var addthis_config = { data_track_addressbar: true, data_track_addressbar_paths: [ "/blog/posts/*", "/faq/*" ] }

Friday, December 4, 2009

ബാബരി ധ്വംസനത്തിന്റെ ലിബര്‍ഹാന്‍ കാഴ്ചകള്‍-7

സുരക്ഷാപാളിച്ചകള്‍; കല്യാണിന്റെ കുടില തന്ത്രങ്ങള്‍
Thursday, December 3, 2009
എം.സി.എ. നാസര്‍

1992 ജനുവരിയോടെ തന്നെ അയോധ്യയുടെ സുരക്ഷയില്‍ ആശങ്ക ഉയര്‍ന്നതായി ലിബര്‍ഹാന്‍ കുറിക്കുന്നു. നിയന്ത്രണവും വേലിക്കെട്ടും പുനഃസ്ഥാപിക്കണമെന്ന് അര്‍ധ സൈനിക വിഭാഗവും ഇന്റലിജന്‍സ് ഏജന്‍സികളും ആവശ്യപ്പെട്ടതാണ്. പക്ഷേ, സംസ്ഥാന ഭരണകൂടം അംഗീകരിച്ചില്ല.

ആശങ്ക ഉയര്‍ത്തുന്ന റിപ്പോര്‍ട്ടുകളെ തുടര്‍ന്ന് കേന്ദ്രം നേരിയ തോതില്‍ ഇടപെടാന്‍ നോക്കിയതാണ്. ഉടന്‍ മുഖ്യമന്ത്രി കല്യാണ്‍സിങ് എതിര്‍ത്തു. യു.പി സര്‍ക്കാറിന്റെ അനുമതി ചോദിക്കാതെ കേന്ദ്ര സേനയെ അയക്കുന്നത് ആഭ്യന്തര യുദ്ധസമാനമായ സാഹചര്യം സൃഷ്ടിക്കുമെന്നായിരുന്നു കല്യാണിന്റെ മുന്നറിയിപ്പ്.

ആര്‍.എസ്.എസ് നിര്‍ദേശാനുസരണം സന്യാസി സംഘം മുഖ്യമന്ത്രിയെകണ്ടു. അവര്‍ ചോദിക്കാതെ തന്നെ അയോധ്യയില്‍ 52 ഏക്കര്‍ ഭൂമി രാം ജന്‍മഭൂമിന്യാസിന് കൈമാറി. വെറും ഒരു രൂപ പാട്ടത്തിന്.
താല്‍ക്കാലിക സ്വഭാവത്തില്‍ മാത്രമായിരുന്നു ബാബരി മസ്ജിദിന്റെ സുരക്ഷാ നടപടികളെന്നും കമീഷന്‍ കണ്ടെത്തുന്നു.
രാം ജന്‍മഭൂമി ന്യാസുമായി ചേര്‍ന്ന് വിവിധ കെട്ടിടങ്ങള്‍ ഇടിച്ചു നിരത്തുന്നതും മറ്റും ബാബരി പള്ളിയുടെ ഭദ്രതക്കു മാത്രമല്ല നിലനില്‍പിനും ദോഷം ചെയ്യുമെന്ന് ജനങ്ങള്‍ സംശയിക്കുന്നതായി ഇന്റലിജന്‍സ് ഏജന്‍സികള്‍ എഴുതി. ബാബരി സുരക്ഷയില്‍ സംശയം പ്രകടിപ്പിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി എസ്.ബി. ചവാനും മുഖ്യമന്ത്രിയുമായി നിരവധി തവണ എഴുത്തുകുത്തുകള്‍ തുടര്‍ന്നു. വ്യാപകതോതിലുളള ഖനനവും നിരപ്പാക്കലും സംശയം ജനിപ്പിക്കുന്നതായി ആഭ്യന്തര സെക്രട്ടറി യു.പി ചീഫ് സെക്രട്ടറിക്കും കത്തെഴുതി. എന്നാല്‍ ഒരാപത്തും വരാന്‍ പോകുന്നില്ലെന്നായിരുന്നു മറുപടി. ചില നിര്‍ദേശങ്ങള്‍ സ്വീകരിച്ചെങ്കിലും അവ നടപ്പാക്കാന്‍ കൂട്ടാക്കിയില്ല. മന്ത്രിസഭ പിരിച്ചുവിടുമെന്ന് കേന്ദ്രം മുന്നറിയിപ്പ് നല്‍കി നോക്കി. സംസ്ഥാന സര്‍ക്കാര്‍ നിലനില്‍ക്കുകയോ പോവുകയോ ചെയ്യട്ടെ, ക്ഷേത്രം എന്തു തന്നെയായാലും നിര്‍മിക്കും എന്നായിരുന്നു കല്യാണിന്റെ പ്രതികരണം.
അതിനിടെ, പ്രദേശത്തെ ഖാസബാര പള്ളി പൊളിച്ച വിവരം ദേശീയോദ്ഗ്രഥന സമിതി സംഘം അറിയിച്ചു. സുരക്ഷാ സ്ഥിതി പുനരവലോകനം ചെയ്യണമെന്നാവശ്യപ്പെട്ട് ഫൈസാബാദ് കമീഷണര്‍ ചീഫ് സെക്രട്ടറിക്ക് കത്തെഴുതി. എന്താണ് അയോധ്യയില്‍ സംഭവിക്കുന്നതെന്നാരാഞ്ഞ കേന്ദ്ര ആഭ്യന്തര മന്ത്രിയും സെക്രട്ടറിയും മുഖ്യമന്ത്രിക്കും യു.പി. ചീഫ് സെക്രട്ടറിക്കും നിരന്തരം കത്തുകളയച്ചു. 'എല്ലാം ഭദ്രം' എന്നായിരുന്നു മറുപടി. മറുപടി കത്തുകളില്‍ എല്ലാറ്റിലും നിറയെ വൈരുധ്യം പ്രകടമായിരുന്നുവെന്ന് കമീഷന്‍.
1992 മേയില്‍ ഉജ്ജയിനില്‍ ചേര്‍ന്ന സന്യാസി സമ്മേളനം ബാബരി പള്ളി പൊളിക്കാനും രാമക്ഷേത്രം നിര്‍മിക്കാനും തീരുമാനിച്ചു. ക്ഷേത്ര നിര്‍മാണത്തിന് നൂറോളം സന്യാസിമാരുടെ സമിതിക്കും രൂപം നല്‍കി. കേന്ദ്രം പറഞ്ഞതിനു വിരുദ്ധമായി അയോധ്യയില്‍ പല മാറ്റങ്ങളും യു.പി. സര്‍ക്കാര്‍ വരുത്തി കൊണ്ടിരുന്നു.

