var addthis_config = { data_track_addressbar: true, data_track_addressbar_paths: [ "/blog/posts/*", "/faq/*" ] }

Tuesday, October 20, 2009

പ്രണയപ്പേരിലെ പ്രചാരണ യുദ്ധങ്ങള്‍ 3

വലയെറിഞ്ഞവര്‍ വലിഞ്ഞു; ഇര വലഞ്ഞു

Madhyamam Daily
Saturday, October 17, 2009
എം.കെ.എം ജാഫര്‍

സ്വാശ്രയകോളജിലെ അസൌകര്യങ്ങള്‍ക്കെതിരായി നടത്തിയ സമരത്തിന്റെ വിരോധം, രണ്ട് മതസംഘടനകള്‍ തമ്മിലുള്ള സ്പര്‍ധ, ഒരു രാഷ്ട്രീയപാര്‍ട്ടിയുടെ ഭീരുത്വം.... വിദ്യാര്‍ഥിസംഘടനയുടെ ജില്ലാ നേതാവായ ഒരു യുവാവിനെ ഭീകരവാദിയാക്കി ഭാവി തകര്‍ക്കാന്‍ ഇത്രയൊക്കെ. ഉന്നത ഉദ്യോഗസ്ഥന്റെ താല്‍പര്യം സംരക്ഷിക്കുന്നതിന് പോലിസൊരുക്കിയ തിരക്കഥക്ക് മാധ്യമങ്ങള്‍ രംഗമൊരുക്കിയതോടെ മുസ്ലിംലീഗിന്റെ വിദ്യാര്‍ഥിസംഘടനയായ എം.എസ്.എഫിന്റെ പത്തനംതിട്ട ജില്ലാ പ്രസിഡന്റും യൂത്ത്ലീഗ് മുനിസിപ്പല്‍ കമ്മിറ്റി പ്രസിഡന്റുമൊക്കെയായ ഷഹന്‍ഷയാണ് 'ലൌജിഹാദി'ലെ മറ്റൊരു വില്ലന്‍. പരമ്പരാഗത മുസ്ലിംലീഗ് കുടുംബാംഗം. സ്വാശ്രയസ്ഥാപനമായ പത്തനംതിട്ട പ്രാക്കാനം സെന്റ് ജോണ്‍സ് കോളജിലെ എം.ബി.എ വിദ്യാര്‍ഥി. അഡ്മിഷന്‍ സമയത്ത് നല്‍കിയ ബ്രോഷറുകളില്‍ പറഞ്ഞ സൌകര്യങ്ങള്‍ കോളജില്‍ ഇല്ലെന്ന പേരില്‍ സെന്റ് ജോണ്‍സ് കോളജിലും, മറ്റ് സ്വാശ്രയ കോളജുകളിലെപോലെ സമരങ്ങള്‍ പതിവ്. വിദ്യാര്‍ഥിസംഘടനയുടെ നേതാവ്കൂടിയായ ഷഹന്‍ഷായാകട്ടെ, സമരങ്ങളുടെ മുന്‍നിരയിലും. കോളജ് മാനേജ്മെന്റിന്റെ കണ്ണിലെ കരടാകാന്‍ ഏറെയൊന്നും താമസം വന്നില്ല. പുറത്താക്കലും കോടതി ഇടപെടലുമൊക്കെ നടന്നു. വിദ്യാര്‍ഥിയെ തിരികെ പ്രവേശിപ്പിക്കണമെന്ന കോടതി ഉത്തരവുമായി വന്ന ഷഹന്‍ഷാക്ക് പുനഃപ്രവേശനം നല്‍കാന്‍ പ്രിന്‍സിപ്പല്‍ തയാറായില്ല. അയാള്‍ക്ക് പരീക്ഷയെഴുതാന്‍ കഴിയഞ്ഞതുമില്ല.

