var addthis_config = { data_track_addressbar: true, data_track_addressbar_paths: [ "/blog/posts/*", "/faq/*" ] }

Monday, June 7, 2010

ഹജ്ജ്: താമസത്തിന് കൂടുതല്‍ തുകയാകും

Thursday, June 3, 2010
ന്യൂദല്‍ഹി: ഇന്ത്യയില്‍ നിന്നും വിവിധ കാറ്റഗറികളില്‍ ഹജ്ജ് തീര്‍ഥാടനത്തിനു പുറപ്പെടുന്നവര്‍ താമസ സ്ഥലത്തിന് ഇത്തവണ കൂടുതല്‍ തുക നല്‍കേണ്ടി വരും. പുണ്യഭൂമികളില്‍ ഹാജിമാര്‍ക്ക് താമസ സൗകര്യം വിപുലീകരിക്കാന്‍ സൗദി ഹജ്ജ് മന്ത്രാലയം തീരുമാനിച്ച സാഹചര്യത്തിലാണ് നിരക്കു വര്‍ധനയെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു.

ഗ്രീന്‍, വൈറ്റ്, അസീസിയ എന്നീ മൂന്ന് കാറ്റഗറികളിലായാണ് കേന്ദ്ര ഹജ്ജ് കമ്മിറ്റി മുഖേന ഇന്ത്യന്‍ തീര്‍ഥാടകര്‍ക്ക് താമസ സൗകര്യം ഒരുക്കുന്നത്. ഇതില്‍ ഗ്രീന്‍ കാറ്റഗറിയില്‍ ഒരാള്‍ക്ക് 3500 സൗദി റിയാല്‍ ആണ് ഈടാക്കുന്നത്. എന്നാല്‍, ഇത്തവണ ഇത് 4000 റിയാലായി മാറും. വൈറ്റ് കാറ്റഗറിയില്‍ 2800 നു പകരം നിരക്ക് 3200 റിയാലായും ഉയര്‍ന്നു. താരതമ്യേന നിരക്ക് കുറഞ്ഞ അസീസിയയിലെ താമസ സൗകര്യത്തിന് 2200 എന്നത് 2500 റിയാലാക്കി. ഹാജിമാര്‍ക്ക് കൂടുതല്‍ സൗകര്യപ്രദമായ താമസ സൗകര്യം ഏര്‍പ്പെടുത്തുന്നതിനാണ് നിരക്ക് ഉയര്‍ത്തിയതെന്നാണ് സൗദി ഹജ്ജ് മന്ത്രാലയത്തിന്റെ വിശദീകരണം.

പുണ്യഭൂമികളില്‍ ഉടന്‍ സന്ദര്‍ശനം നടത്തി ഇന്ത്യയില്‍ നിന്നുള്ള തീര്‍ഥാടകര്‍ക്കു വേണ്ട താമസ സൗകര്യം ഉറപ്പു വരുത്താന്‍ പ്രതിനിധിസംഘത്തെ അയക്കാന്‍ ഇന്നലെ ദല്‍ഹിയില്‍ ചേര്‍ന്ന കേന്ദ്ര ഹജ്ജ് കമ്മിറ്റി യോഗം തീരുമാനിച്ചു. വിദേശകാര്യ സഹമന്ത്രി ശശി തരൂരിന്റെ രാജിയും കേന്ദ്ര ഹജ്ജ് കമ്മിറ്റി സാരഥി മൊഹ്‌സിന കിദ്വായിക്കെതിരായ നിയമ നടപടിയും ഹജ്ജ് പ്രവര്‍ത്തനങ്ങളെ ബാധിക്കുമെന്ന ആശങ്ക ഉയര്‍ന്ന സാഹചര്യത്തിലാണ് യോഗം ചേര്‍ന്നത്. മൊഹ്‌സിന കിദ്വായിയുടെ അസാന്നിധ്യത്തില്‍ വിദേശകാര്യ വകുപ്പിലെ ഹജ്ജ് വിഭാഗം സെക്രട്ടറി രാജീവ് കെ ഛന്ദറിന്റെ അധ്യക്ഷതയിലായിരുന്നു യോഗം. കേരളത്തില്‍ നിന്നുള്ള പ്രഫ. എ.കെ അബ്ദുല്‍ ഹമീദും പങ്കെടുത്തു.

madhyamam

No comments:

Blog Archive