var addthis_config = { data_track_addressbar: true, data_track_addressbar_paths: [ "/blog/posts/*", "/faq/*" ] }

Friday, November 6, 2009

യാസിര്‍ വധം: വെറുതെവിട്ട ആറു പ്രതികള്‍ക്ക് ജീവപര്യന്തം

Friday, November 6, 2009
കൊച്ചി: മലപ്പുറം തിരൂരിലെ യാസിറിനെ കൊലപ്പെടുത്തിയ കേസില്‍ സെഷന്‍സ് കോടതി വെറുതെ വിട്ട പ്രതികളില്‍ ആറു പേരെ ഹൈക്കോടതി ശിക്ഷിച്ചു. ഒരു പ്രതിയെ വെറുതെവിട്ട കീഴ്കോടതി നടപടി ശരിവെച്ചു. ആറുപ്രതികള്‍ക്കും ജീവപര്യന്തം തടവും 35,000 രൂപ വീതം പിഴയുമാണ് ശിക്ഷ.
കേസിലെ ഒന്നു മുതല്‍ മൂന്നുവരെ പ്രതികളായ മലപ്പുറം തൃക്കണ്ടിയൂര്‍ മഠത്തില്‍ നാരായണന്‍, തലക്കാട് ഇരുനലത്ത്കണ്ടി രവീന്ദ്രന്‍ എന്ന രവി, തലക്കാട് കപ്പല്‍പടി സുനില്‍കുമാര്‍ എന്ന സുനില്‍, ആറാം പ്രതി തലക്കാട് മനോജ് കുമാര്‍ എന്ന മനോജ്, ഏഴാം പ്രതി കൊല്ലം എടമല കുറ്റിവിളയില്‍ ശിവപ്രസാദ്, എട്ടാംപ്രതി നിറമരുതൂര്‍ കൂലിപ്പറമ്പില്‍ നന്ദകുമാര്‍ എന്നിവരെയാണ് ഹൈക്കോടതി ശിക്ഷിച്ചത്. അഞ്ചാംപ്രതി തലക്കാട് നിറത്താല ബാലകൃഷ്ണനെ വെറുതെവിട്ട നടപടി ശരിവെച്ചു.
കേസിലെ നാലാം പ്രതി പുതുപ്പള്ളി അംശത്തില്‍ ചന്ദനപ്പറമ്പില്‍ സുരേന്ദ്രന്‍ എന്ന സുര ഒളിവിലാണ്. പ്രതികളെല്ലാവരും ആര്‍.എസ്.എസ് പ്രവര്‍ത്തകരാണ്. പ്രതികളെ വെറുതെവിട്ട നടപടി ചോദ്യംചെയ്ത് സംസ്ഥാന സര്‍ക്കാര്‍ സമര്‍പ്പിച്ച അപ്പീല്‍, കൊല്ലപ്പെട്ട യാസിറിന്റെ ഭാര്യ തിരൂര്‍ പൊന്മുണ്ട സുമയ്യ സമര്‍പ്പിച്ച റിവിഷന്‍ ഹരജി, പ്രതികൂല പരാമര്‍ശങ്ങള്‍ നീക്കാന്‍ അന്വേഷണ ഉദ്യോഗസ്ഥന്‍ സമര്‍പ്പിച്ച ഹരജി എന്നിവ പരിഗണിച്ചാണ് ജസ്റ്റിസ് കെ.ബാലകൃഷ്ണന്‍ നായര്‍, ജസ്റ്റിസ് പി.ഭവദാസന്‍ എന്നിവരുള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ചിന്റെ വിധി. പ്രതികളെ വെറുതെവിട്ട മഞ്ചേരി അഡീഷനല്‍ സെഷന്‍സ് കോടതിയുടെ നടപടി ഡിവിഷന്‍ ബെഞ്ച് അതിനിശിതമായി വിമര്‍ശിച്ചു. പ്രതികളെ കുറ്റകൃത്യവുമായി ബന്ധിപ്പിക്കാന്‍ പ്രോസിക്യൂഷന് കഴിഞ്ഞിട്ടില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് സെഷന്‍സ് കോടതി എല്ലാവരെയും വിട്ടയച്ചത്. പൊലീസിനെതിരായ പ്രതികൂല പരാമര്‍ശങ്ങളും നീക്കി.
പിഴ അടച്ചില്ലെങ്കില്‍ രണ്ടുവര്‍ഷം കഠിന തടവുകൂടി അനുഭവിക്കണം. പിഴ സംഖ്യയില്‍ 1.25 ലക്ഷം രൂപ സുമയ്യക്കും മക്കള്‍ക്കും നല്‍കാനും 25,000 രൂപ സംഭവത്തില്‍ പരിക്കേറ്റ അബ്ദുല്‍ അസീസിന് നല്‍കണമെന്നും ഉത്തരവില്‍ നിര്‍ദേശിച്ചിട്ടുണ്ട്.
1998 ആഗസ്റ്റ് 17ന് രാത്രിയാണ് സംഭവം. സ്വര്‍ണപ്പണിക്കാരനായ അയ്യപ്പനാണ് മതം മാറി യാസിറായത്. ഇയാള്‍ക്കൊപ്പം ജോലി ചെയ്തിരുന്ന ബാബുവാണ് മതം മാറി അബ്ദുല്‍ അസീസ് എന്ന പേര് സ്വീകരിച്ചത്. ഇവര്‍ മതം മാറിയതിലും മറ്റുമുള്ള വിരോധം നിമിത്തം പ്രതികള്‍ കൃത്യം നടത്തിയെന്നാണ് പ്രോസിക്യൂഷന്‍ കേസ്.
17ന് രാത്രി സുമയ്യയെ ഹോമിയോ ഡോക്ടറെ കാണിച്ചശേഷം യാസിറും അബ്ദുല്‍ അസീസും വീട്ടില്‍ മടങ്ങി എത്തിയപ്പോള്‍ മൂന്നംഗ സംഘം വീട്ടിലെത്തിയതായും ഒരാള്‍ ജനാലവഴി ഒളിഞ്ഞുനോക്കിയതായും കുട്ടികള്‍ ഇവരോട് പറഞ്ഞു. ആരാണെന്ന് തെരയാന്‍ ഇരുവരും പുറത്തേക്ക് പോയി. പിറ്റേന്ന് രാവിലെ പഴങ്ങുളങ്ങ കവലയില്‍ രണ്ടുപേര്‍ പരിക്കേറ്റ് കിടക്കുന്നെന്ന ഫോണ്‍ സന്ദേശം ഫയര്‍ഫോഴ്സിനാണ് ലഭിച്ചത്. യാസിറും അബ്ദുല്‍ അസീസുമാണ് ഇതെന്ന് പിന്നീട് തിരിച്ചറിഞ്ഞു. ഇരുവരെയും ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും യാസിര്‍ മരിച്ചിരുന്നു.
പ്രത്യേക സംഘം രൂപവത്കരിച്ചാണ് അന്വേഷണം നടത്തിയത്.പ്രോസിക്യൂഷനുവേണ്ടി ഗവണ്‍മെന്റ് പ്ലീഡര്‍ നോബിള്‍ മാത്യു, സുമയ്യക്കുവേണ്ടി അഭിഭാഷകരായ സി.കെ.ശ്രീധരന്‍, സണ്ണി മാത്യു, അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന ഡിവൈ.എസ്.പി വി.പി.രാധാകൃഷ്ണനുവേണ്ടി അഡ്വ.ബാബു എസ്.നായര്‍ എന്നിവര്‍ ഹാജരായി.

Madhyamam Daily

No comments:

Blog Archive