var addthis_config = { data_track_addressbar: true, data_track_addressbar_paths: [ "/blog/posts/*", "/faq/*" ] }

Wednesday, September 22, 2010

ബാബരി വിധി: സംസ്ഥാനത്ത് മുന്നൊരുക്കങ്ങള്‍

തിരുവനന്തപുരം: ബാബരി മസ്ജിദ്-രാമജന്മഭൂമി തര്‍ക്കം സം ബന്ധിച്ച  ഹൈകോടതി വിധി വരാനിരിക്കുന്ന പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് അനിഷ്ടസംഭവങ്ങളുണ്ടാകാതിരിക്കാന്‍ പൊലീസ് മുന്നൊരുക്കം ആരംഭിച്ചു. തിങ്കളാഴ്ച ഡി.ജി.പി ജേക്കബ് പുന്നൂസിന്റെ അധ്യക്ഷതയില്‍ ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ യോഗം വിധിയുടെ പശ്ചാത്തലത്തില്‍ ഉണ്ടായേക്കാവുന്ന പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്തു. വിധി പ്രസ്താവന മുതലെടുത്ത് സംസ്ഥാനത്ത് ക്രമസമാധാന പ്രശ്‌നങ്ങളോ വര്‍ഗീയ സംഘര്‍ഷങ്ങളോ സൃഷ്ടിക്കാനുള്ള  ശ്രമങ്ങള്‍ ഏത് ഭാഗത്ത് നിന്നുണ്ടായാലും കര്‍ശനനടപടി സ്വീകരിക്കാന്‍ യോഗം തീരുമാനിച്ചു.
 മൂന്ന് ദിവസങ്ങളില്‍ സംസ്ഥാനത്ത് അതീവജാഗ്രത പുലര്‍ത്തും. 23 മുതല്‍ 25 വരെ 30,000 പൊലീസുകാരെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ വിന്യസിക്കും.
ഓരോ പ്രദേശത്തിന്റെയും സാഹചര്യമനുസരിച്ച് കേരളാ പൊലീസ് ആക്ട് ്രപകാരം പ്രകടനങ്ങള്‍ക്കും ഘോഷയാത്രകള്‍ക്കും  നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താന്‍ അതാത് ജില്ലാ പൊലീസ് സൂപ്രണ്ടുമാര്‍ക്കും കമീഷണര്‍മാര്‍ക്കും നിര്‍ദേശം നല്‍കി. ജില്ലകലക്ടര്‍മാരുമായി കൂടിയാലോചിച്ച് ഇക്കാര്യത്തില്‍ ഉചിതമായ തീരുമാനം കൈക്കൊള്ളാനാണ് നിര്‍ദേശം.
മിക്കയിടങ്ങളിലും പ്രകടനങ്ങള്‍ അനുവദിക്കേണ്ടതില്ലെന്നാണ് യോഗത്തിലുണ്ടായ പൊതുതീരുമാനം.
 ഉച്ചഭാഷിണി ഉപയോഗിക്കുന്നതിനു അനുമതി നല്‍കേണ്ടതില്ലെന്നും തീരുമാനിച്ചു. പൊതുസ്ഥലങ്ങള്‍, റെയില്‍വേസ്‌റ്റേഷനുകള്‍, ബസ്‌സ്റ്റാന്റുകള്‍ എന്നിവിടങ്ങളില്‍ സുരക്ഷ കര്‍ശനമാക്കും. സാഹചര്യങ്ങള്‍ വിലയിരുത്തി ആവശ്യമെങ്കില്‍ മുന്‍കരുതല്‍ അറസ്റ്റ് നടത്താനും പൊലീസ് മേധാവികള്‍ക്ക് നിര്‍ദേശം നല്‍കി. കേരളത്തിലെ വിവിധ ഭാഗങ്ങളില്‍ ദ്രുതകര്‍മസേനയേയും ബോംബ്‌സ്‌ക്വാഡ്, ആന്റി സബോട്ടോഷ് വിംഗ് എന്നിവയേയും വിന്യസിപ്പിക്കും.
