var addthis_config = { data_track_addressbar: true, data_track_addressbar_paths: [ "/blog/posts/*", "/faq/*" ] }

Tuesday, October 20, 2009

പ്രണയപ്പേരിലെ പ്രചാരണ യുദ്ധങ്ങള്‍ 5

പ്രണയത്തിനും ജാതിയുണ്ടോ?

Madhyamam Daily
Tuesday, October 20, 2009
എം.കെ.എം. ജാഫര്‍ഫ5

ചേര്‍ത്തലയിലെ ഒരു കോളജില്‍ പ~ിക്കുന്ന മുസ്‌ലിം പെണ്‍കുട്ടി ഇതേ കോളജിലെ ക്രിസ്ത്യന്‍ യുവാവുമായി പ്രണയത്തിലായി. പ്രണയം ഒളിച്ചോട്ടത്തിലും ഒടുവില്‍ ഹേബിയസ് കോര്‍പസ്് ഹരജിയിലുമെത്തി. കോടതിയില്‍ സമര്‍പ്പിച്ച രേഖകളില്‍ പെണ്‍കുട്ടിക്ക് 18 വയസ്സ് തികയാന്‍ മൂന്നുമാസം കൂടിയുണ്ടെന്ന് കണ്ടെത്തി. എല്ലാ കാമുകിമാരെയും പോലെ ഈ പെണ്‍കുട്ടിയും പറഞ്ഞത് തനിക്ക് കാമുകനൊപ്പം പോയാല്‍ മതിയെന്നാണ്. മാത്രമല്ല, സ്വന്തം മാതാവിനെ അറിയില്ലെന്നുവരെ പെണ്‍കുട്ടി പറഞ്ഞുകളഞ്ഞു. ഈ കുട്ടിയെ കോടതി ഇപ്പോള്‍ എറണാകുളത്തെ ഒരു വനിതാ ഹോസ്റ്റലിലേക്ക് അയച്ചിരിക്കുന്നു. പ്രായപൂര്‍ത്തിയായ ശേഷം പെണ്‍കുട്ടി സ്വന്തം ഇഷ്ടപ്രകാരം തീരുമാനമെടുക്കട്ടെയെന്നും അതുവരെ പെണ്‍കുട്ടിയുടെ വീട്ടുകാര്‍ ഹോസ്റ്റല്‍ ചെലവ് വഹിക്കണമെന്നുമാണ് നിര്‍ദേശം.

സ്വന്തം വീട്ടിലെ െൈഡ്രവറെ പ്രേമിച്ച് ആസ്‌ത്രേലിയയില്‍ നിന്ന് ഒളിച്ചോടി കേരളത്തിലെത്തിയ തനൂജയെ സ്വന്തം ഇഷ്ടപ്രകാരം കാമുകനൊപ്പം വിടുകയായിരുന്നു. എന്നാല്‍ പത്തനംതിട്ടയിലെ സ്വാശ്രയ കോളജില്‍ നിന്ന് ഒളിച്ചോടി ഷഹന്‍ഷായെയും സിറാജുദ്ദീനെയും വിവാഹം കഴിച്ച പെണ്‍കുട്ടികള്‍ ഭര്‍ത്താക്കന്മാര്‍ക്കൊപ്പം പോകാന്‍ താല്‍പര്യമറിയിച്ചിട്ടും മാതാപിതാക്കള്‍ക്കൊപ്പം അയക്കുകയായിരുന്നു. ഒരാഴ്ചക്കുശേഷം വീണ്ടും കോടതി മുമ്പാകെയെത്തിയ പെണ്‍കുട്ടികള്‍ നിലപാട് മാറ്റി തങ്ങള്‍ക്ക് മാതാപിതാക്കള്‍ക്കൊപ്പം പോകാനാണ് താല്‍പര്യമെന്ന് അറിയിച്ചു.

