var addthis_config = { data_track_addressbar: true, data_track_addressbar_paths: [ "/blog/posts/*", "/faq/*" ] }

Monday, November 23, 2009

ഭഗല്‍പൂര്‍ കലാപബാധിതര്‍ക്ക് 30 കോടിയുടെ നഷ്ടപരിഹാരം

Monday, November 23, 2009
ന്യൂദല്‍ഹി: ഭഗല്‍പൂര്‍ കലാപബാധിതര്‍ക്ക് കേന്ദ്രം മുപ്പത് കോടിയുടെ നഷ്ടപരിഹാരം അനുവദിച്ചു. 844 കുടുംബങ്ങള്‍ക്ക് മൂന്നര ലക്ഷം വീതമായിരിക്കും നഷ്ടപരിഹാരം വിതരണം ചെയ്യുക.ന്യൂനപക്ഷ പിന്തുണ ഉറപ്പാക്കാനുള്ള നീക്കത്തിന്റെ ഭാഗമായി ബാബ്രി മസ്ജിദ് തകര്‍ച്ച സംബന്ധിച്ച ലിബര്‍ഹാന്‍ കമീഷന്‍ റിപ്പോര്‍ട്ട് നടപ്പു സമ്മേളനത്തില്‍ മേശപ്പുറത്തു വെക്കാനും യു.പി.എ സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്.

കലാപം നടന്ന് രണ്ട് പതിറ്റാണ്ടിനുശേഷമാണ് ഇരകള്‍ക്ക് നഷ്ടപരിഹാരം അനുവദിക്കുന്നതെന്നത് ശ്രദ്ധേയമാണ്.
സ്വാതന്ത്യ്രാനന്തര ഇന്ത്യ കണ്ട ഏറ്റവും വലിയ വര്‍ഗീയ കലാപങ്ങളിലൊന്നായിരുന്നു 1989 ഒക്ടോബറില്‍ ബീഹാറിലെ ഭഗല്‍പൂരില്‍ നടന്നത്. ഒരു മാസം നീണ്ട കലാപത്തില്‍ 1070 പേര്‍ കൊല്ലപ്പെട്ടു.600 ഓളം പേര്‍ക്ക് പരിക്കേറ്റു. അയോധ്യയില്‍ ബാബ്രി മസ്ജിദ് തകര്‍ത്ത് രാമക്ഷേത്രം നിര്‍മിക്കുന്നതിനു വേണ്ടി നടന്ന ശിലാപൂജ ഘോഷയാത്രക്കു നേരെ അക്രമം നടന്നുവെന്നു പറഞ്ഞായിരുന്നു കലാപം പൊട്ടിപ്പുറപ്പെട്ടത്. ഒരു മാസം നീണ്ട കലാപം നിയന്ത്രിക്കാന്‍ സംസ്ഥാനം ഭരിച്ച കോണ്‍ഗ്രസിനായില്ല. 11,500 വീടുകള്‍ പൂര്‍ണമായും തകര്‍ന്നതോടെ അര ലക്ഷത്തോളം പേരാണ് ഭവനരഹിതരായത്. പാവപ്പെട്ട നെയ്ത്തു തൊഴിലാളികളാണ് ഇരകളില്‍ ഭൂരിഭാഗവും. 14 ഉയര്‍ന്ന പൊലീസ് ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെ നിരവധി പേര്‍ കലാപത്തില്‍ കുറ്റക്കാരാണെന്ന് സര്‍ക്കാര്‍ നിയോഗിച്ച അന്വേഷണ കമീഷന്‍ വിധിച്ചെങ്കിലും ഇതുവരെ നടപടിയൊന്നും ഉണ്ടായില്ല.

