var addthis_config = { data_track_addressbar: true, data_track_addressbar_paths: [ "/blog/posts/*", "/faq/*" ] }

Wednesday, February 23, 2011

ഇന്റർനെറ്റും പ്രബോധനവും


(തിരൂര്‍ക്കാട് ഇസ്ലാമിക് വിമെന്‍സ് കോളജ് വിദ്യാര്‍ത്ഥിനികള്‍ നടത്തിയ ഇന്റര്‍വ്യു)



1. ഇന്റര്‍നെറ്റ് വഴിയുള്ള പ്രബോധനത്തിന്റെ തുടക്കമെങ്ങനെയായിരുന്നു?

മറുപടി പറയുന്നതിന്നുമുമ്പായി ഒരു തെറ്റിദ്ധാരണ നീക്കേണ്ടതുണ്ടെന്നു തോന്നുന്നു. ഇന്റര്‍നെറ്റ് ഉപയോഗത്തിലും പ്രബോധന രംഗത്തും വിദഗ്ദ്ധനായൊരാളാണ്‍ ഞാനെന്ന ധാരണയില്‍ നിന്നാണ്‍ ഈ ചോദ്യങ്ങളുത്ഭവിച്ചിട്ടുള്ളത്. അത് ശരിയല്ല. കമ്പ്യൂട്ടര്‍ - ഇന്റര്‍നെറ്റ് മേഖലയിലെ ഇന്നു നടന്നു കൊണ്ടിരിക്കുന്ന വിദഗ്ദ്ധ പരിശീലനങ്ങളൊന്നും എനിക്ക് ലഭിച്ചിട്ടില്ല. ഇന്‍ഫര്‍മേഷന്‍ ടെക്നൊളജിയുടെ അനിഷേധ്യ സംഭാവനകളായ ഇവയുമായി അടുക്കുന്നത് തികച്ചും അവിചാരിതമായായിരുന്നു.
ഇലാഹിയ കോളജില്‍ കുട്ടികള്‍ക്ക് പരിശീലനം നല്‍കാനായി കുറെ കമ്പ്യൂട്ടറുകള്‍ വാങ്ങുകയുണ്ടായി. അതിനായി ഒരു ടീച്ചറെയും നിയമിച്ചു. ഒരു നോമിനല്‍ ഫീസ് മാത്രം ഈടാക്കി ക്ലാസ്സുകളാരംഭിച്ചു. പക്ഷെ, അപേക്ഷകര്‍ വളരെ കുറവായിരുന്നു. ഉള്ളവര്‍ തന്നെ, ദിനം പ്രതിയെന്നോണം കൊഴിഞ്ഞു പോയിക്കൊണ്ടുമിരുന്നു. അതിനാല്‍ തന്നെ, അടുത്ത വര്‍ഷാരംഭത്തില്‍, ഇത് ചര്‍ച്ചാ വിഷയമായി. നിറുത്തിക്കളയാനായിരുന്നു ഭൂരിപക്ഷ തീരുമാനം. അപ്പോള്‍, ഞാനൊരു അഭിപ്രായം അവതരിപ്പിച്ചു. കുട്ടികള്‍ക്ക് കമ്പ്യൂട്ടര്‍ പഠനത്തിന്റെ ആവശ്യകതയും ഗുണവുമറിയില്ല; അത് മനസ്സിലാക്കിക്കൊടുക്കുക അദ്ധ്യാപകന്മാരുടെ ചുമതലയാണ്‍. പക്ഷെ, അവര്‍ക്ക് ഈ വിഷയത്തില്‍ കുട്ടികളുടെ അറിവുമില്ല. അതിനാല്‍, ഈ വര്‍ഷം പരിശീലനം അദ്ധ്യാപകര്‍ക്കാകട്ടെ; എങ്കില്‍, കുട്ടികളെ പ്രോത്സാഹിപ്പിക്കാനും അവര്‍ക്ക് പരിശീലനം കൊടുക്കാനും അവരെ തന്നെ ഉപയോഗപ്പെടുത്താം. മാത്രമല്ല, ഒഴിവു പിരീഡുകള്‍ കമ്പ്യൂട്ടറ് ക്ലാസ്സിന്നു വിനിയോഗിക്കുകയും ചെയ്യാം.
ഈ അഭിപ്രായം സ്വീകരിക്കപ്പെട്ടു. സംഘടിപ്പിക്കാനുള്ള ചുമതല ഒരദ്ധ്യാപകനെ ഏല്പിക്കുകയും ചെയ്തു. കമ്പ്യൂട്ടര്‍ ക്ലാസ്സുകളിലൊന്നും പോകാതെ, കോളജില്‍ വെച്ചു തന്നെ ചുളുവില്‍ പഠിച്ചെടുക്കാമെന്ന ഒരു സ്വാര്‍ത്ഥതയും യഥാര്‍ത്ഥത്തില്‍ ഈ അഭിപ്രായ പ്രകടനത്തിന്നു പിന്നിലുണ്ടായിരുന്നു. പക്ഷെ, ക്ലാസ്സിന്ന് സമയം കണ്ടെത്തിയിരുന്നത് നാലു മണിക്കു ശേഷമായിരുന്നുവെന്നത് എന്നെ നിരാശനാക്കുകയായിരുന്നു. കാരണം, ആ സമയം ഞാന്‍ നാടു പിടിച്ചു കഴിഞ്ഞിരിക്കും. ഓഫീസിലെ മുഷ്താഖ് എന്ന ജീവനക്കാരന്‍ എന്നെ പഠിപ്പിക്കാനുള്ള ചുമതലയേറ്റതോടെ എന്റെ പഠനമാരംഭിച്ചു. രാവിലെ എല്ലാവരേക്കാള്‍ മുമ്പ് കോളജിലെത്തിയിരുന്ന എനിക്ക്, കോളജ് ക്ലാസ്സ് ആരംഭിക്കുന്നതിന്നു മുമ്പ് പുതിയ പഠനത്ത്ലേര്‍പ്പെടാന്‍ കഴിഞ്ഞു. മുഷ്റ്റാഖിന്റെ സഹായം ഒരാഴ്ചയിലധികം വേണ്ടി വന്നില്ലെന്നാണോര്‍മ്മ. താല്പര്യവും ഒരല്പം ശ്രദ്ധയുമുണ്ടെങ്കില്‍, സ്വയം തന്നെ പഠിക്കാന്‍ കഴിയുന്ന വിധമാണ്‍ കമ്പ്യൂട്ടര്‍ രൂപകല്പന ചെയ്യപ്പെട്ടിരിക്കുന്നതെന്ന് മനസ്സിലയി. അതോടെ, ഒഴിവു പിരീഡുകള്‍ പൂര്‍ണ്ണമായും അതിന്നു തന്നെ വിനിയോഗിച്ചു. എന്റെ പിരീഡുകളില്‍ വലിയൊരു ഭാഗം ബി. എ, എം. എ, അഫ്ദലുല്‍ ഉലമാ കോഴ്സുകളിലെ ഫസ്റ്റ് ഇയര്‍ വിദ്യാര്‍ത്ഥികള്‍ക്കായിരുന്നു. ഇവരുടെ ക്ലാസ്സുകള്‍ വൈകി മാത്രമാണല്ലോ തുടങ്ങുക. അതിനാല്‍ തന്നെ, സമയം ധാരാളം ലഭിച്ചു. അര്‍ദ്ധ വാര്‍ഷിക പരീക്ഷയായപ്പോള്‍, ചോദ്യപേപ്പറ് അടിക്കുന്ന അദ്ധ്യാപകനെ സഹായിക്കാന്‍ തുടങ്ങി. അടുത്ത വര്‍ഷം ഈ ചുമതല പൂര്‍ണ്ണമായിത്തന്നെ ഏറ്റെടുത്തു. ഇതിനിടക്ക് ഒരു കമ്പ്യൂട്ടര്‍ വഴി തെറ്റി വീട്ടിലുമെത്തി. ഇതോടെ, ഏകദേശം മുഴു സമയ പഠനം തന്നെയാണ്‍ നടന്നത്.
