var addthis_config = { data_track_addressbar: true, data_track_addressbar_paths: [ "/blog/posts/*", "/faq/*" ] }

Sunday, February 13, 2011

‘സൌമ്യസംഭവം ഇനിയൊരിക്കലും ആവർത്തിച്ചു കൂടാ! സേതുലക്ഷ്മിമാർ മരിച്ചു കൊണ്ടിരിക്കട്ടെ!‘


സത്യാർത്ഥി
ഒരു നരാധമന്റെ കരാള ഹസ്തങ്ങളിൽ കുരുങ്ങി സൌമ്യ എന്ന പാവം യുവതിക്ക് ജീവൻ നഷ്ടമായത് ദിവസങ്ങൾക്ക് മുമ്പ് മാത്രമാൺ. ഒരു ദരിദ്ര കുടുംബത്തിന്റെ അത്താണിയായി വർത്തിച്ചിരുന്ന ഈ പെൺകുട്ടി, തന്റെ ജീവിതത്തിലെ ഏറ്റവും സന്തോഷകരമായ ഒരു ചടങ്ങിന്നായി ജോലി സ്ഥലത്തു നിന്ന് വീട്ടിലേക്ക് തിരിച്ച യാത്രയിലാൺ ഈ ക്രൂരതക്കിരയായത്.  ഹൃദയമുള്ള ആരെയും കരയിക്കുന്ന ഒരു സംഭവം! മാധ്യമങ്ങളും ചാനലുകളുമെല്ലാം വിഷയത്തിന്ന് അർഹമായ പ്രാധാന്യം തന്നെ നൽകി. മരണ വാർത്ത വന്നതോടെ കേരളത്തിന്റെ മുക്കുമൂലകളെല്ലാം സൌമ്യക്ക് വേണ്ടി തേങ്ങി. അതിനാൽ തന്നെ, സംസ്ഥാനവും കേന്ദ്രം പോലും വിഷയത്തിന്ന് പ്രാധാന്യം കല്പിക്കുകയും നടപടികൾ സ്വീകരിക്കുകയും ചെയ്തു. ഞൊടിയിട കൊണ്ട് പ്രതി പിടിക്കപ്പെട്ടു. കുടുംബത്തിന്ന് തക്കതായ നഷ്ടപരിഹാരം സംസ്ഥാനവും റയിൽവെയും അനുവദിച്ചു. മാത്രമല്ല, ഇനിയും ഇത്തരമൊരു അനുഭവം കൈരളിയുടെ പുത്രിമാർക്കുണ്ടാകരുതെന്ന നിലക്ക് വകുപ്പ് മന്ത്രാലയങ്ങളെല്ലാം ഉണർന്നു പ്രവർത്തിച്ചു. റയിൽവെ നിയമങ്ങൾ കർശനമാക്കി. ലേഡീസ് കമ്പാർട്ടുമെന്റിൽ കൂടുതൽ സുരക്ഷാ സംവിധാനങ്ങളൊരുക്കി.
ഏതായാലും ഒരു ഓമനപുത്രിയെ കുരുതി കൊടുക്കേണ്ടി വന്നെങ്കിലും കുടുംബത്തിന്നും കേരളീയ സമൂഹത്തിന്നും അല്ലറ ചില്ലറ നേട്ടങ്ങളൊക്കെയുണ്ടായി. ഈ ദു:ഖ കയത്തിൽ നിന്നും കേരളീയ സമൂഹം കരകയറിക്കൊണ്ടിരിക്കുന്നേയുള്ളു. അപ്പോഴെക്കും മറ്റൊന്നു കൂടി സംഭവിച്ചിരിക്കുന്നു. വങ്കിട മാധ്യമങ്ങളെല്ലാം ചരമകോളത്തിലൊതുക്കിയതിനാൽ കൂടുതലാരുടെയും ശ്രദ്ധ പിടിച്ചു പറ്റാൻ സംഭവത്തിന്നു കഴിഞ്ഞിട്ടില്ലെന്നു മാത്രം.
