var addthis_config = { data_track_addressbar: true, data_track_addressbar_paths: [ "/blog/posts/*", "/faq/*" ] }

Friday, May 27, 2011

ഇസ്ലാമിന്നും മുസ്ലിംകള്‍ക്കുമിടയില്‍ ഒരു ഗള്‍ഫ്

അബുല്‍ ഹസന്‍ അലി ഹസന്‍ നദ് വി



http://www.iiim.info/newiiim/TEMP_articles.php?cat=19&article_id=131









ആമുഖം

ഷാര്‍ജ അമീര്‍ സുല്‍ത്താന്‍ ബ്നു മുഹമ്മദ് ഖാസ്മി, ഷാര്‍ജ സന്ദര്‍ശിക്കാനായി ഉസ്താദ് സയ്യിദ് അബുല്‍ഹസന്‍ അലി നദ് വിയെ ക്ഷണിക്കുകയുണ്ടായി. അല്‍ ഔഖാഫ് വശു ഊനില്‍ ഇസ്ലാമിയ്യ ജനറല്‍ ഡയറക്ടര്‍ ശൈഖ് അബ്ദുല്ല അലി മഹ്മൂദ്, മുന്‍ അസിസ്റ്റന്റ് ജനറല്‍ ഡയറക്റ്റര്‍ ഉസ്താദ് അബ്ദുല്‍ വദൂദ് ശില്‍ബി എന്നിവരാണീ സന്ദേശം അദ്ദേഹത്തിന്ന് കൈമാറിയത്. മക്കയില്‍, മുസ്ലിം വേള്‍ഡ് ലീഗിന്റെ ദൌറതുല്‍ മജ്ലിസ് ത’അസീസി’ല്‍ പങ്കെടുക്കാനെത്തിയ നദ് വി സാഹെബ്, ക്ഷണം നന്ദിയോടെ സ്വീകരിക്കുകയും സൌദിയില്‍ നിന്നു മടങ്ങുമ്പോള്‍ ഷാര്‍ജ സന്ദര്‍ശിക്കാമെന്ന് വാക്കു നല്‍കുകയും ചെയ്തു.

അതനുസരിച്ച്, സഹോദരീ പുത്രന്‍ ഉസ്താദ് വാദിഅ’ നദ് വി,(പത്രാധിപര്‍, അല്‍ റാഇദ്), ഈ വിനീതന്‍ എന്നിവരോടൊപ്പം, 1974 ജന. 25 (1394 മുഹറം 3) ന്ന് അദ്ദെഹം ഷാര്‍ജയിലെത്തി. അമീറും പ്രമുഖ വ്യക്തിത്വങ്ങളും ഹൃദയംഗമായ സ്നേഹാദരവുകളോടെയാണദ്ദേഹത്തെ സ്വാഗതം ചെയ്തത്.

അടുത്ത ദിവസം ദുബായിലെ, ഇന്ത്യാ പാക്കിസ്താന്‍ മുസ്ലിംകളുടെ ആവശ്യപ്രകാരം അവരുടെ കോളനിയില്‍ ഒരു പ്രഭാഷണം സംഘടിപ്പിച്ചു. പ്രഭാഷണത്തിന്റെ മാറ്റൊലി രാജ്യത്താകമാനം അലയടിച്ചുവെങ്കിലും, ഷാര്‍ജാ ഔഖാഫ് കാര്യാലയം, മുഹ്റം 5ന്ന് വൈകുന്നേരം, മസ്ജിദ് അലിബ്നു അബീത്വാലിബില്‍ ഒരു പ്രഭാഷണം സംഘടിപ്പിച്ചു. ‘ഇസ്ലാമിന്നും മുസ്ലിംകള്‍ക്കുമിടയില്‍ ഒരു ഗള്‍ഫ്’ എന്നതായിരുന്നു പ്രഭാഷണ വിഷയം. ശൈഖ് അബ്ദുല്‍ വദൂദിന്റെ ആമുഖ ഭാഷണ ശേഷം, അദ്ദേഹം നടത്തിയ പ്രഭാഷണം ഒരു മണിക്കൂറിലധികം നീണ്ടു നിന്നു. ജനങ്ങള്‍ വളരെ ശ്രദ്ധയോടെയായിരുന്നു അത് ശ്രവിച്ചത്. അത് പൂര്‍ണ്ണമായി റിക്കാര്‍ഡ് ചെയ്ത ഷാര്‍ജ റേഡിയോവും ടെലിവിഷനും, പിറ്റെ ദിവസം പ്രക്ഷേപണം നടത്തുകയും ചെയ്തു. ടേപ്പില്‍ നിന്നു പകര്‍ത്തെടുത്ത ഈ പ്രഭാഷണം അദ്ദേഹം സംശോധന നടത്തി തിരിച്ചു തന്നു. പൊതുജനോപയോഗാര്‍ത്ഥം ഇപ്പോളിത് ഒരു സ്വതന്ത്ര ലഘുലേഖയായി പ്രസിദ്ധീകരിക്കുകയാണ്. കൈഫ ദഖലല്‍ അറബു അത്താരീഖ എന്ന പേരില്‍, ദുബൈ മക്തബ ആമ്മ യില്‍ വെച്ചു അദ്ദേഹം നടത്തിയ പ്രഭാഷണം നാം പ്രസിദ്ധീകരിച്ചിരുന്നത് സ്മരണീയമാണ്.

ഉദ്ദേശ്യ ശുദ്ധി അല്ലാഹുവിന്നറിയാം. അവന്‍ നേര്‍വഴി കാണിക്കട്ടെ. ആമീന്‍

സ ഈദ് അ’അദമി നദ് വി

പത്രാധിപര്‍, അല്‍ ബ’അഥുല്‍ ഇസ്ലാമി

ദാറുല്‍ ഉലൂം നദ് വത്തുല്‍ ഉലമാ

ലക്നോ. ഇന്ത്യ.

23-4- 1975

10-4-95









നേതാക്കളെ, സഹോദരങ്ങളെ,

ഷാര്‍ജ സന്ദര്‍ശിക്കാന്‍ അല്ലാഹു എന്നെ അനുഗ്രഹിച്ചതില്‍ ഞാനതീവ സന്തുഷ്ടനാണ്. അറേബ്യന്‍ ഗള്‍ഫ്, മക്കയും മദീനയും, സന്ദര്‍ശിക്കാന്‍ തുടര്‍ച്ചയായി പല അവസരങ്ങളും അല്ലാഹു എനിക്കു നല്‍കിയിട്ടുണ്ട്. എന്നാല്‍, ഗള്‍ഫിനെ ഒരൊറ്റ വൃത്തമായാണ്, ഒരേ സന്ദേശത്തിന്റെയും ദൌത്യത്തിന്റെയും ഒരേ സുപ്രയുടെയും – അങ്ങനെ പറയാമെങ്കില്‍- വികാസമായാണ് നാം കാണുന്നത്. അതിനാല്‍ തന്നെ, നിങ്ങളുടെ മുന്‍പില്‍, ഒരു ദൈവിക ഭവനത്തില്‍ നില്‍ക്കുമ്പോള്‍, ഈ ഗള്‍ഫിന്റെ ഹൃദയത്തില്‍ നിന്നും കേന്ദ്രത്തില്‍ നിന്നും അകന്നു കഴിയുന്ന, ഇതിന്റെ ഏതോ ഒരു പുറത്ത് നില്‍ക്കുന്നതായി എനിക്കനുഭവപ്പെടുന്നില്ല. പ്രത്യുത, ക അബയുടെ തണലില്‍, വിശുദ്ധ ഭവനത്തിന്റെ മുറ്റത്ത് നില്‍ക്കുന്നതായേ എനിക്കു തോന്നുന്നുള്ളു. ക അബയും ഇസ്ലാമിക സന്ദേശവും ഉണ്ടായിരുന്നില്ലെങ്കില്‍, ഈ ഇസ്ലാമിക കേന്ദ്രത്തില്‍ നിന്നും എത്രയോ അകലെ ജനിച്ചു വളര്‍ന്ന ഒരു മുസ്ലിമിന്നും ഈ ഗള്‍ഫിന്നുമിടയില്‍ സ്നേഹത്തിന്റെയും ആദരവിന്റെയുമായ ഒരു ബന്ധവുമുണ്ടാകുമായിരുന്നില്ല. ഇസ്ലാമിന്റെ ആവിര്‍ഭാവം, ജീവിതം, യഥാര്‍ത്ഥ ഉയിര്‍ത്തെഴുനേപ്പ് എന്നിവ മുതലാരംഭിക്കുന്ന അതിന്റെ പുതിയ ചരിത്രത്തില്‍, ഈ ഗള്‍ഫു മുഴുവനും മക്കക്ക് കീഴടങ്ങുകയായിരുന്നു. ശരിയായ വാക്കില്‍ പറഞ്ഞാല്‍, വിശുദ്ധ അമാനത്ത് ഏല്പിക്കപ്പെട്ട, അവസാനത്തെ സന്ദേശത്തിന്നായി തെരഞ്ഞെടുക്കപ്പെട്ട, ഖുറൈശി വംശജനായ മുഹമ്മദ് ബ്നു അബ്ദില്ല ബ്നു അബ്ദില്‍ മുത്തലിബ് എന്ന മക്കാപുത്രന്നു കീഴടങ്ങുകയായിരുന്നു.