പഠിത്തം കളഞ്ഞുള്ള മകന്റെ സംഘടനാപ്രവര്‍ത്തനവും സമരവും ഏതു രക്ഷിതാക്കളെയും പോലെ ഷഹന്‍ഷായുടെ മാതാപിതാക്കളെയും ആശങ്കയിലാക്കി. മകനെ പിന്തിരിപ്പിക്കുന്നതിന് തബ്ലീഗ് ജമാഅത്തിന്റെ നാലുമാസത്തെ കോഴ്സിന് നിര്‍ബന്ധിച്ച് അയക്കുകയും ചെയ്തു. തിരിച്ചുവന്ന ഷഹന്‍ഷാ മുമ്പത്തേതില്‍ നിന്ന് തികച്ചും ഭിന്നമായി അതീവ മതാഭിമുഖ്യമുള്ള യുവാവായാണ് സഹപാഠികള്‍ക്കിടയില്‍ പ്രത്യക്ഷപ്പെടുന്നത്.
ഇതിനിടെയാണ് ഇതേ കോളജിലെ രണ്ട് പെണ്‍കുട്ടികള്‍ ഇസ്ലാമിനെപ്പറ്റി പഠിക്കാന്‍ താല്‍പര്യം കാണിച്ച് രംഗത്തുവന്നത്. തിരുവനന്തപുരം സ്വദേശിനി മിഥുലയും കൊട്ടാരക്കരക്കാരി ബിനോയും. പത്തനംതിട്ടയിലെ തബ്ലീഗ് ജമാഅത്ത് പ്രവര്‍ത്തകരുമായി പെണ്‍കുട്ടികള്‍ ഇസ്ലാമിനെക്കുറിച്ച് ചര്‍ച്ചകള്‍ നടത്തിയിരുന്നു. ഇതിനിടെയാണ്, കോളജില്‍ സമരങ്ങള്‍ക്ക് മുന്‍നിരയില്‍ നില്‍ക്കുകയും ഒരിടവേളക്ക് ശേഷം ശാന്തനായി മതജീവിതം നയിക്കുകയും ചെയ്യുന്ന ഷഹന്‍ഷായെ പെണ്‍കുട്ടികള്‍ ശ്രദ്ധിക്കുന്നത്. ഇവര്‍ യുവാവുമായി ആശയവിനിമയം നടത്തി. ഇത് പ്രണയത്തിലേക്ക് നീങ്ങി. ഷഹന്‍ഷായെ വിവാഹംകഴിക്കാന്‍ താല്‍പര്യമുണ്ടെന്ന് മിഥുല യുവാവിന്റെ വീട്ടുകാരെയും സുഹൃത്തുക്കളെയുമൊക്കെ അറിയിച്ചെന്ന് സഹപാഠികള്‍ പറയുന്നു. എന്നാല്‍, ഇരുവീട്ടുകാരുടെയും കുടുംബ^മതപശ്ചാത്തലങ്ങള്‍ വ്യത്യസ്മായതിനാല്‍ വീട്ടുകാരും സുഹൃത്തുക്കളും നിരുല്‍സാഹപ്പെടുത്തിയത്രെ.