ഇതിനിടയിലാണ്‍ ഇന്റര്‍നെറ്റിനെ കുറിച്ചു കേള്‍ക്കാന്‍ കഴിഞ്ഞത്. പക്ഷെ, അതെന്താണെന്നു മനസ്സിലാക്കാന്‍ കഴിഞ്ഞിരുന്നില്ല. അറിവുള്ളവരെന്നു ഞാന്‍ ധരിച്ചിരുന്ന പലരോടും ഇതെ കുറിച്ചന്വേഷിച്ചപ്പോള്‍ ഫലം വട്ടപൂജ്യം തന്നെയായിരുന്നു. ‘ഇന്റര്‍നെറ്റ് കഫെ‘ എന്ന ബോര്‍ഡ് പല സ്ഥലങ്ങളിലും കണ്ടു തുടങ്ങിയിരുന്നുവെങ്കിലും അതിനെ കുറിച്ചു ചോദിക്കാന്‍ പോലും ധൈര്യമുണ്ടായിരുന്നില്ല. മദ്യ ഷോപ്പ് പോലെ മാന്യന്മാര്‍ക്ക് പോകാന്‍ പാടില്ലാത്ത കേന്ദ്രങ്ങളായിരിക്കും അതെന്നായിരുന്നു ഈ ഭീതിക്ക് കാരണം.
അങ്ങനെയിരിക്കെയാണ്‍, ഐ. പി. എച്ചിന്റെ ‘ഇസ്ലാമിക വ്ജ്ഞാനകോശ‘ത്തിലേക്ക് ചില ലേഖനങ്ങള്‍ തയ്യാറാക്കാന്‍, തിരുവനന്തപുരത്തെ കേരളാ യൂനിവേഴ്സിറ്റി ലൈബ്രറിയിലെത്തിയത്. രാവിലെ മുതല്‍ വൈകുന്നേരം 5 മണിവരെ, ലൈബ്രറിയില്‍ വിവിധ ഗ്രന്ഥങ്ങള്‍ പരതിയും നോട്സുകളെടുത്തും കഴിഞ്ഞതിനാല്‍, അവശനായി പുറത്തിറങ്ങിയതായിരുന്നു. റൂമിലേക്ക് നടന്നു പോരുമ്പോഴാണ്‍ ആ ബോര്‍ഡ് മുമ്പില്‍ പെട്ടത്: ഇന്റര്‍നെറ്റ് കഫെ! പെട്ടെന്നാണ്‍ പുതിയൊരാശയം മനസ്സിലുടലെടുത്തത്. ഒന്നു കയറി നോക്കിയാലോ. വഷളാകുന്നത് കാണാന്‍ പരിചയമുള്ളവരാരും ഇവിടെയില്ലല്ലോ. ഉടനെ ത്തന്നെ അത് തീരുമാനമായി. ഒരു വലിയ കെട്ടിടത്തിന്റെ മൂന്നാം നിലയിലുള്ള റൂമിലേക്ക് ഞാനെത്തിയത് വളരെ ആശങ്കയോടെയായിരുന്നു. ഒരു വലിയ മുറി. അതിനകത്ത് കുറെ കൊച്ചു കൊചു മുറികള്‍! ഓരോന്നിലും കമ്പ്യൂട്ടര്‍! തൊട്ടു മുമ്പില്‍ ഓരോ മനുഷ്യരും! ചുമതലയുള്ള ലേഡി ആഗമനോദ്ദേശ്യം തിരക്കി.
‘ബ്രൌസ്’ ചെയ്യണോ?’ അവര്‍ ചോദിച്ചു. ‘അതെ’! ഞാന്‍ മറുപടി പറഞ്ഞു. പക്ഷെ, എനിക്കെന്ത് ‘ബ്രൌസ്‘? ആദ്യമായി കേള്‍ക്കുന്നത് പോലെ തോന്നി. ഒരു കൊച്ചു മുറിയിലേക്ക് എന്നെ നയിച്ചു കൊണ്ട് കസേര നീക്കി പറഞ്ഞു: ‘ഇവിടെ ഇരുന്നോളു’.
ഞാന്‍ ഇരുന്നു. ലേഡി പോയി! ഇനിയെന്തു ചെയ്യണം? ഞാന്‍ വിയര്‍ത്തു! കുറേ നേരം ഇതി കര്‍ത്തവ്യതാ മൂഡനായി മിഴിച്ചിരുന്നു. അവസാനം തീരുമാനത്തിലെത്തി. ലേഡിയെ വിളിച്ചു എന്റെ അജ്ഞത ഭംഗിയായവതരിപ്പിച്ചു. സഹതാപം തോന്നിയ അവര്‍ സഹായിക്കാന്‍ തയ്യാറായി. ‘എന്നാല്‍ ചാറ്റായിക്കൊള്ളട്ടെ!‘ അവര്‍ പറഞ്ഞു. ’ആകട്ടെ!‘ ഞാന്‍ അനുസരിച്ചു. പക്ഷെ, എന്താണീ ചാറ്റ്? എനിക്കതറിയുകയില്ലായിരുന്നു. ഇംഗ്ലീഷ് പദങ്ങള്‍ക്കെല്ലാം പുതിയ അര്‍ത്ഥങ്ങള്‍ അവതരിച്ചു കൊണ്ടിരിക്കുകയാണല്ലോ.
‘ഏത് കാറ്റഗറിയാണ്‍ താല്പര്യം?’ വീണ്ടും കുഴക്കുന്ന ചോദ്യം.
‘ഏതുമാകാം’. ഞാന്‍.
‘മ്യൂസിക്ക് ഇഷ്ടമാണോ?’
‘അതെ’. ഇല്ലെങ്കിലും അങ്ങനെയാണ്‍ പറയാന്‍ തോന്നിയത്. അവര്‍ യാഹൂ മെസഞ്ജര്‍ എടുത്തു മ്യൂസിക്ക് എന്ന കാറ്റഗറി ഓപന്‍ ചെയ്തു. ദീര്‍ഘമായൊരു പട്ടിക.
‘ഇനി ഇവയിലാരോടെങ്കിലും ചാറ്റ് ചെയ്തോളൂ’.
‘എങ്ങനെ?’
‘ഒരു പേരിന്മേല്‍ ഡബ് ള്‍ ക്ലിക്ക് ചെയ്യുക’.
ഒരു എല്‍. പി ക്ലാസ് വിദ്യാര്‍ത്ഥിയെപ്പോലെ ഞാനത് അംഗീകരിച്ചു. സെക്കന്റുകള്‍ കഴിഞ്ഞു. ഒരു കോളം തെളിഞ്ഞു വന്നു.
‘ചാറ്റ് ചെയ്തോളൂ’.
സമയം വൈകുന്നേരം 6 മണി! അവര്‍ ചൂണ്ടി കാണിച്ചു തന്ന കോളത്തില്‍ ഞാന്‍ ടൈപ്പ് ചെയ്തു: ‘ഗുഡ് ഈവനിംഗ്!‘
ഉടനെ മറുപടി വന്നു : ‘ഗുഡ് മോര്‍ണിംഗ്’!
ഞാന്‍ അമ്പരന്നു. എന്താണീ കേള്‍ക്കുന്നത്. പക്ഷെ, വിഷയമായല്ലോ. താല്പര്യം കൂടി. ‘നിങ്ങളാരാണ്‍? എവിടെനിന്നാണ്‍?’ ഞാന്‍ ചോദിച്ചു.
‘ഞാന്‍ ******. അമേരിക്കയില്‍ നിന്നാണ്‍’.
അതെ, ‘വൈകുന്നേര‘വും ‘രാവിലെ‘യും ഈ മേശപ്പുറത്ത് സമ്മേളിച്ചിരിക്കുകയാണ്‍. ഇന്‍ഫര്‍മേഷന്‍ ടെക്നോളജിയുടെ ഈ അതുല്യ മാധ്യമം ഇതോടെ എന്റെ ഹൃദയത്തിന്റെ അടിത്തട്ടിലേക്ക് ഇറങ്ങിച്ചെല്ലുകയായിരുന്നു.