ഇസ്ലാമിക നവോത്ഥാന ചരിത്രത്തിലെ പല ആളുകളെയും എനിക്കറിയാം. മക്കയും മദീനയും സന്ദര്‍ശിക്കുന്നത് സ്വപ്നം കണ്ടു കഴിഞ്ഞിരുന്നവരായിരുന്നു അവര്‍. പായക്കപ്പലിന്റെ കാലം. ‘മാനുഷ്യകത്തിന്റെ യഥാര്‍ത്ഥ പ്രഭാതം‘ എന്ന് അക്ഷരാര്‍ത്ഥത്തില്‍ തന്നെ പറയാവുന്ന പ്രകാശം പൊട്ടി വിടര്‍ന്ന ഈ ഗള്‍ഫിന്റെ ആദ്യ ഭാഗം , അവരുടെ ദൃഷ്ടിയില്‍ പെടെണ്ട താമസം, പെരുനാള്‍ പിറവി കണ്ടെന്നപോലെ, അല്ലാഹുവിന്ന് സാഷ്ടാംഗം നമിക്കുമായിരുന്നു. ജീവിതത്തില്‍ ഈ സൌഭാഗ്യം അല്ലാഹു നല്‍കിയതിന്റെ പേരില്‍ അവര്‍ അവനെ വാഴ്ത്തുമായിരുന്നു. അങ്ങനെ തങ്ങളുടെ ഹൃദയത്തിന്റെ ഒരു ഭാഗമായി കണക്കാക്കിയിരുന്ന അറബ് രാജ്യം അവര്‍ കണ്‍കുളുര്‍ക്കെ കാണുമായിരുന്നു. യഥാര്‍ത്ഥത്തില്‍, നാമെല്ലാം – അറബികളാകട്ടെ, അനറബികളാകട്ടെ – ഈ ഡൈനിംഗ് ടേബിളിലെ അവശിഷ്ടങ്ങള്‍ ഭുജിച്ചു കൊണ്ടിരിക്കുന്ന ക്ഷണിക്കപ്പെടാത്ത അതിഥികളാണ്. നാമെവിടെയാണെങ്കിലും ഈ ഗള്‍ഫിന്റെ നിഴലിലാണ് ജീവിക്കുന്നത്. യഥാര്‍ത്ഥത്തില്‍, അറ്റ്ലസ് പര്‍വതം മുതല്‍ ഇന്ത്യന്‍ മഹാസമുദ്രം വരെ നീണ്ടു കിടക്കുന്ന മുസ്ലിം ലോകം മുഴുവന്‍ ഈ മഹത്തായ തണലിന്റെ വ്യാപനം മാത്രം. രണ്ട് കാലഘട്ടങ്ങള്‍ക്കും, രണ്ട് മാനസികാവസ്ഥകള്‍ക്കും രണ്ട് ജീവിതങ്ങള്‍ക്കും, -ഏറ്റവും അനുയോജ്യമായി പറഞ്ഞാല്‍, മനുഷ്യത്വത്തിന്നും മൃഗീയതക്കും, ജീവിതത്തിന്നും മരണത്തിന്നും, അസ്തിത്വത്തിന്നും നാശത്തിന്നും, ഇസ്ലാമിന്നും ജാഹിലിയ്യത്തിന്നും- ഇടയില്‍ വിവേചിക്കുന്ന ഒരു രേഖയായ ഈ ചരിത്ര സംഭവം കാരണം, നാം നിങ്ങളോട് സംസാരിക്കുമ്പോള്‍, നാം സ്വന്തത്തോട് തന്നെയാണ് സംസാരിക്കുന്നത്. സ്വന്തം മനസ്സിനോടും ഹൃദയത്തോടും ബുദ്ധിയോടും തന്നെയാണ് സംസാരിക്കുന്നത്. നാം നിങ്ങളോട് സംസാരിക്കുമ്പോള്‍, നമ്മുടെ അസ്തിത്വമുള്‍ക്കൊള്ളുന്ന ബുദ്ധി, വികാരങ്ങള്‍, ചിന്ത, അനന്തമായ ആശയങ്ങള്‍ എന്നിവയെ കുറിച്ചെല്ലാമാണ് സംസാരിക്കുന്നത്.

സഹോദരങ്ങളെ, നേതാക്കളെ,

ഇവിടെ ഒരു അറേബ്യന്‍ ഗള്‍ഫിലാണ് നാമുള്ളത്. ഒരു കരയെ രണ്ടായി പിളര്‍ത്തിക്കൊണ്ട് കടന്നുകൂടുന്ന വെള്ളമാണല്ലോ ഗള്‍ഫ് എന്നറിയപ്പെടുന്നത്. ഗള്‍ഫിന്റെ അര്‍ത്ഥവും അതില്ലൊളിഞ്ഞു കിടക്കുന്ന അര്‍ത്ഥങ്ങളും ഫലങ്ങളും അകല്‍ച്ചകളുമെല്ലാം, രണ്ടു കരകളെ വേര്‍തിരിക്കുന്ന ഒരു ഗള്‍ഫ് കണ്ടിട്ടില്ലാത്തവരെയും അങ്ങനെയൊന്നില്‍ താമസിച്ചിട്ടില്ലാത്തവരെയും കാള്‍, ഏറ്റവും അറിയുക നിങ്ങള്‍ക്കാണല്ലൊ. അതിനാല്‍, തങ്ങള്‍ വിശ്വാസമര്‍പ്പിക്കുന്നതായി പ്രഖ്യാപനം ചെയ്ത മതങ്ങള്‍ക്കും, തങ്ങള്‍ കൈകൊണ്ടതായി അവകാശപ്പെടുന്ന വിശ്വാസ്വങ്ങള്‍ക്കും, മുറുകെ പിടിക്കുന്നതായി വിശ്വസിക്കുന്ന പ്രമാണങ്ങള്‍ക്കുമെല്ലാം ഇടയില്‍, ആന്തരികമായ കുറെ ‘ഗള്‍ഫു‘കളുണ്ടെന്നു ഞാന്‍ പറഞ്ഞാല്‍ നിങ്ങള്‍ അംഗീകരിക്കുമോ? ഒരു പക്ഷെ, ആയിരക്കണക്കില്‍ വര്‍ഷങ്ങളായി അല്ലാഹു സൃഷ്ടിച്ച ഈ ഭൌമ ഗള്‍ഫുകളെക്കാള്‍ അഗാധവും വിശാലവുമായിരിക്കാം ഈ ഗള്‍ഫുകള്‍. നിങ്ങള്‍ ജീവിക്കുന്ന ഒരിനം ഗള്‍ഫിനെ കുറിച്ചു മാത്രമേ, ഒരു പക്ഷെ, നിങ്ങള്‍ക്കറിയുകയുള്ളു. അതിനെക്കാള്‍ അപകടകാരിയും ദൂരവ്യാപകവുമായ മറ്റെ ഗള്‍ഫിനെകുറിച്ച് നിങ്ങള്‍ അറിഞ്ഞു കൊള്ളണമെന്നില്ല. ഇസ്ലാമിന്നും മുസ്ലിംകള്‍ക്കുമിടയില്‍ ചിലപ്പോഴുണ്ടാകുന്ന ‘ഗള്‍ഫ‘ത്രെ അത്.

