Wednesday, August 18, 2010
ദേശീയ ചാനലുകളടക്കം തല്‍സമയസംപ്രേഷണവുമായി ഇവിടെയെത്തിയിട്ട് ദിവസങ്ങളായി. ചൊവ്വാഴ്ച എന്തെങ്കിലും സംഭവിക്കുമെന്ന ജാഗ്രതയില്‍ തന്നെയായിരുന്നു മാധ്യമപ്രവര്‍ത്തകരും പൊലീസും. തുടരെത്തുടരെ പൊലീസ് വാഹനങ്ങളുടെ നിര വന്നുകൊണ്ടിരുന്നു. അന്‍വാര്‍ശ്ശേരിയിലേക്ക് വന്ന അപൂര്‍വം നേതാക്കളെയും അന്തേവാസികളെയും സൂക്ഷ്മ പരിശോധനക്ക് ശേഷമാണ് കടത്തിവിട്ടത്.
ചുരുക്കം പി.ഡി.പി നേതാക്കളും അനാഥശാലയിലെ കുട്ടികളും മാത്രമായിരുന്നു മഅ്ദനി, സൂഫിയ, മകന്‍ ഉമര്‍ മുക്താര്‍, സഹോദരന്‍മാരായ ജമാല്‍ മുഹമ്മദ്, ഹസന്‍, സിദ്ദീഖ് എന്നിവര്‍ക്ക് പുറമെ അവിടെയുണ്ടായിരുന്നത്. പൊലീസ് വിന്യാസത്തിനിടെ ആദ്യം ഒരു അഭിഭാഷകനും പിന്നീട് രണ്ട് അഭിഭാഷകരും എത്തി. അവരുടെ കാറുകളും വിശദപരിശോധനക്ക് വിധേയമാക്കി. 10.35ന് ഡോഗ്‌സ്‌ക്വാഡെത്തി അവിടമാകെ പരിശോധിച്ചു. തുടര്‍ന്ന് ജലപീരങ്കിയും സജ്ജമാക്കി 10.45ന് സേനാവിന്യാസം ശക്തമാക്കി. ഇതോടെ കീഴടങ്ങലിന് സമ്മതിക്കുമോ അതോ അറസ്റ്റാവുമോ എന്ന ചര്‍ച്ച പൊലീസുകാരില്‍ ഉള്‍പ്പെടെ സജീവമായി. ഉയര്‍ന്ന പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് മാത്രമാണ് എന്താണ് സംഭവിക്കുക എന്നതിനെകുറിച്ച് ധാരണ ഉണ്ടായിരുന്നത്.
ഡിവൈ.എസ്.പിമാരായ അജിത്, പ്രസന്നകുമാര്‍, സേവ്യര്‍, രാജേന്ദ്രന്‍, നരേന്ദ്രനാഥ്, വരദരാജന്‍, ചന്ദ്രശേഖരന്‍ തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു പൊലീസ് സന്നാഹം. എസ്.പി ഹര്‍ഷിത അട്ടല്ലൂരി ശാസ്താംകോട്ട സി.ഐ ഓഫിസിലും കരുനാഗപ്പള്ളി ഡിവൈ.എസ്.പി സി.ജി. സുരേഷ്‌കുമാര്‍ അദ്ദേഹത്തിന്റെ ഓഫിസിലുമിരുന്ന് സംവിധാനങ്ങള്‍ക്ക് നേതൃത്വം നല്‍കി. 11.30ന് 12 മണിക്ക് മഅ്ദനിയുടെ വാര്‍ത്താസമ്മേളനം ഉണ്ടാകുമെന്ന അറിയിപ്പ് വന്നു. അല്‍പ്പസമയത്തിനുള്ളില്‍ മാധ്യമപ്രവര്‍ത്തകരെ പരിശോധനക്ക് ശേഷം അകത്തേക്ക് കടത്തി. കോമ്പൗണ്ടിനുള്ളില്‍ പി.ഡി.പി നേതാക്കളായ പൂന്തുറ സിറാജ്, വര്‍ക്കല രാജ്, സുബൈര്‍ സബാഹി, സാബു കൊട്ടാരക്കര, മൈലക്കാട് ഷാ, മുഹമ്മദ് കുട്ടി കേച്ചേരി തുടങ്ങിയവരുടെ ചര്‍ച്ച. ഇതിനിടെ കരുനാഗപ്പള്ളിയിലുണ്ടായിരുന്ന ബംഗളൂരു പൊലീസ് സംഘം അന്‍വാര്‍ശ്ശേരിയിലേക്ക് തിരിച്ചുവെന്ന് സൂചന ലഭിച്ചു. 12.15 ഓടെ മഅ്ദനിയുടെ വാര്‍ത്താസമ്മേളനം ആരംഭിച്ചു.