2. ഇന്റര്‍നെറ്റ് പ്രബോധനത്തിന്റെ പ്രചോദനമെന്തായിരുന്നു?

‘യുക്തികൊണ്ടും സദുപദേശം കൊണ്ടും നീ ജനത്തെ നിന്റെ നാഥന്റെ മാര്‍ഗത്തിലേക്ക് ക്ഷണിക്കുക. ഏറ്റം നല്ല നിലയില്‍ അവരുമായി സംവാദം നടത്തുക’എന്നാണ്‍ പ്രബോധന രംഗത്ത് സ്വീകരിക്കേണ്ട ഒരടിസ്ഥാനകാര്യമായി ഖുര്‍ ആന്‍ ‘അന്നഹ്ല്’ അദ്ധ്യായം 125 ല്‍ അല്ലാഹു ഉപദേശിക്കുന്നത്. പ്രബോധനത്തില്‍ അനിവാര്യമായ ഒന്നാണ്‍ യുക്തി എന്നാണല്ലോ ഇത് വിളിച്ചോതുന്നത്. പ്രബോധിത ജനതയുടെ സാമൂഹികവും മാനസികവും മറ്റുമായ എല്ലാ അവസ്ഥകളും പരിഗണിക്കാന്‍ അപ്പോഴേ കഴിയുകയുള്ളുവല്ലോ. ഇന്ന് മനുഷ്യരുമായി ഇടപെടാനും സംവദിക്കാനും ആധുനിക ഇന്‍ഫര്‍മേഷന്‍ ടെക്നോളജിയെക്കാള്‍ ഉപയോഗ പ്രദമായ മറ്റൊന്നും കാണാന്‍ കഴിയുമെന്ന് തോന്നുന്നില്ല.
ഇന്റര്‍നെറ്റ് രംഗത്തേക്ക് എന്നെ നയിച്ച സാഹചര്യങ്ങള്‍ മുമ്പ് വിവരിച്ചുവല്ലോ. അമേരിക്കയിലുള്ള ആളുമായി ഒരു റൂമിലെന്ന പോലെ ആശയ വിനിമയം നടത്തിയ കഥയാണ്‍ മുകളില്‍ സൂചിപ്പിച്ചത്. ഭൂമിശാസ്ത്രപരമായ പരിധികള്‍ ഭേദിച്ചു കൊണ്ട്, നിമിഷങ്ങള്‍ക്കൊണ്ട് സംശയ നിവാരണങ്ങള്‍ പരസ്പരം തീര്‍ത്ത സംഭവങ്ങള്‍ എന്റെ അനുഭവത്തില്‍ നിരവധിയാണ്‍. സംശയ നിവാരണത്തിന്നായി ഗ്രന്ഥങ്ങള്‍ പരതുന്ന രീതിയാണല്ലോ കാലാകാലങ്ങളിലായി നാം സ്വീകരിച്ചു പോന്നിരുന്നത്. അതിന്ന്, പലപ്പോഴും സമയവും ധനവും വളരെയധികം ചെലവൊഴിക്കേണ്ടി വരിക സ്വാഭാവികം മാത്രം. ഒന്നു രണ്ട് ലേഖനങ്ങള്‍ തയ്യാറാക്കുന്നതിന്ന് വേണ്ടിയായിരുന്നു ഞാന്‍ തിരുവനന്തപുരത്തേക്ക് വണ്ടി കയറിയതെന്ന് മുമ്പ് സൂചിപ്പിച്ചുവല്ലോ. ഇതിന്ന് ദിവസങ്ങള്‍ തന്നെ എനിക്ക് ചെലവൊഴിക്കേണ്ടി വന്നിട്ടുണ്ട്. ഒരു ഹദീസിനെ കുറിച്ച സംശയം തീര്‍ക്കുന്നതിന്നായി മുന്‍ഗാമികളില്‍ പലരും മാസങ്ങളോളമെടുക്കുന്ന യാത്രകള്‍ നടത്തിയതായി മഹാന്മാരുടെ ചരിത്രങ്ങളില്‍ നാം വായിച്ചിട്ടുണ്ട്. ഇതെല്ലാം നിമിഷങ്ങള്‍ക്കുള്ളില്‍ നമ്മുടെ മേശപ്പുറത്തു നിന്നു തന്നെ തീര്‍ക്കാന്‍ കഴിയുക അത്ര നിസ്സാരമാണോ? വ്യാഴവട്ടങ്ങളോളം, ഇസ്ലാമിക പ്രബോധനവുമായി യൂറോപ്യന്‍ രാജ്യങ്ങളിലും മറ്റും ചെലവൊഴിച്ച ഒരു മഹാ പണ്ഡിതനുമായി സംസാരിക്കവെ, ഇന്റെനെറ്റ് ചര്‍ച്ചയിലേക്ക് വഴുതി വീഴുകയുണ്ടായി. ഇന്റെനെറ്റിന്റെ അത്ഭുതകരമായ ഗുണങ്ങള്‍ അദ്ദേഹത്തിന്റെ മുമ്പില്‍ ഞാന്‍ നിരത്തി വച്ചു. എല്ലാം കേട്ട അദ്ദേഹം പ്രതികരിച്ചതിങ്ങനെയായിരുന്നു: കാര്യം നിങ്ങള്‍ പറയുന്നത് പോലെയാണെങ്കില്‍, ഇത് വളരെ ഉപകാരമാണെന്നതില്‍ സംശയമില്ല. പക്ഷെ, സമയം വേണമെന്നു മാത്രം. എനിക്കാണെങ്കില്‍ സമയം വളരെ കുറവാണ്‍.’
ചുരുക്കത്തില്‍, ഒഴിഞ്ഞിരിക്കുന്നവര്‍ക്ക് സമയം കളയാനുള്ളൊരു മാധ്യമമായാണ്‍ ഇന്റര്‍നെറ്റിനെ അദ്ദേഹം കണ്ടത്.
‘താങ്കള്‍ക്ക് സമയമില്ലാത്തതെന്തു കൊണ്ടാണ്‍?’ ഞാന്‍ ചോദിച്ചു.
‘എനിക്ക് പലേടങ്ങളിലും പ്രഭാഷണങ്ങളും ക്ലാസുകളും മറ്റും നടത്തേണ്ടതുണ്ടാകും. ഒന്നു ദല്‍ഹിയിലാണെങ്കില്‍, മറ്റൊന്നു തിരുവനന്തപുരത്താകും. മൂന്നാമത്തെത് ചിലപ്പോള്‍ അലീഗറിലായിരിക്കും. അതിനാല്‍, എന്റെ സമയങ്ങള്‍ക്കെല്ലാം വലിയ വിലയാണ്‍. നിങ്ങള്‍ പറയുന്ന ഈ ‘ഇന്റര്‍നെറ്റു‘മായി കഴിഞ്ഞാല്‍ ഇതൊന്നും നടക്കുകയില്ല.’
