var addthis_config = { data_track_addressbar: true, data_track_addressbar_paths: [ "/blog/posts/*", "/faq/*" ] }

Friday, December 18, 2009

പിരിമുറുക്കത്തിന്റെ മണിക്കൂറുകള്‍; ഒടുവില്‍ നാടകീയ അറസ്റ്റ്

Friday, December 18, 2009
കൊച്ചി: ഇന്നലെ പിരിമുറുക്കത്തിന്റെ ദിനമായിരുന്നു കൊച്ചി നഗരത്തിന്. ഒടുവില്‍ സൂഫിയ മഅ്ദനിയെ നാടകീയമായി അറസ്റ്റ് ചെയ്തതോടെ കേരളത്തെ ആകാംക്ഷയുടെ മുള്‍മുനയില്‍ നിര്‍ത്തിയ സംഭവങ്ങള്‍ക്ക് പരിസമാപ്തിയായി.

സൂഫിയയും ഏതാനും വനിതകളും കറുത്ത സ്‌കോര്‍പിയോയില്‍ അന്‍വാര്‍ശേരിയില്‍ നിന്ന് പുറപ്പെട്ടതായി രാവിലെ ഏഴരയോടെയാണ് എറണാകുളം പൊലീസിന് വിവരം ലഭിക്കുന്നത്. താമസിയാതെ ദൃശ്യമാധ്യമങ്ങള്‍ വാര്‍ത്ത പുറത്തുവിട്ടു. അതോടെ അഭ്യൂഹങ്ങള്‍ തുടങ്ങി. മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളുമെന്ന് ഉറപ്പായതോടെ സൂഫിയ, കളമശേരി ബസ് കത്തിക്കല്‍ കേസ് പരിഗണിക്കുന്ന ആലുവ കോടതിയിലെത്തി കീഴടങ്ങാന്‍ അവിടേക്കാണ് എത്തുകയെന്നായിരുന്നു ആദ്യ പ്രചാരണം.

സൂഫിയ പുറപ്പെട്ടതറിഞ്ഞ് മഅ്ദനിയുടെ കലൂര്‍ കറുകപ്പിള്ളിയിലെ വീടിന് മുന്നില്‍ മഫ്തിയില്‍ പൊലീസ് നിരന്നു. ഒമ്പതരയോടെയാണ് രണ്ട് വാഹനങ്ങളിലായി സൂഫിയയും സഹായികളും പി.ഡി.പി വര്‍ക്കിങ് ചെയര്‍മാന്‍ പൂന്തുറ സിറാജും സംഘവുമൊത്ത് കലൂരിലെ വീട്ടിലെത്തിയത്. ഇതോടെ മാധ്യമപ്പടയും വീടിന് മുന്നില്‍ തമ്പടിച്ചു. തല്‍സമയ സംപ്രേഷണവുമായി ദൃശ്യമാധ്യമങ്ങളുടെ ഒ.ബി വാനുകളും രംഗം കൈയടക്കി. പി.ഡി.പി പ്രവര്‍ത്തകരും പരിസരവാസികളും വീടിന് മുന്നില്‍ കൂട്ടംകൂടി.
പത്തോടെ, പൊലീസ് കമാന്‍ഡോ വിഭാഗം വീടിന് അരക്കിലോമീറ്റര്‍ അകലെ കലൂരിലെത്തി ക്യാമ്പുചെയ്തു. 123 ാമത്തെ ഇനമായി 11 ഓടെയാണ് ഹൈ കോടതി സൂഫിയയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുകയെന്ന് അതിനിടെ വിവരം ലഭിച്ചു. ഉച്ചക്കുമുമ്പ് കേസില്‍ വിധിയുണ്ടാകുമെന്ന സൂചനയും ഉയര്‍ന്നു.