ഇതിനിടെ പെണ്‍കുട്ടികള്‍ കോളജ് ഹോസ്റ്റലില്‍ ഇസ്ലാമിക വസ്ത്രരീതിയും ജീവിതശൈലിയും സ്വീകരിച്ചത് സഹപാഠികള്‍ക്കിടയില്‍ ചര്‍ച്ചയായി. അന്തേവാസികള്‍ കോളജ് അധികൃതരെ വിവരമറിയിച്ചു. അധികൃതര്‍ അറിയിച്ചതിനെത്തുടര്‍ന്ന് വീട്ടുകാരെത്തി പെണ്‍കുട്ടികളെ നിര്‍ബന്ധപൂര്‍വം വീടുകളിലേക്ക് തിരിച്ചുകൊണ്ടുപോയി. തങ്ങള്‍ക്ക് മുസ്ലിമായി ജീവിക്കാന്‍ താല്‍പര്യമുണ്ടെന്നും അതിനാല്‍ രക്ഷിക്കണമെന്നും കാണിച്ച് പെണ്‍കുട്ടികളിലൊരാള്‍ ഷഹന്‍ഷാക്ക് എസ്.എം.എസ് സന്ദേശമയച്ചു. തുടര്‍ന്ന് യുവാവ് സംഘടനയുടെയും ലീഗിന്റെയുമൊക്കെ സഹകരണം തേടിയെങ്കിലും നിരാശയായിരുന്നു ഫലം. ഈ അവസരത്തിലാണ് പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരായ ചിലരുടെ ഇടപെടല്‍. അവരുടെ സഹായത്തോടെ, കഴിഞ്ഞ ജൂലൈ 18ന് മിഥുലയും ബിനോയും ഷഹന്‍ഷാക്കൊപ്പം വീടുകളില്‍ നിന്ന് കടക്കുകയായിരുന്നു. ഇവര്‍ സഞ്ചരിച്ചിരുന്ന വാഹനത്തില്‍, ഒളിച്ചോടാന്‍ സഹായിച്ച സുഹൃത്തുക്കളില്‍ ചിലര്‍ പോപ്പുലര്‍ ഫ്രണ്ട് നടത്തിയ ഫ്രീഡംപരേഡിന്റെ സി.ഡിയിട്ടതാണ് നിരോധിത തീവ്രവാദസംഘടനയുടെ ആശയപ്രചാരണ സി.ഡിയായി പിന്നീട് മാധ്യമങ്ങള്‍ ചിത്രീകരിച്ചതെന്ന് ഷഹന്‍ഷായുടെ സുഹൃത്തുക്കള്‍ പറയുന്നു. വീട്ടുതടങ്കലില്‍ നിന്ന് രക്ഷപ്പെടുത്തി പെണ്‍കുട്ടികളെ കോടതിയില്‍ ഹാജരാക്കുകയായിരുന്നു ആദ്യലക്ഷ്യം. എന്നാല്‍, പെണ്‍കുട്ടികളെ കോടതി മാതാപിതാക്കളുടെ കൂടെത്തന്നെ വിടുമെന്ന അഭിപ്രായമുയര്‍ന്നതിനെ തുടര്‍ന്ന് മിഥുലയെ ഷഹന്‍ഷാ വിവാഹം കഴിക്കാന്‍ തയാറായി. ബിനോയെ വിവാഹം കഴിക്കാന്‍ കെ.എസ്.ആര്‍.ടി.സി കണ്ടക്ടറും തബ്ലീഗ്പ്രവര്‍ത്തകനുമായ സിറാജുദ്ദീനും.

ഇതിനിടെ, പെണ്‍കുട്ടികളുടെ തിരോധാനത്തെക്കുറിച്ച് ബന്ധുക്കളുടൈ പരാതിപ്രകാരം തിരുവനന്തപുരത്തെ ഒരു അസി.കമീഷണറുടെ നേതൃത്വത്തില്‍ പോലിസ് അന്വേഷണം തുടങ്ങി. ഒളിച്ചോടിയ പെണ്‍കുട്ടികളിലൊരാള്‍ പോലിസിലെ ഒരു ഉന്നതന്റെ ബന്ധുവായതിനാല്‍ പോലിസ് സജീവമായി. ഷഹന്‍ഷാക്കും സിറാജുദ്ദീനുമൊപ്പമാണ് യുവതികള്‍ കടന്നതെന്ന് കണ്ടെത്തി. തുടര്‍ന്ന്, തിരുവനന്തപുരത്തുനിന്ന് പത്തനംതിട്ടയിലെ ഷഹന്‍ഷായുടെയും സിറാജുദ്ദീന്റെയും വീട്ടുകാരില്‍ നിന്ന് മൊഴിയെടുത്തു. തീവ്രവാദ കേസുകളില്‍പ്പെടുത്തുമെന്ന് ചില കേന്ദ്രങ്ങള്‍ ഭീഷണി മുഴക്കുകയും ചെയ്തു. ഇതോടെ, നിയമപരമായി വിവാഹം രജിസ്റ്റര്‍ചെയ്യാന്‍ ഇവര്‍ തീരുമാനിക്കുകയായിരുന്നു. മതപരമായ വിവാഹച്ചടങ്ങിനുശേഷം വിവാഹം രജിസ്റ്റര്‍ ചെയ്യാനായിരുന്നു തീരുമാനം. എന്നാല്‍, പോലിസിലെ ഉന്നതന്റെ സ്വാധീനത്താല്‍, മുഴുവന്‍ രജിസ്ട്രാര്‍ ഓഫീസുകളിലും നിരീക്ഷണമുണ്ടെന്നും അതിനാല്‍, ഓഫീസില്‍പോയി വിവാഹ ഉടമ്പടിയില്‍ ഒപ്പുവെക്കുന്നത് സുരക്ഷിതമല്ലെന്നുമാണ് ഇതിനിടെ ഇവര്‍ക്ക് കിട്ടിയ നിയമോപദേശം. തുടര്‍ന്ന് ആഗസ്റ്റ് 12ന് ഇവര്‍ നോട്ടറിയുടെ മുമ്പില്‍പോയി വിവാഹ കരാറില്‍ ഒപ്പുവെച്ചു.
