var addthis_config = { data_track_addressbar: true, data_track_addressbar_paths: [ "/blog/posts/*", "/faq/*" ] }

Sunday, December 6, 2009

തീരാകളങ്കത്തിന്റെ നീറുന്ന ഓര്‍മ

Sunday, December 6, 2009
സയ്യിദ് ഷഹാബുദ്ദീന്‍

വര്‍ഗീയശക്തികള്‍ ബാബരി മസ്ജിദ് നിലംപരിശാക്കിയ 1992 ഡിസംബര്‍ ആറിനെ ഇരുണ്ടദിനമായി ചരിത്രം രേഖപ്പെടുത്തിക്കഴിഞ്ഞു. ആ ദിവസം തീരാകളങ്കമാണ് രാജ്യത്തിന് സമ്മാനിച്ചത്. അന്നത്തെ ദേശീയ നേതാക്കളെ മതിപ്പോടെ രേഖപ്പെടുത്താനും ചരിത്രകാരന്മാര്‍ക്ക് സാധിക്കില്ല. ഭരണഘടനാപരമായ ബാധ്യതകള്‍ നിര്‍വഹിക്കാന്‍ തല്‍പരനല്ലാത്ത, കാര്യക്ഷമതയില്ലാത്ത ഒരു പ്രധാനമന്ത്രിക്കു കീഴിലായിരുന്നു അന്നത്തെ ഭരണം. വര്‍ഗീയവത്കരണത്തിലൂടെ അധികാരംകൊയ്യാന്‍ മുഷ്കോടെ ഇറങ്ങിത്തിരിച്ച അസഹിഷ്ണുതയുടെ ശക്തികള്‍ യഥേഷ്ടം അവരുടെ ഹീനതന്ത്രങ്ങള്‍ നടപ്പാക്കുകയും ചെയ്തു. സ്വയം മതേതരര്‍ എന്നു വിളിക്കുന്ന പല കക്ഷികളും നിസ്സംഗരായ കാഴ്ചക്കാരായി നോക്കിനില്‍ക്കുകയും ചെയ്തു.

അന്യ ഉടമസ്ഥതയിലുള്ള ഏതെങ്കിലും സ്ഥലം പിടികൂടി അവിടെ ദേവാലയം പണിയാന്‍ ഇസ്ലാമിക ശരീഅത്ത് ആരെയും അനുവദിക്കുന്നില്ല. ഒരിക്കല്‍ ഒരിടത്ത് നിര്‍മിച്ച മസ്ജിദിനെ കൈയൊഴിയാനും അത് അനുവാദം നല്‍കുന്നില്ല. തകര്‍ക്കപ്പെട്ട ശേഷവും ബാബരി മസ്ജിദ് നിലനില്‍ക്കുകയാണ്. കാരണം, മസ്ജിദ് എന്നാല്‍, പ്രാര്‍ഥനക്കായി നിര്‍ണയിക്കപ്പെട്ട സൈറ്റ് അഥവാ സ്ഥലമാണ്. കെട്ടിടത്തിന്റെ കല്ലും മണ്ണുമല്ല, ആ സ്ഥലം നശിപ്പിക്കാന്‍ സാധിക്കില്ല.
ബാബരിയുടെ സ്ഥലത്തിന്റെ കൈവശാവകാശത്തെ സംബന്ധിച്ച തര്‍ക്കത്തില്‍ അലഹബാദ് കോടതിയുടെ സ്പെഷല്‍ ബെഞ്ച് പരിശോധന തുടരുകയാണ്. കോടതിവിധി വന്നശേഷം അനുകൂല വിധി ലഭിക്കുന്നവര്‍ക്ക് അവിടെ ദേവാലയം നിര്‍മിക്കാം. അതോടൊപ്പം, സുപ്രീം കോടതി നിര്‍ദേശിച്ച മാര്‍ഗരേഖയും പാലിക്കണം. വിധി പ്രതികൂലമായ വിഭാഗത്തിനു സമീപത്തെ അക്വയര്‍ ചെയ്ത ഭൂമിയില്‍ അവരുടെ ആരാധനാലയവും പണിയാമെന്നാണ് സുപ്രീം കോടതിയുടെ മാര്‍ഗരേഖ.