ഹൈകോടതിയില്‍ ദൈനംദിന സ്വഭാവത്തില്‍ വിചാരണ ആരംഭിക്കാനും ഉടന്‍ വിധി ഉറപ്പാക്കാനും ദേശീയോദ്ഗ്രഥന കൌണ്‍സില്‍ യോഗത്തില്‍ ഇന്ദ്രജിത് ഗുപ്ത ആവശ്യപ്പെട്ടതാണ്. ബാബരി സംരക്ഷണം യു.പി സര്‍ക്കാറിന്റെ മാത്രം ബാധ്യതയാണെന്നായിരുന്നു അതിന് കേന്ദ്രമന്ത്രി എസ്.ബി ചവാന്റെ മറുപടി.
സ്വാമി സത്യാനന്ദ് പരസ്യമായി പറഞ്ഞു 'ബുള്‍ഡോസറില്ലാതെയും ഹൈകോടതി അനുമതിയില്ലാതെയും പള്ളി പൊളിച്ചിടണം. പ്രത്യാഘാതം പ്രശ്നമാക്കേണ്ട'' 1992 ജൂലെയില്‍ ആയിരക്കണക്കിന് കര്‍സേവകര്‍ അയോധ്യയിലെത്തി. ഛബൂത്ര നിര്‍മാണത്തിന് അവര്‍ തുടക്കം കുറിച്ചു. തങ്ങള്‍ക്ക് ഇതിലൊന്നും ഉത്തരവാദിത്തമില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍ പറഞ്ഞൊഴിഞ്ഞു. സൈന്യത്തെ ഉപയോഗിക്കരുതെന്ന് അന്നും കല്യാണ്‍ കേന്ദ്രത്തോട് ആവര്‍ത്തിച്ചു. ജൂലൈ 15നാണ് നിര്‍മാണ പ്രവര്‍ത്തനം തടഞ്ഞ് ഹൈകോടതി ഉത്തരവിട്ടത്. അതു നടപ്പാക്കാന്‍ ഭരണ സംവിധാനം തയാറായതുമില്ല. കോടതി നിര്‍ദേശം നടപ്പാക്കിയാല്‍ ഒരുപാട് ജീവന്‍ നഷ്ടപ്പെടുമെന്നായിരുന്നു ന്യായം.
സംഘര്‍ഷ സാഹചര്യം ഒഴിവാക്കാനുള്ള വഴികള്‍ സര്‍ക്കാര്‍ ആരാഞ്ഞുകൊണ്ടിരുന്നു. സന്യാസിമാര്‍ സര്‍ക്കാറിന് മൂന്നു മാസത്തെ സാവകാശം നല്‍കുമെന്ന് വി.എച്ച്.പി നേതാക്കള്‍ പ്രസ്താവിച്ചു. അയോധ്യയുമായി ബന്ധപ്പെട്ട മുഴുവന്‍ കേസുകളും ഭരണഘടനയിലെ 138(2) വകുപ്പു പ്രകാരം കേന്ദ്രം സുപ്രീം കോടതിക്ക് കൈമാറി. ആഗസ്റ്റ് അഞ്ചിന് ബാബരി സമുച്ചയം പരിശോധിച്ച് വല്ല ലംഘനവും നടക്കുന്നുണ്ടോ എന്ന് പരിശോധിക്കാന്‍ പ്രാദേശിക കമീഷണറെ സുപ്രീം കോടതി നിയമിച്ചു.