ഇതിനിടെ, പെണ്‍കുട്ടികളുടെ ബന്ധുക്കള്‍ ഹൈക്കോടതിയില്‍ ഹേബിയസ് കോര്‍പസ് ഹരജി ഫയല്‍ചെയ്തു. വിവാഹകരാര്‍ ഒപ്പുവെച്ചതിനാല്‍, പ്രായപൂര്‍ത്തിയായ യുവതികളെ ഭര്‍ത്താക്കന്മാരോടൊപ്പം പോകാന്‍ കോടതി അനുവദിക്കുമെന്ന ധൈര്യത്തില്‍ ഷഹന്‍ഷായും സിറാജുദ്ദീനും യുവതികളുമായി ആഗസ്റ്റ് 21ന് ഹൈക്കോടതിയിലെത്തി. എന്നാല്‍, അഭിഭാഷകന്റെ മുമ്പില്‍ ഒപ്പുവെച്ച വിവാഹകരാറിന് നിയമസാധുതയില്ലാത്തിനാല്‍, ജസ്റ്റിസുമാരായ ആര്‍. ബസന്തും എം.സി ഹരിറാണിയുമടങ്ങിയ ഡിവിഷന്‍ബെഞ്ച് യുവതികളെ മാതാപിതാക്കള്‍ക്കൊപ്പമയക്കാന്‍ വിധിച്ചു. തങ്ങള്‍ ഇസ്ലാമികവിശ്വാസം സ്വീകരിച്ചിരിക്കുകയാണെന്നും ഭര്‍ത്താക്കന്മാര്‍ക്കൊപ്പം പോകാനാണ് താല്‍പര്യമെന്നും തൊട്ടടുത്ത ദിവസം റമദാന്‍ തുടങ്ങുമെന്നതിനാല്‍, മാതാപിതാക്കള്‍ക്കൊപ്പം പോയാല്‍ നോമ്പുപിടിക്കുന്നതിനും മറ്റും തടസ്സം വരുമെന്നും യുവതികള്‍ കോടതിയെ ബോധിപ്പിച്ചു. ഇക്കാര്യംകൂടി പരിഗണിച്ച കോടതി, യുവതികള്‍ക്ക് പ്രാര്‍ഥനക്കും അവര്‍ ഇഷ്ടപ്പെടുന്ന രീതിയിലുള്ള ഭക്ഷണത്തിനും മറ്റും മാതാപിതാക്കള്‍ പ്രത്യേക സൌകര്യം ചെയ്ത് നല്‍കണമെന്ന് ഉത്തരവില്‍ പ്രത്യേകം നിര്‍ദ്ദേശിച്ചു. കേസ് ആഗസ്റ്റ് 28ന് വീണ്ടും പരിഗണിക്കാന്‍ നിശ്ചയിക്കുകയും ചെയ്തു.