അനുകൂലമോ പ്രതികൂലമോ ആകട്ടെ, എന്തുതന്നെയായാലും അന്തിമ കോടതി വിധി മാനിക്കാന്‍ തയാറാണെന്ന് മുസ്ലിംകള്‍ ഇതിനകം സ്പഷ്ടമാക്കിക്കഴിഞ്ഞു. അതേസമയം, തങ്ങള്‍ക്ക് അനുകൂലമായാലേ കോടതിവിധിയെ മാനിക്കൂ എന്ന നിലപാടാണ് സംഘ്പരിവാര്‍ പ്രഖ്യാപിച്ചിട്ടുള്ളത്. ബി.ജെ.പിയുടെയും വിശ്വഹിന്ദു പരിഷത്തിന്റെയും മുതിര്‍ന്ന നേതാക്കള്‍ ഈ നിലപാട് ആവര്‍ത്തിച്ചു പ്രകടിപ്പിച്ചുകൊണ്ടിരിക്കുന്നു. എന്നാല്‍, ഭരണഘടനാപരമായ ബാധ്യതപ്രകാരം കോടതിവിധി നടപ്പാക്കുമെന്ന് വ്യക്തമായി പ്രഖ്യാപിക്കാന്‍ നിര്‍ഭാഗ്യവശാല്‍ കേന്ദ്ര സര്‍ക്കാര്‍ സന്നദ്ധമായിട്ടില്ല.

അനുരഞ്ജന സംഭാഷണങ്ങള്‍ വഴി പ്രശ്നപരിഹാരം എന്ന ആശയത്തില്‍ ഇപ്പോഴും കടിച്ചുതൂങ്ങുകയാണ് ചില ഹൈന്ദവ സംഘടനകള്‍. അതേസമയം, ഇതിനകം നിരവധി നീക്കുപോക്കു സംഭാഷണങ്ങള്‍ നടന്നുകഴിഞ്ഞിരിക്കുന്നു. മുസ്ലിം പക്ഷം ശ്രദ്ധേയമായ നിരവധി വിട്ടുവീഴ്ചാ ഓഫറുകള്‍ അവതരിപ്പിക്കുകയും ചെയ്തു. എന്നാല്‍, ബാബരി സൈറ്റ് ക്ഷേത്ര നിര്‍മാണത്തിനായി മുസ്ലിംകള്‍ പൂര്‍ണമായി വിട്ടുതരണം എന്ന ശാഠ്യത്തില്‍ ഉറച്ചുനില്‍ക്കുകയാണ് സംഘ്പരിവാരം. ബാബരി പള്ളി സ്ഥിതിചെയ്യുന്ന അതേ ഇടമാണ് ശ്രീരാമന്‍ ജനിച്ചത് എന്ന് സ്ഥാപിക്കുന്ന ഒരു തെളിവും സമര്‍പ്പിക്കാതെയാണ് ഈ ശാഠ്യം. ബാബറിന്റെ സൈനിക കമാന്‍ഡര്‍ മീര്‍ ബാഖി ഇവിടെ ഉണ്ടായതായി ആരോപിക്കപ്പെടുന്ന ക്ഷേത്രം തകര്‍ത്തു എന്ന ആരോപണം ബലപ്പെടുത്താനുള്ള തെളിവും ഇനിയും ഹാജരാക്കപ്പെട്ടിട്ടുമില്ല. ഇന്ത്യയിലെ നൂറുകണക്കിന് മസ്ജിദുകള്‍ക്കു നേരെയും സമാന മാതൃകയിലുള്ള അവകാശങ്ങള്‍ സംഘ്പരിവാരം ഉന്നയിച്ചുവരുന്നു.
വല്ലവിധേനയും ബാബരി മസ്ജിദിന്റെ ഉടമസ്ഥത മുസ്ലിംകള്‍ കൈവിട്ടാല്‍ തുടര്‍ന്ന് ഇതര മസ്ജിദുകള്‍ സ്വന്തമാക്കാനുള്ള സംഘര്‍ഷങ്ങള്‍ക്ക് അവര്‍ മടിക്കില്ലെന്ന് ലഭ്യമായ സര്‍വ സൂചനകളും സ്പഷ്ടമാക്കുന്നു.

