var addthis_config = { data_track_addressbar: true, data_track_addressbar_paths: [ "/blog/posts/*", "/faq/*" ] }

Friday, November 13, 2009

മര്‍വ വധം: പ്രതിക്ക് ആജീവനാന്ത തടവ്


Thursday, November 12, 2009
ബര്‍ലിന്‍: വിവാദമായ മര്‍വ ശര്‍ബീനി വധക്കേസില്‍ പ്രതിക്ക് ആജീവനാന്ത തടവ്. ജര്‍മനിയിലെ ഡ്രെസ്ഡന്‍ കോടതിമുറിയില്‍ ഈജിപ്തുകാരിയായ മര്‍വയെ (31) കുത്തിക്കൊന്ന അലക്സ് വിയന്‍സ് എന്ന 28കാരന് അതേ കോടതിയാണ് ശിക്ഷ വിധിച്ചത്.
ജൂലൈ 11നാണ് കേസിനാസ്പദമായ സംഭവം നടന്നത്. ശിരോവസ്ത്രം ധരിച്ചതിന്റെ പേരില്‍ വംശീയമായി അധിക്ഷേപിച്ച അലക്സിനെതിരെ മര്‍വ കോടതിയെ സമീപിക്കുകയായിരുന്നു. വിചാരണ കഴിഞ്ഞ് പുറത്തിറങ്ങുന്നതിനിടെ പ്രതി അലക്സ് മര്‍വയെ കറിക്കത്തികൊണ്ട് 16 തവണ കുത്തി. ഗര്‍ഭിണിയായ മര്‍വയെ രക്ഷിക്കാന്‍ ശ്രമിച്ച ഭര്‍ത്താവ് അലവി അലി ഉക്കാസ് സുരക്ഷാ ഉദ്യോഗസ്ഥന്റെ വെടിയേറ്റ് ആശുപത്രിയിലായിരുന്നു. അക്രമിയെന്ന് കരുതിയാണ് ഉക്കാസിനെ വെടിവെച്ചതെന്ന് പിന്നീട് ഉദ്യോഗസ്ഥന്‍ മൊഴി നല്‍കി. മൂന്നുവയസ്സുകാരനായ മകന്റെ മുന്നില്‍വെച്ചാണ് മര്‍വ വധിക്കപ്പെട്ടത്.
സംഭവം മുസ്ലിംലോകത്ത് വമ്പിച്ച പ്രതിഷേധങ്ങള്‍ക്ക് ഇടയാക്കിയിരുന്നു. ഈജിപ്തിലും ഇറാനിലും തുര്‍ക്കിയിലും ജനം തെരുവിലിറങ്ങിയിരുന്നു.
യൂറോപ്യരല്ലാത്തവരോടും മുസ്ലിംകളോടുമുള്ള കടുത്ത പകയാണ് കൊലക്ക് കാരണമെന്ന് വിധിന്യായം വ്യക്തമാക്കി.
2008ല്‍ പാര്‍ക്കില്‍ മകനുമൊത്ത് ചെന്ന തന്നെ ശിരോവസ്ത്രം ധരിച്ചതിന്റെ പേരില്‍ ഭീകരവാദിയെന്ന് വിളിച്ച് അധിക്ഷേപിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്നാരോപിച്ചാണ് മര്‍വ കേസ് നല്‍കിയത്. കോടതി പിഴശിക്ഷ വിധിച്ചെങ്കിലും വകവെക്കാതെ അലക്സ് മേല്‍ക്കോടതിയെ സമീപിച്ചു. ഇതിന്റെ വിചാരണക്കിടെയാണ് മര്‍വയെ കൊലപ്പെടുത്തിയത്. മരണം വരെ അലക്സിന് തടവില്‍ കഴിയേണ്ടിവരും. റഷ്യയില്‍നിന്ന് 2003ലാണ് അലക്സ് ജര്‍മനിയിലേക്ക് കുടിയേറിയത്.
ശിക്ഷ കുറഞ്ഞുപോയെന്ന് മര്‍വയുടെ അയല്‍ക്കാരും ബന്ധുക്കളും എ.പി വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു.

മാധ്യമം

No comments:

Blog Archive