അറേബ്യന്‍ ഗള്‍ഫു നിവാസികളെ, ഒരു പക്ഷെ, നിങ്ങളൊരിക്കലും ചിന്തിച്ചിട്ടില്ലാത്തതും എന്നാല്‍, നാമെല്ലാം ജീവിച്ചു കൊണ്ടിരിക്കുന്നതുമായ, ഒരു ‘ഗള്‍ഫി‘നെ കുറിച്ചാണ്‍ ഞാന്‍ നിങ്ങളോട് സംസാരിക്കുന്നത്. അതെ, ഇസ്ലാമിന്നും മുസ്ലിംകള്‍ക്കുമിടയില്‍ ഒരു വിടവുണ്ട്. ഇരു രാജ്യങ്ങളെയും വങ്കരകളെയും വേര്‍തിരിക്കുന്ന വിടവി – ഗള്‍ഫ് – നെക്കാള്‍ അപകടകാരിയായ ഒരു വിടവ്. യ്ഥാര്‍ത്ഥത്തില്‍, ഇസ്ലാമിന്നും മുസ്ലികള്‍ക്കുമിടയില്‍ ഒരു വിടവുണ്ടാകാന്‍ പാടില്ലായിരുന്നു. പ്രത്യുത, ‘രണ്ടു കാലില്‍ നടക്കുന്ന ഇസ്ലാമാ‘കേണ്ടതായിരുന്നു മുസ്ലിം. എന്താണ് ഇസ്ലാം എന്ന് ചോദിച്ചാല്‍, അയാളെ ചൂണ്ടികാണിക്കാന്‍ പറ്റേടേണ്ടതായിരുന്നു. അതെ, ഇസ്ലാമിന്റെ വ്യക്തമായ വ്യാഖ്യാനവും സൂക്ഷ്മമായ വിശദീകരണവുമാകേണ്ടതായിരുന്നു അയാള്‍. പ്രഥമ നൂറ്റാണ്ടിലെ മുസ്ലിംകള്‍ അങ്ങനെയായിരുന്നു. അപവാദ സംഭവത്തെ കുറിച്ച് അല്ലാഹു പറഞ്ഞതിങ്ങനെയാണ്:

‘ആ വാര്‍ത്ത കേട്ടപ്പോള്‍ തന്നെ സത്യവിശ്വാസികളായ സ്ത്രീ പുരുഷന്മാര്‍ക്ക് സ്വ്ന്തം ആളുകളെപ്പറ്റി നല്ലത് വിചാരിക്കാമായിരുന്നില്ലേ? ‘ഇത് തികഞ്ഞ അപവാദമാണെന്ന് ‘ അവര്‍ പറയാതിരുന്നതെന്തു കൊണ്ട്? [അന്നൂര്‍: 12]

ഇതാണ് ഒരു വിശ്വാസിക്ക് മറ്റെ വിശ്വാസിയെ കുറിച്ച വിശ്വാസം. മനുഷ്യ സമൂഹത്തിലോ, സാംസ്കാരികചരിത്രത്തിലോ, മന:ശാസ്ത്രത്തിലൊ തുല്യതയില്ലാത്ത വിശ്വാസം.

ഈ സംഭവത്തില്‍, മുസ്ലിംകളെ സംബോധന ചെയ്തു കൊണ്ട് അല്ലാഹു പറയുകയാണ്: നിങ്ങളിലൊരാള്‍ അപവാദം നേരിടേണ്ടി വന്നപ്പോള്‍, നിങ്ങള്‍ സ്വജീവിതത്തെയും സംസ്കാരത്തെയും പരിശോധിക്കാതിരുന്നതെന്തുകൊണ്ട്? എന്നിട്ട് അഭിമാനത്തോടും വിശ്വാസത്തോടും ധൈര്യത്തോടും കൂടി എന്തുകൊണ്ട് നിങ്ങള്‍ പറഞ്ഞില്ല, ‘ഒരു മുസ്ലിം ഇത്തരമൊരു പതനത്തിലാപതിക്കുകയില്ല, കാരണം ഇത്തരം കാര്യങ്ങളൊന്നും ഒരു മുസ്ലിമിന്നു ചെയ്യാന്‍ കഴിയുകയില്ല’ എന്ന്?

ഇസ്ലാമിക സമൂഹത്തിലെ ഏതെങ്കിലുമൊരു വ്യക്തിയെ കുറിച്ച് ഇത്തരമൊരപവാദമുണ്ടായാല്‍, അവന്‍ പറയേണ്ടതാണ്: ഇല്ല, ഇല്ല! ഇത് അസാധ്യമാണ്. എന്തുകൊണ്ടെന്നാല്‍, എനിക്കിത് ചെയ്യാനാവുകയില്ല, അതിനാല്‍, എന്റെ മുസ്ലിം സഹോദരനും ഇതിനാവുകയില്ലെന്ന് എനിക്കുറപ്പാണ്. ഒരു മുസ്ലിം മറ്റൊരു മുസ്ലിമിന്റെ കണ്ണാടിയാണെന്നു പറയുന്നതിന്റെ അര്‍ത്ഥം ഇതത്രെ. ഇതിന്ന് സമാനമായൊരു സമൂഹത്തെ ചരിത്രം ഒരിക്കലും കണ്ടിട്ടില്ല.

പക്ഷെ, സഹോദരങ്ങളെ, സംഭവിച്ചത് അതല്ല, പ്രത്യുത, ഇസ്ലാമിന്നും മുസ്ലിംകള്‍ക്കുമിടയില്‍ ഒരു വിടവാണ് സംഭവിച്ചിരിക്കുന്നത്. ചിലപ്പോള്‍ ഇസ്ലാം ഒരു ചെരുവില്‍! മുസ്ലിംകള്‍ മറ്റൊരു ചെരുവിലും. തമ്മില്‍ ബന്ധിപ്പിക്കുന്ന ഒരു പാലം ചിലപ്പോള്‍ ഉണ്ടായിരിക്കുകയില്ല. ഇക്കാരണത്താല്‍, മുസ്ലിമിന്റെ പ്രായോഗിക ജീവിതത്തിന്നും ഇസ്ലാമിന്റെ തനതായ അദ്ധ്യാപനങ്ങള്‍ക്കുമിടയില്‍ വിടവുണ്ടായിതീരുന്നു. തദ്വാരാ, നാം ഇസ്ലാമിന്നും ഖുര്‍ ആനിന്നും എതിരായ തെളിവുകളായി തീരുന്നു. നമ്മുടെ നടപടികളും സംസ്കാരവുമെല്ലാം പ്രവാചക ദൌത്യവുമായി വിയോജിക്കുന്നവയായിരിക്കും. അതിന്റെ, മഹത്തായ സന്ദേശങ്ങള്‍ക്കോ, കുലീന ലക്ഷ്യങ്ങള്‍ക്കോ, ഉന്നതാദ്ധ്യാപനങ്ങള്‍ക്കൊ നിരക്കാത്തതായിരിക്കും അതിനാല്‍, മഹാന്മാരായ പൂര്‍വികര്‍ക്കു നാം അന്തസ്സും അഭിമാനവുമാകേണ്ടതിന്നു പകരം, നാമൊരു മാനക്കേടായി മാറുന്നു. മാത്രമല്ല, മഹാനായ പ്രവാചകന്നും നമുക്കുമിടയിലെ അകലം വര്‍ദ്ധിക്കുകയും ചെയ്യുന്നു. പല കാലത്തും പല നാടുകളിലും, ഈ സമുദായത്തിലെ അംഗങ്ങള്‍, ശിര്‍ക്കിന്റെയും, അപഥ വിശ്വാസങ്ങളുടെയും അനിസ്ലാമികാചാരങ്ങളുടെയും ഇരകളായി മാറിയിരിക്കുന്നുവെന്നത് വേദനാജനകം തന്നെയാണ്. അയല്‍ സമൂഹങ്ങളില്‍ നിന്നും ഇവ സ്വീകരിച്ച ഇക്കൂട്ടര്‍, അവരെ അന്ധമായനുകരിക്കുന്നു. അങ്ങനെ, തിരുമേനി(സ) പറഞ്ഞത് പോലെ, പൂര്‍വസമൂഹങ്ങളെ ചാണിനു ചാണായും മുഴത്തിന്നു മുഴമായും പിന്തുടരുന്നു. ആദികാല മുസ്ലിംകള്‍ ചിന്തിക്കുക പോലും ചെയ്തിട്ടില്ലാത്ത രീതിയില്‍, സ്വേച്ഛയെയും പിശാചിനെയും സമ്പത്തിനെയും ഭരണാധികാരിയെയും പദവിയെയുമെല്ലാം ഇവര്‍ ഉപാസിക്കുന്നു. ഖേദകരം തന്നെ. ഇവര്‍, പ്രവാചകന്റെ അനുയായികളായി അറിയപ്പെടുന്നത് ഒരു മുസ്ലിമിനെ സംബന്ധിച്ചിടത്തോളം ലജ്ജാകരം തന്നെ. അവിടുത്തെ, മഹിമക്ക് അത് കളങ്കമുണ്ടാക്കുമെന്നത് ശ്രദ്ധേയമാണ്.