സെപ്റ്റംബര്‍ 26 മുതല്‍ നവംബര്‍ 25 വരെ ഗ്രാമങ്ങള്‍ കേന്ദ്രീകരിച്ച് 'ചരണപാദുക പൂജ' സംഘടിപ്പിക്കാന്‍ സംഘ്പരിവാര്‍ ആഹ്വാനം നല്‍കി. ക്ഷേത്രം പണിയാതെ അയോധ്യ വിടില്ലെന്ന് കര്‍സേവകരെ കൊണ്ട് പ്രതിജ്ഞ ചെയ്യിച്ചു. പള്ളി പൊളിക്കാതെ ക്ഷേത്രം നിര്‍മിക്കാന്‍ കഴിയില്ലെന്ന് സെപ്റ്റംബറില്‍ തന്നെ അശോക് സിംഗാളും വി.എച്ച് ഡാല്‍മിയയും വ്യക്തമാക്കിയതാണെന്നും കമീഷന്‍ പറയുന്നുണ്ട്.

വി.എച്ച്.പിയുടെ പ്രഖ്യാപിത കര്‍സേവ ബാബരി മസ്ജിദ് സമുച്ചയം ഉള്‍പ്പെടുന്ന 2.77 ഏക്കറില്‍ തന്നെയായിരിക്കുമെന്ന് ഫൈസാബാദ് കമീഷണര്‍ മുന്‍കൂട്ടി അറിയിച്ചതാണ്. പുതിയ സാഹചര്യത്തില്‍ അതീവ സുരക്ഷ വേണ്ടിവരുമെന്ന മുന്നറിയിപ്പും നല്‍കി. എന്നാല്‍ ഏറ്റെടുത്ത ഭൂമിയില്‍ കര്‍സേവ നടക്കില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിക്ക് ഉറപ്പു നല്‍കി.

അയോധ്യയില്‍ പൊലീസിനെയും അര്‍ധ സൈനികരെയും വിന്യസിച്ചു. സമുച്ചയത്തിന്റെ ഒഴിഞ്ഞ പ്രദേശത്തായിരുന്നു സി.ആര്‍.പി.എഫ് സൈനികര്‍. പൂജ നടത്താന്‍ വരുന്നവരെ ബാച്ചുകളായി വിടാനും അവര്‍ പുറത്തു വന്ന ശേഷം മാത്രം അടുത്ത ബാച്ചിനെ വിടാനും നടപടിയായി. ആളുകളെ പരിശോധിച്ച ശേഷം മാത്രമാണ് വിടുന്നതെന്ന് ഉറപ്പു വരുത്താനും നടപടിയുണ്ടായി.
പക്ഷേ, നിയന്ത്രണങ്ങള്‍ അപര്യാപ്തവും ഫലശൂന്യവുമായിരുന്നു. 20 പേരുടെ സ്ഥാനത്ത് രാമനവമി ദിവസം നിരവധി പേരെ വരെ കടത്തിവിട്ടു. പുറത്ത് നിലയുറപ്പിച്ച സി.ആര്‍.പി.എഫ് സൈനികര്‍ക്ക് ഒന്നും ചെയ്യാനാവുമായിരുന്നില്ല. വൈകാതെ മെറ്റല്‍ ഡിറ്റക്ടര്‍ തകരാറിലായി. അതു നന്നാക്കാന്‍ ആരും ഒന്നും ചെയ്തില്ല. കേന്ദ്ര നിര്‍ദേശങ്ങള്‍ പരിഗണിക്കാന്‍ പോലും സംസ്ഥാന സര്‍ക്കാര്‍ കൂട്ടാക്കിയില്ല.

