var addthis_config = { data_track_addressbar: true, data_track_addressbar_paths: [ "/blog/posts/*", "/faq/*" ] }

Friday, October 30, 2009

ലവ് ജിഹാദ്: വാര്‍ത്താ സ്രോതസ്സും അന്വേഷണ വിധേയമാകണം

സത്യാര്‍ത്ഥി

കേരളത്തിലെ സാമുദായികൈക്യം ആരെയൊക്കെയോ അലോസരപ്പെടുത്തുന്നുവെന്നാണ് നാളിത് വരെയുള്ള സംഭവഗതികള് വിളിച്ചോതുന്നത്. ഐ.എസ്.ഐ, ലഷ്കറെ ത്വയ്യിബ, ജൈഷെ മുഹമ്മദ് തുടങ്ങി പേരറിയാവുന്നതും അല്ലാത്തതുമാ‍ായ നിരവധി കഷികളുടെ ഏജന്‍സികളിവിടെ പ്രവര്‍ത്തിക്കുന്നുണ്ടെന്നും ആയിരക്കണക്കില് യുവാക്കളെ അവര് ഭീകര പ്രവര്‍ത്തങ്ങള്‍ക്കായി റിക്രൂട്ട് ചെയ്തുകൊണ്ടിരിക്കുന്നുവെന്നും കേരളത്തില് മുറവിളി ഉയര്‍ന്നത് കുറച്ചു മുമ്പത്തെ കഥ. ഇടത് – വലത് കക്ഷികളുടെ തമ്മില് തല്ലും ഉള്‍പോരുകളും ന്യൂസ് വാല്യൂ അല്ലാ‍തായി വിഷയ ദാരിദ്ര്യം അനുഭവിച്ചുകൊണ്ടിരുന്നതിനാലായിരിക്കാം നമ്മുടെ ചാനലുകളും, കോപ്പികളുടെ എണ്ണത്തില് കേരളത്തിലും ഇന്ത്യയിലും ഒന്നാം സ്ഥാനത്തെത്തിയെന്നവകാശപ്പെടുന്ന മാധ്യമങ്ങളും ഈ കുപ്രചരണങ്ങളുടെ ചുക്കാന് ഏറ്റെടുത്തത്. ദിനേനയെന്നോണം എരിവും പുളിയും ചേര്‍ത്ത വാര്‍ത്തകള് മിനഞ്ഞെടുത്തു കൈരളിയുടെ സുന്ദര പ്രഭാതത്തെ മലിനപ്പെടുത്തുന്ന കാര്യത്തില് ഇവ മത്സരിക്കുകയായിരുന്നു. സര്‍ക്കാരും പോലീസും അനേഷണങ്ങള് പലതും നടത്തിയെങ്കിലും കാര്യമായ തുമ്പുകളൊന്നും ലഭിച്ചില്ല. അവസാനം അത് കെട്ടടങ്ങുകയായിരുന്നു.
പക്ഷെ , ഈ ഛിദ്ര ശക്തികള്‍ക്കു ഉറക്കം ലഭിച്ചില്ല. അവര് മാളത്തില് നിന്നെഴുനേറ്റു എന്തെങ്കിലും പുല്‍കൊടിക്കായി കാത്തിരിക്കുമ്പോഴായിരുന്നു രണ്ടു വിദ്യാര്‍ത്ഥിനികള് രണ്ട് മുസ്ലിം ചെരുപ്പക്കാരുമായി പ്രണയത്തിലായി മതം മാറി അവരെ കല്യാണം കഴിച്ചത്. രംഗം വീണ്ടും ചൂടായി. എരിവും പുളിയും ചേര്‍ത്ത വാര്‍ത്തകള് മധ്യമങ്ങളിലൂടെ പ്രവഹിക്കാന് തുടങ്ങി. സുന്ദരമായൊരു പേരും അവര് ഒപ്പിച്ചെടുത്തു; ലൌ ജിഹാദ്! ഇപ്പോള് എല്ലാവരും ഈ ജിഹാദിന്ന് പിന്നാലെയാണ്.
