var addthis_config = { data_track_addressbar: true, data_track_addressbar_paths: [ "/blog/posts/*", "/faq/*" ] }

Sunday, November 22, 2009

രാഷ്ട്രപതിയുടെ ചടങ്ങില്‍നിന്ന് സൌദി അംബാസഡര്‍ ഇറങ്ങിപ്പോയി

രാംജത്മലാനിയുടെ പ്രകോപന പ്രസംഗം
Sunday, November 22, 2009
ന്യൂദല്‍ഹി: രാഷ്ട്രപതിയെ വേദിയിലിരുത്തി വഹാബി പ്രസ്ഥാനത്തിനും സൌദി അറേബ്യക്കുമെതിരെ പ്രഗല്‍ഭ നിയമജ്ഞനും മുന്‍ കേന്ദ്രമന്ത്രിയുമായ രാംജത്മലാനി നടത്തിയ പ്രകോപനപരമായ പ്രസംഗത്തില്‍ പ്രതിഷേധിച്ച് സൌദി അംബാസഡര്‍ അന്താരാഷ്ട്ര സമ്മേളനത്തില്‍ നിന്ന് ഇറങ്ങിപ്പോയി. അനുനയിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും വഴങ്ങാതിരുന്ന അംബാസഡര്‍ ഫൈസല്‍ ഹസന്‍ തറാദ് രാഷ്ട്രപതിയുടെ പ്രതിനിധിയും കേന്ദ്രമന്ത്രിയും പ്രസംഗത്തില്‍ ഖേദം പ്രകടിപ്പിച്ചതിനെ തുടര്‍ന്നാണ് തിരിച്ചുവന്നത്.
ഭീകരതക്കെതിരായ അന്താരാഷ്ട്ര ജൂറിമാരുടെ സമ്മേളനത്തിലാണ് സൌദി^ഇന്ത്യ ഉഭയകക്ഷി ബന്ധത്തിന് ഹാനികരമാകുന്ന തരത്തില്‍ ജത്മലാനി പ്രസംഗിച്ചത്. രാഷ്ട്രപതി പങ്കെടുക്കുന്ന ചടങ്ങായതിനാല്‍ നയതന്ത്ര പ്രതിനിധി എന്ന നിലയിലാണ് സൌദി അംബാസഡറെ ക്ഷണിച്ചത്.
ലോകമെങ്ങുമുള്ള ഭീകരതക്ക് പിന്നില്‍ വഹാബിസമാണെന്നും യുവാക്കളുടെ മനസ്സില്‍ വഹാബി ഭീകരത അസംബന്ധം കുത്തിവെക്കുകയാണെന്നും ജത്മലാനി പ്രസംഗിച്ചതാണ് പ്രകോപന കാരണമായത്. തന്റെ പ്രസംഗത്തില്‍ 'വഹാബിസ'ത്തിനും മുഹമ്മദ് അബ്ദുല്‍ വഹാബിനും സൌദി സര്‍ക്കാറിനുമെതിരെ രാംജത്മലാനി അത്യന്തം പ്രകോപനപരമായ വിമര്‍ശമാണ് നടത്തിയത്.
ലോകം ഇപ്പോള്‍ അഭിമുഖീകരിക്കുന്നത് ഇസ്ലാമിക ഭീകരവാദമാണെന്നും ഇതിന് പിന്നില്‍ മുഹമ്മദ് ബ്നു അബ്ദുല്‍ വഹാബിന്റെ നേതൃത്വത്തില്‍ തുടങ്ങിയ വഹാബി പ്രസ്ഥാനമാണെന്നും ജത്മലാനി ആരോപിച്ചു. ഇന്ത്യയുമായി അടുത്ത സൌഹൃദമുള്ള ഒരു രാജ്യമാണ് വഹാബി ഭീകരതയെ പ്രോത്സാഹിപ്പിക്കുന്നതെന്ന് കൂടി പറഞ്ഞതോടെ രാഷ്ട്രപതി പ്രതിഭാ പാട്ടീലിന് അടുത്ത് ചെന്ന് സൌദി അംബാസഡര്‍ ഫൈസല്‍ ഹസന്‍ തറാദ് ഈ പ്രസംഗം അങ്ങേയറ്റം നിരുത്തരവാദപരമാണെന്നും തന്റെ രാജ്യത്തിന് ഇക്കാര്യത്തിലുള്ള പ്രതിഷേധം അറിയിക്കാന്‍ താന്‍ ഇറങ്ങിപ്പോകുകയാണെന്നും പറഞ്ഞ് ഹാള്‍ വിട്ടു. അമ്പരന്ന സംഘാടകര്‍ അംബാസഡറെ പിന്തുടര്‍ന്ന് ഔദ്യോഗിക സ്ഥാനങ്ങളില്ലാത്ത ജത്മലാനി പ്രകടിപ്പിച്ചത് സര്‍ക്കാറിന്റെ അഭിപ്രായമല്ലെന്ന് പറഞ്ഞ് ക്ഷമാപണം അറിയിച്ച് തിരിച്ചുകൊണ്ടുവരാന്‍ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. സര്‍ക്കാറുമായി ബന്ധപ്പെട്ട ആരെങ്കിലും ഇതിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് നിലപാട് വ്യക്തമാക്കാതെ തിരിച്ചുവരാനാവില്ലെന്ന് ഫൈസല്‍ തീര്‍ത്തു പറഞ്ഞു.
ജത്മലാനിയുടെ അഭിപ്രായം രാജ്യത്തിന്റേതല്ലെന്നും അത്തരം പരാമര്‍ശം നിര്‍ഭാഗ്യകരമാണെന്നും കേന്ദ്ര നിയമ മന്ത്രി വീരപ്പമൊയ്ലി പ്രസംഗിക്കുകയും സംഭവത്തില്‍ ക്ഷമാപണം നടത്തി രാഷ്ട്രപതിയുടെ പ്രതിനിധി നേരിട്ട് സംസാരിക്കുകയും ചെയ്ത ശേഷമാണ് അംബാസഡര്‍ തിരിച്ചെത്തിയത്. ഇസ്ലാം ശക്തമായി ഭീകരതയെ എതിര്‍ക്കുന്നുവെന്നറിഞ്ഞിട്ടും ജത്മലാനി ഇത്തരം പരാമര്‍ശം നടത്തിയത് നിര്‍ഭാഗ്യകരമാണെന്ന് മൊയ്ലി പറഞ്ഞു.
ഭീകരവാദത്തെ ഏതെങ്കിലും മതവിഭാഗവുമായി ബന്ധപ്പെടുത്തിപ്പറയുന്നത് ശരിയല്ലെന്നും അങ്ങനെയെങ്കില്‍ ഹിന്ദു ഭീകരവാദികളും ബുദ്ധ തീവ്രവാദികളുമുണ്ടെന്ന് ഓര്‍ക്കണമെന്നും മൊയ്ലി അഭിപ്രായപ്പെട്ടു. അന്താരാഷ്ട്ര നീതിന്യായ കോടതിയിലെ ജോര്‍ദാനില്‍ നിന്നുള്ള ജഡ്ജി ഔന്‍ എസ് അല്‍കസാന ഇത്തരം പ്രസ്താവനകള്‍ നടത്തരുതെന്ന് ജത്മലാനിയോട് ആവശ്യപ്പെട്ടു.
മാധ്യമം

No comments:

Blog Archive