var addthis_config = { data_track_addressbar: true, data_track_addressbar_paths: [ "/blog/posts/*", "/faq/*" ] }

Thursday, November 5, 2009

തോണി മറിഞ്ഞ് എട്ടു വിദ്യാര്‍ഥികള്‍ മരിച്ചു

Thursday, November 5, 2009
അരീക്കോട് (മലപ്പുറം): തേക്കടി ദുരന്തത്തിന്റെ കണ്ണീര്‍ ആറുംമുമ്പേ നാടിനെനടുക്കി വീണ്ടും ജലദുരന്തം. സ്കൂള്‍വിട്ട് വീടുകളിലേക്ക് മടങ്ങുകയായിരുന്ന വിദ്യാര്‍ഥികള്‍ കയറിയ തോണി ചാലിയാറില്‍ മറിഞ്ഞ് പെണ്‍കുട്ടി ഉള്‍പ്പെടെ എട്ടുപേര്‍ മരിച്ചു. അരീക്കോടിനടുത്ത് മൂര്‍ക്കനാട് കടവിലാണ് ദുരന്തം.
മൂര്‍ക്കനാട് സുബുലുസ്സലാം ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ വിദ്യാര്‍ഥികളാണ് ദുരന്തത്തിനിരയായത്. ഇന്നലെ വൈകീട്ട് 4.40നാണ് അപകടം. 24 വിദ്യാര്‍ഥികള്‍ കയറിയ തോണി മൂര്‍ക്കനാട് കടവില്‍നിന്ന് അരീക്കോട് പുളിക്കല്‍ കടവിലേക്ക് പോവുകയായിരുന്നു. തോണി പുറപ്പെട്ട് പത്ത് മീറ്ററോളം അകലത്തില്‍ എത്തിയപ്പോഴാണ് അപകടം.

കടത്തുകാരന്‍ തോണിയില്‍ ഉണ്ടായിരുന്നെങ്കിലും പുഴക്ക് കുറുകെ കെട്ടിയ കയറില്‍പിടിച്ച് വിദ്യാര്‍ഥികള്‍തന്നെ ചാലിയാര്‍ കടക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് അപകടം. ചെറിയ തോണിയില്‍ കൂടുതല്‍ വിദ്യാര്‍ഥികളുമായി പോകുന്നതിനിടെ തോണി ഉലയുകയും കീഴ്മേല്‍ മറിയുകയുമായിരുന്നുവെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു. കടവിലുണ്ടായിരുന്നവരുടെ മുന്നറിയിപ്പുകള്‍ അവഗണിച്ച് തോണിയില്‍ കൂടുതല്‍ വിദ്യാര്‍ഥികള്‍ കയറിയതായും പറയുന്നു. പ്ലസ് വണ്‍ കമ്പ്യൂട്ടര്‍ സയന്‍സ് വിദ്യാര്‍ഥികളായ അരീക്കോട് കൊഴക്കോട്ടൂര്‍ പാടലശേãരി മാങ്ങാട്പറമ്പില്‍ അലിയുടെ മകള്‍ എം.പി ത്വയ്ബ (16), എടവണ്ണ പാലപ്പറ്റ ഇളയേടത്ത് അബ്ദുല്‍ കരീമിന്റെ മകന്‍ തൌഫീഖ് (16), കാവനൂര്‍ തോട്ടിലങ്ങാടി നെടുങ്കണ്ടത്തില്‍ കുഞ്ഞിമുഹമ്മദിന്റെ മകന്‍ കെ.സി ശമീം (16), അരീക്കോട് വെള്ളേരി മുഹമ്മദിന്റെ മകന്‍ ശിഹാബുദ്ദീന്‍ (16), അരീക്കോട് കീഴുപറമ്പ് കുനിയില്‍ കാഞ്ഞിരമറ്റം പുതുപറമ്പില്‍ മുഹമ്മദ് ശരീഫിന്റെ മകന്‍ മുഹമ്മദ് മുഷ്ഫിക് (16), പ്ലസ്ടു വിദ്യാര്‍ഥി കുനിയില്‍ എന്‍.വി. നാസറിന്റെ മകന്‍ സിറാജുദ്ദീന്‍ (17), പ്ലസ് വണ്‍ ബയോളജി വിദ്യാര്‍ഥി കൊഴക്കോട്ടൂര്‍ മങ്ങാട്ടുപറമ്പന്‍ ഷൌക്കത്തലിയുടെ മകന്‍ ഷാഹിദ് അലി (17), പ്ലസ്ടു കോമേഴ്സ് വിദ്യാര്‍ഥി ഉഗ്രപുരം പെരുമ്പറമ്പ് തൃക്കളത്ത് അബൂബക്കറിന്റെ മകന്‍ സുഹൈല്‍ (17) എന്നീ വിദ്യാര്‍ഥികളാണ് മരിച്ചത്.
പരിക്കേറ്റ അരീക്കോട് പത്തനാപുരം പൂവ്വത്തിന്‍കണ്ടി ജോസഫിന്റെ മകന്‍ ജിതിന്‍ (16) കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികില്‍സയിലാണ്.