കാമുകനൊപ്പം ഒളിച്ചോടിയെത്തുന്ന പെണ്‍കുട്ടികളുമായി മാതാപിതാക്കള്‍ക്ക് സംസാരിക്കാന്‍ പോലിസ് അനുമതി നല്‍കുന്ന കാര്യത്തിലുമുണ്ട് രണ്ടു താപ്പ്. കണ്ണൂര്‍ കൂത്തുപറമ്പ് സ്വദേശി അഷ്‌കറിനെ പ്രേമിച്ച്, മൈസൂര്‍ ചാമരാജ് നഗറില്‍ നിന്ന് ഒളിച്ചോടിയെത്തിയ പെണ്‍കുട്ടിയുമായി പിതാവിന് മണിക്കൂറുകളോളം തനിച്ച് സംസാരിക്കാന്‍ പോലിസ് സൗകര്യം ചെയ്തുകൊടുത്തു. അതേസമയം, പള്ളുരുത്തിയില്‍ നിന്ന് പെയിന്റിംഗ് ജോലിക്ക് ഓച്ചിറയിലെത്തിയ യുവാവുമായി ഒളിച്ചോടിയ മുസ്‌ലിം പെണ്‍കുട്ടിയുമായി ഉമ്മയടക്കമുള്ള ബന്ധുക്കള്‍ക്ക് തനിച്ച് സംസാരിക്കാന്‍ പെടാപ്പാട് പെടേണ്ടിവന്നു. ഒടുവില്‍, ഉന്നത പോലിസ് ഉദ്യോഗസ്ഥരെ സമീപിച്ച് അവരെക്കൊണ്ട് പോലിസ് സ്‌റ്റേഷനില്‍ പ്രത്യേക നിര്‍ദേശം കൊടുപ്പിച്ച ശേഷമാണ് കുട്ടിയുമായി തനിച്ച് സംസാരിക്കാന്‍ അനുമതി നല്‍കിയത്.

സംഘ്പരിവാര്‍ ശക്തികളും തികച്ചും ഇരട്ടത്താപ്പോടെയാണ് ഈ പ്രശ്‌നത്തെ സമീപിക്കുന്നത്. കോഴിക്കോട് ഫറോക്കില്‍ ടെലികോം കമ്പനിയില്‍ ജോലി ചെയ്യുന്ന മുസ്‌ലിം പെണ്‍കുട്ടി മതംമാറി വിവാഹം കഴിക്കാന്‍ തയാറായപ്പോള്‍ ആര്‍.എസ്.എസ് പ്രവര്‍ത്തകരാണ് മുഖ്യ കാര്‍മികരായി രംഗത്ത് വന്നത്. കോഴിക്കോട് വെസ്റ്റ് ഹില്ലിലെ മുസ്‌ലിംയുവതി ആര്‍.എസ്.എസ് പ്രവര്‍ത്തകനുമായി പ്രണയത്തിലായപ്പോള്‍ സര്‍വസഹായവുമായി രംഗത്തുവന്നതും സംഘ് പരിവാര്‍ പ്രവര്‍ത്തകരാണ്. എറണാകുളം കലൂരില്‍ ഒരു വ്യാപാരിയുടെ മകള്‍ ഒളിച്ചോടിയ കേസില്‍, കാമുകനൊപ്പം പോകാന്‍ പെണ്‍കുട്ടിയെ കോടതി അനുവദിച്ചപ്പോള്‍ ആഘോഷമായാണ് ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ കോടതിക്ക് പുറത്തുനിന്ന് വാഹനങ്ങളില്‍ ആനയിച്ചുകൊണ്ടുപോയത്.

കോഴിക്കോട് ജില്ലയുടെ കിഴക്കന്‍ പ്രദേശത്ത് ഹോട്ടല്‍ മാനേജ്‌മെന്റ് കോഴ്‌സ് പ~ിച്ചിരുന്ന മുസ്‌ലിം യുവാവിന്റെയും ക്രിസ്ത്യന്‍ യുവതിയുടെയും കഥ ഇതിനേക്കാള്‍ വിചിത്രമാണ്. ഇടക്ക് പ്രണയം മുടങ്ങിയപ്പോള്‍ യുവാവ് സ്വസമുദായത്തില്‍നിന്നുതന്നെയുള്ള യുവതിയെ വിവാഹം കഴിച്ചു. ഇതിനിടെ, എയര്‍ഹോസ്റ്റസായി ജോലി നേടിയ യുവതിയുമായി വീണ്ടും അടുത്തു. നിയമപ്രകാരം വിവാഹിതയായ ഭാര്യയെ ഉപേക്ഷിച്ച യുവാവ് ഇപ്പോള്‍ ക്രിസ്ത്ര്യന്‍ യുവതിയോടൊപ്പമാണ് താമസം.

