var addthis_config = { data_track_addressbar: true, data_track_addressbar_paths: [ "/blog/posts/*", "/faq/*" ] }

Sunday, December 27, 2009

ക്രിസ്മസിന് കേരളം കുടിച്ചത് 44.30 കോടിയുടെ വിദേശമദ്യം

Sunday, December 27, 2009
തിരുവനന്തപുരം: ക്രിസ്മസ് ആഘോഷിക്കാന്‍ രണ്ടു ദിവസം കേരളം കുടിച്ചത് 44.30 കോടി രൂപയുടെ വിദേശമദ്യം. സംസ്ഥാനത്തെ ബിവറേജസ് കോര്‍പറേഷന്‍ (ബെവ്‌കോ) ഔട്ട്‌ലെറ്റുകള്‍ വഴി ക്രിസ്മസ് ദിനത്തിലും തലേന്നും വിറ്റ മദ്യത്തിന്റെ കണക്കാണിത്. ഇതിന് പുറമെയാണ് വ്യാജമദ്യവും കള്ളും ബാറിലൂടെയുള്ള മദ്യ ഉപഭോഗവുമെല്ലാം. തിരുവോണത്തിന് 'കുടി'യില്‍ പിന്നാക്കം പോയ ചാലക്കുടി നാല് മാസം കൊണ്ട് കരുനാഗപ്പള്ളിയില്‍ നിന്ന് ഒന്നാംസ്ഥാനം തിരിച്ചുപടിച്ചു.
കഴിഞ്ഞവര്‍ഷം ക്രിസ്മസ് നാളിലും തലേന്നും ബിവറേജസ് കോര്‍പറേഷന്‍ ഔട്ട്‌ലെറ്റുകള്‍ വഴി വിറ്റ തിനേക്കാള്‍ ഇത്തവണ 35 ശതമാനത്തോളം വര്‍ധനയുണ്ടെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു.
24 ന് 28 കോടി രൂപയുടേയും ക്രിസ്മസ് ദിനത്തില്‍ 16.30 കോടിയുടേയും മദ്യമാണ് ബിവറേജസ് ഔട്ട്‌ലെറ്റുകളിലൂടെ വിറ്റത്. കഴിഞ്ഞ ക്രിസ്മസ് തലേന്ന് 22.05 കോടിയുടേയും ക്രിസ്മസ് ദിനത്തില്‍ 13.70 കോടിയും ഉള്‍പ്പെടെ 35.75 കോടിയുടെ മദ്യമാണ് വിറ്റത്. കഴിഞ്ഞവര്‍ഷത്തേക്കാള്‍ 8.55 കോടി രൂപയുടെ മദ്യമാണ് ഇത്തവണത്തെ ക്രിസ്മസ് ദിനത്തില്‍ കൂടുതല്‍ വിറ്റത്. തിരുവോണത്തിന് കേരളം കുടിച്ചതിനേക്കാള്‍ വളരെക്കൂടുതലാണ് ക്രിസ്മസിന് കേരളീയര്‍ ഉപയോഗിച്ചത്. തിരുവോണനാളില്‍ 22.08 കോടിയുടെ മദ്യമാണ് കോര്‍പറേഷന്‍ വിറ്റത്.
ക്രിസ്മസ് തലേന്ന് 20.74 ലക്ഷത്തിന്‍േറയും 25 ന് 11.93 ലക്ഷത്തിന്‍േറയും മദ്യം വാങ്ങി ആഘോഷിച്ച് കുടിയില്‍ തങ്ങള്‍ തന്നെ കേമന്‍മാരെന്ന് ചാലക്കുടിക്കാര്‍ തെളിയിച്ചു. തിരുവോണനാളില്‍ 15.98 ലക്ഷം രൂപയുടെ മദ്യം കരുനാഗപ്പള്ളിയിലും 14.98 ലക്ഷം രൂപയുടെ മദ്യം ചാലക്കുടിയിലും വിറ്റഴിച്ചിരുന്നു. ക്രിസ്മസ് തലേന്ന് ചാലക്കുടിക്ക് പിന്നിലായി മദ്യം വിറ്റത് ഇരിങ്ങാലക്കുടയിലും അങ്കമാലിയിലുമായിരുന്നു. ഇരിങ്ങാലക്കുടയില്‍ 13 ലക്ഷത്തിന്‍േറയും അങ്കമാലിയില്‍ 11.93 ലക്ഷത്തിന്‍േറയും മദ്യം ചെലവായി. ക്രിസ്മസ് ദിനത്തില്‍ മണ്ണുത്തി 10.36 ലക്ഷത്തിന്റെയും ആമ്പല്ലൂര്‍ ഒമ്പത് ലക്ഷത്തിന്റെയും മദ്യം വിറ്റ് രണ്ടും മൂന്നും സ്ഥാനത്തെത്തി. ബിവറേജസ് കോര്‍പറേഷന്റെ വില്‍പന വര്‍ധിച്ചെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നതെന്ന് അധികൃതര്‍ പറയുന്നു. വ്യാജമദ്യം തടയാന്‍ സാധിച്ചതും കുറഞ്ഞവിലയ്ക്ക് നിലവാരമുള്ള മദ്യം വിറ്റതുമാണ് വിപണനം വര്‍ധിക്കാന്‍ കാരണമെന്നും അവര്‍ ചൂണ്ടിക്കാട്ടുന്നു.
എന്നാല്‍ വിലകൂടിയ ബ്രാന്‍ഡ് മദ്യങ്ങള്‍ കൂടുതല്‍ വിറ്റതിനാലാണ് ബിവറേജസ് കോര്‍പറേഷന്റെ വില്‍പനയില്‍ വര്‍ധനയുണ്ടായതെന്ന ആരോപണവുമുണ്ട്. ഈ രീതിയില്‍ പോയാല്‍ ഈ സാമ്പത്തികവര്‍ഷം ബിവറേജസ് കോര്‍പറേഷന്റെ വില്‍പന 5300 കോടി കഴിയുമെന്നാണ് പ്രതീക്ഷ. കഴിഞ്ഞ സാമ്പത്തികവര്‍ഷം ഇത് 4631 കോടിയായിരുന്നു. അടുത്ത സാമ്പത്തികവര്‍ഷം 6,000 കോടിയുടെ വില്‍പനയാണ് ബെവ്‌കോ പ്രതീക്ഷിക്കുന്നത്.

madhyamam

No comments:

Blog Archive