അതോടെ അന്‍വാര്‍ശ്ശേരിയും പരിസരവും പൊലീസ് വളഞ്ഞു. അല്‍പ്പം കഴിഞ്ഞപ്പോള്‍ പള്ളിയില്‍ നിന്ന് ബാങ്കുവിളി ഉയര്‍ന്നു. മൈക്ക് ഓഫ് ചെയ്യാന്‍ മഅ്ദനിയുടെ നിര്‍ദേശം. 12.50 ഓടെ വാര്‍ത്താസമ്മേളനം അവസാനിപ്പിച്ച് മഅ്ദനി പ്രാര്‍ഥനക്ക് മുമ്പുള്ള അംഗശുദ്ധിക്കായി മുറിയിലേക്ക്. അല്‍പ്പം കഴിഞ്ഞപ്പോള്‍ അദ്ദേഹത്തെ കസേരയിലെടുത്തുകൊണ്ട് പള്ളിയിലേക്ക് പോയി. മധ്യാഹ്‌ന നമസ്‌കാരത്തിന് ശേഷം അന്‍വാര്‍ശ്ശേരിയിലെ അനാഥകുട്ടികളോടൊപ്പം പ്രാര്‍ഥന. വനിതകള്‍ ഉള്‍പ്പെടെയുള്ളവര്‍ നിറകണ്ണുകളോടെ അതിനുസാക്ഷ്യം വഹിച്ചു.
ഞാന്‍ നിരപരാധിയാണെന്ന ബോധ്യം നിനക്കുണ്ട്. നിന്റെ സംരക്ഷണവും നിന്റെ സഹായവും എനിക്കുണ്ടാകണമേ എന്ന കൂട്ടപ്രാര്‍ഥന ഉയര്‍ന്നു. അതിനിടെ വിതുമ്പലുകളും. ഈ സമയം മഅ്ദനി സഞ്ചരിക്കുന്ന പ്രത്യേക വാഹനം സ്റ്റാര്‍ട്ട് ചെയ്ത് പള്ളിയ്ക്കടുത്തേക്ക് നീക്കിയിട്ടു. അനാഥകുട്ടികളെ ചുംബിച്ചും കെട്ടിപ്പിടിച്ചും കണ്ണുനിറഞ്ഞ് മഅ്ദനി പുറത്തേക്കിറങ്ങി. അതിനിടെ മകന്റെ വക ചുംബനവും കെട്ടിപ്പിടുത്തവും. വിതുമ്പലുകള്‍ കരച്ചിലായി മാറി.
