var addthis_config = { data_track_addressbar: true, data_track_addressbar_paths: [ "/blog/posts/*", "/faq/*" ] }

Wednesday, August 18, 2010

പീഡനത്തിന്റെ മറ്റൊരു ഉച്ചവെയിലിലേക്ക്


Wednesday, August 18, 2010
1998 മാര്‍ച്ചിലെ ഒരു പൊള്ളുന്ന പകലിനൊടുവിലേക്ക് കാലം തിരിച്ചുപോകുമ്പോള്‍ അബ്ദുന്നാസിര്‍ മഅ്ദനിയെന്ന നേതാവ് ഏറെ മാറിക്കഴിഞ്ഞിരുന്നു. പക്ഷേ, മൂന്നുവര്‍ഷം മുമ്പ് ഇതുപോലൊരു ആഗസ്റ്റില്‍ നിരപരാധിയെന്ന് കണ്ടെത്തി വെറുതെവിട്ട അതേ നിയമത്തിന്റെയും നിയമവാഴ്ചയുടെയും പേരില്‍ ഒരിക്കല്‍കൂടി പീഡനത്തിന്റെ ഉച്ചവെയില്‍ മഅ്ദനിയെ കാത്തിരിക്കുന്നു.

1992 ഡിസംബറിലാണ് മഅ്ദനി ആദ്യമായി തടവിലാക്കപ്പെടുന്നത്. ബാബരി മസ്ജിദ് തകര്‍ച്ചയെത്തുടര്‍ന്ന് ഐ.എസ്.എസിനെ കേന്ദ്രസര്‍ക്കാര്‍ നിരോധിച്ചപ്പോഴായിരുന്നു അത്. 25ാം വയസ്സില്‍ ആര്‍.എസ്.എസിനു ബദലെന്നോണം താന്‍ രൂപവത്കരിച്ച ഐ.എസ്.എസിനെ തിരുവനന്തപുരം സെന്‍ട്രല്‍ ജയിലില്‍വെച്ചാണ്  പിരിച്ചുവിടാന്‍ മഅ്ദനി തീരുമാനിച്ചത്. പിന്നീട് പീപ്പിള്‍സ് ഡെമോക്രാറ്റിക് പാര്‍ട്ടി (പി.ഡി.പി) എന്ന രാഷ്്രടീയപാര്‍ട്ടിക്ക് രൂപം നല്‍കി-1993 ഏപ്രില്‍ 14ന്. എന്നാല്‍, അതിന് എത്രയോ മുമ്പു തന്നെ എതിരാളികള്‍ അദ്ദേഹത്തെ ലക്ഷ്യമിട്ടിരുന്നു. 1992 ആഗസ്റ്റ് ആറിന് രാത്രി ആര്‍.എസ്.എസുകാര്‍ അദ്ദേഹത്തിന്റെ വലതുകാല്‍ ബോംബ് വെച്ച് തകര്‍ത്തു.

1998 ഏപ്രിലിലാണ് മഅ്ദനിയുടെ അടുത്ത ദുരിതപര്‍വം തുടങ്ങുന്നത്. 1992ല്‍ കോഴിക്കോട് മുതലക്കുളം മൈതാനിയില്‍ നടത്തിയ പ്രസംഗത്തിന്റെ പേരില്‍ കോഴിക്കോട് സി.ജെ.എം കോടതി പുറപ്പെടുവിച്ച വാറന്റുമായി 1998 മാര്‍ച്ച് 31ന് ചൊവ്വാഴ്ച എറണാകുളത്തെ അദ്ദേഹത്തിന്റെ വസതിയില്‍ എത്തി പൊലീസ് അറസ്റ്റ് ചെയ്യുമ്പോള്‍ ഒമ്പതര വര്‍ഷത്തോളം നീളുന്ന കാരാഗൃഹവാസമാണ് തന്നെ കാത്തിരിക്കുന്നതെന്ന് മഅ്ദനിയോ അനുയായികളോ ഊഹിച്ചിരുന്നില്ല. ഒരുപക്ഷേ അദ്ദേഹത്തെ കുടുക്കാന്‍ 'കളിച്ചവര്‍' മാത്രം കണ്ട  പരിണതിയായിരുന്നു അത്. തീപ്പൊരി പ്രസംഗത്തിന്റെ പേരില്‍ ശ്രദ്ധേയനായ മഅ്ദനിക്ക് അന്ന് 32 വയസ്സ്.

17ാം വയസ്സു മുതല്‍ മതപ്രഭാഷണ വേദികളില്‍ പ്രത്യക്ഷപ്പെട്ടു തുടങ്ങിയ മഅ്ദനി വളരെ പെട്ടെന്നാണ് ജനക്കൂട്ടത്തെ ആകര്‍ഷിച്ചത്. ഐ.എസ്.എസ് രൂപവത്കരിച്ചതോടെ മഅ്ദനി പലരുടെയും കണ്ണിലെ കരടായി. അന്നത്തെ തന്റെ ആവേശ പ്രസംഗങ്ങള്‍ അതിരുകടന്നതായി പിന്നീട് മഅ്ദനിതന്നെ സമ്മതിച്ചു. തന്റെ പ്രസംഗങ്ങള്‍ ആരെയെങ്കിലും മുറിപ്പെടുത്തിയെങ്കില്‍ അതിന് ക്ഷമയും ചോദിച്ചു. എന്തിന്, തന്റെ കാല്‍ ബോംബ് വെച്ചു തകര്‍ത്ത ആര്‍.എസ്.എസുകാര്‍ക്ക് പരസ്യമാപ്പ് നല്‍കി.

