Madhyamam Daily
Thursday, October 15, 2009
സൌഹാര്‍ദത്തിന്റെ തിരികള്‍ ഒന്നൊന്നായി തല്ലിക്കെടുത്തി ജനവിഭാഗങ്ങളെ തമ്മില്‍ അകറ്റാനുള്ള കുല്‍സിതനീക്കങ്ങള്‍ കേരളത്തില്‍ വര്‍ധിച്ചുകൊണ്ടിരിക്കുന്നു. ഒറ്റപ്പെട്ട അത്യാചാരങ്ങളെ മതചിഹ്നങ്ങളും അടയാളങ്ങളും അണിയിച്ച് സാമുദായികമായ അപരഭീതി സൃഷ്ടിക്കുന്ന വര്‍ഗീയലോബി നമ്മുടെ പൊതുമണ്ഡലത്തില്‍ സജീവമായിക്കൊണ്ടിരിക്കുന്നു. തീവ്രവാദിവേട്ടയുടെ എങ്ങുമെത്താത്ത അപസര്‍പ്പകകഥകള്‍ക്കു പിന്നാലെ പ്രണയപ്പേടിയാണ് ഇപ്പോള്‍ കേരളത്തെ പിടികൂടിയിരിക്കുന്നത്. 'ലൌ ജിഹാദ്' എന്നുപേരിട്ട് തല്‍പരകക്ഷികള്‍ നടത്തുന്ന പുതിയ നിഴല്‍യുദ്ധത്തിന്റെ പിന്നാമ്പുറങ്ങളിലേക്ക് 'മാധ്യമം'
നടത്തുന്ന അന്വേഷണം.
എം.കെ.എം ജാഫര്‍
ഇക്കഴിഞ്ഞ ഒക്ടോബര്‍ ഏഴിന് തിരുവനന്തപുരം കാരക്കോണം സി.എസ്.ഐ മെഡിക്കല്‍കോളജ് നഴ്സിംഗ് വിദ്യാര്‍ഥിനി ഗ്രീഷ്മ കോളജ് കെട്ടിടത്തില്‍നിന്ന് ചാടി മരിച്ചതുമായി ബന്ധപ്പെട്ട് തലസ്ഥാനം പ്രക്ഷോഭ പരമ്പരകളില്‍ ഇളകിമറിയുന്ന സമയം. അതിനിടെയാണ് ഗ്രീഷ്മയുടെ കാമുകനായ ട്യൂഷന്‍ സെന്റര്‍ അധ്യാപകന്‍ തൂങ്ങിമരിച്ചതായി ഫ്ലാഷ് ന്യൂസ് വരുന്നത്. ടി.വി ന്യൂസിലേക്ക് കണ്ണുംനട്ടിരുന്ന പ്രമുഖ മാധ്യമവിശാരദന്‍ ഡോ. സെബാസ്റ്റ്യന്‍ പോള്‍ ആത്മാര്‍ഥമായി മോഹിച്ചുപോയി, ആത്മഹത്യ ചെയ്ത അധ്യാപകന്‍ മുസ്ലിംനാമധാരി ആകരുതേ എന്ന്. മരിച്ചത് മുസ്ലിം യുവാവായിരുന്നെങ്കില്‍ മാധ്യമങ്ങള്‍ അതും 'ലൌ ജിഹാദി'ന്റെ കണക്കില്‍ എഴുതിച്ചേര്‍ക്കുമായിരുന്നു എന്ന് പിന്നീട് എറണാകുളത്ത് ഒരു ചടങ്ങില്‍ അദ്ദേഹം വ്യക്തമാക്കുകയും ചെയ്തു. അത്ര വിഷലിപ്തമായൊരു കാടിളക്കലിന് വേദിയാവുകയാണ് കേരളമിപ്പോള്‍. ഒരു കാമ്പസ് പ്രേമവും ഒളിച്ചോട്ടവുമാണ് ഇപ്പോള്‍ ഒരു സമുദായത്തെ ഒറ്റപ്പെടുത്തി അവഹേളിക്കുന്ന പ്രചാരണയുദ്ധമായി മാറിയിരിക്കുന്നത്. പ്രണയ ദിനാഘോഷത്തിന്റെയും കാമ്പസ്പ്രേമങ്ങളുടെയും നടത്തിപ്പുകാരായ ഒരു കൂട്ടം മാധ്യമങ്ങള്‍ പ്രണയത്തെ ജിഹാദിനോട് ചേര്‍ത്തുകെട്ടി തിരികൊളുത്തിയ പുതിയ പ്രചാരവേല വര്‍ഗീയരാഷ്ട്രീയക്കാര്‍ ഏറ്റെടുക്കാന്‍ താമസമുണ്ടായില്ല. ഒടുവില്‍ കോടതിയും സംഗതി പ്രശ്നവത്കരിച്ചതോടെ സമുദായങ്ങള്‍ക്കിടയില്‍ സംശയവും സ്പര്‍ധയും വളരുംവിധം പ്രശ്നം പിടിവിട്ടു പോകുന്ന മട്ടാണ്.