ഈ വസ്തുതയും, മുസ്ലിം ലോകത്തിന്റെ മിക്കവാറും ഭാഗങ്ങളിലെ മുസ്ലിംകളുടെ ജീവിതത്തെയും ഇസ്ലാമിക കവി മുഹമ്മദ് ഇഖ് ബാല്‍ വളരെ നന്നായി അവതരിപ്പിച്ചിട്ടുണ്ട്. തന്റെ കാവ്യാത്മകമായ സാങ്കലപിക യാത്രയില്‍, മദീനയിലെത്തി, പ്രവാചകന്റെ മുമ്പില്‍ നിന്നുകൊണ്ട്, നടത്തിയ വേവലാതികളെയും മുസ്ലിംകളുടെ അവസ്ഥയുടെ ചിത്രീകരണത്തെയും ‘അര്‍മഗാനെ ഹിജാസ്’ (ഹിജാസില്‍ നിന്നും ഒരു സമ്മാനം) എന്ന കവിതയില്‍ അദ്ദേഹം ഉദ്ധരിക്കുന്നു: അലൂജുകള്‍ കണക്കെ, സൃഷ്ടികളുടെയും ദൈവേതരരുടെയും മുമ്പില്‍ ഞങ്ങള്‍ ഞങ്ങളുടെ നെറ്റിത്തടങ്ങള്‍ ഉയര്‍ത്തിയിരിക്കുന്നു. ദൈവേതരന്മാരെ ഞങ്ങള്‍ അങ്ങേയറ്റം ബഹുമാനിക്കുകയും വണങ്ങുകയും ചെയ്തു പോയി. ഞാനാരോടും പരാതിപ്പെടുന്നില്ല, എന്നോടും എന്റെ സഹോദരങ്ങളോടും മാത്രമാണെനിക്കു പരാതിപറയാനുള്ളത്. ചുരുക്കത്തില്‍, അങ്ങയോടടുക്കാന്‍ ഞങ്ങള്‍ അര്‍ഹരല്ല.’

ഇസ്ലാമിന്നും മുസ്ലിംകള്‍ക്കുമിടയിലുണ്ടാകുന്ന ഈ വിടവ് ഇസ്ലാമിക ഭരണ കൂടങ്ങളിലോ, മതനിയമങ്ങളിലോ, പ്രവാചകാദ്ധ്യാപനങ്ങളിലോ പരിമിതമാണെന്നു കരുതുന്നത് ശരിയല്ല. ഇസ്ലാമിക വിരുദ്ധമായി ഭരണ നിര്‍വഹണം നടത്തുകയോ, ദൈവേതര നിയമങ്ങള്‍ നടത്തുകയോ ചെയ്തുകൊണ്ട്, സൂക്ഷ്മാര്‍ത്ഥത്തില്‍ ഇസ്ലാമിനോട് വിയോജിക്കുന്നത് ഭരണകൂടങ്ങള്‍ മാത്രമല്ല. അതിന്റെ എല്ലാ ഉത്തരവാദിത്തങ്ങളും ഭരണകൂടങ്ങളിന്മേല് ചാരി, ഇന്ന് നമ്മിലെ വലിയൊരു വിഭാഗം ആളുകള്‍ കൈകഴുകുകയാണ്. യഥാര്‍ത്ഥത്തില്‍, വ്യക്തി ബന്ധങ്ങള്‍, ഇടപാടുകള്‍, കരാറുകള്‍, മാര്‍ക്കറ്റുകള്‍, ആപ്പീസുകള്‍ എന്നിവയിലെല്ലാം തന്നെ, ഇസ്ലാമിന്നും മുസ്ലിംകള്‍ക്കുമിടയിലെ ഈ ഗള്‍ഫ് – വിടവ്- കടന്നുകൂടിയിട്ടുണ്ട്. നമുക്കു പൂര്‍ണ സ്വാതന്ത്ര്യവും ക്രയവിക്രയാവകാശവുമുള്ള കാര്യങ്ങളിലൊന്നും തന്നെ, പ്രവാചക മാതൃകകളും കല്പനകളും പലിക്കാന്‍ നാമിന്നു തയ്യാറല്ല. ഇത് പാലിക്കുന്നതിനാകട്ടെ, ഒരു ശക്തിയും നമ്മെ തടയുന്നുമില്ല. മതനിയമങ്ങള്‍ കൈകൊള്ളുന്നതിന്നുള്ള ചോദകം – ഈമാന്‍ - നമ്മില്‍ ദുര്‍ബലമാവുകയും വൈയക്തിക ഗുണങ്ങളിലും ഭൌതിക നേട്ടങ്ങളിലുമുള്ള വിശ്വാസം ശക്തിപ്പെടുകയും ചെയ്തിരിക്കുന്നുവെന്നതാണിതിന്ന് കാരണം. അത് കൊണ്ടാണ്, നമ്മുടെ ഗൃഹാന്തര്‍ ഭാഗത്തും വൈയക്തിക-സാമൂഹിക ജീവിതങ്ങളിലും, അല്ലാഹുവിന്റെ നിയമം നാം കൈയൊഴിഞ്ഞത്. ഇതിനൊന്നും തന്നെ, ആരും നമ്മെ നിര്‍ബന്ധിക്കുന്നില്ല താനും.

ഇത് വഴി രണ്ടു തരത്തിലുള്ള കുറ്റമാണ് നാം ചെയ്തിരിക്കുന്നത്. ഒന്നു സ്വന്തത്തോട് തന്നെ. രണ്ടാമത് മാനുഷ്യകത്തോടും. ഒരു മുസ്ലിമിന്ന് അല്ലാഹു വാഗ്ദാനം നല്‍കിയ സമ്മാനം നഷ്ടപ്പെടുത്തിയെന്നതാണ്, സ്വന്തത്തോട് ചെയ്ത അപരാധം. രൂപങ്ങള്‍, അവകാശവാദങ്ങള്‍, പ്രസ്താവനകള്‍, പേരുകള്‍ എന്നിവയോട് ബന്ധപ്പെടുത്തിയല്ല ഈ വാഗ്ദാനങ്ങള്‍ അല്ലാഹു നല്‍കിയിരിക്കുന്നത്, പ്രത്യുത, യാഥാര്‍ത്ഥ്യത്തോടാണ്. അല്ലാഹു പറയുന്നു: ‘നിങ്ങള്‍ ദുര്‍ബലരോ ദു:ഖിതരോ ആകരുത്, നിങ്ങള്‍ തന്നെയാണ്‍ അത്യുന്നതര്‍; നിങ്ങള്‍ സത്യവിശ്വാസികളാണെങ്കില്‍.’ [ ആലു ഇമ്രാന്‍: 139]

ഇത് അല്ലാഹുവില്‍ നിന്നുള്ള ഒരു ജാമ്യമാണ്. പക്ഷെ, അവന്‍ പറയുന്നു:

‘നിങ്ങളില്‍ നിന്നു സത്യ വിശ്വാസം സ്വീകരിക്കുകയും സല്‍കര്‍മങ്ങള്‍ പ്രവര്‍ത്തിക്കുകയും ചെയ്തവരോട് അല്ലാഹു വാഗ്ദാനം ചെയ്തിരിക്കുന്നു:‘ അവന്‍ അവരെ, ഭൂമിയിലെ പ്രതിനിധികളാക്കും. അവരുടെ മുമ്പുള്ളവര്രെ പ്രതിനിധികളാക്കിയത് പോലെത്തന്നെ. അവര്‍ക്കായി അല്ലാഹു തൃപ്തിപ്പെട്ടേകിയ അവരുടെ ജീവിത വ്യവസ്ഥ സ്ഥാപിച്ചു കൊടുക്കും. നിലവിലുള്ള അവരുടെ ഭയാവസ്ഥക്കു പകരം നിര്‍ഭയാവസ്ഥ ഉണ്ടാക്കി കൊടുക്കും’.[ അന്നൂര്‍: 55]

പക്ഷെ, അതെപ്പോഴാണ്?