മൂന്നു മാസ സമയപരിധി കഴിഞ്ഞതോടെ ഒക്ടോബര്‍ 29ന് ചര്‍ച്ചകളും അവസാനിച്ചു. ഒക്ടോബര്‍ 30ന് ധര്‍മസന്‍സദ് യോഗം. ആചാര്യ ധര്‍മേന്ദ്ര ദേവ് കര്‍സേവയുടെ തീയതി കുറിച്ചു^ഡിസംബര്‍ ആറ്. സന്യാസിമാര്‍ അതംഗീകരിച്ചു.
ഡിസംബര്‍ ആറു മുതല്‍ അയോധ്യയില്‍ വിപുലമായ കര്‍സേവ തുടരുമെന്ന് ആര്‍.എസ്.എസ് നേതാവ് സുദര്‍ശന്‍ പ്രഖ്യാപിച്ചു. ഈ സമയത്താണ് അയോധ്യാ കേസില്‍ അലഹബാദ് ഹൈകോടതിയുടെ വിധിപ്രഖ്യാപനം ഡിസംബര്‍ 12ലേക്ക് നീട്ടിയത്.
അതോടെ പരിഭ്രാന്തരായ ബാബരി കമ്മിറ്റിക്ക് മുമ്പാകെ നരസിംഹറാവു ഒരു കാര്യം പലതവണ ആര്‍ത്തിച്ചു^അയോധ്യയില്‍ ഒരു കര്‍സേവയും നടക്കില്ല.
സൈന്യത്തെ നിയോഗിക്കാനുള്ള കേന്ദ്രനിര്‍ദേശം അംഗീകരിക്കരുതെന്ന് ആര്‍.എസ്.എസ് നേതൃത്വം അതിനിടെ കല്യാണ്‍സിങിനോട് പറഞ്ഞു. കേട്ട പാതി കേള്‍ക്കാത്ത പാതി അയോധ്യക്ക് പുറത്ത് കേന്ദ്രസേനയെ നിര്‍ത്തുന്നത് ഫെഡറലിസത്തിന്റെ ലംഘനമാണെന്ന് അദ്വാനി പരിതപിച്ചു.
നവംബര്‍ 23നായിരുന്നു സുപ്രധാന ദേശീയോദ്ഗ്രഥന കൌണ്‍സില്‍ യോഗം. വി.എച്ച്.പിയും ബി.ജെ.പിയും അതു ബഹിഷ്കരിച്ചു. ഏതു സാഹചര്യവും നേരിടാന്‍ യോഗം പ്രധാനമന്തിയെ ചുമതലപ്പെടുത്തി.