കോടതിയില്‍ നിന്ന് പോകുന്ന വഴി മിഥുല ഷഹന്‍ഷായെ ഫോണില്‍ ബന്ധപ്പെട്ടിരുന്നു. തുടര്‍ന്നുള്ള രണ്ടുദിവസങ്ങളിലും മിഥുലയുടെ ഫോണ്‍ വന്നു. എന്നാല്‍, കോടതിയില്‍ നിന്നിറങ്ങിയശേഷം ബിനോയില്‍ നിന്ന് ഫോണ്‍ വിളികളൊന്നുമുണ്ടായുമില്ല. രണ്ടുദിവസം കഴിഞ്ഞ് മിഥുലയുടെ ഫോണ്‍വിളികളും നിലച്ചു. പെണ്‍കുട്ടിയുടെ വീട്ടിലേക്ക് വിളിച്ചുനോക്കിയെങ്കിലും പ്രതികരണം ആശാവഹമായിരുന്നില്ല. ഇതോടെ, ആശങ്കയിലായ ഷഹന്‍ഷായും സിറാജുദ്ദീനും തങ്ങളുടെ അഭിഭാഷകന്‍ വഴി, കേസ് നേരത്തേ പരിഗണിക്കണമെന്നാവശ്യപ്പെട്ട് വീണ്ടും കോടതിയെ സമീപിച്ചു. തുടര്‍ന്ന് 26ന് വീണ്ടും കേസ് പരിഗണിച്ചപ്പോഴേക്ക് പെണ്‍കുട്ടികളുടെ നിലപാട് അടിമുടി മാറിയിരുന്നു. ഷഹന്‍ഷായുടെയും സിറാജുദ്ദീന്റെയും മുഖത്തുനോക്കാന്‍പോലും തയാറാകാതിരുന്ന അവര്‍, മാതാപിതാക്കള്‍ക്കൊപ്പം പോകാനാണ് ആഗ്രഹമെന്ന് കോടതിയെ അറിയിച്ചു. സെപ്റ്റംബര്‍ എട്ടിന് കേസ് മൂന്നാമതും കേസ് പരിഗണിച്ചപ്പോഴും ഇതുതന്നെയായിരുന്നു പെണ്‍കുട്ടികളുടെ നിലപാട്. പെണ്‍കുട്ടികളുടെ മൊഴിമാറ്റം സംബന്ധിച്ച് വിധിന്യായത്തില്‍ പ്രത്യേകം പരാമര്‍ശിച്ച കോടതി അവരെ മാതാപിതാക്കള്‍ക്കൊപ്പം പോകാന്‍ അനുവദിക്കുകയും ചെയ്തു.
ഇതിനിടെ, മിഥുലയുടെയും ബിനോയുടെയും തിരോധാനം സംബന്ധിച്ച് തിരുവനന്തപുരം പേരൂര്‍ക്കട, തൃപ്പൂണിത്തുറ ഹില്‍പാലസ് പോലിസ് സ്റ്റേഷനുകളില്‍ പെണ്‍കുട്ടികളുടെ ബന്ധുക്കള്‍ നല്‍കിയ പരാതികളുടെ അടിസ്ഥാനത്തില്‍ അറസ്റ്റുചെയ്യപ്പെടാനിടയുള്ളതിനാല്‍ ഷഹന്‍ഷായും സിറാജുദ്ദീനും മുന്‍കൂര്‍ ജാമ്യംതേടി ഹൈക്കോടതിയെ സമീപിച്ചു. മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കവെയാണ് കഴിഞ്ഞ 30ന് ജസ്റ്റിസ് കെ.ടി ശങ്കരന്‍, സംസ്ഥാനത്ത് 'ലൌ ജിഹാദ്' എന്ന സംഘടനയുടെ സാന്നിധ്യത്തെക്കുറിച്ച് അന്വേഷിച്ച് മൂന്നാഴ്ചക്കകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ഡി.ജി.പിയോട് നിര്‍ദേശിച്ചത്. 'ലൌജിഹാദ്' എന്ന സംഘടന സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്നുണ്ടെങ്കില്‍ അവരുടെ പ്രവര്‍ത്തനങ്ങളും പരിപാടികളും എന്താണ്, ഏത് സംഘടനയാണ് പ്രവര്‍ത്തനങ്ങള്‍ക്ക് പിന്നില്‍, അവരുടെ സാമ്പത്തിക സ്രോതസ്സ്, കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ എത്ര സ്കൂള്‍^കോളജ് വിദ്യാര്‍ഥിനികള്‍ ഇത്തരത്തിലുള്ള മതപരിവര്‍ത്തനത്തിന് വിധേയരായി, ദേശീയാടിസ്ഥാനത്തില്‍ സംഘടന പ്രവര്‍ത്തിക്കുന്നുണ്ടോ, വിദേശത്തുനിന്ന് സാമ്പത്തിക സഹായം ലഭിക്കുന്നുണ്ടോ തുടങ്ങിയ കാര്യങ്ങള്‍ സംബന്ധിച്ച് വിശദമായ റിപ്പോര്‍ട്ടാണ് കോടതി തേടിയത്.