‘അവര്‍ എനിക്കു മാത്രമാണ് വഴിപ്പെടുക, എന്നിലൊന്നിനെയും പങ്കു ചേര്‍ക്കുകയില്ല.’ [അന്നൂര്‍:55]

അതെ, ദൈവിക വാഗ്ദാനങ്ങളൊന്നും ഉപരപ്ലവ രൂപങ്ങളോട് ബന്ധപ്പെട്ടതല്ല, പ്രത്യുത, യഥാര്‍ത്ഥ്യങ്ങളോടാണ്. ബനൂ ഇസ്രായേല്യരെ കുറിച്ച് അല്ലാഹു പറയുന്നു:

‘തൌറാത്തും ഇഞ്ചീലും , തങ്ങളുടെ നാഥനില്‍ നിന്നു ഇറക്കികിട്ടിയ മറ്റു സന്ദേശങ്ങളും യഥാവിധി പ്രയോഗത്തില്‍ വരുത്തിയിരുന്നുവെങ്കില്‍ അവര്‍ക്കു മുകള്‍ ഭാഗത്തുനിന്നും കാല്‍ ചുവട്ടില്‍ നിന്നും ആഹാരം കിട്ടുമായിരുന്നു. [അല്‍ മാഇദ: 66]

അവന്‍ പറഞ്ഞു:

‘അവര്‍ നേര്‍വഴിയില്‍ തന്നെ ഉറച്ചു നില്‍ക്കുകയാണെങ്കില്‍ നാം അവര്‍ക്ക് കുടിക്കാന്‍ ധാരാളമായി വെള്ളം നല്‍കും. [അല്‍ ജിന്ന്. 16]

ഇവിടെയെല്ലാം യാഥാര്‍ത്ഥ്യങ്ങളോടാണല്ലൊ വാഗ്ദാനങ്ങളെ ബന്ധപ്പെടുത്തിയിരിക്കുന്നത്. കാരണം, പ്രാപഞ്ചിക വ്യവസ്ഥ നിലകൊള്ളുന്നത് യാഥാര്‍ത്ഥ്യങ്ങളെ അടിസ്ഥാനപ്പെടുത്തിയാണല്ലൊ.

മരുന്നുകളോ, സുഗന്ധ വസ്തുക്കളോ ഇല്ലാത്ത ഒരു കെട്ടിടത്തില്‍, ‘മെഡിക്കല്‍ ഷോപ്പ്’ എന്നോ, ‘പെര്‍ഫ്യൂം ഷോപ്പ്’ എന്നോ വലിയൊരു ബോര്‍ഡ് എഴുതിവച്ചത് കൊണ്ടു യാതൊരു പ്രയോജനവുമില്ലെന്നു നിങ്ങള്‍ക്കറിയാമല്ലൊ. ആളൊഴിഞ്ഞ ഒരു കെട്ടിടത്തിന്മേല്‍ ‘ഇസെഡ് ഇന്‍സ്റ്റിറ്റ്യൂട്ട്’ എന്നോ, ‘ഇസെഡ് കോളജ്’‘ എന്നോ, ഇസെഡ് യൂനിവേഴ്സിറ്റി’ എന്നൊ വലിയ ബോര്‍ഡ് സ്ഥാപിച്ചത് കൊണ്ടു വല്ല പ്രയോജനവുമുണ്ടെന്നു പറഞ്ഞാല്‍ നിങ്ങള്‍ അംഗീകരിക്കുമോ? മെലിഞ്ഞു ശോസിച്ച, കാറ്റിലാടിപോകുന്ന ദുര്‍ബലനായൊരാള്‍, താന്‍ വീരനാണെന്നും യോദ്ധാവാണെന്നും ഗുസ്തിക്കാരനാണെന്നും സൈനിക മേധാവിയാണെന്നും അവകാശപ്പെട്ടാല്‍, നിങ്ങളത് അംഗീകരിക്കുമോ? അയാളെ ഒരാള്‍ ഗുസ്തിക്കോ, യുദ്ധത്തിനോ ക്ഷണിച്ചാല്‍ എന്തായിരിക്കും സ്ഥിതി? അയാളുടെ അവകാശ വാദത്തിനോ, പ്രഖ്യാപനത്തിനോ വല്ല ഫലവുമുണ്ടാകുമോ? ഇല്ല. കാരണം, ദൈവിക നിയമങ്ങളെയും മതങ്ങളെയുമെല്ലാമെന്നത് പോലെ, പ്രാപഞ്ചിക വ്യവസ്ഥിതികളും യാഥാര്‍ത്ഥ്യത്തോടാണ് ബന്ധപ്പെട്ടിരിക്കുന്നത്. നിങ്ങളുടെ മുമ്പില്‍, ആളിക്കത്തിക്കൊണ്ടിരിക്കുന്നൊരു അഗ്നികുണ്ഡത്തിന്റെ ചിത്രമുണ്ട്. വിദഗ്ദനായൊരു കലാകാരന്റെ സൃഷ്ടി. അകലെ നിന്നു നോക്കിയാല്‍ യഥാര്‍ത്ഥ തീയാണെന്നേ തോന്നുകയുള്ളു. ഷേബാ രാജ്ഞിയെ പരീക്ഷിക്കാനായി നിര്‍മ്മിതമായ സുലൈമാന്‍ നബിയുടെ സ്ഫടികക്കൊട്ടാരം പോലെ. ‘അവളോട് പറഞ്ഞു: കൊട്ടാരത്തില്‍ പ്രവേശിക്കുക’. എന്നാല്‍, അവളത് കണ്ടപ്പോള്‍ തെളിനീര്‍ തടാകമാണെന്നു തോന്നി. തന്റെ കണംകാലില്‍ നിന്ന് പുടവ പൊക്കുകയും ചെയ്തു. സുലൈമാന്‍ പറഞ്ഞു: ഇത് സ്ഫടിക കഷ്ണങ്ങള്‍ പതിച്ചുണ്ടാക്കിയ കൊട്ടാരമാണ്.’ [അന്നമ്ല്. 44] അത് പോലെ, ആകാശത്തേക്ക് അഗ്നി നാളങ്ങളുയര്‍ത്തുന്നതായി തോന്നുന്ന ഈ ചിത്രം ഒരു കലാകാര സൃഷ്ടിയാണ്. പക്ഷെ, മരം കോച്ചുന്ന തണുപ്പില്‍, ഇതിന്നു മുമ്പില്‍ തീകായാനിരിക്കുന്ന ആളെ കുറിച്ചു നിങ്ങളെന്താണ് വിചാരിക്കുക? ബുദ്ധിമാനിയെന്നോ, അതോ ഭ്രാന്തനെന്നോ?