ഇവിടെ രസകരവും എന്നാല്, ശ്രദ്ധേയവുമായൊരു വസ്തുതയുണ്ട്. ഇസ്ലാമിനെയും മുസ്ലിംകളെയും ഉന്നം വെച്ചുകൊണ്ടാണീ കുപ്രചരണങ്ങളെല്ലാം നടക്കുന്നതെന്നതത്രെ അത്. പ്രണയപ്പനി ബാധിച്ച് ഹിന്ദുവിന്റെയോ ക്രിസ്ത്യാനിയുടെയോ കൂടെ ഒളിച്ചോടിപ്പോവുകയും സ്വന്തം മതം വലിച്ചെറിഞ്ഞുകൊണ്ട് അവരെ വിവാഹം കഴിക്കുകയും ചെയ്ത സംഭവങ്ങള് കേരളക്കരയില് കുറച്ചൊന്നുമല്ല നടക്കുന്നത്. പക്ഷെ, അതൊന്നും നമ്മുടെ മാധ്യമങ്ങള്‍ക്കോ ചാനലുകള്‍ക്കോ വാര്‍ത്തയല്ല. ഇത്തരം സംഭവങ്ങളുടെ സര്‍വ്വേ റിപ്പൊര്‍ട്ടുകളും എവിടെയും പ്രസിദ്ധീകരിച്ചു കാണുന്നില്ല. നിര്‍ബന്ധ മതപരിവര്‍ത്തനത്തിന്റെ ലേബളും ഇവക്കൊന്നും ചേര്‍ത്തും കാണുന്നില്ല. അപ്പോള് പിന്നെയെന്താണിതിന്റെയൊക്കെ അര്‍ത്ഥം? ‘ അന്റെ ചെക്കനെ എടുക്ക്, എന്റെ കുട്ടിയെ അവിടെ കിടത്തട്ടെ’ എന്ന നയമല്ലാതെ എന്താണിവിടെ നടക്കുന്നത്?
ശ്രദ്ധേയമായ മറ്റൊരു വസ്തുത കൂടിയുണ്ട്. ഇവര് ലക്ഷ്യം വെക്കുന്ന ഇസ്ലാമിനോ മുസ്ലിം സമൂഹത്തിനോ ഇത് കൊണ്ടൊന്നും യാതൊരു ഹാനിയും വരാനില്ലെന്നു മാത്രമല്ല, ഇസ്ലാമിനെയും മുസ്ലിം സമൂഹത്തെയും ഏറ്റവും അടുത്തറിയാനുള്ള സൌകര്യം ലഭിക്കുകയാണിത് കൊണ്ട് നടക്കുന്നതെന്നു ഈ ബുദ്ധി ജീവികളൊന്നും മനസ്സിലാക്കുന്നില്ലെന്നത് ഏറ്റവും വിരോധാഭാസമായി അവശേഷിക്കുകയാണ്. ഇസ്ലാമിന്റെയും മുസ്ലിംകളുടെയും ആദികാല ചരിത്രം പരിശോധിച്ചു നോക്കുന്ന ആര്‍ക്കും കണ്ടെത്താന് കഴിയുന്ന ഒരു നഗ്ന സത്യമുണ്ട്. ശത്രുക്കളുടെ അപവാദങ്ങള്‍ക്ക് വിധേയരാകാത്ത ഏതെങ്കിലും പ്രവാചകനോ സത്യ വിശ്വാസിയോ കഴിഞ്ഞു പോയിട്ടില്ലെന്നതാണത്. പക്ഷെ അവയെ ക്ഷമയോടും സഹിഷ്ണുതയോടും നേരിട്ട അവര്‍ക്ക് അതെല്ലാം ശുഭ പര്യവസാനമായി കലാശിക്കുകയാണുണ്ടായത്. മോശെയുടെ കഥ ഉദാഹരണം. ഏകദൈവത്തില് വിശ്വസിക്കാനും ഇസ്രായേല് സന്തതികളെ അടിമത്തത്തില് നിന്ന് മോചിപ്പിക്കാനും ആവശ്യപ്പെട്ടുകൊണ്ട് രാജാവായ ഫറവോനെ സമീപിച്ച അദ്ദേഹത്തെ കുറിച്ചു ഫറവോനും അനുയായികളും പലതരത്തിലുള്ള അപവാദങ്ങളും ജനങ്ങള്‍ക്കിടയില് പ്രചരിപ്പിക്കാന് നോക്കി. അദ്ദേഹം ആഭിചാരകനാണെന്നായിരുന്നു അവയിലൊന്ന്. അങ്ങനെ അദ്ദേഹത്തെ പരാജയപ്പെടുത്താന് അയാള് നാട്ടിലെ സകല ആഭിചാരകരെയും കൊട്ടാരത്തില് വിളിച്ചു വരുത്തി. അവര് മോശെയെ വെല്ലുവിളിച്ചു. അവസാനം മൊശെയുടേത് ആഭിചാരമല്ലെന്ന് ആ ആഭിചാരകന്മാര്‍ക്കെല്ലാം ബോധ്യപ്പെടുകയും താന് ദൈവ ദൂതനാണെന്ന അദ്ദേഹത്തിന്റെ വാദം അവര് അംഗീകരിച്ചു അദ്ദേഹത്തില് വിശ്വസിക്കുകയുമാണുണ്ടായത്.
