Tuesday, August 17, 2010
പ്രഭാഷകനും മതപണ്ഡിതനും സംഘടനാനേതാവുമായി മഅ്ദനി നിറഞ്ഞുനിന്ന കേരളത്തില്‍നിന്നല്ല, അയല്‍സംസ്ഥാനങ്ങളിലെ അക്രമസംഭവങ്ങളുമായി ബന്ധപ്പെട്ടാണ് രണ്ടാംതവണയും അദ്ദേഹം ജയിലിലടക്കപ്പെടുന്നത് എന്നത് യാദൃച്ഛികമല്ല. അറസ്റ്റ് സംബന്ധിച്ച അനിശ്ചിതത്വം നീളുന്നതിനിടെ വിവിധ കക്ഷിരാഷ്ട്രീയ കേന്ദ്രങ്ങളില്‍നിന്നുയര്‍ന്ന പ്രതികരണങ്ങളും കര്‍ണാടക പൊലീസിനേക്കാള്‍ കവിഞ്ഞ വ്യഗ്രതയില്‍ അറസ്റ്റ് ആഘോഷമാക്കാനിറങ്ങിത്തിരിച്ച ചില ഉദ്യോഗസ്ഥ-മാധ്യമകേന്ദ്രങ്ങളുടെ കല്‍പിതകഥകളുമൊക്കെ ചേര്‍ത്തുവായിച്ചാല്‍ ഭീകരതയുമായി ബന്ധപ്പെട്ട ഒരു ക്രിമിനല്‍ കേസ് കൈകാര്യം ചെയ്യുന്നതിനപ്പുറമുള്ള ചില മാനങ്ങള്‍ മഅ്ദനി വിഷയത്തിലുണ്ടെന്നു മനസ്സിലാക്കാനാവും. ഇന്നലെ കേരള ആഭ്യന്തരമന്ത്രി കോടിയേരി ബാലകൃഷ്ണന്‍ ഇക്കാര്യം തുറന്നുപറയുകയും ചെയ്തു. മഅ്ദനി വിഷയത്തില്‍ കര്‍ണാടകത്തിന് ചില രാഷ്ട്രീയ അജണ്ടകളുണ്ടാകാമെന്നും അത് നടപ്പാക്കാന്‍ കേരളത്തെ കിട്ടില്ലെന്നുമാണ് കോടിയേരി വ്യക്തമാക്കിയത്. മഅ്ദനിയെ ഇന്നലെ അറസ്റ്റ്‌ചെയ്തില്ലെങ്കില്‍ ഇന്ന് കേരളത്തില്‍ ഹര്‍ത്താല്‍ എന്ന ബി.ജെ.പി സംസ്ഥാന പ്രസിഡന്റിന്റെ പ്രസ്താവനയോടെ ചിത്രം വ്യക്തമായി.
മഅ്ദനിവേട്ടക്കെതിരെ ശബ്ദിക്കുന്ന മുഴുവനാളുകളും പൗരാവകാശത്തിന്റെയും ജനാധിപത്യത്തിന്റെയും നീതിയുടെയും പേരിലാണ് സംസാരിക്കുന്നതെങ്കില്‍ അദ്ദേഹത്തെ അഴിയെണ്ണിച്ചേ അടങ്ങൂ എന്ന വാശിയോടെ രംഗത്തുള്ള രാഷ്ട്രീയനേതാക്കള്‍ തരംതാണ രാഷ്ട്രീയമോഹ, മോഹഭംഗങ്ങളാണ് പ്രകടിപ്പിക്കുന്നത്. യൗവനം മുഴുക്കെ കിരാതമായ നിയമവ്യവസ്ഥയുടെ ഇരയായി തടവറയില്‍ കഴിയേണ്ടിവന്ന ഒരു പൊതുപ്രവര്‍ത്തകനെ വീണ്ടും വേട്ടയാടുമ്പോള്‍ വസ്തുനിഷ്ഠതയുടെയും സത്യസന്ധതയുടെയും കാര്യഗൗരവം പുലര്‍ത്തണമെന്നാണ് മനുഷ്യത്വം മാനിക്കുന്ന മുഴുവനാളുകളും അഭിപ്രായപ്പെട്ടത്. അത് ചോര്‍ന്നുപോയാല്‍ നമ്മുടെ ജനാധിപത്യസംവിധാനത്തിലും നീതിന്യായവ്യവസ്ഥയിലുമുള്ള ജനവിശ്വാസത്തിനുമായിരിക്കും മങ്ങലേല്‍ക്കുക എന്നും തീവ്രവാദത്തെ നിര്‍വീര്യമാക്കാനല്ല, അതിനെ അപകടകരമാംവിധം കൂടുതല്‍ ത്വരിപ്പിക്കാനേ അതുതകുകയുള്ളൂ എന്നുമാണ് വിവേകമതികള്‍ ചൂണ്ടിക്കാണിച്ചത്. എന്നാല്‍, രാഷ്ട്രീയ വൈരനിര്യാതനത്തിന്റെയും വര്‍ഗീയതയുടെയും തിമിരം ബാധിച്ചവര്‍ക്ക് അത് കാണാനാവില്ല എന്നല്ല, കണ്ടുകൊള്ളണമെന്നു തന്നെയില്ല. സാമാന്യബുദ്ധിയെ വെല്ലുവിളിക്കുന്ന രഹസ്യപ്പൊലീസ് 'തെളിവുകളെ' അണ്ണാക്കുതൊടാതെ വിഴുങ്ങി തീവ്രവാദവിരോധമായി ഛര്‍ദിക്കാനാണ് അവര്‍ക്ക് തിടുക്കം. ജയില്‍മോചിതനായതു മുതല്‍ സംസ്ഥാനപൊലീസിന്റെ സുരക്ഷയിലുള്ള മഅ്ദനി ആരോപിക്കപ്പെട്ട ഗൂഢാലോചനക്ക് കുടകില്‍ എത്തിയതെങ്ങനെ, വീടിന്റെ കിടപ്പറയില്‍ വെച്ച് ബംഗളൂരുസ്‌ഫോടനം ആസൂത്രണം ചെയ്‌തെന്നു പറയുന്ന സാക്ഷിമൊഴിയുടെ കാതലെന്ത് എന്നതൊന്നും അവര്‍ക്ക് പ്രശ്‌നമായിട്ടില്ല.
2008 ഒക്‌ടോബറില്‍ നാലു മലയാളി ചെറുപ്പക്കാര്‍ കശ്മീരിലെ ഏറ്റുമുട്ടലില്‍ കൊല്ലപ്പെടുന്നതോടെയാണല്ലോ മഅ്ദനിയെ ചുറ്റിപ്പറ്റിയുള്ള കേരളത്തിലെ ഭീകരവാദകഥകളുടെ പുതിയ എപ്പിസോഡിന്റെ തുടക്കം. പ്രത്യേകാന്വേഷണസംഘം കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചു വിചാരണ തുടങ്ങാനിരിക്കെ, ദേശീയ അന്വേഷണ ഏജന്‍സിക്ക് വിട്ടുകൊടുത്ത ആ കേസിന്റെ അന്വേഷണം സകല ദുരൂഹതകളോടുംകൂടി ഇപ്പോഴും അറ്റം കാണാത്ത നിലയിലാണെന്നോര്‍ക്കുക. തല്‍സംബന്ധമായ അന്വേഷണം പയ്യെപ്പയ്യെ ബംഗളൂരു സ്‌ഫോടനത്തിലേക്കും അതിന്റെ ഗൂഢാലോചനക്കുറ്റം ആരോപിക്കപ്പെട്ട് 31ാം പ്രതിചേര്‍ക്കപ്പെട്ട മഅ്ദനിയിലേക്കും ന്യൂനീകരിക്കപ്പെടുകയും ക്രമേണ മഅ്ദനി മുസ്‌ലിംഭീകരതയുടെ പുതിയ ഐക്കണായി ഉയര്‍ത്തപ്പെടുകയും ചെയ്തതിന്റെ പൊരുള്‍ വരുംനാളുകളില്‍ വ്യക്തമാകാനിരിക്കുന്നതേയുള്ളൂ. ഇക്കാര്യത്തില്‍ ബി.ജെ.പി പുലര്‍ത്തുന്ന ആവേശം മനസ്സിലാക്കാം. എന്നാല്‍, മഅ്ദനീദര്‍ശനത്തിനു വേണ്ടി കോയമ്പത്തൂര്‍ ജയിലിനുമുന്നില്‍ കാത്തുകെട്ടിക്കിടക്കുകയും നിരപരാധിയായ അദ്ദേഹത്തിന്റെ വിടുതല്‍ ആവശ്യപ്പെടുന്ന പ്രമേയത്തിന് നിയമസഭയില്‍ കൈപൊക്കുകയും ചെയ്ത കോണ്‍ഗ്രസിന്റെയും മുസ്‌ലിംലീഗിന്റെയുമൊക്കെ ചില നേതാക്കള്‍, ദുര്‍ബലന്യായം നിരത്തി രണ്ടാം മഅ്ദനി വേട്ടയാരംഭിച്ചപ്പോള്‍ വേട്ടക്കാര്‍ക്ക് വക്കാലത്തുമായി രംഗത്തുവരുന്നത് രാഷ്ട്രീയ അവസരവാദത്തിന്റെ ഏത് അളവുകോല്‍ വെച്ചാണ് അളക്കാനാവുക?
