var addthis_config = { data_track_addressbar: true, data_track_addressbar_paths: [ "/blog/posts/*", "/faq/*" ] }

Saturday, December 5, 2009

ബാബരി ധ്വംസനത്തിന്റെ ലിബര്‍ഹാന്‍ കാഴ്ചകള്‍-9

ലിബര്‍ഹാന്റെ നിരീക്ഷണങ്ങള്‍
Saturday, December 5, 2009
എം.സി.എ. നാസര്‍

ബാബരി മസ്ജിദ് ധ്വംസനം നടന്ന് പതിനേഴ് വര്‍ഷം പിന്നിടുമ്പോള്‍ ഇന്ത്യന്‍ ജനതക്കൊപ്പം ലിബര്‍ഹാനും ആ ചോദ്യം ഉയര്‍ത്തുന്നു^ ഇന്ത്യന്‍ മതേതരത്വത്തിന് എന്തുപറ്റി? ഭൂരിപക്ഷം, ന്യൂനപക്ഷം എന്നീ സംജ്ഞകള്‍ നിര്‍ധാരണം ചെയ്തുകൊണ്ട് നമ്മുടെ മതേതര ഘടനയുടെ ശക്തി ദൌര്‍ബല്യങ്ങള്‍ ഏറ്റവും ശക്തമായി വരച്ചിടുന്നു എന്നതാണ് കമീഷന്‍ റിപ്പോര്‍ട്ടിനെ വ്യതിരിക്തമാക്കുന്ന നിരവധി ഘടകങ്ങളിലൊന്ന്. ഒരു സാധാരണ പൌരന്റെ വിഹ്വലതകള്‍ തുടിക്കുന്ന മനസ്സോടെയാണ് മതേതര ഇന്ത്യയിലൂടെ ലിബര്‍ഹാന്‍ നടത്തുന്ന വിശകലനയാത്ര.

ഇന്ത്യ ഒരുനിലക്കും മതേതര സവിശേഷതയോടെ നില്‍ക്കരുതെന്ന ശാഠ്യമാണ് ഹൈന്ദവ വര്‍ഗീയതയുടെ അധികാരദാഹത്തിനും ബാബരി ധ്വംസനത്തിനും വഴിയൊരുക്കുന്നതില്‍ മുഖ്യ പങ്കുവഹിച്ചതെന്ന് കമീഷന്‍ കണ്ടെത്തുന്നു ''ഹിന്ദുമതമാകുന്ന ദേശീയധാരയില്‍ ഇഴുകിച്ചേരാതെ സ്വതന്ത്രമായി ജീവിക്കാന്‍ മുസ്ലിം, ക്രിസ്ത്യന്‍ വിഭാഗങ്ങളെ അനുവദിക്കരുത്^ ആര്‍.എസ്.എസ് അംഗമായ ദീന്‍ദയാല്‍ ഉപാധ്യായയുടെ ഈ ചിന്തയാണ് അദ്വാനിയും സുഹൃത്തുക്കളും കടംകൊണ്ടത്. കാവിസംഘം ഉദ്ഘോഷിക്കുന്നത് ഭൂരിപക്ഷ മതത്തിന്റെ ധാര്‍ഷ്ട്യവും ന്യൂനപക്ഷാദി വിഭാഗങ്ങളുടെ വിധേയത്വവുമാണെന്ന് കമീഷന്‍ വരച്ചിടുന്നു.

ഡിസംബര്‍ ആറിന്റെ പശ്ചാത്തലത്തില്‍ മൂന്ന് സുപ്രധാന ചോദ്യങ്ങളും ലിബര്‍ഹാന്‍ ഉയര്‍ത്തുന്നു ഒന്ന്: ഭരണഘടനയിലെ 355, 356 വകുപ്പുകള്‍ പ്രയോഗിക്കാമായിരുന്നോ?. രണ്ട്: കേന്ദ്രത്തിന് സംസ്ഥാനങ്ങളില്‍ ഏകപക്ഷീയമായി സൈന്യത്തെ വിന്യസിക്കാന്‍ സാധിക്കുമായിരുന്നോ? മൂന്ന്: സംസ്ഥാനത്ത് രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്താന്‍ കഴിയുമായിരുന്നോ?

