var addthis_config = { data_track_addressbar: true, data_track_addressbar_paths: [ "/blog/posts/*", "/faq/*" ] }

Thursday, November 5, 2009

ചങ്ങാതിമാര്‍ തിരക്കുകൂട്ടി; മരണക്കയത്തിലേക്ക്

Thursday, November 5, 2009
ഓടിക്കിതച്ച് ഞാന്‍ കടവിലെത്തുമ്പോള്‍ ചെറിയതോണിയില്‍ നിറയെ കുട്ടികള്‍, അറുപതു പേരെങ്കിലും ഉണ്ടാവും. ഞങ്ങളുടെ സ്കൂളില്‍ ഹയര്‍സെക്കന്‍ഡറി ക്ലാസുകള്‍ നാലേകാലിനാണ് അവസാനിക്കുക. ഞങ്ങള്‍ കടവിലെത്തുമ്പോഴേക്കും ചെറിയ ക്ലാസുകളിലെ കുട്ടികളൊക്കെ പോയിട്ടുണ്ടാവും. ഇന്നലെയും അങ്ങനെത്തന്നെ.

ചുറ്റിവളഞ്ഞ് പാലം കടന്ന് വീട്ടിലെത്താന്‍ മണിക്കൂര്‍ ഒന്നെങ്കിലും വേണം. തോണിയില്‍ പുഴ കടന്നാല്‍ അഞ്ചു മിനിറ്റുകൊണ്ട് വീടെത്താം. അതിനാല്‍ ഞങ്ങള്‍ അഞ്ഞൂറിലേറെപ്പേര്‍ ദിവസവും പുഴ കടന്നാണ് സ്കൂളിലേക്കുള്ള പോക്കും വരവും.
തോണിപ്പടികളിലിരുന്ന് ചങ്ങാതിമാര്‍ യാത്രപറഞ്ഞ് കൈവീശിയപ്പോള്‍ ഞാന്‍ കരയില്‍ത്തന്നെ നിന്നു. കാരണം, ഇനിയൊരാളെപ്പോലും കൊള്ളാത്തവിധം തോണി നിറഞ്ഞിരുന്നു.

തോണിക്കാരന്റെ ശബ്ദം: 'ആരെങ്കിലും കുറേപ്പേര്‍ ഇറങ്ങിക്കോളീ... ഇത്രയാളുമായി കടത്തു പറ്റൂല...'. അയാളുടെ ശബ്ദം പക്ഷേ, കുട്ടികളുടെ കലപിലകളില്‍ മുങ്ങിപ്പോയി. ആരും അതിനു ചെവികൊടുത്തില്ല.
പുറപ്പെടുമ്പോള്‍ തന്നെ കുട്ടികളുടെ എണ്ണക്കൂടുതല്‍ കാരണം തോണി വെള്ളം കയറാന്‍ പാകത്തില്‍ താഴ്ന്നിരുന്നു. അക്കരെയിക്കരെ കെട്ടിയ കയറില്‍ വലിച്ച് തോണി നീക്കുംമുമ്പ് തോണിക്കാരന്‍ ഒരിക്കല്‍ക്കൂടി ചോദിച്ചു: 'ആരേലും എറങ്ങുന്നോ കുട്ടികളേ...' ഒരു പെണ്‍കുട്ടി അപ്പോള്‍ എണീറ്റുനിന്നു. തോണി ഒന്നുലഞ്ഞു, അവള്‍ വീണ്ടും ഇരുന്നു. സഹപാഠികള്‍ നീങ്ങുന്നതും നോക്കി ഞാനും ചില ചങ്ങാതിമാരും കരക്കുനിന്നു.