മൃതദേഹങ്ങള്‍ അരീക്കോട് ഗവ. കമ്യൂണിറ്റി ഹെല്‍ത്ത് സെന്റര്‍, ജനറല്‍ ആശുപത്രി എന്നിവിടങ്ങളില്‍ എത്തിച്ചശേഷം പോസ്റ്റ്മോര്‍ട്ടം ഇല്ലാതെ ബന്ധുക്കള്‍ക്ക് വിട്ടു നല്‍കി. തോണിയില്‍ 12ഓളം പേര്‍ പെണ്‍കുട്ടികളായിരുന്നെന്നാണ് വിവരം. ഇവരില്‍ ത്വയ്ബ ഒഴികെയുള്ളവരെ ഒപ്പമുണ്ടായിരുന്ന ആണ്‍കുട്ടികള്‍ രക്ഷിച്ചു. തോണിക്കടിയില്‍പെട്ടവരാണ് മരിച്ചത്. അഞ്ചു മിനിറ്റോളം തോണി ഉയര്‍ത്താനാകാഞ്ഞത് ദുരന്തത്തിന്റെ തീവ്രത വര്‍ധിപ്പിച്ചു. പരിസരങ്ങളില്‍നിന്ന് എത്തിയ മണല്‍തൊഴിലാളികളും നാട്ടുകാരും ചേര്‍ന്നാണ് ആദ്യം രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കിയത്. ഒരു വിദ്യാര്‍ഥിയെ കാണാനില്ലെന്ന സംശയത്തെ തുടര്‍ന്ന് രാത്രി തെരച്ചില്‍ നടത്തിയെങ്കിലും പിന്നീട് നിര്‍ത്തി.
ചാലിയാറില്‍ കവണക്കല്ല് റഗുലേറ്റര്‍ കം ബ്രിഡ്ജിന്റെ ഷട്ടര്‍ താഴ്ത്തിയതിനാല്‍ പുഴയില്‍ വെള്ളം താരതമ്യേന കൂടുതലായിരുന്നു. ഇതും അപകടത്തിന്റെ വ്യാപ്തി വര്‍ധിപ്പിച്ചു.
പി.സി. സൈനബ പുളിക്കല്‍ ആണ് മരിച്ച തൌഫീഖിന്റെ മാതാവ്. സഹോദരങ്ങള്‍: ഫിറോസ് ബാബു (യു.എ.ഇ), ജസീന, ജവാഹിര്‍, അല്‍ശിഫ. ഖബറടക്കം വ്യാഴാഴ്ച രാവിലെ 10ന് പള്ളിമുക്ക് ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍.
മുഹമ്മദ് മുശ്ഫിഖിന്റെ മാതാവ് സി.കെ. സാജിദ. സഹോദരങ്ങള്‍: ദാനിഷ്, നജുഫാത്തിമ. ത്വയ്ബയുടെ മാതാവ്: സൈനബ.
സുഹറാബിയാണ് സുഹൈലിന്റെ മാതാവ്. സഹോദരങ്ങള്‍: സുഹാദ, ഷിഫു.
റസിയയാണ് ഷമീറിന്റെ മാതാവ്. സിറാജുദ്ദീന്റെ മാതാവ് പരേതയായ സഫിയ. ശിഹാബുദ്ദീന്റെ മാതാവ്: ഫാത്തിമ.

Madhyamam Daily

No comments:

Blog Archive