അപ്പോള്‍, കൃത്രിമമായ പ്രകാശത്തില്‍ നിന്നു , ദൈവത്തില്‍നിന്നുള്ള യഥാര്‍ത്ഥ പ്രകാശം, തേടിപോകുന്നതെന്തിനാണ്? അതെ, എണ്ണ തീര്‍ന്നു പോയ, തീ അണഞ്ഞ, തിരി കത്തിക്കരിഞ്ഞു പോയ, കൃത്രിമ തീജ്വാലയില്‍ നിന്നാണ്, നിലക്കാത്തതും കെട്ടുപോകാത്തതുമായ വെളിച്ചത്തില്‍ നിന്നാര്‍ജ്ജിച്ച വെളിച്ചവും ശക്തിയും നിങ്ങള്‍ തേടുന്നത്. അല്ലാഹു പറയുന്നു:

‘അല്ലാഹു ആകാശ ഭൂമികളുടെ വെളിച്ചമാണ്. അവന്റെ വെളിച്ചത്തിന്റെ ഉപമയിതാ: ഒരു വിളക്കു മാടം; അതിലൊരു വിളക്ക്; വിളക്ക് ഒരു സ്ഫടിക കൂട്ടിലാണ്. സ്ഫടികക്കൂട് വെട്ടിത്തിളങ്ങുന്ന ആകാശ നക്ഷത്രം പോലെയും. അനുഗ്രഹീതമായ ഒരു വൃക്ഷത്തില്‍ നിന്നുള്ള എണ്ണകൊണ്ടാണത് കത്തുന്നത്. അഥവാ, കിഴക്കനോ പടിഞ്ഞാറനോ അല്ലാത്ത ഒലീവ് വൃക്ഷത്തില്‍ നിന്ന്. അതിന്റെ എണ്ണ തീ കൊളുത്തിയില്ലെങ്കില്‍ പോലും സ്വയം പ്രകാശിക്കുമാറാകും. വെളിച്ചത്തിന്നു മേല്‍ വെളിച്ചം. അല്ലാഹു തന്റെ വെളിച്ചത്തിലേക്ക് താനിച്ഛിക്കുന്നവരെ നയിക്കുന്നു. അവന്‍ സര്‍വ ജനത്തിന്നുമായി ഉദാഹരണങ്ങള്‍ വിശദീകരിക്കുന്നു. അല്ലാഹു സകല സംഗതികളും അറിയുന്നവനാകുന്നു.’ [അന്നൂര്‍: 35]

പിന്നെ, ഇവിടെ മറ്റൊരു വിപത്തു കൂടി കുടികൊള്ളുന്നുണ്ട്. ഇസ്ലാമിന്റെ നികുതി –കടമെന്നും നിങ്ങള്‍ക്കു പറയാം – നാം അടച്ചു കൊണ്ടിരിക്കുകയാണ്. കാരണം, ‘ഇസ്ലാം’ എന്ന മഹത്തായൊരു നാമമാണ് നാം ചുമന്നു കൊണ്ടിരിക്കുന്നത്. അതിനാല്‍ തന്നെ, ജനതതികളില്‍ നിന്നുള്ള വലിയ യുദ്ധങ്ങള്‍ക്കും, അനന്തമായ ശത്രുതക്കും, അവസാനമില്ലാത്ത ഗൂഡാലോചനകള്‍ക്കും, കൊടിയ വിദ്വോഷത്തിന്നും നാം ഇരയായിക്കൊണ്ടിരിക്കുന്നു. പക്ഷെ, യാഥാര്‍ത്ഥ്യം നമ്മുടെ വശമില്ലാത്തതിനാല്‍, ഇതുവഴി ലഭ്യമാകേണ്ട സമ്മാനങ്ങള്‍ക്കു നാം അര്‍ഹരുമല്ല. അതെ, പേരിന്റെ വില നാം നല്‍കുന്നു. സമ്മാനം ലഭിക്കുന്നുമില്ല. എത്ര ദൌര്‍ഭാഗ്യമാണിത്! സ്കൂളില്‍ വന്നതിനാല്‍ കുട്ടിക്ക് തല്ലുകൊള്ളുന്നു. പാഠം പഠിക്കാത്തതിനാലും സജ്ജമാകാത്തതിനാലും സമ്മാനം വിനഷ്ടമാവുകയും ചെയ്യുന്നു. പിന്നെ, അവന്നു ലഭിക്കുന്നതെന്താണ്? അടി തന്നെ! അവന്റെ ശരീരത്തില്‍ പതിച്ചു കൊണ്ടിരിക്കുന്ന വടി തന്നെ! കാരണം, വിദ്യാര്‍ത്ഥികളുടെ പട്ടികയില്‍ അവന്‍ ഉള്‍പ്പെട്ടു. പക്ഷെ, സ്വയം സജ്ജനായ, കഠിനാദ്ധ്വാനം നടത്തുന്ന, ഒരു വിദ്യാര്‍ത്ഥിയായില്ല. അപ്പോള്‍, നഷ്ടമുണ്ടായി, നേട്ടമൊട്ടില്ല താനും!

ഇവിടെയും അത് തന്നെ സ്ഥിതി. ദീര്‍ഘമായ ശത്രുതക്കും, അനന്തമായ വിദ്വോഷത്തിന്നും, ആളിക്കത്തുന്ന യുദ്ധങ്ങള്‍ക്കും, പുതിയ പുതിയ ഗൂഡാലോചനകള്‍ക്കും നാം ശരവ്യമാകുന്നുവെന്നതാണിവിടെ നമുക്കേല്ല്ക്കുന്ന നഷ്ടം. ഇസ്ലാമിന്റെ ബോര്‍ഡ് ചുമക്കുന്നുവെന്നതാണ് കാരണം. അതെ, ഷോപ്പുകളുടെ ടാക്സുകള്‍ നമ്മുടെ മേല്‍ ചുമത്തപ്പെട്ടിരിക്കുന്നു. പക്ഷെ, വില്‍ക്കാനോ, ലാഭിക്കാനോ, ഉപജീവനം തേടാനോ ഉപയുക്തമായതൊന്നും ഈ ഷോപ്പിലില്ല. ടാക്സ് ചുമത്തുന്ന ബോര്‍ഡു തൂക്കിയ ഷോപ്പുമായി കഴിയുകയും ലാഭമെടുക്കാനുപയുക്തമായ യാതൊന്നും സൂക്ഷിച്ചു വെക്കാതിരിക്കുകയും ചെയ്യുന്ന കച്ചവടക്കാരന്‍! എത്ര ദൌര്‍ഭാഗ്യവാനാണയാള്‍!

കര്‍ഷക കുടുംബത്തില്‍ പിറന്ന ഒരു കര്‍ഷകന്‍! കാര്‍ഷിക വൃത്തിയില്‍ പാരമ്പര്യമുള്ളയാള്‍! അയാളുടെ പിതാവും പിതാമഹനുമെല്ലാം കര്‍ഷകര്‍! പക്ഷെ, ഇയാള്‍ ഒന്നും കൃഷി ചെയ്യുന്നില്ല. അദ്ധ്വാനിക്കുന്നില്ല. ഒന്നും ചെയ്യാതെ, മടിപിടിച്ചു വീട്ടിന്റെ ഒരു മൂലയില്‍ കഴിയുകയാണ്. വിളവെടുപ്പിന്റെ കാലത്ത്, എല്ലാവരും വിളവെടുപ്പ് നടത്തുമ്പോള്‍ ഇയാള്‍ക്കൊന്നും ലഭിക്കാനില്ലല്ലൊ. പക്ഷെ, മറ്റുള്ളവരെ പോലെ ഇയാളുടെ മേലും കാര്‍ഷിക നികുതി ചുമത്തപ്പെടുന്നു. കാരണം, ഇയാള്‍ കര്‍ഷകനാണല്ലൊ.

ഇത് തന്നെ, നാം മുസ്ലിംകളുടെ സ്ഥിതിയും. നാം മുസ്ലിംകളുടെ മക്കള്‍! ഇസ്ലാമില്‍ അടിവേരുള്ളവര്‍! പൂര്‍വികര്രെല്ലാം മുസ്ലിംകള്‍! അതിനാല്‍, ടാക്സ് നല്കാന്‍ നാം വിധിക്കപ്പെട്ടിരിക്കുന്നു. ‘ഇസ്ലാം’ എന്ന പേര്‍ വെച്ചതിന്നുള്ള ടാക്സ്! ഇസ്ലാമിന്റെ യാഥാര്‍ത്ഥ്യം ഉള്‍ക്കൊള്ളാന്‍ ബാധ്യസ്തരായിരുന്നു നാം. അത് വഴി നാം സമ്മാനാര്‍ഹരായി തീരുമായിരുന്നു. പക്ഷെ, സമ്മാനം നല്‍കപ്പെടുന്ന സമയമാസന്നമാകുമ്പോള്‍ നമുക്കത് ലഭിക്കാതെ പോകുന്നു. നാം അംഗീകരിക്കപ്പെടാത്ത പൊലെ. നമുക്ക് അസ്തിത്വം തന്നെയില്ലാത്തത് പോലെ. ടാക്സിന്റെ സമയമാകുമ്പോള്‍ നാം അന്വേഷിക്കപ്പെടുന്നു; നാം കണ്ടെത്തപ്പെടുന്നു. നാം എത്ര ദൌര്‍ഭാഗ്യവന്മാര്‍! ശത്രുക്കളേക്കാള്‍ നമുക്ക് ദോഷം ചെയ്യുന്നത് നാം തന്നെ!

