ഒരു നാടന്‍പ്രേമത്തിന്റെ തരംമാറ്റം
Madhyama Daily
Friday, October 16, 2009
എം.കെ.എം ജാഫര്‍-2
എട്ടാംക്ലാസുവരെ വിദ്യാഭ്യാസമുള്ള കണ്ണൂര്‍ കൂത്തുപറമ്പിലെ അഷ്കറാണ് മാധ്യമകഥകളില്‍ നിറഞ്ഞുനില്‍ക്കുന്ന 'ലൌ ജിഹാദ് ഭീകരരി'ല്‍ ഒരാള്‍. ഒരു ടി.വി ചാനലിന്റെ കണക്കനുസരിച്ച് 22 പെണ്‍കുട്ടികളെ പ്രേമിച്ച് മതംമാറ്റി കോടികള്‍ തട്ടിയയാള്‍. മാധ്യമങ്ങള്‍ പ്രചരിപ്പിക്കുന്ന ഈ 'കോടീശ്വരന്‍' ഇപ്പോള്‍ ഈരാറ്റുപേട്ടയില്‍ ഭാര്യയോടൊപ്പം വാടകവീട്ടില്‍ താമസിച്ച് കാര്‍ ഡ്രൈവറായി ഉപജീവനം കഴിക്കുന്നുവെന്നത് വര്‍ഗീയതയുടെ പ്രചാരണയുദ്ധത്തിനിറങ്ങിയ മാധ്യമങ്ങള്‍ കാണാതെ പോയ സത്യം.
കൂത്തുപറമ്പില്‍ ടാക്സി ഡ്രൈവറായിരിക്കെയാണ് അഷ്കര്‍ മൈസൂര്‍ ചാമരാജ്നഗറിലെ സില്‍ജരാജിനെ പരിചയപ്പെടുന്നത്. വര്‍ഷങ്ങള്‍ക്കുമുമ്പ് കൂത്തുപറമ്പില്‍നിന്ന് മൈസൂരിലേക്ക് കുടിയേറിയതാണ് സില്‍ജയുടെ കുടുംബം. സില്‍ജയുടെ ബന്ധുവിന്റെ കല്യാണത്തിന് ഓട്ടംവിളിച്ചത് അഷ്കറിന്റെ ടാക്സി. വിവാഹത്തിന് സില്‍ജ എത്തിയിരുന്നു. കല്യാണ ഓട്ടത്തിനിടയിലെ പരിചയം പ്രണയമായി^ ഒരു നാടന്‍പ്രേമത്തിന്റെ എല്ലാ ചേരുവകളോടുംകൂടി. മൊബൈല്‍നമ്പറുകള്‍ പരസ്പരം കൈമാറി. ഒന്നു, രണ്ടു മാസം കൂടുമ്പോള്‍ അഷ്കര്‍ മൈസൂരിലെത്തി സില്‍ജയെ കാണും. പ്രണയം ഒന്നരവര്‍ഷം നീളുമ്പോഴേക്ക്, 20 വയസ്സുകാരിയായ സില്‍ജക്ക് വീട്ടില്‍ വിവാഹാലോചന വന്നുതുടങ്ങി. അതോടെ, അഷ്കറിനെയല്ലാതെ മറ്റാരെയും വിവാഹം കഴിക്കില്ലെന്ന് അവള്‍ വാശിപിടിച്ചു. ഇതിനിടെ, കൂത്തുപറമ്പിലെ ടാക്സി ജോലി മതിയാക്കി അഷ്കര്‍ മറ്റൊരു ജോലിക്ക് ശ്രമം തുടങ്ങി. ഈരാറ്റുപേട്ടയില്‍ കാര്‍ഡ്രൈവറായി ജോലിയും ലഭിച്ചു. തനിക്ക് സ്വന്തം കാലില്‍ നില്‍ക്കാനായിട്ടുമതി വിവാഹമെന്നും അതിന് ഒരുവര്‍ഷംകൂടി കാത്തിരിക്കണമെന്നും അഷ്കര്‍ പറഞ്ഞപ്പോള്‍, ഈ വിവാഹം നടന്നില്ലെങ്കില്‍ മരിച്ചുകളയുമെന്നായി സില്‍ജ. രണ്ടു മതവിശ്വാസവുമായി ജീവിച്ചു പോകാനാവില്ലെന്നും രണ്ടില്‍ ഒരാള്‍ മതംമാറേണ്ടി വരുമെന്നുമായി അഷ്കര്‍. മതം മാറിയിട്ടായാലും അഷ്കറിനൊപ്പം ജീവിക്കാനാണ് തനിക്കിഷ്ടമെന്ന നിലപാടില്‍ സില്‍ജയും. ഇതിനിടെ യുവതിയുടെ വീട്ടിലും ബന്ധം അറിഞ്ഞുതുടങ്ങിയിരുന്നു.
