var addthis_config = { data_track_addressbar: true, data_track_addressbar_paths: [ "/blog/posts/*", "/faq/*" ] }

Friday, August 20, 2010

അല്‍ത്താഫ് തീവ്രവാദിയെന്ന് പ്രചരിപ്പിച്ചത് പൊലീസും മാധ്യമങ്ങളും


Friday, August 20, 2010
കുമളി: കശ്മീരില്‍നിന്ന് ഉപജീവനത്തിനായി ജോലി തേടി കുമളിയിലെ കരകൗശല വ്യവസായ സ്ഥാപനത്തിലെത്തിയ അല്‍ത്താഫ് അഹമ്മദ് ഖാനെതിരെ തീവ്രവാദബന്ധം സ്ഥാപിച്ചെടുക്കാന്‍ പൊലീസിനൊപ്പം മുന്നില്‍ നിന്നത് മുഖ്യധാരാ മാധ്യമങ്ങളില്‍ ചിലര്‍. വര്‍ഷങ്ങളായി കുമളി തേക്കടി കവലയിലെ വ്യാപാര സ്ഥാപനത്തില്‍ ജോലി നോക്കിയിരുന്ന അല്‍ത്താഫ്, വിദേശത്തേക്ക് പോകാന്‍ പാസ്‌പോര്‍ട്ടിന് അപേക്ഷിച്ചതോടെയാണ് തീവ്രവാദിയായി മുദ്രകുത്തപ്പെട്ടത്. പാസ്‌പോര്‍ട്ടിനുള്ള അപേക്ഷയുടെ പൊലീസ് വെരിഫിക്കേഷനിടെ അല്‍ത്താഫിനെ സംബന്ധിച്ച് കശ്മീര്‍ പൊലീസ് ചില സംശയങ്ങള്‍ പറഞ്ഞതാണ് കേരള പൊലീസിന്റെ 'തീവ്രവാദിവേട്ട'ക്ക് തുടക്കമിട്ടത്.

ഇതേതുടര്‍ന്ന് അല്‍ത്താഫിനെ അറസ്റ്റ് ചെയ്ത  പൊലീസ്, കുമളിയിലെ കശ്മീരികളുടെ വ്യാപാര സ്ഥാപനങ്ങളിലും വീടുകളിലും വ്യാപക റെയ്ഡ് നടത്തി. കശ്മീരികള്‍ മുഴുവന്‍ തീവ്രവാദികളാണെന്നാരോപിച്ച് ചില സംഘടനകള്‍ പ്രതിഷേധവുമായി രംഗത്തെത്തിയതോടെ പൊലീസും ചില മാധ്യമങ്ങളും കള്ളക്കഥകളുമായി സജീവമായി.
അല്‍ത്താഫിന്റെ കൈവശമുണ്ടായിരുന്ന മൊബൈല്‍ ഫോണിലെ സിം മറ്റൊരാളുടെ പേരിലുള്ളതാണെന്ന് കണ്ടെത്തിയതും തിരിച്ചറിയല്‍ കാര്‍ഡിലെ പ്രശ്‌നങ്ങളുമാണ് അല്‍ത്താഫിനെ 'തീവ്രവാദി'യാക്കുന്നതിന് പൊലീസ് കരുവാക്കിയത്. ഇതിനിടെ, അല്‍ത്താഫ് ബംഗളൂരുവിലെത്തി രൂപമാറ്റം നടത്തിയെന്നും മുടിവെച്ചുപിടിപ്പിച്ചെന്നും ഒരു പത്രം കള്ളക്കഥ പ്രചരിപ്പിച്ചതോടെ അല്‍ത്താഫ് കൊടും ഭീകരവാദിയെന്ന രീതിയിലായി പൊലീസ് നീക്കങ്ങള്‍. എന്നാല്‍, ശ്രീനഗര്‍ ലാല്‍ ബസാറില്‍ അബ്ദുല്‍ റഷീദ് ഖാന്റെ മകനായ അല്‍ത്താഫ് കശ്മീരില്‍ ശക്തമായിരുന്ന തീവ്രവാദ പ്രവര്‍ത്തനങ്ങളില്‍നിന്ന് ജീവന്‍ ഭയന്നാണ് കുമളിയിലെത്തിയതെന്ന സത്യം മാത്രം ശ്രദ്ധിക്കാന്‍ ആളുണ്ടായില്ല.

പൊലീസും ചില മാധ്യമങ്ങളും ചേര്‍ന്ന് വേട്ടയാടി വിയ്യൂര്‍ ജയിലിലടച്ച അല്‍ത്താഫിന് ഒരു മാസത്തിന് ശേഷം ഹൈകോടതിയാണ് ആദ്യം നീതിയുടെ കരം നീട്ടിയത്. ജാമ്യത്തിലിറങ്ങി കുമളിയിലെ വാടക വീട്ടിലെത്തിയ അല്‍ത്താഫ് തന്നെ തീവ്രവാദിയെന്ന് മുദ്രകുത്തിയവരെ പുഞ്ചിരിയോടെയാണ് സ്വീകരിച്ചത്. കുമളിയിലെ നാട്ടുകാരില്‍ ഒരാളായി നമസ്‌കാരവും ജീവിതചര്യകളുമായി മുന്നോട്ടുപോകുന്ന യുവാവിന് വ്യാഴാഴ്ചത്തെ കോടതിവിധിയിലൂടെ വലിയ ആശ്വാസമാണ് പകര്‍ന്നുകിട്ടിയത്. അല്‍ത്താഫിന്റെ പേരില്‍ കശ്മീരികളെ മുഴുവന്‍ തീവ്രവാദികളാണെന്ന് മുദ്രകുത്താന്‍ ചിലരുടെ ശ്രമം കുമളിയിലെ ജനങ്ങള്‍ നേരത്തേ തന്നെ നിരാകരിച്ചിരുന്നു. അല്‍ത്താഫിനെ കോടതി കുറ്റവിമുക്തനാക്കിയതോടെ തീവ്രവാദ വേട്ടക്കിറങ്ങിയ പൊലീസും ചില മാധ്യമങ്ങളുമാണ് സമൂഹത്തിന് മുന്നില്‍ അപഹാസ്യരായത്.
Email this Storymadhyamam daily

No comments:

Blog Archive