var addthis_config = { data_track_addressbar: true, data_track_addressbar_paths: [ "/blog/posts/*", "/faq/*" ] }

Monday, November 16, 2009

ഗര്‍ഭ നിരോധ ഗുളികകള്‍

ഡോ. നിജി ജസ്റ്റിന്‍
(ഗൈനക്കോളജിസ്റ്റ്, തൃശൂര്‍ ജില്ലാ സഹകരണ ആശുപത്രി)
ഗൈനക്കോളജിസ്റ്റിന്റെ ഉപദേശം കൂടാതെ മരുന്നു ഷോപ്പുകളില്‍ പോയി തന്നിഷ്ടംപോലെ
ഗുളിക വാങ്ങിക്കഴിച്ച് അതിനു ശേഷം രക്തസ്രാവവുമായി അനുദിനം വരുന്ന സ്ത്രീകളുടെ എണ്ണത്തിലുള്ള
ഗണ്യമായ വര്‍ധനയുടെ ഗൌരവം മനസ്സിലാക്കിക്കൊണ്ടാണ് ഗൈനക്കോളജിസ്റ്റ്
എന്നനിലയില്‍ ഞാന്‍ പ്രതികരിക്കുന്നത്
പരസ്യങ്ങള്‍ അത്യാവശ്യമാണെങ്കിലും ചില പരസ്യങ്ങള്‍ നമ്മില്‍ ഉണ്ടാക്കുന്ന തെറ്റിദ്ധാരണക്ക് നല്ലൊരുദാഹരണമാണ് അടിയന്തര ഗര്‍ഭ നിരോധ ഗുളിക സംബന്ധിച്ചുള്ള ടി.വി പരസ്യങ്ങള്‍.
സോപ്പും ഡിയോഡറന്റ് ഉല്‍പന്നങ്ങളും നമുക്ക് വാങ്ങാം. എന്നാല്‍, അതേ താല്‍പര്യത്തോടെ വാങ്ങാവുന്നതാണോ ഗര്‍ഭ നിരോധത്തിന്റെ പേരിലുള്ള ഗുളികകള്‍?
എമര്‍ജന്‍സി കോണ്‍ട്രസെപ്റ്റീവ് പില്‍ സംബന്ധിച്ചു വരുന്ന പരസ്യം ആ ഗുളികയുടെ ഉദ്ദേശ്യശുദ്ധി തന്നെ ഇല്ലാതാക്കിയിരിക്കുന്നു. ഏതു വിധേനയും ഉല്‍പന്നങ്ങളുടെ വിറ്റുവരവ് മാത്രം ഉദ്ദേശിക്കുന്നവര്‍ക്ക് അവരുടെ ലക്ഷ്യം അനായാസേന നേടാന്‍ സാധിക്കുന്നു.
ഇത്തരത്തിലുള്ള അടിയന്തര ഗര്‍ഭ നിരോധ മരുന്നുകളുടെ പരസ്യം ചാനലുകളില്‍ വേണോ? അതുമൂലമുണ്ടാകുന്ന പാര്‍ശ്വഫലങ്ങള്‍ ആരെങ്കിലും ചിന്തിച്ചിട്ടുണ്ടോ?
ഗൈനക്കോളജിസ്റ്റിന്റെ കുറിപ്പില്ലാതെ ഇത്തരം മരുന്നുകള്‍ മെഡിക്കല്‍ ഷോപ്പില്‍ നിന്ന് ഒരു കാരണവശാലും കൊടുക്കരുത്. കാരണം, ഇത്തരം മരുന്നുകള്‍ ഗുരുതരമായ പാര്‍ശ്വഫലങ്ങള്‍ ഉണ്ടാക്കാം.
