var addthis_config = { data_track_addressbar: true, data_track_addressbar_paths: [ "/blog/posts/*", "/faq/*" ] }

Wednesday, August 25, 2010

പിന്മാറ്റമോ, ആരെ കബളിപ്പിക്കാന്‍?


Tuesday, August 24, 2010
2010 ആഗസ്റ്റ് 31ന് മുമ്പായി ഇറാഖില്‍നിന്ന് അമേരിക്കന്‍പട അന്തിമമായി പിന്മാറുമെന്ന തന്റെ വാഗ്ദാനം പ്രസിഡന്റ് ബറാക് ഒബാമ നിശ്ചിത സമയത്തിന് മുമ്പേ പൂര്‍ത്തീകരിച്ചിരിക്കുന്നു. ആഗസ്റ്റ് ഇരുപതോടെ, ഏഴു വര്‍ഷമായി ഇറാഖില്‍ തമ്പടിച്ചിരുന്ന യു.എസ് സൈന്യം കുവൈത്തിലേക്ക് പിന്മാറിയിട്ടുണ്ടെന്നാണ് അവകാശവാദം. സത്യമോ, 50,000 സൈനികരെ 'ഉപദേശത്തിനും സഹായത്തിനുമായി' ഇറാഖില്‍ അവശേഷിപ്പിച്ചിട്ടുണ്ട്. പുറമെ അമേരിക്കന്‍ കച്ചവടക്കാരുടെയും വ്യവസായികളുടെയും സുരക്ഷക്കായി  രണ്ട് ലക്ഷം സ്വകാര്യ കൂലിപ്പട്ടാളക്കാര്‍ വേറെയും! യാങ്കിപ്പടയുടെ എണ്ണം തന്നെ 70,000 വരെ ഉയര്‍ത്താനും പരിപാടിയുണ്ട്. അപ്പോള്‍ പിന്മാറ്റം എന്നു പറയുന്നതിന്റെ അര്‍ഥം? അധിനിവേശത്തിന്റെ ഏഴുവര്‍ഷക്കാലത്തിനിടയില്‍ 4400 അമേരിക്കന്‍ പട്ടാളക്കാര്‍ക്ക് ജീവഹാനി നേരിട്ടിരിക്കെ, ആഭ്യന്തരമായി ഉയരുന്ന അസ്വാസ്ഥ്യത്തിനും പ്രതിഷേധത്തിനും തടയിടാന്‍, ലോകത്തെ കബളിപ്പിക്കാന്‍, അത്യാചാരങ്ങള്‍ക്ക് കുപ്രസിദ്ധിയാര്‍ജിച്ച ബ്ലാക് വാട്ടര്‍ പോലുള്ള കൂലിപ്പട്ടാളത്തെ ചുമതല ഏല്‍പിക്കാന്‍ ഒരു പിന്മാറ്റ പ്രഹസനം കൂടിയേ തീരൂ. അതാണ് 'നല്ലവനായ' ഒബാമ ഒപ്പിച്ചിരിക്കുന്ന വിദ്യ. ചരിത്രപ്രധാനമായ തന്റെ സമാധാനവാഞ്ഛ ലോകത്തെ ബോധ്യപ്പെടുത്താന്‍ ഒബാമ അടുത്ത ദിവസങ്ങളില്‍ ഉജ്ജ്വലമായി പ്രസംഗിക്കാന്‍ പോകുന്നുണ്ടത്രെ. സമാധാനത്തിന്റെ നൊബേല്‍ പുരസ്‌കാരം തനിക്ക് ലഭിച്ചത് സ്ഥാനത്തായിരുന്നുവെന്ന് തെളിയിക്കണമല്ലോ.