ഭഗല്‍പൂര്‍ കലാപത്തെ തുടര്‍ന്ന് 1989ലെ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ബീഹാറില്‍ ദയനീയമായി തോറ്റു. ന്യൂനപക്ഷം കോണ്‍ഗ്രസില്‍നിന്ന് പൂര്‍ണമായി അകലാനും കലാപം വഴിയൊരുക്കി.
വൈകിയാണെങ്കിലും നഷ്ടപരിഹാരം അനുവദിച്ചതിന്റെ ഗുണഫലം ഉറപ്പാക്കാന്‍ കോണ്‍ഗ്രസും ബീഹാര്‍ മുഖ്യമന്ത്രി നിധീഷ് കുമാറും തന്ത്രങ്ങള്‍ ആവിഷ്കരിക്കും.
ബാബരി മസ്ജിദ് തകര്‍ച്ചയുടെ പതിനെട്ടാം വാര്‍ഷികം അടുത്തമാസം നടക്കാനിരിക്കെ, അതുമായി ബന്ധപ്പെട്ട ലിബര്‍ഹാന്‍ അന്വേഷണ കമീഷന്‍ റിപ്പോര്‍ട്ട് ലോക്സഭയില്‍ വെക്കുന്നതും രാഷ്ട്രീയ ലക്ഷ്യത്തോടെയാണ്. ആഭ്യന്തര മന്ത്രാലയം ചെയ്ത നടപടികള്‍ സഹിതമാകും ലിബര്‍ഹാന്‍ കമീഷന്‍ റിപ്പോര്‍ട്ട് സഭയില്‍ വെക്കുകയെന്ന് കോണ്‍ഗ്രസ് നേതൃത്വം അറിയിച്ചു. ബാബരി മസ്ജിദ് തകര്‍ച്ചയില്‍ ബി.ജെ.പി നേതൃത്വത്തിന്റെ പങ്ക് കൂടുതല്‍ പുറത്തുകൊണ്ടു വരാന്‍ റിപ്പോര്‍ട്ട് വഴിയൊരുക്കുമെന്നാണ് സൂചന. കലാപങ്ങള്‍ തടയലും ഇരകളുടെ പുനരധിവാസവും വ്യവസ്ഥ ചെയ്യുന്ന മറ്റൊരു ബില്ലും നടപ്പുസമ്മേളനത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. കലാപങ്ങളില്‍ പങ്കുവഹിക്കുന്നവര്‍ക്ക് കര്‍ശനശിക്ഷ ഉറപ്പാക്കുന്നതോടൊപ്പം ഇരകള്‍ക്ക് സമയബന്ധിതമായി നീതി ലഭ്യമാക്കാനും ബില്ലില്‍ വ്യവസ്ഥയുണ്ടെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു.

ഈ മാസം നടന്ന ഉത്തര്‍പ്രദേശിലെ ഫിറോസാബാദ് ഉപതെരഞ്ഞെടുപ്പോടെ മുസ്ലിം ന്യൂനപക്ഷം കോണ്‍ഗ്രസിലേക്ക് മടങ്ങി വരുന്നതിന്റെ സൂചന പ്രകടമാണ്. മുസ്ലിം ഭൂരിപക്ഷമുള്ള ലഖ്നോ വെസ്റ്റ് നിയമസഭാ ഉപതെരഞ്ഞെടുപ്പിലും കോണ്‍ഗ്രസിനായിരുന്നു ജയം. എതിര്‍പ്പിനെ തുടര്‍ന്ന് മദ്റസ ബോര്‍ഡ് നവീകരണ നടപടികള്‍ തല്‍ക്കാലം മാറ്റിവെച്ച് ന്യൂനപക്ഷ ക്ഷേമ പദ്ധതികള്‍ക്ക് ആക്കം കൂട്ടാനാണ് കോണ്‍ഗ്രസ് തീരുമാനം. ബീഹാറില്‍ കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ ലാലുവിന്റെ ആര്‍.ജെ.ഡിയെ മറികടന്ന് ശ്രദ്ധേയ വിജയം നേടാന്‍ കഴിഞ്ഞതും കോണ്‍ഗ്രസിന് പ്രതീക്ഷയേകുന്നു.
എം.സി.എ നാസര്‍
മാധ്യമം

No comments:

Blog Archive