‘ശരി. ഈ പ്രഭാഷണങ്ങള്‍ക്ക് സമയത്തിന്റെ ആവശ്യമെന്താണ്‍?’ ഞാന്‍ ചോദിച്ചു.
‘ബുദ്ധിജീവികളോടാണ്‍ എനിക്ക് പ്രഭാഷണം നടത്തേണ്ടി വരുന്നത്. അതിനാല്‍ തന്നെ, നല്ല തയ്യാറെടുപ്പോടെയായിരിക്കണം സദസ്സിലെത്തേണ്ടത്. ‘ അദ്ദേഹം.
‘അതിന്നെന്താണ്‍ വേണ്ടത്?’ ഞാന്‍.
‘ഗ്രന്ഥങ്ങള്‍ നല്ലവണ്ണം റഫര്‍ ചെയ്യണം. അതിന്ന് സമയം വേണം’.
‘ഇക്കാര്യം നിങ്ങള്‍ നിര്‍വഹിക്കുന്നതെങ്ങനെയാണ്‍”?
‘പോയന്റ്സുകള്‍ തേടി ഗ്രന്ഥങ്ങള്‍ പരതുന്നു; ചിലപ്പോള്‍, ആവശ്യമായ ഗ്രന്ഥങ്ങള്‍ ലഭിക്കുന്നതിന്ന് ദൂരെയുള്ള ഗ്രന്ഥാലയങ്ങള്‍ തേടി പോകുന്നു; ഗ്രന്ഥങ്ങളില്‍ നിന്നു ലഭിക്കുന്ന പോയന്റുകള്‍ കുറിച്ചെടുക്കുന്നു; ഇതിനൊന്നും സമയം വേണ്ടെന്നാണോ നിങ്ങള്‍ പറയുന്നത്?’ അല്പം ഗൌരവത്തോടെ തന്നെയായിരുന്നു മറുപടി.
‘ശരി! താങ്കളുടെ പ്രഭാഷണ വിഷയം മുമ്പിലിരിക്കുന്ന കമ്പ്യൂട്ടറില്‍ ടൈപ്പ് ചെയ്യുന്നു. നിമിഷങ്ങള്‍ക്കകം, പ്രസ്തുത പോയന്റുള്‍ക്കൊള്ളുന്ന നൂറുക്കണക്കില്‍ ഗ്രന്ഥങ്ങളുടെ ലിസ്റ്റുകള്‍ കമ്പ്യൂട്ടറില്‍ തെളിഞ്ഞു വരുന്നു. പലപ്പോഴും താങ്കള്‍ കേള്‍ക്കുക പോലും ചെയ്തിട്ടില്ലാത്ത ഗ്രന്ഥങ്ങളായിരിക്കും അവയില്‍ സിംഹഭാഗവും. ഇവയില്‍, ഇഷ്ടമുള്ള ഒരു താള്‍ താങ്കള്‍ ക്ലിക്ക് ചെയ്യുന്നു. അതോടെ പൂര്‍ണ്ണമായ രൂപത്തില്‍, താള്‍, വായിക്കാന്‍ പറ്റിയ രൂപത്തില്‍ പ്രത്യക്ഷമാകുന്നു. ഒരിക്കല്‍ കൂടി ക്ലിക്ക് ചെയ്യുന്നതോടെ, കമ്പ്യൂട്ടറിന്നടുത്തു സ്ഥാപിച്ചിട്ടുള്ള പ്രിന്ററിലൂടെ ഈ പേജിന്റെ പ്രിന്റെടുക്കാന്‍ കഴിയുന്നു. മിനിറ്റുകള്‍ മാത്രമേ ഈ കാര്യങ്ങള്‍ക്കെല്ലാമായി കമ്പ്യൂട്ടറെടുക്കുന്നുള്ളു. എന്തു പറയുന്നു?’ ഞാന്‍ ചോദിച്ചു.
അദ്ദേഹം വാ പിളച്ചിരുന്നു പോയി. അവസാനം ഒരു കമ്പ്യൂട്ടറിന്ന് ഓര്‍ഡര്‍ കൊടുക്കാനുള്ള തീരുമാനത്തോടെയായിരുന്നു അദ്ദേഹം പിരിഞ്ഞു പോയത്.
ഈ മാധ്യമങ്ങള്‍ പ്രബോധനരംഗത്ത് പ്രയോഗിക്കുന്നതിന്റെ രഹസ്യം ഇപ്പോള്‍ പിടി കിട്ടിയിട്ടുണ്ടായിരിക്കുമല്ലോ. നമ്മുടെ പണ്ഡിതന്മാര്‍ മാത്രമല്ല, സാമൂഹ്യ - സാംസ്കാരിക രംഗങ്ങളുടെ ‘ഊടും പാവും‘ നിശ്ചയിക്കുന്ന ആധുനിക സാഹിത്യകാരന്മാര്‍ പോലും കമ്പ്യൂട്ടറിനെയും ഇന്റര്‍നെറ്റിനെയും കുഞ്ഞുങ്ങളുടെ കളിക്കോപ്പുകളായി വിട്ടിരിക്കുകയായിരുന്നു ഇക്കാലമത്രയുമെന്നതാണ്‍ സത്യം. ആഴ്ചകള്‍ക്കു മുമ്പ് കേരള സാഹിത്യ അക്കാദമി സംഘടിപ്പിച്ച ഇ-ഭാഷാ പരിശീലന കേമ്പില്‍ പങ്കെടുത്തപ്പോഴായിരുന്നു ഈ വസ്തുത മനസ്സിലായത്. ഒരു പറ്റം യുവാക്കളായിരുന്നു ക്ലാസ് കൈകാര്യം ചെയ്തിരുന്നത്. കേരളത്തിലെ തലയെടുപ്പുള്ള ബഹുഭൂരിഭാഗം സാഹിത്യകാരന്മാരും , എല്‍. പി. വിദ്യാര്‍ത്ഥികളെപ്പോലെ, അതില്‍ ആദ്യന്തം പങ്കെടുത്തിരുന്നു. സാഹിത്യ ലോകത്ത് ഐ. ടിയെ ഉപയോഗപ്പെടുത്താനുള്ള തായിരുന്നു ഈ പരിശീലന കേമ്പ്. പക്ഷെ, അവിടെ കൈകാര്യം ചെയ്തത്, ഈ മേഖലയിലെ ബാലപാഠങ്ങളായിരുന്നുവെന്നതാണ്‍ രസകരം. ഏതായാലും വൈകിയാണെങ്കിലും, ബുദ്ധിജീവികള്‍ ഈ മാധ്യമങ്ങളുടെ പ്രാധാന്യം തിരിച്ചറിഞ്ഞു കൊണ്ടിരിക്കുന്നുവെന്ന്ത് ആശാവഹമാണ്‍.

