var addthis_config = { data_track_addressbar: true, data_track_addressbar_paths: [ "/blog/posts/*", "/faq/*" ] }

Monday, June 7, 2010

തക്കശിക്ഷ തന്നെ രക്ഷ

Sunday, June 6, 2010
മൂന്ന് കശ്മീരി യുവാക്കളെ സൈന്യത്തില്‍ ജോലി വാഗ്ദാനം ചെയ്ത് വീട്ടില്‍നിന്ന് വിളിച്ചിറക്കി കൊണ്ടുപോയി രാജ്യാതിര്‍ത്തിക്ക് സമീപം വെടിവെച്ചു കൊന്ന് നുഴഞ്ഞുകയറ്റക്കാരായ തീവ്രവാദികളെ ഏറ്റുമുട്ടലില്‍ വധിച്ചെന്ന് വ്യാജകഥയുണ്ടാക്കിയ കേസില്‍ ജമ്മു-കശ്മീരിലെ സുരക്ഷാസേനയിലെ ഒരു മേജറെ സസ്‌പെന്‍ഡ് ചെയ്യുകയും മറ്റൊരു കേണലിനെ സ്ഥാനത്തുനിന്ന് നീക്കുകയും ചെയ്തിരിക്കുന്നു. കഴിഞ്ഞ ഏതാനും ആഴ്ചകളായി താഴ്‌വരയെ വീണ്ടും പ്രക്ഷുബ്ധമാക്കിയ നദിഹാലിലെ ഈ വ്യാജ ഏറ്റുമുട്ടലിനു പിന്നില്‍ പ്രവര്‍ത്തിച്ചവരെ കണ്ടെത്തി നിയമത്തിനു മുന്നില്‍ കൊണ്ടുവരാനുള്ള നീക്കത്തിന് മുന്‍കൈയെടുത്ത ജമ്മു-കശ്മീര്‍ മുഖ്യമന്ത്രി ഉമര്‍ അബ്ദുല്ലയുടെ നീക്കം അഭിനന്ദനാര്‍ഹംതന്നെ. സൈന്യത്തിലെ സീനിയര്‍ കോര്‍ കമാന്‍ഡര്‍മാരും പൊലീസ്, ഇന്റലിജന്‍സ് തലവന്മാരും ഒത്തുചേര്‍ന്ന ഞായറാഴ്ചത്തെ ഉന്നതതല യോഗത്തിന്‍േറതാണ് ഈ തീരുമാനം. നദിഹാല്‍ വ്യാജ ഏറ്റുമുട്ടലിലെ അപരാധികളെ പിടികൂടി ശിക്ഷിക്കുമെന്ന് കേന്ദ്ര പ്രതിരോധമന്ത്രി എ.കെ. ആന്റണി നേരത്തേ വ്യക്തമാക്കിയിരുന്നു.

കേന്ദ്രഗവണ്‍മെന്റിന്റെ ഔദ്യോഗിക കണക്കനുസരിച്ച് അറുപതിനായിരത്തോളം പേരെ കൊലക്കുകൊടുക്കുകയും പതിനായിരത്തിലേറെ യുവാക്കള്‍ അപഹരിക്കപ്പെടുകയും വര്‍ഷത്തില്‍ മനോനില തെറ്റി നൂറിലേറെ പേര്‍ ആത്മഹത്യക്കു ശ്രമിക്കുകയും പതിനായിരങ്ങള്‍ ചിത്തരോഗാശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെടുകയും ചെയ്ത ഭൂമിയിലെ നഷ്ടസ്വര്‍ഗമാണിന്ന് കശ്മീര്‍. തൊണ്ണൂറുകളില്‍ വിഘടനതീവ്രവാദം ആയുധമണിഞ്ഞപ്പോള്‍ അതിനെ അടിച്ചൊതുക്കാനാണ് രാജ്യത്തെ മുഴുവന്‍ സേനാവിഭാഗങ്ങളുടെയും ഗണ്യമായൊരു ഭാഗത്തെ കശ്മീരിലേക്ക് നിയോഗിച്ചത്. ഇന്ത്യയുമായി നിതാന്തശത്രുത പ്രഖ്യാപിച്ച അയല്‍രാജ്യത്തിന്റെ അവകാശവാദം പതിഞ്ഞ പ്രദേശമായതു കൊണ്ടുതന്നെ നമ്മുടെ പ്രതിരോധത്തിന്റെയും രാജ്യരക്ഷയുടെയും മുക്കാലേ മുണ്ടാണിയും കശ്മീരില്‍ വ്യയം ചെയ്യേണ്ടിവരുന്നുണ്ട്. എന്നാല്‍, വന്‍തോതിലുള്ള ആളും അര്‍ഥവും ചെലവിട്ടുകൊണ്ടിരിക്കുന്ന ഈ സുരക്ഷായജ്ഞം രണ്ടു പതിറ്റാണ്ടു പിന്നിടുമ്പോഴും കശ്മീരിന്റെ മണ്ണും മനസ്സും എന്തുകൊണ്ട് നമ്മോടു ചേര്‍ത്തു പിടിക്കാനാവുന്നില്ല എന്നതിന്റെ പൊരുളറിയിച്ച ഒടുവിലെ സംഭവമാണ് നദിഹാല്‍ ഏറ്റുമുട്ടല്‍കൊല.