ഇതിന്റെ വിശദമായ വിശകലനത്തില്‍ നരസിംഹറാവുവിന്റെ കേന്ദ്രസര്‍ക്കാര്‍ നേരിട്ട പ്രതിസന്ധിയും പരിമിതിയും വെളിപ്പെടുത്തുന്നു. അതേസമയം, പ്രസക്തമായ പല നിരീക്ഷണങ്ങളും മറയില്ലാതെ തുറന്നു പ്രകടിപ്പിക്കുന്നുമുണ്ട് ലിബര്‍ഹാന്‍. അതിന്റെ ചില ചീന്തുകള്‍ ഇതാ: ബാബരി ധ്വംസനം രാഷ്ട്രീയ പാര്‍ട്ടികളിലും നേതാക്കളിലും മാത്രമല്ല, സംവിധാനത്തില്‍ പോലുമുള്ള അവിശ്വാസമാണ് രൂപപ്പെടുത്തിയത്. ഡിസംബര്‍ ആറിന് ബാബരി ധ്വംസന പരമ്പരവെച്ചു നോക്കുമ്പോള്‍ സംസ്ഥാനത്തിന്റെ അനുമതി കൂടാതെയും രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്താമായിരുന്നു. കേന്ദ്രസര്‍ക്കാര്‍ അഭിമുഖീകരിക്കുന്ന ഭരണഘടനാ പരിമിതിയെ തികഞ്ഞ മിടുക്കോടെ ഉപയോഗപ്പെടുത്തുകയായിരുന്നു കല്യാണ്‍സിങ് സര്‍ക്കാര്‍. അടിയൊഴുക്കുകളുടെ തീവ്രതയെ കുറിച്ച് ജാഗ്രത പകരുന്നതില്‍ സുപ്രീം കോടതി നിരീക്ഷകനും ദയനീയമായി പരാജയപ്പെട്ടു. സംസ്ഥാന ഭരണകൂടത്തിനു കീഴില്‍ ഭരണഘടനാ പരിരക്ഷകളുടെ ആസൂത്രിത ധ്വംസനം കൂടിയാണ് 1992ല്‍ കണ്ടത്. ജനാധിപത്യത്തിന്റെ ഇത്തരം പരിഹാസ്യതകള്‍ക്ക് നിര്‍ഭാഗ്യവശാല്‍ ഇനിയും സാധ്യതകളുണ്ട്. നിക്ഷിപ്ത താല്‍പര്യക്കാരുടെ കുതന്ത്രങ്ങള്‍ക്ക് മുന്നില്‍ നടപടിക്രമങ്ങളുടെ സാങ്കേതികതയും മറ്റും ശക്തമായ ഇടപെടലിന് വിഘാതം നില്‍ക്കരുത്.

വിഭജനാനന്തര കലാപവേളയില്‍ ഗാന്ധി ഉന്നയിച്ച അതേ ചോദ്യം ലിബര്‍ഹാനും ചോദിക്കുന്നു:^'മരിച്ചവര്‍ക്കിടയില്‍, അനാഥര്‍ക്കിടയില്‍, ഭവനരഹിതര്‍ക്കിടയില്‍ എന്തു വ്യത്യാസമാണുള്ളത്? ഭ്രാന്തമായ ഈ നശീകരണമത്രയും നടന്നത് സ്വേച്ഛാധിപത്യത്തിന്റെ പേരിലാണോ? അതോ പവിത്രപദങ്ങളായ സ്വാതന്ത്യ്രത്തിന്റെയും ജനാധിപത്യത്തിന്റെയും പേരിലോ?
'നമ്മെ ഒരുമിപ്പിക്കാന്‍ ഒരു പൊതുശത്രു വേണം'^ അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറിയായിരുന്ന കോണ്ടലീസാ റൈസ് നടത്തിയ പ്രതികരണത്തിന്റെ അതേ വകഭേദം തന്നെയാണ് തൊണ്ണൂറുകളില്‍ ഇന്ത്യയിലെ സങ്കുചിതവാദികളിലൂടെയും പുറത്തുവന്നത്. തുടര്‍ന്ന് ലിബര്‍ഹാന്‍ കുറിക്കുന്നു^ കൃത്രിമ ശത്രുവിനെ മുന്നില്‍ നിര്‍ത്തിയാല്‍ അവിവേകവും ക്രൂരതയും നടത്താന്‍ എളുപ്പം. പൊതുശത്രുവിനെ ചൂണ്ടി എല്ലാവരെയും അടുപ്പിക്കാനും കഴിയും. ഹിറ്റ്ലറും മറ്റും അതു തന്നെയാണല്ലോ ചെയ്തതും...'