3. ഇന്റര്‍നെറ്റ് പ്രബോധന വേളയിലുണ്ടായ അനുസ്മരണീയമായ ഒരു അനുഭവം?

ഒരിക്കല്‍, എന്റെ ‘കോണ്ടാക്റ്റുകളി‘ലൊരാള്‍ ഒരു സന്ദേശമയച്ചു. സാധാരണ, പെരുനാള്‍, നോമ്പ്, ജുമുഅ തുടങ്ങിയ പ്രത്യേക സന്ദര്‍ഭങ്ങളില്‍ ഇങ്ങനെ സന്ദേശങ്ങളയക്കുക പതിവാണ്‍. ഞാനതിനു യോജിച്ച ഒരു പ്രാര്‍ത്ഥന മറുപടിയായും അയച്ചു. (സന്ദേശത്തിന്റെയും എന്റെ മറുസന്ദേശത്തിന്റെയും വാക്കുകള്‍ ഇപ്പോള്‍ ഓര്‍ക്കുന്നില്ല.) ഉടനെ, വീണ്ടും സന്ദേശം വന്നു. ’നിങ്ങള്‍ പറഞ്ഞത് എന്നെ സംബന്ധിച്ചിടത്തോളം വളരെ സത്യമായി പുലര്‍ന്നിരിക്കുന്നു. നന്ദി! അല്ലാഹു പ്രതിഫലം നല്‍കട്ടെ!‘ ഇതായിരുന്നു ഉള്ളടക്കം. എനിക്കൊന്നും മനസ്സിലായില്ല. കുറച്ചു നേരം ആലോചിച്ചപ്പോള്‍ ഒരു സംശയം ഉടലെടുത്തു. ഞാന്‍ വീണ്ടും എഴുതി: എനിക്കൊരു സന്ദേഹം. തെറ്റാണെങ്കില്‍ ക്ഷമിക്കണം. നിങ്ങള്‍ ഒരു നവ മുസ്ലിമാണെന്നു തോന്നുന്നു. ശരിയാണോ?’ ഉടനെ മറുപടി: ‘തികച്ചും ശരിയാണ്‍. സപ്ത.11 സംഭവത്തോടനുബന്ധിച്ച് ഇസ്ലാം സ്വീകരിച്ച ഒരാളാണ്‍ ഞാന്‍.’ ഇത് ഒരു പുതിയ അറിവായിരുന്നു. പ്രസ്തുത സംഭവത്തോടെ, അമേരിക്കയിലുടനീളം മുസ്ലികള്‍ വേട്ടയാടപ്പെടുന്ന വാര്‍ത്തകളായിരുന്നു മാധ്യമങ്ങളില്‍ നാം വായിച്ചു കൊണ്ടിരുന്നത്. പക്ഷെ, തികച്ചും വ്യത്യസ്തമായൊരു വാര്‍ത്തയാണ്‍, കാനഡയിലെ ഒരു ആശുപത്രിയില്‍ ജോലിചെയ്തു കൊണ്ടിരിക്കുന്ന ഈ വ്യക്തിയില്‍ നിന്നു കിട്ടിയത്. ക്രിസ്ത്യന്‍ കുടുംബത്തിലാണ്‍ ജനനം. പിതാവ് കത്തോലിക്കാ വിശ്വാസിയാണ്‍. തനിക്ക് സ്വന്തമായൊരു മതവീക്ഷണമൊന്നുമുണ്ടായിരുന്നില്ല. പക്ഷെ, ഈ സംഭവം നടന്നതോടെയാണ്‍ ഇസ്ലാമിനെയും മുസ്ലികളെയും കുറിച്ചു ശ്രദ്ധിച്ചത്. മുമ്പ് ഇസ്ലാമിനെ കുറിച്ച് കേട്ടിരുന്നുവെങ്കിലും അതെ കുറിച്ചു ചിന്തിക്കാനോ മനസ്സിലാക്കാനോ ശ്രമിക്കണമെന്നു തോന്നിയിരുന്നില്ല. മുസ്ലിംകളാണ്‍ ഈ ഭീകര കൃത്യം ചെയ്തതെന്നും ഇസ്ലാമും ഖുര് ആനുമാണതിന്ന് പ്രചോദനമെന്നുമായിരുന്നു നാടൊട്ടാകെ പ്രചാരണം. സ്വാഭാവികമായും ഇസ്ലാമിനെ കുറിച്ചു പഠിക്കാന്‍ താല്പര്യമുണ്ടായി. ലോക രാഷ്ട്രങ്ങളെ ഞെട്ടിക്കാന്‍ കഴിഞ്ഞ ഇത്ര വലിയൊരു അക്രമം നടത്താന്‍ മാത്രം കഴിവുള്ളവരുണ്ടെന്നോ? അങ്ങനെ, ഇസ്ലാമിനെ കുറിച്ച ചില ലഘു ലേഖകളും പുസ്തകങ്ങളും വായിച്ചു. ജിജ്ഞാസ വര്‍ദ്ധിച്ചു. ഇസ്ലാമിക വെബ് സൈറ്റുകള്‍ സന്ദര്‍ശിച്ചു. ഖുര്‍ ആന്‍ പരിഭാഷ വാങ്ങി വായിച്ചു. മുസ്ലിം പണ്ഡിതന്മാരുമായി ബന്ധ്പപെട്ടു. തികച്ചും വ്യത്യസ്തമായൊരു ചിത്രമാണ്‍ ഇസ്ലാമിനെയും മുസ്ലിംകളെയും കുറിച്ചെനിക്ക് ലഭിച്ചത്. പിന്നെ, ശങ്കിച്ചു നിന്നില്ല, ഞാന്‍ ശഹാദത്ത് ഉച്ചരിച്ചു മുസ്ലിമായി തീര്‍ന്നു. ഇതായിരുന്നു അവരുടെ കഥ.
സപ്ത. 11 സംഭവത്തോടെ ആയിരക്കണക്കിലാളുകളാണ്‍ ഇസ്ലാം സ്വീകരിച്ചതെന്ന് എനിക്ക് ആദ്യമായി അറിയിച്ചു തന്നത് 55 കാരിയായ ഈ കാനഡക്കാരിയായിരുന്നു. നാം തെറ്റിദ്ധരിച്ചിരുന്ന പാശ്ചാത്യന്‍ മനസ്സുകളുടെ യഥാര്‍ത്ഥ മുഖം മനസ്സിലാക്കാന്‍ ശ്രമം തുടങ്ങിയത് ഈ സംഭവത്തോടെയായിരുന്നു. ഇവ്വിഷയകമായി, വളരെയധികം വിവരങ്ങള്‍ ശേഖരിക്കുവാന്‍ ഇത് സഹായകമായി.

