var addthis_config = { data_track_addressbar: true, data_track_addressbar_paths: [ "/blog/posts/*", "/faq/*" ] }

Monday, November 23, 2009

പ്രതിപക്ഷ ഐക്യം തകര്‍ക്കാന്‍ റിപ്പോര്‍ട്ട് കോണ്‍ഗ്രസ് ചോര്‍ത്തി നല്‍കി: ബി.ജെ.പി

Tuesday, November 24, 2009
ന്യൂദല്‍ഹി: കരിമ്പ് കര്‍ഷകരുടെ സമരത്തെ തുടര്‍ന്ന് പാര്‍ലമെന്റില്‍ രൂപപ്പെട്ട പ്രതിപക്ഷ ഐക്യം തകര്‍ക്കാന്‍ ലിബര്‍ഹാന്‍ കമീഷന്‍ റിപ്പോര്‍ട്ട് കോണ്‍ഗ്രസ് മനഃപൂര്‍വം ചോര്‍ത്തി നല്‍കിയതാണെന്ന് ബി.ജെ.പി. റിപ്പോര്‍ട്ട് ചോര്‍ത്തി നല്‍കാതെ സഭയില്‍വെച്ചിരുന്നുവെങ്കില്‍ അന്ന് കേന്ദ്രം ഭരിച്ചിരുന്ന കോണ്‍ഗ്രസിനുള്ള പങ്ക് കൂടി അറിയാമായിരുന്നുവെന്ന് ലോക്സഭയിലെ പ്രതിപക്ഷ ഉപ നേതാവ് സുഷമ സ്വരാജ് വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു.

ഇതുകൊണ്ടാണ് കഴിഞ്ഞ ജൂണ്‍ 30ന് ജസ്റ്റിസ് ലിബര്‍ഹാന്‍ കേന്ദ്ര സര്‍ക്കാറിന് നല്‍കിയ റിപ്പോര്‍ട്ട് സഭയില്‍ വെക്കാതെ ബി.ജെ.പിയുടെ മുതിര്‍ന്ന നേതാക്കള്‍ക്കെതിരെയുളള ഭാഗം മാത്രം ചോര്‍ത്തിക്കൊടുത്തത്. ആഭ്യന്തര മന്ത്രാലയം ചോര്‍ത്തിയ തരത്തിലാണ് പത്രവാര്‍ത്ത വന്നിട്ടുള്ളത്. പാര്‍ലമെന്റിനെ അപമാനിച്ച സംഭവത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ക്കെതിരെ നടപടി വേണം. റിപ്പോര്‍ട്ട് എത്രയും പെട്ടെന്ന് സഭയില്‍വെക്കണമെന്നും ബി.ജെ.പി ആവശ്യപ്പെട്ടു. റിപ്പോര്‍ട്ട് സഭയില്‍ വെക്കാതെ ബാബരി മസ്ജിദ് തകര്‍ത്ത സംഭവത്തില്‍ അഭിപ്രായ പ്രകടനം നടത്തില്ല. റിപ്പോര്‍ട്ട് സഭയില്‍ വെക്കുന്നതുവരെ സഭാ നടപടികള്‍ സ്തംഭിപ്പിക്കുന്നത് സംബന്ധിച്ച് ഇന്ന് രാവിലെ ഒമ്പത് മണിക്ക് നടക്കുന്ന ബി.ജെ.പി പാര്‍ലമെന്ററി പാര്‍ട്ടി യോഗം തീരുമാനമെടുക്കും. റിപ്പോര്‍ട്ട് ചോര്‍ത്തി നല്‍കിയതിലൂടെ വരും ദിവസങ്ങളില്‍ പാര്‍ലമെന്റിനെ പിടിച്ചുകുലുക്കുമായിരുന്ന വിവാദ വിഷയങ്ങളിലുള്ള ചര്‍ച്ച ഇല്ലാതാക്കാനും കോണ്‍ഗ്രസ് ലക്ഷ്യമിട്ടുവെന്ന് സുഷമ കുറ്റപ്പെടുത്തി.

കരിമ്പ് കര്‍ഷകരുടെ വിഷയത്തില്‍ പ്രതിപക്ഷത്തിന് മുമ്പില്‍ പരാജയപ്പെട്ട് വിവാദ ഓര്‍ഡിനന്‍സ് മറികടക്കാന്‍ ഇന്നലെ പാര്‍ലമെന്റില്‍ ബില്‍ കൊണ്ടുവരാമെന്ന് വാഗ്ദാനം ചെയ്തതായിരുന്നു. ലിബര്‍ഹാന്‍ വിവാദത്തിലൂടെ പ്രതിപക്ഷത്ത് ഭിന്നിപ്പുണ്ടാക്കി അത് അട്ടിമറിക്കാന്‍ കോണ്‍ഗ്രസിന് കഴിഞ്ഞു. വരും നാളുകളില്‍ സ്പെക്ട്രം, കോഡ വിവാദങ്ങള്‍ ചര്‍ച്ചചെയ്യുമ്പോള്‍ പ്രതിപക്ഷ ഐക്യം ദോഷം ചെയ്യുമെന്നും കോണ്‍ഗ്രസ് ഭയന്നു. ഝാര്‍ഖണ്ഡ് തെരഞ്ഞെടുപ്പിനുമുമ്പ് അജണ്ട മാറ്റണമെന്ന് കോണ്‍ഗ്രസ് ആഗ്രഹിച്ചതായും സുഷമ കുറ്റപ്പെടുത്തി.
മാധ്യമം

No comments:

Blog Archive