ശക്തമായ കേന്ദ്രസര്‍ക്കാര്‍ ഉണ്ടെങ്കില്‍ മതേതരത്വം പാളില്ലെന്ന് ലിബര്‍ഹാന്‍ പ്രത്യാശിക്കുന്നു. രാജ്യത്തിനുള്ളില്‍ വംശീയ കുരുതികളും ഉന്മൂലനവും തടയാന്‍ ശക്തമായ കേന്ദ്ര സര്‍ക്കാര്‍ അനിവാര്യമാണ്. സംസ്ഥാന സര്‍ക്കാറിന്റെ ആശീര്‍വാദത്തോടെ രാജ്യത്തിന്റെ ഏതു ഭാഗത്ത് കലാപമുണ്ടായാലും അടിയന്തര ഇടപെടല്‍ ഉണ്ടായേ തീരൂ. രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തിയോ ദേശീയ അന്വേഷണ ഏജന്‍സിയെ നിയമിച്ചോ അതാകാം.

സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ ഉറപ്പും സംഘ്പരിവാര്‍ സുപ്രീംകോടതിയില്‍ സൃഷ്ടിച്ച വിശ്വാസ്യതയും ഒത്തുചേര്‍ന്നപ്പോള്‍ റാവുവിന്റെ കേന്ദ്രസര്‍ക്കാറിന് അന്ധതയും അംഗവൈകല്യവും സംഭവിച്ചതായി കമീഷന്‍ പറയുന്നു.

ഹിന്ദുവര്‍ഗീയതയുടെ ആശയാടിത്തറയെ ലിബര്‍ഹാന്‍ വിമര്‍ശിക്കുന്നുണ്ട്. സാംസ്കാരിക ദേശീയത^നല്ല പദം തന്നെ. പക്ഷേ, സാഹിത്യപരമായും തത്വചിന്താപരമായും അതു നിര്‍വചിച്ചതുകൊണ്ട് മാത്രം ഒരു പ്രത്യേക രാജ്യം നിര്‍മിക്കാനാകില്ല. മതം മാത്രമല്ല, സംസ്കാരങ്ങളും മറ്റു ഘടകങ്ങളും രാഷ്ട്ര രൂപവത്കരണത്തിന് വേണം.

ജനാധിപത്യമാണ് കൂട്ടത്തില്‍ ഏറ്റവും മികച്ച മാതൃക. ജനാധിപത്യം ഭൂരിപക്ഷത്തെയാകാം പ്രതിനിധാനം ചെയ്യുന്നത്. എങ്കിലും എല്ലാ വിഭാഗങ്ങള്‍ക്കും അവരുടെ പ്രാതിനിധ്യം ഉറപ്പാക്കാന്‍ ഇവിടെ അവസരമുണ്ട്. ജനാധിപത്യത്തില്‍ ന്യൂനപക്ഷങ്ങളുടെ, മനുഷ്യാവകാശങ്ങളുടെ സ്ഥിതി എന്തായിരിക്കും എന്നു നാം വിലയിരുത്തണം. ഭൂരിപക്ഷ^ന്യൂനപക്ഷ അവകാശങ്ങളെ കുറിച്ച ചോദ്യം ഉയരുന്നു എന്നതുതന്നെ മാനവിക കാര്യങ്ങളില്‍ നമ്മുടെ കാഴ്ചപ്പാടിന്റെ തെളിവാണ്. മാനവിക വിഷയത്തില്‍ രാഷ്ട്രീയക്കാരും ഭരണാധികാരികളും സാമൂഹിക നേതാക്കളും വൈദഗ്ധ്യം നേടിയവരായിരിക്കണം. അടിസ്ഥാന മനുഷ്യാവകാശ സംരക്ഷണം തന്നെയാണ് ഇവിടെ പ്രധാനം ^റിപ്പോര്‍ട്ടില്‍ പറയുന്നു.