4. ഈ മാര്‍ഗത്തിലൂടെയുള്ള പ്രബോധനത്തിന്ന് സ്വീകരിച്ച മാര്‍ഗങ്ങള്‍?

ബ്ലോഗുകള്‍, ഫോറങ്ങള്‍, ഇ-മൈലുകള്‍, ഫൈസ് ബുക്, ഓര്‍കൂട്ട് തുടങ്ങിയ സോഷ്യല്‍ നെറ്റ് വര്‍ക്കുകള്‍ എന്നിവയാണ്‍ ഈ രംഗത്ത് കൂടുതല്‍ ഉപയോഗപ്പെടുത്തിയത്. ഏറ്റവും ഉപയോഗിക്കുന്നത് ബ്ലോഗ് ആണ്‍. നിങ്ങള്‍ക്ക് പല പുതിയ ആശയങ്ങളും ഇടക്കിടെ മനസ്സിലുദിക്കാറുണ്ടല്ലോ. സമൂഹത്തിലെ പല തിന്മകളോടും നിങ്ങള്‍ക്ക് കഠിനമായ പ്രതിഷേധങ്ങളൂണ്ടാകും. പല കാര്യങ്ങളും സമൂഹത്തോട് തുറന്നു പറയണമെന്നുണ്ടാകും. പക്ഷെ, ഇതിനെല്ലാം പറ്റിയ വേദികള്‍ നിങ്ങള്‍ക്ക് ലഭിച്ചു കൊള്ളണമെന്നില്ല. പ്രസംഗ വേദികളോ പ്രസിദ്ധീകരണങ്ങളോ ആണല്ലോ ഇത്തരം കാര്യങ്ങള്‍ക്ക് ഇന്ന് സാധാരണയായി ഉപയോഗപ്പെടുത്തുന്നത്. പക്ഷെ, ആരെങ്കിലും സംഘടിപ്പിക്കുന്ന വേദികളില്‍ കയറി നിങ്ങളുടെ അഭിപ്രായങ്ങള്‍ പച്ചയായവതരിപ്പിക്കാന്‍ നിങ്ങള്‍ക്ക് കഴിഞ്ഞു കൊള്ളണമെന്നില്ല. ചിലപ്പോള്‍ അത് സംഘാടകരുടെ വീക്ഷണങ്ങള്‍ക്കെതിരായിരിക്കും. അല്ലെങ്കില്‍, നിങ്ങള്ള്ക്കനുവദിക്കപ്പെട്ട സമയം കഴിഞ്ഞു പോയിരിക്കും. അപ്പോഴവര്‍ നിറുത്താനായി ‘കുറിപ്പ്‘ തന്നെന്നിരിക്കും. എന്നിട്ടും നിറുത്തിയിട്ടില്ലെങ്കില്‍ മൈക്ക് ഓഫാക്കിയെന്നിരിക്കും. മറ്റു ചിലപ്പോള്‍, നിങ്ങളുടെ അഭിപ്രായം സദസ്സിന്ന് അരോചകമായേക്കാം. തദ്ഫലമായി, അവര്‍ സദസ്സ് കാലിയാക്കിയേക്കും. അല്ലെങ്കില്‍, അപ ശബ്ദങ്ങളുണ്ടാക്കിയേക്കും. ഇതെല്ലാം, നിങ്ങളെ നിരാശരാക്കുക സ്വാഭാവികം മാത്രം. നിങ്ങളൊരു പ്രസംഗകനല്ലെങ്കില്‍, പിന്നെ കാര്യം പറയാനുമില്ലല്ലോ. പ്രസിദ്ധീകരണങ്ങളുടെ കാര്യവും ഇത് തന്നെ. നിങ്ങളുടെ വീക്ഷണങ്ങള്‍ പൂര്‍ണ്ണമായവതരിപ്പിക്കാന്‍ കഴിയുന്ന ഒരു പ്രസിദ്ധീകരണം നിങ്ങള്‍ക്ക് ലഭിക്കുക വളരെ വിദൂരമാണെന്നു പറയേണ്ടതില്ലല്ലോ. പിന്നെ, പരിഹാരം, സ്വന്തമായൊരു പ്രസിദ്ധീകരണം തുടങ്ങുകയത്രെ. ഇതിന്റെ സാധ്യത ഒന്നു ചിന്തിച്ചു നോക്കു. ലക്ഷക്കണക്കില്‍ രൂപ മുടക്കി അങ്ങനെ ഒരു പ്രദ്ധീകരണം നിങ്ങള്‍ തുടങ്ങിയെന്നു തന്നെ സങ്കല്പിക്കുക. പക്ഷെ, അതിന്നു വായനക്കാര്‍ വേണ്ടേ? അവസാനഫലം, സാമ്പത്തിക നഷ്ടവും നൈരാശ്യവും പരിഹാസവുമായിരിക്കുമെന്ന് പറയെണ്ടതില്ലല്ലോ.
പക്ഷെ, ഈ പറഞ്ഞതൊക്കെ ഇന്നലെയുടെ കാര്യം. ഇന്ന്, നിങ്ങള്ക്ക് ഇത്തരം ഒരു പ്രസിദ്ധീകരണം തുടങ്ങാന്‍ അല്പം ഇച്ഛാശക്തിയും താല്പര്യവും കുറച്ചു സമയവും അല്പമായ കമ്പ്യൂട്ടര്‍ പരിചയവുമുണ്ടായാല്‍ മതി. കൈയില്‍ പണമുണ്ടെങ്കില്‍, ഒരു കമ്പ്യൂട്ടറും ഇന്റര്‍നെറ്റ് കണക്ഷനും സംഘടിപ്പിച്ചാല്‍ ബഹു ജോറായി. മിനിറ്റുകള്‍ക്കകം ഒരു പുതിയ പ്രസിദ്ധീകരണത്തിന്റെ ഉടമകളായി തീരും നിങ്ങള്‍. യാതൊരു മുതല്‍ മുടക്കും നിങ്ങള്‍ക്കു വേണ്ടതില്ല. നിങ്ങള്‍ക്കു ലേഖനമെഴുതാം; കവിതയെഴുതാം; ഗാനമെഴുതാം; ഗാനമാലപിക്കുകയും ചെയ്യാം; നിങ്ങളുടെ പ്രിയപ്പെട്ട ഫോട്ടോ ആല്‍ബം പൂര്‍ണ്ണമായി പ്രസിദ്ധീകരിക്കാം; മാത്രമല്ല, പ്രഗല്‍ഭമതികളുടെ ലേഖനങ്ങളും കവിതകളും മറ്റു സൃഷ്ടികളും ഇതില്‍ പ്രസിദ്ധീകരിക്കാം. ഒരു പത്രം കൊണ്ടു നടക്കുന്ന എല്ലാ കാര്യങ്ങളും ഇതിലൂടെ നിങ്ങള്‍ക്ക് നിര്‍വഹിക്കാം. നിങ്ങളുടെ തൊട്ടടുത്തിരിക്കുന്ന സഹപാഠി ഒരു പക്ഷെ, നിങ്ങളുടെ പ്രസിദ്ധീകരണം കണ്ടിട്ടുണ്ടായിരിക്കില്ല. പക്ഷെ, ഗള്‍ഫ് രാജ്യത്ത് ഏതോ മൂലയില്‍ ജോലി ചെയ്യുന്ന ബന്ധുക്കളോ, സുഹൃത്തുക്കളോ, അല്ലെങ്കില്‍, അപരിചിതരായ അമേരിക്കാരോ, യൂറോപ്യരോ, ആഫ്രിക്കക്കാരോ, അറബികളോ അത് വായിക്കുകയും നിമിഷ നേരം കൊണ്ട് പ്രതികരിക്കുകയും ചെയ്തേക്കും. പത്രങ്ങള്‍ പലപ്പോഴും, അധികാരികളുടെ താല്പര്യാനുസാരം വാര്‍ത്തകള്‍ സെന്‍സര്‍ ചെയ്യാറുണ്ടെന്ന് രണ്ടു മൂന്ന് പത്രങ്ങള്‍ താരതമ്യം ചെയ്തു നോക്കിയാല്‍ നമുക്കു മനസ്സിലാകുമല്ലോ. എന്നാല്‍, നിങ്ങളെ സെന്‍സര്‍ ചെയ്യാന്‍ ആര്‍ക്കുമാവുകയില്ല. തമസ്കരിക്കപ്പെടുന്ന വാര്‍ത്തകള്‍ പുറത്തു കൊണ്ടു വരാന്‍ നിങ്ങള്‍ക്കു കഴിയും. ഇങ്ങനെ എന്തെല്ലാം! ഇതാണ്‍ ബ്ലോകുകള്‍! ഇലാഹിയാ കോളജിലെ ഓരോ വിദ്യാര്‍ത്ഥികള്‍ക്കും വേണമെങ്കില്‍ ഓരോ ബ്ലോഗുക്ലുണ്ടാക്കാം. ഒരാള്‍ക്ക് തന്നെ നിരവധിയുണ്ടാക്കാം.

