var addthis_config = { data_track_addressbar: true, data_track_addressbar_paths: [ "/blog/posts/*", "/faq/*" ] }

Sunday, November 22, 2009

ഭീകരാക്രമണ വാര്‍ത്ത: മാധ്യമങ്ങള്‍ക്ക് നിയന്ത്രണം വേണം: ചീഫ് ജസ്റ്റിസ്

Sunday, November 22, 2009
ന്യൂദല്‍ഹി: ഭീകരാക്രമണവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുമ്പോള്‍ മാധ്യമങ്ങള്‍ക്ക് നിയന്ത്രണം ആവശ്യമാണെന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് കെ.ജി. ബാലകൃഷ്ണന്‍. ഇപ്പോഴത്തെ റിപ്പോര്‍ട്ടിങ് രീതി പ്രതികാരം ചെയ്യാനുള്ള ത്വര ചില സമൂഹങ്ങളില്‍ സൃഷ്ടിക്കുന്നതാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ഭീകരതയെ കുറിച്ച നിയമജ്ഞരുടെ അന്താരാഷ്ട്ര സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു ബാലകൃഷ്ണന്‍.
ഭീകരാക്രമണത്തിന്റെ അനിയന്ത്രിത കവറേജ് മൂലം സാധാരണ മനുഷ്യരിലുണ്ടാകുന്ന പ്രതീകാത്മക പ്രത്യാഘാതങ്ങള്‍ നാം കണക്കിലെടുക്കണം. മുഴുസമയ വാര്‍ത്താ ചാനലുകളും ഡിജിറ്റല്‍ മാധ്യമങ്ങളും കുറഞ്ഞ സമയത്തിനുള്ളില്‍ കൂടുതല്‍ നടുക്കമുളവാക്കുന്ന ഇമേജുകളും പ്രസ്താവനകളും കാഴ്ചക്കാരില്‍ എത്തിക്കാനാകും ശ്രമിക്കുക. തീവ്രവാദികള്‍ പ്രത്യേക സമുദായത്തിനു നേരെയാണ് ആക്രമണം നടത്തിയതെങ്കില്‍ ആ വിഭാഗത്തില്‍ ഉയരുന്ന രോഷം അന്യസമൂഹത്തിലെ സാധാരണക്കാര്‍ക്കെതിരെ വിവേചനരഹിതമായ പ്രതികാര നടപടികളിലേക്ക് നയിക്കുകയും ചെയ്യും.
പ്രതിലോമ പെരുമാറ്റത്തിന് വഴിയൊരുക്കിയ ഘടകങ്ങളെ കുറിച്ച ശരിയായ ധാരണ രൂപപ്പെടുത്തി വേണം തീവ്രവാദവുമായി ബന്ധപ്പെട്ട നിയമ പ്രതികരണം നടത്താന്‍. പൌരാവകാശങ്ങള്‍ തടഞ്ഞും ഏകപക്ഷീയ അറസ്റ്റുകള്‍ നടത്തിയും പൌരന്‍മാര്‍ക്കു മേല്‍ നിരീക്ഷണം ശക്തമാക്കിയുമുള്ള ഉപരിപ്ലവ നടപടികള്‍ നിഷേധ ഫലമേ സൃഷ്ടിക്കൂ. ഇത്തരമൊരു സാഹചര്യത്തില്‍ ശ്രദ്ധാപൂര്‍വമായ വിശകലനത്തോടും പരസ്പര സഹിഷ്ണുതയോടും വിവിധ രാജ്യങ്ങളുടെ നീതിന്യായ വ്യവസ്ഥകള്‍ ഏകോപിച്ചു പ്രവര്‍ത്തിക്കുകയാണ് കരണീയമെന്നും അദ്ദേഹം നിയമജ്ഞരെ ഓര്‍മിപ്പിച്ചു. ഭീകരാക്രമണ കേസുകളില്‍ സംയുക്ത രാജ്യാന്തര അന്വേഷണവും ഭീകരരുടെ വിചാരണക്ക് രാജ്യാന്തര ട്രൈബ്യൂണല്‍ പോലുള്ള സംവിധാനവും വേണമെന്ന് അദ്ദേഹം നിര്‍ദേശിച്ചു.
പൊതുവിപത്ത് എന്ന നിലക്ക് തീവ്രവാദത്തെ നേരിടാന്‍ ആഗോള സമീപനം തന്നെ സ്വീകരിക്കണമെന്ന് സമ്മേളനം ഉദ്ഘാടനം ചെയ്ത രാഷ്ട്രപതി പ്രതിഭാ പാട്ടീല്‍ പറഞ്ഞു. ഇന്ത്യ ഭീകരതയുടെ ഏറ്റവും വലിയ ഇരയാണെന്നിരിക്കെ, അത് തടയാന്‍ രാജ്യം പ്രതിജ്ഞാബദ്ധമാണ്. മനുഷ്യാവകാശ മേഖലയില്‍ അന്താരാഷ്ട്ര ചട്ടങ്ങള്‍ പാലിക്കപ്പെടുന്നു എന്ന കാര്യം ഉറപ്പു വരുത്തണമെന്ന് രാഷ്ട്രപതി നിര്‍ദേശിച്ചു
madhyamam

No comments:

Blog Archive