ഒളിച്ചോടിയ പെണ്‍കുട്ടിയുടെ ബന്ധുക്കളിലൊരാള്‍ ഉന്നത പോലിസ് ഉദ്യോഗസ്ഥനായ പശ്ചാത്തലത്തില്‍, കേസിന്റെ 'പ്രത്യേക പ്രാധാന്യം' കണക്കിലെടുത്ത് ചില പോലിസ് ഉദ്യോഗസ്ഥര്‍ കേസ് ഡയറിയില്‍ എഴുതിച്ചേര്‍ത്ത വിവരങ്ങളാണ് കോടതിയുടെ ഇത്തരത്തിലുള്ള പരാമര്‍ശത്തിന് കാരണമായതെന്ന് പോലിസ് സേനക്കുള്ളില്‍ത്തന്നെ ചര്‍ച്ച ഉയര്‍ന്നിട്ടുണ്ട്.
ആദ്യം കോടതിയില്‍ ഹാജരായി, തങ്ങള്‍ സ്വന്തം ഇഷ്ടപ്രകാരം വീടുവിട്ടുപോയി മതംമാറിയതാണെന്ന മൊഴി കണ്ടില്ലെന്ന് നടിച്ച മാധ്യമങ്ങള്‍, അവര്‍ മൊഴിമാറ്റിയതോടെ ഷഹന്‍ഷായെ തീവ്രവാദിയാക്കി മുദ്രകുത്തി പ്രചാരണമാരംഭിച്ചു. അതിന് കോളജ് അധികൃതരുടെ ഒത്താശയും ലഭിച്ചു. മിഥുലയും ബിനോയും ആദ്യം ഹൈക്കോടതിയില്‍ നല്‍കിയ മൊഴി മറച്ചുവെച്ച് പിന്നീട് പോലിസ് സമര്‍പ്പിച്ച മൊഴി ആധാരമാക്കിയാണ് പത്രങ്ങളും ചാനലുകളും തീവ്രവാദകഥകളും പീഡനകഥകളും മെനഞ്ഞത്. നോട്ടറിയുടെ മുമ്പില്‍ വിവാഹകരാര്‍ ഒപ്പുവെച്ച് പതിനൊന്ന് ദിവസം ഒന്നിച്ചുകഴിഞ്ഞിട്ടും ഉണ്ടാകാത്ത പീഡനകഥകളാണ് പിന്നീട് മെനഞ്ഞെടുക്കപ്പെട്ടത്.