1.10 ഓടെ മഅ്ദനി വാഹനത്തിലേക്ക്. 1.15ന് എസ്.പി ഹര്‍ഷിത അട്ടല്ലൂരിയുടെ നേതൃത്വത്തില്‍ അന്‍വാര്‍ശ്ശേരിയുടെ ഗേറ്റ് തുറന്ന് പൊലീസ് സംഘം മഅ്ദനിയുടെ വാഹനത്തിനടുത്തേക്ക്. ഐ.ജി എ. ഹേമചന്ദ്രനുമെത്തി. ഇതോടെ മുദ്രാവാക്യം വിളികള്‍ ഉയര്‍ന്നു- 'നാസിര്‍ മഅ്ദനി നേതാവേ, ധീരവീരാ നാസിര്‍ മഅ്ദനി'. തുടര്‍ന്ന് അറസ്റ്റുമായി ബന്ധപ്പെട്ട നടപടിക്രമങ്ങള്‍. പത്മാവതി ഹാര്‍ട്ട് ഫൗണ്ടേഷനിലെ ആംബുലന്‍സ് അന്‍വാര്‍ശ്ശേരിക്കുള്ളിലേക്ക് കയറി. 1.20ന് ഡിവൈ.എസ്.പി പ്രസന്നകുമാര്‍ അന്‍വാര്‍ശ്ശേരിയുടെ ഗേറ്റില്‍ പോയി മടങ്ങിവന്ന് റെഡി എന്നുപറയുന്നു. 1.22ന് വാഹനം നീങ്ങിത്തുടങ്ങി. 1.25ന് വാഹനം അന്‍വാര്‍ശ്ശേരിയുടെ കവാടം കടന്നു. പുറത്ത് പൊലീസ് വ്യൂഹം തയാറെടുത്തു. ഐ.ജിയുടേതടക്കമുള്ള പൊലീസിന്റെ വാഹനവ്യൂഹം ചീറിപ്പാഞ്ഞു. ഒപ്പം മാധ്യമപ്രവര്‍ത്തകരുടെയും. വാഹനവ്യൂഹം ശാസ്താംകോട്ട വഴി കൊട്ടാരക്കരയിലേക്ക് നീങ്ങി. അറസ്റ്റ് വിവരം അറിഞ്ഞ് ഇരുവശത്തും ജനങ്ങളുടെ നീണ്ടനിര.
മഅ്ദനി ഇറങ്ങിയതോടെ അന്‍വാര്‍ശ്ശേരിയും പരിസരവും ആളൊഴിഞ്ഞ പൂരപ്പറമ്പുപോലെയായി. മുദ്രാവാക്യങ്ങളാല്‍ മുഖരിതവും പൊലീസ് ഉദ്യോഗസ്ഥരുടെയും മാധ്യമപ്രവര്‍ത്തകരുടെയും ചടുലതയാല്‍ സജീവവുമായിരുന്ന അന്‍വാര്‍ശ്ശേരിയില്‍ നിന്ന് ഇപ്പോള്‍ കേള്‍ക്കുന്നത് അന്തേവാസികളായ അനാഥകുഞ്ഞുങ്ങളുടെ തേങ്ങല്‍ മാത്രം.
അബ്ദുന്നാസിര്‍ മഅ്ദനിക്ക് വേണ്ടി സ്വയം സമര്‍പ്പിക്കാന്‍ തയാറായി നിന്നപ്രവര്‍ത്തകര്‍ ആരും തന്നെ ഇപ്പോള്‍ അന്‍വാറിലില്ല. ഓഫിസ് ചുമതലക്കാരനായ സജി ഉസ്താദും ഹിഫ്ല കോളജ് പ്രിന്‍സിപ്പല്‍ ചേലക്കുളം അബ്ദുല്‍ ഹമീദ് മൗലവിയും ഏതാനും മുതിര്‍ന്ന വിദ്യാര്‍ഥികളുമാണ് അനാഥാലയത്തില്‍ കഴിയുന്നത്. അനാഥ ശാലയിലെ അധ്യാപകനായ ഷാജിത് അമാനി, മഅ്ദനിയുടെ അറസ്റ്റിന് ശേഷം ബോധരഹിതനായി വീണു. ഇദ്ദേഹത്തെ പൊലീസാണ് ആശുപത്രിയിലാക്കിയത്. അനാഥാലയത്തിലെ പാചകക്കാരി ലൈലാബീവിയും ബോധരഹിതയായിവീണു.
അനാഥാലയത്തിന്റെ ചുമതലക്കാരും അന്തേവാസികളും തങ്ങളുടെ ഉപ്പ മടങ്ങിവരുന്ന നാള്‍ കാത്തിരിക്കുകയാണ്.
അജിത് ശ്രീനിവാസന്‍
madhyamam daily
No comments:
Post a Comment