23 മുതല്‍ വ്യാപകമായി വാഹനപരിശോധന നടത്തും.  ഊഹാപോഹങ്ങള്‍ പരത്തുന്നവര്‍ക്കെതിരെയും പ്രകോപനകരമായ പോസ്റ്ററുകള്‍ പതിക്കുന്നവര്‍ക്കെതിരെയും നിലവിലെ നിയമപ്രകാരം കര്‍ശനനടപടികള്‍ സ്വീകരിക്കും.  ജില്ലാ പൊലീസ് സൂപ്രണ്ടുമാരും കമീഷണര്‍മാരും അവരുടെ അധികാരപരിധിയിലുള്ള പൊലീസ് ഓഫീസര്‍മാരുടെ യോഗം വിളിച്ച് സാഹചര്യം വിലയിരുത്തി ആവശ്യമായ എല്ലാ സ്ഥലത്തും പൊലീസിനെ വിന്യസിക്കണം.
 വാഹനപരിശോധനയും രാത്രികാല പട്രോളിംഗും സംസ്ഥാനത്തുടനീളം ശക്തിപ്പെടുത്താന്‍ തീരുമാനിച്ചിട്ടുണ്ട്.
 ഏത് സാഹചര്യവും നേരിടാന്‍ സ്‌ട്രൈക്കിംഗ് ഫോഴ്‌സുകള്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ വിന്യസിക്കും. വടക്കന്‍ കേരളത്തിലെ ചില ഭാഗങ്ങളില്‍ കൂടുതല്‍ ശ്രദ്ധപതിപ്പിക്കണമെന്ന നിര്‍ദേശവും നല്‍കിയിട്ടുണ്ട്. ഏതെങ്കിലും രീതിയിലുള്ള പ്രശ്‌നങ്ങള്‍ സൃഷ്ടിക്കാന്‍ ആരെങ്കിലും ശ്രമിക്കുന്നത് ശ്രദ്ധയില്‍പെട്ടാല്‍ വിവരം പൊലീസ് മെസേജ് സെന്ററില്‍ 9497900000 എന്ന നമ്പറിലേക്ക് മെസേജ് അയക്കുകയോ ഉയര്‍ന്ന പൊലീസ് ഉദ്യോഗസ്ഥരുടെ ഫോണില്‍ നേരിട്ട് വിളിച്ച് അറിയിക്കുകയോ ചെയ്യാവുന്നതാണ്. അക്രമങ്ങള്‍ ആരുടെ ഭാഗത്ത് നിന്നുണ്ടായാലും മുഖംനോക്കാതെ കര്‍ശനനടപടികള്‍ സ്വീകരിക്കും.
തീരദേശ മേഖലകളില്‍ പ്രത്യേകം ശ്രദ്ധപതിപ്പിക്കാനും അവിടങ്ങളില്‍ പട്രോളിംഗ് സംവിധാനം ശക്തിപ്പെടുത്താനും തീരുമാനിച്ചിട്ടുണ്ട്.
 ആരാധനാലയങ്ങള്‍ക്ക് പ്രത്യേക സുരക്ഷാസംവിധാനങ്ങളും പരിശോധനയും ഏര്‍പ്പെടുത്തും. സംശയകരമായ സാഹചര്യത്തില്‍ കാണുന്ന ആരെയും കസ്റ്റഡിയിലെടുക്കാനും ചോദ്യം ചെയ്യാനും നിര്‍ദേശിച്ചിട്ടുണ്ട്. ഹോട്ടലുകള്‍, ലോഡ്ജുകള്‍ എന്നിവിടങ്ങളിലെ താമസക്കാരുടെ വിവരങ്ങള്‍ ശേഖരിക്കും. അന്യസംസ്ഥാനത്ത് നിന്നുള്ളവര്‍, വിദേശികള്‍ എന്നിവരുടെ വിവരങ്ങള്‍ പ്രത്യേകം ശേഖരിക്കും. ബസുകള്‍, ട്രെയിനുകള്‍ എന്നിവയില്‍ പരിശോധന കൂടുതല്‍ ശക്തമാക്കി.
ഏത് സാഹചര്യമുണ്ടായാലും നേരിടാന്‍ പൊലീസ് സജ്ജമാണെന്ന് ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.
ഡി.ജി.പിക്ക് പുറമെ ഇന്റലിജന്‍സ് മേധാവി സിബി മാത്യൂസ്, എ.ഡി.ജി.പി പി.ചന്ദ്രശേഖരന്‍, ഐ.ജിമാര്‍, ജില്ലാ പൊലീസ് മേധാവികള്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.
മാധ്യമം

No comments:

Blog Archive