ബാബരി കീഴ്പ്പെടുത്തി നശിപ്പിക്കാനുള്ള സംഘ്പരിവാര തന്ത്രം നേരത്തേതന്നെ വെളിപ്പെട്ടതായിരുന്നു. എന്നാല്‍, രാജ്യത്തെതന്നെ ധ്രുവീകരിക്കുന്ന, ജനാധിപത്യത്തെ ഹിംസിക്കുന്ന ആ നീക്കത്തെ പ്രതിരോധിക്കാന്‍ അധികാരവും ബാധ്യതയുമുണ്ടായിരുന്ന അന്നത്തെ പ്രധാനമന്ത്രി നിഷ്ക്രിയത നടിച്ചു. പക്ഷേ, അയാള്‍ക്ക് ലിബര്‍ഹാന്‍ കമീഷന്‍ ക്ലീന്‍ ചിറ്റ് നല്‍കിയിരിക്കുന്നു. വി.എച്ച്.പിക്കു വേണ്ടി നരസിംഹറാവു നടത്തിയ നിഗൂഢകര്‍മങ്ങളുടെ രഹസ്യങ്ങള്‍ ചരിത്രം ഒരിക്കല്‍ വെളിപ്പെടുത്താതിരിക്കില്ല. തങ്ങളുടെ ലക്ഷ്യങ്ങളോട് നരസിംഹറാവുവിന് അനുഭാവമുണ്ടായിരുന്നതായി വി.എച്ച്.പി നേതാവ് സിംഗാള്‍ ഇപ്പോഴേ വ്യക്തമാക്കിക്കൊണ്ടിരിക്കുന്നു.
അഞ്ചോളം നൂറ്റാണ്ടുകള്‍ പ്രാര്‍ഥന നിര്‍വഹിക്കപ്പെട്ടിരുന്ന ആരാധനാലയത്തിന്റെ തകര്‍ച്ച ചരിത്രത്തിന്റെ ഭാഗമായിക്കഴിഞ്ഞു. ബാബരി ഭൂമിയുടെ അവകാശത്തിന്മേലുള്ള കോടതിവിധി മുസ്ലിംകള്‍ക്ക് അനുകൂലമായി എന്നു കരുതുക. എന്നാല്‍പോലും അവിടെ പള്ളി പുനര്‍നിര്‍മിക്കാനോ വിധി നടപ്പാക്കാന്‍ സര്‍ക്കാറില്‍ സമ്മര്‍ദം ചെലുത്താനോ ഉള്ള രാഷ്ട്രീയ ശക്തിയോ അംഗബലമോ മുസ്ലിംകള്‍ക്ക് ഇല്ല. ആരാധനാലയം തകര്‍ക്കപ്പെട്ടിരിക്കുന്നു എന്ന യാഥാര്‍ഥ്യവുമായി പൊരുത്തപ്പെടുക എന്നതാണ് അവര്‍ക്കു മുന്നിലുള്ള ഏകവഴി. പള്ളി പുനര്‍നിര്‍മാണം ഒരു വിഷയമായി ഉയര്‍ത്തിക്കൊണ്ടുവരാന്‍ വിമുഖത തുടരുന്ന മതേതര കക്ഷികളോടും അവര്‍ക്ക് രാജിയാവുകയേ നിവൃത്തിയുള്ളൂ.