ഇനി, മറ്റുള്ളവരോട് നാം ചെയ്യുന്ന അപരാധത്തിന്റെ കാര്യം. പ്രശോഭിതവും ഹൃദയാകര്‍ഷകവുമായ ഇസ്ലമിന്റെ മുമ്പില്‍ നാം ഒരു വിലങ്ങുതടിയായി നിലകൊള്ളുന്നുവെന്നതത്രെ അത്. പരിഭ്രാന്തരും അലഞ്ഞു തിരിയുന്നവരുമായ, യൂറോപ്യരും അല്ലാത്തവരുമായ അമുസ്ലിംകള്‍ക്കും സുന്ദരവും പ്രശോഭിതവുമായ ഇസ്ലാമിന്നുമിടയില്‍ നാം വിലങ്ങുതടിയായി നിലകൊള്ളുകയാണ്. നാം നിലവിലില്ലാതിരിക്കുകയും, ഇസ്ലാം ഒരു ഗ്രന്ഥത്തില്‍ ക്രോഡീകൃതമാവുകയും ചെയ്തിരുന്നുവെങ്കില്‍, അവര്‍ക്ക് ഇസ്ലാമിലെത്തിച്ചേരുക സുകരമായിരുന്നു. അതിന്റെ മാര്‍ഗ ദര്‍ശനം കൈകൊള്ളുക എളുപ്പമായിരുന്നു. യൂറോപ്യന്‍ യാത്ര കഴിഞ്ഞു മടങ്ങവെ, ജമാലുദ്ദീന്‍ അഫ്ഘാനിയോട് ചോദിക്കപ്പെടുകയുണ്ടായി:

‘യൂറോപ്യരുടെ ഇസ്ലാമില്‍ താങ്കള്‍ക്ക് പ്രതീക്ഷയുണ്ടൊ?’

‘ഉണ്ട്’. അദ്ദേഹം പറഞ്ഞു. ‘പക്ഷെ, നാം യഥാര്‍ത്ഥ മുസ്ലിംകളല്ലെന്ന് തെളിയിക്കണമെന്നൊരു വ്യവസ്ഥയുണ്ട്. ഇസ്ലാമിന്റെ അളവു കോലായി തങ്ങള്‍ കാണുന്നയാളുകള്‍ യഥാര്‍ത്ഥത്തില്‍ അതിന്റെ ആളുകളല്ലെന്നറിയുമ്പൊള്‍, അങ്ങേയറ്റത്തെ ആഗ്രഹത്തോടും മതിപ്പോടും സ്നേഹത്തോടും കൂടി അവര്‍ ഇസ്ലാമിനെ പഠിക്കാനെത്തും.’

സഹോദരങ്ങളെ,

ഞാനീവിവരിച്ച കാര്യം – നമുക്കും ഇസ്ലാമിന്നുമിടയില്‍ ഒരു ‘ഗള്‍ഫു’ണ്ടെന്ന കാര്യം - ശരിക്കു മനസ്സിലാക്കാന്‍ കഴിയുന്നവരാണ് ഗള്‍ഫുകാരായ നിങ്ങള്‍. ഗള്‍ഫ് ഒരിക്കലും കണ്ടിട്ടില്ലാത്ത കരവാസികളെ സംബന്ധിച്ചിടത്തോളം, ഈ ‘ഗള്‍ഫി‘നെ ശരിയായി മനസ്സിലാക്കാന്‍ കഴിയുകയില്ല.

ഇസ്ലാമികാദ്ധ്യാപനങ്ങളും, തിരുചര്യയും, സ്വഹാബികളുടെ ജീവിതവുമായി നമ്മെ തുലനം ചെയ്തു നോക്കിയാല്‍, നമുക്കും ഇസ്ലാമിന്നുമിടയില്‍ ഒരു വിടവും അകല്‍ച്ചയുമുണ്ടെന്ന് നമുക്കു മനസ്സിലാകും. അതിനാല്‍, എല്ലാകാലത്തെയും പ്രബോധകരും പരിഷ്കര്‍ത്താക്കളും കഠിനാദ്ധ്വാനം നടത്തിയിട്ടും സംഭവിച്ചു കഴിഞ്ഞ, ആശയപരവും കര്‍മപരവുമായ ഈ വിടവ് നികത്തുകയാണ്, സര്‍വോപരി, നാം ചെയ്യേണ്ടത്.

നാമെല്ലാം മുസ്ലിംകളാണ്. അല്‍ഹംദു ലില്ലാഹ്. നമുക്കതില്‍ അഭിമാനമുണ്ട്. നമ്മുടെ ഇസ്ലാമിക വിശ്വാസവും, ഇസ്ലാമിക ഭവനങ്ങളിലെ നമ്മുടെ വളര്‍ച്ചയും, ഇസ്ലാമിക പാരമ്പര്യമുള്ളൊരു നാട്ടിലെ നമ്മുടെ ജീവിതവും, സാക്ഷാല്‍ ഇസ്ലാമിലേക്കു മടങ്ങി, അതിന്റെ മഹത്വങ്ങള്‍ കൈകൊണ്ട് അതിന്റെ മാതൃകയായിത്തീരുകയെന്ന മഹത്തായ കര്‍ത്തവ്യം നമുക്കെളുപ്പമാക്കിതരുന്നു. ഇസ്ലാമിന്റെ തൊട്ടിലും അഭയകേന്ദ്രവുമായ അറേബ്യന്‍ ഉപദ്വീപില്‍, തനതായ ഇസ്ലാമിക ചുറ്റുപാടില്‍ സൃഷ്ടിക്കുക വഴി അല്ലാഹു നമ്മോട് വലിയ കരുണയാണ് കാണിച്ചിരിക്കുന്നത്. ഈ ദ്വീപിനെ നമുക്കും നമ്മെ ഈ ദ്വീപിന്നും തെരഞ്ഞെടുത്ത്, നമ്മുടെ ഭാവിയെ അതിന്റെ ഭാവിയോടും, അതിന്റെ ഭാവിയെ നമ്മുടേതിനോടും ബന്ധപ്പെടുത്തിയത് അല്ലാഹുവിന്റെ വിധിയായിരുന്നു. അവന്റെ കാരുണ്യവും യുക്തിയുമായിരുന്നു. കാരണം, ഈ ഗള്‍ഫ് നികത്തി, വിടവ് തീര്‍ക്കുക വഴി സാക്ഷാല്‍ മുസ്ലിംകളായി തീരുക നമ്മെ സംബന്ധിച്ചിടത്തോളം വളരെ എളുപ്പമത്രെ.