പതിവില്‍നിന്ന് ഭിന്നമായി സുപ്രീം കോടതി പ്രശ്നത്തില്‍ കുറേക്കൂടി ഇടപെട്ടു. സ്ഥിരവും താല്‍ക്കാലികവുമായ ഒരു നിര്‍മാണവും ഉണ്ടാകില്ലെന്ന ഉറപ്പ് നല്‍കാന്‍ സുപ്രീം കോടതി സംസ്ഥാന സര്‍ക്കാറിനോടും വി.എച്ച്.പിയോടും ആവശ്യപ്പെട്ടു. നവംബര്‍ 25ലെ സുപ്രീം കോടതി ഉത്തരവിന്റെ ഉള്ളടക്കം ഇങ്ങനെ: സര്‍ക്കാറിന്റെ പ്രാപ്തി ശരിക്കും അളക്കുന്ന സാഹചര്യമാണിത്. ഭരണഘടനാ സംവിധാനങ്ങള്‍ക്കും സാമൂഹിക സന്തുലിതത്വത്തിനും തകര്‍ച്ച സംഭവിക്കാത്തവിധം പ്രശ്നം കൈകാര്യം ചെയ്യാന്‍ സര്‍ക്കാര്‍ ശ്രമിക്കണം. കോടതി വിധി ലംഘിക്കാന്‍ അനുവദിക്കില്ല. റിസീവറെ നിയമിച്ചോ കേന്ദ്ര സര്‍ക്കാറിന് നിര്‍ദേശം നല്‍കിയോ കോടതി ഉത്തരവ് ലംഘിക്കുന്നില്ല എന്ന കാര്യം ഉറപ്പാക്കേണ്ടി വരും. ആ സാഹചര്യം യു.പി സര്‍ക്കാര്‍ ഉണ്ടാക്കില്ലെന്നാണ് കരുതുന്നത്...''
സുപ്രീം കോടതി വിധി നടപ്പാക്കുമെന്ന് യു.പി സര്‍ക്കാര്‍ നവംബര്‍ 28ന് പ്രഖ്യാപിച്ചു. സുപ്രീം കോടതിയില്‍ യു.പി നല്‍കിയ സത്യവാങ്മൂലം: ''ഏറ്റെടുത്ത സ്ഥലത്ത് നിര്‍മാണ വസ്തുക്കളോ ഉപകരണങ്ങളോ ഉണ്ടാകില്ലെന്നും നിര്‍മാണമോ മറ്റു പ്രവര്‍ത്തനങ്ങളോ അവിടെ നടക്കില്ലെന്നും സര്‍ക്കാര്‍ ഉറപ്പ് നല്‍കുന്നു.''
ഈ ഉറപ്പില്‍ സുപ്രീം കോടതിയും വീണു. പ്രതീകാത്മക കര്‍സേവ തടയണമെന്ന ആവശ്യം സുപ്രീം കോടതി അംഗീകരിച്ചില്ല. ഡിസംബര്‍ ഒന്നിനായിരുന്നു അത്്.
രാമക്ഷേത്ര നിര്‍മാണത്തിന്റെ പ്രാദേശിക മാനേജര്‍ ചമ്പത് റായി നവംബര്‍ 24ന് പറഞ്ഞത് ആസൂത്രണത്തിന്റെ തെളിവിനങ്ങളില്‍ ഒന്നായി ലിബര്‍ഹാന്‍ എടുത്തു ചേര്‍ക്കുന്നുണ്ട് ^'' ഗറില ശൈലി അപ്നായേഗാ കര്‍സേവാ മെ''(കര്‍സേവയില്‍ ഗറില്ലാ തന്ത്രം പുറത്തെടുക്കും)
കാര്യങ്ങള്‍ കൈവിട്ടു പോവുകയാണെന്ന് ഡിസംബര്‍ ഒന്നിന് മുമ്പേ ഇന്റലിജന്‍സ് ഏജന്‍സികള്‍ മുന്നറിയിപ്പ് നല്‍കിയതാണ്. സുരക്ഷക്ക് ഭീഷണിയായ ഒന്നും സംഭവിക്കില്ലെന്നായിരുന്നു ഫൈസാബാദ് കമീഷണറുടെ വിലയിരുത്തല്‍.
സൈന്യത്തെ ഉപയോഗിക്കേണ്ടെന്നു തീരുമാനിച്ചതോടെ അയോധ്യയിലെ മുഴുവന്‍ സുരക്ഷാ പദ്ധതിയും പാളി. എല്ലാ ആധികാരിക റിപ്പോര്‍ട്ടുകളും ലഭിച്ചിട്ടും എന്തുകൊണ്ട് കേന്ദ്രസേനയെ വിന്യസിക്കുന്ന കാര്യത്തില്‍ രാഷ്ട്രീയ ഇഛാശക്തിയുള്ള നിലപാട് കേന്ദ്ര സര്‍ക്കാര്‍ കൈക്കൊണ്ടില്ല.'
കാല്‍നടയായി വന്ന കര്‍സേവകര്‍ വഴിയരികിലും അയോധ്യാ പരിസരങ്ങളിലുമുള്ള മുസ്ലിം ശ്മശാനങ്ങള്‍ കൈയേറുകയും ശവകുടീരങ്ങള്‍ തകര്‍ക്കുകയും ചെയ്തതിന്റെ നിരവധി തെളിവുകള്‍ റിപ്പോര്‍ട്ടിലുണ്ട്.
എല്ലാ നേതാക്കളും ആര്‍.എസ്.എസില്‍ നിന്നാണ് നിര്‍ദേശം തേടിക്കൊണ്ടിരുന്നത്. മുസ്ലിം കുടീരങ്ങളും ശ്മശാനങ്ങളും തകര്‍ത്തത് ആര്‍.എസ്.എസിന്റെ പൂര്‍ണ അറിവോടെയുമായിരുന്നു.
(തുടരും)

മാധ്യമം

No comments:

Blog Archive