var addthis_config = { data_track_addressbar: true, data_track_addressbar_paths: [ "/blog/posts/*", "/faq/*" ] }

Monday, February 14, 2011

കണ്‍നിറയെ കാണുംമുമ്പെ പിതാവിന്റെ കൈകൊണ്ട് മരണം; നടുക്കം മാറാതെ തോട്ടപ്പള്ളി ഗ്രാമം

ആലപ്പുഴ: നടുക്കംമാറാതെ തോട്ടപ്പള്ളി ഗ്രാമം വിറങ്ങലിച്ചുനില്‍ക്കുന്നു. തട്ടുകടയില്‍ നിന്ന് ആഹാരംവാങ്ങി കൊടുക്കാമെന്നുപറഞ്ഞ് മകളെ വീട്ടില്‍നിന്ന് വിളിച്ചിറക്കിക്കൊണ്ടുപോയി കനാലിന്റെ ആഴങ്ങളിലേക്ക് തള്ളിയ ക്രൂരനായ പിതാവിന്റെ മുഖം പേടിയോടെയാണ് നാട്ടുകാര്‍ ഓര്‍ക്കുന്നത്.
നിമിഷങ്ങള്‍ക്കുമുമ്പ് വീട്ടില്‍ ഓടിനടന്ന സേതുലക്ഷ്മിയുടെ ചേതനയറ്റ ശരീരം തോട്ടപ്പള്ളി സ്‌പില്‍വേയുടെ കനാല്‍ഭാഗത്തെ ഷട്ടറുകള്‍ക്കിടയില്‍ നിന്ന് മുങ്ങിത്തപ്പിയെടുത്ത നാട്ടുകാര്‍ക്കും ഫയര്‍ഫോഴ്‌സുകാര്‍ക്കും വേദനയടക്കാനായില്ല.ശനിയാഴ്ച രാത്രി പത്തുമണിയോടെയാണ് നാട് ഉറക്കത്തിലേക്ക് തലചായ്ചപ്പോള്‍ തോട്ടപ്പള്ളി വെത്തുവിന്റെപറമ്പില്‍ വീട്ടില്‍ സിന്ധുവിന്റെ മകളായ സേതുലക്ഷ്മിയെ (12) പിതാവ് രജീവ് (37) കനാലില്‍ തള്ളിയത്.
മാതാവ് സിന്ധു മസ്‌കത്തില്‍ ജോലിചെയ്യുകയാണ്. രജീവ് മൂന്നുദിവസം മുമ്പാണ് ഗള്‍ഫില്‍ നിന്ന് നാട്ടിലെത്തിയത്. ഇയാള്‍ക്ക് കോണ്‍ക്രീറ്റ് ജോലിയാണ്. പിതാവ് നാട്ടില്‍ വന്നതിന്റെ സന്തോഷത്തിലായിരുന്നു ആലപ്പുഴ ടി.ഡി സ്‌കൂളിലെ ആറാംക്ലാസ് വിദ്യാര്‍ഥിനിയായ സേതുലക്ഷ്മിയും അനുജന്‍ മൂന്നാംക്ലാസ് വിദ്യാര്‍ഥി ഗോപുകൃഷ്ണനും. അമ്മയുടെ വീട്ടില്‍ അമ്മൂമ്മ കേശിനിക്കും വല്യമ്മൂമ്മ ലക്ഷ്മിക്കുമൊപ്പം കഴിയവെയാണ് രജീവ് അവിടെയെത്തി മകളുമായി റോഡിലേക്ക് പോയത്.
കേശിനിയുടെ മകളാണ് സേതുലക്ഷ്മിയുടെ അമ്മ സിന്ധു. രജീവിന്റെ വണ്ടാനത്തുള്ള വീട്ടിലായിരുന്ന മക്കള്‍ രാത്രിയോടെയാണ് തോട്ടപ്പള്ളിയിലെ വീട്ടില്‍ എത്തിയത്.
ആര്‍ക്കും വിശ്വസിക്കാന്‍ കഴിയാത്ത സംഭവമറിഞ്ഞ് പൊലീസും ഫയര്‍ഫോഴ്‌സും എത്തി. രക്ഷപ്പെടാന്‍ ശ്രമിച്ച രജീവിനെ നാട്ടുകാര്‍ കൈകാര്യം ചെയ്തു. മകന്‍ ഗോപുകൃഷ്ണനെ റോഡിലേക്ക് കൊണ്ടുപോകാന്‍ രജീവ് ശ്രമിച്ചെങ്കിലും മുത്തശ്ശിമാര്‍ വിട്ടയച്ചിരുന്നില്ല. മല്‍സ്യത്തൊഴിലാളി കുടുംബമാണ് ഇവരുടേത്. നാട്ടുകാരുടെയും പൊലീസിന്റെയും ഫയര്‍ഫോഴ്‌സിന്റെയും ആത്മാര്‍ഥമായ ശ്രമങ്ങളിലൂടെയാണ് സംഭവം നടന്ന് ഒരുമണിക്കൂറിനുശേഷം മൃതദേഹം കണ്ടെത്താനായത്.
ഞായറാഴ്ച അമ്പലപ്പുഴ ജുഡീഷ്യല്‍ ഒന്നാംക്ലാസ് മജിസ്‌ട്രേറ്റ് രജീവിനെ റിമാന്‍ഡുചെയ്തു.
ഇയാളെ മജിസ്‌ട്രേറ്റിന് മുന്നിലേക്ക് കൊണ്ടുപോകുമ്പോഴും നാട്ടുകാരുടെ രോഷം പ്രകടമായിരുന്നു. മകളുടെ മരണവാര്‍ത്തയറിഞ്ഞ സിന്ധു തിങ്കളാഴ്ച നാട്ടിലെത്തും. അതിനുശേഷം സംസ്‌കാരസമയം തീരുമാനിക്കും.


madhyamam daily

No comments:

Blog Archive