5. ഇന്റര്‍നെറ്റ് ഉപഭോഗം വഴി ഇസ്ലാമിക മൂല്യങ്ങള്‍ നഷ്ടപ്പെടുന്നുവെന്നു പറയുന്നുണ്ടല്ലോ? അതെങ്ങനെയാണ്‍?

ഇന്ന് വളരെയധികം ഉയര്‍ന്നു വന്നിട്ടുള്ള ഒരാക്ഷേപമാണിത്. മൊബൈല്‍ഫോണും ടി. വിയും ഈ പട്ടികയില്‍ പെടുന്നു. ആക്ഷേപം നിരര്‍ത്ഥകമാണെന്ന് ആരെങ്കിലും പറയുമെന്നു തോന്നുന്നില്ല. വര്‍ത്തമാന മാധ്യമങ്ങള്‍ ഓരോ ദിവസവും നമുക്കു പറഞ്ഞു തരുന്നത് അതാണല്ലോ. പക്ഷെ, ഒരു കാര്യം നാം ശ്രദ്ധിക്കേണ്ടതുണ്ട്. സപ്ത.11ന്നു അമേരിക്കയില്‍ നടന്ന വേള്‍ട് ട്രൈഡ് സെന്റര്‍ ആക്രമണം ലോകത്തെ ഒന്നടങ്കം നടുക്കിയ ഒരു സംഭവമായിരുന്നുവല്ലോ. ഇതിന്ന് ഭീകരവാദികള്‍ ഉപയോഗപ്പെടുത്തിയ മാധ്യമം വിമാനമായിരുന്നുവെന്നത് അവിതര്‍ക്കിതമാണ്‍. എന്നാല്‍, ഇതിന്റെ പേരില്‍, വിമാനം തിന്മയുടെ വിത്താണെന്നും അത് നിരോധിക്കപ്പെടേണ്ടതാണെന്നും ആരും പറഞ്ഞു കേട്ടിട്ടില്ല. ചാവേര്‍ സ്ഫോടനങ്ങള്‍ക്കും കിഡ്നാപ്പുകള്‍ക്കും മൊഷണങ്ങള്‍ക്കും ഇന്നേറ്റവും ഉപയോഗപ്പെടുത്തപ്പെടുന്നത് കാറുകളും ബൈക്കുകളുമാണ്‍. അക്കാരണത്താല്‍ തന്നെ, ഇവ നിരോധിക്കപ്പെടേണ്ടതാണെന്നും ആരും പറയുന്നില്ല. ബോംബെ, കല്‍ക്കത്ത, ദല്‍ഹി തുടങ്ങിയ വന്‍ നഗരങ്ങളിലെ തിന്മകളുടെ കേന്ദ്രങ്ങള്‍ ആര്‍ക്കും അജ്ഞാതമല്ല. മയക്കുമരുന്നിന്റെയും കൊള്ളയുടെയും കൊള്ളിവെപ്പിന്റെയും വേശ്യാലയങ്ങളുടെയും എല്ലാമെല്ലാം കേന്ദ്രങ്ങള്‍ അവിടെയുണ്ടെന്നത് സുവിദിതമാണ്‍. പക്ഷെ, ഇതിന്റെ പേരില്‍, ഇത്തരം നഗരങ്ങളില്‍ പോകുന്നത് ആരും നിരുത്സാഹപ്പെടുത്തുന്നില്ല. എന്തു കൊണ്ടാണിത്? ഇവയെയെല്ലാം വെല്ലുന്ന ഗുണവശങ്ങള്‍ അവക്കുണ്ടെന്നതാണല്ലോ കാരണം. പ്രാകൃത കാലം മുതല്‍ തന്നെ മനുഷ്യനെ കൊന്നു കളയാനുപയോഗിച്ചിരുന്നതും ഇപ്പോഴും ഉപയോഗിച്ചു കൊണ്ടിരിക്കുന്നതുമായൊരു ആയുധമാണല്ലോ കത്തി. അക്കാരണത്താല്‍ അവ് നിരോധിക്കുകയാണെങ്കില്‍ അതിന്നെതിരെ ശബ്ദിക്കാന്‍ കൈകോര്‍ത്തു പിടിച്ചു രംഗത്തു വരിക നമ്മുടെ വീട്ടമ്മമാരല്ലേ? സ്വന്തം മക്കളുടെ ഭാവിയോര്‍ത്ത് നിരോധത്തെ സ്വാഗതം ചെയ്യാനാരെയെങ്കിലും കിട്ടുമോ? വീട്ടാവശ്യങ്ങള്‍ക്ക് കത്തി ഒഴിച്ചു കൂടാന്‍ കഴിയാത്തൊരു ഉപകരണമാണെന്ന് തിരിച്ചറിഞ്ഞത് കൊണ്ടാണല്ലോ അത്.
യഥാര്‍ത്ഥത്തില്‍, മോബൈല്‍, കമ്പ്യൂട്ടര്‍, ഇന്റര്‍നെറ്റ് പോലുള്ള ആധുനിക ഇന്‍ഫര്‍മേഷന്‍ ടെക്നോളജിയുടെ ഉല്പന്നങ്ങളെയും ഈയൊരു വീക്ഷണ കോണിലൂടെയായിരിക്കണം നാം നോക്കി കാണേണ്ടത്. ആശയവിനിമയ രംഗത്ത് മഹത്തായ വിപ്ലവമാണവ ആധുനിക ലോകത്ത് കാഴ്ച വെച്ചിരിക്കുന്നതെന്നത് ആര്‍ക്കും നിഷേധിക്കാനാവുകയില്ല. നൂറ്റാണ്ടുകള്‍ക്കു മുമ്പുള്ള നമ്മുടെ പൂര്‍വികര്‍ ദിവസങ്ങളും മാസങ്ങളും എന്ന് വേണ്ട ജന്മങ്ങള്‍ തന്നെ ചെലവൊഴിച്ചു ചെയ്തിരുന്ന കാര്യങ്ങള്‍, അവരുടെ അനന്തിരവന്മാര്‍ക്ക് നിമിഷങ്ങള്‍ കൊണ്ടു ചെയ്യാന്‍ കഴിയുന്നുവെന്നത് നിസ്സാര കാര്യമാണോ? അവര്‍ സ്വപ്നം പോലും കാണാത്ത മേഖലകളിലേക്ക് ഊളിയിട്ടിറങ്ങി നേട്ടങ്ങള്‍ കൈവരിക്കുന്നത്, തോന്നിവാസമായി വിധിയെഴുതാന്‍ ആര്‍ക്കാണ്‍ കഴിയുക? എന്നാല്‍, നാം മുമ്പു സൂചിപ്പിച്ചത് പോലെയുള്ള തിന്മകള്‍ ഉണ്ടെന്ന കാര്യം നിഷേധിക്കുന്നില്ല. മുകളില്‍ പറഞ്ഞ കാര്യങ്ങളിലെന്ന പോലെ, ദുരുപയോഗമാണ്‍ ഇവിടെയും പ്രതി. നന്മയുടെ മാര്‍ഗത്തില്‍ എത്രമാത്രം ഇവയെ ഉപയോഗപ്പെടുത്താന്‍ കഴിയുമോ, അതേപോലെ, തിന്മയുടെ മാര്‍ഗത്തിലും ഇവ ഉപയൊഗപ്പെടുത്താന്‍ കഴിയും. അതാണ്‍ ദുരുപയോഗം. ഇവിടെയാണ്‍ ബോധവല്‍ക്കരണമാവശ്യമായി വരുന്നത്. ഏതായാലും, ‘എലിയെ പേടിച്ച് ഇല്ലം ചുടുന്ന’ പ്രവണത ഒരിക്കലും ന്യായീകരണമര്‍ഹിക്കുന്നില്ല. ഇത്തരം ദുരുപയോഗങ്ങള്‍ ഇല്ലായ്മ ചെയ്യുന്നതിന്നു വേണ്ടി നിലവില്‍ വന്ന സൈബര്‍ കോര്‍ട്ടുകള്‍ പൊലുള്ളവ സ്വാഗതാര്‍ഹമായൊരു കാല്‍വെപ്പാണെന്നതില്‍ സംശയമില്ല.