അന്ന് എറണാകുളത്തുനിന്ന് കോഴിക്കോട് കൊണ്ടുവന്ന് കോടതിയില്‍ ഹാജരാക്കിയപ്പോഴാണ് കേസ് കോയമ്പത്തൂര്‍ സ്‌ഫോടനമാണെന്ന് പുറംലോകമറിഞ്ഞത്. കോയമ്പത്തൂര്‍ സ്‌ഫോടനത്തില്‍ നേരത്തെ അറസ്റ്റിലായ ചില പ്രതികള്‍ മഅ്ദനി തങ്ങള്‍ക്ക് ഒളിവില്‍ താമസിക്കാന്‍ സൗകര്യവും ആയുധവും പണവും നല്‍കി സഹായിച്ചതായി മൊഴി നല്‍കിയതിന്റെ അടിസ്ഥാനത്തിലായിരുന്നു കേസ്.തുടര്‍ന്ന് റിമാന്‍ഡ് ചെയ്ത് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക്. പിന്നീട് തമിഴ്‌നാട് പൊലീസിന് കൈമാറി.

അതിനിടെ, കേസും വകുപ്പുമെല്ലാം മാറിക്കൊണ്ടിരുന്നു. ആദ്യം കേസില്‍  86ാം പ്രതിയായിരുന്നെങ്കിലും പിന്നീട് നാലാം പ്രതിയാക്കി. അതും മാറി 14ാം പ്രതിയായി. കുറ്റം ദേശീയ സുരക്ഷാനിയമപ്രകാരമായി. അതോടെ കോയമ്പത്തൂര്‍,സേലം ജയിലും പൊലീസ് കസ്റ്റഡിയും കോടതിയുമെല്ലാമായി നീണ്ട പീഡനകാലം ഉറപ്പായി. കൂട്ടിന് പ്രമേഹവും പ്രഷറും കൊളസ്‌ട്രോളും നെഞ്ചുവേദനയും. ശരീരത്തിന് ഭക്ഷണത്തേക്കാള്‍ ആവശ്യം ഗുളികകളും മരുന്നുമായി. വെപ്പുകാല്‍ മാറ്റിനല്‍കാന്‍ പോലും അധികാരികള്‍ തയാറായില്ല. ഭാര്യ സൂഫിയയെ പൊലീസ് ഉദ്യോഗസ്ഥയെ കൈയേറ്റം ചെയ്‌തെന്ന കേസില്‍ കുടുക്കി ജയില്‍ സന്ദര്‍ശനത്തില്‍ നിന്ന് തടഞ്ഞു.മൂന്നരവര്‍ഷക്കാലത്തോളം സ്വന്തം ഭാര്യയെ കാണാന്‍ പോലും കഴിഞ്ഞില്ല.

ഇങ്ങനെയെല്ലാം പീഡിപ്പിക്കപ്പെടുമ്പോഴും മഅ്ദനിക്കെതിരെ ദുര്‍ബലമായ തെളിവുകളാണ് പ്രോസിക്യൂഷന്റെ പക്കലുണ്ടായിരുന്നത്. മഅ്ദനിക്കെതിരെ സാഹചര്യത്തെളിവുകള്‍ മാത്രമാണുള്ളതെന്ന് പ്രോസിക്യൂഷന്‍ വിചാരണക്കിടെ കോടതിയില്‍ സമ്മതിച്ചു. അവസാനം 2007 ആഗസ്റ്റ് ഒന്നിന് പ്രത്യേക കോടതി ജഡ്ജി കെ.ഉത്രാപതി മഅ്ദനിയെ കുറ്റവിമുക്തനാക്കി വിധി പ്രസ്താവിച്ചു. കുറ്റകരമായ ഗൂഢാലോചന, സ്‌ഫോടകവസ്തു ശേഖരിക്കലും കടത്തലും, മതവിദ്വേഷമുണ്ടാക്കുന്ന പ്രവൃത്തി തുടങ്ങി ചുമത്തപ്പെട്ട കുറ്റങ്ങളൊന്നും തെളിയിക്കാനായില്ലെന്ന് കോടതി വ്യക്തമാക്കി. അന്നു രാത്രി ജയില്‍ മോചിതനായി പുറത്തുവന്ന മഅ്ദനി ഏറെ മാറിയിരുന്നു. ശാരീരികമായി ഏറെ ക്ഷീണിതനായി കണ്ട മഅ്ദനി  കഴിഞ്ഞകാല ജീവിതത്തില്‍ പാളിച്ച പറ്റിയിട്ടുണ്ടെങ്കില്‍  തിരുത്തുമെന്നും  കൂടുതല്‍ പക്വതയോടെ പ്രവര്‍ത്തിക്കുമെന്നുമായിരുന്നു ആദ്യം തന്നെ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞത്. മഅ്ദനിയെ വെറുതെവിട്ടത് മദ്രാസ് ഹൈകോടതിയും ശരിവെച്ചു.

