var addthis_config = { data_track_addressbar: true, data_track_addressbar_paths: [ "/blog/posts/*", "/faq/*" ] }

Monday, December 21, 2009

ഉരുകുന്ന മനസ്സോടെ ഉമ്മയുടെ ചോദ്യം: മകന്റെ മരണസര്‍ട്ടിഫിക്കറ്റെങ്കിലും തന്നുകൂടെ?

Monday, December 21, 2009
കണ്ണൂര്‍: മാതൃരാജ്യത്തോട് പോരാടിയാണ് തന്റെ മകന്‍ മരിച്ചതെങ്കില്‍ മയ്യിത്ത് കാണേണ്ടതില്ലെന്ന് പിടയുന്ന മനസ്സോടെ പ്രഖ്യാപിച്ച് എല്ലാവരുടെയും അനുകമ്പയും ആദരവും നേടിയെടുത്ത മൈതാനപ്പള്ളി ടി.കെ. ഹൌസില്‍ സഫിയ നീതിയുടെ പുതിയ ചോദ്യമെറിയുന്നു. മകന്‍ കശ്മീരില്‍ മരണപ്പെട്ടുവെന്ന് സ്ഥിരീകരിക്കുന്ന മരണസര്‍ട്ടിഫിക്കറ്റ് വേണമെന്ന അപേക്ഷ കണ്ണൂര്‍ ജില്ലാ പൊലീസ് സൂപ്രണ്ട് കശ്മീരിലേക്ക് അയച്ചിട്ട് പത്തു മാസം കഴിഞ്ഞു. ഇനിയും മറുപടി കിട്ടാത്ത വിഷമത്തിലാണ് സഫിയയും കുടുംബവും. മകന്‍ മരിച്ചിട്ടില്ല എന്നു കരുതുന്നതു കൊണ്ടല്ല ഇങ്ങനെ ഒരു രേഖ ആവശ്യപ്പെട്ടത്. മരിച്ചുവെന്നു തന്നെയാണ് അന്ന് ജില്ലാ പൊലീസ് സൂപ്രണ്ട് കാണിച്ച തെളിവുകള്‍ വെച്ച് ബോധ്യപ്പെട്ടത്. പക്ഷേ, രേഖ ലഭിച്ചാല്‍ മകനുമായി ബന്ധപ്പെട്ട മറ്റ് പല നിയമക്കുരുക്കുകളും അഴിച്ചു മാറ്റാനുണ്ട്.

'ഫയാസ് മരിച്ചത് സത്യമായിരിക്കാം. അത് മറക്കാനും ശ്രമിക്കാം. പക്ഷേ, ഫയാസിന്റെ പേരിലുള്ള മറ്റ് ചില കേസുകള്‍ അവസാനിപ്പിക്കാന്‍ മരണസര്‍ട്ടിഫിക്കറ്റ് അനിവാര്യമാണ്. അതെങ്കിലും തന്നുകൂടേ? ^ഫയാസിന്റെ ഉമ്മ സഫിയയും അമ്മാവന്‍ സാദിഖും ചോദിക്കുന്നു.
'രാജ്യത്തോട് കൂറുപുലര്‍ത്തുന്ന ഏതൊരാളും പറയേണ്ടത് പറയേണ്ട സമയത്ത് പറഞ്ഞുവെന്നു തന്നെയാണ് താന്‍ കരുന്നതെന്ന് സഫിയ പറഞ്ഞു. അന്ന് അങ്ങനെ പറഞ്ഞില്ലായിരുന്നുവെങ്കില്‍ സമൂഹം മകനേക്കാള്‍ കൂടുതല്‍ എന്നെയും കുടുംബത്തെയും വെറുക്കുമായിരുന്നു. മകന്റെ മയ്യിത്ത് നേരില്‍ കാണണമോ എന്ന് അന്ന് പൊലീസ് ചോദിച്ചത് ആത്മാര്‍ഥമായിട്ടായിരിക്കാം. അതുകൊണ്ടാണ് വേണ്ടെന്ന് പറഞ്ഞത്' ^സഫിയ പറഞ്ഞു. മയ്യിത്ത് കാണണമെന്ന് പറഞ്ഞാല്‍ യഥാര്‍ഥത്തില്‍ അത് സാധിച്ചുകൊടുക്കാന്‍ കഴിയുമായിരുന്നുവോ എന്ന് സംശയിക്കാവുന്നതാണ് സഫിയയുടെ അനുഭവം. മരണസര്‍ട്ടിഫിക്കറ്റിനുവേണ്ടി പത്തു മാസം കാത്തിരിക്കേണ്ടി വരുമെങ്കില്‍ മകന്റെ മയ്യിത്ത് കാണിച്ചുതരാന്‍ എങ്ങനെ സാധിക്കുമായിരുന്നുവെന്ന് പലരും ചോദിക്കുമ്പോള്‍ ഉത്തരം മുട്ടുന്നു.