16 വയസ്സിന് താഴെയുള്ള കുട്ടികള്‍ ഇത് കഴിക്കാന്‍ പാടില്ല. രക്തസമ്മര്‍ദം, ഹൃദയസംബന്ധമായ രോഗങ്ങള്‍ ഉള്ളവരില്‍ ഈ മരുന്ന് ഗുരുതരമായ പ്രശ്നങ്ങള്‍ ഉണ്ടാക്കാം. പ്രമേഹം, കരള്‍ സംബന്ധമായ രോഗങ്ങള്‍, ചെന്നിക്കുത്ത്, ആസ്ത്മ എന്നീ രോഗങ്ങള്‍ ഉള്ളവര്‍ ഈ മരുന്ന് ഉപയോഗിക്കുന്നത് അപകടകരമാണ്. ഈ കാര്യങ്ങള്‍ ഒന്നും സൂചിപ്പിക്കാതെയാണ് ഇത്തരത്തിലുള്ള മരുന്നുകളുടെ പരസ്യങ്ങള്‍ കാണിക്കുന്നത്.
മാത്രമല്ല, ഓക്കാനം, ഛര്‍ദി, ക്ഷീണം, തലവേദന, തലകറക്കം, സ്തനങ്ങളില്‍ വേദന, രക്തസ്രാവം, വയറുവേദന, വയറിളക്കം ഇവയെല്ലാം വളരെ സാധാരണയായി ഈ ഗുളിക ഉപയോഗിക്കുമ്പോള്‍ കണ്ടുവരുന്നു. അടിയന്തരമായി ചികില്‍സാ സഹായം വേണ്ടിവരുന്ന അവസരങ്ങളുണ്ടാകാറുണ്ട്.
അതിഭയങ്കരമായ അലര്‍ജി ഉണ്ടാവുക (തടിപ്പ്, ചൊറിച്ചില്‍), ശ്വാസ തടസ്സം, നെഞ്ചത്ത് വിഷമം അനുഭവപ്പെടുക, മുഖം, ചുണ്ട്, നാവ് എന്നിവ തടിച്ച് വീര്‍ക്കുക, അടിവയര്‍ വേദന, ക്രമാതീതമായി ആര്‍ത്തവം ഉണ്ടാവുക, ഇടവിട്ട് രക്തം പോവുക, ആര്‍ത്തവം ഇല്ലാതാകുക, എപ്പോഴും രക്തക്കറ ഉണ്ടാവുക, യോനീസ്രവത്തില്‍ രക്തമോ പഴുപ്പോ ഉണ്ടാവുക തുടങ്ങിയവക്കൊക്കെ ഈ മരുന്നിന്റെ ഉപയോഗം മൂലം സാധ്യതയുണ്ട്. ഇതെല്ലാം മറച്ചുവെച്ച് കേവലം കച്ചവടം മാത്രം ലക്ഷ്യംവെച്ചുള്ള ഇത്തരത്തിലുള്ള പരസ്യങ്ങള്‍ ദൃശ്യമാധ്യമങ്ങളിലൂടെ ഒരിക്കലും അവതരിപ്പിക്കരുത്.
ഗൈനക്കോളജിസ്റ്റിന്റെ കുറിപ്പില്ലാതെ അടിയന്തര ഗര്‍ഭ നിരോധ ഗുളികയായാലും അബോര്‍ഷന്‍ ഗുളികയായാലും മരുന്നുകടക്കാര്‍ കൊടുക്കരുത് എന്ന് പ്രത്യേകം നിഷ്കര്‍ഷിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.
വാസ്തവത്തില്‍ എന്താണ് ഈ ഗുളിക? ഇത് ഒരു അടിയന്തര ഗര്‍ഭ നിരോധ ഗുളികയാണ്. അതായത് ഒരു ബലാല്‍സംഗമോ, അതല്ലെങ്കില്‍ ഗര്‍ഭ നിരോധ മാര്‍ഗങ്ങളുടെ വീഴ്ചയോ ഉണ്ടായാല്‍ മാത്രം ഉപയോഗിക്കേണ്ട ഒന്നാണിത്. എന്നാല്‍, മറ്റു ഗര്‍ഭ നിരോധ മാര്‍ഗങ്ങളെ പോലെ ഈ ഗുളികയും ഒരു കുഴപ്പമില്ലാതെ ഉപയോഗിക്കാം എന്നാണ് പരസ്യം കണ്ടാല്‍ തോന്നുക.
ഗൈനക്കോളജിസ്റ്റിന്റെ ഉപദേശം കൂടാതെ മരുന്നു ഷോപ്പുകളില്‍ പോയി തന്നിഷ്ടം പോലെ ഗുളിക വാങ്ങിക്കഴിച്ച് അതിനു ശേഷം രക്തസ്രാവവുമായി അനുദിനം വരുന്ന സ്ത്രീകളുടെ എണ്ണത്തിലുള്ള ഗണ്യമായ വര്‍ധനയുടെ ഗൌരവം മനസ്സിലാക്കിക്കൊണ്ടാണ് ഗൈനക്കോളജിസ്റ്റ് എന്നനിലയില്‍ ഞാന്‍ പ്രതികരിക്കുന്നത്. അത് സമൂഹത്തോടുള്ള ഒരു ഡോക്ടറുടെ ബാധ്യതയായി ഞാന്‍ കാണുന്നു.
പരസ്യം കാണുന്ന ആണ്‍കുട്ടികളും പെണ്‍കുട്ടികളും ചിന്തിക്കുക, ഈ മരുന്ന് ഉപയോഗിച്ചാല്‍ എല്ലാം ശരിയാകും, ഗര്‍ഭധാരണം അകറ്റാം എന്നാണ്. മാത്രവുമല്ല, ഗര്‍ഭനിരോധ ഗുളികയാണെന്നുള്ള വസ്തുത മനസ്സിലാകാതെ, ഗര്‍ഭം അലസിപ്പിക്കാനുള്ള മരുന്നാണ് എന്ന് തെറ്റിദ്ധരിച്ച് വാങ്ങുന്നു.
ഗര്‍ഭം ധരിച്ചതിനു ശേഷവും ഈ ഗുളിക ഉപയോഗിക്കുന്നവരുടെ എണ്ണം കൂടിവരുകയാണ്. നോക്കൂ, ഇത് അബോര്‍ഷന്‍ ഗുളികയല്ല. ഇത് ആവശ്യത്തിനും അനാവശ്യത്തിനും ഉപയോഗിക്കുന്നതു മൂലം സ്ത്രീകളുടെ ആര്‍ത്തവ ചക്രത്തിന്റെ താളം തെറ്റുന്നു. ഗുരുതരമായ രക്തസ്രാവ കേസുകളും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.
ഇത്തരത്തിലുള്ള പരസ്യങ്ങള്‍ നമ്മുടെ കുഞ്ഞുങ്ങളെ എങ്ങനെ ബാധിക്കുന്നു എന്നത് സൂചിപ്പിക്കാന്‍ ഒരു ചെറിയ അനുഭവം പറയാം.
പരസ്യങ്ങളില്‍ വ്യാപകമായി കാണുന്ന ഗര്‍ഭ നിരോധ ഗുളികയുടെ വിലയെക്കുറിച്ച് അറിയാനായി ഞാന്‍ കടയില്‍ പോയി. എന്റെ കൂടെയുണ്ടായിരുന്ന അഞ്ചാം ക്ലാസില്‍ പഠിക്കുന്ന മകള്‍ എന്നോട് ചോദിച്ചു, എന്തിനാണമ്മേ ഈ ഗുളിക വാങ്ങുന്നതെന്ന്? അമ്മ അബോര്‍ഷന്‍ മരുന്നിനെക്കുറിച്ച് അന്വേഷിച്ചപ്പോള്‍ കുട്ടിയുടെ പരിഭ്രമിച്ച മുഖം എന്നില്‍ അദ്ഭുതമുണ്ടാക്കി. നോക്കൂ, പരസ്യത്തിന്റെ സ്വാധീനം! ഞാന്‍ അപ്പോള്‍ തന്നെ മകളെ കാര്യം പറഞ്ഞ് മനസ്സിലാക്കി. ഇനിയും പ്രതികരിക്കാതിരുന്നാല്‍ വയ്യ എന്നു തോന്നിയത് പെട്ടെന്നായിരുന്നു.