കോയമ്പത്തൂര്‍ കേസില്‍ പിടിയിലാകുമ്പോള്‍ തീവ്രഭാഷണത്തിന്റെ സംശയത്തോടെയാണ് കേരളീയ സമൂഹം മഅ്ദനിയെ കണ്ടതെങ്കില്‍, ജയില്‍മോചിതനായി മനഃപരിവര്‍ത്തനം വന്ന മഅ്ദനിയുടെ മൃദുഭാഷണം സാമൂഹിക അന്തരീക്ഷത്തിലെ പിരിമുറുക്കം ഇല്ലാതാക്കുന്നതായിരുന്നു. പഴയകാലത്തെ തള്ളിപ്പറഞ്ഞ മഅ്ദനിയിലെ മാറ്റം ഉള്‍ക്കൊണ്ട് സി.പി.എം പോലും അദ്ദേഹത്തോട് കൂട്ടുചേര്‍ന്നു.പക്ഷേ, അണിയറയില്‍ മറ്റൊരു കത്രികപ്പൂട്ട് ഒരുങ്ങുന്നുണ്ടായിരുന്നു. കളമശ്ശേരി ബസ് കത്തിക്കല്‍ കേസില്‍ സൂഫിയ മഅ്ദനി പ്രതിചേര്‍ക്കപ്പെട്ടു. കേസിലെ ഒന്നാം പ്രതി തടിയന്റവിടെ നസീറിന്റെ മൊഴിയുടെ അടിസ്ഥാനത്തില്‍ സൂഫിയ പത്താം പ്രതിയായി. 2009 ഡിസംബര്‍ 17ന് സൂഫിയയെ പൊലീസ് അറസ്റ്റ്‌ചെയ്തു. മഅ്ദനിയുടെ വലതുകാല്‍ സ്‌ഫോടനത്തില്‍ തകര്‍ത്ത കേസില്‍ മഅ്ദനിയുടെ കൂടി താല്‍പര്യപ്രകാരം അഞ്ചു ആര്‍.എസ്.എസുകാരെ കോടതി വെറുതെവിട്ട അന്നു തന്നെയായിരുന്നു സൂഫിയയുടെ അറസ്റ്റ്. അപ്പോഴേക്കും ബംഗളൂരു സ്‌ഫോടനക്കേസ് അന്വേഷിക്കുന്ന കര്‍ണാടക പൊലീസ് സംഘം കൊച്ചിയിലെത്തിയിരുന്നു.അധികം വൈകാതെ അബ്ദുന്നാസിര്‍ മഅ്ദനി ബംഗളൂരു സ്‌ഫോടനക്കേസില്‍ പ്രതിചേര്‍ക്കപ്പെട്ടു. 31ാം പ്രതിയായ മഅ്ദനി ക്കെതിരെ രാജ്യദ്രോഹവും ഗൂഢാലോചനയുമെല്ലാം കുറ്റം ചുമത്തിയിട്ടുണ്ട്.കുടകില്‍ തടിയന്റവിട നസീര്‍ വാടകക്കെടുത്ത സ്ഥലത്ത് നടത്തിയ ക്യാമ്പില്‍ മഅ്ദനി പങ്കെടുത്തുവെന്ന് കുറ്റപത്രം ആരോപിക്കുന്നു. ഇപ്പോള്‍ മറ്റൊരു പൊലീസ് വണ്ടിയില്‍ കയറി അന്‍വാര്‍ശ്ശേരിയില്‍ നിന്ന് യാത്ര തിരിച്ച മഅ്ദനി എന്നു തിരിച്ചുവരുമെന്ന് ആര്‍ക്ക് പറയാനാകും? കോയമ്പത്തൂരിന്റെ തനിയാവര്‍ത്തനമാണ് തന്നെ കാത്തിരിക്കുന്നതെന്ന് മഅ്ദനി പറയുന്നത് ഒട്ടേറെ അനുഭവിച്ചതിന്റെ തീച്ചൂടില്‍ നിന്നാണ്. അങ്ങനെയാവില്ലെന്ന് പറയാന്‍ ആര്‍ക്കും ധൈര്യം വരാത്തത് മഅ്ദനിക്കെതിരെ കുരുക്കു മുറുക്കുന്നതിന് പിന്നില്‍ ഭരണകൂടം ഉള്‍പ്പെടെ ശക്തരുണ്ടെന്ന  വസ്തുത മനസ്സിലാകുന്നതിനാലുമാണ്. ഒന്നുറപ്പ്, തടവറയില്‍  ആയുസ്സിന്റെ നല്ലൊരു ഭാഗം നഷ്ടപ്പെടുത്തിയ മഅ്ദനിയുടെ ദുരിതകാലം അവസാനിക്കുന്നില്ല.
madhyamam daily

No comments:

Blog Archive