എന്തിനധികം, അമേരിക്കയിലെ പ്രശസ്തമായ ഇരട്ട സ്ഫോടനം നടന്നപ്പോള് കുറ്റക്കാര്‍ക്കെതിരെയുള്ള വിരല് നീണ്ടത് മുസ്ലിംകള്‍ക്കെതിരെ തന്നെയായിരുന്നുവല്ലോ. ആദ്യമെല്ലാം മുസ്ലിംകള്‍ക്ക് കുറെ വിശമങ്ങളേല്‍ക്കേണ്ടി വന്നുവെങ്കിലും, അമേരിക്കന് സമൂഹത്തിന്റെ സാംസ്കാരിക ബോധം മറ്റൊരു തലത്തിലാണെത്തിപ്പെട്ടത്. പലരും ഇസ്ലാമിനെയും മുസ്ലിംകളെയും പറ്റി ആദ്യമായി കേള്‍ക്കുന്നതോ ആദ്യമായി ചിന്താവിഷയമാക്കുന്നതൊ ഈ സംഭവത്തോടനുബന്ധിച്ചാണ്. അങ്ങനെ, ഇസ്ലാമിനെ മനസ്സിലാക്കനവര് മുന്നോട്ടു വന്നു. ഇസ്ലാമിനെയും മുസ്ലിംകളെയും അധികരിച്ചെഴുതപ്പട്ട നിരവധി ഗ്രന്ഥങ്ങളും ചാനലുകളും അവര് കണ്ടെത്തി. അവയില് അനുകൂലമായവയുണ്ട്. പ്രതികൂലമായവയുമുണ്ട്. ഇസ്ലാമിന്റെ അടിസ്ഥാന പ്രമാണമായ വിശുദ്ധ ഖുര് ആന് അവിടെ ബെസ്റ്റ് സെല്ലറായി തീര്‍ന്നു. വിമര്‍ശനങ്ങളെല്ലാം മുമ്പില് വെച്ചു കൊണ്ടു തന്നെ അവര് ഖുര് ആന് വായിച്ചു. പിന്നീട് സംഭവിച്ചത് ലോക മനസ്സാക്ഷിയെ അമ്പരപ്പിക്കുന്നതായിരുന്നു. തങ്ങളുടെ മത മേധാവികളും മത പ്രചാരകരും ഇസ്ലാമിനെയും മുസ്ലിംകളെയും കുറിച്ച് പ്രചരിപ്പിക്കുന്നത് കല്ലു വെച്ച നുണകളാണെന്നു ബോധ്യം വന്ന അവര് ഇസ്ലാമിലേക്കു പ്രവഹിക്കുകയായിരുന്നു. ആ പ്രയാണം ഇന്നും തുടര്‍ന്നു കൊണ്ടിരിക്കുകയും ചെയ്യുന്നു.
യഥാര്‍ത്ഥത്തില് , അത് തന്നെയാണിവിടെയും സംഭവിക്കുന്നത്. മുസ്ലിംകള്‍ക്കെതിരെ നിര്‍ബന്ധ മതപരിവര്‍ത്തനമെന്ന ആരോപണം തുടങ്ങിയിട്ട് കാലം കുറെയായി. പക്ഷെ, ഇസ്ലാം നിര്‍ബന്ധ പരിവര്‍ത്തനത്തെ അംഗീകരിക്കുന്നില്ലെന്ന് അതിന്റെ ആധികാരിക പ്രമാണമായ വിശുദ്ധ ഖുര് ആന് അര്‍ത്ഥ ശങ്കക്കിടയില്ലാത്ത വിധം പ്രഖ്യാപിച്ചത് നിഷ്പക്ഷ വായനക്കാരനെ സംബന്ധിച്ചിടത്തോളം കാണാതിരിക്കാന് കഴിയുകയില്ല. കുര് ആന് പറയുന്നു:
“ മതത്തില് ബലപ്രയോഗം അരുത്. നന്മ തിന്മകളുടെ വഴികള് വ്യക്തമായും വേര്‍തിരിഞ്ഞു കഴിഞ്ഞിരിക്കുന്നു”. [ ഖുര് ആന്: 2: 256]
ഇസ്ലാം അംഗീകരിക്കാത്ത ഈ കാര്യത്തില് മുസ്ലിംകള് ഇത്രമാത്രം ഊര്‍ജ്ജവും പണവും ചെലവാക്കുന്നതെന്തിനാണെന്ന ചോദ്യം ഇവിടെ ഉത്തരം കിട്ടാതെ അവശേഷിക്കുകയാണ്. ഏതായാലും നിഷ്പക്ഷമതികളെ സംബന്ധിച്ചിടത്തോളം, ഈ മുറവിളികള് ഇസ്ലാമിനെയും മുസ്ലിംകളെയും അടുത്തറിയാന് നല്ലൊരു അവസരമാണ് സൃഷ്ടിക്കാന് പോകുന്നതെന്നതില് സംശയമില്ല.