വിധി വന്നാലുടന്‍ സൂഫിയ വീട്ടില്‍ നിന്നിറങ്ങി കേസ് പരിഗണിക്കുന്ന ആലുവ ഒന്നാം ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ കീഴടങ്ങുമെന്നും ചിലര്‍ 'ആധികാരിക വിവരം' നല്‍കി. അതോടെ, ഈ നീക്കം തടയാനുള്ള ശ്രമത്തിലായി പൊലീസ്. സൂഫിയ കോടതിയില്‍ കീഴടങ്ങുന്നത് ഒരു കാരണവശാലും അനുവദിക്കില്ലെന്നും അതിനുമുമ്പ് അവരെ അറസ്റ്റുചെയ്യുമെന്നും പൊലീസ് വൃത്തങ്ങള്‍ മാധ്യമങ്ങളോട് വ്യക്തമാക്കി. മാത്രമല്ല, മഅ്ദനിയുടെ വീടിന് സമീപത്തേക്ക് വരികയും പോവുകയും ചെയ്യുന്ന വാഹനങ്ങളും നിരീക്ഷിച്ചു തുടങ്ങി.

11 മണിക്ക് കോടതി കേസ് പരിഗണക്കെടുത്തതോടെ പിരിമുറുക്കം വര്‍ധിച്ചു. ഉച്ചക്ക് മുമ്പായിരുന്നു സൂഫിയയുടെ അഭിഭാഷകന്റെ വാദം. ബസ് കത്തിക്കല്‍ പ്രതിഷേധ പ്രകടനത്തിന്റെ ഭാഗമായി സംഭവിക്കാവുന്നതാണെന്ന് തെലുങ്കാന സമരത്തിലെ ബസ് കത്തിക്കല്‍ ഉദാഹരിച്ച് അഭിഭാഷകന്‍ വാദമുയര്‍ത്തിയതറിഞ്ഞ് പാര്‍ട്ടി പ്രവര്‍ത്തകര്‍ പ്രതീക്ഷയിലായി. കോടതി ഉച്ചഭക്ഷണത്തിന് പിരിഞ്ഞതോടെ, വീടിന് മുന്നില്‍ കൂടിനിന്ന പ്രവര്‍ത്തകരില്‍ നല്ലൊരു പങ്കും മാറി.
രണ്ടുമണിക്ക് വീണ്ടും കോടതി ചേര്‍ന്നപ്പോഴായിരുന്നു സര്‍ക്കാര്‍ ഭാഗം അഭിഭാഷകന്റെ വാദം. കേസില്‍ സൂഫിയക്ക് പങ്കുണ്ടെന്നതിന് വ്യക്തമായ തെളിവുണ്ടെന്ന് പ്രോസിക്യൂഷന്‍ ശക്തമായ നിലപാടെടുത്തതോടെയാണ് സര്‍ക്കാറും തങ്ങളെ കൈവിട്ടതായി പി.ഡി.പി പ്രവര്‍ത്തകര്‍ക്ക് ബോധ്യമായത്. അതോടെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളുമെന്ന് ഏറക്കുറെ ഉറപ്പായി. മൂന്നോടെ സര്‍ക്കാര്‍ വാദം കഴിഞ്ഞപ്പോള്‍തന്നെ പ്രവര്‍ത്തകരുടെ മുഖത്ത് മ്ലാനത വ്യക്തമായി. മഅ്ദനിയുടെ വീടിന് മുന്നിലെ അന്തരീക്ഷവും മൂകമായി. ജില്ലയുടെ വിവിധ ഭാഗങ്ങളില്‍നിന്ന് കൂടുതല്‍ പ്രവര്‍ത്തകരും എത്തി.