ഒളിച്ചോട്ടവും പ്രേമ വിവാഹവുമൊക്കെ സാധാരണ സംഭവങ്ങളായി മാറുന്ന സാമൂഹിക പശ്ചാത്തലത്തിലേക്കാണ് കേരളം മാറുന്നത്. ഒളിച്ചോടിയുള്ള പ്രേമ വിവാഹങ്ങള്‍ക്കും അതിനെ തുടര്‍ന്നുള്ള ഇപ്പോഴത്തെ വാദപ്രതിവാദങ്ങള്‍ക്കും മാറിവരുന്നൊരു കാമ്പസ് പശ്ചാത്തലംകൂടിയുണ്ട്. പത്തുവര്‍ഷത്തിനിപ്പുറം നമ്മുടെ കാമ്പസുകളില്‍ വിസ്മയാവഹമായ മാറ്റമാണ് പ്രകടമാകുന്നത്. സ്വാശ്രയ കോളജുകളുടെ കടന്നുവരവോടെയാണ് ഈമാറ്റം കൂടുതല്‍ പ്രകടമായത്. പത്തുവര്‍ഷം മുമ്പ് നമ്മുടെ മുഖ്യധാരാ കാമ്പസുകളില്‍ ന്യൂനപക്ഷ സമുദായങ്ങളില്‍ നിന്നുള്ള വിദ്യാര്‍ഥികള്‍ പാര്‍ശ്വവത്കൃത സമൂഹം മാത്രമായിരുന്നു. പ്രമുഖ വിദ്യാര്‍ഥി സംഘടനകളുടെ വോട്ടുബാങ്കായി തുടരാനായിരുന്നു അവരുടെ വിധി. കേരളത്തില്‍ ഗള്‍ഫ് സ്വാധീനം വര്‍ധിക്കുകയും സ്വാശ്രയകോളജുകള്‍ പിടിമുറുക്കുകയും ചെയ്തതോടെ ന്യൂനപക്ഷ വിദ്യാര്‍ഥികള്‍ മുഖ്യധാരയിലേക്ക് കടന്നുവരുന്നുണ്ട്. ഏതെങ്കിലും വിദേശ രാജ്യത്തുനിന്നുള്ള പണമൊഴുക്കിന്റെ ഫലമല്ല ഇത്. മറിച്ച്, ഗള്‍ഫിലെ മരുഭൂമിയില്‍ ജീവിതം ഹോമിച്ച ഒരു തലമുറയുടെ പ്രയതന്ഫലമാണ് ഈ മാറ്റം. തങ്ങള്‍ക്ക് ലഭിക്കാതെ പോയ പ~ന സൗഭാഗ്യം മക്കള്‍ക്കെങ്കിലും കരഗതമാകണമെന്ന അമിതാഗ്രഹം മൂലം സ്വന്തം ചികില്‍സപോലും മാറ്റിവെച്ച് മക്കളുടെ പ~നത്തിന് പണമയക്കുന്ന ഒരു തലമുറയുടെ പ്രയത്‌ന ഫലം. ഗള്‍ഫില്‍ 2000ഫ3000 ദിര്‍ഹം വരുമാനമുള്ള സ്ഥിര ജോലിയുള്ള സാധാരണക്കാര്‍ക്കുപോലും ഉദാരവ്യവസ്ഥയില്‍ വായ്പ നല്‍കാന്‍ പുതുതലമുറ ബാങ്കുകള്‍ മല്‍സരിക്കുകയാണ്. ഇങ്ങനെ ലഭിക്കുന്ന വായ്പാ തുകകളാണ് നമ്മുടെ സ്വാശ്രയ കോളജുകളില്‍ തലവരിയായും വിദ്യാര്‍ഥികളുടെ മിന്നുന്ന വസ്ത്രങ്ങളായും ബൈക്കുകളായുമൊക്കെ എത്തിച്ചേരുന്നത്. ഇതൊക്കെ പക്ഷേ, 'ലൗ ജിഹാദി'നായി ഏതൊക്കെയോ സംഘടനകള്‍ ഒഴുക്കുന്ന പണമായാണ് മാധ്യമങ്ങള്‍ ചിത്രീകരിക്കുന്നത്.