പാകിസ്താന്‍ ദുര്‍ബലമാവുകയും കശ്മീരിന്റെ പേരുപറഞ്ഞ് ഉപഭൂഖണ്ഡത്തെ അസ്ഥിരപ്പെടുത്തി വശത്താക്കാന്‍ ഇസ്‌ലാമാബാദിനെ മൂച്ച് കയറ്റിയ അമേരിക്കയടക്കമുള്ള വന്‍ശക്തികളും മറ്റും ഇപ്പോള്‍ നേര്‍വിപരീത ദിശയിലേക്കു നീങ്ങുകയും കശ്മീര്‍വിഷയത്തിലെ നയതന്ത്രനീക്കങ്ങളില്‍ വിജയപൂര്‍വം ഇന്ത്യ ഏറെ മുന്നിലെത്തുകയും ചെയ്തിട്ടുണ്ട്. 'പിണ്ടി, പിണ്ടി, റാവല്‍പിണ്ടി' വിളിച്ച് അക്കരെ പാര്‍ക്കാന്‍ കച്ചകെട്ടിയിറങ്ങിയ വിഘടനതീവ്രവാദികളെല്ലാം ഭൂമിയിലെ സ്വര്‍ഗത്തെ പാക്‌നരകത്തോട് ചേര്‍ത്തുകെട്ടുന്നതില്‍നിന്നു ഏറക്കുറെ പിന്തിരിഞ്ഞ മട്ടാണ്. വിഘടനവാദപ്പേരിലെ സായുധനീക്കങ്ങളെ താഴ്‌വര ഒന്നടങ്കം തള്ളിക്കളയുന്ന നിലയാണിപ്പോള്‍. ഈ അനുകൂലാവസ്ഥകള്‍ ഉപയോഗിച്ച് കശ്മീരിനെ അക്ഷരാര്‍ഥത്തില്‍ ഇന്ത്യയുടെ അവിഭാജ്യഘടകമാക്കി നിര്‍ത്തുന്നതിനുള്ള ഏറ്റവും നല്ല അവസരമാണ് മുന്നിലുള്ളതെന്ന കാര്യം കേന്ദ്രവും സംസ്ഥാനം ഭരിക്കുന്നവരുമൊക്കെ തിരിച്ചറിഞ്ഞു കഴിഞ്ഞിട്ടുണ്ട്. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി കേന്ദ്രം കശ്മീരിനായി കൊണ്ടുവരുന്ന റെയില്‍വേ, ഊര്‍ജ, ജലസേചനപദ്ധതികളും മറ്റും താഴ്‌വരയിലേക്ക് വകയിരുത്തുന്ന പദ്ധതിവിഹിതങ്ങളും ഇതിന്റെ തെളിവാണ്. കശ്മീരിന്റെ മണ്ണിനെ മാത്രമല്ല, മനുഷ്യമനസ്സുകളെ കൂടി തിരിച്ചുപിടിക്കാന്‍ അവിടത്തെ വമ്പിച്ച സൈനികവിന്യാസം ഉപയോഗിക്കണമെന്ന ദൃഢനിശ്ചയവും കേന്ദ്രത്തിനുണ്ട്. തീവ്രവാദികള്‍ക്കും നുഴഞ്ഞുകയറ്റക്കാര്‍ക്കുമെതിരെ ഏതറ്റം വരെ പോകാനും തയാറാകുന്ന സൈന്യംതന്നെ കശ്മീരിലെ പച്ചമനുഷ്യര്‍ക്ക് സാന്ത്വനസ്‌പര്‍ശം നല്‍കാന്‍ പാതാളത്തോളം വിനയപ്പെടാനൊരുക്കമാണ് എന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. ഏഴുലക്ഷം വരുന്ന സൈനികരെ ഘട്ടംഘട്ടമായി പിന്‍വലിക്കാനുള്ള നീക്കമാരംഭിച്ചിട്ടുണ്ട്. കരിനിയമങ്ങളില്‍ എന്തെന്തു തിരുത്തുകളാകാമെന്ന് ആലോചിക്കുന്നുണ്ട്. നിയമവിരുദ്ധതടങ്കല്‍, കസ്റ്റഡി മരണങ്ങള്‍, ആളപഹരണം, കൂട്ടബലാല്‍സംഗം തുടങ്ങി സൈനികര്‍ക്കെതിരെ പൈശാചികമായ മനുഷ്യാവകാശലംഘന ആരോപണങ്ങളുയര്‍ന്നപ്പോഴെല്ലാം അക്കാര്യത്തില്‍ സഹിഷ്ണുത തീണ്ടാത്ത തക്കനടപടി (സീറോ ടോളറന്‍സ്) എന്ന് പ്രധാനമന്ത്രി തന്നെയാണ് പ്രസ്താവിച്ചത്. പ്രതിരോധമന്ത്രിയും കശ്മീര്‍ മുഖ്യമന്ത്രിയും അതേറ്റു പിടിച്ച് സ്ഥിരം പല്ലവിയാക്കി മാറ്റുകയും ചെയ്തു. തീവ്രവാദത്തോടുള്ള വൈമുഖ്യവും സമാധാനജീവിതത്തോടുള്ള ആഭിമുഖ്യവും തളിരിട്ടുതുടങ്ങിയ കശ്മീരിനെ കൂടുതല്‍ പച്ചപിടിപ്പിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് ഈ നീക്കങ്ങളെല്ലാം.