4.15ന് വിധിയുണ്ടാകുമെന്ന് അറിയിപ്പ് ലഭിച്ചതോടെ പിരിമുറുക്കം വര്‍ധിച്ചു. നേതാക്കള്‍ വീടിനകത്തേക്കും പുറത്തേക്കും തിരക്കിട്ട് നീങ്ങുന്നതും കാണാമായിരുന്നു.
കലൂരില്‍ തമ്പടിച്ച പൊലീസ് സേനയും കറുകപ്പിള്ളിയിലേക്ക് നീങ്ങി. നാലുമണിയോടെ പ്രാദേശിക നേതാക്കള്‍ പുറത്തെത്തി, മഅ്ദനിയുടെ വീടിന് സമീപത്തുനിന്ന് പ്രവര്‍ത്തകര്‍ അകലേക്ക് മാറണമെന്ന് ആവശ്യപ്പെട്ടു. വര്‍ക്കിങ് ചെയര്‍മാന്റെ നിര്‍ദേശമാണിതെന്നും പ്രവര്‍ത്തകര്‍ എന്ന വ്യാജേന മറ്റുള്ളവര്‍ നുഴഞ്ഞുകയറി പ്രശ്‌നമുണ്ടാക്കാതിരിക്കാനുള്ള മുന്‍കരുതലാണിതെന്നും അവര്‍ വിളിച്ചുപറഞ്ഞു.

4.18നാണ് ഏറെ ഉത്കണ്~ പരത്തിയ വാര്‍ത്ത പുറത്തുവന്നത്; സൂഫിയയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി തള്ളി. അഞ്ചുമിനിറ്റിനകം എറണാകുളം സിറ്റി അസി. കമീഷണര്‍ സുനില്‍ ജേക്കബ് മഅ്ദനിയുടെ വീടിന് സമീപത്ത് എത്തി. ഉടന്‍ അറസ്റ്റ് നടക്കുമെന്നും അന്വേഷണത്തിന് നേതൃത്വം നല്‍കുന്ന സിറ്റി പൊലീസ് കമീഷണറുടെ നിര്‍ദേശം കാക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി. അതിനകം, ഗേറ്റിനകത്ത് പാര്‍ക്ക് ചെയ്തിരുന്ന കറുത്ത സ്‌കോര്‍പിയോ വാഹനത്തില്‍ സൂഫിയയും രണ്ട് സഹായികളും ഇരിപ്പുറപ്പിച്ചിരുന്നു.

ഗേറ്റിന് വെളിയിലെത്തിയ പി.ഡി.പി വര്‍ക്കിങ് ചെയര്‍മാന്‍ പൂന്തുറ സിറാജ് 'കോടതിവിധിക്ക് വഴങ്ങണമെന്നത് അബ്ദുന്നാസിര്‍ മഅ്ദനിയുടെ തീരുമാനമാണെന്നും വീടിന് മുന്നിലെ പ്രവര്‍ത്തകര്‍ രണ്ടുവരിയായി ഒഴിഞ്ഞുനിന്ന് പൊലീസ് സംഘത്തിന് വഴിയൊരുക്കണമെന്നത് അദ്ദേഹത്തിന്റെ നിര്‍ദേശമാണെന്നും വിളിച്ചുപറഞ്ഞു. നാലരയോടെ സിറ്റി പൊലീസ് കമീഷണറുടെ നിര്‍ദേശമെത്തി. ഉടന്‍ വനിതാ പൊലീസിന്റെ അകമ്പടിയോടെ ഗേറ്റിനകത്തേക്ക് പോയ അസി. കമീഷണര്‍ അറസ്റ്റ് രേഖപ്പെടുത്തി.
പി.ഡി.പി നേതാക്കളുടെ സഹായത്തോടെ വഴിയൊരുക്കിയ പൊലീസ് സംഘം കൊല്ലത്തുനിന്നെത്തിയ സ്‌കോര്‍പിയോയില്‍തന്നെ സൂഫിയയെ കൊണ്ടുപോയി. മഅ്ദനിക്കും സൂഫിയക്കും സിന്ദാബാദ് വിളിച്ച് സൂഫിയയെ യാത്രയാക്കിയ പ്രവര്‍ത്തകര്‍ രമേശ് ചെന്നിത്തലക്കെതിരായ മുദ്രാവാക്യങ്ങളും മുഴക്കി. സൂഫിയയും സംഘവും പോയതോടെ പൊലീസ് കമാന്‍ഡോകളും രംഗമൊഴിഞ്ഞു.
madhyamam

No comments:

Blog Archive