കേരള കാത്തലിക് ബിഷ്പ്സ് കൌണ്‍സിലിന്റെ കീഴിലുള്ള കമീഷന്‍ ഫോര്‍ സോഷ്യല്‍ ഹാര്‍മണി ആന്റ് വിജിലന്‍സ് എന്ന 'ജാഗ്രത' സെക്രട്ടറി ഫാ. ജോണി കൊച്ചുപറമ്പിലിന്റെ പേരുവെച്ച് പുറത്തിറക്കിയ സര്‍ക്കുലര്‍ ഇതിന്റെ സൂചനയാണ്. പ്രണയ മതതീവ്ര വാദത്തിനെതിരെ മാതാപിതാക്കള്‍ ജാഗരൂകരാകണമെന്ന മുന്നറിയിപ്പ് നല്‍കുന്ന സര്‍ക്കുലറില്‍ സമുദായസ്പര്‍ധ വളര്‍ത്തുന്ന പരാമര്‍ശങ്ങളും അടിസ്്ഥാന രഹിതമായ കണക്കുകളുമാണ് കയറിക്കൂടിയിരിക്കുന്നത്. 2005 മുതല്‍ ഇതുവരെ നാലായിരത്തിലേറെ പെണ്‍കുട്ടികള്‍ പ്രണയത്തില്‍ കുരുങ്ങി മതംമാറ്റത്തിന് വിധേയരായിട്ടുണ്ടെന്ന് 'ജാഗ്രത' പറയുന്നു. 2006^2009 കാലഘട്ടത്തില്‍ കേരളത്തിലെ ഓരോ ജില്ലയില്‍ നിന്നും 'ലൌ ജിഹാദിന്റെ' വലയില്‍പ്പെട്ട് ഒളിച്ചോടിയവരുടെ കണക്കും നല്‍കുന്നുണ്ട്^തിരുവനന്തപുരത്തുനിന്ന് 216, കൊല്ലത്തുനിന്ന് 98, ആലപ്പുഴയില്‍ നിന്ന് 78, പത്തനംതിട്ടയില്‍ നിന്ന് 87 ....എന്നിങ്ങനെ. 'ലൌ ജിഹാദി'ന്റെ പിടിയില്‍പ്പെട്ട് ഒളിച്ചോടുന്ന പെണ്‍കുട്ടികളുടെ മാതാപിതാക്കള്‍ പോലിസില്‍ പരാതി നല്‍കാന്‍ മടിക്കുന്നതിനാല്‍ കേസുകള്‍ രജിസ്റ്റര്‍ ചെയ്യപ്പെടുന്നില്ലെന്ന് പറയുന്ന സര്‍ക്കുലര്‍ തന്നെയാണ് ആധാരം ഏതെന്ന് വ്യക്തമാക്കാത്ത ഇത്തരം കണക്കുകള്‍ നിരത്തുന്നതും. കോട്ടയം, പാലാ, പത്തനംതിട്ട, തിരുവല്ല, ചെങ്ങന്നൂര്‍, മൂവാറ്റുപുഴ, കണ്ണൂരിന്റെ വിവിധ ഭാഗങ്ങള്‍ എന്നിവിടങ്ങളില്‍ നിന്ന് നഴ്സിംഗ് പഠനത്തിന് പോയ പെണ്‍കുട്ടികള്‍ വ്യാപകമായി മതംമാറ്റത്തിന് വിധേയരാകുന്നു. മതപരിവര്‍ത്തനത്തോടെ ഈ പെണ്‍കുട്ടികള്‍ പര്‍ദക്കുള്ളിലേക്ക് മാറ്റപ്പെടുകയും അതിനാല്‍, ഇവരുടെ എല്ലാ സ്വാതന്ത്യ്രവും ഇല്ലാതാവുകയും നരകജീവിതത്തിന് ഇരയാക്കപ്പെടുകയും ചെയ്യുന്നു എന്നൊക്കെയാണ് 'ജാഗ്രത'യുടെ 'കണ്ടെത്തല്‍'. മതപരിവര്‍ത്തനം മുഖ്യലക്ഷ്യമാക്കി രാജ്യമാകെ വേര് പടര്‍ത്തിയ പത്തിലേറെ ട്രസ്റ്റുകള്‍ പ്രവര്‍ത്തിക്കുന്ന ഒരു സമുദായത്തില്‍നിന്നാണ് മതപരിവര്‍ത്തനത്തിനെതിരായ ഈ ജാഗ്രതാനിര്‍ദേശം എന്നോര്‍ക്കുക.