പ്രസിഡന്റ് സദ്ദാം ഹുസൈന്‍ ഇറാഖില്‍ കൂട്ട നശീകരണായുധങ്ങള്‍ സംഭരിച്ചുവെച്ചിട്ടുണ്ടെന്നും അത് തകര്‍ക്കേണ്ടത് ലോകത്തിന്റെ നിലനില്‍പിന് അനുപേക്ഷ്യമാണെന്നും ചൂണ്ടിക്കാട്ടിയാണ് 2003ല്‍ ജോര്‍ജ് ഡബ്ല്യു. ബുഷ് മുഖ്യമായും അമേരിക്കന്‍ പടയടങ്ങുന്ന നാറ്റോ സേനയെ ബഗ്ദാദില്‍ ഇറക്കിയത്. ആരോപണം വെള്ളം ചേര്‍ക്കാത്ത കള്ളമായിരുന്നുവെന്ന് തെളിയാന്‍ അധികനാള്‍ വേണ്ടിവന്നില്ല. അല്‍ഖാഇദയുമായി സദ്ദാം ഹുസൈന് ബന്ധമുണ്ടെന്ന ആരോപണത്തിലും സത്യത്തിന്റെ കണിക പോലുമുണ്ടായിരുന്നില്ല. എന്നാലും സദ്ദാം ഹുസൈനെ പിടികൂടി, ഏകപക്ഷീയമായാരംഭിച്ച വിചാരണ പ്രഹസനം പോലും പൂര്‍ത്തിയാക്കാതെ മൃഗീയമായി കൊന്നുകളഞ്ഞു. തുടര്‍ന്ന് ഇറാഖിനെ ശിയാക്കള്‍ക്കും കുര്‍ദുകള്‍ക്കും സുന്നികള്‍ക്കുമായി പകുത്തുനല്‍കുന്ന ഒരു ഭരണഘടനയുണ്ടാക്കി. കൃത്രിമ തെരഞ്ഞെടുപ്പിലൂടെ പാവ ഭരണകൂടത്തെ അവരോധിച്ചു. സ്വാഭാവികമായും നവ കൊളോണിയലിസ്റ്റുകളുടെ അതിക്രൂരമായ ഈയധിനിവേശത്തിനെതിരെ ദേശാഭിമാനികളായ ഇറാഖുകാര്‍ ചെറുത്തുനില്‍പ് സംഘടിപ്പിച്ചപ്പോള്‍ അത്യാധുനിക ആയുധങ്ങളുമായി കൂട്ടക്കശാപ്പിനിറങ്ങുകയായിരുന്നു നാറ്റോ സൈന്യം. ഇതേവരെ ഒരു ലക്ഷത്തില്‍പരം ഇറാഖികളെ ശത്രുസേന കൊന്നൊടുക്കി എന്നാണ് സ്ഥിരീകൃത കണക്ക്. അനൗദ്യോഗിക കണക്കുകള്‍ പ്രകാരം കൊല്ലപ്പെട്ടവരും പരിക്കേറ്റവരുമടക്കം പത്തുലക്ഷം മനുഷ്യാത്മാക്കളെങ്കിലും ഇരകളായിട്ടുണ്ട്. അഞ്ചു ലക്ഷം ഇറാഖികള്‍ അഭയാര്‍ഥികളായി. 40 ശതമാനം പേര്‍ക്ക് തൊഴിലില്ല. എണ്ണ സമൃദ്ധവും വെള്ള സമൃദ്ധവുമായ ആ രാജ്യത്ത് കടുത്ത ജലക്ഷാമവും വൈദ്യുതിക്ഷാമവും പട്ടിണിയും പാരമ്യതയിലാണ്. എല്ലാറ്റിനുമുള്ള ന്യായീകരണം, ഏകാധിപതിയായിരുന്ന സദ്ദാമിനെ തങ്ങള്‍ വകവരുത്തി  ജനാധിപത്യം പുനഃസ്ഥാപിച്ചു എന്നും! അതിന്റെ കഥയോ, ഒരലമ്പ് തെരഞ്ഞെടുപ്പ് കഴിഞ്ഞിട്ട് മാസങ്ങളായെങ്കിലും അമേരിക്കന്‍ പാവ നൂരി അല്‍മാലിക്കിക്കോ മുഖ്യപ്രതിയോഗി അല്ലാവിക്കോ സര്‍ക്കാര്‍ രൂപവത്കരിക്കാനാവാതെ രാഷ്ട്രീയാനിശ്ചിതത്വം തുടര്‍ക്കഥയാവുന്നു. ഇതിലും ഭേദം സ്വേച്ഛാധിപതിയായിരുന്ന സദ്ദാം ഹുസൈനായിരുന്നു എന്ന് ഒരായിരം തവണ ഇറാഖികളെക്കൊണ്ട് പറയിക്കുന്നു യാങ്കികളുടെ ജനാധിപത്യം. രാജ്യത്തിന്റെ ചരിത്രമോ പാരമ്പര്യങ്ങളോ രാഷ്ട്രീയ പശ്ചാത്തലമോ പരിഗണിക്കാതെ ഒരു സുപ്രഭാതത്തില്‍ സൈനിക അകമ്പടിയോടെ ഇറക്കുമതി ചെയ്ത് നടപ്പാക്കാന്‍ കഴിയുന്നതല്ല ജനാധിപത്യ വ്യവസ്ഥയെന്ന് അമേരിക്കയെ ആരാണ് പഠിപ്പിക്കുക?