ഹൈന്ദവ ഫാഷിസ്റ്റുകള്‍ക്കും ബദല്‍മാര്‍ഗങ്ങളില്ല. മസ്ജിദ് തകര്‍ക്കപ്പെട്ട അതേ സൈറ്റില്‍ അമ്പലം നിര്‍മിക്കുന്നതിനോട് മുന്‍കാലത്തെ പിന്തുണ അവര്‍ക്ക് ലഭിക്കില്ല. ഒരുപക്ഷേ, ദേഷ്യം തീര്‍ക്കാനായി അവര്‍ മഥുര, വാരാണസി എന്നിവിടങ്ങളിലെ മസ്ജിദുകള്‍ പൊളിക്കണമെന്നാവശ്യപ്പെട്ടുള്ള പ്രക്ഷോഭ നീക്കങ്ങള്‍ ശക്തിപ്പെടുത്തിയേക്കും. ഹിന്ദുത്വയുടെ അഗ്നി കെടാതെ നിറുത്താന്‍ ഇത്തരം വൈകാരിക തീപ്പൊരികള്‍ അവര്‍ക്ക് ജ്വലിപ്പിച്ചു നിറുത്തേണ്ടതുണ്ട്.
വിശുദ്ധമായ ഒരു ആരാധനാലയം നിലംപരിശായി 17 വര്‍ഷം തികയുമ്പോള്‍ പുറത്തുവരുന്ന പലതും വിട്ടുകളഞ്ഞ ഒരു അപര്യാപ്ത അന്വേഷണ റിപ്പോര്‍ട്ടിന് എത്രമാത്രം പ്രസക്തി ഉണ്ടാകും? നന്നേ കുറവ് എന്നാണ് ഉത്തരം. പക്ഷേ, നമ്മുടെ മതേതരത്വത്തിന്റെയും ജനാധിപത്യത്തിന്റെയും ഭാവിസുരക്ഷക്ക് ഇത്തരം റിപ്പോര്‍ട്ടുകള്‍ വിലപ്പെട്ട സേവനമാകും. സര്‍ക്കാറിന് ഇച്ഛാശക്തിയുണ്ടെങ്കില്‍ കൂടുതല്‍ ദേവാലയ ധ്വംസനങ്ങള്‍ ഒഴിവാക്കി ഈ രാജ്യത്തെ വര്‍ഗീയ ഫാഷിസത്തില്‍നിന്ന് സംരക്ഷിക്കാം. ലിബര്‍ഹാന്‍ റിപ്പോര്‍ട്ടിന്റെ വെളിച്ചത്തില്‍ സര്‍ക്കാറിന് ചില സുപ്രധാന നടപടികള്‍ കൈക്കൊള്ളാമെന്ന് ഈ സന്ദര്‍ഭത്തില്‍ അഭ്യര്‍ഥിക്കട്ടെ. ലിബര്‍ഹാന്‍ റിപ്പോര്‍ട്ടില്‍ കടുത്ത വിമര്‍ശങ്ങള്‍ക്ക് ഇരയായ വി.എച്ച്.പി, ബജ്റംഗ്ദള്‍, ആര്‍.എസ്.എസ് തുടങ്ങിയ സംഘടനകള്‍ക്ക് പ്രവര്‍ത്തന വിലക്ക് പ്രഖ്യാപിക്കുക, സൈനിക സ്വഭാവമുള്ള എല്ലാ സംഘടനകളെയും നിരോധിക്കുക, ഭരണഘടനയുടെ അടിസ്ഥാന പ്രമാണങ്ങളെ വെല്ലുവിളിക്കുന്ന കക്ഷികളുടെ അംഗീകാരം റദ്ദാക്കുക. പക്ഷേ, ഇത്തരം ധീരതീരുമാനങ്ങള്‍ കൈക്കൊള്ളാന്‍ ഈ ഗവണ്‍മെന്റിന് മനോബലവും ഇച്ഛാശക്തിയുമുണ്ടോ?
(ബാബരി മസ്ജിദ് മൂവ്മെന്റ് കോ^ഓഡിനേഷന്‍ കമ്മിറ്റി കണ്‍വീനറാണ് ലേഖകന്‍)
madhyamam

No comments:

Blog Archive