പ്രേമ വിവാഹങ്ങളുടെ പേരില്‍ ഒളിഞ്ഞും തെളിഞ്ഞുമുള്ള മതവിദ്വേഷ പ്രകടനങ്ങള്‍ വടക്കന്‍ കേരളത്തിലും കേരളത്തോട് ചേര്‍ന്ന് കിടക്കുന്ന മംഗലാപുരത്തുമൊക്കെ നേരത്തേതന്നെ ആരംഭിച്ചിരുന്നു. കാമ്പസ് സൌഹൃദങ്ങള്‍ക്കുവരെ മതത്തിന്റെ വര്‍ണം നല്‍കി 'കൈകാര്യം' ചെയ്യാന്‍ ശ്രീരാമസേന രംഗത്തിറങ്ങിയത് ഇതിന്റെ പശ്ചാത്തലത്തിലാണ്. മഞ്ചേശ്വരം എം.എല്‍.എ സി.എച്ച് കുഞ്ഞമ്പുവിന്റെ മകളുമൊത്ത് ഒരേ ബസില്‍ യാത്രചെയ്ത സഹപാഠിയായ യുവാവ് ക്രൂരമായി പീഡിപ്പിക്കപ്പെടുകയും പെണ്‍കുട്ടി തടഞ്ഞുവെക്കപ്പെടുകയും ചെയ്തു.
കണ്ണൂര്‍ കൂത്തുപറമ്പ് ചിറ്റാരിപ്പറമ്പ് സ്വദേശി അഷ്കറിന്റെ പ്രേമവിവാഹവുമായി ബന്ധപ്പെട്ടാണ് കേരളത്തില്‍ 'ലൌ ജിഹാദ്' പദപ്രയോഗം പ്രചാരത്തിലെത്തുന്നത്. ഈ വിവാഹവുമായി ബന്ധപ്പെട്ട് ഹിന്ദു ഐക്യവേദി കോട്ടയത്തെ ഒരു മതസ്ഥാപനത്തിന് മുമ്പില്‍ ധര്‍ണയുമായെത്തിയിരുന്നു. 'ലൌ ജിഹാദ്' അന്വേഷിക്കണമെന്ന് ബി.ജെ.പി സംസ്ഥാനപ്രസിഡന്റ് പി.കെ കൃഷ്ണദാസും യുവമോര്‍ച്ച സംസ്ഥാനപ്രസിഡന്റ് കെ. സുരേന്ദ്രനുമൊക്കെ ആവര്‍ത്തിച്ചുവരുന്നു. അതിനിടെയാണ് ബിഹാറിലെ രാജ്ഗിറില്‍ ചേര്‍ന്ന ആര്‍.എസ്.എസ് ദേശീയ നിര്‍വാഹകസമിതി കേരളത്തിലെ കാമ്പസ്പ്രണയങ്ങളെ മുഖ്യ ചര്‍ച്ചാവിഷയമാക്കിയത്. കേരളത്തിലെ നാലായിരത്തോളം അമുസ്ലിംപെണ്‍കുട്ടികളെ 'ലൌ ജിഹാദികള്‍' തട്ടിയെടുത്തെന്നാണ് ആര്‍.എസ്.എസിന്റെ കണ്ടെത്തല്‍. വര്‍ധിച്ചുവരുന്ന പ്രണയഭീഷണിക്കെതിരെ കേരളത്തിലെ ഹിന്ദുകുടുംബങ്ങള്‍ കേന്ദ്രീകരിച്ച് വ്യാപകമായ പ്രചാരണപരിപാടികള്‍ക്ക് ദേശീയസമിതി പദ്ധതി ആവിഷ്കരിച്ചു.