ഇന്ത്യന്‍ ഭരണഘടനയുടെ മൌലികാടിത്തറ പോലും മതേതരത്വമാണ്. ഒരു പ്രത്യേക മതം പ്രചരിപ്പിക്കാനോ അതിനെ പിന്തുണക്കാനോ ഭരണകൂടം ശ്രമിക്കരുത്. എല്ലാ മതങ്ങളോടും തുല്യസഹിഷ്ണുത പുലര്‍ത്തുക എന്നതാണ് ഗാന്ധിയന്‍ സങ്കല്‍പവും.
ലോകത്ത് ഏറ്റവും കൂടുതല്‍ മുസ്ലിംകള്‍ അധിവസിക്കുന്ന രാജ്യങ്ങളിലൊന്നാണ് ഇന്ത്യ. ഇലക്ഷനില്‍ മതേതര അജണ്ടയേക്കാള്‍ മതതാല്‍പര്യങ്ങള്‍ ഹൈജാക്ക് ചെയ്യപ്പെടുമ്പോള്‍ മതന്യൂനപക്ഷങ്ങളുടെ അവകാശങ്ങളാണ് കവര്‍ന്നെടുക്കപ്പെടുക. അത്തരമൊരു സാഹചര്യത്തില്‍ ഒറ്റക്കും കൂട്ടായുമുള്ള വിശ്വാസത്തിന്റെ പരിരക്ഷ ഉറപ്പുവരുത്താന്‍ പ്രത്യേക വകുപ്പുകള്‍തന്നെ ഭരണഘടനയില്‍ ഉള്‍പ്പെടുത്തേണ്ടതായി വരും.

രാഷ്ട്രീയ ഭരണമേഖലകളില്‍നിന്ന് മതത്തെ മാറ്റിനിര്‍ത്തണമെന്ന ആവശ്യം ലിബര്‍ഹാന്‍ ഊന്നിപ്പറയുന്നു. മതേതരത്വത്തിന്റെ യഥാര്‍ഥ ചൈതന്യം പ്രയോഗവത്കരിക്കപ്പെടുന്നതും അപ്പോഴാണ്. മതവും ജാതിയും കുലീനതയും മാറ്റി നിര്‍ത്തുന്ന സംവിധാനത്തിന്റെ പേരാണ് ഭരണഘടനാദത്ത മതേതരത്വമെന്നും കമീഷന്‍.
ഗാന്ധിജിയുടെ വാക്കുകള്‍ കമീഷന്‍ ഉദ്ധരിക്കുന്നുണ്ട്: ഞാന്‍ എന്റെ മതത്തോട് പ്രതിജ്ഞാബദ്ധമാണ്. അതിനു വേണ്ടി ഞാന്‍ മരിക്കുകയും ചെയ്യും. പക്ഷേ, മതം എന്റെ വ്യക്തിപരമായ ഒന്നാണ്. ഭരണകൂടത്തിന് അതില്‍ കാര്യമില്ല. മതേതരക്ഷേമം ഉറപ്പാക്കലാണ് ഭരണകൂടത്തിന്റെ ചുമതല. അല്ലാതെ മതകാര്യം നോക്കലല്ല ''

ഇന്ത്യന്‍ മുസ്ലിംകള്‍ക്ക് സ്വന്തം രാജ്യത്തേക്കാള്‍ കൂറ് പാകിസ്താനോടാണ് എന്ന പ്രചാരണവും സ്വീകരിക്കാനാവില്ലെന്ന് കമീഷന്‍ അഭിപ്രായപ്പെടുന്നു. പ്രബലമായ ഒരു തെളിവും ഇതിനില്ല. 1947ല്‍ പാകിസ്താനിലേക്ക് പോകാതെ വലിയൊരു വിഭാഗം മുസ്ലിംകള്‍ ഇവിടെ തങ്ങാന്‍ തീരുമാനിക്കുകയായിരുന്നു. സൈന്യത്തില്‍ ഉള്‍പ്പെടെ വിവിധ മേഖലകളില്‍ സേവനം അര്‍പ്പിക്കുന്ന നല്ലൊരു ശതമാനം മുസ്ലിംകളുണ്ട്. കൃത്യമായ തെളിവുകള്‍ ഒന്നും തന്നെയില്ലാതെ അവരുടെ കൂറില്‍ സംശയം പ്രകടിപ്പിക്കുന്നത് നിര്‍ഭാഗ്യകരം മാത്രമല്ല തീര്‍ത്തും അസ്വീകാര്യവുമാണ്്. നിക്ഷിപ്ത താല്‍പര്യക്കാര്‍ ഉയര്‍ത്തുന്ന വൃത്തികെട്ട പ്രചാരണങ്ങളെ പ്രതിരോധിക്കാന്‍ എല്ലായ്പോഴും തങ്ങളുടെ കൂറ് പ്രകടിപ്പിക്കേണ്ട ബാധ്യതയിലാണ് ഇന്ത്യന്‍ മുസ്ലിംകള്‍. മുസ്ലിംകൂറില്‍ സംശയത്തിന്റെ നിഴല്‍ വീഴ്ത്തുന്ന വസ്തുനിഷ്ഠവും വിശ്വസനീയവുമായ തെളിവുകള്‍ ഇല്ലാതിരിക്കെ തന്നെയാണിതെന്നും കമീഷന്‍ പരിതപിക്കുന്നു.

