var addthis_config = { data_track_addressbar: true, data_track_addressbar_paths: [ "/blog/posts/*", "/faq/*" ] }

Friday, December 18, 2009

തീവ്രവാദം: രാഷ്ട്രീയ താല്‍പര്യങ്ങള്‍ പുകമറ നിറക്കുന്നു

Thursday, December 17, 2009
വയലാര്‍ ഗോപകുമാര്‍


ഒരു സമുദായത്തെ പുകമറക്കുള്ളില്‍ നിറുത്തി രാഷ്ട്രീയ താല്‍പര്യങ്ങള്‍ അഴിഞ്ഞാടുന്നു. ഇടതുവലതു രാഷ്ട്രീയങ്ങള്‍ക്കിടയില്‍ ഒരു സമുദായത്തിന്റെ ആത്മനൊമ്പരങ്ങളെക്കുറിച്ചറിയാതെ വാര്‍ത്തകളും പ്രചാരണങ്ങളും അരങ്ങുതകര്‍ക്കുമ്പോള്‍ കേരളത്തിന്റെ മതേതര സ്വഭാവമാണ് ചോദ്യചിഹ്നത്തിനുമുന്നില്‍ പകച്ചുനില്‍ക്കുന്നത്. കുറ്റം ചെയ്തവരുണ്ടെങ്കില്‍ അവര്‍ക്കെതിരെ നടപടികൈക്കൊള്ളുക എന്നതിലുപരി പ്രചാരണപരമായ പ്രത്യേക താല്‍പര്യങ്ങളാണ് രാഷ്ട്രീയ പാര്‍ട്ടികളും ചില മാധ്യമങ്ങളും അഴിച്ചുവിടുന്നത്.

രാജ്യരക്ഷക്കെതിരായ പ്രവര്‍ത്തനം നടന്നിട്ടുണ്ടെങ്കില്‍ കുറ്റവാളികള്‍ ശിക്ഷിക്കപ്പെടണമെന്നകാര്യത്തില്‍ രാജ്യസ്‌നേഹികളാരും എതിരുനില്‍ക്കില്ല. നിന്നിട്ടുമില്ല. എന്നാല്‍ ചില കുറ്റവാളികളുടെ അറസ്റ്റിന്റെ പേരില്‍ നടക്കുന്ന പ്രചാരണങ്ങള്‍ ഒരുസമുദായത്തെയാകെ സംശയത്തിന്റെ മുനയില്‍ നിറുത്തത്തക്ക വിധം വളര്‍ന്നുപോകുന്നു. ഒരിക്കല്‍ ഐ.എസ്.ആര്‍.ഒ ചാരക്കേസിന്റെ പേരില്‍ നടന്ന പ്രചാരണങ്ങള്‍ ഉണ്ടാക്കിയ നഷ്ടവും ഒരു മഹത്തായ സ്ഥാപനത്തിനേറ്റ കളങ്കവും വിസ്മരിക്കപ്പെടാവുന്നതല്ല. കെ. കരുണാകരനെതിരായുണ്ടായ രാഷ്ട്രീയ നീക്കങ്ങളുടെ പേരില്‍ ഐ.എസ്.ആര്‍.ഒക്ക് സല്‍പ്പേരിനൊപ്പം നഷ്ടമായത് ഒന്നാംകിട ശാസ്ത്രജ്ഞരെയായിരുന്നു. ആ ശാസ്ത്രജ്ഞര്‍ക്കാകട്ടെ, അവരുടെ സാമൂഹിക ജീവിതവും കുടുംബ ബന്ധങ്ങളും മാന്യതയുമൊക്കെ നഷ്ടമായി. രാജ്യത്തിന് ഒട്ടേറെ സംഭാവന നല്‍കാന്‍ ത്രാണിയുണ്ടായിരുന്ന അവര്‍ എത്രപെട്ടെന്നാണ് വിസ്മൃതരായത്.

ഇപ്പോള്‍ നടക്കുന്ന പ്രചാരണങ്ങളില്‍ വലതുപക്ഷം കണ്ണുവെക്കുന്നത് സി.പി.എമ്മിനെയായിരിക്കാം. സി.പി.എമ്മിന് ന്യൂനപക്ഷ സമുദായങ്ങള്‍ക്കിടയില്‍ ഇടക്കാലത്തുണ്ടായ സ്വാധീനം പ്രതിപക്ഷത്തെ ഏറെക്കാലമായി അലോസരപ്പെടുത്തുന്നുണ്ട്. കഴിഞ്ഞ നിയമസഭാ പൊതുതെരഞ്ഞെടുപ്പിലാണ് ആദ്യമായി ഈ സ്വാധീനം വ്യക്തമായത്. പിന്നീട് സി.പി.എമ്മിനുണ്ടായ ക്ഷീണം ലോക്‌സഭാതെരഞ്ഞെടുപ്പില്‍ പ്രതിഫലിച്ചെങ്കിലും ന്യൂനപക്ഷങ്ങള്‍ക്കിടയില്‍ അവര്‍ക്കുണ്ടായ വേരോട്ടം നിലനില്‍ക്കുന്നു എന്നു തന്നെയാണ് വിലയിരുത്തല്‍. മാത്രമല്ല, ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സി.പി.എമ്മിന്റെ ന്യൂപക്ഷ അനുകൂല നിലപാട് ചര്‍ച്ചാവിഷയമാക്കാനും സവര്‍ണ വോട്ടുകള്‍ അതുവഴി സമാഹരിക്കാനും കോണ്‍ഗ്രസ് നേതൃത്വം ശ്രമിച്ചിരുന്നു. അബ്ദുന്നാസിര്‍ മഅ്ദനിയുമായി മലപ്പുറത്ത് പിണറായി വിജയന്‍ വേദി പങ്കിട്ടതാണ് അതിന് തെളിവായി യു.ഡി.എഫ് ഉപയോഗിച്ചത്. ഈ പ്രചാരണം കുറെയൊക്കെ വിജയിച്ചുവെന്നുവേണം കരുതാന്‍.