അമേരിക്ക തിരിച്ചുപോവാന്‍ വേണ്ടിയല്ല ഇറാഖില്‍ വന്നത്. പുറമേക്ക് എന്തുതന്നെ പറഞ്ഞാലും നേരെചൊവ്വെ യാങ്കികള്‍ ബഗ്ദാദ് വിടാന്‍ തയാറല്ല. ഇറാഖിന്റെ എണ്ണ സമ്പത്തോ ഇസ്രായേലിന്റെ താല്‍പര്യങ്ങളോ മാത്രമല്ല കാരണങ്ങള്‍. തൊട്ടടുത്ത രാജ്യം ഇറാനാണ്. ഇറാന്‍ 1979ല്‍ തങ്ങളുടെ പാവയായ മുഹമ്മദ് റിസാ ഷായുടെ ചൊല്‍പടിയില്‍നിന്ന് മോചിതമായി, ആയത്തുല്ലാഹ് റൂഹുല്ലാഹ് ഖുമൈനിയുടെ വിപ്ലവ ഗാര്‍ഡുകളുടെ പിടിയില്‍ അമര്‍ന്നത് മുതല്‍ അമേരിക്ക അസ്വസ്ഥമാണ്. നൂറു ശതമാനവും സാമ്രാജ്യത്വവിരുദ്ധമായ ഒരു ശക്തി പശ്ചിമേഷ്യയില്‍ ചുവടുറപ്പിക്കുന്നത് അമേരിക്കക്ക് ഓര്‍ക്കാനേ കഴിയുന്നതല്ല. അതിനാല്‍ വിപ്ലവാനന്തര ഇറാനെ മുളയിലേ നുള്ളിക്കളയാന്‍ സദ്ദാം ഹുസൈന്‍ എന്ന അവിവേകിയെത്തന്നെയാണ് അമേരിക്ക ഉപയോഗിച്ചത്. അയല്‍ അറബ് നാടുകളുടെ ഒത്താശയും അമേരിക്കന്‍ ആയുധങ്ങളുടെ പ്രവാഹവുമായപ്പോള്‍ സദ്ദാം ഇറാനെ മൂക്കില്‍ വലിക്കാന്‍ ഇറങ്ങിത്തിരിച്ചു. പക്ഷേ, പതിറ്റാണ്ടാവുമ്പോഴേക്ക് പറ്റിയ അബദ്ധവും നഷ്ടവും സദ്ദാം തിരിച്ചറിഞ്ഞു. പറഞ്ഞിട്ടെന്ത് ഫലം? അപ്പോഴേക്ക് കാര്യങ്ങള്‍ കൈവിട്ടുപോയിരുന്നു. ഇറാന്‍ പൊരുതി പിടിച്ചുനിന്നപ്പോള്‍, അമേരിക്കയുടെ കെണിയില്‍ വീണു കുവൈത്തിനെ പിടിച്ചുവിഴുങ്ങിയ സദ്ദാമിന്റെ ഗതി എന്തായെന്ന് ലോകം കണ്ടു. ഇറാനാകട്ടെ ഉപരോധവും ഊരുവിലക്കും അതിജീവിച്ച് ആണവ നിലയങ്ങള്‍ സ്ഥാപിക്കുന്ന തിരക്കിലാണ്. പൈലറ്റില്ലാ വിമാനം സ്വന്തമായി വികസിപ്പിച്ചെടുത്ത ഇറാന്‍ ഭൂഖണ്ഡാന്തര മിസൈലുകളും സംഭരിക്കുന്നു. എന്തു വിലകൊടുത്തും ഇറാനെ തടയിടണമെന്ന് ശഠിക്കുന്ന അമേരിക്ക, ആസൂത്രിത സൈനിക നടപടിക്ക് ഏറ്റവും ഉചിതമായ താവളമായി കാണുന്നത് ഇറാഖിനെയാണ്. ഗള്‍ഫിലെ ഇതര രാജ്യങ്ങളിലെ സൈനിക സങ്കേതങ്ങള്‍ അതിനായി ഉപയോഗിച്ചുകൂടാ. കാരണം, ഇറാന്റെ നേരെ ആക്രമണം ഉണ്ടായാല്‍ അതെവിടെ നിന്നായാലും തങ്ങള്‍ തിരിച്ചടിക്കുമെന്ന ഭീഷണി ഗള്‍ഫ് രാജ്യങ്ങളെ ഭയപ്പെടുത്തുന്നു. പക്ഷേ, അമേരിക്കയുടെ കണക്കുകൂട്ടല്‍ എന്തായാലും ഇറാന്റെ നേരെ നടത്തുന്ന ഏതാക്രമണവും ചരിത്രത്തിന്റെ തനിയാവര്‍ത്തനമായിരിക്കില്ലെന്ന് തീര്‍ച്ച. ഇറാഖിന് പാരതന്ത്ര്യത്തില്‍നിന്ന് സമീപഭാവിയിലൊന്നും മോചനമില്ല എന്നതാണ് അമേരിക്കന്‍ സാമ്രാജ്യത്വം രചിച്ച ഈ തിരക്കഥയുടെ ബാക്കിപത്രം.
madhyamam daily

No comments:

Blog Archive