സഹോദരങ്ങളെ,

അവസാനമായി, നിങ്ങളോടെനിക്കു പറയാനുള്ളതിതാണ്: പ്രവിശാലമായ മറ്റു രാജ്യങ്ങളെയപേക്ഷിച്ച്, വളരെ ചെറിയൊരു മേഖലയാണ് ഇത്. ഇവിടെ സാക്ഷാല്‍ രൂപത്തില്‍ ഇസ്ലാം കൈവരുത്താന്‍ കഴിഞ്ഞാല്‍, വന് വിശാലതയോടും ജനസംഖ്യയോടും കൂടി മാത്രം രാജ്യത്തിന്റെ മഹത്വമളക്കാന്‍ കഴിയുന്ന ബഹുഭൂരിപക്ഷമായ ആളുകളുടെ ശ്രദ്ധയാകര്‍ശിക്കാനതിന്നു കഴിയും. ഇസ്ലാമിക വിരുദ്ധമായ സംസ്കാരങ്ങളും ആചാരങ്ങളുമെല്ലാം തിരോധാനം ചെയ്തു, തദ്സ്ഥാനത്ത്, ഇസ്ലാമിക ജീവിതം അതിന്റെ സൌന്ദര്യത്തോടും, പൂര്‍ണ്ണതയോടും, സവിശേഷതകളോടും കൂടി അവരോഹണം നടത്തുകയാണെങ്കില്‍, അങ്ങനെ, ഇസ്ലാമിന്റെ സുഗന്ധം ആസ്വദിക്കാന്‍ കഴിഞ്ഞാല്‍, ഒരു ആരാധനാലയത്തിലെത്തിപ്പെട്ട അനുഭവമായിരിക്കും ഇവിടെ വരുന്ന സഞ്ചാരികള്‍ക്കുണ്ടാവുക. അതെ, രാജ്യം മുഴുവന്‍ ഒരു പള്ളിയായി അവര്‍ക്കു തോന്നും. അതെ, ഷോപ്പുകളും, വ്യാപാര കേന്ദ്രങ്ങളും ആപ്പീസുകളുമെല്ലാം ആരാധനാകേന്ദ്രങ്ങള്‍! ഒരു ചാണ്‍ ഭൂമിയില്‍ പോലും ദൈവ ധിക്കാരം നടക്കുകയില്ല. കീഴ് വണക്കം മുഴുവന്‍ അല്ലാഹുവിനായി തീരും. അങ്ങനെ, കീഴ് വണക്കം മുഴുവന്‍ അല്ലാഹുവിനായിത്തീരുകയും, ജീവിതം മുഴുവന്‍ ആരാധനയായി മാറുകയും, സംസ്കാരങ്ങളെല്ലാം ഇസ്ലാമികമാവുകയും, മതം പ്രയോഗത്തില്‍ വരികയും (കേവലം ഭരണഘടനാപരമായ പ്രയോഗവല്‍ക്കരണമല്ല ഞാനുദ്ദേശിക്കുന്നത്),ഭരണാധികരികള്‍ നടപ്പില്‍ വരുത്തുന്നതിന്നു- അല്ലാഹു അവര്‍ക്കതിന്ന് കഴിവേകട്ടെ - മുമ്പായി, നാം, നമ്മുടെ വീട്ടിലും, വ്യാപാര കേന്ദ്രങ്ങളിലും, ഭാര്യാസന്തതികളിലും, വ്യാപാര-വ്യവസായങ്ങളിലും, ഇടപാടുകളിലും, വൈയക്തികവും സാമൂഹികവുമായ നമ്മുടെ നടപടികളിലും, ഇസ്ലാമിക നിയമം നാം നടപ്പില്‍ വരുത്തുകയും ചെയ്യുമ്പോള്‍, ഇസ്ലാം ജീവിക്കുന്ന, വിരലുകള്‍കൊണ്ട് ഇസ്ലാമിനെ തൊട്ടുനോക്കാന്‍ കഴിയുന്ന സ്ഥലം കാണാന്‍ വേണ്ടി, ലോക ചിന്തകന്മാരും തത്വചിന്തകന്മാരും കാലിലിഴഞ്ഞെങ്കിലും ഇവിടെയെത്തുമെന്ന് അവര്‍ക്ക് ബോധ്യമാകും. അപ്പോള്‍, മനോഹരമായ സുഖവാസ കേന്ദ്രങ്ങളും, സുന്ദരമായ കാഴ്ചകളും വിട്ട്, ഇസ്ലാമിന്റെ സുഗന്ധമാസ്വദിക്കാനവരിവിടെയെത്തും. ജീവിതത്തില്‍ അല്പ സമയം ഇവിടെ ചെലവൊഴിക്കാന്‍! അവരുടെ ജീവിതത്തില്‍ ഏറ്റവും ശ്രേഷ്ടവും സൌഭാഗ്യവുമായ സമയമായിരിക്കുമത്. തങ്ങള്‍ സ്വര്‍ഗത്തിലാണൊ എന്നവര്‍ക്കു തോന്നിപ്പൊകും. മാനവരാശിക്കാകമാനം നിങ്ങളില്‍ നിന്നു ലഭിക്കുന്ന ഒരു നന്മയായിരിക്കുമത്.

അവസാനം, എന്നെ അങ്ങേയറ്റം സ്വാഗതത്തോടെ സ്വീകരിച്ചതിലും, ഇത്രയും ശ്രദ്ധിച്ചു കേട്ടതിലും നിങ്ങള്‍ക്കു ഞാന്‍ നന്ദി പറയുകയാണ്. അല്ലാഹു നിങ്ങളെ രക്ഷിക്കട്ടെ! നിങ്ങളുടെ ഉദ്യമങ്ങള്‍ നന്നാക്കി തീര്‍ക്കട്ടെ! സുകൃതങ്ങള്‍ ചെയ്യാനും, ഇസ്ലാമിന്നും മുസ്ലിംകള്‍ക്കും സേവനം ചെയ്യാനും അധികാരികള്‍ക്കും, നേതാക്കള്‍ക്കും അല്ലാഹു തൌഫീഖ് നല്‍കുകയും ചെയ്യട്ടെ!

അസ്സലാമു അലൈകും വറഹ്മതുല്ലാഹി വബറകാതുഹു.

റാസി മലയാള പരിഭാഷ പ്രകാശനം ചെയ്തു



പ്രശസ്ത ഖുര്‍ആന്‍ വ്യാഖ്യാതാവ് ഇമാം ഫഖ് റുദ്ദീന്‍ റാസിയുടെ ‘തഫ്സീറുല്‍ കബീര്‍’ എന്ന ഖുര്‍ ആന്‍ വ്യാഖ്യാന ഗ്രന്ഥത്തിന്റെ മലയാള പരിഭാഷ, മുന്‍ ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ പ്രൊഫ. അബ്ദുല്‍ ഹമീദിന്ന് ആദ്യ സെറ്റ് നല്‍കിക്കൊണ്ട് പാണക്കാട് മുനവ്വറലി ശിഹാബ് പ്രകാശനം നടത്തുന്നു.


വി. എസ്. സലീം ഗ്രന്ഥം പരിചയപ്പെടുത്തുന്നു

Tuesday, May 3, 2011

മ അദനിയെ ഗുജറാത്തിലേക്ക് നാടുകടത്താനുള്ള ശ്രമം: മരണം വര്രെ നിരാഹാരം

വ്യാജ ഏറ്റുമുട്ടൽ: കൊല്ലപ്പെട്ടയാളുടെ ബന്ധുക്കൾക്ക് യു. പി സർക്കാർഅഞ്ചു ലക്ഷം രൂപ നൽകി

ബിൻ ലാദിൻ: പ്രചാരണങ്ങൾക്കപ്പുറം - ടി. വി. ഹമീദ്

ഉസാമ വധവും യു.എസ് തെരഞ്ഞെടുപ്പും | Madhyamam

ഉസാമ വധവും യു.എസ് തെരഞ്ഞെടുപ്പും | Madhyamam

അന്ത്യത്തില്‍ അവസാനിക്കാത്ത വിവക്ഷകള്‍ | Madhyamam

ഉസാമയുടെ ഗതി; ഒബാമയുടെ 'നീതി' | Madhyamam

ഉസാമയുടെ ഗതി; ഒബാമയുടെ 'നീതി' | Madhyamam

ഉസാമയുടെ വധം: പ്രതികാരം ചെയ്യുമെന്ന് പാക് താലിബാന്‍ | Madhyamam

ഉസാമയുടെ വധം: പ്രതികാരം ചെയ്യുമെന്ന് പാക് താലിബാന്‍ | Madhyamam

പാകിസ്താനിലെ യുഎസ് എംബസിയും കോണ്‍സുലേറ്റുകളും അടച്ചു | Madhyamam

പാകിസ്താനിലെ യുഎസ് എംബസിയും കോണ്‍സുലേറ്റുകളും അടച്ചു | Madhyamam

ഉസാമ ബിന്‍ ലാദിന്‍ കൊല്ലപ്പെട്ടു | Madhyamam

ഉസാമ ബിന്‍ ലാദിന്‍ കൊല്ലപ്പെട്ടു | Madhyamam

Sunday, May 1, 2011

Blog Archive