ആര്‍.എസ്.എസ് മഹിളാവിഭാഗമായ രാഷ്ട്ര സേവികാസമിതി, മാതൃമണ്ഡലം, ക്ഷേത്ര സംരക്ഷണസമിതി എന്നിവയുടെ നേതൃത്വത്തില്‍ കുടുംബയോഗങ്ങള്‍ വിളിച്ചുചേര്‍ത്ത് ഈ ഭീഷണിയെക്കുറിച്ച് ചര്‍ച്ചകള്‍ നടത്താനും പരിവാര്‍ സംഘടനകളായ വി.എച്ച്.പി, എ.ബി.വി.പി എന്നിവയുടെ നേതൃത്വത്തില്‍ പ്രചാരണം നടത്താനുമാണ് നീക്കം. കെ.സി.ബി.സി എന്ന പോലെ ആര്‍.എസ്.എസും ലൌ ജിഹാദിന്റെ പേരില്‍ ഒളിച്ചോടിയ പെണ്‍കുട്ടികളുടെ കണക്കിന്റെ ഉറവിടം വ്യക്തമാക്കുന്നില്ല.
കേരള പോലിസ് ഇന്റലിജന്‍സ് അടക്കമുള്ള രഹസ്യാന്വേഷണ വിഭാഗങ്ങളുടെ പക്കലൊന്നും ഇത്തരത്തില്‍ ഒരു കണക്കില്ല. സംസ്ഥാനത്ത് എവിടെയെങ്കിലും 'ലൌ ജിഹാദ്' എന്നൊരു സംഘടന പ്രവര്‍ത്തിക്കുന്നുണ്ടോ എന്ന കാര്യം അന്വേഷിച്ച് മൂന്നാഴ്ചക്കകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് സെപ്റ്റംബര്‍ 30ന് കേരള ഹൈക്കോടതിയിലെ ജസ്റ്റിസ് കെ.ടി ശങ്കരന്‍ ഡി.ജി.പി ജേക്കബ് പുന്നൂസിന് നിര്‍ദേശം നല്‍കിയിരുന്നു. തദടിസ്ഥാനത്തില്‍, ചില അന്വേഷണങ്ങള്‍ നടക്കുന്നുണ്ടെങ്കിലും, സംസ്ഥാനതലത്തിലോ ജില്ലാ തലത്തിലോ എത്രപേര്‍ ഒളിച്ചോടിയെന്നത് സംബന്ധിച്ച് ഒരു കണക്കും തങ്ങളുടെ പക്കലില്ലെന്നാണ് പോലിസ്വൃത്തങ്ങള്‍ സൂചിപ്പിക്കുന്നത്. എന്നിട്ടും നാലായിരം മുതല്‍ ഒമ്പതിനായിരംവരെ പെണ്‍കുട്ടികള്‍ ഒളിച്ചോടിയതിന്റെ കണക്കുകള്‍ ചില കേന്ദ്രങ്ങള്‍ 'ആധികാരികമായി' പ്രചരിപ്പിക്കുന്നു.
പത്തനംതിട്ട പ്രക്കാനം സെന്റ് ജോണ്‍സ് കോളജിലെ ഒരു കാമ്പസ് പ്രണയത്തെ പൊലിപ്പിച്ച് കാട്ടിയാണ് പരിവാര്‍ സംഘടനകളും ഒരു പറ്റം മാധ്യമങ്ങളും ചേര്‍ന്ന് ഈ പ്രചാരണത്തിന് അടിത്തറ പാകിയത്. കണ്ണൂര്‍ ചിറ്റാരിപ്പറമ്പുകാരന്റെ കേസ് കൂടിയായപ്പോള്‍ അവര്‍ക്ക് ആവശ്യമായ ഊര്‍ജമായി. അിനുള്ള ഉപകാരസ്മരണയെന്നോണം 'ലൌ ജിഹാദ്' വിഷയത്തില്‍ കേരളത്തിലെ മാധ്യമങ്ങളും പോലിസും കോടതിയും കൈക്കൊണ്ട ജാഗ്രതയെ ആര്‍.എസ്.എസ് ദേശീയസമിതി പ്രത്യേകം അഭിനന്ദിക്കുകയും ചെയ്തു.
പുതിയ ആരോപണത്തിന് വഴിമരുന്നിട്ട കൂത്തുപറമ്പ് സ്വദേശി അഷ്കറിന്റെയും പത്തനംതിട്ട പ്രാക്കാനം സെന്റ് ജോണ്‍സ് കോളജിലെ ഷഹന്‍ഷായുടെയും കാമ്പസ് പ്രണയത്തിന്റെ കഥ ചികഞ്ഞാലേ ഈ സംഭവത്തിന് പിന്നിലുള്ള ഗൂഢാലോചനയെക്കുറിച്ച് വ്യക്തമാകൂ. അതുസംബന്ധിച്ച് നാളെ.
No comments:
Post a Comment