കം, സ്തനങ്ങളില്‍ വേദന, രക്തസ്രാവം, വയറുവേദന, വയറിളക്കം ഇവയെല്ലാം വളരെ സാധാരണയായി ഈ ഗുളിക ഉപയോഗിക്കുമ്പോള്‍ കണ്ടുവരുന്നു. അടിയന്തരമായി ചികില്‍സാ സഹായം വേണ്ടിവരുന്ന അവസരങ്ങളുണ്ടാകാറുണ്ട്.
അതിഭയങ്കരമായ അലര്‍ജി ഉണ്ടാവുക (തടിപ്പ്, ചൊറിച്ചില്‍), ശ്വാസ തടസ്സം, നെഞ്ചത്ത് വിഷമം അനുഭവപ്പെടുക, മുഖം, ചുണ്ട്, നാവ് എന്നിവ തടിച്ച് വീര്‍ക്കുക, അടിവയര്‍ വേദന, ക്രമാതീതമായി ആര്‍ത്തവം ഉണ്ടാവുക, ഇടവിട്ട് രക്തം പോവുക, ആര്‍ത്തവം ഇല്ലാതാകുക, എപ്പോഴും രക്തക്കറ ഉണ്ടാവുക, യോനീസ്രവത്തില്‍ രക്തമോ പഴുപ്പോ ഉണ്ടാവുക തുടങ്ങിയവക്കൊക്കെ ഈ മരുന്നിന്റെ ഉപയോഗം മൂലം സാധ്യതയുണ്ട്. ഇതെല്ലാം മറച്ചുവെച്ച് കേവലം കച്ചവടം മാത്രം ലക്ഷ്യംവെച്ചുള്ള ഇത്തരത്തിലുള്ള പരസ്യങ്ങള്‍ ദൃശ്യമാധ്യമങ്ങളിലൂടെ ഒരിക്കലും അവതരിപ്പിക്കരുത്.
ഗൈനക്കോളജിസ്റ്റിന്റെ കുറിപ്പില്ലാതെ അടിയന്തര ഗര്‍ഭ നിരോധ ഗുളികയായാലും അബോര്‍ഷന്‍ ഗുളികയായാലും മരുന്നുകടക്കാര്‍ കൊടുക്കരുത് എന്ന് പ്രത്യേകം നിഷ്കര്‍ഷിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.
വാസ്തവത്തില്‍ എന്താണ് ഈ ഗുളിക? ഇത് ഒരു അടിയന്തര ഗര്‍ഭ നിരോധ ഗുളികയാണ്. അതായത് ഒരു ബലാല്‍സംഗമോ, അതല്ലെങ്കില്‍ ഗര്‍ഭ നിരോധ മാര്‍ഗങ്ങളുടെ വീഴ്ചയോ ഉണ്ടായാല്‍ മാത്രം ഉപയോഗിക്കേണ്ട ഒന്നാണിത്. എന്നാല്‍, മറ്റു ഗര്‍ഭ നിരോധ മാര്‍ഗങ്ങളെ പോലെ ഈ ഗുളികയും ഒരു കുഴപ്പമില്ലാതെ ഉപയോഗിക്കാം എന്നാണ് പരസ്യം കണ്ടാല്‍ തോന്നുക.
ഗൈനക്കോളജിസ്റ്റിന്റെ ഉപദേശം കൂടാതെ മരുന്നു ഷോപ്പുകളില്‍ പോയി തന്നിഷ്ടം പോലെ ഗുളിക വാങ്ങിക്കഴിച്ച് അതിനു ശേഷം രക്തസ്രാവവുമായി അനുദിനം വരുന്ന സ്ത്രീകളുടെ എണ്ണത്തിലുള്ള ഗണ്യമായ വര്‍ധനയുടെ ഗൌരവം മനസ്സിലാക്കിക്കൊണ്ടാണ് ഗൈനക്കോളജിസ്റ്റ് എന്നനിലയില്‍ ഞാന്‍ പ്രതികരിക്കുന്നത്. അത് സമൂഹത്തോടുള്ള ഒരു ഡോക്ടറുടെ ബാധ്യതയായി ഞാന്‍ കാണുന്നു.
പരസ്യം കാണുന്ന ആണ്‍കുട്ടികളും പെണ്‍കുട്ടികളും ചിന്തിക്കുക, ഈ മരുന്ന് ഉപയോഗിച്ചാല്‍ എല്ലാം ശരിയാകും, ഗര്‍ഭധാരണം അകറ്റാം എന്നാണ്. മാത്രവുമല്ല, ഗര്‍ഭനിരോധ ഗുളികയാണെന്നുള്ള വസ്തുത മനസ്സിലാകാതെ, ഗര്‍ഭം അലസിപ്പിക്കാനുള്ള മരുന്നാണ് എന്ന് തെറ്റിദ്ധരിച്ച് വാങ്ങുന്നു.
ഗര്‍ഭം ധരിച്ചതിനു ശേഷവും ഈ ഗുളിക ഉപയോഗിക്കുന്നവരുടെ എണ്ണം കൂടിവരുകയാണ്. നോക്കൂ, ഇത് അബോര്‍ഷന്‍ ഗുളികയല്ല. ഇത് ആവശ്യത്തിനും അനാവശ്യത്തിനും ഉപയോഗിക്കുന്നതു മൂലം സ്ത്രീകളുടെ ആര്‍ത്തവ ചക്രത്തിന്റെ താളം തെറ്റുന്നു. ഗുരുതരമായ രക്തസ്രാവ കേസുകളും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.
ഇത്തരത്തിലുള്ള പരസ്യങ്ങള്‍ നമ്മുടെ കുഞ്ഞുങ്ങളെ എങ്ങനെ ബാധിക്കുന്നു എന്നത് സൂചിപ്പിക്കാന്‍ ഒരു ചെറിയ അനുഭവം പറയാം.
പരസ്യങ്ങളില്‍ വ്യാപകമായി കാണുന്ന ഗര്‍ഭ നിരോധ ഗുളികയുടെ വിലയെക്കുറിച്ച് അറിയാനായി ഞാന്‍ കടയില്‍ പോയി. എന്റെ കൂടെയുണ്ടായിരുന്ന അഞ്ചാം ക്ലാസില്‍ പഠിക്കുന്ന മകള്‍ എന്നോട് ചോദിച്ചു, എന്തിനാണമ്മേ ഈ ഗുളിക വാങ്ങുന്നതെന്ന്? അമ്മ അബോര്‍ഷന്‍ മരുന്നിനെക്കുറിച്ച് അന്വേഷിച്ചപ്പോള്‍ കുട്ടിയുടെ പരിഭ്രമിച്ച മുഖം എന്നില്‍ അദ്ഭുതമുണ്ടാക്കി. നോക്കൂ, പരസ്യത്തിന്റെ സ്വാധീനം! ഞാന്‍ അപ്പോള്‍ തന്നെ മകളെ കാര്യം പറഞ്ഞ് മനസ്സിലാക്കി. ഇനിയും പ്രതികരിക്കാതിരുന്നാല്‍ വയ്യ എന്നു തോന്നിയത് പെട്ടെന്നായിരുന്നു.
ഈ മരുന്നിന്റെ ശാസ്ത്രീയ വശങ്ങളിലേക്ക് കടക്കാം. എങ്ങനെയാണ് ഇതിന്റെ പ്രവര്‍ത്തനം?
(1) ഇത് അണ്ഡാശയത്തില്‍ നിന്ന് അണ്ഡം വരുന്നതിനെ തടയാം. (2) അണ്ഡം പുറത്തു വന്നിട്ടുണ്ടെങ്കില്‍ അണ്ഡവും ബീജവും തമ്മിലുള്ള സങ്കലനം തടയാം. (3) ബീജസങ്കലനം കഴിഞ്ഞിട്ടുണ്ടെങ്കില്‍, അത് ഗര്‍ഭപാത്രത്തിനുള്ളില്‍ ഒട്ടിപ്പിടിക്കുന്നത് തടയാം.
ഗര്‍ഭം ധരിച്ചിട്ടുണ്ടെങ്കില്‍ ഈ ഗുളികക്ക് ഒന്നും ചെയ്യാന്‍ സാധിക്കുകയില്ല.
ഗുളിക എപ്പോള്‍ ഉപയോഗിക്കണം?
മുന്‍കരുതലുകള്‍ ഇല്ലാത്ത ലൈംഗിക ബന്ധം കഴിഞ്ഞ് 12 മണിക്കൂറിനോ അല്ലെങ്കില്‍ 72 മണിക്കൂറിനോ ഉള്ളില്‍ ഈ മരുന്ന് കഴിക്കണം. ഈ സമയ പരിധി പലപ്പോഴും പാലിക്കാന്‍ സാധിക്കാറില്ല. ഈ ഗുളിക പ്രവര്‍ത്തിക്കുന്ന വിധം അറിയാത്തതു കൊണ്ട് ഇത് പല പ്രശ്നങ്ങളിലേക്ക് വഴി തെളിക്കുന്നു. എമര്‍ജന്‍സി ഗര്‍ഭനിരോധ ഗുളിക എച്ച്.ഐ.വി / എസ്.ടി.ഡി എയിഡ്സ് അതുപോലെ മറ്റു ലൈംഗിക രോഗങ്ങള്‍ക്കും ഒരു കരുതലും നല്‍കുന്നില്ല. ഇത് അബോര്‍ഷന്‍ പില്‍ ആണോ എന്ന് ചോദിച്ചാല്‍ അല്ല.
അബോര്‍ഷന്‍ ഗുളികയില്‍ ആന്റി പ്രോജസ്റ്റിന്‍സ് ആണ്. ഇത് ഉണ്ടായ ഗര്‍ഭത്തിന്റെ പിന്നീടുള്ള വളര്‍ച്ചയെ തടസ്സപ്പെടുത്തുന്നു. പക്ഷേ, ഇതില്‍ ലിവോനോര്‍ജെസ്ട്രോള്‍ 1^5 എം.ജി ആണ് ഉള്ളത്. അത് ഗര്‍ഭം തുടക്കത്തിലേ ഉണ്ടാവുന്നതിനെയാണ് തടയുന്നത്. അതുകൊണ്ടുതന്നെ കഴിക്കുന്ന സമയം വളരെ പ്രധാനമാണ്.
വളരെ സൂക്ഷിച്ച് കൈകാര്യം ചെയ്യേണ്ട മരുന്നാണിത്. അതുകൊണ്ടു തന്നെ ഇത്തരം മരുന്നുകളുടെ പരസ്യങ്ങള്‍ മാധ്യമങ്ങളില്‍ പാടില്ല.
(കുടുംബ മാധ്യമത്തില്‍ പ്രസിദ്ധീകരിച്ചത്‌ )