എന്നാല്, മകനെ കൊന്നു മരുമകളെ പീഡിപ്പിക്കുന്ന അമ്മായിയമ്മയുടെ നിലപാടാണ് ഇക്കൂട്ടര് സ്വീകരിച്ചിരിക്കുന്നതെന്നത് അദ്ഭുതാ‍വഹമാണ്. മുസ്ലിംകളെയും ഇസ്ലാമിനെയും കുരിശിലേറ്റാന് ഇവര് ഇരയാക്കിയിരിക്കുന്നത് സ്വന്തം പെണ്മക്കളെയാ‍ണല്ലൊ. ഒരു മുസ്ലിം ചെറുപ്പക്കാരന് പ്രേമം നടിക്കുമ്പോഴെക്കും വലയില് വീണുപോകുന്ന ദുര്‍ബലകളാണ് തങ്ങളുടെ പുത്രിമാരും സഹോദരികളുമെന്നാണല്ലോ ഇവരുടെ വാദഗതികളില് മുഴച്ചു നില്‍ക്കുന്നത്. തങ്ങളെപ്പോലെ ബുദ്ധിയും വിവേകവും ഉള്ളവരാണ് ഈ പെണ്‍കുട്ടികളെങ്കില് ഈ പ്രേമ നടന്മാരുടെ പൊടിപോലും അടുത്തൊന്നും കാണുകയില്ലല്ലോ. യഥാര്‍ത്തത്തില്, ഹൈന്ദവ – ക്രിസ്ത്യന് പെണ്‍കുട്ടികളുടെ അഭിമാനമാണിവിടെ കരുവാക്കപ്പെട്ടിരിക്കുന്നത്. മഹിളകളുടെ അന്തസ്സുയര്‍ത്താന് ആവോളം ശ്രമിച്ചു കൊണ്ടിരിക്കുന്ന വനിതാ സംഘടനകളൊ, സ്ത്രീ പുരുഷ സമത്വത്തിന്റെ പേരില് രംഗ പ്രവേശം നടത്തിയ സ്ത്രീ വിമോചന പ്രസ്ഥാനങ്ങളോ ഈ അനീതിക്കെതിരെ ക. മ മിണ്ടുന്നില്ലെന്നത് കേരള മനസ്സാക്ഷിയെ അമ്പരപ്പിച്ചിരിക്കുകയാണ്.
