Wednesday, August 18, 2010
അബ്ദുന്നാസിര്‍ മഅ്ദനിയുടെ കാര്യത്തില്‍ സമയത്തിന്റെ വ്യത്യാസമൊഴിച്ചാല്‍ ബാക്കി എല്ലാകാര്യങ്ങളിലും സമാനതകള്‍ ഏറെ. രണ്ട് അറസ്റ്റും ഇടതുസര്‍ക്കാറിന്റെ കാലത്ത്. വീണ്ടും മറ്റൊരു സംസ്ഥാനത്തെ ഇരുമ്പഴിക്കുള്ളിലേക്ക് റമദാന്‍ വ്രതവുമായാണ് മഅ്ദനി യാത്രതിരിച്ചത്.
കോഴിക്കോട് മുതലക്കുളം മൈതാനിയില്‍ 1994ല്‍ പ്രകോപനപരമായി പ്രസംഗിച്ചുവെന്ന കേസിന്റെ പേരിലായിരുന്നു മഅ്ദനിയെ കേരള പൊലീസ് മുമ്പ് അറസ്റ്റ് ചെയ്തത്. 1998 മാര്‍ച്ച് 31ന് അര്‍ധരാത്രി കൊച്ചി കലൂരില്‍ അശോകാ റോഡിലുള്ള വീട് വളഞ്ഞായിരുന്നു അറസ്റ്റ്. കോഴിക്കോട് ടൗണ്‍ സി.ഐയും ഇപ്പോള്‍ എസ്.പിയുമായ എ.വി. ജോര്‍ജിന്റെ നേതൃത്വത്തിലായിരുന്നു ഇത്. മാര്‍ച്ച് 31ന് രാത്രി തന്നെ കോഴിക്കോട്ടേക്ക് കൊണ്ടു പോയ മഅ്ദനിയെ അവിടെ കസബ സ്‌റ്റേഷനിലാണ് പാര്‍പ്പിച്ചത്. ഒരു ദിവസം അദ്ദേഹത്തെ പൊലീസ് ചോദ്യം ചെയ്തു. പിന്നീട് കോടതിയില്‍ ഹാജരാക്കി കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക് റിമാന്‍ഡ് ചെയ്തു. അതിന് ശേഷം ഏതാനും ദിവസം പൊലീസ് കസ്റ്റഡിയില്‍ വാങ്ങി. ദിവസങ്ങള്‍ക്കകം തമിഴ്‌നാട് പൊലീസ് മഅ്ദനിയെ ആവശ്യപ്പെട്ട് കേരളത്തിലെത്തി. കോയമ്പത്തൂര്‍ കോടതിയുടെ പ്രൊഡക്ഷന്‍ വാറണ്ടുമായി വന്ന തമിഴ്‌നാട് പൊലീസിന് 1998 ഏപ്രില്‍ ഒമ്പതിന് മഅ്ദനിയെ കൈമാറി.
കോയമ്പത്തൂര്‍ സ്‌ഫോടന കേസിനായി മഅ്ദനിയെ കേരള പൊലീസ് മറ്റൊരു കേസിന്റെ പേരില്‍ അറസ്റ്റ് ചെയ്ത് കൈമാറി എന്നാണ് പൊതുവെ വിലയിരുത്തപ്പെട്ടത്. അന്ന് മുഖ്യമന്ത്രിയായിരുന്ന ഇ.കെ. നായനാര്‍ മഅ്ദനിയെ പിടിച്ചുകൊടുത്തത് തങ്ങളാണെന്ന് വീരവാദം മുഴക്കുകയും സര്‍ക്കാറിന്റെ പ്രസിദ്ധീകരണത്തില്‍ നേട്ടമായി ഇത് രേഖപ്പെടുത്തുകയും ചെയ്തു.