എന്നാല്‍, സൈന്യം പഠിച്ചതല്ലാതെ പാടുമോ? ഇപ്പോള്‍ കൈവിട്ടുപോയെന്ന്, നിയമം കൊണ്ടുവന്ന കേന്ദ്രസര്‍ക്കാര്‍ തന്നെ വിലയിരുത്തുന്ന സായുധസേനാ പ്രത്യേകാധികാരനിയമമാണ് ഇത്തരം അരുതായ്മകളിലെ വില്ലന്‍. ഈ കരിനിയമത്തിന് സൈന്യം തങ്ങളുടേതായ മൃഗീയാവിഷ്‌കാരങ്ങള്‍ നല്‍കിയതിന്റെ പ്രത്യക്ഷ ഉദാഹരണമാണ് കശ്മീരിലെ ആളപഹരണങ്ങളും ഏറ്റുമുട്ടല്‍ കൊലപാതകങ്ങളും കൂട്ടബലാല്‍സംഗങ്ങളുമൊക്കെ. അതിക്രമത്തിന് പിടിക്കപ്പെട്ടാല്‍ സൈന്യത്തിന്റെ മനോവീര്യം ചോരുമെന്ന് നിലവിളിച്ച് അവരെ ശിക്ഷയില്‍നിന്ന് രക്ഷപ്പെടുത്താമെന്നൊരു പഴുതും കൂടിയാകുമ്പോള്‍ പിന്നെ അക്രമികള്‍ ആരെ പേടിക്കണം? താഴ്‌വരയിലെ ഏറ്റുമുട്ടലുകള്‍ സംബന്ധിച്ച് തനിക്കുമുന്നില്‍ കുമിഞ്ഞുകൂടിയ പരാതികള്‍ മുന്‍നിര്‍ത്തി മുഖ്യമന്ത്രി ഉമര്‍ അബ്ദുല്ല പറഞ്ഞു: 'സൈന്യം തന്നെ വാദിയും ജഡ്ജിയും ആരാച്ചാരും എന്ന നിലവിലെ അവസ്ഥ മാറണം. കാര്യങ്ങള്‍ കുറേക്കൂടി സുതാര്യമാവണം'.

സൈനിക അതിക്രമങ്ങള്‍ കശ്മീരില്‍ പുതിയ വാര്‍ത്തയല്ല. എന്നാല്‍, മുന്‍ കേസുകളിലൊക്കെ കുറ്റവാളികളെ പിടികൂടുന്നതുപോലുള്ള ചില മുഖംമിനുക്കലുകള്‍ക്ക് അപ്പുറം കാര്യങ്ങള്‍ പോയിട്ടില്ല. 2006ല്‍ ഗണ്ടര്‍ബാലില്‍ കൂട്ടക്കുഴിമാടങ്ങള്‍ മാന്തിയപ്പോള്‍ വെളിപ്പെട്ട കേസിലും 2004ല്‍ നാലു പോര്‍ട്ടര്‍മാരെ കൊലക്കുകൊടുത്ത കേസിലും സൈനിക ഉദ്യോഗസ്ഥര്‍ കുറ്റവാളികളായെങ്കിലും കാര്യമായ നടപടിയൊന്നുമുണ്ടായില്ല. നദിഹാല്‍ സംഭവവും അപവാദമായിത്തീരുമെന്ന് കരുതാന്‍ ഇപ്പോള്‍ ന്യായമില്ല. അതല്ല, മുഖംനോക്കാതെ എന്ന പ്രഖ്യാപിതനടപടി പ്രയോഗത്തിലായാല്‍ കേന്ദ്ര-സംസ്ഥാനഭരണകൂടങ്ങളുടെ പ്രശ്‌നപരിഹാരത്തോടുള്ള പ്രതിബദ്ധതയായിരിക്കും അതുവഴി തെളിയുക. അതാകട്ടെ, കശ്മീര്‍ പ്രതിസന്ധിപരിഹാരത്തിലേക്കുള്ള വഴി കൂടുതല്‍ തുറസ്സാക്കുകയും ചെയ്യും.

madhyamam

No comments:

Blog Archive