വിവാഹാലോചനകള്‍ മുറുകിയതോടെ സില്‍ജ ഒളിച്ചോടാന്‍ തീരുമാനിച്ചു. ദിവസവും ഓരോ ജോടി വസ്ത്രങ്ങള്‍ രഹസ്യമായി കൂട്ടുകാരിയുടെ വീട്ടിലെത്തിച്ച്, കഴിഞ്ഞ ആഗസ്റ്റ് ഏഴിന് പത്തുജോടി വസ്ത്രങ്ങളുമായി മൈസൂരില്‍നിന്ന് ബസില്‍ കേരളത്തിലേക്ക് കടന്നു. തനിച്ച് കോഴിക്കോട്ടെത്തിയ സില്‍ജ അവിടെ നിന്ന് കോട്ടയത്തേക്കുള്ള ബസില്‍ കയറി പുലര്‍ച്ചെ രണ്ടുമണിയോടെ ഏറ്റുമാനൂരില്‍ ഇറങ്ങി. മുന്‍കൂട്ടിയുള്ള പദ്ധതിയനുസരിച്ച്, അഷ്കര്‍ അവിടെ കാറുമായി കാത്തുനിന്നിരുന്നു. തൊഴിലുടമയോട് തന്റെ പ്രണയകഥ നേരത്തേതന്നെ പറഞ്ഞിരുന്നു. കുടുംബമായി താമസിക്കുന്നതിന് ഒരു വാടകവീടും സംഘടിപ്പിച്ചിരുന്നു. ആഗസ്റ്റ് ഒമ്പതിന് ഇവര്‍ തമ്മിലുള്ള വിവാഹം രജിസ്റ്റര്‍ ചെയ്തു.
സില്‍ജ വീട്ടില്‍നിന്ന് പുറപ്പെട്ടതോടെ തന്നെ, അഷ്കര്‍ മൈസൂരിലെ വീട്ടില്‍വിളിച്ച് സില്‍ജ തന്റെയടുത്തേക്ക് പോന്നിട്ടുണ്ടെന്ന് അമ്മയെ അറിയിക്കുകയും ചെയ്തു. രണ്ടുമൂന്നുദിവസം കാര്യമായ കുഴപ്പമൊന്നുമില്ലാതെ കടന്നുപോയി. എന്നാല്‍, ആഗസ്റ്റ് 12ന് സില്‍ജയുടെ അമ്മാവനും രണ്ടുമൂന്ന് സുഹൃത്തുക്കളും ചേര്‍ന്ന് ഈരാറ്റുപേട്ട പോലിസ് സ്റ്റേഷനിലെത്തി. തുടര്‍ന്ന് തൊഴിലുടമയുമായി ബന്ധപ്പെട്ട് അഷ്കറിനെയും സില്‍ജയെയും സ്റ്റേഷനിലേക്ക് വിളിപ്പിച്ചു. അമ്മാവന്‍ സില്‍ജയുമായി തനിച്ച് സംസാരിച്ചു. വീട്ടില്‍ അമ്മ വിഷമിച്ചിരിക്കുകയാണെന്നും തിരിച്ചുവരണമെന്നും അമ്മാവന്‍ ആവശ്യപ്പെട്ടെങ്കിലും തനിക്ക് അഷ്കറിനൊപ്പം കഴിയാനാണ് ഇഷ്ടമെന്ന നിലപാടില്‍ സില്‍ജ ഉറച്ചുനിന്നു. അങ്ങനെ ഒരാഴ്ച കഴിഞ്ഞു. ഇതിനിടെ, മുസ്ലിമായി മാറിയ സില്‍ജയെ പ്രാഥമിക മതകാര്യങ്ങള്‍ പഠിക്കുന്നതിന് കോട്ടയം വാരിശേãരിയിലെ മതപഠനശാലയില്‍ ചേര്‍ത്തിരുന്നു. അതേദിവസംതന്നെയാണ്, മൈസൂര്‍ മലയാളിസമാജത്തിന്റെ ഏതാനും പ്രവര്‍ത്തകരടക്കം ഇരുപതോളം പേര്‍ മൂന്ന് വാഹനങ്ങളിലായി സില്‍ജയെത്തേടി ഈരാറ്റുപേട്ടയില്‍ അഷ്കര്‍ ജോലി ചെയ്യുന്ന വീട്ടിലെത്തിയത്. ഇവര്‍ ബഹളംവെച്ചതോടെ പെണ്‍കുട്ടി വാരിശേãരിയില്‍ പഠിക്കാന്‍ പോയിരിക്കുകയാണെന്ന് വീട്ടുകാരന്‍ വ്യക്തമാക്കി. തുടര്‍ന്ന്, സംഘം വാരിശേãരിയിലേക്ക് തിരിച്ചു. ഓട്ടംപോയിരിക്കുകയായിരുന്ന അഷ്കര്‍ ഇക്കാര്യമറിഞ്ഞ് വാരിശേãരിയിലെ സ്ഥാപനത്തിലെത്തി സില്‍ജയെ സ്വന്തം വീട്ടിലേക്ക് കൊണ്ടുവന്നു. വാരിശേãരിയിലെ സ്ഥാപനത്തിലും പെണ്‍കുട്ടിയില്ലെന്ന് കണ്ടതോടെ മൈസൂര്‍ സംഘം കോട്ടയം ഗാന്ധിനഗര്‍ പോലിസില്‍ പരാതി നല്‍കി. അഷ്കറിന്റെ മൊബൈല്‍നമ്പര്‍ ഉള്‍പ്പെടെയാണ് പരാതി നല്‍കിയത്. തുടര്‍ന്ന്, ഗാന്ധിനഗര്‍ പോലിസ് അഷ്കറിനെ വിളിച്ച് രാത്രി 9 മണിയോടെ സ്റ്റേഷനില്‍ ഹാജരാകാന്‍ നിര്‍ദ്ദേശിക്കുകയായിരുന്നു. എന്നാല്‍, രാത്രി ഹാജരാകാന്‍ ബുദ്ധിമുട്ടുണ്ടെന്നും രാവിലെ ഈരാറ്റുപേട്ട സ്റ്റേഷനില്‍ ഹാജരായിക്കൊള്ളാമെന്നും ഉറപ്പുനല്‍കി. ഇതിനു നില്‍ക്കാതെ മൈസൂര്‍സംഘം തിരിച്ചുപോയി.
ദിവസങ്ങള്‍ക്കുശേഷം, സില്‍ജയുടെ പിതാവും ചാമരാജ്നഗര്‍ സ്റ്റേഷനിലെ എസ്.ഐയും ഒരു പോലിസുകാരനും സില്‍ജയുടെ പിതാവിന്റെ സുഹൃത്തായ ഫോട്ടോഗ്രാഫറും ചേര്‍ന്ന് വീണ്ടും ഈരാറ്റുപേട്ടയിലെത്തി അഷ്കറിനെയും ഭാര്യയെയും സ്റ്റേഷനിലേക്ക് വിളിപ്പിച്ചു. പിതാവും ചാമരാജ് നഗര്‍ എസ്.ഐയും സില്‍ജയുമായി ഏറെ നേരം തനിച്ച് സംസാരിക്കുകയും മൈസൂരിലെ വീട്ടിലേക്ക് മടങ്ങാന്‍ നിര്‍ബന്ധിക്കുകയും ചെയ്തെങ്കിലും അഷ്കറിനെ വീട്ട് വീട്ടിലേക്കില്ലെന്ന് പറഞ്ഞതോടെ എസ്.ഐ സില്‍ജയുടെ മൊഴി രേഖപ്പെടുത്തി. ഇതിനിടെ, പിതാവിനൊപ്പം എത്തിയ ഫോട്ടോഗ്രഫര്‍ ഇരുവരുടെയും ചിത്രമെടുക്കുന്നുണ്ടായിരുന്നു. ചോദിച്ചപ്പോള്‍, തങ്ങള്‍ ഇവിടെയെത്തി മൊഴി രേഖപ്പെടുത്തി എന്നതിനൊപ്പം മജിസ്ട്രേറ്റിന് തെളിവ് നല്‍കാനാണ് ഫോട്ടോ എന്നായിരുന്നു എസ്.ഐയുടെ മറുപടി. പക്ഷേ, പിറ്റേദിവസം സൂര്യാ ടി.വിയില്‍ തന്റെ പടംവെച്ച് ഫ്ലാഷ് ന്യൂസ് വരുന്നതാണ് കണ്ടതെന്ന് അഷ്കര്‍ പറയുന്നു. മൈസൂരില്‍നിന്ന് യുവതിയെ തട്ടിക്കൊണ്ടുവന്ന് മതംമാറ്റിയെന്നായിരുന്നുവത്രെ വാര്‍ത്ത. അഷ്കര്‍ തീവ്രവാദിയാണെന്നും ഇതിനകം 22 യുവതികളെ പ്രണയം നടിച്ച് തട്ടിക്കൊണ്ടുവന്ന് മതം മാറ്റിയിട്ടുണ്ടെന്നും ഒരുയുവതിയെ പ്രണയം നടിച്ച് മതംമാറ്റിയാല്‍ ഇയാള്‍ക്ക് പത്തുലക്ഷം രൂപ കിട്ടുമെന്നുമൊക്കെ തുടര്‍ന്നുള്ള ദിവസങ്ങളില്‍ ചില കേന്ദ്രങ്ങള്‍ വാര്‍ത്തകള്‍ പ്രചരിപ്പിച്ചു.
അതിനിടെ, അഷ്കറിന്റെ നാടായ കൂത്തുപറമ്പിലും ഇത് പ്രശ്നമാവുകയായിരുന്നു. അഷ്കര്‍ ഇനി നാട്ടിലേക്കെത്തിയാല്‍ കല്ലെറിഞ്ഞ് കൊല്ലുമെന്നുവരെ ഭീഷണിയുയര്‍ന്നു. വാര്‍ത്തകള്‍ വിശ്വസിച്ച വീട്ടുകാരും അഷ്കറിനെ കൈയൊഴിഞ്ഞു. 'നിനക്ക് പണമാണ് വേണ്ടതെങ്കില്‍ എന്റെ കരള്‍ വിറ്റായാലും ഞാന്‍ പണം നല്‍കാമെന്നായിരുന്നു' ഉമ്മയുടെ പ്രതികരണം. ഗള്‍ഫിലുള്ള ബന്ധുക്കളൊക്കെ വിളിച്ച് ഇനി നീയുമായി ഒരു ബന്ധവുമില്ലെന്ന് പറഞ്ഞു.
ഇതിനിടെയാണ് കണ്ണൂര്‍ രജിസ്ട്രേഷനുള്ള ഏതാനും വാഹനങ്ങളില്‍ അമ്പതോളം ഹിന്ദു ഐക്യവേദി പ്രവര്‍ത്തകര്‍ വാരിശേãരിയിലെ സ്ഥാപനത്തിന് മുമ്പിലെത്തി ധര്‍ണക്കൊരുങ്ങിയത്. വിഷയം ക്രമസമാധാനപ്രശ്നമായി വളര്‍ന്നതോടെ, കോട്ടയം ജില്ലാ പോലിസ് സൂപ്രണ്ട് പി.ജി അശോക് കുമാര്‍ പ്രശ്നത്തില്‍ ഇടപെട്ടു. അടുത്തദിവസം എസ്.പി ഓഫീസിലെത്താന്‍ അഷ്കറിനോടും ഭാര്യയോടും നിര്‍ദ്ദേശിച്ചു. പ്രശ്നം ഇത്രയും വഷളായ സ്ഥിതിക്ക് ബസില്‍ ഒറ്റക്ക് വരാന്‍ ഭയമുണ്ടെന്ന് ഇവര്‍ അറിയിച്ചതോടെ, പോലിസ് സംരക്ഷണവും നല്‍കി. പിറ്റേദിവസം, തലനാട് പോലിസ്സ്റ്റേഷനിലെ ജീപ്പില്‍ ഒരു വനിതാ പോലിസിന്റെയും എ.എസ്.ഐയുടെയും അകമ്പടിയോടെയാണ് ഇവരെ കോട്ടയം എസ്.പി ഓഫീസിലെത്തിച്ചത്. അവിടെ ഹിന്ദു ഐക്യവേദിയുടെ ഏതാനും നേതാക്കളും രണ്ട് വനിതാ അഭിഭാഷകരും സില്‍ജയുടെ അമ്മാവനായ ഉണ്ണിയുമുണ്ടായിരുന്നു. എസ്.പിയുടെ മുമ്പിലും സ്വന്തം നിലപാട് ആവര്‍ത്തിച്ച സില്‍ജ ഭര്‍ത്താവിനൊപ്പമല്ലാതെ ഇനി സ്വന്തം വീട്ടുകാരുമായിപ്പോലും സംസാരിക്കാന്‍ താല്‍പര്യമില്ലെന്ന് അറിയിച്ചു. സില്‍ജയെ തട്ടിക്കൊണ്ടുവന്ന് ഭീഷണിപ്പെടുത്തി താമസിപ്പിച്ചിരിക്കുകയാണെന്ന ഹിന്ദു ഐക്യവേദിയുടെ വാദം ഇതോടെ പൊളിഞ്ഞു. നിജസ്ഥിതി മനസ്സിലാക്കിയ എസ്.പി അശോക്കുമാര്‍, തന്റെ സമയം പാഴാക്കാന്‍ അനുവദിക്കില്ലെന്ന് പറഞ്ഞ് 'പരാതിക്കാരെ' ശാസിച്ച് വിടുകയായിരുന്നു.
ഇതിനിടെ, ചില പത്രങ്ങളും അഷ്കറിനെ തീവ്രവാദിയാക്കി രംഗത്തെത്തിയിരുന്നു. എസ്.പി ഓഫീസിലേക്കുള്ള ഇവരുടെ പോക്കുംവരവുമെല്ലാം ഒരു ടി.വി ചാനല്‍സംഘം ഒപ്പിയെടുക്കുന്നുണ്ടായിരുന്നു. ചോദിച്ചപ്പോള്‍ അമൃത ടി.വിയുടെ സംഘമാണെന്നും മുകളില്‍നിന്നുള്ള നിര്‍ദേശപ്രകാരമാണെന്നുമായിരുന്നു മറുപടിയെന്ന് അഷ്കര്‍ പറയുന്നു. മാധ്യമങ്ങള്‍ തന്നില്‍ തീവ്രവാദി ബന്ധം ആരോപിക്കുകയും ബന്ധുക്കളടക്കമുള്ളവര്‍ അത് വിശ്വസിക്കുകയും ചെയ്തതോടെ അഷ്കറും സില്‍ജയും സെപ്റ്റംബര്‍ 8ന് കോട്ടയത്ത് പത്രസമ്മേളനം വിളിച്ച് തങ്ങളെ ജീവിക്കാന്‍ അനുവദിക്കണമെന്ന് അഭ്യര്‍ഥിച്ചു.
22 വയസ്സുകാരനായ അഷ്കര്‍ താന്‍ ഇതേവരെ ഒരു സംഘടനയിലും അംഗമല്ലെന്നും ഇത്രയുംകാലത്തിനിടക്ക് ഒരു ജാഥയിലോ യോഗത്തിലോ പങ്കെടുത്തിട്ടില്ലെന്നും ആണയിട്ട് പറയുന്നു. എന്നിട്ടും മാധ്യമങ്ങള്‍ തന്നെ തീവ്രവാദിയാക്കുകയായിരുന്നു. 'ഞാന്‍ കണ്ണു കാണിക്കുമ്പോഴേക്ക് 22 പെണ്‍കുട്ടികള്‍ എന്നെ പ്രേമിക്കാന്‍ ഞാനെന്താ ഋത്വിക് റോഷനാണോ?' എന്നാണ് അഷ്കറിന്റെ ചോദ്യം.
ഒരു നാടന്‍ പ്രേമത്തെ വളരെ സമര്‍ഥമായാണ് മാധ്യമങ്ങള്‍ 'ലൌ ജിഹാദി'ന്റെ അക്കൌണ്ടില്‍പ്പെടുത്തിയതും പ്രേമകഥയിലെ നായകന് തീവ്രവാദ പരിവേഷം നല്‍കിയതും. ജില്ലാ പോലിസ് സൂപ്രണ്ട് അടക്കമുള്ളവര്‍ക്ക് നിജസ്ഥിതി മനസ്സിലായിട്ടും ദൃശ്യ^അച്ചടിമാധ്യമങ്ങളിലെ തീവ്രവാദ വിരുദ്ധജിഹാദികള്‍ 'സ്വന്തം കഥയില്‍' ഉറച്ചുനില്‍ക്കുകയാണ്.
ഇതില്‍ നിന്ന് തികച്ചും ഭിന്നമാണ് പത്തനംതിട്ടയിലെ ഷഹന്‍ഷായുടെ കഥ. മുസ്ലിംലീഗിന്റെ വിദ്യാര്‍ഥി സംഘടനയായ എം.എസ്.എഫിന്റെ ജില്ലാ നേതാവായ ഷഹന്‍ഷായെ പ്രണയ പോരാട്ട കഥയിലെ മുന്നണിപ്പോരാളിയാക്കുന്നതിന് പോലിസും മാധ്യമങ്ങളും രാഷ്ട്രീയക്കാരും ചേര്‍ന്നൊരുക്കിയ ആ തിരക്കഥ നാളെ.
No comments:
Post a Comment