Friday, November 13, 2009

മര്‍വ വധം: പ്രതിക്ക് ആജീവനാന്ത തടവ്


Thursday, November 12, 2009
ബര്‍ലിന്‍: വിവാദമായ മര്‍വ ശര്‍ബീനി വധക്കേസില്‍ പ്രതിക്ക് ആജീവനാന്ത തടവ്. ജര്‍മനിയിലെ ഡ്രെസ്ഡന്‍ കോടതിമുറിയില്‍ ഈജിപ്തുകാരിയായ മര്‍വയെ (31) കുത്തിക്കൊന്ന അലക്സ് വിയന്‍സ് എന്ന 28കാരന് അതേ കോടതിയാണ് ശിക്ഷ വിധിച്ചത്.
ജൂലൈ 11നാണ് കേസിനാസ്പദമായ സംഭവം നടന്നത്. ശിരോവസ്ത്രം ധരിച്ചതിന്റെ പേരില്‍ വംശീയമായി അധിക്ഷേപിച്ച അലക്സിനെതിരെ മര്‍വ കോടതിയെ സമീപിക്കുകയായിരുന്നു. വിചാരണ കഴിഞ്ഞ് പുറത്തിറങ്ങുന്നതിനിടെ പ്രതി അലക്സ് മര്‍വയെ കറിക്കത്തികൊണ്ട് 16 തവണ കുത്തി. ഗര്‍ഭിണിയായ മര്‍വയെ രക്ഷിക്കാന്‍ ശ്രമിച്ച ഭര്‍ത്താവ് അലവി അലി ഉക്കാസ് സുരക്ഷാ ഉദ്യോഗസ്ഥന്റെ വെടിയേറ്റ് ആശുപത്രിയിലായിരുന്നു. അക്രമിയെന്ന് കരുതിയാണ് ഉക്കാസിനെ വെടിവെച്ചതെന്ന് പിന്നീട് ഉദ്യോഗസ്ഥന്‍ മൊഴി നല്‍കി. മൂന്നുവയസ്സുകാരനായ മകന്റെ മുന്നില്‍വെച്ചാണ് മര്‍വ വധിക്കപ്പെട്ടത്.
സംഭവം മുസ്ലിംലോകത്ത് വമ്പിച്ച പ്രതിഷേധങ്ങള്‍ക്ക് ഇടയാക്കിയിരുന്നു. ഈജിപ്തിലും ഇറാനിലും തുര്‍ക്കിയിലും ജനം തെരുവിലിറങ്ങിയിരുന്നു.
യൂറോപ്യരല്ലാത്തവരോടും മുസ്ലിംകളോടുമുള്ള കടുത്ത പകയാണ് കൊലക്ക് കാരണമെന്ന് വിധിന്യായം വ്യക്തമാക്കി.
2008ല്‍ പാര്‍ക്കില്‍ മകനുമൊത്ത് ചെന്ന തന്നെ ശിരോവസ്ത്രം ധരിച്ചതിന്റെ പേരില്‍ ഭീകരവാദിയെന്ന് വിളിച്ച് അധിക്ഷേപിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്നാരോപിച്ചാണ് മര്‍വ കേസ് നല്‍കിയത്. കോടതി പിഴശിക്ഷ വിധിച്ചെങ്കിലും വകവെക്കാതെ അലക്സ് മേല്‍ക്കോടതിയെ സമീപിച്ചു. ഇതിന്റെ വിചാരണക്കിടെയാണ് മര്‍വയെ കൊലപ്പെടുത്തിയത്. മരണം വരെ അലക്സിന് തടവില്‍ കഴിയേണ്ടിവരും. റഷ്യയില്‍നിന്ന് 2003ലാണ് അലക്സ് ജര്‍മനിയിലേക്ക് കുടിയേറിയത്.
ശിക്ഷ കുറഞ്ഞുപോയെന്ന് മര്‍വയുടെ അയല്‍ക്കാരും ബന്ധുക്കളും എ.പി വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു.

മാധ്യമം

സനാതന്‍ സന്സ്ത രാജ്യത്തിന് തന്നെ ഭീഷണി

Friday, November 13, 2009
പനജി: നിരോധിത സംഘടനയായ സനാതന്‍ സന്സ്ത രാജ്യത്തിന് തന്നെ ഭീഷണിയാണെന്ന് ഗോവ ആഭ്യന്തരമന്ത്രി രവി നായക് പറഞ്ഞു. ദീപാവലി ദിനത്തില്‍ ഗോവയിലുണ്ടായ സ്ഫോടനത്തിനു പിന്നില്‍ സനാതന്‍ സന്സ്തയുടെ മൂന്ന് അംഗങ്ങളെ പിടിയിലായി. ശേഷമാണ് നായക് ഇങ്ങനെ പറഞ്ഞത്. ആദ്യം മഹാരാഷ്ട്രയിലാണ് ബോംബ് വെക്കാന്‍ ഗൂടാലോചന നടത്തിയത് പിന്നീട് ഗോവയിലേക്ക് മാറ്റിയതാന്നുെം അദേഹം അഭിപ്രായപ്പെട്ടു. പ്രത്യേക അന്വേഷണ വിഭാഗം(എസ്. ഐ. ടി ) അറസ്റ്റ് ചെയ്തവരില്‍ എം. ബി. എകാരനും ഇലക്ട്രോണിക്ക് എന്‍ജിനീയറും ഉള്‍പ്പെടുന്നു. മാര്‍ഗാവോയിലേക്ക് ജെലാറ്റിന്‍ സ്റ്റിക് എറിഞ്ഞ രണ്ടു പേര്‍ സംഭവസ്ഥലത്തുതന്നെ മരണപ്പെട്ടിരുന്നു.

മാധ്യമം

ഇനിയെങ്കിലും നിര്‍ത്തരുതോ കുല്‍സിത പ്രചാരണം?

Friday, November 13, 2009
ലൌ ജിഹാദ് എന്ന പേരില്‍ സംഘടനയോ പ്രസ്ഥാനമോ സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്നില്ലെന്ന് ഡി.ജി.പി ജേക്കബ് പുന്നൂസ് വിശദമായ അന്വേഷണ റിപ്പോര്‍ട്ടുകളുടെ പിന്‍ബലത്തോടെ ഒരിക്കല്‍കൂടി കേരള ഹൈക്കോടതിയെ അറിയിച്ചതോടെ സാമൂഹിക ജീവിതത്തെ കലുഷമാക്കാന്‍ തല്‍പരകക്ഷികള്‍ ഏതാനും ആഴ്ചകളായി ആഘോഷമാക്കിയ ഒരസംബന്ധത്തിന് പൂര്‍ണ വിരാമമിടാന്‍ സമയമായിരിക്കുന്നു. രണ്ടു മുസ്ലിം യുവാക്കള്‍ അന്യമതസ്ഥരായ രണ്ടു യുവതികളെ പ്രേമിച്ച് വിവാഹം ചെയ്യുകയും അവര്‍ മതം മാറുകയും ചെയ്തതിനെ തുടര്‍ന്നുയര്‍ന്ന കോലാഹലങ്ങളാണ് ലൌ ജിഹാദും റോമിയോ ജിഹാദുമായി മാധ്യമങ്ങളില്‍ അരങ്ങ് തകര്‍ത്തത്. വര്‍ഗീയ ഫാഷിസ്റ്റ് ശക്തികള്‍ കലക്കുവെള്ളത്തില്‍നിന്ന് മീന്‍പിടിക്കാന്‍ വേണ്ടത്ര പണിയെടുത്തപ്പോള്‍ തന്നെ, ചില ജാതിസംഘടനകളും പുരോഹിത പ്രമുഖരും ഭവിഷ്യത്തോര്‍ക്കാതെ ഈ നിഴല്‍ യുദ്ധത്തില്‍ പങ്കാളികളാവുകകൂടി ചെയ്തുകളഞ്ഞു. രാജ്യത്തേറ്റവും വലിയ മതന്യൂനപക്ഷത്തിന്റെ വിശ്വാസാദര്‍ശങ്ങളുമായി അഭേദ്യബന്ധമുള്ള ഒരു പദപ്രയോഗത്തെ അസ്ഥാനത്തും അടിസ്ഥാനരഹിതമായും ദുരുപയോഗപ്പെടുത്തുമ്പോള്‍ അത് സൃഷ്ടിച്ചേക്കാവുന്ന തെറ്റിദ്ധാരണകളെയും വൈകാരിക പ്രത്യാഘാതങ്ങളെയും കുറിച്ച് ഇറങ്ങിക്കളിച്ചവരാരും നിമിഷനേരം ആലോചിച്ചില്ലെന്നതാണ് ഏറ്റവും നിര്‍ഭാഗ്യകരം. കാമുകിമാരെ തട്ടിക്കൊണ്ടുപോയി മതംമാറ്റി എന്ന പരാതി പരിഗണിക്കേ 'ലൌ ജിഹാദ്' നെ കുറിച്ച് അന്വേഷിക്കാന്‍ ഹൈക്കോടതി ഡി.ജി.പിക്ക് ഉത്തരവ് നല്‍കുകകൂടി ചെയ്തപ്പോള്‍ വിഷലിപ്ത പ്രചാരണത്തിന് 'ആധികാരികത'യും കൈവന്നു. എന്നാല്‍, ലൌ ജിഹാദ് എന്ന പദപ്രയോഗം തടയണമെന്നാവശ്യപ്പെട്ട് അസോസിയേഷന്‍ ഫോര്‍ ഹ്യൂമന്‍ റൈറ്റ്സ് സെക്രട്ടറി സമര്‍പ്പിച്ച ഹരജി പരിഗണിക്കേ ജസ്റ്റിസ് കെ.ടി. ശങ്കരന്‍, പ്രസ്തുത പദപ്രയോഗം കോടതി കണ്ടെത്തിയതല്ലെന്ന് വ്യക്തമാക്കിക്കഴിഞ്ഞ സാഹചര്യത്തില്‍ കോടതിയെ ഇനിമേല്‍ ഈ പ്രൊപഗണ്ടയില്‍ കക്ഷിചേര്‍ക്കാനുള്ള നീക്കങ്ങള്‍ക്കും തടയിടപ്പെടേണ്ടതാണ്. പരാതി മുന്നില്‍ വന്നപ്പോള്‍ ഇത്തരത്തിലുള്ള ഒരു സംഘടന പ്രവര്‍ത്തിക്കുന്നുണ്ടോ എന്നും ഉണ്ടെങ്കില്‍ ആരാണതിന്റെ പിന്നിലെന്നും അന്വേഷിക്കാന്‍ പൊലീസ് മേധാവിയോട് ആവശ്യപ്പെടുക മാത്രമാണ് കോടതി ചെയ്തതെന്ന് വിശദീകരിക്കപ്പെട്ടിരിക്കുന്നു. കോടതി നിര്‍ദേശപ്രകാരം നടന്ന അന്വേഷണത്തില്‍ ലഭിച്ച 18 ജില്ലാ പൊലീസ് അധികൃതരുടെ റിപ്പോര്‍ട്ടുകള്‍ ഡി.ജി.പി മുദ്രവെച്ച് കോടതിക്ക് കൈമാറിയിട്ടുണ്ട്. അതില്‍ 15 എണ്ണത്തിലും ലൌ ജിഹാദ് എന്നപേരില്‍ സംസ്ഥാനത്ത് ഒരു സംഘടന പ്രവര്‍ത്തിക്കുന്നതിന് തെളിവുകളില്ലെന്ന് വ്യക്തമാക്കിയതായാണ് സൂചന. മൂന്നെണ്ണത്തില്‍ മാത്രം ചില സംഘടനകള്‍ പ്രേമം നടിച്ച് ചതിവായ മാര്‍ഗങ്ങളിലൂടെ മതംമാറ്റത്തിനായി ആസൂത്രിത ശ്രമം നടത്തുന്നുവെന്ന് ചില കീഴുദ്യോഗസ്ഥന്മാര്‍ നല്‍കിയ റിപ്പോര്‍ട്ടുകള്‍ പരാമര്‍ശിക്കപ്പെട്ടിരിക്കുന്നു. അതിനുതന്നെ തെളിവുകളുടെ പിന്‍ബലമില്ലെന്നും ചൂണ്ടിക്കാണിക്കപ്പെട്ടിട്ടുണ്ട്. ഇനി രാജ്യത്തൊട്ടാകെ പ്രണയം നടിച്ച് ഹിന്ദു^ക്രിസ്ത്യന്‍ യുവതികളെ വശത്താക്കി മതപരിവര്‍ത്തനം ചെയ്യിക്കുന്ന സംഘടനകളുണ്ടോ എന്നന്വേഷിക്കുന്ന കേന്ദ്ര രഹസ്യാന്വേഷണ ഏജന്‍സിയുടെ അന്തിമ റിപ്പോര്‍ട്ടുകൂടി കോടതിക്ക് ലഭിക്കേണ്ടതുണ്ട്. കിട്ടിയ വിവരങ്ങളനുസരിച്ച് അങ്ങനെയൊന്നില്ലെന്ന് അഡീഷനല്‍ സോളിസിറ്റര്‍ ജനറല്‍ ബോധിപ്പിച്ചിരുന്നതാണ്. വിശദമായ അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ഇപ്പോള്‍ രണ്ടാഴ്ച സമയമാവശ്യപ്പെട്ടിരിക്കുകയാണ് അഡീഷനല്‍ സോളിസിറ്റര്‍ ജനറല്‍. കോടതി അതനുവദിച്ചിരിക്കുന്നു.
ഒറ്റപ്പെട്ട സംഭവങ്ങള്‍ നടന്നിട്ടുണ്ട്, നടക്കുന്നുമുണ്ട് എന്നുതന്നെയാണ് കരുതേണ്ടത്. അതുപക്ഷേ, ഒരു പ്രത്യേക സമുദായത്തില്‍മാത്രം നടക്കുന്നതല്ലെന്ന് പരക്കെ അറിവുള്ളതാണ്. കാമ്പസുകള്‍ക്കകത്തും പുറത്തും നിര്‍ബാധം തുടരുന്ന സ്ത്രീ^പുരുഷ സമ്പര്‍ക്കങ്ങള്‍ പ്രണയബന്ധങ്ങളിലും വിവാഹങ്ങളിലും മതംമാറ്റങ്ങളിലുമൊക്കെ കലാശിക്കുന്നത് പുതുമയുള്ള കാര്യമല്ല. ഇന്നോ ഇന്നലെയോ തുടങ്ങിയതുമല്ല. അതിന്റെപേരില്‍ ഒരു പ്രത്യേക മതത്തെയും മതസമുദായത്തെയും പ്രതിക്കൂട്ടില്‍ കയറ്റാനുള്ള കുല്‍സിത ശ്രമം മതനിരപേക്ഷ ജനാധിപത്യ സമൂഹത്തിന് ചേര്‍ന്നതാണോ, പ്രകൃതി സഹജമായ മാനുഷിക ബന്ധങ്ങള്‍ക്ക് വര്‍ഗീയ വര്‍ണം പകരുന്നത് പരിഷ്കൃത സമൂഹത്തിന് ഭൂഷണമാണോ, സ്വതേ സ്ഫോടനാത്മക സാമുദായിക ധ്രുവീകരണ ശ്രമങ്ങള്‍ രാജ്യത്തിന്റെ സ്വൈരം കെടുക്കെ പുതിയ സംഭാവനകള്‍കൂടി ആപത്കരമായ ഈ പ്രവണതകള്‍ക്ക് നല്‍കേണ്ടതുണ്ടോ എന്നൊക്കെയാണ് വിവേകശാലികള്‍ ആലോചിക്കേണ്ടത്. തലമുറകളെ അച്ചടക്കത്തിന്റെയും സദാചാരത്തിന്റെയും ആരോഗ്യകരമായ അന്തരീക്ഷത്തില്‍ വളര്‍ത്തിയെടുക്കാന്‍ വിദ്യാഭ്യാസത്തിലൂടെയും ബോധവത്കരണത്തിലൂടെയും ശ്രമിക്കുന്നതിന് പകരം വഴിവിട്ട ബന്ധങ്ങള്‍ക്ക് വര്‍ഗീയവര്‍ണം നല്‍കിയതുകൊണ്ട് സമൂഹത്തിന് ഒരു നേട്ടവും കൈവരിക്കാനാവില്ല. പ്രശ്നത്തിന്റെ മര്‍മം കണ്ടെത്തുന്നതിലും അവധാനപൂര്‍വമായ പരിഹാരം ആരായുന്നതിലും ചില മതപുരോഹിതര്‍പോലും പരാജയപ്പെടുന്നില്ലേ എന്നവര്‍ ആത്മപരിശോധന നടത്തണം.

മാധ്യമം

Wednesday, November 11, 2009

'ലൌ ജിഹാദ്' പ്രവര്‍ത്തനമില്ല: ഡി.ജി.പി

കൊച്ചി: 'ലൌ ജിഹാദ്' എന്ന പേരില്‍ സംഘടനയോ പ്രസ്ഥാനമോ സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്നില്ലെന്ന് ഡയറക്ടര്‍ ജനറല്‍ ഓഫ് പൊലീസ് ജേക്കബ് പുന്നൂസ് ഹൈക്കോടതിയെ അറിയിച്ചു. കോടതി നിര്‍ദേശപ്രകാരം സമര്‍പ്പിച്ച അധിക വിശദീകരണപത്രികയിലാണ് ഇക്കാര്യം ആവര്‍ത്തിച്ച് വ്യക്തമാക്കിയത്.

'ലൌ ജിഹാദി'ന്റെ പ്രവര്‍ത്തനം സംസ്ഥാനത്ത് ഇല്ലെന്ന് വ്യക്തമാക്കി നേരത്തേ സമര്‍പ്പിച്ച റിപ്പോര്‍ട്ട് പരിഗണിച്ചാണ് കൂടുതല്‍ വിശദീകരണമുണ്ടെങ്കില്‍ നല്‍കാന്‍ കോടതി നിര്‍ദേശിച്ചത്. നേരത്തേ സമര്‍പ്പിച്ച പത്രികക്ക് ആധാരമാക്കിയ ജില്ലാ പൊലീസ് മേധാവികളുടെ റിപ്പോര്‍ട്ടുകള്‍ മുദ്രവെച്ച കവറില്‍ ഹൈക്കോടതിക്ക് കൈമാറുകയും ചെയ്തു. എന്നാല്‍, കേസില്‍ വിശദീകരണം നല്‍കുന്നതിന് കേന്ദ്ര സര്‍ക്കാറിനുവേണ്ടി ഇന്റലിജന്‍സ് ബ്യൂറോ ഡയറക്ടര്‍ രണ്ടാഴ്ചത്തെ സമയം ആവശ്യപ്പെട്ടു. തുടര്‍ന്ന് കേസ് ഡിസംബര്‍ ഒന്നിന് പരിഗണിക്കാനായി ജസ്റ്റിസ് കെ.ടി.ശങ്കരന്‍ മാറ്റി.
കീഴുദ്യോഗസ്ഥരില്‍നിന്ന് രേഖാമൂലവും വാക്കാലും ലഭിച്ച റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തിലാണ് വിശദീകരണ പത്രിക നല്‍കിയതെന്ന് ഡി.ജി.പി വിശദീകരിച്ചു. വാക്കാലുള്ള വിശദീകരണം പിന്നീട് രേഖാമൂലം നല്‍കുകയും ചെയ്തിരുന്നു.

ഈ വിവരങ്ങളില്‍നിന്ന് ലഭിച്ച സൂചനകള്‍ പ്രകാരം 'ലൌ ജിഹാദ്' എന്ന പേരില്‍ എന്തെങ്കിലും പ്രവര്‍ത്തനം സംസ്ഥാനത്ത് നടക്കുന്നുവെന്നതിന് വ്യക്തമായതും നിലനില്‍ക്കുന്നതുമായ തെളിവുകളില്ല. കോടതി ഉന്നയിച്ച ചില ചോദ്യങ്ങള്‍ക്ക് കൃത്യമായ മറുപടി നല്‍കുന്നതിന് റിപ്പോര്‍ട്ടുകളില്‍ വിശ്വസീനയ തെളിവുകളൊന്നുമില്ല.
എന്നാല്‍, ചില സംഘടനകള്‍ പ്രേമംനടിച്ച് ചതിവായ മാര്‍ഗങ്ങളിലൂടെ മതംമാറ്റത്തിനായി ആസൂത്രിത ശ്രമം നടത്തുന്നുവെന്ന് ചില കീഴുദ്യോഗസ്ഥര്‍ നല്‍കിയ റിപ്പോര്‍ട്ടുകളില്‍ സൂചനയുണ്ട്. 18 റിപ്പോര്‍ട്ടുകളില്‍ മുന്നെണ്ണത്തിലാണിത്. 16 മുതല്‍ 18 വരെയായാണ് ഈ റിപ്പോര്‍ട്ടുകള്‍ മുദ്രവെച്ച കവറില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. കോടതി ഉന്നയിച്ച ചില ചോദ്യങ്ങളെ സംബന്ധിച്ചിടത്തോളം ഇവയുടെ ഉള്ളടക്കം പ്രധാനമാണ്.

എന്നാല്‍, സൂചനകള്‍ക്ക് ഉപോത്ബലകമായ തെളിവുകളൊന്നുമില്ല. നേരത്തേ നല്‍കിയ പത്രികയിലും ഇക്കാര്യം സൂചിപ്പിച്ചിരുന്നതായി അധികവിശദീകരണ പത്രികയില്‍ പറയുന്നു.
ചില കേന്ദ്രങ്ങള്‍ നല്‍കുന്ന സൂചനകളുടെ അടിസ്ഥാനത്തിലുള്ളതാണ് ഇത്തരം റിപ്പോര്‍ട്ടുകള്‍. സാധാരണ നിലയില്‍ പറഞ്ഞുകേള്‍ക്കുന്ന വിവരങ്ങളുടെ അടിസ്ഥാനത്തിലാകും ഇത് തയാറാക്കുക. നേരിട്ടുള്ള തെളിവുകള്‍ ഇതിന് ഉപോത്ബലകമായി ഉണ്ടാകാന്‍ ഇടയില്ല. ഇത്തരം റിപ്പോര്‍ട്ടുകള്‍ പരിശോധിച്ച് മറ്റ് നിലനില്‍ക്കുന്ന തെളിവുകളുടെ അടിസ്ഥാനത്തില്‍ സാധൂകരിക്കേണ്ടതുണ്ട്. നിര്‍ബന്ധിത മതപരിവര്‍ത്തനം സംബന്ധിച്ച ആരോപണം സംശയരഹിതമായി തെളിയിക്കാന്‍ മതിയായ തെളിവുകള്‍ ഇനിയും ലഭിച്ചിട്ടില്ല. എങ്കിലും റിപ്പോര്‍ട്ടിന്റെ ഉള്ളടക്കം സംബന്ധിച്ച് കൂടുതല്‍ അന്വേഷണം ആവശ്യമുണ്ടെന്നും ഡി.ജി.പിയുടെ പത്രികയില്‍ പറയുന്നു.
രാജ്യം മുഴുവന്‍, പ്രണയം നടിച്ച് നിര്‍ബന്ധിത മതപരിവര്‍ത്തനം നടത്തുന്നുണ്ടോ എന്നത് സംബന്ധിച്ച് അന്വേഷണം നടത്തുന്നുണ്ടെന്നും രണ്ടാഴ്ച കൂടി ഇതിന് സമയം അനുവദിക്കണമെന്നുമാണ് ഇന്റലിജന്‍സ് ബ്യൂറോക്കുവേണ്ടി അസിസ്റ്റന്റ് സോളിസിറ്റര്‍ ജനറല്‍ ആവശ്യപ്പെട്ടത്.
പ്രണയം നടിച്ച് നിര്‍ബന്ധിത മതപരിവര്‍ത്തനത്തിന് പ്രേരിപ്പിച്ചുവെന്ന കേസില്‍ പത്തനംതിട്ട സ്വദേശികളായ ഷഹന്‍ ഷാ, സിറാജുദ്ദീന്‍ എന്നിവര്‍ സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷയാണ് കോടതിയുടെ പരിഗണനയിലുള്ളത്.

മാധ്യമം

കണ്ണൂര്‍ സംഭവങ്ങള്‍ ജനാധിപത്യ വ്യവസ്ഥയോടുള്ള വെല്ലുവിളി -ഒ. രാജഗോപാല്‍

ലവ്‌ ജിഹാദ്‌ കോടതി ഒരു നിഗമനത്തിലും എത്തിയിട്ടില്ല: ജസ്റ്റിസ്‌ ശങ്കരന്‍

ലവ്‌ ജിഹാദ്‌: പൂര്‍ണ തെളിവുകള്‍ ഇല്ലെന്ന്‌ ഡി.ജി.പി

കോടതിയുടെ `ലൗ ജിഹാദ്‌', വാരികയുടേതും

വെള്ളാപ്പള്ളിയുടെ ജിഹാദ്‌, സഭയുടേതും

Friday, November 6, 2009

മലയാള കവിതയുമായി ഹന്നാ യാസിര്‍ - VidoEmo - Emotional Video Unity

മലയാള കവിതയുമായി ഹന്നാ യാസിര്‍ - VidoEmo - Emotional Video Unity

യാസിര്‍ വധം: വെറുതെവിട്ട ആറു പ്രതികള്‍ക്ക് ജീവപര്യന്തം

Friday, November 6, 2009
കൊച്ചി: മലപ്പുറം തിരൂരിലെ യാസിറിനെ കൊലപ്പെടുത്തിയ കേസില്‍ സെഷന്‍സ് കോടതി വെറുതെ വിട്ട പ്രതികളില്‍ ആറു പേരെ ഹൈക്കോടതി ശിക്ഷിച്ചു. ഒരു പ്രതിയെ വെറുതെവിട്ട കീഴ്കോടതി നടപടി ശരിവെച്ചു. ആറുപ്രതികള്‍ക്കും ജീവപര്യന്തം തടവും 35,000 രൂപ വീതം പിഴയുമാണ് ശിക്ഷ.
കേസിലെ ഒന്നു മുതല്‍ മൂന്നുവരെ പ്രതികളായ മലപ്പുറം തൃക്കണ്ടിയൂര്‍ മഠത്തില്‍ നാരായണന്‍, തലക്കാട് ഇരുനലത്ത്കണ്ടി രവീന്ദ്രന്‍ എന്ന രവി, തലക്കാട് കപ്പല്‍പടി സുനില്‍കുമാര്‍ എന്ന സുനില്‍, ആറാം പ്രതി തലക്കാട് മനോജ് കുമാര്‍ എന്ന മനോജ്, ഏഴാം പ്രതി കൊല്ലം എടമല കുറ്റിവിളയില്‍ ശിവപ്രസാദ്, എട്ടാംപ്രതി നിറമരുതൂര്‍ കൂലിപ്പറമ്പില്‍ നന്ദകുമാര്‍ എന്നിവരെയാണ് ഹൈക്കോടതി ശിക്ഷിച്ചത്. അഞ്ചാംപ്രതി തലക്കാട് നിറത്താല ബാലകൃഷ്ണനെ വെറുതെവിട്ട നടപടി ശരിവെച്ചു.
കേസിലെ നാലാം പ്രതി പുതുപ്പള്ളി അംശത്തില്‍ ചന്ദനപ്പറമ്പില്‍ സുരേന്ദ്രന്‍ എന്ന സുര ഒളിവിലാണ്. പ്രതികളെല്ലാവരും ആര്‍.എസ്.എസ് പ്രവര്‍ത്തകരാണ്. പ്രതികളെ വെറുതെവിട്ട നടപടി ചോദ്യംചെയ്ത് സംസ്ഥാന സര്‍ക്കാര്‍ സമര്‍പ്പിച്ച അപ്പീല്‍, കൊല്ലപ്പെട്ട യാസിറിന്റെ ഭാര്യ തിരൂര്‍ പൊന്മുണ്ട സുമയ്യ സമര്‍പ്പിച്ച റിവിഷന്‍ ഹരജി, പ്രതികൂല പരാമര്‍ശങ്ങള്‍ നീക്കാന്‍ അന്വേഷണ ഉദ്യോഗസ്ഥന്‍ സമര്‍പ്പിച്ച ഹരജി എന്നിവ പരിഗണിച്ചാണ് ജസ്റ്റിസ് കെ.ബാലകൃഷ്ണന്‍ നായര്‍, ജസ്റ്റിസ് പി.ഭവദാസന്‍ എന്നിവരുള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ചിന്റെ വിധി. പ്രതികളെ വെറുതെവിട്ട മഞ്ചേരി അഡീഷനല്‍ സെഷന്‍സ് കോടതിയുടെ നടപടി ഡിവിഷന്‍ ബെഞ്ച് അതിനിശിതമായി വിമര്‍ശിച്ചു. പ്രതികളെ കുറ്റകൃത്യവുമായി ബന്ധിപ്പിക്കാന്‍ പ്രോസിക്യൂഷന് കഴിഞ്ഞിട്ടില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് സെഷന്‍സ് കോടതി എല്ലാവരെയും വിട്ടയച്ചത്. പൊലീസിനെതിരായ പ്രതികൂല പരാമര്‍ശങ്ങളും നീക്കി.
പിഴ അടച്ചില്ലെങ്കില്‍ രണ്ടുവര്‍ഷം കഠിന തടവുകൂടി അനുഭവിക്കണം. പിഴ സംഖ്യയില്‍ 1.25 ലക്ഷം രൂപ സുമയ്യക്കും മക്കള്‍ക്കും നല്‍കാനും 25,000 രൂപ സംഭവത്തില്‍ പരിക്കേറ്റ അബ്ദുല്‍ അസീസിന് നല്‍കണമെന്നും ഉത്തരവില്‍ നിര്‍ദേശിച്ചിട്ടുണ്ട്.
1998 ആഗസ്റ്റ് 17ന് രാത്രിയാണ് സംഭവം. സ്വര്‍ണപ്പണിക്കാരനായ അയ്യപ്പനാണ് മതം മാറി യാസിറായത്. ഇയാള്‍ക്കൊപ്പം ജോലി ചെയ്തിരുന്ന ബാബുവാണ് മതം മാറി അബ്ദുല്‍ അസീസ് എന്ന പേര് സ്വീകരിച്ചത്. ഇവര്‍ മതം മാറിയതിലും മറ്റുമുള്ള വിരോധം നിമിത്തം പ്രതികള്‍ കൃത്യം നടത്തിയെന്നാണ് പ്രോസിക്യൂഷന്‍ കേസ്.
17ന് രാത്രി സുമയ്യയെ ഹോമിയോ ഡോക്ടറെ കാണിച്ചശേഷം യാസിറും അബ്ദുല്‍ അസീസും വീട്ടില്‍ മടങ്ങി എത്തിയപ്പോള്‍ മൂന്നംഗ സംഘം വീട്ടിലെത്തിയതായും ഒരാള്‍ ജനാലവഴി ഒളിഞ്ഞുനോക്കിയതായും കുട്ടികള്‍ ഇവരോട് പറഞ്ഞു. ആരാണെന്ന് തെരയാന്‍ ഇരുവരും പുറത്തേക്ക് പോയി. പിറ്റേന്ന് രാവിലെ പഴങ്ങുളങ്ങ കവലയില്‍ രണ്ടുപേര്‍ പരിക്കേറ്റ് കിടക്കുന്നെന്ന ഫോണ്‍ സന്ദേശം ഫയര്‍ഫോഴ്സിനാണ് ലഭിച്ചത്. യാസിറും അബ്ദുല്‍ അസീസുമാണ് ഇതെന്ന് പിന്നീട് തിരിച്ചറിഞ്ഞു. ഇരുവരെയും ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും യാസിര്‍ മരിച്ചിരുന്നു.
പ്രത്യേക സംഘം രൂപവത്കരിച്ചാണ് അന്വേഷണം നടത്തിയത്.പ്രോസിക്യൂഷനുവേണ്ടി ഗവണ്‍മെന്റ് പ്ലീഡര്‍ നോബിള്‍ മാത്യു, സുമയ്യക്കുവേണ്ടി അഭിഭാഷകരായ സി.കെ.ശ്രീധരന്‍, സണ്ണി മാത്യു, അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന ഡിവൈ.എസ്.പി വി.പി.രാധാകൃഷ്ണനുവേണ്ടി അഡ്വ.ബാബു എസ്.നായര്‍ എന്നിവര്‍ ഹാജരായി.

Madhyamam Daily

ആവര്‍ത്തിക്കുന്ന ദുരന്തങ്ങള്‍ അനാസ്ഥയുടെ ബാക്കിപത്രം

Friday, November 6, 2009
മലപ്പുറം ജില്ലയിലെ മൂര്‍ക്കനാട് സുബുലുസ്സലാം ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ പ്ലസ്വണ്‍, പ്ലസ്ടു വിദ്യാര്‍ഥികളായ എട്ടു പേരെ ബുധനാഴ്ച വൈകീട്ട് ചാലിയാര്‍ പുഴ വിഴുങ്ങിയതോടെ കേരളം ഒരിക്കല്‍കൂടി ജലദുരന്തങ്ങളുടെ തുടര്‍ക്കഥക്ക് ചെവിയോര്‍ക്കേണ്ടിവന്നു. 45 ജീവന്‍ അപഹരിച്ച തേക്കടി ബോട്ടപകടത്തിന്റെ അലയൊലികള്‍ അടങ്ങുംമുമ്പേയാണ് പുളിക്കല്‍ കടവിലെ ചെറിയ തോണിയില്‍ തുഴച്ചില്‍കാരന്റെ മുന്നറിയിപ്പ് അവഗണിച്ച് തിക്കിത്തിരക്കിക്കയറിയ അറുപതോളം സ്കൂള്‍ കുട്ടികളെ ഹതവിധി പുഴയിലാഴ്ത്തിയതും അവരില്‍ ഒരു പെണ്‍കുട്ടിയടക്കം എട്ടു പേര്‍ക്ക് ജീവിതത്തോട് എന്നന്നേക്കുമായി വിടപറയേണ്ടിവന്നതും. പതിവ് കടവില്‍ പതിവ് തോണിയില്‍ സര്‍വ പരിധികളും ലംഘിച്ച് സമയലാഭം മാത്രം ലാക്കാക്കി കയറിപ്പറ്റിയ പതിനാറും പതിനേഴും മാത്രം പ്രായമായ കുട്ടികളോര്‍ത്തില്ല നിസ്സാരമായൊരു ചാഞ്ചാട്ടം മതി തങ്ങളുടെ ഭൌതിക ജീവിതത്തിന് വിരാമമിടാന്‍ എന്ന്. കയറുമ്പോള്‍ അവരുടെ എണ്ണം പരിമിതപ്പെടുത്താനോ, തോണി ചരിഞ്ഞുലയാത്തവണ്ണം ഇരുത്താനോ മുതിര്‍ന്നവരാരും രംഗത്തുണ്ടായിരുന്നില്ല. അപ്രതീക്ഷിത ദുരന്തങ്ങളില്‍ പൊടുന്നനെ രക്ഷക്കെത്താനുള്ള ഒരുവിധ സന്നാഹങ്ങളും പരിസരത്തുപോലും ഇല്ലായിരുന്നു. വിവരമറിഞ്ഞപ്പോള്‍ മണല്‍ത്തൊഴിലാളികളും നാട്ടുകാരും അതിജാഗ്രതയോടെ രംഗത്തെത്തി രക്ഷാപ്രവര്‍ത്തനങ്ങളിലേര്‍പ്പെട്ടിരുന്നില്ലെങ്കില്‍ തേക്കടിയിലേതിനോളമോ അതില്‍കൂടുതലോ കൂട്ടമരണങ്ങള്‍ക്ക് കേരളം സാക്ഷ്യം വഹിക്കേണ്ടിവരുമായിരുന്നു. നൊടിയിടക്കുള്ളില്‍ ജീവന്‍ വെടിഞ്ഞ അരുമമക്കളെയോര്‍ത്ത് കുടുംബങ്ങള്‍ കണ്ണീര്‍വാര്‍ക്കുന്നു. കൂട്ടുകാര്‍ നെടുവീര്‍പ്പിടുന്നു. മന്ത്രിമാരും ജനപ്രതിനിധികളും ഉദ്യോഗസ്ഥരും സംഘടനകളും സമൂഹമാകെയും അനുശോചിക്കുന്നു. മണിക്കൂറുകള്‍ക്കോ ദിവസങ്ങള്‍ക്കോ ശേഷം എല്ലാം ചരിത്രത്തിന്റെ ഭാഗമാവുന്നു. ജീവിതം മറ്റെല്ലായിടത്തുമെന്നപോലെ മൂര്‍ക്കനാട്ടിലും സാധാരണനില പ്രാപിക്കുന്നു, ഇടവേളക്കുശേഷം പുതിയ ജലദുരന്തവാര്‍ത്ത കേട്ട് ഞെട്ടാന്‍.
കടവുകളിലെയും ജലഗതാഗത കേന്ദ്രങ്ങളിലെയും സുരക്ഷ ഉറപ്പാക്കുന്നതിന് എന്തു ചെയ്യണമെന്ന് നിര്‍ദേശിക്കാന്‍ ഒരന്വേഷണ ഏജന്‍സിയുടെയും ആവശ്യമില്ല. ദുരന്താന്വേഷണ കമീഷനുകളുടെ ശിപാര്‍ശകള്‍ വേണ്ടത്ര സ്റ്റോക്കുണ്ടുതാനും. കൂടുതല്‍ പേരെ വഹിക്കാന്‍ ചെറിയ തോണികളോ ബോട്ടുകളോ ഉപയോഗിക്കരുത്, ശേഷിയില്‍ കവിഞ്ഞ യാത്രക്കാരെ ഒരു കാരണവശാലും കയറ്റരുത്, തോണിയുടെ അഥവാ ബോട്ടിന്റെ നിര്‍മിതി കുറ്റമറ്റതാവണം, പരിചയസമ്പന്നരായ തുഴച്ചില്‍കാര്‍ വേണം തോണിയില്‍, അപകടത്തില്‍പെട്ടാല്‍ നിമിഷം വൈകാതെ രക്ഷാപ്രവര്‍ത്തനങ്ങള്‍ സുസാധ്യമാക്കാന്‍ സന്നാഹങ്ങള്‍ വേണം തുടങ്ങിയ കാര്യങ്ങളൊക്കെ ഇപ്പോള്‍ ഏതു കുട്ടിക്കും മനഃപാഠമാണ്. പക്ഷേ, ഒന്നും നടപ്പാക്കാനുള്ള ഇച്ഛാശക്തിയോ താല്‍പര്യമോ അധികൃതര്‍ക്കില്ല, നാട്ടുകാര്‍ അതിനവരെ നിര്‍ബന്ധിക്കുന്നുമില്ല എന്നതാണ് അടിസ്ഥാന പ്രശ്നം. മൂര്‍ക്കനാട് സ്കൂളിലെ വിദ്യാര്‍ഥികള്‍ക്ക് റോഡുവഴി നാലു കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ അരീക്കോട്ടെത്താം. അതിന് വാഹനങ്ങളുണ്ട്, ഇല്ലെങ്കില്‍ ഏര്‍പ്പെടുത്താവുന്നതേയുള്ളൂ. സര്‍ക്കാര്‍ സ്കൂളുകളിലടക്കം ഇപ്പോള്‍ പി.ടി.എ മുന്‍കൈയെടുത്ത് ബസുകളോട്ടുന്നുണ്ട്. സുരക്ഷിതമായ ഈ ബദല്‍ സംവിധാനം വേണ്ടെന്നുവെക്കുമ്പോള്‍, കടവ് തോണിയുടെ കാര്യത്തില്‍ ആവശ്യമായ കരുതല്‍ നടപടികളെടുക്കാതെ പോയതാണ് എട്ടു കുടുംബങ്ങളെയെങ്കിലും തീരാദുഃഖത്തിലാഴ്ത്തിയ അപകടത്തിനു പിന്നില്‍. ഇനിമേല്‍ ദുരന്തങ്ങള്‍ സംഭവിക്കാതിരിക്കാന്‍ മൂര്‍ക്കനാട് സ്കൂളില്‍ മാത്രമല്ല പ്രതിവിധികള്‍ സ്വീകരിക്കേണ്ടത്, സംസ്ഥാനത്തൊട്ടാകെയാണ്. സ്കൂള്‍ കുട്ടികളുടെ കാര്യത്തില്‍ പോരാ മുഴുവന്‍ മനുഷ്യരുടെയും സുരക്ഷിത യാത്രക്കുള്ള സംവിധാനങ്ങള്‍ പരമാവധി സ്വീകരിക്കുകയാണ് ഭരണാധികാരികളും ജനങ്ങളും വേണ്ടത്. അനാസ്ഥയും അലംഭാവവും നിരുത്തരവാദിത്തവും മൂലമുണ്ടാവുന്ന ദുരന്തങ്ങള്‍ പ്രകൃതിപരമല്ല മനുഷ്യനിര്‍മിതമാണ്. പരിഹാരവും മനുഷ്യന്‍തന്നെ കാണണം.

Madhyamam Daily

പിതാവ് ഉപേക്ഷിച്ചു, ദൈവം രക്ഷിച്ചു

Friday, November 6, 2009
തിരുവാരൂര്‍(തമിഴ് നാട്): നാട്ടുകാരുടെ പരിഹാസം ഭയന്ന് നവജാത ശിശുവിനെ പിതാവ് കനാലില്‍ ഉപേക്ഷിച്ചു. എന്നാല്‍ തണുത്ത കാലാവസ്ഥയും ഇടവിട്ടുളള മഴയും അതിജീവിച്ച് ആണ്‍കുഞ്ഞ് അത്ഭുതകരമായി രക്ഷപ്പെട്ടു. തിരുവാരൂരിലെ മഞ്ഞകോലായി ഗ്രാമത്തില്‍ നാലു കുട്ടികളുളള നാഗൂര്‍ മീരാനെന്ന 45 കാരനാണ് ഈ ക്രൂരകൃത്യം ചെയ്തത്. നാല്‍പ്പത്തഞ്ചാം വയസില്‍ അച്ഛനായതിനാല്‍ നാട്ടുകാര്‍ കളിയാക്കുമെന്ന കാരണം പറഞ്ഞ് ഭാര്യയെ പ്രസവത്തിനായി ആശുപത്രയില്‍ പ്രവേശിപ്പിച്ചില്ല. രക്തസ്രാവത്തെ തുടര്‍ന്ന് പ്രസവശേഷം അബോധാവസ്ഥയിലായ ഭാര്യ കാണാതെ നാഗൂര്‍ മീരാന്‍ കുഞ്ഞുമായി കടന്നുകളയുകയായിരുന്നു. ബോധം വന്നപ്പോള്‍ ചാപ്പിളയാണെന്ന് കളളവും പറഞ്ഞു. ശേഷം ഭാര്യയെ ആശുപത്രയില്‍ പ്രവേശിപ്പിച്ചു. കുഞ്ഞിനെ പറ്റി ആശുപത്രി അധികൃതര്‍ ആരാഞ്ഞപ്പോള്‍ ചാപ്പിളയായിരുന്നെന്നും കുഴിച്ചിട്ടെന്നും ഭര്‍ത്താവ് പറഞ്ഞതായി അവര്‍ പറഞ്ഞു. സംഭവത്തില്‍ സംശയം തോന്നി പോലീസില്‍ പരാതി നല്‍കി. ചോദ്യം ചെയ്യലിനിടെ നടന്ന സംഭവം നാഗൂര്‍ മീരാന്‍ വ്യക്തമാക്കുകയായിരുന്നു. ഇയാളുടെ 19 കാരിയായ മകള്‍ വിവാഹിതയും ഒരു കുഞ്ഞിന്റെ അമ്മയുമാണ്.


madhyamam Daily

അഫ്ഗാന്‍ ദൗത്യം പരാജയമെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി

Friday, November 6, 2009
ലണ്ടന്‍ : കഴിഞ്ഞ എട്ടു വര്‍ഷമായി ബ്രിട്ടന്റെ സഹായത്തോടെ അമേരിക്ക നടത്തിവരുന്ന അഫ്ഗാന്‍ ദൗത്യത്തിന്റെ അന്ത്യം പരാജയമാണെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി ഗോര്‍ഡന്‍ ബ്രൗണ്‍. ആദ്യമായാണ് അഫ്ഗാനില്‍ അന്താരാഷ്ട്ര സമൂഹത്തിന്റെ പ്രവര്‍ത്തനങ്ങള്‍ വിഫലമായെന്ന് അദ്ദേഹം സമ്മതിക്കുന്നത്. കഴിഞ്ഞ ആറു ദിവസത്തിനിടെ അഫ്ഗാനിലെ അഞ്ച് ബ്രിട്ടീഷ് സൈനികര്‍ കൊല്ലപ്പെടാനിടയായ സംഭവവുമായി ബന്ധപ്പെട്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

'ഈ ആക്രമണം നിര്‍ബന്ധമായിരുന്നു,ഒരിക്കലും അതൊരു തെരെഞ്ഞെടുപ്പായിരുന്നില്ല. സൈനിക ഗ്രൂപ്പുകളെ അണിനിരത്തുന്നതില്‍ നാം സംശയിക്കേണ്ടതില്ല. അസാധ്യമെന്നോ നിര്‍ബന്ധമില്ലാത്തതെന്നോ പറഞ്ഞ് മാറി നില്‍ക്കേണ്ടതുമില്ല'. ബ്രൗണ്‍ പറഞ്ഞു. അഫ്ഗാനില്‍ ജയത്തിന് സാധ്യത വിദൂരമാണെന്നാണ് ഭൂരിഭാഗം ബ്രിട്ടീഷ് വോട്ടര്‍മാരുടയും വിശ്വാസമെന്ന് ഇന്നലെ നടന്ന അഭിപ്രായ സര്‍വെ ചൂണ്ടിക്കാട്ടിയിരുന്നു

Thursday, November 5, 2009

ചങ്ങാതിമാര്‍ തിരക്കുകൂട്ടി; മരണക്കയത്തിലേക്ക്

Thursday, November 5, 2009
ഓടിക്കിതച്ച് ഞാന്‍ കടവിലെത്തുമ്പോള്‍ ചെറിയതോണിയില്‍ നിറയെ കുട്ടികള്‍, അറുപതു പേരെങ്കിലും ഉണ്ടാവും. ഞങ്ങളുടെ സ്കൂളില്‍ ഹയര്‍സെക്കന്‍ഡറി ക്ലാസുകള്‍ നാലേകാലിനാണ് അവസാനിക്കുക. ഞങ്ങള്‍ കടവിലെത്തുമ്പോഴേക്കും ചെറിയ ക്ലാസുകളിലെ കുട്ടികളൊക്കെ പോയിട്ടുണ്ടാവും. ഇന്നലെയും അങ്ങനെത്തന്നെ.

ചുറ്റിവളഞ്ഞ് പാലം കടന്ന് വീട്ടിലെത്താന്‍ മണിക്കൂര്‍ ഒന്നെങ്കിലും വേണം. തോണിയില്‍ പുഴ കടന്നാല്‍ അഞ്ചു മിനിറ്റുകൊണ്ട് വീടെത്താം. അതിനാല്‍ ഞങ്ങള്‍ അഞ്ഞൂറിലേറെപ്പേര്‍ ദിവസവും പുഴ കടന്നാണ് സ്കൂളിലേക്കുള്ള പോക്കും വരവും.
തോണിപ്പടികളിലിരുന്ന് ചങ്ങാതിമാര്‍ യാത്രപറഞ്ഞ് കൈവീശിയപ്പോള്‍ ഞാന്‍ കരയില്‍ത്തന്നെ നിന്നു. കാരണം, ഇനിയൊരാളെപ്പോലും കൊള്ളാത്തവിധം തോണി നിറഞ്ഞിരുന്നു.

തോണിക്കാരന്റെ ശബ്ദം: 'ആരെങ്കിലും കുറേപ്പേര്‍ ഇറങ്ങിക്കോളീ... ഇത്രയാളുമായി കടത്തു പറ്റൂല...'. അയാളുടെ ശബ്ദം പക്ഷേ, കുട്ടികളുടെ കലപിലകളില്‍ മുങ്ങിപ്പോയി. ആരും അതിനു ചെവികൊടുത്തില്ല.
പുറപ്പെടുമ്പോള്‍ തന്നെ കുട്ടികളുടെ എണ്ണക്കൂടുതല്‍ കാരണം തോണി വെള്ളം കയറാന്‍ പാകത്തില്‍ താഴ്ന്നിരുന്നു. അക്കരെയിക്കരെ കെട്ടിയ കയറില്‍ വലിച്ച് തോണി നീക്കുംമുമ്പ് തോണിക്കാരന്‍ ഒരിക്കല്‍ക്കൂടി ചോദിച്ചു: 'ആരേലും എറങ്ങുന്നോ കുട്ടികളേ...' ഒരു പെണ്‍കുട്ടി അപ്പോള്‍ എണീറ്റുനിന്നു. തോണി ഒന്നുലഞ്ഞു, അവള്‍ വീണ്ടും ഇരുന്നു. സഹപാഠികള്‍ നീങ്ങുന്നതും നോക്കി ഞാനും ചില ചങ്ങാതിമാരും കരക്കുനിന്നു.

ഒഴുക്കുകുറവുള്ള വേനല്‍കാലത്ത് ഞങ്ങളുടെ ഈ കടവില്‍ കെട്ടിയ കയറില്‍ വലിച്ചാണ് തോണി നീക്കുക. മഴക്കാലത്തേ തുഴച്ചില്‍ ഉള്ളൂ. ഇപ്പോള്‍ പുഴയില്‍ ഒഴുക്കു കുറവാണ്. പക്ഷേ, മണല്‍വാരല്‍ ഉള്ളതിനാല്‍ രണ്ടാള്‍ ആഴത്തിലെങ്കിലും വെള്ളം ഉണ്ട്.
പുഴയുടെ നടുക്ക് തോണി വല്ലാതെ ഉലയുന്നത് കരക്കുനിന്ന് ഞങ്ങള്‍ ചങ്കിടിപ്പോടെ കണ്ടു. പെണ്‍കുട്ടികള്‍ ചിലര്‍ ഉറക്കെ കരഞ്ഞു. അപായം മനസ്സിലാക്കിയ തോണിക്കാരന്‍ പുറപ്പെട്ട കരയിലേക്കുതന്നെ തിരിച്ചുകൊണ്ടുവരാന്‍ ഒരു വിഫല ശ്രമം നടത്തി. അറുപതാളുടെ ഭാരം കയറിയ തോണി കരക്കടുപ്പിക്കാന്‍ പകച്ചുപോയ അയാള്‍ക്കു കഴിഞ്ഞില്ല.

പെണ്‍കുട്ടികളുടെ കരച്ചില്‍ പെട്ടെന്ന് മൊത്തം കുട്ടികളുടെ ആര്‍ത്തനാദമായി. തോണി പൊടുന്നനെ ചരിഞ്ഞ് കുട്ടികള്‍ കൂട്ടത്തോടെ വെള്ളത്തില്‍ വീണു. പകച്ചുപോയ ഞാനും ചങ്ങാതിമാരും പുഴയിലേക്കുചാടി നീന്തി.
എത്രവേഗമാണ് പുഴക്കര കരച്ചിലിലും കണ്ണീരിലും മുങ്ങിയത്. നിലവിളികേട്ട് ഓടിയെത്തിയ നാട്ടുകാരും മണല്‍വാരുകയായിരുന്ന തോണിക്കാരും നീന്തിയെത്തി പലരേയും രക്ഷിച്ചു. ചാലിയാറിന്റെ ഓളങ്ങളില്‍ കളിച്ചുവളര്‍ന്ന ഞങ്ങളില്‍ പലര്‍ക്കും നീന്തല്‍ നല്ല വശമാണ്. അല്ലായിരുന്നെങ്കില്‍ മരണം ഇതില്‍ ഒതുങ്ങുമായിരുന്നില്ല. ഒരു കൂട്ടുകാരനെ ഞാന്‍ കരയിലേക്കു വലിച്ചു കയറ്റി. പക്ഷേ, അതിനിടയിലും കണ്ടു, മരണത്തിന്റെ കയത്തിലേക്ക് നിസ്സഹായതയോടെ മുങ്ങിപ്പോകുന്ന ചങ്ങാതിമാരെ. പാഠപുസ്തകങ്ങളും ബാഗുകളും അനാഥമായി പുഴയില്‍ പൊങ്ങിക്കിടന്നു.
കരച്ചിലില്‍ മുങ്ങിയ കരയില്‍ ഒടുവില്‍ രാത്രിയില്‍ ഞാന്‍ കണ്ടു; ആ തോണിക്കാരന്‍ തറയിലിരുന്ന് പൊട്ടിക്കരയുന്നു. വീടുപറ്റാന്‍ ഓടിക്കിതച്ചെത്തിയ നിഷ്കളങ്കരായ എന്റെ കൂട്ടുകാരെ നിയന്ത്രിച്ച് തോണിയില്‍ കയറ്റിവിടാന്‍ മുതിര്‍ന്ന ആരെങ്കിലും ഉണ്ടായിരുന്നെങ്കില്‍ എന്നാശിച്ചുപോകുന്നു. അതില്ലാതെ പോയതിനാലാണ് ഞങ്ങളുടെ കൂട്ടത്തില്‍ എട്ടുപേര്‍ ഇന്നലെ ആഴക്കയങ്ങളില്‍ ഒടുങ്ങിയത്.