ഐ.ടി മേഖലയിലെയും മറ്റ് പ്രൊഫഷനല്‍ രംഗങ്ങളിലെയും തൊഴില്‍ രംഗത്തെ കടുത്ത മല്‍സരം കണക്കിലെടുത്ത് ഭൂരിപക്ഷഫന്യൂനപക്ഷ വ്യത്യാസമില്ലാതെ പുതുതലമുറ പ~ിത്തത്തില്‍ കൂടുതല്‍ ശ്രദ്ധ നല്‍കുകയും ചെയ്യുന്നു. വിവിധ മതസ്ഥര്‍ ഒന്നിച്ചുപ~ിക്കുന്ന കാമ്പസുകളില്‍ തുറന്ന സംവാദങ്ങളും ആശയവിനിമയവുമൊക്കെ അരങ്ങേറുന്നു. ഓര്‍ക്കുട്ട്, ട്വിറ്റര്‍, ഫേസ്ബുക്ക് തുടങ്ങിയ സോഷ്യല്‍ നെറ്റ്‌വര്‍ക്ക് സൈറ്റുകള്‍ ഇതിനുള്ള വേദിയൊരുക്കിക്കൊടുക്കുന്നു. ഇതില്‍ നിന്ന് ഉരുത്തിരിയുന്ന ആണ്‍ഫപെണ്‍ സൗഹൃദങ്ങള്‍ പലപ്പോഴും പ്രണയത്തിനും ആശയ, വിശ്വാസ മാറ്റത്തിനുമൊക്കെ വഴിവെക്കുന്നുണ്ടെന്നതും സത്യമാണ്. ഇതോടൊപ്പംതന്നെ, പെണ്‍കുട്ടികള്‍ കൂടുതല്‍ സ്വതന്ത്രമായി ചിന്തിക്കുന്ന അവസ്ഥയുമുണ്ട്. ജാതകദോഷത്തിന്റെയും ചൊവ്വാദോഷത്തിന്റെയുമൊക്കെ പേരില്‍ മുമ്പത്തെ പോലെ ജീവിതം ബലികൊടുക്കാന്‍ പുതിയ തലമുറയിലെ പെണ്‍കുട്ടികള്‍ തയാറല്ല. ദോഷങ്ങളുടെ കെട്ടുപാടില്ലാത്ത മേഖലകള്‍ തേടിപ്പോകാന്‍ പ്രമുഖ ഐ.ടി കമ്പനികളില്‍ ജോലി ചെയ്യുന്ന പെണ്‍കുട്ടികള്‍ പോലും തയാറായ സംഭവങ്ങളുണ്ട്. വശംതൂങ്ങിയ മാധ്യമങ്ങള്‍ മുതല്‍ സംഘ്പരിവാര്‍ ശക്തികള്‍വരെ 'ലൗ ജിഹാദി'ന്റെ കണക്കില്‍ പെടുത്തിയ കേസുകളില്‍ ഇത്തരം ഉദാഹരണങ്ങളും കാണാം.

വാഗമണ്‍ ക്യാമ്പിന്റെയും പാനായിക്കുളത്തെ സ്വാതന്ത്ര്യദിന സെമിനാറിന്റെയുമൊക്കെ പശ്ചാത്തലത്തില്‍ നടത്തിയ തീവ്രവാദി വേട്ട ഒരു സമുദായത്തിലെ യുവത്വത്തെ ഒന്നാകെ സമ്മര്‍ദത്തിലാക്കിയിരുന്നു. തീവ്രവാദ വേട്ടയുടെ കഥകള്‍ക്ക് പണ്ടേപ്പോലെ മാര്‍ക്കറ്റില്ലാതായതോടെയാണ് 'വേട്ടക്കാര്‍' കാമ്പസുകളിലെ വിദ്യാര്‍ഥികള്‍ക്കുനേരെ തിരിഞ്ഞിരിക്കുന്നത്. വിഷലിപ്തമായ പ്രചാരണങ്ങള്‍ ഇതിനകംതന്നെ കാമ്പസുകളില്‍ ദൂരവ്യാപകമായ പ്രതിഫലനങ്ങള്‍ സൃഷ്ടിച്ചുതുടങ്ങിയിട്ടുണ്ട്. അന്യമതങ്ങളിലെ പെണ്‍കുട്ടികളോട് സംസാരിക്കുകപോലും ചെയ്യുന്ന മുസ്‌ലിം വിദ്യാര്‍ഥികള്‍ക്കുചുറ്റും സംശയക്കണ്ണുകളുടെ വലയം രൂപപ്പെടുകയാണ്. ലൈംഗിക അരാജകത്വത്തിനു വരെ വഴിവെക്കുന്ന വിധത്തില്‍ യുവമനസ്സുകളെ രമിപ്പിച്ച് പത്രത്തിലും ചാനലിലും പ്രേമസദ്യയൂട്ടുന്ന മാധ്യമങ്ങള്‍തന്നെയാണ് വിദ്യാര്‍ഥി സൗഹൃദങ്ങള്‍ക്കു ചുറ്റും മതത്തിന്റെ വേലിക്കെട്ടുകള്‍ രൂപപ്പെടുത്താന്‍ വിടുവേല ചെയ്യുന്നത്. വിദ്യാര്‍ഥി ലോകത്ത് വന്‍ പ്രത്യാഘാതങ്ങള്‍ക്ക് വഴിവെക്കുന്ന ഇത്തരം കുല്‍സിത നീക്കങ്ങളോട് പക്ഷേ, പ്രമുഖ വിദ്യാര്‍ഥി സംഘടനകളൊന്നും പ്രതികരിച്ചുതുടങ്ങിയിട്ടില്ല. കാമ്പസ്, പാര്‍ട്ടിപ്രണയങ്ങളുടെ ഫലം അനുഭവിക്കുന്ന നേതാക്കള്‍ ഒരു പിടിയുണ്ട് നമ്മുടെ വിദ്യാര്‍ഥിഫയുവജനസംഘടനകള്‍ക്ക്. എന്നിട്ടും കാമ്പസുകളില്‍ ആധിപത്യം പുലര്‍ത്തുന്ന എസ്.എഫ്.ഐയും കെ.എസ്.യുവുമൊക്കെ കുറ്റകരമായ മൗനം പുലര്‍ത്തുകയാണ്. മതസംഘടനകളാകട്ടെ, മാധ്യമ പ്രചാരണത്തിന് മുമ്പില്‍ അന്തംവിട്ടുനില്‍ക്കുകയാണെന്ന് മാത്രമല്ല, ചില സംഘടനകള്‍ പ്രചാരണക്കെണിയില്‍ വീണിട്ടുമുണ്ട്.

ഇഷ്ടമുള്ള മതം സ്വീകരിക്കാനും അനുയോജ്യരായ യുവാക്കളെ ഭര്‍ത്താവായി വരിക്കാനുമുള്ള പെണ്‍കുട്ടികളുടെ സ്വാതന്ത്ര്യത്തിനുമേല്‍ നിയമത്തിന്റെയും സമൂഹത്തിന്റെയും കൂച്ചുവിലങ്ങ് വീണിട്ടും സ്ത്രീ സ്വാതന്ത്ര്യത്തിനും സമത്വത്തിനും വേണ്ടി വാദിക്കുന്ന വനിതാ വിമോചന സംഘങ്ങളൊന്നും രംഗത്തിറങ്ങിയിട്ടില്ല. ഈ സാഹചര്യത്തില്‍ കേരളാ സമൂഹത്തില്‍ കുറുകെയുള്ളൊരു വിള്ളല്‍ ഒഴിവാക്കാന്‍ മതേതര കേരളത്തിന്റെ ഭാവിയില്‍ താല്‍പര്യമുള്ള വ്യക്തികളും സംഘടനകളും രംഗത്തിറങ്ങുകയാണ് പോംവഴി.
(അവസാനിച്ചു)

No comments: