var addthis_config = { data_track_addressbar: true, data_track_addressbar_paths: [ "/blog/posts/*", "/faq/*" ] }

Wednesday, August 18, 2010

ഞാന്‍ നിരപരാധി; പ്രാര്‍ഥിക്കുക -മഅ്ദനി


Wednesday, August 18, 2010
കൊല്ലം: ഞാന്‍ നിരപരാധിയെന്ന് ബോധ്യപ്പെട്ട്, ജാതിമത വ്യത്യാസമില്ലാതെ എന്നെ സ്‌നേഹിക്കുകയും ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കുകയും ചെയ്യുന്ന കേരളീയ സമൂഹത്തോട് പറഞ്ഞുതീര്‍ക്കാന്‍ കഴിയാത്ത കടപ്പാടും പ്രതിബദ്ധതയുമുണ്ട്. സര്‍വശക്തനായ ദൈവത്തിന് മാത്രമേ എന്നെ ഈ കുടുക്കില്‍ നിന്ന് രക്ഷിക്കാനാവൂ. അതിനാല്‍ എനിക്കും എന്റെ ഭാര്യക്കും കുഞ്ഞുങ്ങള്‍ക്കും എനിക്കുവേണ്ടിയുള്ള പ്രവര്‍ത്തനങ്ങള്‍ക്കിടെ തളര്‍ന്നുവീണുപോയ എന്റെ പിതാവിനും വേണ്ടി വിശ്വാസികളും ജനങ്ങളും പ്രാര്‍ഥിക്കണം. അതുമാത്രമാണ് എന്റെ രക്ഷ. ബംഗളൂരു സ്‌ഫോടനകേസില്‍ അറസ്റ്റ് ചെയ്യപ്പെടുന്നതിന് തൊട്ടുമുമ്പ് കീഴടങ്ങാന്‍ പോകുന്ന വിവരം അറിയിച്ച് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ മഅ്ദനി പറഞ്ഞു. പിതാവിന്റെ തളര്‍ച്ചയെകുറിച്ച് പറഞ്ഞപ്പോള്‍ വിതുമ്പിയ അദ്ദേഹം സംസാരത്തിനിടെ കണ്ണുതുടച്ചപ്പോള്‍ കരച്ചിലാണെന്ന് തെറ്റിദ്ധരിക്കരുതെന്ന അഭ്യര്‍ഥനയും നടത്തി.

കോടതിയോടും നിയമത്തോടുമുള്ള ആദരവ് കൊണ്ടാണ്. ജീവിതത്തില്‍ ദൈവം കഴിഞ്ഞാല്‍ ഏതെങ്കിലും ഒരു സംവിധാനത്തെ  ബഹുമാനിക്കുകയും വിശ്വസിക്കുകയും ചെയ്യുന്നുണ്ടെങ്കില്‍ അത് കോടതിയെ മാത്രമാണ്. ബംഗളൂരു സ്‌ഫോടനകേസില്‍ കോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചുവെന്ന് അറിഞ്ഞ അന്നു മുതല്‍ നിയമവിധേയനായ ഒരാള്‍ ചെയ്യേണ്ടതുമാത്രമേ ഞാന്‍ ചെയ്തിട്ടുള്ളൂ. കോടതികളുടെ പരിരക്ഷ നേടാനുള്ള ശ്രമമാണ് നടത്തിയത്. തിരിച്ചുവരുമെന്ന പ്രതീക്ഷയോടെയല്ല പോകുന്നത്. അതിനുവേണ്ടിയല്ല ഇത്തരം കുടുക്കുകള്‍ ഒപ്പിച്ചതെന്ന് തനിക്കറിയാം. ആ ബോധ്യത്തോടുകൂടി തന്നെയാണ് കീഴടങ്ങുന്നത്. ഇനി വേള്‍ഡ് ട്രേഡ് സെന്റര്‍ ആക്രമണത്തില്‍ വരെ തനിക്ക് പങ്കാളിത്തമുണ്ടെന്ന വാര്‍ത്തകള്‍ വന്നേക്കാം-മഅ്ദനി പറഞ്ഞു.

എനിക്ക് പറയാനുള്ളത് കോടതിയില്‍ പറയാം എന്നുകരുതിയാണ് അവിടെ കീഴടങ്ങാന്‍ തീരുമാനിച്ചത്. ഒരു രേഖയായി അത് കിടക്കട്ടേയെന്ന് കരുതി. കഴിഞ്ഞ ദിവസം ഖുര്‍ആന്‍ തൊട്ട് സത്യം ചെയ്തത് മതവിശ്വാസത്തെ ദുരുപയോഗപ്പെടുത്തുകയാണെന്ന ആരോപണം ശരിയല്ല. ആ ഖുര്‍ആന്‍ ആണ് മര്‍ദിതര്‍ക്ക് വേണ്ടിയും തീവ്രവാദത്തിനെതിരെയും നിലകൊള്ളാന്‍ എന്നെ പ്രേരിപ്പിക്കുന്നത്.  തന്റെ അറസ്റ്റിനെ ഒരു മുസ്‌ലിം -ഹിന്ദു പ്രശ്‌നമായി ഒരിക്കലും കണ്ടിട്ടില്ല. അങ്ങനെ ഉണ്ടാകാനുള്ള അവസരവും സൃഷ്ടിക്കില്ല. ഈ അറസ്റ്റുമായി ബന്ധപ്പെട്ട് ഒരു അനിഷ്ടസംഭവവും ഉണ്ടാകാന്‍ പാടില്ലെന്നും അദ്ദേഹം അഭ്യര്‍ഥിച്ചു.
Email this Storymadhyamam daily

No comments:

Blog Archive