ജനാധിപത്യ മതേതരകേരളത്തിന്റെ പൊതുബോധത്തെ പ്രതിരോധത്തിലേക്ക് തള്ളിവിട്ടാണ് മഅ്ദനി രണ്ടാംവട്ട ജയില്‍വാസത്തിന് തിരിച്ചിരിക്കുന്നത്. അറസ്റ്റിനുമുമ്പ് നടത്തിയ വാര്‍ത്താസമ്മേളനത്തിലും മുമ്പെപ്പോഴുമെന്ന പോലെ തന്റെ നിരപരാധിത്വം അദ്ദേഹം ആവര്‍ത്തിച്ചു. ജുഡീഷ്യറിയോടുള്ള ആദരവും വിശ്വാസവും വ്യക്തമാക്കിയ അദ്ദേഹം ഒരുകാര്യം കൂടി പറഞ്ഞുവെച്ചു. ഏതെങ്കിലും ഒരു ഉദ്യോഗസ്ഥനോ ഭരണകൂടമോ വിചാരിച്ചാല്‍ ഏതു പൗരനെയും എത്രകാലവും വേട്ടയാടാനുള്ള പഴുതുകളൊരുക്കുന്നതാണ് നമ്മുടെ നിയമവ്യവസ്ഥയെന്ന് സ്വന്തം അനുഭവം ഉയര്‍ത്തിപ്പിടിച്ചാണ് മഅ്ദനി വിളിച്ചുപറഞ്ഞത്. ബാലിശമായ തെളിവുകളും ദുര്‍ബലമായ വകുപ്പുകളുമായി പ്രതിയോഗികളെ ശാരീരികമായും രാഷ്ട്രീയമായും ഉന്മൂലനം ചെയ്യാനിറങ്ങിത്തിരിക്കുന്നവര്‍ക്ക് എല്ലാ പഴുതുകളുമൊരുക്കുകയും നിരപരാധികള്‍ക്ക് നേരുപറയാനുള്ള അവസരം നിഷേധിക്കപ്പെടുകയും ചെയ്യുന്ന സ്ഥിതി വിശേഷമാണ്, നിയമം നിയമത്തിന്റെ വഴിക്ക് നീങ്ങുമ്പോള്‍ സംഭവിക്കുന്നതെന്ന് കോയമ്പത്തൂര്‍ജയിലില്‍ ഹോമിക്കപ്പെട്ട തന്റെ ഒമ്പതുകൊല്ലം ചൂണ്ടി മഅ്ദനി പറയുമ്പോള്‍, ഹൈദരാബാദ്, അജ്മീര്‍, മാലേഗാവ് സ്‌ഫോടനങ്ങളുടെ പേരില്‍ മൃഗീയമായി പീഡിപ്പിക്കപ്പെട്ട് ഒടുവില്‍ നിരപരാധിപട്ടവുമായി പുറത്തിറങ്ങിയ നൂറുകണക്കിന് മുസ്‌ലിം ചെറുപ്പക്കാരുടെ സംഭവകഥകള്‍ അതിനെ ശരിവെക്കുമ്പോള്‍ ഉത്തരം മുട്ടുന്നത് നമ്മുടെ നിയമവ്യവസ്ഥക്കു തന്നെയാണ്. വരുംനാളുകളില്‍ കൂടുതല്‍ ചര്‍ച്ച ചെയ്യപ്പെടേണ്ട ഈ വിഷയം സംബന്ധിച്ച് കരുതലോടെയായിരിക്കണം മഅ്ദനിയുടെ കേസില്‍ സംസ്ഥാന ഭരണകൂടവും വിവിധ രാഷ്ട്രീയകക്ഷികളും മാധ്യമങ്ങളും തുടര്‍നിലപാടുകള്‍ സ്വീകരിക്കേണ്ടത്. കേസിന്റെ വിചാരണയുമായി ബന്ധപ്പെട്ടും മറ്റു കോടതി നടപടികളിലും ഇടപെടേണ്ടിവരുന്ന സന്ദര്‍ഭത്തില്‍ നിയമസംവിധാനത്തെ നീതിയുടെയും ന്യായത്തിന്റെയും വഴിക്കു നയിക്കും വിധം സത്യസന്ധവും നീതിനിഷ്ഠവുമായി വിഷയത്തെ സമീപിക്കാന്‍ കേരളസര്‍ക്കാര്‍ തയാറാവണം. കക്ഷിരാഷ്ട്രീയത്തിനും മതജാതി ചിന്തകള്‍ക്കും അതീതമായി, നിരപരാധികള്‍ അന്യായമായി വേട്ടയാടപ്പെടുന്നതിനെതിരെ ശക്തമായ ജനാധിപത്യ പൊതുബോധം രൂപപ്പെടുത്താന്‍ പൗരസമൂഹം മുന്നിട്ടിറങ്ങണം.
madhyamam daily
No comments:
Post a Comment