ഈ വിജയമാണ്, ബി.ജെ.പിയൊടൊപ്പം ചേര്‍ന്ന് പുതിയ പ്രചാരണങ്ങള്‍ക്ക് തിരികൊളുത്താന്‍ യു.ഡി.എഫിനെ പ്രേരിപ്പിച്ചതെന്നും കാണാം. തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ് അടുത്തുവരികയാണ്. അതിലേക്കുള്ള കരുതലാകാം ആര്‍.എസ്.എസിനെ തോല്‍പ്പിക്കുന്നവിധം ആരോപണങ്ങള്‍ ഉന്നയിക്കാനും പ്രചാരണം നടത്താനും യുഡി.എഫിനെ പ്രേരിപ്പിക്കുന്നത്. തദ്ദേശ തെരഞ്ഞെടുപ്പില്‍ ആയിരമോ രണ്ടായിരമോ വോട്ടര്‍മാര്‍ മാത്രം വരുന്ന വാര്‍ഡുകളില്‍ കുറഞ്ഞ വോട്ടുകള്‍ പോലും നിര്‍ണായകമാണ്. അതിനാല്‍ ന്യൂനപക്ഷങ്ങളില്‍നിന്ന് ഇടതുപക്ഷത്തെ അകറ്റിനിര്‍ത്താന്‍ പ്രേരിപ്പിക്കുന്നതിനോടൊപ്പം മറ്റ് സമുദായങ്ങളെയും അവരില്‍ നിന്നകറ്റുക എന്ന തന്ത്രവും ഈ പ്രചാണങ്ങള്‍ക്ക് പിന്നിലുണ്ട്.

അബ്ദുന്നാസിര്‍ മഅ്ദനിയെ ചുറ്റിയുള്ള പ്രചാരണങ്ങളാണിപ്പോള്‍ പ്രധാനമായും സി.പി.എമ്മിനെതിരെ വന്നിട്ടുള്ളത്. മഅ്ദനി ഒരു ദശാബ്ദം വിചാരണത്തടവുകാരനായി ജയിലില്‍ കിടന്നയാളാണ്. അവസാനം ഒരു കുറ്റവും ആരോപിക്കപ്പെടാതെ കുറ്റവിമുക്തനായി പുറത്തുവന്നപ്പോള്‍ നഷ്ടമായത് യൗവനവും ജീവിതവും ഒരുവലിയ രാഷ്ട്രീയ കാലഘട്ടവുമാണ്. അങ്ങനെയുള്ള ഒരാള്‍ക്കെതിരെ പുതിയ ആരോപണങ്ങള്‍ വരുമ്പോള്‍ അത് വസ്തുനിഷ്~മാണെന്ന് ജനങ്ങളെ ബോധ്യപ്പെടുത്താനുള്ള ഉത്തരവാദിത്തം അന്വേഷണ ഉദ്യോഗസ്ഥര്‍ക്കുണ്ട്. അതിലെ കല്ലും നെല്ലും തിരിഞ്ഞു കാട്ടിക്കൊടുക്കാനുള്ള പ്രതിബദ്ധതയാണ് രാഷ്ട്രീയ പാര്‍ട്ടികള്‍ക്കുണ്ടാകേണ്ടത്. മഅ്ദനിയുടെ നിരപരാധിത്വം തെളിയിക്കാന്‍ അദ്ദേഹത്തെക്കൊണ്ട് രാഷ്ട്രീയ ലാഭമുണ്ടായ കാലഘട്ടങ്ങളില്‍ ഉമ്മന്‍ ചാണ്ടിയും യു.ഡി.എഫും പരിശ്രമിച്ചിട്ടുള്ളതാണ്. അതുകൊണ്ടുതന്നെ ഇപ്പോള്‍ പുതിയ ആരോപണങ്ങളെ ഉന്നയിക്കുമ്പോള്‍ അതിന് വിശ്വാസ്യത ചോര്‍ന്നു പോകുന്നു.

അതിലുപരിയായി സാമുദായികമായി പാര്‍ശ്വവത്കരിക്കപ്പെടുന്ന അവസ്ഥയിലേക്ക് പ്രചാരണങ്ങളെ കൊണ്ടുചെന്നെത്തിക്കുന്നത് ഏറെ ഗുരുതരമായ ഭവിഷ്യത്തുകളുണ്ടാക്കുമെന്ന കാര്യം ഉത്തരവാദപ്പെട്ട രാഷ്ട്രീയ കക്ഷികള്‍ മറന്നുപോകുന്നു. അന്വേഷണം അതിന്റെ വഴിക്കുനടക്കട്ടെ. അത് രാഷ്ട്രീയലാഭങ്ങള്‍ക്ക് ഉപയോഗിക്കുന്നത്, ഐ.എസ്.ആര്‍.ഒക്ക് ഉണ്ടാക്കിക്കൊടുത്ത അപവാദത്തെക്കാള്‍ എത്രയോ ഗുരുതരവും ദൂരവ്യാപകവുമായ ദൂഷ്യഫലങ്ങളായിരിക്കും സംസ്ഥാനത്തിനുണ്ടാക്കുക.
madhyamam

No comments:

Blog Archive