ആലപ്പുഴയിലാൺ സംഭവം. അമ്പലപ്പുഴ വണ്ടാനം കൃഷ്ണവിലാസം തോപ്പിൽ രാജീവും ഭാര്യ സിന്ധുവും മസ്കത്തിൽ ജോലി ചെയ്തു കഴിയുകയാൺ. ഇതിനിടയിൽ, മൂന്നു ദിവസം മുമ്പാണയാൾ നാട്ടിലെത്തുന്നത്. അയാൾ സിന്ധുവിന്റെ വീട്ടിലെത്തി സ്വന്തം ഓമനമക്കളെ കാണുന്നു. രാത്രി പത്ത് മണിക്ക് തട്ടു കടയിൽ നിന്ന് ഓം ലറ്റ് വാങ്ങിത്തരാമെന്നു പറഞ്ഞു പന്ത്രണ്ടുകാരിയായ മകൾ സേതുലക്ഷ്മിയെയും കൂട്ടി പുറത്തിറങ്ങുന്നു. ഓം ലറ്റിന്റെ കൊതിയൂറി അവൾ വന്ദ്യപിതാവിനോടൊപ്പം കാറ് കയറുന്നു. പക്ഷെ, തട്ടുകടയുടെ അടുത്തൊന്നും നിറുത്താതെ ചീറി പാഞ്ഞ കാർ ചെന്നു നിന്നത് തോട്ടപ്പള്ളി സ്പിൽ വേയിലായിരുന്നു. ഓം ലറ്റിന് വേണ്ടി കൊതിയൂറുന്ന ഓമന പുത്രിയെ അയാൾ കൈ പിടിച്ചു കാറിൽ നിന്നിറക്കുന്നു. പിന്നെയുണ്ടായതെന്താൺ? തന്റെ ഓമനമകളെ വാരിയെടുത്തു കായലിന്റെ മധ്യത്തിലേക്ക് വലിച്ചെറിയുന്നു. സമയം രാത്രി 10. 15. ഉടനെ കള്ളുഷോപ്പിലെത്തി വിവരം പറയുന്നു. 11 മണിയോടെ അഗ്നിശമന വിഭാഗമെത്തി സേതുലക്ഷ്മിയെന്ന ഓമനപുത്രിയുടെ മൃതദേഹം പുറത്തെടുക്കുന്നു. താമസിയാതെ, ഓം ലറ്റ് കൊതിച്ചു വന്ദ്യപിതാവിനെ അനുഗമിച്ച സേതുലക്ഷ്മി നിർജ്ജീവമായി ആലപ്പുഴ മെഡിക്കൽ കോളജിന്റെ മോർച്ചറിയിലെത്തുന്നു. രാജീവിന്റെ തലയിൽ ആധിപത്യം നടത്തിയ മദ്യരാജാവായിരുന്നു ഈ കടുംക്രിയക്കയാളെ പ്രചോദിപ്പച്ചതെന്നത് ഒരു സത്യം മാത്രം.
ഇവിടെ നമ്മുടെ ചിന്താവിഷയമിതാൺ. സൌമ്യക്ക് ലഭിച്ച മാധ്യമ പരിഗണന സേതുലക്ഷ്മിയെന്ന പന്ത്രണ്ടുകാരിക്കു ലഭിക്കുമൊ? സൌമ്യയുടെ കാര്യത്തിലെന്ന പോലെ, സംസ്ഥാന- കേന്ദ്ര സർക്കാറുകൾ കണ്ണുതുറക്കുമോ? തീവണ്ടിയുടെ ഗ്ലാസും ആർ. പി. എസ് ആപ്പീസും തകർത്ത് സൌമ്യയോട് അനുകമ്പ പ്രകടിപ്പിച്ചവർ, കള്ളുഷോപ്പും ബിവെറജ് ആപ്പീസും തകർത്തു കൊണ്ട് സേതുലക്ഷ്മിയോട് അനുകമ്പ കാണിക്കുമൊ? മദ്യത്തിനെതിരെ, നാടുനീളെ നടന്നു ഹർത്താലും പ്രകടനവും പൊതുയോഗങ്ങളും നടത്തുമോ?
ഇതൊന്നും തന്നെ നടക്കുമെന്നു തോന്നുന്നില്ല. എന്തുകൊണ്ടെന്നു ചോദിച്ചാൽ, കൃത്യമായൊരു മറുപടി നൽകാന് ആർക്കുമാവുകയില്ല. അതിനാൽ തന്നെ, ഇരു സംഭവങ്ങളെയും ഒരു താരതമ്യ പഠനത്തിന്ന് വിധേയമാക്കേണ്ടിയിരിക്കുന്നു.