ഇന്ത്യ ഭരിച്ച മുസ്ലിം ഭരണാധികാരികളെല്ലാം മതപരമായ അസഹിഷ്ണുക്കളായിരുന്നുവെന്ന ആരോപണത്തെയും ലിബര്‍ഹാന്‍ ചോദ്യം ചെയ്യുന്നു. ആധികാരിക തെളിവുകളൊന്നും നിരത്താതെയാണ് മുന്‍വിധി കലര്‍ന്ന ഈ ആരോപണങ്ങള്‍. മുഗള്‍ ഭരണാധികാരികളുടെ പഴയകാല അബദ്ധങ്ങളില്‍ നീതിവേണമെന്നാവശ്യപ്പെടുന്നത് അമര്‍ത്യാസെന്‍ പറഞ്ഞതു പോലെ ധാര്‍മികമായി വിചിത്രവും ചരിത്രപരമായി യുക്തിശൂന്യവുമാണെന്നും ലിബര്‍ഹാന്‍ അഭിപ്രായപ്പെടുന്നുണ്ട്.
ആവശ്യമെങ്കില്‍ ഭൂരിപക്ഷത്തിന്റെ അഭിപ്രായം അവഗണിച്ചുതന്നെ സാമൂഹിക ഐക്യവും മതേതരത്വവും നിലനിര്‍ത്താന്‍ ഭരണകൂടത്തിന് കഴിയണം. ന്യൂനപക്ഷങ്ങള്‍ രണ്ടാംതരം പൌരന്‍മാരായി പരിഗണിക്കപ്പെടുന്ന സ്ഥിതി ഉണ്ടാകരുത്. എന്തുതന്നെയായാലും അവരുടെ സുരക്ഷ ഭൂരിപക്ഷം ഉറപ്പാക്കണം. ദുര്‍ബല വിഭാഗങ്ങളുടെയും ന്യൂനപക്ഷത്തിന്റെയും സുരക്ഷ അവരുടെ മൌലികാവകാശം കൂടിയാണ്. ഭരണകൂടം ചെയ്യേണ്ടത് ഭൂരിപക്ഷ^ന്യൂനപക്ഷങ്ങള്‍ക്കിടയില്‍ സന്തുലിത സമീപനം സ്വീകരിക്കുകയാണ്.
വര്‍ഗീയ ഫാഷിസത്തെ ശക്തമായി അമര്‍ച്ച ചെയ്യുക, നിരക്ഷരത മുതലെടുക്കാനുള്ള നീക്കം തടയുക, ചരിത്രത്തെ കുറിച്ച ശരിയായ അറിവ് പകരുക. രാഷ്ട്രീയ നേട്ടത്തിനുവേണ്ടി മത^ജാതി വികാര ചൂഷണം തടയുക തുടങ്ങി എണ്ണമറ്റ നിര്‍ദേശങ്ങളും ലിബര്‍ഹാന്‍ മതേതര ഇന്ത്യന്‍ മനസ്സിനു മുമ്പാകെ സമര്‍പ്പിക്കുന്നു.
ഡിസംബര്‍ ആറ് വലിയൊരു പ്രതീകമാണ്. എന്നാല്‍, ആ കറുത്ത ദിനത്തെ ഓര്‍മിക്കുന്നതുപോലും അരോചകമായി തോന്നുന്ന ചിലരുണ്ട്. അവരുടെ ഓര്‍മയിലേക്കു കൂടിയാവണം മിലന്‍ കുന്ദേര ചാട്ടുളി കണക്കെയുള്ള ആ വാക്കുകള്‍ പണ്ട് ഉരുവിട്ടത്.
''അധികാരത്തിനെതിരെയുള്ള ജനങ്ങളുടെ പോരാട്ടം എന്നത് മറക്കാതിരിക്കാനുള്ള ഓര്‍മകളുടെ പോരാട്ടം തന്നെയാണ്''.
(അവസാനിച്ചു)

മാധ്യമം

No comments:

Blog Archive