6. താങ്കളുടെ പ്രബോധന പ്രവര്‍ത്തനങ്ങള്‍ക്ക് ലഭിച്ച പ്രതികരണം?

പ്രബോധനത്തേക്കാളധികം പഠനങ്ങള്‍ക്ക് വേണ്ടിയാണ്‍ ഞാനീ മാധ്യമങ്ങളെ ഉപയോഗപ്പെടുത്തിക്കൊണ്ടിരിക്കുന്നത്. ഫലം പറഞ്ഞു തീര്‍ക്കുക അസാധ്യമാണ്‍.

7. ആശയ വിനിമയത്തില്‍ പ്രതിസന്ധി നേരിടേണ്ടി വന്നിട്ടുണ്ടോ?

ഈ മേഖലയില്‍ ഒരു പ്രതിസന്ധിയുടെയും പ്രശ്നമുദിക്കുന്നില്ല. നമുക്കു സത്യമെന്നു തോന്നുന്ന കാര്യങ്ങള്‍ നാം ലോകത്തോട് വെട്ടിത്തുറന്നു പറയുന്നു. അത് ശരിയെന്നു തോന്നുന്നവര്‍ അത് സ്വീകരിക്കുന്നു. അല്ലാത്തവര്‍ അവഗണിക്കുന്നു. എന്ത് പ്രതിസന്ധി?

8. ഇസ്ലാമിനെ പൂര്‍ണ്ണമായവതരിപ്പിക്കാന്‍ താങ്കള്‍ക്ക് കഴിയുന്നുണ്ടോ?

ഇസ്ലാം ഒരു സമ്പൂര്‍ണ്ണ ജീവിത പദ്ധതിയാണെന്ന ആശയമാണ്‍ അവയിലവതരിപ്പിക്കുന്ന മുഖ്യ പ്രമേയം. പലപ്പോഴും വളരെ ആശാവഹമായ പ്രതികരണങ്ങളാണ്‍ ലഭിക്കുന്നത്.

9. ഈ മേഖലയില്‍ യുവതലമുറക്ക് നല്‍കാന്‍ വല്ല നിര്‍ദ്ദേശവുമുണ്ടോ?

ഉണ്ട്. നാം മുമ്പ് സൂചിപ്പിച്ചത് പൊലെ, മുതിര്‍ന്ന തലമുറ ഈ മാധ്യമങ്ങളെ കുറിച്ച് തികഞ്ഞ അജ്ഞതയിലോ അവഗണനയിലോ ആണ്‍ കഴിയുന്നത്. അതിനാല്‍, ഇന്‍ഫര്‍മേഷന്‍ ടെക്നോളജിയുടെ അനുഗ്രഹീതമായ ഈ ഉല്പന്നങ്ങളെ പരിചയപ്പെടുകയും, വിശ്വാസിയുടെ ഏറ്റവും വലിയ ദൌത്യമായ പ്രബോധന രംഗത്ത് അതുപയോഗപ്പെടുത്തുകയും ചെയ്യുന്നതോടൊപ്പം, ഇതിന്റെ ദുരുപയോഗത്തെ കുറിച്ചു സമൂഹത്തെയും, ഉപയോഗത്തെക്കുറിച്ചു മുതിര്‍ന്ന തലമുറയെയും ബോധവല്ല്ക്കരിക്കുയും ചെയ്യുക യുവ തലമുറയുടെ ബാധ്യതയാണ്‍. അത് നിര്‍വഹിക്കുകയാണ്‍ ഇന്ന് ഏറ്റവും വലിയ ദൌത്യമെന്നാണ്‍ എനിക്കു തോന്നുന്നത്.

10. പ്രബോധന രംഗത്ത് ഇന്റെര്‍നെറ്റിന്റെ പുതിയ സാധ്യതകള്‍ എന്തൊക്കെയാണ്‍?



പ്രവചനാതീതം എന്നു മാത്രമാണിപ്പോള്‍ പറയാന്‍ കഴിയുക.

No comments:

Blog Archive