തമിഴ് നാട്ടുകാരനായൊരു റൌഡിയാൺ സൌമ്യകേസിലെ പ്രതി. റൌഡിസം കളിച്ചു തന്നെയാൺ അയാളുടെ ഒരു കൈ നഷ്ടപ്പെട്ടത്. ഇത്തരക്കാരിൽ നിന്നു സ്വാഭാവികമായും നടക്കാവുന്നത് തന്നെയാണിവിടെയും നടന്നത്. ലേഡീസ് കമ്പാർട്ടുമെന്റിൽ കൈയിൽ ബാഗുമായിരിക്കുന്ന ഏകാകിനിയായ സൌമ്യയെ അയാൾ കാണുന്നു. ബാഗിനകത്തുണ്ടായേക്കാവുന്ന ആഭരണവും പണവും അയാളുടെ മനസ്സിലേക്കോടിയെത്തുന്നു. ഉടനെ മോഷണത്വര അയാളിൽ സടകുടഞ്ഞെഴുനേൽക്കുന്നു. അതോടെ, അയാൾ ബാഗിനായി പിടിവലി കൂടുന്നു. ഇതിനിടയിൽ പെൺകുട്ടി ട്രെയ്നിൽ നിന്നും പുറത്തേക്കു വീഴുന്നു. ഉടനെ അയാളും ചാടിയിറങ്ങുന്നു. മാരകമായി പരിക്കേറ്റ സൌമ്യയിൽ നിന്നും ബാഗ് നിഷ്പ്രയാസം പിടിച്ചെടുക്കുന്നു. നിസ്സഹായയായി , അബോധാവസ്ഥയിൽ കഴിയുന്ന സൌമ്യയിൽ ആ മനുഷ്യമൃഗത്തിന്നു ആസക്തിയുണ്ടാകുന്നു. മനുഷ്യത്വം മരവിച്ചുകഴിഞ്ഞ ഈ മനുഷ്യൻ കിട്ടിയ സന്ദർഭം ചൂഷണം ചെയ്യുന്നു. ഇതാണിവിടെ സംഭവിച്ചത്. റൌഡികളിൽ നിന്നും സ്വാഭാവികമായും സംഭവിക്കാവുന്നതെ ഇയാളിൽ നിന്നും സംഭവിച്ചിട്ടുള്ളുവെന്നു ചുരുക്കം. റൌഡിസത്തിൽ ഇയാൾ എത്രമാത്രം മുന്നൊട്ട് പൊയിട്ടുണ്ടെന്നതിന്ന് ഇയാളുടെ നഷ്ടപ്പെട്ട കൈ തന്നെ തെളിവാണല്ലോ.
എന്നാൽ, സേതുലക്ഷ്മിയുടെ കാര്യത്തിൽ സ്ഥിതി ഇതല്ല. ഇവിടെ വില്ലൻ മദ്യം തന്നെ. ഇഷ്ട ഭോജനമായ ഓം ലറ്റ് വാങ്ങിത്തരാമെന്നു വ്യാമോഹിപ്പിച്ച് വീട്ടിൽ നിന്നിറക്കിക്കൊണ്ടു പോയ പിതാവ് സ്വന്തം മകളെ കായലിലെറിഞ്ഞു കൊല്ലുന്ന ക്രൂര രംഗമാണിവിടെ നാം കാണുന്നത്. മദ്യം ഇയാളുടെ അകത്തായിട്ടില്ലെങ്കിൽ, ഇത്തരമൊരു ക്രൂരതക്കയാൾക്കൊരിക്കലും കഴിയുമായിരുന്നില്ലല്ലൊ. അതെ, മദ്യത്തിന്നു മുമ്പിൽ, പിതാവും പുത്രിയുമില്ല, അമ്മയും മകനുമില്ല, കുടുംബബന്ധമില്ല, സ്നേഹബന്ധമില്ല. വിവേകം കുഴിച്ചു മൂടപ്പെട്ട ഈ ഘട്ടത്തിൽ, തെറ്റും ശരിയും വിവേചിക്കപ്പെടുന്നില്ല. എല്ലാം ശരി തന്നെ.
സൌമ്യയുടെ ഘാതകന്റെ റൌഡിസത്തെക്കാൾ നിസ്സാരമാണോ രാജീവിന്റെ പുത്രീവധകൃത്യം? ദൈനംദിനമെന്നോണം, മദ്യം സമൂഹത്തിൽ വിതച്ചുകൊണ്ടിരിക്കുന്ന ക്രൂരതകളുടെ കഥകൾ നാം അനുഭവിച്ചു കൊണ്ടിരിക്കുന്നു. മാധ്യമങ്ങളിലൂടെ നാം അറിഞ്ഞു കൊണ്ടിരികുന്നു. കുരുന്നുമക്കളെയും സഹധർമ്മിണികളെയും നിർദ്ദാക്ഷിണ്യം കൊല ചെയ്തു, അവസാനം മനം നൊന്ത് സ്വന്തം ജീവൻ നശിപ്പിക്കുന്ന മനുഷ്യരെ സൃഷ്ടിക്കുന്നത് മദ്യമല്ലാതെ മറ്റെന്താൺ? ഭാര്യാസന്തതികൾക്ക് ഒരു രാത്രിപോലും സ്വസ്തമായി അന്തിയുറങ്ങാൻ ദയ കാണിക്കാത്ത പിതാക്കന്മാരെ ഈ സമൂഹത്തിന്നു കാഴ്ചവെക്കുന്നത് ഈ വിഷദ്രാവകമല്ലാതെ മറ്റെന്താൺ? ഇതെല്ലാമായിട്ടും മദ്യത്തിന്റെ തിന്മയെ ഇത്രയും നിസ്സാരവൽക്കരിക്കപ്പെടാൻ കാരണമെന്താൺ?