പൊലീസിനോടും അധികൃതരോടും നാട്ടുകാരോടും അങ്ങേയറ്റം ബഹുമാനമുണ്ട്. കാരണം ജനങ്ങളില്‍ ഒരാളും പിന്നീട് നീരസത്തോടെ പെരുമാറിയിട്ടില്ല. പൊലീസും ഒരു ദ്രോഹവും ചെയ്തിട്ടില്ല. നസീറിനെ നാട്ടില്‍ കൊണ്ടുവന്നപ്പോള്‍ പൊലീസ് തന്റെ വീട്ടില്‍ നിന്ന് സ്ഫോടകവസ്തുവിന്റെ ബാക്കി കണ്ടെത്തിയെന്ന് ചില പത്രങ്ങള്‍ കഴിഞ്ഞദിവസം എഴുതിയത് ശവത്തില്‍ കുത്തുന്ന വിധമായിരുന്നു. 'ഇങ്ങനെ നുണ എഴുതാന്‍ എങ്ങനെ കഴിയുന്നു?' ^അമ്മാവന്‍ സാദിഖ് ചോദിച്ചു. ഒരു പൊലീസുകാരനും പിന്നീട് ഈ വീട്ടില്‍ വന്നിട്ടില്ല. നുണവാര്‍ത്ത എഴുതിയ പത്രലേഖകന്‍ ഫോണ്‍ വിളിച്ച് മാപ്പുപറഞ്ഞു. പക്ഷേ, പത്രധര്‍മം കാണിച്ചില്ല. അത് അവര്‍ തിരുത്തുകയോ ഖേദം പ്രകടിപ്പിക്കുകയോ ചെയ്തില്ല.
ഫയാസ് മുമ്പെ ഉള്‍പ്പെട്ട ഒരു പിടിച്ചുപറി കേസ് ഇപ്പോള്‍ വിചാരണയിലാണ്. അന്ന് ജാമ്യമെടുക്കുമ്പോള്‍ പതിനായിരം രൂപ കെട്ടിവെച്ചിരുന്നു. സ്വര്‍ണം പണയപ്പെടുത്തിയാണ് പണം നല്‍കിയത്.

ഫയാസ് കൊല്ലപ്പെട്ടതായ രേഖ ഹാജരാക്കിയാല്‍ ഈ തുക തിരിച്ചുകിട്ടുമെന്ന് വക്കീല്‍ പറഞ്ഞിട്ടാണ് ജില്ലാ പൊലീസ് സൂപ്രണ്ടിന് ഹരജി നല്‍കിയത്. കഴിഞ്ഞ ഫെബ്രുവരി 24ന് ആദ്യ അപേക്ഷ നല്‍കി. ഇക്കാര്യം ചൂണ്ടിക്കാട്ടി മെയ് 16ന് വീണ്ടും എസ്.പിക്ക് അപേക്ഷ കൊടുത്തു. എസ്.പി ഓഫിസില്‍നിന്ന് കത്ത് കശ്മീരിലേക്ക് അയച്ചു. പക്ഷേ, അവിടെനിന്ന് ഒരു നടപടിയും ഉണ്ടായില്ല.
മൈതാനപ്പള്ളിയിലെ വീട് നില്‍ക്കുന്ന പത്തു സെന്റ് ഫയാസിന്റെയും സഹാദരിയുടെയും പേരിലാണ്. ഫയാസിന്റെ മരണസര്‍ട്ടിഫിക്കറ്റ് ഇല്ലാതെ രേഖ മാറ്റാനാവില്ല.
കശ്മീരില്‍ മരണം സ്ഥിരീകരിക്കാന്‍ പോയ കേരളത്തിലെ ഉദ്യോഗസ്ഥര്‍ ഇടപെട്ടാല്‍ സര്‍ട്ടിഫിക്കറ്റ് കിട്ടുമെന്ന് സഫിയ വിശ്വസിക്കുന്നു.
പക്ഷേ, ജില്ലാ പൊലീസ് അധികൃതരും നിയമവൃത്തങ്ങളും വിശദീകരിക്കുന്നത് മറ്റൊരു സാങ്കേതിക കുരുക്കാണ്. തലശേãരി കോടതിയില്‍ വിചാരണയിലിരിക്കുന്ന കേസിലേക്ക് കശ്മീരില്‍നിന്ന് വന്ന തെളിവുകളില്‍ പ്രധാനം രണ്ട് പൊലീസ് സ്റ്റേഷനുകളില്‍ നിന്നുള്ള എഫ്.ഐ.ആര്‍ മാത്രമാണ്. അടുത്ത ബന്ധുക്കള്‍ മൃതദേഹം നേരിട്ടുകണ്ട് തിരിച്ചറിഞ്ഞാലേ മരണ സര്‍ട്ടിഫിക്കറ്റ് നല്‍കാനാവുകയുള്ളൂ എന്നതാണ് ഇതുസംബന്ധിച്ച നിയമപരമായ നടപടി. ലാപ്ടോപില്‍ മൃതദേഹത്തിന്റെ ചിത്രംകണ്ട് അടുത്ത ബന്ധുക്കള്‍ സ്ഥിരീകരിച്ചതായി അന്നുതന്നെ പൊലീസ് കശ്മീരിലേക്ക് റിപ്പോര്‍ട്ട് അയച്ചിരുന്നു. അങ്ങനെയൊരു റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ സര്‍ട്ടിഫിക്കറ്റ് കശ്മീര്‍ അധികൃതര്‍ നല്‍കുമെന്ന പ്രതീക്ഷ കേരള ഉദ്യോസ്ഥര്‍ക്കില്ല. അനാഥ മയ്യിത്ത് എന്ന നിലയിലാണ് അവിടെ മറവ് ചെയ്തതെന്നാണ് വിവരം. അങ്ങനെ ഒരു സാങ്കേതിക പ്രശ്നം നിലനില്‍ക്കുന്നതിനാല്‍ മരണസര്‍ട്ടിഫിക്കറ്റ് കിട്ടുമോയെന്ന സംശയമാണ് അധികൃതര്‍ ഉയര്‍ത്തുന്നത്.

സി.കെ.എ.ജബ്ബാര്‍
madhyamam

No comments:

Blog Archive