ഇവ്വിഷയകമായി നാം പരിഗണിക്കേണ്ട മറ്റൊരു വസ്തുത കൂടിയുണ്ട്. മുന് കാലങ്ങളിലെ ആരോപണങ്ങള് പോലെത്തന്നെ, താമസിയാതെ ഈ ആരോപണവും തിരശ്ശീലക്ക് പിന്നില് മറഞ്ഞേക്കാം. അങ്ങനെ ലൌ ജിഹാദ് വിസ്മൃതമായേക്കാം. അന്വേഷണ റിപ്പോര്‍ട്ടുകള്, ആരോരുമറിയാതെ സമര്‍പ്പിക്കപ്പെടുകയും, അടിസ്ഥാനരഹിതമെന്നു കണ്ട് ഫയലുകള് ക്ലോസ് ചെയ്യപ്പെടുകയും ചെയ്തേക്കാം. ഛിദ്ര ശക്തികളാകട്ടെ, മറ്റൊരു തുരുപ്പു ശീട്ടിന്നു വേണ്ടി അലഞ്ഞു നടക്കുകയും ചെയ്തേക്കാം. പക്ഷെ, കാര്യം ഇതു കൊണ്ടവസാനിപ്പിക്കുന്നത് കേരളീയ മനസ്സാക്ഷിയോട് ചെയ്യുന്ന നീതിയാണോ? ഏതോ ചില ദുശ്ശക്തികള് സ്വാര്‍ത്ഥ താല്പര്യങ്ങള്‍ക്ക് വേണ്ടി മിനഞ്ഞുണ്ടാക്കുന്ന കുപ്രചാരണങ്ങള് അപ്പടി വിഴുങ്ങാനും പിന്നീട് അതിന്റെ സത്യാവസ്ഥ മനസ്സിലാക്കാന് മിനക്കെടാതെ നിര്‍ജ്ജീവമായി കഴിയാനും മാത്രം വിധിക്കപ്പെട്ടവരാണോ കേരളീയ ജനത? ഒരിക്കലുമല്ല. അവര് ബുദ്ധിയുള്ളവരാണ്. തന്റേടമുള്ളവരാണ്. വിവേകികളാണ്. തെറ്റും ശരിയും വേര്‍തിരിച്ചറിയാന് കഴിയുന്നവരുമാണ്. അതിനാല് തന്നെ, അവരുടെ ഉല്‍ബുദ്ധത അവഗണിക്കപ്പെടാന് പാടില്ല. അന്വേഷണ റിപ്പോര്‍ട്ടുകള് സമര്‍പ്പിച്ചു കഴിയുകയും അടിസ്ഥാനരഹിതമെന്നു തെളിയുകയും ചെയ്താല്, അതോടെ ഫയല് ക്ലോസ് ചെയ്തുകൂടാ. ഉടനെ ത്തന്നെ മറ്റൊരന്വേഷണത്തിന്ന് ഉത്തരവിടണം: ഈ വാര്‍ത്തകളുടെ സ്രോതസ്സ് ഏതാണ്? അതിന്റെ ഉദ്ദേശ്യമെന്താണ്? ആരാണിതിന്റെ അണിയറ ശില്പികള്? ഇതെല്ലാമായിരിക്കണം അന്വേഷണ വിഷയങ്ങള്. അതീകൃതര് തയ്യാറാകുമോ?
മതം മാറി മുസ്ലിം യുവാക്കളെ വിവാഹം കഴിച്ച ഹിന്ദു – ക്രിസ്ത്യന് പെണ്‍കുട്ടികളെക്കുറിച്ച് പോലീസിന്റെ രഹസ്യ വിഭാഗം അന്വേഷണം ആരംഭിച്ചു കഴിഞ്ഞുവെന്നാണ് അവസാനത്തെ വിവരം. നല്ലത് തന്നെ. പക്ഷെ, ഇവിടെ എന്തിനാണ് പരിധി വെച്ചിരിക്കുന്നത്? ഇസ്ലാം ത്യജിച്ചു ഹിന്ദു യുവാക്കളെയും ക്രിസ്ത്യന് യുവാക്കളെയും വിവാഹം ചെയ്ത മുസ്ലിം പെണ്‍കുട്ടികളും ധാരാളമുണ്ടല്ലൊ. അവരുടെ മത ത്യാഗത്തിന്ന് യാതൊരു വിലയുമില്ലെന്നോ? അവിടെയും ഈ ശപിക്കപ്പെട്ട ‘ ലവ്’ ഇടപെട്ടിട്ടില്ലെന്നാരറിഞ്ഞു? അതു കൂടി ഈ അന്വേഷണ പരിധിയില് ഉള്‍പ്പെടുത്തുന്നത് കൊണ്ടെന്ത് ദോഷമാണ് വരാനുള്ളത്? ഒരു പാലമിട്ടാല് അങ്ങോട്ടും ഇങ്ങോട്ടും പോകാന് കഴിയണമല്ലോ. അതല്ലെ നീതി?

1 comment:

Pulchaadi said...

ഇതേക്കുറിച്ചുള്ള എന്റെ ചിന്തകള്‍ ഇവിടെയുണ്ട്:
http://pulchaadi.blogspot.com/

കൂടെ ഒരു സിനിമ നിരൂപണവും - സിനിമ ഇപ്പോള്‍ കേരളത്തില്‍ തകര്‍ത്തോടുന്ന "ലവ് ജിഹാദ്"