ഒഴുക്കുകുറവുള്ള വേനല്‍കാലത്ത് ഞങ്ങളുടെ ഈ കടവില്‍ കെട്ടിയ കയറില്‍ വലിച്ചാണ് തോണി നീക്കുക. മഴക്കാലത്തേ തുഴച്ചില്‍ ഉള്ളൂ. ഇപ്പോള്‍ പുഴയില്‍ ഒഴുക്കു കുറവാണ്. പക്ഷേ, മണല്‍വാരല്‍ ഉള്ളതിനാല്‍ രണ്ടാള്‍ ആഴത്തിലെങ്കിലും വെള്ളം ഉണ്ട്.
പുഴയുടെ നടുക്ക് തോണി വല്ലാതെ ഉലയുന്നത് കരക്കുനിന്ന് ഞങ്ങള്‍ ചങ്കിടിപ്പോടെ കണ്ടു. പെണ്‍കുട്ടികള്‍ ചിലര്‍ ഉറക്കെ കരഞ്ഞു. അപായം മനസ്സിലാക്കിയ തോണിക്കാരന്‍ പുറപ്പെട്ട കരയിലേക്കുതന്നെ തിരിച്ചുകൊണ്ടുവരാന്‍ ഒരു വിഫല ശ്രമം നടത്തി. അറുപതാളുടെ ഭാരം കയറിയ തോണി കരക്കടുപ്പിക്കാന്‍ പകച്ചുപോയ അയാള്‍ക്കു കഴിഞ്ഞില്ല.

പെണ്‍കുട്ടികളുടെ കരച്ചില്‍ പെട്ടെന്ന് മൊത്തം കുട്ടികളുടെ ആര്‍ത്തനാദമായി. തോണി പൊടുന്നനെ ചരിഞ്ഞ് കുട്ടികള്‍ കൂട്ടത്തോടെ വെള്ളത്തില്‍ വീണു. പകച്ചുപോയ ഞാനും ചങ്ങാതിമാരും പുഴയിലേക്കുചാടി നീന്തി.
എത്രവേഗമാണ് പുഴക്കര കരച്ചിലിലും കണ്ണീരിലും മുങ്ങിയത്. നിലവിളികേട്ട് ഓടിയെത്തിയ നാട്ടുകാരും മണല്‍വാരുകയായിരുന്ന തോണിക്കാരും നീന്തിയെത്തി പലരേയും രക്ഷിച്ചു. ചാലിയാറിന്റെ ഓളങ്ങളില്‍ കളിച്ചുവളര്‍ന്ന ഞങ്ങളില്‍ പലര്‍ക്കും നീന്തല്‍ നല്ല വശമാണ്. അല്ലായിരുന്നെങ്കില്‍ മരണം ഇതില്‍ ഒതുങ്ങുമായിരുന്നില്ല. ഒരു കൂട്ടുകാരനെ ഞാന്‍ കരയിലേക്കു വലിച്ചു കയറ്റി. പക്ഷേ, അതിനിടയിലും കണ്ടു, മരണത്തിന്റെ കയത്തിലേക്ക് നിസ്സഹായതയോടെ മുങ്ങിപ്പോകുന്ന ചങ്ങാതിമാരെ. പാഠപുസ്തകങ്ങളും ബാഗുകളും അനാഥമായി പുഴയില്‍ പൊങ്ങിക്കിടന്നു.
കരച്ചിലില്‍ മുങ്ങിയ കരയില്‍ ഒടുവില്‍ രാത്രിയില്‍ ഞാന്‍ കണ്ടു; ആ തോണിക്കാരന്‍ തറയിലിരുന്ന് പൊട്ടിക്കരയുന്നു. വീടുപറ്റാന്‍ ഓടിക്കിതച്ചെത്തിയ നിഷ്കളങ്കരായ എന്റെ കൂട്ടുകാരെ നിയന്ത്രിച്ച് തോണിയില്‍ കയറ്റിവിടാന്‍ മുതിര്‍ന്ന ആരെങ്കിലും ഉണ്ടായിരുന്നെങ്കില്‍ എന്നാശിച്ചുപോകുന്നു. അതില്ലാതെ പോയതിനാലാണ് ഞങ്ങളുടെ കൂട്ടത്തില്‍ എട്ടുപേര്‍ ഇന്നലെ ആഴക്കയങ്ങളില്‍ ഒടുങ്ങിയത്.

Madhyamam Daily

No comments:

Blog Archive