ഇതോടെ, പത്തനംതിട്ടയിലെ എം.എസ്.എഫ് പ്രവര്‍ത്തകരും പ്രാദേശിക ലീഗ് പ്രവര്‍ത്തകരും ഷഹന്‍ഷാക്ക് അനുകൂലമായി രംഗത്തിറങ്ങണമെന്നാവശ്യപ്പെട്ട് സംസ്ഥാനനേതൃത്വത്തെ സമീപിച്ചു. ആവശ്യമെങ്കില്‍ വാര്‍ത്താസമ്മേളനം നടത്തി പ്രതികരിക്കുന്നതിന് എം.എസ്.എഫ് സംസ്ഥാനനേതൃത്വം തയാറാവുകയും ചെയ്തു. പാര്‍ട്ടിയുടെ യുവജനവിഭാഗത്തിന്റെ ജില്ലാനേതാവിനെത്തന്നെ, കേസില്‍ കുടുക്കുന്ന പോലിസ് നിലപാടിനെതിരെ പ്രതികരിക്കണമെന്ന് പ്രാദേശികപ്രവര്‍ത്തകരും ശക്തമായി ആവശ്യമുന്നയിച്ചു. എന്നാല്‍, മുസ്ലിം ലീഗ് നേതൃത്വം കടുത്ത മൌനം തുടരുകയായിരുന്നു. മാത്രമല്ല, പ്രതികരിക്കാന്‍ തുനിഞ്ഞ എം.എസ്.എഫ് സംസ്ഥാന നേതൃത്വത്തെ പാര്‍ട്ടിയിലെ ചിലര്‍ വിലക്കുകയും ചെയ്തു. മുഖ്യ പ്രതിപക്ഷപാര്‍ട്ടിയുടെ നേതൃത്വം സ്വന്തം പോഷക സംഘടനാ നേതാവിന്റെ കാര്യത്തില്‍ പാലിക്കുന്ന 'തന്ത്രപരമായ മൌനം' അണികള്‍ക്കിടയിലും വ്യാപക ചര്‍ച്ചക്കിടയാക്കി. ഇനിയും മൌനം തുടര്‍ന്നാല്‍, അണികള്‍ തീവ്രവാദ സംഘടനകളിലേക്ക് ഒലിച്ചുപോകുമെന്ന് പ്രാദേശിക നേതൃത്വം സംസ്ഥാന നേതൃത്വത്തിന് മുന്നറിയിപ്പ് നല്‍കി.
ഇതിനിടെ, പത്തനംതിട്ടയിലെ മഹല്ല് ജമാഅത്തുമായി ബന്ധപ്പെട്ട് മുജാഹിദ് വിഭാഗവും തബ്ലീഗ് പ്രവര്‍ത്തകരും തമ്മില്‍ ഉടലെടുത്ത ചില തര്‍ക്കങ്ങളും പോലിസിന് സഹായകമായെന്നും സൂചനയുണ്ട്. ചില തബ്ലീഗ് പ്രവര്‍ത്തകരുടെ ആദ്യകാല ഇരട്ടപ്പേരുകള്‍ ഉള്‍പ്പെടെയുള്ള വിശദാംശങ്ങള്‍ ഉള്‍പ്പെടുത്തി ഇവര്‍ മതപരിവര്‍ത്തനത്തിന് പ്രവര്‍ത്തിക്കുന്നവരാണെന്നടക്കമുള്ള വിവരങ്ങള്‍ പോലിസിന് ലഭിച്ചത്രെ. ഇതോടെ, 'ലൌ ജിഹാദ്' കഥയില്‍ ചേര്‍ക്കുന്നതിന് ആവശ്യമായ എരിവും പുളിയും പോലിസിന് അനായാസം ലഭിക്കുകയും ചെയ്തു.
അതോടെ മാധ്യമങ്ങള്‍ വേട്ടക്കാരുടെ വേഷത്തില്‍ അവതരിച്ചു. പ്രണയദിനത്തിന് കേരളത്തില്‍ മാര്‍ക്കറ്റുണ്ടാക്കിക്കൊടുത്ത 'മലയാള മനോരമ' കാമ്പസ് പ്രണയത്തിനെതിരെ ആദ്യത്തെ 'ലൌ ബോംബ്' പൊട്ടിച്ചു. മതമേതായാലും മനുഷ്യന്‍ നന്നായാല്‍ മതിയെന്ന ഗുരുദര്‍ശനം ആപ്തവാക്യമാക്കിയ 'കേരള കൌമുദി' മാധ്യമവേട്ടയുടെ നേതൃത്വം ഏറ്റെടുക്കുന്നതാണ് പിന്നീട് കണ്ടത്. ആ മാധ്യമ വേട്ടയുടെ പിന്നാമ്പുറങ്ങളിലേക്ക് അടുത്ത നാള്‍.

No comments: