var addthis_config = { data_track_addressbar: true, data_track_addressbar_paths: [ "/blog/posts/*", "/faq/*" ] }

Wednesday, November 11, 2009

'ലൌ ജിഹാദ്' പ്രവര്‍ത്തനമില്ല: ഡി.ജി.പി

കൊച്ചി: 'ലൌ ജിഹാദ്' എന്ന പേരില്‍ സംഘടനയോ പ്രസ്ഥാനമോ സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്നില്ലെന്ന് ഡയറക്ടര്‍ ജനറല്‍ ഓഫ് പൊലീസ് ജേക്കബ് പുന്നൂസ് ഹൈക്കോടതിയെ അറിയിച്ചു. കോടതി നിര്‍ദേശപ്രകാരം സമര്‍പ്പിച്ച അധിക വിശദീകരണപത്രികയിലാണ് ഇക്കാര്യം ആവര്‍ത്തിച്ച് വ്യക്തമാക്കിയത്.

'ലൌ ജിഹാദി'ന്റെ പ്രവര്‍ത്തനം സംസ്ഥാനത്ത് ഇല്ലെന്ന് വ്യക്തമാക്കി നേരത്തേ സമര്‍പ്പിച്ച റിപ്പോര്‍ട്ട് പരിഗണിച്ചാണ് കൂടുതല്‍ വിശദീകരണമുണ്ടെങ്കില്‍ നല്‍കാന്‍ കോടതി നിര്‍ദേശിച്ചത്. നേരത്തേ സമര്‍പ്പിച്ച പത്രികക്ക് ആധാരമാക്കിയ ജില്ലാ പൊലീസ് മേധാവികളുടെ റിപ്പോര്‍ട്ടുകള്‍ മുദ്രവെച്ച കവറില്‍ ഹൈക്കോടതിക്ക് കൈമാറുകയും ചെയ്തു. എന്നാല്‍, കേസില്‍ വിശദീകരണം നല്‍കുന്നതിന് കേന്ദ്ര സര്‍ക്കാറിനുവേണ്ടി ഇന്റലിജന്‍സ് ബ്യൂറോ ഡയറക്ടര്‍ രണ്ടാഴ്ചത്തെ സമയം ആവശ്യപ്പെട്ടു. തുടര്‍ന്ന് കേസ് ഡിസംബര്‍ ഒന്നിന് പരിഗണിക്കാനായി ജസ്റ്റിസ് കെ.ടി.ശങ്കരന്‍ മാറ്റി.
കീഴുദ്യോഗസ്ഥരില്‍നിന്ന് രേഖാമൂലവും വാക്കാലും ലഭിച്ച റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തിലാണ് വിശദീകരണ പത്രിക നല്‍കിയതെന്ന് ഡി.ജി.പി വിശദീകരിച്ചു. വാക്കാലുള്ള വിശദീകരണം പിന്നീട് രേഖാമൂലം നല്‍കുകയും ചെയ്തിരുന്നു.

ഈ വിവരങ്ങളില്‍നിന്ന് ലഭിച്ച സൂചനകള്‍ പ്രകാരം 'ലൌ ജിഹാദ്' എന്ന പേരില്‍ എന്തെങ്കിലും പ്രവര്‍ത്തനം സംസ്ഥാനത്ത് നടക്കുന്നുവെന്നതിന് വ്യക്തമായതും നിലനില്‍ക്കുന്നതുമായ തെളിവുകളില്ല. കോടതി ഉന്നയിച്ച ചില ചോദ്യങ്ങള്‍ക്ക് കൃത്യമായ മറുപടി നല്‍കുന്നതിന് റിപ്പോര്‍ട്ടുകളില്‍ വിശ്വസീനയ തെളിവുകളൊന്നുമില്ല.
എന്നാല്‍, ചില സംഘടനകള്‍ പ്രേമംനടിച്ച് ചതിവായ മാര്‍ഗങ്ങളിലൂടെ മതംമാറ്റത്തിനായി ആസൂത്രിത ശ്രമം നടത്തുന്നുവെന്ന് ചില കീഴുദ്യോഗസ്ഥര്‍ നല്‍കിയ റിപ്പോര്‍ട്ടുകളില്‍ സൂചനയുണ്ട്. 18 റിപ്പോര്‍ട്ടുകളില്‍ മുന്നെണ്ണത്തിലാണിത്. 16 മുതല്‍ 18 വരെയായാണ് ഈ റിപ്പോര്‍ട്ടുകള്‍ മുദ്രവെച്ച കവറില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. കോടതി ഉന്നയിച്ച ചില ചോദ്യങ്ങളെ സംബന്ധിച്ചിടത്തോളം ഇവയുടെ ഉള്ളടക്കം പ്രധാനമാണ്.

എന്നാല്‍, സൂചനകള്‍ക്ക് ഉപോത്ബലകമായ തെളിവുകളൊന്നുമില്ല. നേരത്തേ നല്‍കിയ പത്രികയിലും ഇക്കാര്യം സൂചിപ്പിച്ചിരുന്നതായി അധികവിശദീകരണ പത്രികയില്‍ പറയുന്നു.
ചില കേന്ദ്രങ്ങള്‍ നല്‍കുന്ന സൂചനകളുടെ അടിസ്ഥാനത്തിലുള്ളതാണ് ഇത്തരം റിപ്പോര്‍ട്ടുകള്‍. സാധാരണ നിലയില്‍ പറഞ്ഞുകേള്‍ക്കുന്ന വിവരങ്ങളുടെ അടിസ്ഥാനത്തിലാകും ഇത് തയാറാക്കുക. നേരിട്ടുള്ള തെളിവുകള്‍ ഇതിന് ഉപോത്ബലകമായി ഉണ്ടാകാന്‍ ഇടയില്ല. ഇത്തരം റിപ്പോര്‍ട്ടുകള്‍ പരിശോധിച്ച് മറ്റ് നിലനില്‍ക്കുന്ന തെളിവുകളുടെ അടിസ്ഥാനത്തില്‍ സാധൂകരിക്കേണ്ടതുണ്ട്. നിര്‍ബന്ധിത മതപരിവര്‍ത്തനം സംബന്ധിച്ച ആരോപണം സംശയരഹിതമായി തെളിയിക്കാന്‍ മതിയായ തെളിവുകള്‍ ഇനിയും ലഭിച്ചിട്ടില്ല. എങ്കിലും റിപ്പോര്‍ട്ടിന്റെ ഉള്ളടക്കം സംബന്ധിച്ച് കൂടുതല്‍ അന്വേഷണം ആവശ്യമുണ്ടെന്നും ഡി.ജി.പിയുടെ പത്രികയില്‍ പറയുന്നു.
രാജ്യം മുഴുവന്‍, പ്രണയം നടിച്ച് നിര്‍ബന്ധിത മതപരിവര്‍ത്തനം നടത്തുന്നുണ്ടോ എന്നത് സംബന്ധിച്ച് അന്വേഷണം നടത്തുന്നുണ്ടെന്നും രണ്ടാഴ്ച കൂടി ഇതിന് സമയം അനുവദിക്കണമെന്നുമാണ് ഇന്റലിജന്‍സ് ബ്യൂറോക്കുവേണ്ടി അസിസ്റ്റന്റ് സോളിസിറ്റര്‍ ജനറല്‍ ആവശ്യപ്പെട്ടത്.
പ്രണയം നടിച്ച് നിര്‍ബന്ധിത മതപരിവര്‍ത്തനത്തിന് പ്രേരിപ്പിച്ചുവെന്ന കേസില്‍ പത്തനംതിട്ട സ്വദേശികളായ ഷഹന്‍ ഷാ, സിറാജുദ്ദീന്‍ എന്നിവര്‍ സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷയാണ് കോടതിയുടെ പരിഗണനയിലുള്ളത്.

മാധ്യമം

No comments:

Blog Archive