var addthis_config = { data_track_addressbar: true, data_track_addressbar_paths: [ "/blog/posts/*", "/faq/*" ] }

Friday, May 30, 2008

ഹൈക്കോടതി ചോദിച്ചു, കപടസ്വാമിയേയും യഥാര്‍ത്ഥ സ്വാമിയേയും എങ്ങനെ തിരിച്ചറിയും?

കൊച്ചി: കപടസ്വാമിയേയും യഥാര്‍ത്ഥ സ്വാമിയേയും എങ്ങനെ തിരിച്ചറിയും? ഹൈക്കോടതി സര്‍ക്കാരിനോട്‌ തിരക്കി.

കുണ്ഡലിനി സ്വാമി എന്നറിയപ്പെടുന്ന ഇരിങ്ങാലക്കുടയിലെ സജീവന്‍ സ്വാമിയുടെ മുന്‍കൂര്‍ ജാമ്യ ഹര്‍ജി പരിഗണിക്കവേയാണ്‌ ജസ്റ്റിസ്‌ കെ. ഹേമയുടെ ആകാംക്ഷാനിര്‍ഭരമായ ചോദ്യം. വ്യക്തമായ മറുപടി നല്‍കാന്‍ പ്രോസിക്യൂഷന്‍ ഡയറക്ടര്‍ ജനറലിന്‌ കഴിഞ്ഞില്ല. വലിയ വാഗ്‌ദാനങ്ങള്‍ നല്‍കി ജനങ്ങളെ കബളിപ്പിച്ച്‌ പണം തട്ടുന്നവര്‍ക്കെതിരെ സര്‍ക്കാര്‍ നടപടിയെടുത്തു വരികയാണെന്ന്‌ പ്രോസിക്യൂഷന്‍ ഡയറക്ടര്‍ ജനറല്‍ പി.ജി. തമ്പി വ്യക്തമാക്കി.

സജീവന്‍ സ്വാമിക്കെതിരെ പരാതിയൊന്നും കിട്ടിയിട്ടില്ലെന്നും തെളിവിന്റെ അടിസ്ഥാനത്തിലേ പോലീസ്‌ നടപടി എടുക്കു എന്നും അദ്ദേഹം അറിയിച്ചു. ഇത്‌ രേഖപ്പെടുത്തിയ കോടതി നിലവില്‍ മുന്‍കൂര്‍ ജാമ്യം നല്‍കേണ്ട ആവശ്യമില്ലെന്ന്‌ വിലയിരുത്തി ഹര്‍ജി തീര്‍പ്പാക്കി. പോലീസിന്‌ ചോദ്യം ചെയ്യണമെങ്കില്‍ രേഖാമൂലം നോട്ടീസ്‌ നല്‍കണമെന്നും നിര്‍ദ്ദേശിച്ചു. നോട്ടീസ്‌ കിട്ടിയാല്‍ സ്വാമി പോലീസില്‍ ഹാജരായി അന്വേഷണവുമായി സഹകരിക്കണം. പൂജ നടത്തി സജീവന്‍ സ്വാമി നേടുന്ന പണം ഭൂമി വാങ്ങാന്‍ ഉപയോഗിക്കുന്നുവെന്ന്‌ ആരോപണമുണ്ട്‌. സ്വാമിയുടെ സാമ്പത്തിക ഇടപാടുകളെപ്പറ്റി പോലീസ്‌ അന്വേഷിക്കുന്നുണ്ട്‌.

കപടസ്വാമി എന്ന ആരോപണം തന്റെ സല്‍പ്പേര്‌ തകര്‍ക്കുന്നുവെന്നാണ്‌ സജീവന്‍ സ്വാമിയുടെ പരാതി. ഈ സന്ദര്‍ഭത്തിലാണ്‌ കപടസ്വാമിയേയും യഥാര്‍ത്ഥ സ്വാമിയേയും തിരിച്ചറിയുന്നത്‌ എങ്ങനെയെന്ന്‌ കോടതി ആരാഞ്ഞത്‌.

സന്തോഷ്‌ മാധവന്‍ കേസിനു ശേഷം കപടസ്വാമിമാരെന്ന പേരില്‍ പോലീസ്‌ വേട്ടയാടുകയാണ്‌. ഇത്‌ പലപ്പോഴും ഊമക്കത്തിന്റെയോ, പത്രവാര്‍ത്തയുടെയോ അടിസ്ഥാനത്തിലാണെന്നും ഹര്‍ജിക്കാരന്‍ ബോധിപ്പിച്ചു.

തെളിവില്ലാതെ പോലീസ്‌ നടപടിയെടുക്കുകയാണെങ്കില്‍ ഇടപെടേണ്ടിവരുമെന്ന്‌ കോടതി അഭിപ്രായപ്പെട്ടു.


മാതുഭൂമി