ഇപ്പോഴത്തേത് പോലെ അന്നും മറ്റ് പ്രതികളുടെയും സാക്ഷികളുടെയും മൊഴികളുടെ പേരിലാണ് മഅ്ദനിയെ കോയമ്പത്തൂര്‍ കേസില്‍ ഉള്‍പ്പെടുത്തിയത്. ആദ്യം പ്രതിപ്പട്ടികയില്‍ അവസാനമായിരുന്ന അദ്ദേഹം പിന്നീട് ്രപധാന പ്രതികളിലൊരാളായി മാറുകയും ചെയ്തു. കോയമ്പത്തൂര്‍ കേസിലെന്ന പോലെ ബംഗളൂരു കേസിലും അങ്ങനെ സംഭവിക്കാമെന്ന ആശങ്കയാണ് പൊതുവെ. അന്ന് അറസ്റ്റിലായ അദ്ദേഹം ഒമ്പതര വര്‍ഷം കാരാഗൃഹത്തിലായിരുന്നു. ജാമ്യാപേക്ഷകളുമായി കോടതി പലത് കയറിയെങ്കിലും വിധി അനുകൂലമായില്ല്‌ള. ഒടുവില്‍ പ്രത്യേക കോടതി 2007 ആഗസ്റ്റ് ഒന്നിനാണ് മഅ്ദനിയെ കുറ്റക്കാരനല്ലെന്ന് കണ്ട് വിട്ടയച്ചത്. ഒമ്പതര വര്‍ഷത്തിന് ശേഷം മഅ്ദനി സ്വാതന്ത്ര്യത്തിന്റെ ലോകത്തേക്ക് മടങ്ങി വന്നു.
ഇപ്പോള്‍ 2008 ജൂലൈ 25 ബംഗളൂരു നഗരത്തില്‍ ഉണ്ടായ ഒമ്പത് സ്‌ഫോടനങ്ങളുടെ പേരില്‍ ചില മൊഴികളുടെ അടിസ്ഥാനത്തിലാണ് മഅ്ദനിയെ വീണ്ടും അറസ്റ്റ് ചെയ്തിരിക്കുന്നത്.അതും ജയില്‍മോചിതനായി പുറത്ത് വന്ന് മൂന്ന് വര്‍ഷങ്ങള്‍ക്കകം.
ഒരാഴ്ച നീണ്ട ആശയക്കുഴപ്പത്തിനും അനിശ്ചിതത്വത്തിനുമൊടുവില്‍ കോടതിയില്‍ കീഴടങ്ങാന്‍ പോയ മഅ്ദനിയെ പൊലീസ് വന്‍ സന്നാഹത്തോടെ അറസ്റ്റ് ചെയ്തു. 98ലെ അനുഭവത്തിന്റെ അടിസ്ഥാനത്തില്‍ ഇടതു സര്‍ക്കാര്‍ മഅ്ദനിയെ അറസ്റ്റ് ചെയ്ത് കര്‍ണാടകയ്ക്ക് നല്‍കാന്‍ തയാറായില്ല. അതിന്റെ പേരിലായിരുന്നു ഈ ആശയക്കുഴപ്പം. രണ്ട് സര്‍ക്കാറുകള്‍ തമ്മിലുള്ള തര്‍ക്കമായി പോലും അതു വളര്‍ന്നു. മഅ്ദനിയെ അറസ്റ്റ് ചെയ്ത് നല്‍കിയാല്‍ ഉണ്ടാകാവുന്ന പ്രത്യാഘാതങ്ങള്‍ സര്‍ക്കാറിന് ബോധ്യമുണ്ടായിരുന്നു. അതേസമയം കൂടുതല്‍ സംയമനത്തോടെ പ്രകോപനങ്ങളില്ലാതെ മഅ്ദനിയെ അറസ്റ്റ് ചെയ്യാന്‍ കഴിഞ്ഞു. പറയാനുള്ളതെല്ലാം പറഞ്ഞിട്ടാണ് മഅ്ദനി പോയത്. താന്‍ നിരപരാധിയാണെന്ന് അദ്ദേഹം ആവര്‍ത്തിക്കുകയും ചെയ്യുന്നു. എന്നാല്‍ കേരളത്തിലെ കോടതിയില്‍ മൊഴി നല്‍കാനുള്ള അദ്ദേഹത്തിന്റെ ശ്രമം വിജയിച്ചില്ല.
ഇ. ബഷീര്‍
madhyamam daily
No comments:
Post a Comment