ഈ വില്ലന്നു സമൂഹം നൽകിയിരിക്കുന്ന മാന്യത മാത്രമാൺ കാരണം. മദ്യം തലയിൽ കയറിയവൻ മാത്രമാൺ ഇന്നു മാന്യൻ! രാഷ്ട്രീയ നേതാവിന്ന് മദ്യം വേണം! സാംസ്കാരികപ്രവർത്തകന്നും അത് വേണം! സർക്കാരിൽ നിന്നു ലഭിക്കേണ്ട അവകാശങ്ങൾക്ക് അർഹത ലഭിക്കണമെങ്കിൽ, വകുപ്പുമേധാവികൾക്ക് മദ്യം കൈക്കൂലി കൊടുക്കണം. വാർത്തകൾ - ശരിയായാലും തെറ്റായാലും -പത്രത്തിലും ചാനലിലും വേണ്ട രൂപത്തിൽ വെളിച്ചം കാണണമെങ്കിൽ, വാർത്താ പ്രതിനിധികൾക്ക് മദ്യം വിളമ്പണം. സാംസ്കാരിക ചടങ്ങുകളിലും മദ്യം അവിഭാജ്യഘടകം തന്നെ. ഇതെല്ലാം എതിർക്കുന്നവൻ തനി പഴഞ്ചൻ! എതിർപ്പ് ശക്തമായാൽ തീവ്രവാദി! ഇനിയും കൂടിയാൽ ഭീകരവാദി!
ഇതാൺ വസ്തുതയെങ്കിൽ, സേതുലക്ഷ്മി സംഭവത്തിൽ ഒരു ചെറുവിരലനക്കാൻ ആരാൺ മുന്നോട്ടു വരിക? ആരാൺ താല്പര്യമെടുക്കുക? ആരാൺ ധൈര്യപ്പെടുക? അത് തന്നെയെല്ലെ, നമ്മുടെ വൻ പത്രങ്ങളെല്ലാം സംഭവത്തെ ചരമകോളത്തിലൊതുക്കിയത്! വടക്കൻ ജില്ലയിലെ ഏതോ ഒരു മുസ്ലിം പെൺകുട്ടിയോട് പർദ്ദ ധരിക്കാൻ ആരോ പറഞ്ഞുവെന്ന് കേട്ടപ്പോഴെക്കും സാംസ്കാരികനായകന്മാരെ വിളിച്ചു വരുത്തി ഉഗ്രൻ ചർച്ചകൾ സംഘടിപ്പിക്കാൻ താല്പര്യം കാണിച്ച ചാനലുകാർ ഇക്കാര്യത്തിൽ അങ്ങനെയൊന്നിന്ന് ഒരുമ്പെടാത്തതും അതുകൊണ്ടു തന്നെയല്ലേ?പിന്നെ, ഇതിനൊരു പരിഹാരം കാണാൻ ശ്രമിക്കേണ്ടത് സർക്കാറാൺ. ഖജനാവിലേക്കു ഭീമമായൊരു സംഖ്യ റവന്യൂ വരുമാനമായി നേടിക്കൊടുക്കുന്ന ഈ ഭീമനെതിരെ വിരലനക്കാൻ പോലും സർക്കാരിനാവുകയില്ലെന്നത് കട്ടായം. ഓണവും ക്രിസ്തുമസ്സും പെരുന്നാളും ബിവറേജ്  കോർപറേഷൻ വഴി എത്ര കോടിയാൺ നമ്മുടെ ഖജനാവിലെക്കൊഴുക്കുന്നത്!
അവസാനം, നാം എത്തിച്ചേരുന്ന തീരുമാനം ഇതാൺ: സൌമ്യസംഭവം ഇനിയൊരിക്കലും ആവർത്തിച്ചു കൂടാ! സേതുലക്ഷ്മിമാർ മരിച്ചു കൊള്ളട്ടെ!

No comments:

Blog Archive