ഈ മരുന്നിന്റെ ശാസ്ത്രീയ വശങ്ങളിലേക്ക് കടക്കാം. എങ്ങനെയാണ് ഇതിന്റെ പ്രവര്‍ത്തനം?
(1) ഇത് അണ്ഡാശയത്തില്‍ നിന്ന് അണ്ഡം വരുന്നതിനെ തടയാം. (2) അണ്ഡം പുറത്തു വന്നിട്ടുണ്ടെങ്കില്‍ അണ്ഡവും ബീജവും തമ്മിലുള്ള സങ്കലനം തടയാം. (3) ബീജസങ്കലനം കഴിഞ്ഞിട്ടുണ്ടെങ്കില്‍, അത് ഗര്‍ഭപാത്രത്തിനുള്ളില്‍ ഒട്ടിപ്പിടിക്കുന്നത് തടയാം.
ഗര്‍ഭം ധരിച്ചിട്ടുണ്ടെങ്കില്‍ ഈ ഗുളികക്ക് ഒന്നും ചെയ്യാന്‍ സാധിക്കുകയില്ല.
ഗുളിക എപ്പോള്‍ ഉപയോഗിക്കണം?
മുന്‍കരുതലുകള്‍ ഇല്ലാത്ത ലൈംഗിക ബന്ധം കഴിഞ്ഞ് 12 മണിക്കൂറിനോ അല്ലെങ്കില്‍ 72 മണിക്കൂറിനോ ഉള്ളില്‍ ഈ മരുന്ന് കഴിക്കണം. ഈ സമയ പരിധി പലപ്പോഴും പാലിക്കാന്‍ സാധിക്കാറില്ല. ഈ ഗുളിക പ്രവര്‍ത്തിക്കുന്ന വിധം അറിയാത്തതു കൊണ്ട് ഇത് പല പ്രശ്നങ്ങളിലേക്ക് വഴി തെളിക്കുന്നു. എമര്‍ജന്‍സി ഗര്‍ഭനിരോധ ഗുളിക എച്ച്.ഐ.വി / എസ്.ടി.ഡി എയിഡ്സ് അതുപോലെ മറ്റു ലൈംഗിക രോഗങ്ങള്‍ക്കും ഒരു കരുതലും നല്‍കുന്നില്ല. ഇത് അബോര്‍ഷന്‍ പില്‍ ആണോ എന്ന് ചോദിച്ചാല്‍ അല്ല.
അബോര്‍ഷന്‍ ഗുളികയില്‍ ആന്റി പ്രോജസ്റ്റിന്‍സ് ആണ്. ഇത് ഉണ്ടായ ഗര്‍ഭത്തിന്റെ പിന്നീടുള്ള വളര്‍ച്ചയെ തടസ്സപ്പെടുത്തുന്നു. പക്ഷേ, ഇതില്‍ ലിവോനോര്‍ജെസ്ട്രോള്‍ 1^5 എം.ജി ആണ് ഉള്ളത്. അത് ഗര്‍ഭം തുടക്കത്തിലേ ഉണ്ടാവുന്നതിനെയാണ് തടയുന്നത്. അതുകൊണ്ടുതന്നെ കഴിക്കുന്ന സമയം വളരെ പ്രധാനമാണ്.
വളരെ സൂക്ഷിച്ച് കൈകാര്യം ചെയ്യേണ്ട മരുന്നാണിത്. അതുകൊണ്ടു തന്നെ ഇത്തരം മരുന്നുകളുടെ പരസ്യങ്ങള്‍ മാധ്യമങ്ങളില്‍ പാടില്ല.
(കുടുംബ മാധ്യമത്തില്‍ പ്രസിദ്ധീകരിച്ചത്‌ )

No comments:

Blog Archive