Madhyamam Daily

തോണി മറിഞ്ഞ് എട്ടു വിദ്യാര്‍ഥികള്‍ മരിച്ചു

Thursday, November 5, 2009
അരീക്കോട് (മലപ്പുറം): തേക്കടി ദുരന്തത്തിന്റെ കണ്ണീര്‍ ആറുംമുമ്പേ നാടിനെനടുക്കി വീണ്ടും ജലദുരന്തം. സ്കൂള്‍വിട്ട് വീടുകളിലേക്ക് മടങ്ങുകയായിരുന്ന വിദ്യാര്‍ഥികള്‍ കയറിയ തോണി ചാലിയാറില്‍ മറിഞ്ഞ് പെണ്‍കുട്ടി ഉള്‍പ്പെടെ എട്ടുപേര്‍ മരിച്ചു. അരീക്കോടിനടുത്ത് മൂര്‍ക്കനാട് കടവിലാണ് ദുരന്തം.
മൂര്‍ക്കനാട് സുബുലുസ്സലാം ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ വിദ്യാര്‍ഥികളാണ് ദുരന്തത്തിനിരയായത്. ഇന്നലെ വൈകീട്ട് 4.40നാണ് അപകടം. 24 വിദ്യാര്‍ഥികള്‍ കയറിയ തോണി മൂര്‍ക്കനാട് കടവില്‍നിന്ന് അരീക്കോട് പുളിക്കല്‍ കടവിലേക്ക് പോവുകയായിരുന്നു. തോണി പുറപ്പെട്ട് പത്ത് മീറ്ററോളം അകലത്തില്‍ എത്തിയപ്പോഴാണ് അപകടം.

കടത്തുകാരന്‍ തോണിയില്‍ ഉണ്ടായിരുന്നെങ്കിലും പുഴക്ക് കുറുകെ കെട്ടിയ കയറില്‍പിടിച്ച് വിദ്യാര്‍ഥികള്‍തന്നെ ചാലിയാര്‍ കടക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് അപകടം. ചെറിയ തോണിയില്‍ കൂടുതല്‍ വിദ്യാര്‍ഥികളുമായി പോകുന്നതിനിടെ തോണി ഉലയുകയും കീഴ്മേല്‍ മറിയുകയുമായിരുന്നുവെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു. കടവിലുണ്ടായിരുന്നവരുടെ മുന്നറിയിപ്പുകള്‍ അവഗണിച്ച് തോണിയില്‍ കൂടുതല്‍ വിദ്യാര്‍ഥികള്‍ കയറിയതായും പറയുന്നു. പ്ലസ് വണ്‍ കമ്പ്യൂട്ടര്‍ സയന്‍സ് വിദ്യാര്‍ഥികളായ അരീക്കോട് കൊഴക്കോട്ടൂര്‍ പാടലശേãരി മാങ്ങാട്പറമ്പില്‍ അലിയുടെ മകള്‍ എം.പി ത്വയ്ബ (16), എടവണ്ണ പാലപ്പറ്റ ഇളയേടത്ത് അബ്ദുല്‍ കരീമിന്റെ മകന്‍ തൌഫീഖ് (16), കാവനൂര്‍ തോട്ടിലങ്ങാടി നെടുങ്കണ്ടത്തില്‍ കുഞ്ഞിമുഹമ്മദിന്റെ മകന്‍ കെ.സി ശമീം (16), അരീക്കോട് വെള്ളേരി മുഹമ്മദിന്റെ മകന്‍ ശിഹാബുദ്ദീന്‍ (16), അരീക്കോട് കീഴുപറമ്പ് കുനിയില്‍ കാഞ്ഞിരമറ്റം പുതുപറമ്പില്‍ മുഹമ്മദ് ശരീഫിന്റെ മകന്‍ മുഹമ്മദ് മുഷ്ഫിക് (16), പ്ലസ്ടു വിദ്യാര്‍ഥി കുനിയില്‍ എന്‍.വി. നാസറിന്റെ മകന്‍ സിറാജുദ്ദീന്‍ (17), പ്ലസ് വണ്‍ ബയോളജി വിദ്യാര്‍ഥി കൊഴക്കോട്ടൂര്‍ മങ്ങാട്ടുപറമ്പന്‍ ഷൌക്കത്തലിയുടെ മകന്‍ ഷാഹിദ് അലി (17), പ്ലസ്ടു കോമേഴ്സ് വിദ്യാര്‍ഥി ഉഗ്രപുരം പെരുമ്പറമ്പ് തൃക്കളത്ത് അബൂബക്കറിന്റെ മകന്‍ സുഹൈല്‍ (17) എന്നീ വിദ്യാര്‍ഥികളാണ് മരിച്ചത്.
പരിക്കേറ്റ അരീക്കോട് പത്തനാപുരം പൂവ്വത്തിന്‍കണ്ടി ജോസഫിന്റെ മകന്‍ ജിതിന്‍ (16) കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികില്‍സയിലാണ്.

മൃതദേഹങ്ങള്‍ അരീക്കോട് ഗവ. കമ്യൂണിറ്റി ഹെല്‍ത്ത് സെന്റര്‍, ജനറല്‍ ആശുപത്രി എന്നിവിടങ്ങളില്‍ എത്തിച്ചശേഷം പോസ്റ്റ്മോര്‍ട്ടം ഇല്ലാതെ ബന്ധുക്കള്‍ക്ക് വിട്ടു നല്‍കി. തോണിയില്‍ 12ഓളം പേര്‍ പെണ്‍കുട്ടികളായിരുന്നെന്നാണ് വിവരം. ഇവരില്‍ ത്വയ്ബ ഒഴികെയുള്ളവരെ ഒപ്പമുണ്ടായിരുന്ന ആണ്‍കുട്ടികള്‍ രക്ഷിച്ചു. തോണിക്കടിയില്‍പെട്ടവരാണ് മരിച്ചത്. അഞ്ചു മിനിറ്റോളം തോണി ഉയര്‍ത്താനാകാഞ്ഞത് ദുരന്തത്തിന്റെ തീവ്രത വര്‍ധിപ്പിച്ചു. പരിസരങ്ങളില്‍നിന്ന് എത്തിയ മണല്‍തൊഴിലാളികളും നാട്ടുകാരും ചേര്‍ന്നാണ് ആദ്യം രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കിയത്. ഒരു വിദ്യാര്‍ഥിയെ കാണാനില്ലെന്ന സംശയത്തെ തുടര്‍ന്ന് രാത്രി തെരച്ചില്‍ നടത്തിയെങ്കിലും പിന്നീട് നിര്‍ത്തി.
ചാലിയാറില്‍ കവണക്കല്ല് റഗുലേറ്റര്‍ കം ബ്രിഡ്ജിന്റെ ഷട്ടര്‍ താഴ്ത്തിയതിനാല്‍ പുഴയില്‍ വെള്ളം താരതമ്യേന കൂടുതലായിരുന്നു. ഇതും അപകടത്തിന്റെ വ്യാപ്തി വര്‍ധിപ്പിച്ചു.
പി.സി. സൈനബ പുളിക്കല്‍ ആണ് മരിച്ച തൌഫീഖിന്റെ മാതാവ്. സഹോദരങ്ങള്‍: ഫിറോസ് ബാബു (യു.എ.ഇ), ജസീന, ജവാഹിര്‍, അല്‍ശിഫ. ഖബറടക്കം വ്യാഴാഴ്ച രാവിലെ 10ന് പള്ളിമുക്ക് ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍.
മുഹമ്മദ് മുശ്ഫിഖിന്റെ മാതാവ് സി.കെ. സാജിദ. സഹോദരങ്ങള്‍: ദാനിഷ്, നജുഫാത്തിമ. ത്വയ്ബയുടെ മാതാവ്: സൈനബ.
സുഹറാബിയാണ് സുഹൈലിന്റെ മാതാവ്. സഹോദരങ്ങള്‍: സുഹാദ, ഷിഫു.
റസിയയാണ് ഷമീറിന്റെ മാതാവ്. സിറാജുദ്ദീന്റെ മാതാവ് പരേതയായ സഫിയ. ശിഹാബുദ്ദീന്റെ മാതാവ്: ഫാത്തിമ.

Madhyamam Daily

Blog Archive